Campus Alive

മത വ്യത്യാസം മതേതര യുഗത്തില്‍: സബാ മഹ്മൂദിന്റെ പുതിയ പുസ്തകത്തെകുറിച്ച്‌

Religious Difference in a Secular Age: A Minority Report (2016) എന്ന സബാ മഹ്മൂദിന്റെ പുസ്തകത്തെ കുറിച്ച് chapatimystery വെബ് സൈറ്റ് സംഘടിപ്പിച്ച ചര്‍ച്ചക്ക്‌ ദുർബ മിത്ര എഴുതിയ ആമുഖം:

സബാ മഹ്മൂദിന്റെ ഏറ്റവും പുതിയ പുസ്തകത്തെ (Religious Difference in a Secular Age: A Minority Report , Princeton: Princeton University Press, 2016)  കുറിച്ചുള്ള  ഈ ഇന്റർ ഡിസിപ്ലിനറി ചർച്ച വ്യത്യസ്ത വായനക്കാർക്ക് വേണ്ടിയുള്ള അവരുടെ കൃതിയുടെ പ്രസക്തി വിളിച്ചോതുന്നതാണ്. ഈ ഒരു ഒത്തു ചേരൽ ഒരു വിജ്ഞാന ശാഖയുടെയും  വൃത്തത്തിൽ  ഒതുക്കാൻ കഴിയാത്ത  മഹ്മൂദിന്റെ  പാണ്ഡിത്യത്തിന്റെ വ്യാപ്തിയും ആഴവും ചർച്ച ചെയ്യാൻ വേണ്ടിയുള്ളതായിരുന്നു. അവരുടെ ചിന്തകളെല്ലാം തന്നെ ഒരുപാട് ധൈഷണിക സംവാദങ്ങൾക്കും രാജ്യാന്തര സ്വീകാര്യതക്കും പാത്രമായവയാണ്. maxresdefaultഈ ഒരു പുസ്തകം round table  ചർച്ചക്കെടുക്കുന്നതിലൂടെ  മതേതരത്വത്തെയും, നിയമത്തെയും ലിംഗാധികാരത്തെയും കുറിച്ചു നിലവിലുള്ള സംവാദങ്ങളെ മത വൈജാത്യങ്ങളിലേക്ക് കടത്തി  വിടാനും  മഹ്മൂദിന്റെ വിശാല  ചിന്താ ലോകത്തിന്റെ പശ്ചാത്തലത്തിൽ ഈ പുസ്തകത്തെ സമീപിക്കാനുമാണ് ഞാൻ ഉദ്ദേശിക്കുന്നത്.

“മതം എന്ന അടിസ്ഥാന ബിന്ദുവിൽ നിന്ന് ഉരുവം കൊണ്ടതല്ല മതേതരത്വം. നിർണിത ധാർമിക രാഷ്ട്രീയ വൈജ്ഞാനിക പിന്തുടർച്ചകളുടെ ചരിത്ര  നിർമിതിയാണത് ” Religious Difference in a Secular Age ന്റെ ആമുഖത്തിൽ സബ മഹമൂദ് വാദിക്കുന്നു. The Politics of Piety (2005) എന്ന അവരുടെ ആദ്യ പുസ്‌തകത്തിലും, ധാരാളം ഉദ്ധരിക്കപ്പെട്ട  May 2001 ലെ സാംസ്കാരിക നരവംശ ശാസ്ത്ര ലേഖനം, “Feminist Theory, Embodiment, and the Docile Agent,” ത്തിലും  മഹ്മൂദ് മുസ്‌ലിം സ്ത്രീയുടെ കർതൃത്വത്തെ ലഘൂകരിക്കുന്ന തരത്തിലുള്ള പഠനങ്ങളെ വിമർശിക്കുന്നത് കാണാം. കൊളോണിയലാനന്തര ഈജിപ്തിന്റെ സാഹചര്യത്തിൽ അവിടുത്തെ സ്ത്രീ  ജീവിതങ്ങളെ മനസ്സിലാക്കുന്നതിൽ ഫെമിനിസ്റ്റ്  ആഖ്യാനങ്ങൾ അപര്യാപ്തമാണെന്നും അവർ വാദിക്കുന്നു.

ഫെമിനിസ്റ്റ് സിദ്ധാന്തത്തെ അലട്ടുന്ന ‘സംസ്കാരം’ എന്ന പ്രശ്നത്തെ മഹമൂദ് പ്രകോപനപരമായി തന്നെ നേരിടുന്നു. കർതൃത്വ പദവികളുടെയും  മുന്നേറ്റങ്ങളുടെയും പൂർത്തീകരണമാവാൻ കെൽപ്പുള്ളതും തൃഷ്ണയെയും സ്വത്വ നിർമിതിയെയും മുഖവിലയ്ക്ക് എടുക്കുന്നതുk10580മായ ഒരു ഫെമിനിസ്റ്റ് രീതിശാസ്ത്രത്തിനു വേണ്ടിയാണ് അവർ വാദിക്കുന്നത്. അതിലൂടെ ദേശാതിവർത്തിയാണെന്ന് പറയപ്പെടുന്ന ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ സദാചാര സങ്കൽപ്പങ്ങൾക്ക് നിരന്തരമായ എതിർപ്പും സൃഷ്ടിക്കാൻ അവർക്ക് കഴിയുന്നു. തീവ്ര മതേതര ഫെമിനിസത്തിന്റെ ലിബറൽ വിമോചനാത്മക വാഗ്ദാനങ്ങൾക്ക് വിരുദ്ധമായിട്ടുള്ള ഒരു ഫെമിനിസ്റ്റ് ആശയം ആണ് അവർ മുന്നോട്ടു വെക്കുന്നത്. തീവ്രവാദത്തിനെതിരായുള്ള യുദ്ധം (war on terror) 2001 ൽ ഉയർന്നു വരുന്ന നിർണായക ഘട്ടത്തിൽ ആണ് മഹ്മൂദ് ഈ വാദഗതികൾ മുന്നോട്ടു വെക്കുന്നത്. മതാത്മകതയാണ് സ്ത്രീ സ്വാതന്ത്ര്യത്തിനും ദേശ വിമോചനത്തിനും വിലങ്ങു തടിയാകുന്നത് എന്നവകാശപ്പെടുന്ന മതേതര ഭാഷ സമർത്ഥമായി ഉപയോഗിച്ചാണ് മേൽപ്പറഞ്ഞ യുദ്ധം നടപ്പിൽ വന്നത് എന്ന് കൂടി ഇതിനോട് ചേർത്തു വായിക്കേണ്ടതാണ് (അഫ്ഘാനിസ്താനാണ് ഇതിന് നല്ല ഉദാഹരണം)

മഹ്മൂദിന്റെ നിരൂപണാത്മക നിരീക്ഷണം ആയിരുന്നു ഈ  ചരിത്ര സന്ധിയിൽ- ലിബറൽ, ഇടതു വ്യവഹാരങ്ങൾക്കും  അതേ പോലെ അത്തരം സിദ്ധാന്തങ്ങൾ മുന്നോട്ടു വച്ച സങ്കീർണതകൾക്കും –  ‘ആചാരങ്ങൾ’,  ‘കർതൃത്വം’, ‘സ്വാതന്ത്ര്യം’ പോലുള്ള സമകാലിക ലോകത്തെ കാമ്പുള്ള ആശയങ്ങളെ വായിക്കാനും അവയോട് സംവദിക്കാനും വിജ്ഞാനശാഖകളുടെ പരിധിക്കപ്പുറം നിന്ന് കൊണ്ട് നോക്കിക്കാണാനും ചിന്തകന്മാരെയും പണ്ഡിതന്മാരെയും  നിർബന്ധിതരാക്കിയത്. Piety  (ദൈവഭക്തി) എന്ന  മൂർത്തമായ ഒരു ആശയത്തിന്റെ സൈദ്ധാന്തിക ശേഷിയെ കുറിച്ച് അവർ ഊന്നിപ്പറയുന്നത് കാണാം. നരവംശശാസത്രം മുതൽ ജെൻഡർ, ക്വീർ പഠനം വരെ പല പാഠ്യ പദ്ധതിയുടെയും അവിഭാജ്യ ഘടകം ആണ് ഇന്ന് piety എന്ന ആശയം. ലിബറലിതര കർതൃത്വ  വിഷയികളെ കുറിച്ച് പണ്ഡിതന്മാർ സിദ്ധാന്തവൽക്കരണം തുടരുമ്പോൾ,  ഒന്നര പതിറ്റാണ്ട് മുന്നേ വന്ന മഹ്മൂദിന്റെ   2001 ലെ സുപ്രധാന ലേഖനത്തിൽ അവതരിപ്പിച്ച ചോദ്യങ്ങൾ   മഹ്മൂദിന്റെ ഏറ്റവും പുതിയ പുസ്തകത്തിലെ പ്രധാന ചോദ്യവുമായി പുനരാഖ്യാനം നടത്താൻ സാധ്യതയുണ്ട്.  ഫെമിനിസം ഉയർന്നു വന്ന ‘സ്വാഭാവിക അടിത്തറയല്ല’ മതേതരത്വം എന്നാകിൽ അതിനെ ഏത് രീതിയിൽ നിങ്ങൾ നോക്കി കാണും?

സ്ത്രീ, ജെൻഡർ, ലൈംഗികത്വം (sexuality) എന്നിവയെക്കുറിച്ച് പഠിക്കുന്ന പണ്ഡിതന്മാർക്ക് മഹ്മൂദിന്റെ പുതിയ പുസ്തകം, ആധുനിക ലോകത്താകമാനം നിയമ, ലൈംഗികാധികാര, സാമൂഹിക ലിംഗ ഭേദങ്ങളെ നിർണയിച്ചിരുന്ന സിദ്ധാന്തങ്ങളും അവയെ  കുറിച്ചുള്ള താരതമ്യ ചരിത്രവും പകർന്നു നൽകുന്നുണ്ട്.  കൊളോണിയലാനന്തര ഇന്ത്യൻ സാഹചര്യത്തിൽ, ഇന്ത്യയിലെ സാമൂഹിക വ്യവസ്ഥിതിയെയും, കുടുംബം, സമ്പത്ത്, തുടങ്ങിയവയെയും  നിയന്ത്രിക്കുന്ന നിലവിലുള്ള സിവിൽ നിയമങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള സംവാദങ്ങൾക്ക്  കൃത്യമായ ഉൾക്കാഴ്ച മഹ്മൂദിന്റെ പഠനങ്ങൾ നൽകുന്നുണ്ട്. ഉദാഹരണത്തിന്, ഈയിടെ തീർപ്പ് കൽപ്പിക്കപ്പെട്ട  മുത്വലാഖ് വിഷയത്തിൽ, അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് വാദിച്ചത് മുതലാഖിന്റെ നിയമ സാധുതയെ ചോദ്യം ചെയ്യുന്നതിന് എതിരായിട്ടാണ്. (ഭർത്താവിൻറെ മുൻകൈയിൽ ഭാര്യയെ മൂന്ന് വട്ടം ഒറ്റയടിക്ക് ത്വലാഖ്‌ ചൊല്ലുന്നു എന്ന് ഉറക്കെ പറയുന്ന മുസ്‌ലിം വിവാഹ മോചനമാണ്‌ മുത്വലാഖ് ) നിയമത്തിനു മുന്നിൽ എല്ലാവർക്കും തുല്യ സംരക്ഷണം  എന്ന ഭരണ ഘടന അനുശാസനത്തിന് വിരുദ്ധമാണെന്ന വാദത്തിന് എതിരെ ആയിരുന്നു വ്യക്തി നിയമ ബോർഡ് നിലകൊണ്ടത്.  രാഷ്ട്രീയ ഭേദമില്ലാതെ രാജ്യത്താകമാനം ഉള്ള ജനങ്ങൾ മുത്വലാഖിനു എതിരായുള്ള വിധിയെ സ്വാഗതം ചെയ്യുകയും ഒരു വലിയ വിജയമായി കണക്കാക്കുകയും ചെയ്തു. എന്നിരുന്നാലും, വിധിന്യായത്തിലെ രണ്ടു ഭൂരിപക്ഷ അഭിപ്രായവും, അതിൽ തന്നെ അതിനെതിരെയുള്ള  ഒരു ന്യൂനപക്ഷ  അഭിപ്രായവും വിശകലന വിധേയമാക്കേണ്ടതുണ്ട്. മുത്തലാഖ് സുന്നി ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകം ആണെന്നുള്ള വാദം ആണ് മുൻചൊന്ന ന്യൂനപക്ഷത്തിൽ നിന്ന് വന്നത്. ഇതാവട്ടെ,  വൈരുധ്യാത്മക രൂപത്തിൽ നിലനിൽക്കുന്ന നിയമ യുക്തികളുടെ തുടർച്ചയെയാണ് ചൂണ്ടി കാട്ടുന്നത്. മതേതര  കാഴ്ചപ്പാടിലെ സമത്വത്തിനും, അവകാശത്തിനും  എതിർ വശത്തായി  മതത്തെ പ്രതിഷ്ഠിക്കുന്നവയാണ് ഈ യുക്തികളിൽ പലതും.  മുത്തലാഖ് വിധിയിലെ നിർണായക വോട്ട് ആയിരുന്ന ജസ്റ്റിസ് കുര്യൻ ജോസഫ് ഒറ്റയടിക്കുള്ള ത്വലാഖേ-ബിദ്അത്ത് ശരീഅത്തിന് വിരുദ്ധമാണെന്നു വാദിക്കുക വഴി  ശരീഅത്തിനെയും മതേതര രാഷ്ട്ര സങ്കല്പത്തെയും വ്യത്യസ്ത ധ്രുവങ്ങളിൽ നിർത്തുന്നതിനെ പ്രശ്ന സങ്കീർണ്ണമാക്കുകയും ചെയ്തു.

മഹ്മൂദിന്റെ ചിന്തകൾക്ക് അനുസൃതമായി വ്യാവഹാരിക നിയമങ്ങളുടെയും വ്യക്തി നിയമങ്ങളുടെയും ചരിത്രപരവും ജ്ഞാനശാസ്ത്രപരവുമായ  നിയാമക ഘടകങ്ങളുമായി സംവേദനം നടത്തുക മാത്രമല്ല പണ്ഡിതന്മാർ ചെയ്യേണ്ടത്.  മതേതര നിയമത്തിന്റെ  രാഷ്ട്രീയ വൽക്കരണത്തിനും ഭരണഘടനക്കും അത്യാവശ്യം വേണ്ടത്  ബഹിഷ്കരണത്തിൽ അധിഷ്ഠിതമായ ഭൂരിപക്ഷ കേന്ദ്രീകൃത ചിന്താധാരകളാണെന്ന കാഴ്ചപ്പാടിനെയും  അവർ മനസിലാക്കേണ്ടതുണ്ട്. വ്യക്തി നിയമങ്ങൾക്ക് നേർക്കുനേർ ഏകീകൃത സിവിൽ കോഡ് നിൽക്കുന്ന സംവാദങ്ങളിൽ ഉപയുക്തമാവുന്നതാണ്  മഹ്മൂദിന്റെ കൃതി.  കാലഹരണപ്പെട്ട ഇസ്‌ലാമിക പാരമ്പര്യത്തെ പരിഷ്കരിക്കാൻ എന്ന വ്യാജേന മോഡി ഗവണ്‍മെന്റ്‌ മതേതര നിയമ വശങ്ങളെ കൂട്ട് പിടിക്കുന്നതിനെതിരെയും മഹ്മൂദിന്റെ ചിന്തകൾ ഉപയോഗിക്കാവുന്നവയാണ്. മഹ്മൂദിന്റെ പുസ്തകം വിശദമാക്കുന്നത് പോലെ, ന്യൂനപക്ഷങ്ങളുടെ സാമൂഹിക ജീവിതത്തെ നിരന്തരം നിയമ നിർണയം നടത്തുന്നതിലൂടെ അവരുടെ വിമോചനമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന പലപ്പോഴും ഹിംസാത്മകമായി പ്രവർത്തിക്കുന്ന ന്യൂനപക്ഷ വിരുദ്ധ ഗ്രൂപ്പുകളുടെ അവകാശ വാദത്തിനു വളമാവുന്നത് ഇത് പോലുള്ള മതേതര നിയമങ്ങളാണ്. മതത്തിനകത്ത് തന്നെ നടക്കുന്ന പരിഷ്കരണങ്ങളെയും ആവിഷ്കാരങ്ങളെയും കണ്ടില്ലെന്ന് നടിച്ചാണ് മുസ്‌ലിം സ്ത്രീയുടെ അവകാശ സംരക്ഷണത്തിന് ഭൂരിപക്ഷ വിഭാഗങ്ങൾ മതേതര നിയമത്തിന്റെ കപട മുഖവും പേറി ഇറങ്ങി തിരിക്കുന്നത്. എങ്ങനെയാണ് മറ്റു നിയമ സംവിധാനങ്ങളിലൂടെയും  നിലവിലുള്ള നിയമ വ്യവസ്ഥയെ സൂക്ഷ്മാർത്ഥത്തിൽ അപഗ്രഥിച്ചതിലൂടെയും മുസ്‌ലിം സ്ത്രീ അവളുടെ അവകാശങ്ങൾ നേടിയെടുത്തിട്ടുള്ളത്.

മഹ്മൂദിന്റെ പല പഠനങ്ങൾക്കും വ്യക്തി നിയമങ്ങൾ എത്രമാത്രം ഫലപ്രദം ആണെന്നതിനെ കുറിച്ചുള്ള സ്ത്രീകളുടെ വൈരുദ്ധ്യാത്മക  പ്രതികരണങ്ങൾ  സിദ്ധാന്തവത്കരിക്കുന്നതിൽ വലിയ പങ്ക് വഹിക്കാൻ കഴിയും. കോടതിക്കുള്ളിൽ മാത്രമല്ല,  സമുദായത്തിന്റെയും രാഷ്ട്രത്തിന്റെയും അധികാര പരിധിക്കുള്ളിൽ വരുന്ന വ്യക്തി നിയമങ്ങളുമായുള്ള ദൈനംദിന ഇടപെടലിൽ രൂപപ്പെടുന്ന സ്ത്രീകളുടെ കർതൃത്വത്തെ ചൂഴ്ന്നു നിൽക്കുന്ന നിയമങ്ങളെ കുറിച്ച് ചിന്തിക്കാനും ഇത് സഹായകമാണ്.  മതേതരത്വത്തെ പലപ്പോഴായി ന്യൂനപക്ഷ സാമൂഹികതക്ക്  മേൽ അധികാരം ഉറപ്പാക്കാനുള്ള മർദക ഉപകരണമായി തീവ്ര ഭൂരിപക്ഷ ഗ്രൂപ്പുകൾ ഉപയോഗിക്കുമ്പോൾ, മതേതരത്വത്തിൽ ഊന്നിയുള്ള ഒരു ഏകീകൃത സിവിൽ കോഡിന്റെ പരിമിതികൾ എന്തെല്ലാം ആയിരിക്കും? മഹ്മൂദിന്റെ ചിന്താ പദ്ധതി ഈയൊരു ചോദ്യത്തിന് മുകളിലാണ് പടുത്തുയർത്തപ്പെട്ടിട്ടുള്ളത്.

മഹമൂദ് അവരുടെ പുസ്‌തകത്തിൽ ഭൂമിശാസ്ത്ര പരിധികൾക്കപ്പുറം ഫെമിനിസ്റ്റ്, ക്വീർ പണ്ഡിതന്മാരുടെ പുതിയൊരു തലമുറക്ക് പ്രശ്നവൽക്കരിക്കാൻ പാകത്തിൽ ഒരുപാട് ആശയങ്ങൾ പ്രതിപാദിക്കുന്നുണ്ട്.   എങ്ങനെയാണ് നമ്മുടെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളെ ക്രമീകരിക്കുന്ന രാഷ്ട്രീയ മതേതരത്വത്തിന്റെയും മതത്തിന്റെയും  ദ്വന്ദ നിർമിതിയിലൂടെ ഫെമിനിസ്റ്റ് ക്വീർ ചിന്താധാരകളുടെ അടിസ്ഥാനമായ  പൊതു-സ്വകാര്യ വിഭജനങ്ങളെയും നാം മനസിലാക്കേണ്ടത്? ഈ പുസ്തകത്തിൽ, സ്വകാര്യ പരിസരങ്ങളെ ഭൂരിപക്ഷാധിഷ്ഠിത മതേതരത്വം ഏത് അളവിൽ സ്വാധീനിക്കുന്നു എന്ന് മനസിലാക്കാനും ശ്രമിക്കുന്നുണ്ട്. വ്യക്‌തിഗതവും, സാമൂഹികവും, ലൈംഗികവും എന്ന വേർതിരിവോടെ മതത്തെ മാറ്റി നിർത്തുക മാത്രമല്ല സാമൂഹികതയുടെ വിമോചനാത്മകയെ അളന്ന് തിട്ടപ്പെടുത്താനും നിയന്ത്രിക്കാനും ഈ ഭൂരിപക്ഷ മതേതരത്വം ശ്രദ്ധ ചെലുത്താറുണ്ട്. സ്വാതന്ത്ര്യത്തെ കുറിച്ചുള്ള മതേതരത്വത്തിന്റെ അവകാശവാദവും അതേ പോലെ തന്നെ അതിനു കല്പ്പിച്ചു കൊടുത്തിട്ടുള്ള  നിയന്ത്രണാധികാരവും പരസപര ബന്ധിതമാണെന്നാണ് മഹമൂദിന്റെ പക്ഷം.

വ്യക്തിഗതത്തെയും പൊതുവിലുള്ളതിനെയും ഏത് സാഹചര്യത്തിൽ സിദ്ധാന്ത വൽക്കരിച്ചാലും— അത് പോസ്റ്റ്‌ കൊളോണിയൽ കാലത്തിലെ ആചാര ബന്ധിത നിയമങ്ങളുടെ സ്വാധീനത്തെ കുറിച്ചായാലും, മതേതരം എന്ന് കരുതപ്പെടുന്ന അമേരിക്കൻ യൂറോപ്യൻ സാമൂഹികക്രമത്തെ കുറിച്ചായാലും — പൊതു/വ്യക്തി വിഭജനത്തെ നിർവചിക്കുന്ന ഭൂരിപക്ഷാധിഷ്ഠിത മതേതരത്വത്തിന്റെ രീതികളുമായി നിർബന്ധമായും ഇടപെടേണ്ട അവസ്ഥയുണ്ട്. മഹമൂദ് വിശദീകരിക്കുന്നത് പോലെ, മതേതരത്വം ഭൂരിപക്ഷത്തിന്റെ ആശയങ്ങളെ ഉദാത്തവൽക്കരിക്കുകയും അവയെ രാഷ്ട്രീയ വ്യവസ്ഥയായി ചിത്രീകരിക്കുക മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ട ഒരു ചെറു വിഭാഗത്തിന് വിശുദ്ധ പദവി കൽപ്പിക്കുകയും ചെയ്യുന്നുണ്ട്. അവർക്കായിരിക്കും ‘അപര’ സാമൂഹികതയെ ചരിത്ര ഘടനയിൽ എവിടെ നില നിർത്തണം എന്ന്  പരിശോധിക്കാനും വിധിക്കാനും തദനുസാരം   തീരുമാനിക്കാനുള്ള അധികാരം. മതേതരത്വത്തെ നിരൂപണ വിധേയം ആക്കുക എന്നാൽ അതിനെ തള്ളിക്കളയുകയല്ല എന്ന് മഹമൂദ് വ്യക്തമാക്കുന്നു. “നിഷ്കളങ്ക അസ്തിത്വം” എന്ന അതിന്റെ രൂപത്തിനെ പുറത്തു കൊണ്ട് വരിക എന്നത് കൂടി ആണതിന്റെ ലക്ഷ്യം എന്നവർ പറയുന്നു. അതിലൂടെ മാത്രമേ ആധുനിക ലോകത്തെ മത വൈജാത്യങ്ങളോട് യഥാവിധി ഇടപെടാൻ കഴിയൂ എന്നും അവർ ഉറപ്പിച്ചു പറയുന്നു.

1994 ലെ ‘ഇസ്‌ലാമിസവും മതമൗലികവാദവും’ എന്ന പഠനത്തില്‍, അക്കാലത്തു സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ ബിരുദ വിദ്യാര്‍ത്ഥി ആയിരുന്ന മഹമൂദ് മഹാ ഭൂരിപക്ഷം വരുന്ന ആളുകളുടെ വിശ്വാസ ആചാരങ്ങളെ മതമൗലിക വാദം എന്ന ഒറ്റ അച്ചിലേക്ക് ചുരുക്കാന്‍ ശ്രമിക്കുന്ന മതേതരത്വത്തെ ‘ഒരു സാര്‍വലൗകിക മാതൃക എന്ന അര്‍ത്ഥത്തില്‍ സമകാലിക അക്കാദമിക ലോകത്തു വളരെ കുറച്ചു മാത്രമേ പ്രശ്‌നവല്‍ക്കരിക്കപെട്ടിട്ടുള്ളു’ എന്ന് നിരീക്ഷിക്കുന്നുണ്ട്. മഹ്മൂദിന്റെ പാണ്ഡിത്യത്തിന്റെ ഒരു ഉത്തമ ഉദാഹരണമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. ഒരു വ്യവസ്ഥാപിത വിശ്വാസത്തിന്റെ പുറത്തു നിർമിക്കപ്പെട്ടിട്ടുള്ള മതേതരത്വം എങ്ങനെയാണ് വിമോചന വാഗ്ദാനങ്ങൾ ഉയർത്തിക്കൊണ്ടു വന്നിട്ടുള്ളതെന്ന് അവർ നിരന്തരം അന്വേഷണ വിധേയമാക്കിയിട്ടുണ്ട്. വ്യക്തമായ അർത്ഥത്തിൽ മതേതരത്വം പരാജയപ്പെട്ടതിന്റെ ഉദാഹരണങ്ങൾ (യൂറോപ്പിലെയും അമേരിക്കയിലെയും പോലെ ) ഉണ്ടെങ്കിലും അതിനെ അതിന്റെ തനത് രൂപത്തിൽ നൈതികവും  നിഷ്പക്ഷവുമായാണ് വിലയിരുത്താറുള്ളത്. അവരുടെ പഠനത്തിൽ അവർ  സ്പഷ്ടമാക്കുന്നത്  പോലെ “വലിയൊരു വിഭാഗം ജനത്തിന് ആധുനികതയുടെ അനുഭവലോകം ഒരിക്കൽ പോലും സഹിഷ്ണുതയുടേതോ, മര്യാദയുടേതോ യുക്തിയുടേതോ ആയിരുന്നില്ല”. ഇത്തരം നിരീക്ഷണങ്ങളാണ് -മതേതരത്വത്തിനു അകമേ തന്നെ അതിനെ അപനിർമിക്കുന്ന വൈരുധ്യങ്ങൾ നിറഞ്ഞ- ജ്ഞാന ഘടനയെ ഉല്ലംഘിക്കുന്നതും, അതിൽ അധിവസിക്കുന്നതുമായ വ്യവസ്ഥിതികളെ കുറിച്ച് പുതിയ ചോദ്യങ്ങൾ ഉയർത്താൻ നമ്മെ പ്രേരിപ്പിക്കുന്നത്.

ദുര്‍ബ മിത്ര