Campus Alive

സമാ: ചരിത്രവും രൂപവും

അടുത്ത കാലത്തായി മലയാള സിനിമകളിൽ  കണ്ടു വരുന്ന നൃത്തരൂപമാണ് സമാ. മുസ്‌ലിം പശ്ചാത്തല കഥ പറയുന്ന സിനിമകളിലെ പാട്ട് സീനുകളിലാണ് സമാ കൂടുതലും കടന്നു വരാറുള്ളത്. സൂഫിയും സുജാതയും ഹിറ്റായതോടെ സമായെക്കുറിച്ചുള്ള ചർച്ചകൾക്കും ചൂടേറി. സമായുടെ ഉത്ഭവം, ചരിത്രം, പാശ്ചാതലം, രൂപം, ശൈലി, കറക്കം, വസ്ത്രം തുടങ്ങിയവയെക്കുറിച്ചാണ് ഈ ലേഖനം പ്രധാനമായും ചർച്ച ചെയ്യുന്നത്.

അഞ്ജലി മേനോന്‍ രചിച്ച് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിലാണ് ആദ്യമായി സൂഫീ നൃത്തം കാണുന്നത്. മലയാള സിനിമയില്‍ സൂഫി നൃത്തത്തിന്‍റെ സാധ്യതക്കു തുടക്കമിട്ടത് ഉസ്താദ് ഹോട്ടലിലാണ്. പിന്നീടത് മുസ്‌ലിം പാശ്ചാത്തലമുള്ള മിക്ക സിനിമകളിലേക്കും പടരുകയായിരുന്നു. പക്ഷേ, സൂഫി നൃത്തത്തിനുപയോഗിക്കുന്ന പ്രത്യേക വസ്ത്രധാരണ, ശൈലി, കറക്കം, രീതി തുടങ്ങിയവ മലയാള സിനിമയില്‍ കാണിക്കുന്നത് പല രൂപത്തിലാണ്. ചിലപ്പോള്‍ സൂഫി നൃത്ത വേഷമണിഞ്ഞ്  വ്യത്യസ്ത  നൃത്തങ്ങളുടെ ചുവടുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. സൂഫിയും സുജാതയും എന്ന സിനിമയിൽ ഇത് തെളിഞ്ഞു കാണാം.

തുർക്കിയിലെ കൊനിയ എന്ന പട്ടണത്തിലാണ് സമാ ഉത്ഭവിച്ചത്. അന്തിമൂക്കാത്തൊരു പകലില്‍ വഴിയരികിലൂടെ നടക്കവെ തട്ടാനായിരുന്ന സലാഹുദ്ദീൻ സർകൂബിന്റെ ചുറ്റികയുടെ താളവും അല്ലാഹ് എന്ന വിളിയുടെ ഈണവുമൊരുമിച്ചുള്ള താള-സ്വരലയത്തിന്റെ അനിര്‍വചനീയ നിമിഷത്തില്‍ ഒരു കൈ ആകാശത്തിലേക്കുയര്‍ത്തി മറുകൈ ഭൂമിയിലേക്ക് താഴ്ത്തി റൂമി കറങ്ങി എന്നതാണ് സമായുടെ ഉത്ഭവത്തെ കുറിച്ചുള്ള ഒരു ചരിത്രം.

സമാ എന്ന വാക്കിന് കേള്‍ക്കുക എന്നാണര്‍ഥം. അറബിക് പദമായ സമാഇല്‍ നിന്നാണ് സമാ രൂപപ്പെട്ടത്. മുസ്‌ലിംകൾക്കിടയിൽ സമാ എന്ന സൂഫി നൃത്തത്തെക്കുറിച്ചു നിരവധി അഭിപ്രായ വ്യത്യാസങ്ങളുണ്ട്.  ഓര്‍ത്തോഡക്‌സ് സൂഫീ സരണികള്‍ സമായെ എതിര്‍ക്കുമ്പോള്‍ മൗലവി സരണിയിലുള്ളവര്‍ ഇതിനെ ആരാധനാ കര്‍മമായി കാണുന്നു. ഇസ്‌ലാമിക ആത്മീയ ജീവിതത്തിലെ സൂഫീ നൃത്തം ലോകമൊട്ടാകെ അറിയപ്പെട്ടൊരു അനുഷ്ഠാനമാണ്. മൗലവി സരണിയാണ് ഇതിനെ വ്യവസ്ഥാപിതമായി അവതരിപ്പിച്ചത്. ‘മിസ്റ്റിക്കല്‍ ഡൈമന്‍ഷന്‍സ് ഓഫ് ഇസ്‌ലാം’ എന്ന പുസ്തകത്തില്‍ ആൻ മേരി ഷിമ്മല്‍ സമായെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നുണ്ട്. റൂമിയെ സംബന്ധിച്ചിടത്തോളം സമാ ആത്മാവിന്‍റെ അന്നമാണ്. റൂമിയുടെ കവിതയില്‍ ഇങ്ങനെ കാണാം. ‘കമിതാവ് നൃത്തം ചെയ്യുന്ന പാദങ്ങള്‍ കൊണ്ട് ഭൂമിയെ സ്പര്‍ശിക്കുമ്പോള്‍ ഇരുട്ടില്‍ നിന്നും  ജീവിതമെന്ന ജലം പൊട്ടിപ്പുറപ്പെടും. മാത്രമല്ല, പ്രിയതമന്‍റെ നാമം ഉരുവിടുമ്പോള്‍ മരിച്ചവരെല്ലാം ശവക്കച്ചയില്‍ നിന്ന് നൃത്തം ചെയ്യും’. മറ്റൊരിടത്ത് സൂഫീ നൃത്തം ചെയ്യുന്നവര്‍ മുന്തിരിച്ചാറ് ഉണ്ടാക്കുന്നവരെ പോലെയാണെന്നാണ്  റൂമി പറഞ്ഞത്. അവരുടെ കറക്കം മുന്തിരി കടഞ്ഞെടുത്തു വിശിഷ്ടമായ വീഞ്ഞുണ്ടാക്കുന്നതു പോലെയാണ്.

photo: Fazil Firos

ശംസ് തബ്‌രീസിയാണ് സമാ എന്ന നൃത്തത്തിന് ഒരു പ്രത്യേക രൂപം നല്‍കിയത്. സമാ നടത്തുന്ന സ്ഥലത്തിന് സെമാഹാനെ എന്നും കറങ്ങുന്നവര്‍ക്ക് സെമാസന്‍ എന്നുമാണ് പറയാറ്. കറുത്ത നിറമുള്ള ഹിര്‍ക്ക എന്ന വസ്ത്രമണിഞ്ഞാണ് ദര്‍വേഷുകള്‍ സമാ തുടങ്ങുക. ഈ ഹിര്‍ക്ക പ്രതിനിധീകരിക്കുന്നത് ശരീരത്തെയും ഖബറിനെയുമാണ്. ഹിര്‍ക്ക വസ്ത്രത്തിനു താഴെ വെളുത്തൊരു വസ്ത്രമുണ്ട്. തെന്നൂറെ എന്നാണ് തുര്‍ക്കിഷില്‍ ഇതിനെ വിളിക്കാറ്. അത് നമ്മുടെ ശരീരത്തിന്റെ കഫന്‍പുടവ (ശവക്കച്ച) യെയാണ് പ്രതിനിധീകരിക്കുന്നത്. ദര്‍വേഷുകള്‍ ധരിക്കുന്ന തൊപ്പിയാണ് സിക്കെ. മീസാന്‍ കല്ലിലേക്കാണ് ആ തൊപ്പി വിരല്‍ ചൂണ്ടുന്നത്. ചെവി മൂടുന്ന തരത്തിലാണിവര്‍ തൊപ്പി ധരിക്കുക. ദൈവത്തിലേക്കു മാത്രം കേന്ദ്രീകരിക്കാനും ഭൗതിക ലോകത്തെ ശബ്ദങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാനുമാണ് ഇവര്‍ ഇങ്ങനെ ധരിക്കുന്നത്. ദര്‍വേഷുകള്‍ കറുത്തൊരു ബെല്‍റ്റ് അരയിൽ കെട്ടും. എലിഫെ നമദ് എന്നാണിത് അറിയപ്പെടുന്നത്. തോല്‍ കൊണ്ടു നിര്‍മ്മിച്ച പാദരക്ഷയാണിവർ ധരിക്കുക.

സമാ തുടങ്ങുന്നതിനു മുമ്പായി ശൈഖ് ഇരിക്കുന്ന ചുവന്ന പരവതാനി സമാഹാനയില്‍ കൊണ്ട് പോയി വെക്കും. ഈ പരവതാനിയെ റൂമിയുടെ മഖാമായിട്ടാണ് ദര്‍വേഷുകള്‍ സങ്കല്‍പ്പിക്കുന്നത്. ചുവപ്പ് കൊണ്ട് ഉദ്ദേശിക്കുന്നതാകട്ടേ സൂര്യനെയും. സമാ നടക്കുന്ന വട്ടത്തിലുള്ള സ്ഥലം ലോകത്തെ സൂചിപ്പിക്കുന്നു. ശൈഖിന്റെ നേതൃത്വത്തിലാണ് സമാ നടക്കുക.  കറങ്ങുന്ന ദര്‍വേഷുകള്‍ക്ക് സെമസെനെന്നും മ്യൂസിക് ഗ്രൂപ്പിന് മുത്രിബ് എന്നുമാണ് പേര്. ശൈഖ് ഇരിക്കുന്ന പരവതാനിയുടെ എതിര്‍ വശത്തിലൂടെ ദര്‍വേഷുകള്‍ വരിവരിയായ് കടന്നുവന്നു ശൈഖിന്റെ പടത്തിലേക്ക് നോക്കി തലതാഴ്ത്തി സലാം പറഞ്ഞ് വലതു ഭാഗത്തിലൂടെ ഇരിക്കുന്ന സ്ഥലത്തേക്കു പോകും. എല്ലാവരും വന്നതിന് ശേഷമാണ് ശൈഖ് സെമാഹാനയിലെത്തുക.

ദര്‍വേഷുകളില്‍ നിന്നു വ്യത്യസ്തമായി തൊപ്പിക്കു മീതെ ഒരു വെള്ള തലപ്പാവ് ചുറ്റിയിട്ടാകും ശൈഖ് സെമഹാനയിലെത്തുക. ചിലപ്പോള്‍ പച്ച നിറത്തിലുള്ള തലപ്പാവും ശൈഖ് ധരിക്കാറുണ്ട്. പച്ച തലപ്പാവ് ധരിച്ചാണ് ശൈഖ് എത്തുന്നതെങ്കില്‍ അവര്‍ പ്രവാചക കുടുംബത്തില്‍ പെട്ടവരാണ്. അല്ലാത്തവരാണ് വെള്ള തലപ്പാവ് ധരിച്ചെത്തുക. വലതു ഭാഗത്തു നിന്ന് ഇടതു ഭാഗത്തേക്കാണ് ഇവര്‍ കറങ്ങുക. വലത് ഭാഗം ഭൗതിക ലോകവും ഇടത് ഭാഗം അഭൗതിക ലോകത്തെയുമാണ് സൂചിപ്പിക്കുന്നത്. ശൈഖ് ഇരുന്നതിനു ശേഷം ദര്‍വേഷുകള്‍ ഇരിക്കും. സമാ തുടങ്ങുമ്പോള്‍ നേരത്തെ ധരിച്ചിരുന്ന കറുത്ത വസ്ത്രം അഴിച്ചുവെക്കും. കറങ്ങുന്നതിനു മുമ്പ് ദര്‍വേഷുമാർ പരസ്പരം ചേര്‍ന്നു നില്‍ക്കുന്നത് അറബിക് അക്ഷരമാലയിലെ ആദ്യത്തെ അക്ഷരമായ അലിഫിനെയാണ് സൂചിപ്പിക്കുന്നത്. അഥവാ ദൈവത്തിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. പ്രധാനമായും ഏഴ് സ്റ്റെപ്പുകളാണ് സമാക്കുള്ളത്.

photo: Fazil Firos

സമായുടെ ആദ്യഘട്ടമെന്ന നിലയില്‍ ‘നഅഃത്ത് ശരീഫ്’  (പ്രവാചക പ്രകീര്‍ത്തനം) ആലപിക്കും. പ്രവാചക പ്രകീര്‍ത്തനത്തിനു ശേഷം ചെണ്ടയുടെ കൊട്ട് പോലൊരു ശബ്ദം കേള്‍ക്കാം. ദൈവത്തിന്റെ ‘കുന്‍’ (ഉണ്ടാവുക) എന്ന കല്‍പ്പനയെയാണ് ഈ ശബ്ദം സൂചിപ്പിക്കുന്നത്. ശേഷം ഓടക്കുഴല്‍ വായിക്കാൻ തുടങ്ങും. ഇസ്‌ലാമിക വിശ്വാസ പ്രകാരം ദൈവം ലോകത്തെ ആദ്യം ജീവനില്ലാത്ത രൂപത്തിലാണല്ലോ നിര്‍മ്മിച്ചത്. പിന്നീട് അതില്‍ റൂഹ് (ജീവന്‍) ഊതുകയായിരുന്നല്ലോ, ആ ഊത്താണ് ഓടക്കുഴല്‍ കൊണ്ട് സൂചിപ്പിക്കുന്നത്. ‘നെയ്’ എന്നാണ് ഇതിനെ ഇവര്‍ വിളിക്കുന്നത്. പിന്നീട് ദര്‍വേഷുകളിലെ നേതാവ് വന്നു ശൈഖിന് സലാം പറയുകയും ദര്‍വേഷുകള്‍ കറങ്ങാന്‍ തുടങ്ങുകയും ചെയ്യും. തുര്‍ക്കിഷ് സിനിമകളിലും ഇന്ത്യന്‍ സിനിമകളിലും കണ്ടു ശീലിച്ച ആ കറക്കമാണിത്. ഈ കറക്കത്തിന് ദവർ വലദ് എന്നാണ് പറയുക. രണ്ട് കൈകള്‍ തോളുകളിലേക്ക് ചേര്‍ത്തു പിടിച്ചാണിവര്‍ ആദ്യം കറങ്ങുന്നത്. പിന്നീട് ഒരു കൈ മേലോട്ടുയര്‍ത്തിയും മറു കൈ ഭൂമിയിലേക്കു താഴ്ത്തിയുമാണ് കറങ്ങുക. ദര്‍വേഷുകളുടെ കറക്കം വലതു ഭാഗത്തു നിന്നു ഇടതു ഭാഗത്തേക്കാണ്. ലോകത്തിന്റെ നിലനില്‍പ്പും നമ്മുടെ നിലനില്‍പ്പും ഒരു കറക്കമാണല്ലോ. മനുഷ്യര്‍, സസ്യങ്ങള്‍, ജീവികള്‍ തുടങ്ങി സകലതും ദൈവത്തില്‍ നിന്നും വന്നു ദൈവത്തിലേക്കു പോകുന്നു എന്നതാണ് ഈ കറക്കത്തിന്റെ പൊരുള്‍.     നാല് സലാമുകള്‍ അടങ്ങിയ നാല് വട്ടമുള്ള കറക്കമാണിത്. ആദ്യത്തെ മൂന്ന് സലാമിന് ശേഷം ദര്‍വേഷുകള്‍ കറങ്ങി ആദ്യത്തെ പോലെ വരിവരിയായ് നില്‍ക്കും. നാലാമത്തെ സലാമിനു ശേഷമാണ് ശൈഖ് കറങ്ങുക.   കറക്കത്തിനു ശേഷം ഖുർആനിലെ രണ്ടാം അധ്യായമായ സൂറത്തുൽ ബഖറയിലെ 115-ാമത്തെ സൂക്തം ഓതും. ശേഷം റൂമിക്കും, മറ്റു ശൈഖുമാർക്കും വേണ്ടി ഫാതിഹ പാരായണം ചെയ്യും. ഇതില്‍ മെവ് ലാന സരണിയിലെ ശൈഖുമാരുടെ പേരുകള്‍ പറയുമ്പോള്‍  ദര്‍വേഷുകള്‍ നെഞ്ചില്‍ കൈവെച്ചു തല കുനിക്കുന്നതായി കാണാം. ഇതോടെ സമാ കഴിയും. 2018-ൽ സമാ കാണാൻ വേണ്ടി കൊനിയയിലേക്ക് ലേഖകൻ നടത്തിയ യാത്രയിൽ നിന്ന് മനസ്സിലാക്കിയതും വായിച്ചതുമായ അറിവുകളാണ് മേലെ സൂചിപ്പിച്ചത്.

റൂമിയുടെയും മകന്‍ സുല്‍ത്താന്‍ വലദിന്‍റെയും കാലത്ത് ഇന്ന് കാണുന്ന രൂപത്തില്‍ സമാക്ക് ഒരു സംഘടിത രൂപമുണ്ടായിരുന്നില്ല. പീര്‍ ആദില്‍ ചെലബിയുടെ കാലത്താണ് സമാ സവിശേഷമായൊരു രൂപം പ്രാപിച്ചത്. 17-ാം നൂറ്റാണ്ടിലായിരുന്നു റൂമി എഴുതിയ ഒരു പ്രവാചക പ്രകീര്‍ത്തനം സമായില്‍ ഉള്‍കൊള്ളിച്ചത്. മാത്രമല്ല,  കൊനിയയില്‍ നിന്ന് സമായുടെ അടരുകള്‍ തുര്‍ക്കിയുടെയും ലോകത്തിന്‍റെയും വിവിധ ഭാഗങ്ങളിലേക്കു പടര്‍ന്നു പന്തലിച്ചിട്ടുണ്ട്. ഇസ്താംബൂളിലൂടെ ഒരു സായാഹ്ന നടത്തത്തിനിടയില്‍ ഹാജിയ സോഫിയക്കു അടുത്തായി സമാ പ്രദര്‍ശിപ്പിക്കുന്നതു ഞാന്‍ കണ്ടിരുന്നു. കൊനിയയില്‍ നിന്നു വ്യത്യസ്തമായ രൂപത്തിലാണ് ഇവിടെ സമാ നടത്തുന്നത്. ഹോട്ടലുകള്‍ കേന്ദ്രീകരിച്ചു ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാണിതെന്നു ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായിരുന്നു. ഇന്ത്യയിലെ ചില സൂഫി സരണികളും സമായെ ആരാധനാ കര്‍മ്മമായി കാണുന്നുണ്ട്. ചിശ്തി സൂഫി സരണിയും സിന്ധിലെ താട്ട സൂഫികളും സമാ നടത്താറുണ്ട്. സൂഫിയും സുജാതയും എന്ന സിനിമയിലെ ചില ഭാഗങ്ങളിൽ  സൂഫി ഡാൻസിനുപയോഗിച്ച വസ്ത്രധാരണം സമായിൽ ഉപയോഗിക്കാറില്ല. സമായുടെ അത്തരം കോസ്റ്റ്യൂമുകളെ കുറിച്ചും ചർച്ച ചെയ്യേണ്ടതാണ്.

 

ഫാസില്‍ ഫിറോസ്