Campus Alive

ജാമിഅഃ പ്രക്ഷോഭവും രോഹിതിന്റെ രാഷ്ട്രീയവും

ഇന്ത്യൻ സർവ്വകലാശാലകളിൽ നിന്നുണ്ടായിട്ടുള്ള രണ്ട് പ്രധാന മൂവ്മെന്റുകൾക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞ വ്യക്തി എന്ന നിലയിൽ കുറച് കാര്യങ്ങൾ സംസാരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. 2015 ൽ ഫാറൂഖ് കോളേജിൽ നിന്നും ഞാനുൾപ്പെടെയുള്ള വലിയൊരു കൂട്ടം മലയാളി വിദ്യാർത്ഥികൾ ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ അഡ്മിഷനെടുത്തിരുന്നു. ഫാറൂഖ് കോളേജിനെ അപേക്ഷിച്ച് തീർത്തും വ്യത്യസ്തമായ രാഷ്ട്രീയമുള്ള ക്യാമ്പസായിരുന്നു ഹൈദരാബാദ് സർവകലാശാല. ASA , MSF, SIO തുടങ്ങി കേരളത്തിൽ സുപരിചിതവും അല്ലാത്തതുമായ രാഷ്ട്രീയ സംഘടനകളുള്ള പുതിയൊരു രാഷ്ട്രീയ ലോകത്തേക്കായിരുന്നു ഞങ്ങൾ കടന്നു ചെല്ലുന്നത്. OBC വിഭാഗത്തിലൂടെ പ്രവേശനം ലഭിച്ച ഞാനുൾപ്പെടെയുള്ള മലയാളി വിദ്യാർത്ഥികൾ അഡ്മിഷനെടുക്കാൻ വേണ്ടി ക്യാമ്പസിലെത്തുമ്പോൾ ഒരു കൂട്ടം വിദ്യാർത്ഥികൾ ഞങ്ങളെ വളയുകയും തുടർന്ന് അഡ്മിഷൻ പ്രക്രിയകളിൽ ഉടനീളം വേണ്ട സഹായങ്ങൾ മുഴുവൻ അവർ മുൻകൈ എടുത്ത് ചെയ്തു തരികയായിയുന്നു. ദ്വന്ദ പ്രശാന്തും, രോഹിതും ഉൾപ്പെടെയുള്ള ദലിത് വിദ്യാർത്ഥികളായിരുന്നു അവർ എന്ന് പിന്നീടാണ് ഞങ്ങൾ മനസ്സിലാക്കുന്നത്ത്.  ഇങ്ങനെ മുസ്ലിംകളും ദലിതരുമായ അടിച്ചമർത്തപ്പെട്ട വിഭാഗത്തിൽ നിന്നുള്ള വലിയൊരു സംഘം വിദ്യാർത്ഥികളെയാണ് HCU പ്രതിനിധീകരിക്കുന്നത്. ശശീജ് ഹെഗ്ഡെ(Shasheej Hegde) എന്ന ഞങ്ങളുടെ പ്രൊഫെസ്സർ പറയാറുണ്ടായിരുന്നു, ഓരോ സർവ്വകലാശാലയും അതിന്റെതായ ഭാഷയെയും രാഷ്ട്രീയത്തെയും ഉണ്ടാക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ടന്ന്. HCU  രൂപപ്പെടുത്തിയെടുത്ത ഭാഷ ഒരു തരം കീഴാള ഭാഷയാണ്. ജാമിയ മില്ലിയ ഒരു ദേശീയ മുസ്ലിം സ്വഭാവമുള്ള, രാഷ്ട്രീയമായി വളരെ നിശബ്ദമായിരുന്ന ഒരു ക്യാമ്പസ് ‘ആയിരുന്നു’. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ആവട്ടെ കീഴാള വിഭാഗങ്ങളിൽ നിന്നടക്കമുള്ള പലതരം മുസ്ലിം വിദ്യാർത്ഥികളടങ്ങിയ ഒരു ക്യാമ്പസ് ആണ്. അതെ സമയം JNU ഇടത് മാർക്സിസ്റ്റ് ഭാഷ്യമുള്ള ഒരു ക്യാമ്പസുമാണ്.

ഫാറൂഖ് കോളേജിൽ സജീവ MSF പ്രവർത്തകനായ ഞാൻ ഹൈദരാബാദിൽ ചെന്നപ്പോൾ ഞങ്ങളെ സ്വാഗതം ചെയ്യുന്നത് CHന്റെയും മാൽകം എക്സിന്റെയും അംബേദ്‌ക്കറുടെയും ചിത്രങ്ങളുമായി SIOവും MSFഉം ASA യുമൊക്കെയാണ്. ഇന്ത്യയിലെ മറ്റ് സർവ്വകലാശാലകളിലേത് പോലെ ഗാന്ധിയുടെയോ നെഹ്‌റുവിന്റെയോ ചിത്രങ്ങൾ അധികമൊന്നും ഹദരാബാദ് യൂണിവേഴ്സിറ്റിയിൽ കാണാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ സാവിത്രി ഭായ് ഫൂലെ, ഫാത്തിമ ഷെയ്ഖ്, മാൽകം എക്സ്, അംബേദ്ക്കർ തുടങ്ങിയ കീഴാള നേതാക്കളുടെയും നായകരുടെയും ചിത്രങ്ങളാണ് നിങ്ങൾക്കധികവും കാണാൻ കഴിയുക. ഇങ്ങനെയുള്ളൊരു പുതിയ ലോകത്തേക്കാണ് യഥാർത്ഥത്തിൽ ഞങ്ങൾ കടന്നു ചെല്ലുന്നത്.

അങ്ങനെയിരിക്കെയാണ് പൊക്കം കുറഞ്ഞ ഒരു മനുഷ്യൻ എന്റടുക്കലേക്ക് വരികയും കുശലാന്വേഷണം നടത്തുകയും ചെയ്യുന്നത്. മതിയായ രീതിയിൽ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാതിരുന്ന എന്നോട് പേടിക്കാതെ സംസാരിച്ചോളൂ എന്ന രീതിയിൽ വളരെ മനോഹരമായി സൗഹൃദം സ്ഥാപിച്ച സൗമന്യനായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. അപ്പോഴാണദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത്. സോഷ്യോളജി ഡിപ്പാർട്മെന്റിൽ Phd ചെയ്യുന്ന രോഹിത് വെമുല ആയിരുന്നു അദ്ദേഹം. അത്യധികം സഹായ മനസ്കനായ ഒരു  സാധു മനുഷ്യൻ. എന്നാൽ അന്നെനിക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയ ധീരതയെ കുറിച് അറിവുണ്ടായിരുന്നില്ല.

അങ്ങനെ ഒരിക്കൽ ഗണപതി പൂജയുടെ സമയത്ത് ഗണപതിയുടെ വിഗ്രഹവുമായി ഒരുകൂട്ടം എബിവിപി പ്രവർത്തകർ വരികയും വളരെ അരോചകമായ രീതിയിൽ, വിദ്യാർത്ഥികൾക്ക് ശല്ല്യമാവുന്ന തരത്തിൽ നൃത്തവും ബഹളങ്ങളുമായി ഞാൻ താമസിക്കുന്ന ബി ഹോസ്റ്റലുൾപ്പെടെ എല്ലാ ഹോസ്റ്റലിലെയും മുറികളിലേക്കും കടന്നു വരുന്നത്. എതിർത്ത് സംസാരിക്കുന്നവരെയെല്ലാം ഉപദ്രവിക്കുന്ന ഒരു തരം ഗുണ്ടകൾ  തന്നെയായിരുന്നു യഥാർത്ഥത്തിൽ അവർ. എന്നാൽ അതേ സംഘം സി ഹോസ്റ്റലിൽ എത്തിയപ്പോൾ പൂർണ്ണമായും നിശബ്ദമായ ഒരു കൂട്ടത്തെയാണ് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത്. കുറച്ചു സമയങ്ങൾക്ക് ശേഷമാണ് അവിടെ രോഹിത് ഉണ്ടായിരുന്നെന്നും അദ്ദേഹം അവരോട് നിങ്ങൾക്ക് ഹോസ്റ്റലിൽ കയറി ബഹളമുണ്ടാകാൻ അധികാരമില്ലെന്ന് പറയുകയും ചെയ്‌തെന്നും അത് കൊണ്ടാണ് അവർ നിശബ്ദരായി പിരിഞ്ഞു പോയതെന്നും ഞങ്ങൾ അറിയുന്നത്. അങ്ങനെയാണ് ASA എന്ന സംഘടനയെ കുറിച് കൂടുതൽ അടുത്ത് മനസ്സിലാക്കുന്നത്.

മലയാളിയും ASA പ്രസിഡന്റുമായിരുന്ന പ്രേംകുമാർ ഞങ്ങളുമായി ഒരു അനുഭവം പങ്കുവെക്കുകയുണ്ടായി. ഒരു ദിവസം ഫിസിക്സിൽ Phdക്ക് JRF ഓടെ അഡ്മിഷൻ ലഭിച്ച  തെലുങ്കാനക്കാരനായ ഒരു വിദ്യാർത്ഥി ലാബിലേക് ചെന്നപ്പോൾ ലാബിൽ ഉണ്ടായിരുന്ന ആൾ ആ വിദ്യാർത്ഥിയെ അകത്ത് കയറ്റാതെ പുറത്തു നിർത്തുകയുണ്ടായി. ഇത് ഒരാഴ്ചയോളം തുടർന്നു. പിന്നീട് ASA പ്രവർത്തകർ അന്വേഷിച്ചപ്പോൾ വിദ്യാർത്ഥി കാര്യം പറയുകയും അന്നത്തെ ASA പ്രസിഡന്റ് ലാബ് ജീവനക്കാരനുമായ സംസാരിക്കുകയും ചെയ്തു. ആ വിദ്യാർത്ഥിയെ കുറിച്ച് കൃത്യമായ അറിവൊന്നും ഇല്ലാത്തതിനാലാണ് എന്നായിരുന്നു അയാൾ നൽകിയ മറുപടി. എന്നാൽ അതേ വിദ്യാർത്ഥിയോടൊപ്പം തന്നെ അഡ്മിഷനെടുത്ത മറ്റ് വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുകയും ചെയ്തിരുന്നു. താനൊരു ദലിതനായത് കൊണ്ടാണ് പുറത്തുനിൽക്കേണ്ടി വരുന്നതെന്ന് അവന് മനസ്സിലായിരുന്നില്ല. ASA ഇത് ജാതി വിവേചനമാണെന്ന് തിരിച്ചറിയുകയും (അതിന് വേണ്ടുന്ന രാഷ്ട്രീയ ഭാഷ അവിടെ അവർ രൂപപ്പെടുത്തിയിരുന്നു) ശക്തമായ താക്കീത് നൽകുകയും ഇത് നിങ്ങൾ സവർണ്ണർക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും ഞങ്ങളുടേതുകൂടിയാണെന്ന് പറഞ്ഞ് പ്രശ്നം പരിഹരിക്കുകയാണുണ്ടായത്. എന്നാൽ അതിനു ശേഷവും അത്തരം സംഭവങ്ങൾ ഉണ്ടാവുകയായിരുന്നു. അതാണ് സെന്തിലും രാജുവുമെല്ലാം  ജീവത്യാഗം ചെയ്യേണ്ടി വന്നത്. തെലുങ്കാന ആന്ധ്രാപ്രദേശ് പോലുള്ള ഇത്തരം സ്ഥലങ്ങൾ എത്രത്തോളം ജാതി കേന്ദ്രീകൃതമാണെന്നത് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അത്തരം ഒരിടത്തിൽ നിന്ന് ഒരു ജാതിവിരുദ്ധ മുന്നേറ്റം പിറവിയെടുക്കുന്നത് ഒരിക്കലും യാദൃശ്ചികമല്ല. അന്ന് കേരളത്തിലെ ചില ‘പുരോഗമന’ പ്രസ്ഥാനങ്ങൾ ഇവയൊന്നും ജാതി വിവേചനമില്ല മറിച് അത് സാമ്പത്തികമോ മാനസികമോ ആയ കാരണങ്ങൾ കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് പറഞ്ഞിരുന്നത്.

ഇത്രയും ധീരമായ വ്യക്തിത്വത്തിനുടമയും സോഷ്യോളജിയിലും ബയോ ടെക്‌നോളജിയിലും ജനറൽ കാറ്റഗറിയിൽ തന്നെ (ഒരിക്കൽപോലും ജനറൽ കാറ്റഗറിയിൽ എന്ന് എടുത്തു പറയാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല) JRF ഉള്ള അത്രയും അക്കാദമിക കഴിവുമുള്ള ഒരാളായിരുന്നു രോഹിത്.

ഒരു ദിവസം വൈകുന്നേരമാണ് ഒരാൾ ആത്മഹത്യ ചെയ്ത വിവരം ഞങ്ങൾ അറിയുന്നതും പിന്നീട് അത് രോഹിതാണെന്ന് മനസ്സിലാവുന്നതും. രോഹിതിന്റെ ഈ സ്ഥാപനവൽകൃത കൊലപാതകത്തിന് പിന്നിലുള്ള സാഹചര്യം നാം അറിയേണ്ടതുണ്ട്. അന്നത്തെ വൈസ് ചാൻസിലർ ആയിരുന്ന അപ്പറാവുവിന് വ്യക്തിപരം എന്നതിലുപരി ജാതീയമായ പക രോഹിതുൾപ്പെടെയുള്ള വിദ്യാർത്ഥികളോടുണ്ടായിരുന്നു. അപ്പറാവു ചീഫ് വാർഡനായിരുന്ന സമയത് ടോയ്‌ലെറ്റ് വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രശ്നമുണ്ടാവുകയും വാർഡൻ അത് സ്വാഭാവികമായും ചീഫ് വാർഡനെ അറിയിക്കുകയും ചെയ്തു. അന്ന് ദലിതനായ വാർഡനോട് സവർണ്ണ വിഭാഗത്തിൽ പെട്ട അപ്പറാവു ‘ഇത് നിന്റെ കുലത്തൊഴിലല്ലേ.. നിനക്ക് തന്നെ ചെയ്താൽ പോരെ’ എന്ന് ചിരിച്ച കൊണ്ട് പരിഹാസത്തോടെ മറുപടി നൽകുകയും ചെയ്തു. തീർത്തും ജാതീയമായ ആ പ്രതികരണം അദ്ദേഹത്തെ അതീവ ദുഖിതനാകുകയും ചെയ്തു. ശേഷം ASA യുടെ വിദ്യാർത്ഥികൾ പ്രസ്തുത സംഭവം അന്വേഷിച്ചറിയുകയും അപ്പോൾ തന്നെ ചീഫ് വാർഡന്റെ ഓഫീസിൽ ചെന്ന് അദ്ദേഹത്തെ ചോദ്യം ചെയ്യുകയും അത് കയ്യാങ്കളിയിൽ കലാശിക്കുകയും ചെയ്യുകയാണുണ്ടായത്.

മറ്റൊരിക്കൽ ഹൈദരാബാദിലായിരിക്കെ  ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടി ഹോസ്റ്റലുമായി ബന്ധപ്പെട്ട ഒരു കാര്യത്തിന് വേണ്ടി ഒരു സ്ത്രീയായ അസിസ്റ്റന്റ് വാർഡനെ സമീപിക്കുകയും യാത്രാ ബുദ്ധിമുട്ടുളളത് കൊണ്ട് സൗത്ത് ക്യാമ്പസ്സിലെ ഹോസ്റ്റലിൽ നിന്ന് നോർത്ത് ക്യാമ്പസ്സിലേക്ക് മുറി മാറ്റി നൽകണമെന്നും ആവശ്യപ്പെട്ടു. അത് പാകിസ്ഥാനിലൊന്നുമല്ലല്ലോ ബസ് വഴി വരാനുള്ള ദൂരമല്ലേ ഉള്ളൂ എന്നാണ് അവർ ആ കുട്ടിക്ക് കൊടുത്ത മറുപടി. ഇത് ASA, SIO, MSF, തുടങ്ങിയ സംഘടനകൾ അറിയുകയും സംഘടിതമായി അതിനെ ചോദ്യം ചെയ്യുകയും മാപ്പ് പറയിക്കുകയുമാണ് ഉണ്ടായത്. എന്ത് കൊണ്ടാണ് മുസ്ലിംപേരും ചിഹ്നങ്ങളും കേൾക്കുമ്പോഴേക്കും പാകിസ്താനെ കുറിച്ച് സംസാരിക്കുന്നത്? യഥാർത്ഥത്തിൽ ഇന്ത്യൻ മുസ്ലിംകളെക്കാൾ കൂടുതൽ, നിരന്തരം പാകിസ്താനെ കുറിച്ചോർക്കുന്നത് ഹിന്ദുക്കളാണ്. ഒരു പക്ഷെ ജിന്നയെക്കാൾ പാകിസ്ഥാൻ എന്ന പദം ഉപയോഗിച്ചത് ഗോൾവാൾക്കറോ, സവർക്കറോ RSS മാധ്യമങ്ങളോ ആയിരിക്കും.

ഇങ്ങനെ ശക്തമായ ഒരു കീഴാള രാഷ്ട്രീയ ഭാഷ ഹൈദരാബാദ് സർവ്വകലാശാലയിൽ ഉയർന്നുവന്നു എന്നുള്ളതാണ് രോഹിതിന്റെ സ്ഥാപന വൽകൃത കൊലക്ക് കാരണം.

ഇന്ത്യയിലെ പ്രധാന ക്യാമ്പസുകളിൽ സമൂഹത്തിന്റെ താഴേ തട്ടിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഞെട്ടിപ്പിക്കുന്ന ഇത്തരം ഹിംസാനുഭവങ്ങൾ ഉണ്ടായിരിക്കെ പലരും ജാമിയയിൽ ബസ് കത്തിച്ചതിനെ കുറിച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. അതേ സമയം അവിടത്തെ  പോലീസ് ക്രൂരതയെ കുറിച്ച് മിണ്ടുന്നുമില്ല. ജാമിയയിലെ ഒരു വിദ്യാർത്ഥിയാണ് ഞാൻ. ഒരു തരത്തിലുള്ള രാഷ്ട്രീയവും നിർമ്മിച്ചെടുത്തിട്ടില്ലാത്ത തീർത്തും അരാഷ്ട്രീയമായ ഒരു ക്യാമ്പസ് ആണ് ജാമിയ എന്നായിരുന്നു ഞാൻ മനസ്സിലാക്കിയിരുന്നത്. പക്ഷെ എന്തുകൊണ്ടാണ് ജാമിയ രാഷ്ട്രീയം പറയാത്തത് എന്ന് ഈ അടുത്താണ് തിരിച്ചറിയുന്നത്. ജാമിയ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം പറയുമ്പോൾ പോലീസിന്റെ ക്രൂരതകളുൾപ്പെടെയുള്ള പല രീതികളിലൂടെ അതിനെ അടിച്ചൊതുക്കുകയാണ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഇപ്പോൾ ജാമിയ എന്നത് ഒരു മൂവ്മെന്റാണ്.

ജാമിയാമില്ലിയയെ സംബന്ധിച്ച് കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞ് അവസാനിപ്പിക്കാം. ജാമിയ മില്ലിയ ഇസ്ലാമിയ മറ്റ് സർവ്വകലാശാലകളിൽ നിന്നും വ്യത്യസ്തമായി അത് സ്ഥിതി ചെയ്യുന്ന ജാമിയ നഗറിലെ ജനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. കാരണം ജാമിയയുടെ സ്ഥാപന സമയത്ത് ജനവാസമില്ലാത്ത ഒരു പ്രാന്ത പ്രദേശമായിരുന്ന ജാമിയ നഗറിലേക്ക് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുള്ള കലാപങ്ങളിൽ നിന്ന് വ്യത്യസ്തരായ ജനങ്ങൾ കുടിയേറി പാർക്കുകയാണ് ചെയ്തത്. അത് കൊണ്ട് തന്നെ വൈവിധ്യങ്ങളാർന്ന മുസ്ലിം ജീവിതങ്ങളെ അവിടെ കാണുവാൻ കഴിയും. അവർക്ക് സംരക്ഷണം നൽകുന്നു എന്നതാണ് ജാമിയയുമായി ഇത്രയധികം അവർ ബന്ധപ്പെട്ടു കിടക്കാൻ കാരണം. അവരിലെ ഈ വൈവിധ്യം തന്നെയാണ് ജാമിയയിലെ ഈ സമര മുന്നേറ്റത്തെ തുറന്നുവിട്ടതും. ഇന്ത്യയിലെ മതേതരത്വത്തോടും സ്ഥാപനവൽകൃത വ്യവസ്ഥയോടും പരമാവധി ചേർന്നുനിൽക്കാൻ ശ്രമിക്കുന്ന മുസ്ലിം സമുദായത്തെ തെരുവിലേക്കിറങ്ങാൻ അമിത്ഷായും മോദിയും നിർബന്ധിക്കുകയാണ് ചെയ്തത്. ഗുജറാത്ത് കലാപത്തിന്റെ ചരിത്രം പരിശോധിച്ചാൽ അത് വ്യക്തമാണ്. അത് കൊണ്ട് തന്നെ അമിത്ഷായും മോദിയും പിൻവാങ്ങാതെ ഈ സമുദായം മടങ്ങുകയേയില്ല.

ജാമിയയിലെ സമരത്തിനിടക്ക് ഇന്ന് പലരുമുയർത്തുന്ന വാദമാണ് ഇതൊരു ബഹുജന സമരമാണ് അതിന്റെ പൊതുഇടങ്ങളിൽ നിങ്ങൾ നിങ്ങളുടെ സ്വത്വത്തെ ഉപയോഗിക്കരുതെന്നുള്ളത്. മറ്റൊരു ക്യാമ്പസ്സിലും ഞാനനുഭവിക്കാത്ത ഒരു പ്രഭാവം ജാമിയയിലെ സമരത്തിനുണ്ടായിരുന്നു. കാരണം വൈവിധ്യങ്ങളാർന്ന ജനവിഭാഗങ്ങൾ പുറത്തുനിന്നും ജാമിയയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. പ്രശ്നങ്ങളേതുമില്ലാതെ ഒന്നിൽ കൂടുതൽ വിഭാഗങ്ങളുടെ സമരം ഒരുമിച്ച് നടക്കുകയാണ് അവിടെ. അതിൽ ഒരു വിഭാഗം CAA ക്ക് എതിരെ ‘ഉമ്മത്’ ഒന്നിക്കുക എന്നെഴുതിയ പോസ്റ്റർ പിടിച്ചുകൊണ്ട് സമരത്തിൽ പങ്കെടുക്കുകയായിരുന്നു. ആ സമയം മറ്റൊരു വിഭാഗം അതിലെ ഉമ്മത്ത് എന്ന അറബി വാക്ക് ഉപയോഗിക്കരുത് അത് ഒഴിവാക്കണമെന്നും പറയുകയുണ്ടായി. ഞങ്ങളും നിങ്ങളെ പോലെ സമരം ചെയ്യാൻ വന്നവരല്ലേ, ഞങ്ങൾ ഞങ്ങളുടെയും നിങ്ങൾ നിങ്ങളുടെയും മുദ്രാവാക്യം വിളിക്കുന്നു. ഞങ്ങൾ നിങ്ങളുടെ മുദ്രാവാക്യത്തെ വിളിക്കണമെന്ന് പറയുന്നത് എന്ത് ജനാധിപത്യമാണ് എന്നാണ് ആ സാധുക്കളായ ജനങ്ങൾ അവർക്കു നൽകിയ മറുപടി.

വൈവിധ്യങ്ങളാർന്ന ജനങ്ങൾ ഒരു ബഹുജന സമരത്തിലേക്ക് വരുമ്പോൾ എല്ലാവർക്കും അവരുടേതായ മുദ്രാവാക്യങ്ങൾ വിളിക്കാനും സ്വതം ഉയർത്തിപ്പിടിക്കാനും കഴിയുക എന്നതല്ലേ യഥാർത്ഥത്തിൽ ബഹുസ്വരത. ജാമിയയിൽ ചിലർ അള്ളാഹു അക്ബർ വിളിക്കുന്നുണ്ട്, സിഖ് സഹോദരന്മാരുൾപ്പെടയുള്ള മറ്റു ചിലർ അവരുടെ മുദ്രാവാക്യങ്ങൾ വിളിക്കുന്നുമുണ്ട്. ഇന്ത്യയിൽ അനവധി ബഹുജൻ മുന്നേറ്റങ്ങൾ നടന്നിട്ടുണ്ട്. അതിൽ മേധാ പട്കർ അടക്കമുള്ളവരുടെ ബഹുജൻ സമര മുന്നേറ്റങ്ങളിൽ ഹിന്ദു മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. അന്നൊന്നുമില്ലാത്ത ഒരു തരം വാർപ്പുമാതൃകകൾ നിർമ്മിക്കലാണ് ഇസ്ലാമിക മുദ്രാവാക്യങ്ങൾക്കെതിരെ ഇന്ന് നടക്കുന്നത്. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഇന്നേവരെ മുസ്ലിം സമുദായത്തിലെ സ്ത്രീകളെ കുറിച്ചും സമരങ്ങളെ കുറിച്ചും ഇന്ത്യയിലെ ഇടത് പുരോഗമന ആഖ്യാനങ്ങൾ പറഞ്ഞിരുന്ന വാർപ്പുമാതൃകകളെ അടിച്ചു തകർക്കുകയാണ് ഷാഹിൻ ഭാഗിലെയും അലിഗഢിലെയും ജാമിയയിലെയും മുസ്ലിം സ്ത്രീകൾ.

അത്കൊണ്ട് വൈവിധ്യങ്ങളാർന്ന മുദ്രാവാക്യങ്ങളും സ്വത്വങ്ങളും ഉള്ള സമരമുഖങ്ങളാണ് ഉണ്ടാവേണ്ടത്. എല്ലാവർക്കും അവരവരുടെ മുദ്രാവാക്യങ്ങളും സ്വത്വങ്ങളും ഉയർത്തിപ്പിടിക്കാൻ കഴിയുന്ന സമരങ്ങളാണ് ബഹുജന സമരങ്ങൾ. അല്ലാതെ സവർക്കറും ഗോൾവാൾക്കറും അതെ പോലെ മറ്റ് ‘പലരും’ പറയുന്ന പോലെയുള്ള ഏകജാതീയ സമരങ്ങളല്ല വേണ്ടത്. എല്ലാവർക്കും അവരവരുടെ മുദ്രാവാക്യങ്ങൾ ഉപയോഗിക്കുവാനുള്ള അവകാശമുണ്ട്. അല്ലാതെയുള്ള സമരപ്രഹസനങ്ങൾ അധികമൊന്നും മുന്നോട്ടു പോവുകയില്ല. യഥാർത്ഥ സ്വത്വത്തിൽ നിന്നുകൊണ്ടുള്ള സമരങ്ങൾ മാത്രമേ വിജയിക്കുകയുള്ളൂ.

 

(ഹൈദരബാദ് സർവകലാശാല പൂർവ്വവിദ്യാർത്ഥിയും ജാമിഅ മില്ലിയ ഇസ്‌ലാമിയയിൽ നിലവിൽ ഗവേഷക വിദ്യാർത്ഥിയുമായ ത്വയ്യിബ് റജബ് മക്തൂബ് മീഡിയയും ഗ്രീൻ പാലിയേറ്റീവും സംയുക്തമായി സംഘടിപ്പിച്ച സ്റ്റുഡൻസ് ട്രൈബ്യുണലിൽ സംസാരിച്ചതിന്റെ സ്വതന്ത്ര സംഗ്രഹം).

ത്വയ്യിബ് റജബ്