Campus Alive

മുസ്‌ലിം ഒരു നൈതിക ചോദ്യമാണ്: നജ്‌ല സൈദിന്റെ പുസ്തകത്തെക്കുറിച്ച്‌

ഫ്രാന്‍സ് ഫനോന്‍ തന്റെ Black Skin, White Masks എന്ന പുസ്തകത്തില്‍ ജീന്‍ വീനസ് എന്ന കറുത്ത വര്‍ഗക്കാരനായ ഫ്രഞ്ച് കവിയെക്കുറിച്ച് ഒരു സംഭവം വിവരിക്കുന്നുണ്ട്. ജീന്‍ വീനസ് ഒരുപാട് വര്‍ഷങ്ങളായി ഫ്രാന്‍സില്‍ ജീവിക്കുകയാണ്. തന്റെ ജന്മനാട്ടില്‍ അദ്ദേഹത്തിന് ബന്ധുക്കളോ കുടുംബക്കാരോ ഒന്നുമില്ല. തന്റെ ജീവിതത്തിന്റെ ഒരുപാട് വര്‍ഷങ്ങള്‍ അദ്ദേഹം ജീവിച്ചത് ഫ്രാന്‍സിലാണ്. താന്‍ ഒരു ഫ്രഞ്ചുകാരനാണ് എന്നാണ് അദ്ദേഹം സ്വയം മനസ്സിലാക്കിയിരുന്നത്. പക്ഷെ അദ്ദേഹത്തെ മറ്റ് ഫ്രഞ്ചുകാര്‍ നീഗ്രോ ആയിട്ടാണ് കണ്ടിരുന്നത്. ഒരു യൂറോപ്യന്‍ ആയി അദ്ദേഹത്തെ അവര്‍ അംഗീകരിച്ചിരുന്നില്ല . ഒരുപാട് വര്‍ഷങ്ങള്‍ ഫ്രാന്‍സില്‍ ജീവിച്ചിട്ടും താന്‍ ഒരു യൂറോപ്യനാണ് എന്ന് പറയാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. ഈയൊരു സന്ദര്‍ഭത്തില്‍ ഫനോന്‍ നമ്മോട് ചോദിക്കുന്നു, ഒരു കറുത്ത വര്‍ഗക്കാരന് യൂറോപ്യന്‍ ആകാന്‍ കഴിയുമോ? യൂറോപ്പ് കറുപ്പിനെയും നീഗ്രോയെയുമെല്ലാം അപരമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത് എന്നും ഫനോന്‍ കൂട്ടിച്ചേര്‍ക്കുന്നു .

ജീന്‍ വീനസിന്റെ അനുഭവത്തോട് സമാനമല്ലെങ്കിലും വ്യത്യസ്തമായ ഒരനുഭവം തന്നെയാണ് നജ്‌ല
സൈദിനുമുള്ളത് .അമേരിക്കന്‍ പൗരത്വമുള്ള ഒരാളായി ജനിക്കുമ്പോഴും മറ്റ് അമേരിക്കക്കാരെ പോലെയല്ല താന്‍ എന്ന് നജ്‌ല തിരിച്ചറിയുന്നുണ്ട് .അവളുടെ സുഹൃത്തുക്കളും അവളെ അങ്ങനെയാണ് കാണുന്നത്. തന്റെ അറബ് സ്വത്വം അവളെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു.

najla_said

എഡ്വേര്‍ഡ് സൈദിന്റെ മകള്‍ നജ്‌ല സൈദിന്റെ ആത്മകഥയാണ് Looking for Palestine: Growing Up Confused in an Arab-American Family. അമേരിക്കയില്‍ ജീവിക്കുന്ന ഒരു പാലസ്തീനിയന്‍ – ലബനാനിയാണ് അവര്‍. താന്‍ അനുഭവിക്കുന്ന സ്വതസംഘര്‍ഷങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട് അവര്‍. അതിസങ്കീര്‍ണമായ ഒന്നാണ് സാംസ്‌കാരിക സ്വത്വ സംഘര്‍ഷങ്ങള്‍. ജന്മസ്ഥലത്ത് വേറെയൊരിടത്തേക്ക് കുടിയേറുകയും അവിടം സ്ഥിരതാമസമാകുകയും ചെയ്യുമ്പോള്‍ ഇത്തരം സ്വത്വപ്രതിസന്ധികള്‍ ‘കുടിയേറ്റക്കാര്‍ ‘ അനുഭവിക്കാറുണ്ട് .ഒന്നിലധികം സാംസ്‌കാരിക സ്വതങ്ങള്‍ ഉണ്ടെങ്കില്‍ ഇത് കൂടുതല്‍ സങ്കീര്‍ണമാവുകയാണ് ചെയ്യുക. നജ്‌ല സൈദ് ഒരു പാലസ്തീനിയന്‍ ലബനീസ് അമേരിക്കക്കാരിയാണ്. എന്നാല്‍ അവരുടെ അറബ് ഐഡന്റിറ്റി വ്യത്യസ്തമാണ്. ഒരു ക്രിസ്ത്യാനിയാണ് അവര്‍.

പ്രമുഖ ഫ്രഞ്ച് ഫിലോസഫര്‍ ഴാക് ദെറിദ അള്‍ജീരിയന്‍ മുസ്‌ലിം ചിന്തകനായ മുസ്തഫ കമാലുമായി നടത്തിയ ദീര്‍ഘ സംഭാക്ഷണമാണ് Islam and the West: A Conversation with Jacques Derrida എന്ന കൃതി. അള്‍ജീരിയയില്‍ ഒരു ജൂത കുടുംബത്തില്‍ ജനിച്ച് പിന്നീട് ഫ്രാന്‍സിലേക്ക് കുടിയേറിയ ദെറിദ തന്റെ അള്‍ജീരിയന്‍ ഐഡന്റിറ്റിയെക്കുറിച്ച് പറയുന്നത് ഇവിടെ സ്മരണീയമാണ്. ‘അള്‍ജീരിയയോടുള്ള ദെറിദയുടെ സ്‌നേഹവും പ്രതീക്ഷയുമെല്ലാം ഒരു ദേശരാഷ്ട്രത്തിലെ പൗരന്റെ ദേശാഭിമാന ബന്ധിതമായ ഒരു വികാരമായിരുന്നില്ല . 1994 ല്‍ അള്‍ജീരിയ വലിയ ആക്രമണങ്ങളിലൂടെ കടന്നു പോയികൊണ്ടിരിക്കെ അള്‍ജീരിയന്‍ ബുദ്ധിജീവികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ദെറിദ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറയുന്നു: ‘പൗരത്വമില്ലാത്ത ഒരുവന് രാജ്യത്തോടുള്ള അടുപ്പം കൂടുതല്‍ ശക്തമാണ്. അതിന് ഹൃദയത്തെയും മനസ്സിനേയും ഒരു രാഷ്ട്രീയ നിലപാടെടുക്കുന്ന പ്രവര്‍ത്തിയെയും ഒറ്റ നൂലില്‍ കെട്ടാനാകും ‘.(1 )

s

നജ്‌ല സൈദിന്റെയും എഡ്വേഡ് സൈദിന്റെയും പാലസ്തീനിയന്‍ എന്ന ഐഡന്റിറ്റി പൗരത്വം എന്ന ഭാരമില്ലാത്ത ഒന്നാണ്. പാലസ്തീനിനോടുള്ള അവരുടെ സ്‌നേഹവും പ്രതീക്ഷയുമെല്ലാം ദേശരാഷ്ട്രത്തിലെ പൗരന്‍ എന്ന നിലയില്‍ അല്ല. മറിച്ച്, അത്തരം ഭാവനകളെ മറികടക്കുന്ന ഒന്നായാണ് മനസ്സിലാക്കേണ്ടത് .

*****************************************************
പാലസ്തീനിയന്‍ ചിന്തകനും പോസ്റ്റ് കൊളോണിയല്‍ പണ്ഡിതനുമായ എഡ്വേര്‍ഡ് സൈദിന്റെയും ലബനാനില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ മറിയം .സി . സൈദിന്റെയും മകളായി ന്യൂയോര്‍ക്കിലാണ് നജ്‌ല സൈദ് ജനിക്കുന്നത്. തന്റെ സാംസ്‌കാരിക സ്വത്വത്തെ കുറിച്ച് സന്ദേഹിയാണ് നജ്‌ല. തന്റെ സാംസ്‌കാരിക സ്വത്വത്തെ കുറിച്ചുള്ള സന്ദേഹങ്ങളും അതന്വേഷിക്കുന്നതിനിടയില്‍ അവര്‍ അനുഭവിച്ച ചില പ്രതിസന്ധികളുമാണ്  ആത്മ കഥയിലൂടെ അവര്‍ പങ്കുവെക്കുന്നത് .

പുസ്തകത്തിന്റെ ആദ്യ ഭാഗം നജ്‌ലയുടെ ചാപ്പിനിലെ പ്രൈവറ്റ് ഗേള്‍സ് സ്‌കൂള്‍ കാലഘട്ടത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. തന്റെ സ്‌കൂളിലെയും വീട്ടിലെയും അന്തരീക്ഷം തീര്‍ത്തും വ്യത്യസ്തമായാണ് നജ്‌ല മനസിലാക്കിയിരുന്നത്. ശരീര രൂപത്തില്‍ തന്നെ താന്‍ മറ്റ് അമേരിക്കക്കാരില്‍ നിന്ന് വിത്യസ്തമാണ് എന്നവര്‍ തിരിച്ചറിയുന്നുണ്ട്. നജ്‌ലയുടെ കൗമാര പ്രായത്തില്‍ അവര്‍ ന്യൂയോര്‍ക്കില്‍ അക്കാലത്ത് അക്കാദമികമായും ഭൗതികമായും ആധിപത്യം ഉണ്ടായിരുന്ന യിദിഷ് കള്‍ച്ചറിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട് . സ്‌കൂളില്‍ നജ്‌ലയുടെ ഉറ്റ സുഹൃത്ത് ഒരു ജൂതയായിരുന്നു. ഒരിക്കല്‍ നജ്‌ല ആ സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ച വേളയില്‍ സുഹൃത്തിന്റെ മാതാപിതാക്കള്‍ നജ്‌ലയോട് നിന്റെ പേരന്റ്‌സ് ഏത് രാജ്യക്കാരാണ് എന്ന് ചോദിക്കുമ്പോള്‍ നജ്‌ല അറിയില്ല എന്നാണ് ഉത്തരം പറയുന്നത്. തന്റെ പേരന്റ്‌സ് എവിടെ നിന്നാണ് എന്നവള്‍ക്കറിയാം. എന്നാല്‍ അവര്‍ ലബനാനില്‍ നിന്നും പലസ്തീനില്‍ നിന്നുമാണ് എന്നറിഞ്ഞാല്‍ ഇസ്രായേലിലേക്ക് പോകണമെനാഗ്രഹിക്കുന്ന സുഹൃത്തിന്റെ മാതാപിതാക്കള്‍ തന്നെ വെറുക്കുമോ എന്നായിരുന്നു നജ്‌ലയുടെ ആധി. ഈ സംഭവം നജ്‌ലയുടെ അമ്മയോട് സുഹൃത്തിന്റെ അമ്മ ചോദിക്കുന്നുണ്ട്. അപ്പോള്‍ അവര്‍ പറഞ്ഞത് തങ്ങള്‍ പലസ്തീനില്‍ നിന്നും ലബനാനില്‍ നിന്നുമാണ് എന്നാണ് . ഈ സംഭവത്തിനു ശേഷം മറിയം സൈദ് നജ്‌ലയോട് ഇങ്ങനെ പരിതപിക്കുന്നുണ്ട്. ‘ഒരു അറബ് സ്വത്വവുമായി അമേരിക്കയില്‍ ജീവിക്കുകയെന്നത് വളരെ പ്രയാസകരമാണ്’.

തങ്ങളുടെ സാംസ്‌കാരിക സ്വത്വം മറച്ചു വെക്കരുത് എന്ന നിലപാടുള്ളവരായിരുന്നു നജ്‌ലയുടെ മാതാപിതാക്കളും സഹോദരന്‍ വാദി സൈദും. എന്നാല്‍ കൗമാരത്തില്‍ തന്റെ ഐഡന്റിറ്റിയെ കുറെയൊക്കെ മറച്ചുവെക്കാനാണ് നജ്‌ല ശ്രമിക്കുന്നത്. ആ പ്രായത്തില്‍ ചില മാനസിക സംഘര്‍ഷങ്ങളിലൂടെ അവര്‍ കടന്നുപോകുന്നുണ്ട്. വീട്ടില്‍ അവര്‍ സന്തോഷവതിയായിരുന്നു. സഹോദരന്‍ വാദിയുമായും അച്ഛനും അമ്മയ്ക്കുമൊപ്പവും നല്ല സന്തോഷത്തിലാണ് അവര്‍ കഴിയുന്നത്. വീട്ടിലെ ഒരു അറബ് അന്തരീക്ഷം വീടിനുപുറത്ത് അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നില്ല. നജ്‌ലയുടെ മാതാപിതാക്കള്‍ ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്. അവര്‍ വിശ്വാസികളല്ലെങ്കിലും നജ്‌ലയെ മാമോദീസ മുക്കിയിരുന്നു. ഇതവരുടെ മതപരമായ സ്വതത്തെയും കൂടുതല്‍ സന്ദേഹമുള്ളതാക്കി .

ഓരോ വര്‍ഷവും വെക്കേഷനുകളില്‍ നജ്‌ലയും കുടുംബവും ലബനാനിലെ അമ്മയുടെ വീട്ടിലേക്ക് പോകാറുണ്ട് .ഇത്തരം യാത്രകളിലൂടെയാണ് നജ്‌ല മിഡില്‍ ഈസ്റ്റിനെക്കുറിച്ച് കൂടുതല്‍ അറിയുന്നത്. തൂണിഷ്യയിലെയും ലബനാന്‍, പാലസ്തീന്‍ എന്നിവിടങ്ങളിലെയും ബന്ധുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ചാണ് മിഡില്‍ ഈസ്റ്റിനെ നജ്‌ല കൂടുതല്‍ മനസ്സിലാക്കുന്നത്. ലബനാനിലെ ആഭ്യന്തര യുദ്ധം നടക്കുന്ന വേളയില്‍ അവര്‍ അവിടെയായിരുന്നു. ഇത്തരം സന്ദര്‍ശനങ്ങളിലൂടെയാണ് തന്റെ അറബ് വേരുകളെ കുറിച്ച് നജ്‌ല കൂടുതല്‍ തിരിച്ചറിയുന്നത് .

download (1)

ലുക്കിമിയ പിടിപെട്ട വേളയില്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷം സൈദ് കുടുംബത്തോടൊപ്പം പാലസ്തീന്‍ സന്ദര്‍ശിക്കുന്നുണ്ട്. സൈദ് ജനിച്ചത് കിഴക്കന്‍ ജറൂസലമില്‍ ആണ്. ഇപ്പോഴത് ഇസ്രയേലിന്റെ ഭാഗമാണ് .അദ്ദേഹം അവിടം സന്ദര്‍ശിക്കുമ്പോള്‍ താന്‍ ജനിച്ചു വളര്‍ന്ന വീട് ഒരു വലതുപക്ഷ ക്രിസ്ത്യന്‍ സംഘടന അധീനമാക്കി വെച്ചിരിക്കുകയായിരുന്നു. തന്റെ പാലസ്തീന്‍ യാത്രയില്‍ പ്രതീകാത്മകമായി സൈദ് ഒരു ഇസ്രായേലി ചെക്‌പോസ്റ്റിനു നേരെ കല്ലെറിയുന്നുണ്ട്. പലസ്തീനില്‍ നിന്ന് സൈദും കുടുംബവും ജോര്‍ദാനിലേക്ക് പോകുന്നുണ്ട് . ജോര്‍ദാനിലെ കിംഗ് ഹുസൈന്‍ രാജാവിന്റെ കൊട്ടാരത്തില്‍ വെച്ച് സൈദും കുടുംബവും യാസിര്‍ അറാഫത്തിനെ കണ്ടുമുട്ടുന്നുണ്ട് .ഈ സംഭവങ്ങളെല്ലാം നജ്‌ല സൈദിന് തന്റെ സങ്കീര്‍ണമായ അറബ് ഐഡന്റിറ്റിയെ കുറിച്ച് മനസ്സിലാക്കാന്‍ സഹായകമായിരുന്നു .

ന്യൂയോര്‍ക്കിലെ ഒരു അറബ് ലോകത്തിലേക്ക് നജ്‌ല പ്രവേശിക്കുന്നത് കുറച്ചു കഴിഞ്ഞാണ്. അറബ് നാടക പ്രവര്‍ത്തകരുടെ ഒരു ഒത്തു ചേരലില്‍ വെച്ചാണ് നജ്‌ല ആദ്യമായി അമേരിക്കയിലുള്ള അറബ് വംശജരുമായി അടുക്കുന്നത്. പിന്നീടവര്‍ നാടകമെഴുത്തിലേക്കും പെര്‍ഫോമന്‍സിലേക്കും പ്രവേശിക്കുന്നുണ്ട് .നജ്‌ലയെ സംബന്ധിച്ചിടത്തോളം ആദ്യമായാണ് അമേരിക്കയില്‍ ജീവിക്കുന്ന അറബ് വംശജരുമായി അവര്‍ ഇടപെടുന്നത് . അതവര്‍ക്ക് ഒരു പുതിയ ലോകത്തിലേക്കുള്ള വാതിലുകളാണ് തുറന്നു കൊടുത്തത്

 

1 . മുസ്തഫ ഷെരീഫ് , ദെറിദയുമായി സംഭാക്ഷണം ഇസ്‌ലാമും പടിഞ്ഞാറും Other Books Calicut
2. Fanon ,Franz, Black Skin, White Masks, 2017,Pluto Press

അമീന്‍ അഹ്‌സന്‍