Campus Alive

ഫുട്ബോൾ കുമ്പിളിൽ വിളമ്പുന്ന ദാദാഹരന്മാർ

ദാദാഹരൻ? ആരാധകൻ എന്ന് വേണമെങ്കിൽ തിരുത്തി വായിക്കാം

ലോകകപ്പ് ആയതോടെ എല്ലാരും, ദാദാഹരന്മാരാണ്. ഈ എഴുതുന്നവനും അതെ. ബ്രസീലിനും അർജന്റീനക്കും ആണ് കൂടുതൽ കമ്പക്കാര്. ജർമനിക്കും സ്പെയിനിനും ഫ്രാന്സിനും ബെൽജിയത്തിനും ഇംഗ്ലണ്ടിനും കുറവൊന്നുമില്ല. ലോക ഫുട്ബോളിലെ പ്രതാപികളായ ഇറ്റലിക്കും ഹോളണ്ടിനും ക്ഷീണമാണ്. യോഗ്യതാ കടമ്പ കടക്കാനായില്ല. കാനറിപ്പാട്ടുകളും ഓറഞ്ച്- പടകളും കേൾക്കാനുമില്ല. പിർലോയും യോഹാൻ ക്രൈഫും വാഴ്ത്തപ്പെടുന്നു. റോബർട്ടോ ബാജിയോവിന്റെ ‘ദുരന്ത-കഥ’യും ഓർമ്മിക്കപ്പെടുന്നുണ്ട്. ഉണ്ട ചോറിന് നന്ദി കാണിക്കാൻ സൗദിക്ക് ഫ്ലക്സ് വെച്ച കുറച്ച് ദാദാഹരന്മാരെ കണ്ടു, ഇഷ്ടപ്പെട്ടു. ആദ്യം തന്നെ റഷ്യയുടെ കയ്യിൽ നിന്ന് അഞ്ചെണ്ണം വാങ്ങിയപ്പോൾ വെച്ച ഫ്ലക്സിന്റെ കായി പോയോ എന്നവർ ഓർത്തു കാണുമോ? ഏയ്, ഉണ്ട ചോറുണ്ടല്ലോ.!

അപ്പൊ അതാണ്, ദാദാഹരൻ ആകാൻ കാരണം വേണം. രാഷ്ട്രീയം തന്നെ പ്രധാനം. വിപ്ലവം ആവേശം. ദാരിദ്ര്യമോ സർഗ്ഗാത്മകം. ഫുട്ബോൾ കളിക്കുന്ന രാഷ്ട്രത്തിന്റെ/ ജനതയുടെ രാഷ്ട്രീയത്തോടുള്ള ഐക്യപ്പെടൽ നൈതികമായ ആരാധനക്ക് പാത്രമത്രെ. അപ്പൊ, ഇതൊനൊക്കെ ഇടക്ക് കളിയോ? ചോദ്യമാണ്. പിന്നൊന്ന് വശ്യതയാണ്. ആഫ്രിക്കൻ ടീമുകൾക്കാണ് സാധാരണ ചാർത്തിക്കൊടുക്കാറ്. ഇടക്കിടക്കൊക്കെ ബ്രസീലിനും ചില ലാറ്റിൻ-അമേരിക്കൻ ടീമുകൾക്കും അവസരം കിട്ടാറുണ്ട്. എന്തായാലും ദാരിദ്യത്തിന്റെ ആഘോഷത്തിനേക്കാളും കൊള്ളാം. ‘ഇല്ലായ്മ’ അല്ലല്ലോ, ‘ഉണ്ടായ്മ’ അല്ലോ. അത്രയും സന്തോഷം.

ഇങ്ങനൊന്ന് എഴുതാൻ തുനിഞ്ഞതിന്റെ കാരണം പറയാം. റൊമേലോ ലുകാകുവിന്റെ അമ്മ പണ്ടൊരു വൈകുന്നേരം ഫ്രിഡ്ജിന് മുകളിൽ വെച്ച് വെള്ളം കലക്കിയ ‘Milk’ മലയാളത്തിൽ എത്തിയപ്പോൾ ‘കഞ്ഞി’യായ പ്രതിഭാസം തന്നെ. പാല് പുളിച്ച് മോരോ കടഞ്ഞ് വെണ്ണയോ ആകുന്ന പോലൊരു കളി. മലയാളത്തിൽ Milkന് പാലെന്ന അർഥം ഇല്ലാഞ്ഞിട്ടാണോ, അതോ അറിയാഞ്ഞിട്ടോ? അറിയില്ല. മനസ്സിലാകാത്തത് ഇതാണ്, എന്തിനാണ് മലയാളത്തിന് കഞ്ഞിയോടിത്ര അഭിനിവേശം? സംഗതി, കഞ്ഞി സൂപ്പറാണ്. പയറും കൂടി ഉണ്ടെങ്കിൽ പൊളിക്കും. ‘കുഞ്ഞിക്ക’ വരെ പറഞ്ഞു (ABCD). എന്നാലും പാല് കഞ്ഞിയാക്കണോ?.

Romelu Lukaku

ആക്കണമെന്നാണ് മലയാള-സാഹിത്യത്തിന്റെ പാരമ്പര്യ ഭാഷ്യം.
“..ഉച്ചക്ക് ലഞ്ചിന്ന് ബീഫുണ്ട്, റൈസുണ്ട് ചപ്പാത്തിയും കൂട്ടിനുണ്ട്..
പുത്തരീലുപ്പിട്ട്, പ്ലാവിലകുമ്പിളിൽ കഞ്ഞിയാണെന്നുമെയിഷ്ടം..”
എന്നെല്ലാം പാടുന്ന ഊഷ്മളതയും ഹരിതാഭയും നിറഞ്ഞ ഒരു കവിത, കുറച്ച് കാലം മുമ്പ് വാട്സാപ്പിൽ ഏറെ ആവേശത്തോടെ അങ്ങിങ്ങ് ഓടിക്കളിച്ചിരുന്നു. അതാണ്, ദേശത്തോടുള്ള/ പരമ്പര്യത്തോടുള്ള ആവേശകരമായ വികാരം. അല്ലാതെ ലുകാകുവിന്റെ കറുപ്പ് കാണുമ്പോഴുള്ള മലയാളിയുടെ അന്തർലീനമായ വംശീയതയാണ് എന്നോ ദാരിദ്ര്യം സമം കോരന് കുമ്പിളിൽ പണ്ട് കൊടുത്തിരുന്ന കഞ്ഞി എന്ന ഓർമ്മയാണ് എന്നൊന്നും തെറ്റിദ്ധരിക്കരുത്.

ജിഷേടമ്മ പുത്യേ സാരി വാങ്ങ്യാ കൃത്യമായി ഞങ്ങൾ ബില്ല് ചോദിക്കുന്നുണ്ടല്ലോ, പിന്നെന്താ? അതും ശരിയാണ്.!

ലോകകപ്പിൽ പനാമക്കെതിരെ ഇരട്ടഗോളടിച്ച ശേഷമാണ്, ലുകാകു തന്റെ ഫുട്ബോൾ അനുഭവങ്ങൾ the players tribunal.com ൽ പ്രസിദ്ധീകരിക്കുന്നത്. എന്ത് രസാണെന്നോ വായിക്കാൻ. ജീവിതത്തിൽ നേരിട്ട പല വിഷമം പിടിച്ച അനുഭവങ്ങളും കട്ട കലിപ്പിട്ടാണ് ലുകാക്കു മറികടക്കുന്നത്. ചെറുപ്പത്തിൽ തന്റെ നീളവും നിറവും കരുത്തും നോക്കി പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ചോദിച്ച എതിർ ടീമിൽ കളിക്കുന്ന മക്കളുടെ തള്ള-തന്തമാരെ മുഖത്ത് നോക്കി “കളി കഴിയുമ്പോഴേക്കും നിങ്ങളെ മക്കളെ ഞാൻ തകർക്കും, പിന്നെ കരഞ്ഞോണ്ടവരെ തോളിലിട്ട് വീട് പിടിക്കേണ്ടി വരുമല്ലോ നിങ്ങൾ” എന്ന് മനസ്സിൽ ഓർത്ത് ചിരിച്ചാണ് ആ കളിക്ക് അച്ഛന്റെ പഴേ ബൂട്ട് കെട്ടുന്നത്. നന്നായി കളിക്കുമ്പോൾ ബെൽജിയം കളിക്കാരൻ എന്നും, മറിച്ചാവുമ്പോൾ കോംഗോയിൽ നിന്ന് കുടിയേറിയ ബെൽജിയക്കാരൻ എന്നും പറയുന്നോരോട് പോയി പണി നോക്കാൻ പറയുന്നു ‘ഗഡി’. ഇതല്ല, ഇതിന്റെ അപ്പർത്തെ കാവടി കണ്ടിട്ടുണ്ട് എന്ന ലൈൻ. ആ ചെങ്ങായിക്ക് ഇവിടെ ‘കഞ്ഞി’ വെളമ്പുന്നോരെ കുറിച്ച് മൂപ്പര് അറിഞ്ഞാലുള്ള ഇവരുടെ അവസ്ഥയോർത്ത് പരിതപിക്കുകയല്ലാതെ തൽക്കാലത്തേക്ക് ‘വഹ’യില്ല.

കളിയെഴുത്തിനേയോ ഫുട്‌ബോള്‍ പ്രണയത്തെയോ പരിഹസിക്കുകയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച് കാലാകാലങ്ങളായി നിലനില്‍ക്കുന്ന കളിയെഴുത്തിലെ ആചാരങ്ങളെ/കീഴ്‌വഴക്കങ്ങളെ ഒരു പൊടി മാറി നിന്ന് കാണാനുള്ള ശ്രമം മാത്രം. അതേസമയം, മലയാളത്തിലെ മറ്റ് ഭാഷാ/സാഹിത്യ വ്യവഹാരങ്ങളിൽ എന്ന പോലെ കളിയെഴുത്തിലെ കാല്പനികതക്ക് നല്ല വേവ് കിട്ടാന്‍ കറുപ്പും വെളുപ്പും ദാരിദ്ര്യവും അലിയിപ്പിച്ച് സഹതാപം ഉണ്ടാക്കുന്നതിനെ വിമര്‍ശനാത്മകമായി തന്നെ കാണുന്നു.

Maradona

കേരളത്തിൽ ലാറ്റിനമേരിക്കൻ ടീമുകൾക്ക് ഇത്രയും ജനകീയത വന്നതിൽ ആദ്യകാല കളിയെഴുത്തുകൾക്ക് ചെറുതല്ലാത്ത പങ്ക് തന്നെ ഉണ്ട്. ആ രാജ്യങ്ങളിലെ കൊളോണിയൽ അനുഭവങ്ങളും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളും ഇവിടുത്തെ ഫുട്ബോൾ എഴുത്തുകളിൽ തങ്ങി നിന്നു. ലോക കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വിപ്ലവ പ്രതീകമായ ഏണസ്റ്റോ ഗുവേര ഇവിടുത്തെ ചുമരുകൾ നിറച്ച പോലെ, മറഡോണയും വാഴ്ത്തപ്പെട്ടവനായി. അതുകൊണ്ടാണല്ലോ പത്ത്- ഇരുപതിനായിരം കിലോമീറ്റർ സഞ്ചരിച്ച് വന്ന് അങ്ങേർക്കിവിടെ സ്വർണം വിൽക്കാൻ ഓടേണ്ടി വരുന്നത്. അങ്ങനെ 4 വർഷത്തിൽ ഒരിക്കൽ സിരകളിൽ നീല രക്തം ഒഴുകുന്ന അണികളുണ്ടായി.

ദാരിദ്ര്യത്തോടും അഴിമതിയോടും മല്ലടിച്ച് കഴിയുന്ന ജനതക്ക് ആകെ ഉന്മാദം നൽകുന്നത് ഫുട്ബോളാണെന്നും അതുകൊണ്ടാണ് ബ്രസീലിനോടുള്ള പ്രണയമെന്നും, പറയുന്ന കളിസ്നേഹുകളെയും കാണാം. അവരുടെ സാംബാ താളമത്രെ അതിന് നിതാനം. അത് നാലാണ്ടിൽ ഒരിക്കൽ ‘മഞ്ഞ രക്തം’ ഒഴുകുന്ന അണികൾക്കും ഹേതുവായി. ‘റൊസാരിയോവിന്റെ തെരുവുകളിൽ പന്ത് തട്ടി മറഡോണയും സാവോ പോളോയുടെ ചേരികളെ അതിജീവിച്ച് പെലെയും’, ദാരിദ്ര്യത്തെ സർഗാത്മകമായി തോൽപ്പിച്ച് ലോക-ഫുട്ബോളിന്റെ ദൈവങ്ങളായി, എന്ന് കാലാകാലങ്ങളായി മലയാളം പല കോലത്തിൽ എഴുതി വരുന്നു. അഥവാ മലയാളം കളിയെഴുത്തിന് ‘ദാരിദ്യം’ ഫുട്ബോളിന്റെ സയാമീസ് ഇരട്ടയാകുന്നു.

Romário

ഇതേ പഞ്ചിൽ നിലനിൽക്കുന്ന യൂറോപ്യൻ ഫുട്ബോളിന്റെ ചിട്ടയും ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ സർഗ്ഗാത്മകതയും എന്ന മാലപ്പാട്ടിനെ കെ.എം നരേന്ദ്രൻ പൊളിക്കുന്നുണ്ട്. “പരസ്പര വിരുദ്ധമായ രണ്ട് ഫുട്ബോൾ ശൈലികൾ എന്ന നിലക്ക് മാത്രമല്ല, പരസ്പര വിരുദ്ധമായ രണ്ട് ലോക വീക്ഷണങ്ങളായും രണ്ട് ശാസ്ത്രീയ പ്രത്യയശാസ്ത്രങ്ങളായുമാണ് മാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നവർ ഇവയെ അവതരിപ്പിക്കുക”. റൊമാരിയോ കളി അവസാനിപ്പിച്ചതോടെ ലാറ്റിനമേരിക്കയുടേതായ ഫുട്ബോൾ കഴിഞ്ഞെന്ന് അദ്ദേഹം പറയുന്നു. യൂറോപ്യൻ ശൈലിയിൽ കളിക്കുന്ന മെസ്സിമാരും ലാറ്റിനമേരിക്കൻ രീതികളെ സ്വാംശീകരിച്ച ഇനിയെസ്റ്റമാരും തന്നെ അതിനുള്ള തെളിവ്. മാത്രമല്ല, യൂറോപ്യൻ കളി രീതി എന്നത് ഏകശിലാത്മകമായ ഒന്നല്ല എന്ന് ഇറ്റാലിയൻ കാറ്റനാച്ചിയോ, ഹോളണ്ടിന്റെ ടോട്ടൽ ഫുട്ബോൾ, സ്പാനിഷ് ടിക്കി-ടാക്ക എന്നിവയെയും അതിന്റെ കലാന്തരങ്ങളിൽ വന്ന വകഭേദങ്ങളെയും മുൻനിർത്തി അദ്ദേഹം കൃത്യമായി സമർത്ഥിക്കുന്നുണ്ട്.

ലോക ഫുട്ബോളിനെ യൂറോപ്പിന്റെ സാമ്പത്തിക, രാഷ്ട്രീയ മേൽക്കോയ്മകൾക്കെതിരെ ലാറ്റിനമേരിക്കൻ ദരിദ്രരാഷ്ട്രങ്ങളുടെ ചെറുത്തുനിൽപ്പായി കാണുന്ന പഴയ രീതി നിലനിർത്തുന്നതിലൂടെ, ലോകത്ത് മറ്റാർക്കും കാണാനാകാത്ത ഈ വൈരുധ്യം മലയാളികൾ മാത്രം കണ്ടുകൊണ്ടേയിരിക്കുന്നു. സത്യത്തിൽ മലയാളത്തിലെ കളിയെഴുത്തിലും, വിശകലനങ്ങളിലും ഇന്നും നില നിൽക്കുന്ന വലിയ നുണകളിലൊന്നാണ്, മായകളിലൊന്നാണ് ഈ വൈരുധ്യം.

ലോകത്തിലെ ഏറ്റവും വിലയുള്ള കായിക ഇനം എന്ന നിലക്ക് ഏറ്റവും മികച്ചതിലേക്കാണ് ഫുട്‌ബോള്‍ മാനേജര്‍മാര്‍ നോക്കുക. തീര്‍ച്ചയായും അത് ഡിഫന്‍സും, ഡ്രിബ്ലിങ്ങും, അറ്റാക്കിങ്ങും, സാംബയും, ടിക്കി ടാക്കയും ടോട്ടല്‍ ഫുട്‌ബോളും ലോങ്ങ് പാസുകളും കൗണ്ടര്‍ അറ്റാക്കുകളും ഒക്കെ കൂടി ചേര്‍ന്ന ഒരു കോക്ക്‌ടെയില്‍ ആണ് ഇന്ന്. 2014ലെ ലോകകപ്പാനന്തരം ഇന്ദ്രജിത് ഹസാറ ഈ ആശയം മുന്നോട്ട് വെക്കുന്നുണ്ട്. 2014 ലോകകപ്പില്‍ പിറന്ന ഗോളുകളെ വിശകലനം ചെയ്താണ് അദ്ദേഹം തന്റെ ആശയം വിശദീകരിക്കുന്നത്.

ലോകകപ്പെത്തും മുൻപ്, വർത്താനത്തിനിടക്ക്, ചങ്ക് ബ്രോ പറഞ്ഞതോർമ്മിച്ച് നിർത്താം. “ലോകത്ത് സിദാന്റെ തല, മറ്റരാസിയുടെ നെഞ്ചത്തിടിച്ചതിനെ കുറിച്ച് കവിത എഴുതിയ മറ്റൊരു ജനത മലയാളികളല്ലാതെ ഉണ്ടാകില്ല.” ഇടിയുടെ കരുത്തും ചെരിവും, വീഴ്ചയുടെ ആഘാതവും കണക്കാക്കി ന്യൂയോർക് മുതൽ ഗുജറാത്ത് വരെ രാഷ്ട്രീയ- ചരിത്രത്തിന്റെ വേരുകൾ! ശേഷം മിസ്റ്റിക്കൽ സംഗീതത്തിന്റെ കൂട്ടും. പാവം, സിദാൻ ഉണ്ടോ ഇത് വല്ലതും അറിയുന്നു?

സുഹൈല്‍ അബ്ദുല്‍ ഹമീദ്‌