Campus Alive

റോഹിൻഗ്യൻ ക്യാമ്പിലെ തീപിടുത്തവും ഇന്ത്യയുടെ അഭയാർത്ഥി പോളിസിയും

അന്ന് രാത്രി ഏറെ വൈകി വായനകൾക്കും പഠനങ്ങൾക്കും ശേഷം ഞാൻ ഉറങ്ങാൻ കിടക്കുകയായിരുന്നു. ഡൽഹിയിലെ കാളിന്ദി കുഞ്ച് ഏരിയയിലെ റോഹിൻഗ്യൻ അഭയാർത്ഥി ക്യാമ്പിലാണ് എന്റെ കിടപ്പുമുറി. ഉപ്പയുടെ കട മുറിയുടെ പിറകിലായാണത്. പുലർച്ചെ കട തുറക്കുമ്പോളുള്ള ബഹളങ്ങൾ ഉണർത്താതിരിക്കാൻ വേണ്ടി ഞാൻ ഉപ്പയോട് മുറി പുറത്തുനിന്നു ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.

പുറത്തുനിന്നുള്ള നിലവിളികളും ബഹളങ്ങളും ഒരു മണിക്കൂർ നീണ്ട ഉറക്കിൽ നിന്നും എന്നെ ഉണർത്തി. കാര്യമായി എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലാക്കിയ ഞാൻ ഉപ്പയോട് മുറിയുടെ വാതിൽ തുറക്കാൻ വിളിച്ചു പറഞ്ഞു. പുറത്തു കടന്നപ്പോൾ അയൽവാസികൾ എല്ലാവരും പരിഭ്രാന്തരായിരുന്നു. പുലർച്ചെ മൂന്ന് മണിയോട് കൂടി ക്യാമ്പിലെ പൊതുശൗചാലയത്തിൽ നിന്ന് തീ പടർന്നിരിക്കുന്നു.

മണിക്കൂറുകൾക്കുള്ളിൽ ക്യാമ്പ് കേവലം ചാരമായി മാറി. ഫലം,  219 റോഹിൻഗ്യൻ അഭയാർത്ഥി സുഹൃത്തുക്കൾക്ക് എല്ലാം നഷ്ടമായി.  മ്യാൻമറിലെ രേഖകൾ, UNHCR അഭയാർത്ഥി കാർഡുകൾ, വീട്ടുസാധാനങ്ങൾ, അവരുടെ ചെറിയ സമ്പാദ്യങ്ങൾ, വസ്ത്രങ്ങൾ, പുസ്തകങ്ങൾ അങ്ങനെ അവരുടെ ക്യാമ്പിനെ അവരുടെ വീടാക്കുന്ന എല്ലാം നഷ്ട്ടപ്പെട്ടു. ഞങ്ങളുടെ കുടുംബത്തിന്റെ കടയും സമ്പാദ്യവും, പുറമെ എന്റെ റിസേർച്ച് പേപ്പറുകൾ, ലാപ്ടോപ്പ് തുടങ്ങി എല്ലാം നഷ്ട്പ്പെട്ടു.

കഴിഞ്ഞ ആറു വർഷത്തിലെ നാലാമത്തെതും ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കിയതുമായിരുന്നു ഏപ്രിൽ 15 ലെ തീപിടുത്തം. ട്വിറ്ററിൽ തീപിടുത്തത്തിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ട ബി ജെ പി പ്രവർത്തകനിലൂടെയാണ് പോലീസ് അന്വേഷണം മുന്നോട്ടു പോവുന്നത്. വൈദ്യുതിപരമായ തകരാറിനെ തുടർന്നാണ് അപകടം എന്നും പറയുന്നവരുണ്ട്. ഏതുവിധേനയായാലും ആ തീ സം‌ഭവിക്കുന്നത് നിയമപരവും സാമൂഹ്യപരവും സാമ്പത്തികവുമായ മണ്ഡലങ്ങളില്‍ ഇന്ത്യയിലെ റോഹിൻഗ്യൻ അഭയാര്‍ത്ഥികളുടെ ആപത്കരമായ അസ്ഥിരാവസ്ഥ കൊണ്ടു മാത്രമാണ്. കൂടാതെ ഭീതിയുടെ രാഷ്ട്രീയം, കുടിയേറ്റക്കാരുടെ ദാരിദ്ര്യം എന്നിവ അക്ഷരാർത്ഥത്തിൽ ഒരു അപകടകരമായ അവസ്ഥയാണ് ഞങ്ങൾക്ക് ഈ രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്.

ഇന്ത്യയിൽ റോഹിൻഗ്യർക്ക് കടുത്ത രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനിൽക്കുന്ന ഒരു സാഹചര്യത്തിലാണ് ഈ തീപിടുത്തമുണ്ടായിരിക്കുന്നത്. അഭയാർഥികളെ നിയമവിരുദ്ധ കുടിയേറ്റക്കാരായി പ്രഖ്യാപിച്ച് നാടുകടത്താനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് സർക്കാർ. അധികൃതരുടെ ഭാഗത്തു നിന്നുമുള്ള സൂക്ഷ്മ നിരീക്ഷണങ്ങളും വർദ്ധിച്ചു വരികയാണ്. ഓൺലൈൻ മീഡിയയുടേതും, അല്ലാതെ ശാരീരിക അക്രമങ്ങളുടേതുമായ ഭീഷണികൾ ഞങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയുമാണ്. മാത്രവുമല്ല, റോഹിൻഗ്യരെ ഇന്ത്യയിൽ നിന്നും തിരിച്ചയക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹരജി നൽകിയ രണ്ടു റോഹിൻഗ്യർ കാളിന്ദി കുഞ്ചിൽ ഈ ക്യാമ്പിലാണ് താമസം എന്നതും ശ്രദ്ധിക്കുക.

സകാത്ത് ഫൗണ്ടേഷൻ എന്ന എൻ ജി ഒയുടെ സഹായമായി ലഭിച്ച സ്ഥലത്താണ് ഇപ്പോൾ ഞങ്ങളുടെ ക്യാമ്പ്. 2012 മുതൽ 50 ഓളം ടെന്റുകൾ ഞങ്ങൾ കാളിന്ദി കുഞ്ചിൽ നിർമിച്ചുട്ടുണ്ട്. ദിവസ വേദനത്തിന് പണിയെടുത്താണ് മിക്ക റോഹിൻഗ്യൻ കുടുംബങ്ങളും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത്. പ്ലാസ്റ്റിക്കും പ്ലൈവുഡും ടാർപോളിനും കൊണ്ട് നിർമിച്ച ഞങ്ങളുടെ വീടുകൾ തീ പെട്ടന്ന് പടർന്നു പിടിക്കാൻ സഹായിച്ചു. നിയമപരമായി സർക്കാരിന്റെ പാർപ്പിടാനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ സാങ്കേതികമായി കാളിന്ദി കുഞ്ച് ഒരു ‘അൺ ഓതറൈസ്ഡ് സെറ്റിൽമെന്റ്’ ആണ്. അതിനാൽ തന്നെ വിവിധ എൻ ജി ഒകളുടെയും ഗവർണമെന്റിന്റെയും ദയാവായ്‌പിനെ ആശ്രയിച്ചു കഴിയുകയാണ് ഞങ്ങൾ.

സംരക്ഷണത്തെ കുറിച്ചുള്ള ഈ തീർച്ചയില്ലായ്മ ഉത്തരവാദിത്ത രാഹിത്യത്തെയും അതു വഴി അപകടകരമായ ജീവിത സാഹചര്യങ്ങളുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആറു വർഷത്തോളമായി ശുദ്ധജലവിതരണമില്ലായ്മ, മോശം ശുചീകരണവ്യവസ്ഥ, നിലവാരമില്ലാത്ത നിർമാണവും തിങ്ങിപ്പാർപ്പും തുടങ്ങി നിരവധി പ്രശനങ്ങൾ ഞങ്ങൾ നേരിടുന്നു. സുരക്ഷിതമായ വൈദ്യുതിവത്കരണത്തിനായി ഗവർണമെന്റിനോടും യൂ എൻ അഭയാർത്ഥി ഏജൻസിയോടും ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു, പക്ഷെ ഫലമൊന്നുമില്ലാത്തതിനാൽ സുരക്ഷിതമല്ലാത്ത വയറിങ് വ്യാപിക്കുകയുണ്ടായി.

തീ പിടുത്തതിന് കേവലം ആറു ദിവസങ്ങൾക്ക് മുമ്പ്, റോഹിൻഗ്യൻ അഭയാർഥികളുടെ ജീവിത സാഹചര്യങ്ങൾ പഠിച്ച് നാലാഴ്ചകൾക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഭീതിതമായ ശൗച്യ സാഹചര്യങ്ങൾ അധിവസിത പ്രദേശത്താകമാനം രോഗം പടർത്തുന്നതിനാൽ പ്രാഥമിക ആരോഗ്യ, വിദ്യാഭ്യാസ സംരക്ഷണം വേണമെന്ന് കാളിന്ദി കുഞ്ചിലെ റോഹിൻഗ്യകൾ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. തത്വത്തിൽ റോഹിൻഗ്യകളുടെ വിദ്യാഭ്യാസവും ആരോഗ്യവുമൊക്കെ നിരവധി നിയമങ്ങളാലും ഭരണഘടനായാലും പരിരക്ഷിക്കപ്പെട്ടതാണ്. പക്ഷെ ഐ ഡി കാർഡും ഡോക്യൂമെന്റുകളും ഉള്ളവർക്കേ അത് ലഭ്യമാവൂ, അതാവട്ടെ റോഹിൻഗ്യർക്ക് നേടിയെടുക്കുക സാധ്യവുമല്ല.

ഗവൺണ്മെന്റിന്റെ സമീപനം അടുത്തിടെ ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് വിശദീകരിക്കുന്നതിങ്ങനെ: “അനധികൃത കുടിയേറ്റക്കാർക്ക് സൗകര്യങ്ങൾ നൽകാൻ ഇന്ത്യൻ സർക്കാർ ബാധ്യസ്ഥരല്ല, മറ്റുള്ള പൗരന്മാർക്ക് ലഭ്യമായത് എന്താണോ അത് അവർക്കും ലഭിക്കും. അവരുടെ അവസ്ഥയിൽ ഞങ്ങൾ സഹതപിക്കുന്നു. അവർ അതിഥികളാണ്, ആതിഥേയരോട് കാര്യങ്ങൾ ആവശ്യപ്പെടരുത്.” ഞങ്ങളെ അതിഥികളായും ഞങ്ങളുടേത് ചാരിറ്റി വിഷയമായും കാണാനാണ് ഗവർണമെന്റ് ആഗ്രഹിക്കുന്നത്. പക്ഷെ ഞങ്ങൾ അഭയാർത്ഥികളാണ്, ഞങ്ങൾക്ക് അവകാശങ്ങളുണ്ട്.

തീപിടുത്തിന് ശേഷം ഞങ്ങളോട് കാണിച്ച എല്ലാ മാനുഷിക പ്രതികരങ്ങളോടും ഞങ്ങൾ കൃതാർത്ഥരാണ്. ഡൽഹി പോലീസും ആശുപത്രികളും വിദ്യാർഥികളും പ്രദേശവാസികളും ഞങ്ങളുടെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റി തരികയും ഞങ്ങളോട് ഐക്യദാർഢ്യപെടുകയും ചെയ്‌തു. എന്നിരുന്നാലും പത്ര പ്രവർത്തകരും സേവന സംഘടനകളും സന്നദ്ധ സേവകരും സ്ഥലത്തേക്ക് കുമിഞ്ഞു കൂടുകയും സ്വീകാര്യതക്കും ദൃശ്യതക്കും വേണ്ടി ഉന്തും തള്ളും കൂട്ടുകയും വഴി പ്രദേശം ഒരു ‘സർക്കസ് സ്ഥലമായി’ മാറിയോ എന്നും സംശയിക്കണം. ചിലർ അധികാരികളെ രൂക്ഷമായി കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. എന്നാൽ സംഭവത്തെ രാഷ്ട്രീയ വല്കരിക്കുന്നത് തിരിച്ചടിയാവും എന്ന് ഞങ്ങൾ ഭയപ്പെടുന്നുണ്ട്.

പ്രാഥമിക ആവശ്യങ്ങളായ വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ശൗചാലയത്തിന്റെയും ദൗർലഭ്യം ഞങ്ങളെ വളരെ അധികം ബുദ്ധിമുട്ടിക്കുന്നു. താൽക്കാലികമായ ഈ ടെന്റുകളിൽ നിന്ന് പുതിയ ക്യാമ്പിലേക്ക് മാറുന്നത് വരെ ജോലി തേടി പോകുവാൻ പലർക്കും മാനസികമായി പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. ഇത് വീണ്ടും റോഹിൻഗ്യൻ സമൂഹത്തെ ദാരിദ്ര്യത്തിലാഴ്ത്തുക മാത്രമല്ല സഹായങ്ങളെ ആശ്രയിയിച്ച് ജീവിക്കുന്നവരാണ് റോഹിൻഗ്യകൾ എന്ന നെഗറ്റീവ് കാഴ്ചപ്പാട് വളരുകയും ചെയ്യും.

എന്താണ് അടുത്തത്? റോഹിംഗ്യൻ അഭയാർത്ഥികൾക്ക് ഇന്ത്യയിൽ താമസിക്കാനുള്ള അവകാശവും അവരുടെ പ്രാഥമികവശ്യങ്ങളുടെ ലഭ്യതയുമൊക്കെ സുപ്രീം കോടതിയിൽ ചർച്ച നടന്നുകൊണ്ടിരിക്കെ കാളിന്ദി കുഞ്ചിൽ ഞങ്ങൾ ശൂന്യതയിൽ നിന്ന് നിർമ്മിച്ചു തുടങ്ങണം.
കത്തിനശിച്ച ടെന്റുകളൊക്കെയും മൂന്നു ആഴ്ചക്കകം പുനർ നിർമ്മിച്ചു തരാം എന്ന് സകാത്ത് ഫൗണ്ടേഷൻ ഞങ്ങൾക്ക് വാക്കുനല്കിയിട്ടുണ്ട്. പക്ഷെ മാധ്യമ ശ്രദ്ധ അവസാനിക്കുന്നതോടെ തിടുക്കവും ഇല്ലാതാവുമോ എന്നാണ് ഞങ്ങളുടെ പേടി. ഞങ്ങളുടെ പുതിയ വീടുകൾ എങ്ങിനെ ഉള്ളതായിരിക്കും? ഒടുവിൽ അടിസ്ഥാന സൗകര്യങ്ങൾ ഞങ്ങൾക്ക് ലഭ്യമാവുമോ?

ഇന്ത്യയിൽ അഭയാർത്ഥികൾക്ക് മാന്യമായ ജീവിതം സാധ്യമാവണമെങ്കിൽ സുരക്ഷിതമായ പാർപ്പിടസൗകര്യങ്ങൾ വേണം. അത് ഞങ്ങളോടുള്ള അനുകമ്പയോ സഹതാപമോ ആയിട്ടല്ല, അത് ഒരു മനുഷ്യാവകാശമാണ്. അങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ കാളിന്ദി കുഞ്ചിലെ ഈ ക്യാമ്പിൽ അഞ്ചാമത്തെ തീപിടിത്തത്തെയും പേടിച്ചു കൊണ്ടായിരിക്കും വരും ദിവസങ്ങൾ ഞങ്ങൾ തള്ളി നീക്കേണ്ടി വരിക.

മൊഴിമാറ്റം: നുബ ബഷീർ

അലി ജൗഹർ