Campus Alive

സലാഹും അബൂത്രിക്കയും: ചില ഈജിപ്‌ഷ്യൻ ഫുട്‌ബോൾ പാഠങ്ങൾ.

2018 മെയ് 27, ഉക്രൈൻ തലസ്ഥാനം കീവിലെ NSC ഒളിമ്പിക്‌ സ്റ്റേഡിയം; ആർത്തിരമ്പുന്ന എഴുപതിനായിരത്തോളം കാണികൾ. റയലിന്റെ വെള്ളയെ തോൽപ്പിക്കുന്ന ലിവർപൂളിന്റെ ചുവപ്പ്. യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ ആ ഫൈനൽ രാത്രി സലാഹിന്റേതായിരിക്കും എന്ന് ആരൊക്കെയോ പ്രവചിച്ചു, അതിലേറെ പേർ പ്രാർത്ഥിച്ചു.

കളി തുടങ്ങി 33ാം മിനിറ്റിൽ റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ അപകടകരമായ ഫൗളിൽ തോളെല്ലിന് പരിക്കേറ്റ് കണ്ണീർ വാർത്ത് കൊണ്ട് മുഹമ്മദ് സലാഹ് കളം വിട്ടപ്പോ കലങ്ങിയ കണ്ണുകളുമായി തകർന്നിരുന്ന് പോയത് ലിവർപൂൾ ആരാധകർ മാത്രമായിരുന്നില്ല, ലോകത്ത് ഫുട്‌ബോളിനെ സ്നേഹിക്കുന്ന സകല മനുഷ്യരുമായിരുന്നു.

അത്രമേൽ ലോകഫുട്‌ബോളിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു ഈ 25 വയസ്സുകാരൻ. ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈജിപ്തിന്റെ സ്വപ്നങ്ങൾ വാനോളം ഉയർത്തുന്നതും അർദ്ധാവസരങ്ങൾ പോലും ഗോളാക്കാനുള്ള സലാഹിന്റെ കാലുകളുടെ പ്രഹരശേഷി തന്നെ. അവരുടെ ദേശീയ ഹീറോയാണ് സലാഹ്.

എന്നാൽ, സ്നേഹിക്കപ്പെടുക എന്നത് ഈജിപ്തിൽ അത്ര ശുഭകരമായ കാര്യമല്ല. മറിച്ച്, അപകടകരമാണ് താനും.

Mohamed Aboutrika

മുഹമ്മദ് സലാഹ് ഈജിപ്തിന്റെ നാലാം പിരമിഡും, രാജാവും ഒക്കെ ആകുന്നതിന് മുൻപ് ഒരുപക്ഷെ അതിനേക്കാളുമെത്രയോ അധികം ആ ജനത അബൂത്രിക്കയെ പ്രണയിച്ചിരുന്നു. അവർ അദ്ദേഹത്തെ ‘അൽ-മജീഷ്യ’ (മാന്ത്രികൻ) എന്ന് വിളിച്ചു. കളിയെഴുത്തുകാർ അബൂത്രിക്കയിലെ പ്ലേ-മേക്കറുടെ കേളീ ശൈലി ഫ്രാൻസിന്റെ അൾജീരിയൻ ഇതിഹാസം സിനദിൻ സിദാനോടുപമിച്ചു. ബോളിന്മേലുള്ള നിയന്ത്രണവും, മാന്ത്രിക ചലനങ്ങളും, പ്രതിരോധത്തെ തകർത്തെറിയുന്ന പാസുകളും, റൈഫിൾ ഷോട്ടുകളും ആ ഉപമ ശരിവെച്ചു.

എല്ലാം കൊണ്ടും അബൂത്രിക്ക ജനങ്ങളുടെ താരമായിരുന്നു. ഈജിപ്തും, അൽ-അഹ്ലിയും വിട്ട് ഒരു ലോകം അദ്ദേഹത്തിന് ചിന്തിക്കുവാനേ ആകുമായിരുന്നില്ല. അൽ-അഹ്ലിക്കൊപ്പം 7 പ്രീമിയർ ലീഗ് കിരീടവും, 5 ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗും, 2 ഈജിപ്ഷ്യൻ കപ്പും താരം നേടി. 2006 ലും 2008 ലും ഈജിപ്ത് ആഫിക്കൻ നേഷൻസ് കപ്പ് ഉയർത്തുമ്പോൾ ടീമിന്റെ നെടുംതൂൺ അബൂത്രിക്കയായിരുന്നു.

അതുകൊണ്ട് തന്നെയാവണം സലാഹിനെയും, മിഡോയെയും, മൊഹമ്മദ് എൽനിനിയെയും, അമർ സാക്കിയെയും, അഹ്മദ് അൽ അഹ്മദിയെയും അറിഞ്ഞ യൂറോപ്പിനും അതിന് ചുറ്റും കറങ്ങുന്ന ലോക ഫുട്‌ബോളിനും ഈജിപ്തിന്റെ എക്കാലത്തെയും മികച്ച ഫുട്‌ബോൾ പ്രതിഭയായ ഈ മിഡ്ഫീൽഡറെ അറിയാതെ പോയത്. ലോകത്തിലെ മികച്ച ഫുട്‌ബോൾ നിരീക്ഷകരിൽ ഒരാളായ ഗബ്രിയേൽ മാർക്കോട്ടി അദ്ദേഹത്തെ കുറിച്ച് പറഞ്ഞു “യൂറോപ്പിലോ ദക്ഷിണ അമേരിക്കയിലോ തന്നെ കച്ചവടം ചെയ്യാത്ത ഭൂമിയിലെ മികച്ച ഫുട്‌ബോളർ”.

2004 മുതൽ 2007 വരെ തുടർച്ചയായി ‘ഈജിപ്ഷ്യൻ പ്ലെയർ ഓഫ് ദി ഇയർ’ പുരസ്‌കാരവും, നാല് തവണ ആഫ്രിക്കൻ ഫുട്‌ബോൾ അസോസിയേഷന്റെ ഇന്റർ-ക്ലബ് ഫുട്‌ബോളർ അവാർഡും അബൂത്രിക്കയെ തേടിയെത്തി. എന്നാൽ, ആഫ്രിക്കൻ ഫുട്‌ബോളർ ഓഫ് ദി ഇയർ പുരസ്‌കാരത്തിന് യൂറോപ്പിൽ കളിക്കാത്ത കാരണം ഒന്ന് കൊണ്ട് മാത്രം പിന്തള്ളപ്പെട്ടു. 2008ൽ ഇമ്മാനുവേൽ അദബയോറിന് പിന്നിൽ രണ്ടാമനായി. അതേ വർഷം BBC അദ്ദേഹത്തെ മികച്ച ആഫ്രിക്കൻ ഫുട്‍ബോളർ ആയി തിരഞ്ഞെടുത്തു. 2006ൽ ഫിഫ ക്ലബ് ലോകകപ്പിൽ സെക്കൻഡ് റണ്ണേഴ്‌സ് ആയ അൽ-അഹ്ലി ക്ലബിലും, 2012 ഒളിമ്പിക്സ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനലിൽ ഇടം നേടിയ ഈജിപ്ത് ടീമിലും മുഹമ്മദ് അബൂത്രിക്ക അംഗമായിരുന്നു.

അൽ-അഹ്ലിക്കായി 271 കളികളിൽ 116 ഗോളുകളും, ഈജിപ്‌തിനായി 105 കളികളിൽ 38 ഗോളുകളും ഈ ഭാവനാശാലിയായ മിഡ്ഫീൽഡർ അടിച്ച് കൂട്ടി. അതിനേക്കാളേറെ മറ്റുള്ളവരെ കൊണ്ട് അടിപ്പിച്ചു.

ഫുട്ബോൾ ഭ്രാന്തന്മാരുടെ നാടാണ് ഈജിപ്ത്. ഒരു ഫുട്‍ബോൾ മത്സരം, ഒരു യുദ്ധത്തോളമാണ് അവർക്ക്. അതിന്റെ ഭീകര മുഖമാണ് 2012 ഫെബ്രുവരി മാസം അൽ അഹ്ലിയും അൽ മസ്രിയും തമ്മിൽ ഉള്ള ലീഗ് മത്സരത്തിന് ശേഷം പോർട്ട് സെയ്ദ് സ്റ്റേഡിയത്തിൽ നടന്നത്. 73 അൽ അഹ്ലി ആരാധകർ ആ ലഹളയിൽ കൊല്ലപ്പെട്ടു. അബൂത്രിക തന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി പരസ്യമായി രംഗത്ത് വന്നു. ലഹളക്കിടയിൽ ഗുരുതരമായി പരിക്കേറ്റ 14 വയസ്സുകാരൻ മരിക്കുന്നതിന് മുൻപ് ഡ്രെസ്സിങ്ങ് റൂമിൽ അദ്ദേഹത്തിന്റെ കയ്യിൽ കിടന്ന് പറഞ്ഞു ” ഇന്ന് ഞാനേറെ സന്തോഷിക്കുന്നു. എനിക്ക് നിങ്ങളെ നേരിട്ട് കാണാൻ കഴിഞ്ഞിരിക്കുന്നു”.

കളിക്കപ്പുറത്ത് ജീവിതത്തിലും രാഷ്ട്രീയത്തിലും പുലർത്തിയ നിലപാടുകളും വീക്ഷണങ്ങളും തന്നെയാണ് അദ്ദേഹത്തെ വലച്ചതും, ഭരണവർഗത്തിന്റെ ശത്രുവാക്കിയതും. 2008 ലെ ആഫ്രിക്കൻ നേഷൻസ് കപ്പിൽ സുഡാനെതിരെ മൂന്നാം ഗോൾ (3-0) നേടിയ ശേഷം ദേശീയ ടീമിന്റെ ചുവന്ന ജേഴ്‌സി ഉയർത്തി ഗസ്സക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തിയ സന്ദേശം കാണിച്ചതിന് വിലക്കിന്റെ വക്കോളം എത്തി.

Muhammad Salah

“മരണത്തിന് മുൻപ് എല്ലാവർക്കും ഒരു ഒസ്യത് ഉണ്ടാകണം എന്നതാണ് പ്രവാചക വചനം. ‘ഗാസ’ എന്ന് എഴുതിയ ഒരു T-Shirt ധരിപ്പിച്ച് എന്നെ ഖബറടക്കണം എന്നാണ് എന്റെ ഒസ്യത്” 2016ൽ ലെസ്റ്റർ സിറ്റിയുടെ റിയാദ് മാഹ്രസിന് അൾജീരിയൻ പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം പ്രഖ്യാപിച്ച ശേഷം മുഹമ്മദ് അബൂത്രിക പറഞ്ഞ വാക്കുകളാണിവ.

2013 ൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ‘മുഹമ്മദ് മുർസി’യെ ‘സിസി’ യുടെ പട്ടാള ഭരണകൂടം അട്ടിമറിക്കുകയും മുസ്‌ലിം ബ്രദർഹുഡ് പ്രവർത്തകർക്കെതിരെ ഹീനമായ സൈനിക നടപടി സ്വീകരിക്കുകയും ചെയ്തു. 100 ഓളം പേർ വെടിവെപ്പിൽ കൊല്ലപ്പെടുകയും 1000 ത്തോളം പേരെ ജെയിലിൽ അടക്കുകയും ചെയ്തു. ദേശീയ മാധ്യമങ്ങൾ അടക്കം വായടച്ചിട്ടിടത്ത്‌ അബൂത്രിക്ക സംസാരിച്ചു. സൈനിക നടപടിയെയും സിസിയുടെ പട്ടാളഭരണകൂടത്തെയും നിശിതമായി വിമർശിച്ചു.

അബൂത്രിക്ക ടാർഗറ്റ് ചെയ്യപ്പെട്ടു. 2015 ൽ മുസ്‌ലിം ബ്രദർഹുഡിനെ സാമ്പത്തികമായി സഹായിച്ചു എന്ന പേരിൽ അദ്ദേഹത്തിന് ഓഹരി ഉടമസ്ഥതയുള്ള ‘അസ്സബാഹ് ടൂർസ്’ എന്ന സ്ഥാപനവും സ്വത്തും ‘സിസി’ ഭരണകൂടവും മരവിപ്പിച്ചു. തീവ്രവാദ നിയമങ്ങൾ ചാർത്തി പാസ്‌പോർട്ടും യാത്ര ചെയ്യാനുള്ള അനുവാദവും റദ്ദ് ചെയ്തു.

1928 മുതൽ ഈജിപ്തിലെ ഏറ്റവും വലിയ സിവിൽ സൊസൈറ്റി മൂവ്മെന്റ് ആയി വളർന്ന പ്രസ്ഥാനമാണ് മുസ്‌ലിം ബ്രദർഹുഡ്. 2013 ലെ പട്ടാള അട്ടിമറിക്ക് ശേഷം ‘മുസ്‌ലിം ബ്രദർഹുഡ്’ ഒരു ഭീകര സംഘടനയാണെന്നാണ് ഈജിപ്ഷ്യൻ ഭരണകൂടത്തിന്റെ ഔദ്യോഗിക ഭാഷ്യം.

മുൻ പ്രസിഡന്റ് മുഹമ്മദ് മുർസിയും, മകൻ ഒസാമയും, മകൾ ഷെയ്മയും മത പ്രബോധകൻ യൂസഫുൽ ഖർദാവിയും മറ്റ് ബ്രദർഹുഡ് നേതാക്കളും അനേകം പ്രവർത്തകരും മാധ്യമപ്രവർത്തകരും തീവ്രവാദ ലിസ്റ്റിൽ ഉൾപ്പെടുന്നു.

Fatah al Sisi

ഇപ്പോൾ ഖത്തറിൽ രാഷ്ട്രീയ അഭയാർത്ഥിയായി കഴിഞ്ഞ് വരികയാണ് അബൂത്രിക്ക. ഈജിപ്തിലേക്കുള്ള തിരിച്ചുവരവ് ജയിലഴികളിലേക്കുള്ള കവാടം കൂടിയാണ് കെയ്‌റോ യൂണിവേസ്റ്റിയിലെ ഈ പഴയ ഫിലോസഫി വിദ്യാർത്ഥിക്ക്.

“അബൂത്രിക്ക തീവ്രവാദിയാകുന്ന അന്ന്, ഈജിപ്ഷ്യൻ ദ്വീപുകളെ പ്രതിരോധിക്കുന്ന എല്ലാ മനുഷ്യരും ദേശദ്രോഹികളാകും. സാംസ്കാരിക കേന്ദ്രങ്ങളും മനുഷ്യാവകാശ സ്ഥാപനങ്ങളും ദേശീയ സുരക്ഷക്ക് ഭീഷണിയാകും. ഈ കാലത്ത്, ഇത്തരം വാക്കുകൾക്ക് പുതിയ അർത്ഥങ്ങൾ കണ്ടത്തേണ്ടതുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം” അബൂത്രിക്കയെ തീവ്രവാദ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ച് നിയമ വിദഗ്ധനും സാമൂഹ്യ പ്രവർത്തനകനും ആയ ഖാലിദ് അലി അഭിപ്രായപ്പെട്ടു. 2018 ഏപ്രിൽ 30 ന് കെയ്‌റോ ക്രിമിനൽ കോടതിയുടെ പുതിയ വിധി പ്രകാരം അബൂത്രിക അടക്കം ഉള്ള 1528 പേരെ അഞ്ച് വർഷത്തേക്ക് കൂടി തീവ്രവാദ ലിസ്റ്റിൽ ഉൾപ്പെടുത്തും.

സലാഹിന്, അബൂത്രിക്കയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭരണകൂടവുമായി വിധേയാത്മകമായ ഒരു ബന്ധം നിലനിർത്തലാകും അതിജീവനത്തിനുള്ള ഉപാധി എന്നത് തന്നെയാണ്. കളിക്കാരൻ എന്ന നിലയിലും, ലോക ഫുട്ബോളിൽ ഈജിപ്തിന്റെ മുഖം എന്ന നിലയിലും തന്റെ ജനകീയതക്കും, നിലനിൽപ്പിനും അതാണ് നല്ലത്. കുറെ ഒക്കെ അദ്ദേഹം പഠിച്ചിരിക്കുന്നു എന്നും തോന്നുന്നു. അതുകൊണ്ട് തന്നെയാണ്, ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതനായ സലാഹ് രാഷ്ട്രീയ കാര്യങ്ങളിൽ നിന്നും തന്ത്രപരമായി വിട്ട് നിൽക്കുന്നതും.

നേരത്തെ പറഞ്ഞല്ലോ, ഈജിപ്തിൽ സ്നേഹിക്കപ്പെടുക എന്നത് ഏറെ അപകടകരമാണ്. അബൂത്രിക്ക, അതിന് ഒരു ക്ലാസിക്കൽ ഉദാഹരണവും. പക്ഷെ, 2018 ന്റെ തുടക്കത്തിൽ ഫിഫ നടത്തിയ ഒരു സർവ്വേയിൽ ഈജിപ്തിലെ എക്കാലത്തെയും മികച്ച താരമായി ജനങ്ങൾ തിരഞ്ഞെടുത്തത് അബൂത്രിക്കയെ തന്നെയായിരുന്നു. അഹ്‌റം ഓൺലൈൻ പത്രാധിപർ ഹതീം മഹർ പറഞ്ഞ പോലെ ” ഇവിടുത്തെ പ്രിസിഡന്റുമാരെക്കാൾ പ്രശസ്തനാണ് അദ്ദേഹം. ഏറ്റവും ജനകീയനായ കളിക്കാരൻ എന്നല്ല; ഈജിപ്തിലെ ഏറ്റവും ജനകീയനായ വ്യക്തി തന്നെ”.

സുഹൈല്‍ അബ്ദുല്‍ ഹമീദ്‌