Campus Alive

എന്തുകൊണ്ടാണ് ചന്ദ്രശേഖർ ആസാദിന്റെ രാഷ്ട്രീയം പ്രസക്തമാവുന്നത്?

2017ൽ ദി ക്വിന്റ് പുറത്തിറക്കിയ ഡോക്യൂമെന്ററിയിൽ നിന്നാണ് ഭീം ആർമി, ചന്ദ്രശേഖർ ആസാദ് എന്നീ പേരുകൾ ഞാൻ ആദ്യമായി കേൾക്കുന്നത്. രോഹിത് വെമുലയുടെ ആത്മഹത്യക്കും ഉനായിലെ ദലിത് പ്രക്ഷോഭങ്ങൾക്കും ശേഷമുള്ള നിർണായകമായ ജാതി വിരുദ്ധ മുന്നേറ്റങ്ങളിൽ ഒന്നാണിത്. മഹാരാഷ്ട്രയിലെ ദലിത് പാന്തേഴ്സിന്റെയും ശ്രീകാകുളത്തെ ‘കമ്മി’ ഭൂപ്രഭുകൾക്കെതിരെ 1970ൽ ദലിതുകൾ നയിച്ച സായുധ വിപ്ലവത്തിന്റെയും രാഷ്ട്രീയത്തെയാണ് ഈ മുന്നേറ്റങ്ങൾ ഓർമ്മിപ്പിക്കുന്നത്. തുടക്കത്തിലെ ചില കോലാഹലങ്ങൾക്കിടയിൽ പടിഞ്ഞാറൻ ഉത്തർ പ്രദേശ് കേന്ദ്രീകരിച്ചുള്ള ഒരു പ്രാദേശിക ദലിത് മുന്നേറ്റം മാത്രമായാണ് ഞാൻ ഇതിനെ മനസ്സിലാക്കിയിരുന്നത്. ആ പ്രദേശത്താകട്ടെ ഇതിന് മുമ്പ് സായുധ ദലിത് മുന്നേറ്റങ്ങൾ നടന്നിട്ടുള്ളതുമാണ്. എന്നാൽ ക്രമേണ എന്റെ നിരീക്ഷണങ്ങൾ തെറ്റാണെന്ന് എനിക്ക് ബോധ്യം വന്നു. ‘ഭീം ആർമി’ ഇന്ന് പടിഞ്ഞാറൻ യുപിയുടെ അതിർത്തികൾ കടന്നും വളർന്ന് കഴിഞ്ഞിരിക്കുന്നു.

2017ൽ ഠാക്കൂറുകൾ ദലിതുകൾക്കെതിരിൽ നടത്തിയ അക്രമങ്ങൾക്ക് ശേഷം ചന്ദ്രശേഖർ ആസാദും അദ്ദേഹത്തിന്റെ ചില കൂട്ടാളികളും ഒളിവിൽ പോവുകയും, അവിടെ വെച്, ജന്തർ മന്തറിൽ വരുമെന്നും പ്രതിഷേധ സംഗമത്തെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പിന്നീട് ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രക്ഷോഭകർ സംഗമത്തിനായി എത്തിച്ചേർന്നു. ആയിരക്കണക്കിന് പ്രക്ഷോഭകർക്കിടയിലേക്ക് ഭീം ആർമിയുടെ തലവൻ പ്രത്യക്ഷപ്പെട്ടു. ദേശീയ സുരക്ഷാ ചട്ടത്തിന്റെ പേരിൽ പൊലീസ് അറസ്റ്റ് വരുന്നതിന് മുമ്പ് വിപ്ലവത്തിന്റെ ഉഗ്രമായ അടയാളക്കുറി നാട്ടിയിരുന്നു അദ്ദേഹം. അന്നത്തെ ദിവസം ഡൽഹിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യവും അദ്ദേഹത്തിന്റെ അംഗവിക്ഷേപണങ്ങളും ദലിതുകൾക്കിടയിൽ ആഴത്തിലുള്ള സ്വാധീനമുണ്ടാക്കി. അന്ന് ഒരു പുതിയ നേതാവ് ഉദയം ചെയ്തു.

2018ൽ ജയിൽ മോചിതനായതിന് ശേഷം അദ്ദേഹം നേതൃത്വം കൊടുത്ത നിരവധി മുന്നേറ്റങ്ങളുടെ നാട്ടക്കുറിയായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ ശരീര ഭാഷ. അതിനി വരുന്ന വർഷങ്ങളിലും തുടർന്നുകൊണ്ടേയിരിക്കും.

ദലിത് സ്വത്വം പേറുന്ന ഒരു സ്വയം ഭരണാധികാര ശക്തി ആയതിനാൽ തുടക്കത്തിൽ ഭീം ആർമിയെ വിവിധ തുറകളിൽ നിന്നും കണ്ടെത്തുക പ്രയാസമായിരുന്നു. എന്നാൽ ചന്ദ്രശേഖർ ആസാദ്, അടിക്കടി നിലപാട് മാറ്റുകയും ഡൽഹിയിലെ മറ്റു ലിബറൽ, സിവിൽ സംഘടനകളോട് അടുത്തുനിൽക്കുകയും അവരുടെ ആഖ്യാനങ്ങളെ അന്ധമായി അനുകരിക്കുകയും, കനയ്യ കുമാർ പോലുള്ളവരുടെ ഇഷ്ടങ്ങൾക്കൊത്ത് വേദികൾ പങ്കിടുകയും ചെയ്യുന്ന മറ്റൊരു ദലിത് നേതാവായ ജിഗ്‌നേഷ് മേവാനിയെ പോലെയല്ല. അങ്ങനെ സംഭവിക്കാൻ അദ്ദേഹം സമ്മതിച്ചിരുന്നില്ല.

മറിച്ച് അദ്ദേഹം സംസാരിച്ചത് ഭരണഘടനയുടെ പ്രാധാന്യവും അടിച്ചമർത്തപ്പെട്ട സമുദായങ്ങളുടെ ഐക്യവും പരിഗണിച്ചുകൊണ്ട് കാൻഷിറാം സാഹിബ് മുന്നോട്ട് വെച്ച ബഹുജൻ രാഷ്ട്രീയത്തിന്റെ ഭാഷയിലാണ്. ഒപ്പം തന്നെ ബിജെപിക്ക് മാത്രമല്ല, മറ്റ് ഇടത്-ലിബറൽ-സിവിൽ സംഘടനകൾക്കും അപ്രിയകരമായ രീതിയിൽ ജാതിവിരുദ്ധ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന കരുത്തരായ യുവസഞ്ചയത്തെകൂടി അദ്ദേഹം രൂപപ്പെടുത്തിയെടുത്തു.

അംഗീകാരത്തിനും വിമർശനങ്ങൾക്കുമിടയിൽ ഒരു സംഘടന എന്ന നിലക്ക് ഭീം ആർമി മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലേക്കൊക്കെ വ്യാപിച്ചു. ഈ പ്രചരണങ്ങളുടെയെല്ലാം ബ്രാൻഡ് നെയിം ചന്ദ്രശേഖർ ആസാദ് ആയിരുന്നു.

ഈ ചരിത്ര നിമിഷത്തിൽ, ഒരു ലീഡർ എന്ന നിലക്കും പൊതുവിടത്തിൽ ജാതിയെ റദ്ദ് ചെയ്‌തുകൊണ്ടും അതിനെതിരിൽ അംഗവിക്ഷേപണമുയർത്തി കൊണ്ടുമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം പരിഗണിച്ചുകൊണ്ടും, ചന്ദ്രശേഖർ ആസാദിന്റെ ഒരു പ്രത്യേകതയിലേക്കാണ് ഞാൻ ഊന്നുന്നത്.

ഇന്ത്യയിലെ പൊതു-സ്വകാര്യ ഇടങ്ങൾ എന്ന സങ്കൽപത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് ജാതിയാണ്. ഭൂരിപക്ഷം ദലിതുകൾക്കും അവർ സ്വകാര്യം എന്നു കരുതുന്ന ഇടങ്ങൾ പോലും അവർക്ക് സ്വകാര്യമല്ല എന്നതാണ് യാഥാർഥ്യം. മറിച്ച് ഇലക്ഷൻ സമയത്ത്‌ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന നേതാക്കൾക്ക് ഏത് നേരത്തും അവരുടെ കൂരകളിലേക്ക് പ്രവേശനം സാധ്യമാണ്. അവർ ചോർന്നൊലിക്കുന്ന ദലിതരുടെ കൂരകളിലിരിക്കുകയും അവിടെ നിന്ന് കഞ്ഞി കുടിക്കുകയും ചെയ്യുന്നു. അല്ലെങ്കിൽ ഡോക്യുമെന്ററി സംവിധായകർക്കും അവ തുറന്നുകൊടുക്കപ്പെട്ടതാണ്. അവർ ദലിതുകളുടെ ദുരവസ്ഥയും കഷ്ടപ്പാടുകളും ക്യാമറക്ക് അകത്താക്കി മടങ്ങുന്നു.

എന്നാൽ ഇതിന് വിപരീതമായി, പൊതു എന്ന് എല്ലാവരും കരുതുന്ന ഇടങ്ങളിൽ നിന്ന് അവർ പൂർണ്ണമായി വിലക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്നു. അമ്പലങ്ങളുടെ പടികൾ ദണ്ഡിയ നൃത്തത്തിന്റെ മൈതാനങ്ങൾ എന്നുതുടങ്ങി ഇന്ത്യയിൽ വിവിധയിടങ്ങളിൽ നടക്കുന്ന സാഹിത്യോത്സവങ്ങളുടെ പരിസരങ്ങളിൽ നിന്നുപോലും അവർ വിലക്കപ്പെടുന്നു.

ജാതിയുടെ ഈ വൈരുധ്യത്തെയാണ് ചന്ദ്രശേഖർ ആസാദ് അദ്ദേഹത്തിന്റെ രാഷ്ട്രീയ മുദ്രകളിലൂടെ പൊളിച്ചുകൊണ്ടേയിരിക്കുന്നത്. അദ്ദേഹവും ഉപരിസൂചിത ദലിതുകളെ പോലെ ഠാക്കൂറുകളുടെ ഭരണത്തിന് കീഴിൽ തൊട്ടുകൂടായ്മയും വിവേചനങ്ങളും അനുഭവിച്ചയാളാണ്. ഒരു ചെറിയ വിഭാഗം ദലിതുകൾ അവരാർജ്ജിചെടുത്ത സാമൂഹിക ഉന്നമനം മൂലം കുറഞ്ഞ അളവിലെങ്കിലും സാമൂഹിക പദവികളിൽ അവരോധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മുകളിൽ സൂചിക്കപ്പെട്ട ജാതി വിഭാഗം അവരിൽ നിന്നും വ്യത്യസ്തമാണ്.

ജാമിഅ മില്ലിയ വിദ്യാർത്ഥികളോടുള്ള പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് നടത്തിയ സംഗമമാവട്ടെ, രവിദാസ് അമ്പലം പൊളിച്ചതിനോടുള്ള പ്രതിഷേധമാവട്ടെ, ഡൽഹി ജുമുഅ മസ്ജിദിൽ ഒത്തുചേർന്നുകൊണ്ടുള്ള പ്രക്ഷോഭമാവട്ടെ, ജാതിയുടെയും സ്ഥലത്തിന്റെയും ആഖ്യാനങ്ങളെ മറികടന്നുകൊണ്ട് പൊതു ഇടങ്ങളിലേക്കുള്ള ദലിത് സാന്നിധ്യം സാധ്യമാക്കുകയാണ് ചന്ദ്രശേഖർ ആസാദ്.

അദ്ദേഹം തന്റെ കാറുമായി പ്രക്ഷോഭത്തിനെത്തുന്നു. തന്റെ അനുയായികളായ, (മുഖ്യമായും ദലിതുകളും മുസ്ലിങ്ങളും) തന്നോട് സംസാരിക്കാൻ വരുന്ന എല്ലാ ഓരോരുത്തരോടും അദ്ദേഹം സംഭാഷണത്തിലേർപ്പെടുന്നു.

അമ്പലത്തിന്റെ പടിയിൽ കാൽ ചവിട്ടിയതിന് ഒരു ദലിതൻ കൊല്ലപ്പെടുന്ന ഒരു രാജ്യത്ത്, ഹാൻഡ് പമ്പിൽ കൈ വെച്ചതിന് കൈ ഛേദിക്കപ്പെടുന്ന ഒരു രാജ്യത്ത്, മീശ വെച്ചതിന് കൊല്ലപ്പെടുന്ന ഒരു രാജ്യത്ത് നിന്നുകൊണ്ടാണ് മുസ്ലിങ്ങൾ പവിത്ര സ്ഥാനമായി മനസ്സിലാക്കുന്ന ഡൽഹി ജുമുഅ മസ്ജിദിന്റെ പടിയിൽ ചവിട്ടി നിന്നുകൊണ്ട് ചന്ദ്രശേഖർ ആസാദ് പ്രതിഷേധം നയിക്കുന്നത്. അവിടെ നൂറുകണക്കിന് മുസ്ലിം-ദലിത് യുവത്വം അദ്ദേഹത്തിന് കാതോർത്ത് നിൽക്കുന്നു.

അദ്ദേഹം ജയിലിൽ നിന്നു പുറത്തുവരുന്നത് അദ്ദേഹത്തിന്റെ വാഹനത്തിന് മുകളിൽ കയറി നിന്നുകൊണ്ട്  നീല നിറമുള്ള ഒരു സ്കർഫ് ധരിച്ച് ഒരു വിപ്ലവ ചിഹ്നം ഉയർത്തികൊണ്ടാണ്. അദ്ദേഹം ഒരിക്കലും സമരത്തിൽ നിന്ന് മാറി നിൽക്കുന്നില്ല. പ്രക്ഷോഭങ്ങളിൽ അദ്ദേഹം ഉയർത്തുന്ന വിപ്ലവ ചിഹ്നങ്ങൾ ജാതീയതയുടെ പൊതു-സ്വകാര്യ ബോധങ്ങളെ എതിർത്തുനിൽക്കുന്ന സുന്ദരമായ കാഴ്ച്ചകളാണ്.

ഏറ്റവും പ്രധാനമായി, ഈ ചിഹ്നങ്ങൾ അവസാനങ്ങളല്ല, മറിച്ച് ബിജെപി ആർ എസ് എസ് ഭരണത്തിന്റെ ഇരകളായ മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള അടിച്ചമർത്തപ്പെട്ട മറ്റു വിഭാഗങ്ങളെകൂടി ചേർത്തുപിടിക്കുന്ന വിശാല ഐക്യപ്പെടൽ കൂടിയാണ്. ജാതിബോധത്തിന്റെ മെറിറ്റ്-ബോധങ്ങൾക്കപ്പുറം ആസാദ് ഉപയോഗിക്കുന്നത് അതിശയോക്തമല്ലാത്തതും രൂക്ഷവുമായ ഭാഷയാണ്. അദ്ദേഹം പറയുന്നത് കാണുക, “എന്റെ മുസ്ലിം സഹോദരന്മാരെ കൊല്ലാൻ വരുന്നത് ആരായാലും, ആദ്യത്തെ ബുള്ളെറ്റ് ഞാനായിരിക്കും ഏറ്റുവാങ്ങുക”.

ഇതൊരിക്കലും ഒരു എളുപ്പ പ്രക്രിയ ആയിരുന്നില്ല. പോലീസ് ആക്രമണത്തിന്റെ ചെറുത്തുനിൽപ്പിന്റെ മുഖമായി മാറിയ ലദീദയും ആയിഷ റെന്നയും പിന്നീട് ഐക്യദാർഢ്യത്തെ ഊട്ടി ഉറപ്പിച്ചുകൊണ്ട് ചന്ദ്രശേഖർ ആസാദിനൊപ്പം അണിനിരന്നു. ഒരുകാലത്ത് ഹിന്ദുത്വ ആശയങ്ങൾക്ക് മുന്നിൽ ഓച്ഛാനിച്ചു നിൽക്കേണ്ട അവസ്ഥ ഈ രാജ്യത്തെ ദലിതുകൾക്കും മുസ്ലിങ്ങൾക്കും ആദിവാസികൾക്കുമുണ്ടായിരുന്നു. എന്നാൽ ഇന്ന് അവർ നല്ല വസ്ത്രം ധരിച്ച് നീല ഷാളുകൾ പുതച്ച് നടുന്നിവർത്തി ഭരണഘടന കയ്യിലേന്തി ചന്ദ്രശേഖർ ആസാദിന്റെ കൂടെ നിന്ന് സമരം ചെയ്യുന്നു. ഇത് ജാതി പ്രമാണങ്ങൾക്കുള്ള തിരുത്താണ്.

പൊതു ഇടങ്ങൾ കയ്യേറിക്കൊണ്ട് ജാതിയെ നിരാകരിക്കുക എന്ന ആശയം അയ്യങ്കാളി, കാൻഷി റാം സാഹിബ്, മായാവതി, ചന്ദ്രശേഖർ ആസാദ് എന്നിവരിലൂടെ വികാസം പ്രാപിച്ച അംബേദ്കറൈറ്റ് രാഷ്ട്രീയ തന്ത്രമാണ്. ജാതി ധാർമ്മികതയുടെ പേര് പറഞ്ഞ് ഈ രാജ്യത്തെ സവർണന്മാർ കയ്യടക്കിവെച്ചിരുന്ന സ്ഥലങ്ങളും സ്ഥാനങ്ങളുമാണ് ഇവയെല്ലാം. ഇതാരംഭിക്കുന്നത് തന്മീയ ഭാവമുള്ള ഉയർന്ന ജാതി ഹിന്ദു എന്ന പ്രിവിലേജ് പേറിക്കൊണ്ടുള്ള ഗാന്ധിജിയുടെ ഹരിജനങ്ങൾക്ക് വേണ്ടിയുള്ള മുതലക്കണ്ണീരിൽ നിന്നുമാണ്, ആധുനിക ജീവിതരീതിയുടെ മുഖംമൂടിയണിഞ്ഞ ലിബറൽ  ഹിന്ദു പണ്ഡിറ്റ് നെഹ്റുവിൽ നിന്നുമാണ്, യോഗിയുടെ അങ്ങേയറ്റം നീചമായ മതഭ്രാന്തിൽ നിന്നുമാണ്, ചൂൽ കയ്യിലേന്തിയ കെജ്‌രിവാളിൽ നിന്നും കനയ്യ കുമാറിൽ നിന്നുമാണ്.

കാലത്തിന് മാത്രമാണ് ഏതു തരത്തിലുള്ള രാഷ്ട്രീയമാണ് ഇന്ത്യയിൽ രൂപപ്പെടാൻ പോകുന്നതെന്ന് നമുക്ക് കാണിച്ചുതരാൻ കഴിയൂ. എന്നിരുന്നാലും ഇന്ത്യയുടെ ജാതിവിരുദ്ധ സമര ചരിത്രത്തിൽ ഭീം ആർമിയുടെ നാമം എഴുത്തപ്പെട്ടിരിക്കുന്നു.

 

വിവർത്തനം: അഫ്സൽ ഹുസ്സൈൻ

കടപ്പാട്: ദി ന്യൂസ് മിനിറ്റ്

സുമീത് സാമോസ്