Campus Alive

“ഏകദൈവത്തിലുള്ള വിശ്വാസം അവരെ വംശീയതക്കെതിരാക്കി”

(1964 ൽ ഹജ്ജ് നിർവ്വഹണ വേളയിൽ തന്റെ അനുഭവങ്ങളെ വിശദീകരിച്ച് കൊണ്ട് മാൽകം എക്സ് എഴുതിയ കത്ത്)


 

മക്ക, സൗദി അറേബ്യ – 1964 ഏപ്രിൽ 26,

“ഭൂമിയിലെ ഏറ്റവും വിശുദ്ധമായതും അമുസ്‌ലിംകൾക്ക് നയനങ്ങൾ കൊണ്ട് പോലും അനുഭവിക്കാനാകാത്തതുമായ വിശുദ്ധ മക്കയിലേക്കുള്ള തീർത്ഥാടനം (ഹജ്ജ്) ഞാനിപ്പോൾ പൂർത്തീകരിച്ചിരിക്കുകയാണ്. ഓരോ മുസ്‌ലിമിന്റെയും ജീവിതത്തിലെ വളരെ സുപ്രധാനമായൊരു അനുഭവം കൂടിയാണ് ഈ തീർത്ഥാടനം. ഇവിടെയിപ്പോൾ ഏതാണ്ട് 226,000 ഓളം സഹോദരങ്ങളാണ് അറേബ്യക്ക് പുറത്തു നിന്ന് എത്തിയിട്ടുണ്ടാവുക. 600ഓളം ബസുകളിലായി ഏതാണ്ട് 50,000 ത്തോളം പേരടങ്ങുന്ന യാത്രാ സംഘങ്ങളായി, തുർക്കിയിൽ നിന്നാണ് ഏറ്റവുമധികം ഒഴുക്ക് ഉണ്ടായിട്ടുള്ളത്.  തുർക്കി ഇസ്‌ലാമിക പാതയിൽ നിന്ന് നീങ്ങുകയാണ് എന്ന പാശ്ചാത്യൻ പ്രചാരണങ്ങളെ ഇത് വളരെ ശക്തമായി തന്നെ ഖണ്ഡിക്കുന്നു.

അമേരിക്കയിൽ നിന്നും മക്കയിലെത്തി ഹജ്ജ് കർമ്മം നിർവഹിച്ച രണ്ട് അമേരിക്കക്കാരെ മാത്രമാണ് എനിക്കിതു വരെയായും അറിയുക. ഇസ്‌ലാമിലേക്കെത്തിച്ചേർന്ന അവരിരുവരും വെസ്റ്റ് ഇന്ത്യക്കാർ കൂടിയാണ്. എലിജാ മുഹമ്മദും അദ്ദേഹത്തിന്റെ 2 മക്കളും ഒരു കൂട്ടം അനുയായികളുടെ കൂടെ ഹജ്ജ് വേളയിലല്ലാതെ നിർവഹിച്ച ആ സന്ദർശനത്തെ ‘ഉംറ’ എന്നാണ് വിശേഷിപ്പിക്കപ്പെടുക. മുസ്‌ലിം ലോകത്ത് ഉംറ നിർവ്വഹിക്കുക എന്നതും വളരെയധികം അനുഗ്രഹീതമായ കാര്യമായാണ് കണക്കാക്കപ്പെടുന്നത്. ഏകദേശം 10 അമേരിക്കകാരെങ്കിലും മക്ക സന്ദർശിച്ചിരിക്കുമോ എന്നത് എനിക്കിപ്പോഴും സംശയമുള്ള കാര്യമാണ്. ഹജ്ജ് കർമ്മം പൂർത്തീകരിച്ച ആദ്യത്തെ അമേരിക്കൻ നീഗ്രോ വംശജൻ ഞാനായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. പ്രശംസിക്കപ്പെടുക എന്നൊരു ഉദ്ദേശത്തോടു കൂടിയല്ല ഞാൻ ഇത് പറയുന്നത്, മറിച്ച് എന്തുമാത്രം അനുഗ്രഹീതമായ നേട്ടമാണിതെന്ന് ചൂണ്ടിക്കാണിക്കാൻ വേണ്ടി മാത്രമാണ്. അതിലൂടെ ശരിയായ വെളിച്ചത്തിൽ നിങ്ങളുടെ ബുദ്ധിക്ക് അതിനെ വിശകലനം ചെയ്യാൻ കഴിയുമെന്നും അത്തരത്തിൽ നിങ്ങളുടെ സ്വന്തം ബുദ്ധിക്ക് അതിനെ ശരിയായ സ്ഥാനത്ത് സ്ഥാപിക്കാനാവുകയും ചെയ്തേക്കാം എന്ന് ഞാൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

വിശുദ്ധ നഗരത്തിലേക്കുള്ള ഈ തീർത്ഥാടനം എനിക്ക് വളരെയധികം മധുരമായൊരു അനുഭൂതിയാണ് ഉണ്ടാക്കി തന്നത്. എന്റെ വന്യമായ സ്വപ്നങ്ങൾക്കതീതമായ മറ്റനേകം അപ്രതീക്ഷിതമായ അനുഗ്രഹങ്ങൾ എന്നിൽ വന്നുചേർന്ന ഒരു അനുഭൂതി.

ഞാൻ ജിദ്ദയിലെത്തിയയുടനെ, മുഹമ്മദ് ഫൈസൽ രാജകുമാരൻ എന്നെ സന്ദർശിച്ചിരുന്നു. പ്രശസ്തനായ അദ്ദേഹത്തിന്റെ പിതാവ്, വിശിഷ്ട കിരീടധാരിയായ ഫൈസൽ രാജകുമാരൻ, അറേബ്യയുടെ ഭരണാധികാരി തന്റെ അതിഥിയാകാൻ ആഗ്രഹിക്കുന്നുവെന്ന് എന്നെ അറിയിച്ചു. അതിനുശേഷം സംഭവിച്ചത് വിവരിക്കാൻ നിരവധി പുസ്തകങ്ങളെടുത്തേക്കാം. ഏതായാലും ആ കൂടിക്കാഴ്ച്ചക്കുശേഷം എനിക്ക് മിനായിൽ ഒരു ഹോട്ടലിൽ വേണ്ടുവോളം സഹായികളും ഒരു പ്രൈവറ്റ് കാറും കൂടെ ഒരു ഗൈഡും ഉൾപ്പെടെയാണ് താമസ സൗകര്യമേർപ്പെടുത്തിയത്.

ഞാനൊരിക്കലും ഇത്രമാത്രം ബഹുമാനിക്കപ്പെടുകയോ അത്തരം ബഹുമാനവും ആദരവും മുമ്പൊരിക്കലും എന്നെ ഇത്രയധികം വിനയാന്വിതനാക്കുകയോ ചെയ്തിട്ടില്ല. അത്തരം അനുഗ്രഹങ്ങൾ ഒരു അമേരിക്കൻ നീഗ്രോയിൽ കേന്ദ്രീകരിക്കപ്പെടുമെന്ന് ആരാണ് വിശ്വസിക്കുക!!! (എന്നാൽ) മുസ്‌ലിം ലോകത്ത് ഒരാൾ ഇസ്‌ലാം സ്വീകരിച്ചു കഴിഞ്ഞാൽ അവൻ വെളുത്തതോ നീഗ്രോയോ ആകുന്നത് അവസാനിക്കുന്നു. ഇസ്‌ലാം എല്ലാ മനുഷ്യരെയും മനുഷ്യരായി തന്നെ അംഗീകരിക്കുന്നു. അതുകൊണ്ടു തന്നെ അറേബ്യയിലെ ആളുകളും, ദൈവം ഏകനാണെന്നും എല്ലാ ആളുകളും ഒന്നാണെന്നും വിശ്വസിക്കുന്നു. എല്ലാ മനുഷ്യരും തങ്ങളുടെ സഹോദരീസഹോദരന്മാരും ഒരൊറ്റ മനുഷ്യകുടുംബവുമാണെന്നും അവർ മനസ്സിലാക്കുന്നു.

അറേബ്യയിൽ കണ്ട അത്തരം ആത്മാർത്ഥമായ ആതിഥ്യമര്യാദയ്ക്കും യഥാർത്ഥ സാഹോദര്യ സമ്പ്രദായത്തിനും ഞാൻ മുമ്പൊരിക്കലും വേറൊരിടത്തും സാക്ഷ്യം വഹിച്ചിട്ടില്ല. വാസ്തവത്തിൽ ഈ തീർത്ഥാടനവേളയിൽ ഞാൻ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ, മറ്റു പല ചിന്താ രീതികളെയും “പുനഃക്രമീകരിക്കാനും” എന്റെ മുൻ നിഗമനങ്ങളിൽ ചിലതിനെ തള്ളിക്കളയാനും എന്നെ പ്രേരിപ്പിച്ചു. “യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടൽ” എനിക്ക് ഉൾക്കൊള്ളാൻ പ്രയാസമുള്ളതായിരുന്നില്ല. കാരണം ഞാൻ വിശ്വസിക്കുന്ന കാര്യങ്ങളിൽ ഉറച്ച ബോധ്യമുണ്ടെങ്കിലും, എപ്പോഴുമൊരു തുറന്ന മനസ്സ് സൂക്ഷിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. സത്യത്തിനായുള്ള ബൗദ്ധിക അന്വേഷണത്തിന്, ആരുമായും കൈകോർക്കാനുള്ള  വഴക്കത്തെ പ്രതിഫലിപ്പിക്കാൻ ഇത് തികച്ചും ആവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം, സത്യത്തിനായുള്ള അന്വേഷണം ഒരിക്കലും അവസാനിക്കുന്ന ഒന്നല്ല.

ഭൂമിയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള, എല്ലാ നിറങ്ങളിൽ നിന്നുമുള്ളവരായ മുസ്‌ലിംകൾ ഇവിടെയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മക്കയിൽ (ജിദ്ദ, മിന, മുസ്ദലിഫ) ഹജ്ജ് ആചാരങ്ങൾ മനസ്സിലാക്കുന്നതിനിടയിൽ, രാജാക്കന്മാർ, പ്രഭുക്കൾ, മറ്റ് മുസ്‌ലിംകളായുള്ള ഭരണാധികാരികൾ തുടങ്ങിയവരോടൊപ്പം ഞാൻ ഒരേ തളികയിൽ നിന്ന് കഴിക്കുകയും, ഒരേ ഗ്ലാസിൽ നിന്ന് കുടിക്കുകയും ഒരേ കട്ടിലിലോ വിരിപ്പിലോ ഉറങ്ങുകയും ചെയ്തു. അവരൊക്കെയും വെളുത്ത ചർമ്മവും, നീലനിറമുള്ള കണ്ണുകളും, സുന്ദരമായ തലമുടിയുമുള്ളവരായിരുന്നു. എനിക്ക് അവരുടെ നീലക്കണ്ണുകളിലേക്ക് നോക്കാനും അവർക്ക് എന്നെ ഒരേ (സഹോദരന്മാരായി) കാണാനും കഴിയുന്നുണ്ടായിരുന്നു. കാരണം ഏകദൈവത്തിലുള്ള(അല്ലാഹു) അവരുടെ വിശ്വാസം അവരുടെ മനസ്സിൽ നിന്ന് “വെളുപ്പിനെ” നീക്കംചെയ്തിരുന്നു. ഇത് അവരുടെ മനോഭാവത്തെയും മറ്റ് നിറക്കാരായ ജനങ്ങളോടുള്ള പെരുമാറ്റത്തെയും മാറ്റി. ഏകത്വത്തിലുള്ള അവരുടെ വിശ്വാസം അമേരിക്കൻ വെള്ളക്കാരിൽ നിന്ന് അവരെ വളരെയേറെ വ്യത്യസ്തരാക്കിയിരുന്നു. അവരുമായി ഇടപഴകുന്നതിൽ അവരുടെ നിറങ്ങൾ എന്റെ മനസ്സിൽ ഒരു പങ്കും വഹിച്ചിരുന്നില്ല. ഏകദൈവത്തോടുള്ള അവരുടെ ആത്മാർത്ഥതയും എല്ലാ ആളുകളെയും തുല്യരായി സ്വീകരിക്കുന്ന മനോഭാവവും വെള്ളക്കാരല്ലാത്തവരെയും ഇസ്‌ലാമിന്റെ സാഹോദര്യ വലയത്തിൽ ചേർത്തുപിടിക്കാൻ അവരെ പ്രാപ്തരാക്കി.

വെള്ളക്കാരായ അമേരിക്കക്കാർക്ക് ഇസ്‌ലാം സ്വീകരിക്കാനും, ദൈവത്തിന്റെ (അല്ലാഹു) ഏകത്വം അംഗീകരിക്കാനും കഴിയുമെങ്കിൽ അവർക്കും മനുഷ്യരുടെ ഏകത്വം ആത്മാർത്ഥമായി ഉൾക്കൊക്കാനും മറ്റുള്ളവരെ അവരുടെ “നിറവ്യത്യാസം” അടിസ്ഥാനമാക്കി അളക്കുന്നത് അവസാനിപ്പിക്കാനും കഴിയും. അമേരിക്കയിലിപ്പോൾ ചികിത്സയില്ലാത്ത  അർബുദം കണക്കെ പടർന്നു കൊണ്ടിരിക്കുന്ന വംശീയതയുടെ പശ്ചാത്തലത്തിൽ ചിന്താശീലരായ അമേരിക്കക്കാർ, വംശീയതക്കെതിരെയുള്ള ഒരു തെളിയിക്കപ്പെട്ട പരിഹാരം എന്ന നിലക്ക് ഇസ്‌ലാമിനെ കൂടുതൽ സ്വീകരിക്കേണ്ടതായുണ്ട്.

അമേരിക്കൻ നീഗ്രോയുടെ വംശീയ “ശത്രുത”യെ അല്ലെങ്കിൽ “വിരോധത്തെ” ഒരിക്കലും കുറ്റപ്പെടുത്താനാവില്ല. കാരണം അമേരിക്കയിൽ നിലനിൽക്കുന്ന, അമേരിക്കൻ നീഗ്രോകൾക്കെതിരെയുള്ള ബോധപൂർവമായ വംശീയതയോടുള്ള, അവന്റെ ഉപബോധ മനസ്സിന്റെ പ്രതികരണമായും ഒരു പ്രതിരോധ സംവിധാനമായുമാണ് അത്തരത്തിലൊരു വികാരം അവനിൽ ഉടലെടുക്കുന്നത്.

ഗർത്തങ്ങളിലേക്ക് വലിക്കപ്പെടുന്ന ഈർപ്പം പോലെ, വംശീയതയോടുള്ള അമേരിക്കയുടെ ഭ്രാന്തമായ അഭിനിവേശം, അതിനെ ആത്മഹത്യാ പാതയിലേക്കാണ് നയിച്ചു കൊണ്ടിരിക്കുന്നത്. യുവതലമുറയിലെ വെള്ളക്കാർ, തങ്ങളുടെ കോളേജുകളിലും സർവകലാശാലകളിലും, അവരുടെ ചെറുപ്പക്കാരായ കൂട്ടുകാരിലൂടെയും കാര്യങ്ങൾ ഗ്രഹിക്കുമെന്നും, അവരിലെ വിവേകികൾ ‘ചുമരുകളിലെ കയ്യക്ഷരങ്ങളിലൂടെ ‘ കടന്നുപോകുമെന്നും അങ്ങനെ, ഇസ്‌ലാമിൽ ആത്മ സംതൃപ്തി കണ്ടെത്തുന്നവരായി മാറുമെന്നും, അതിലൂടെ അവരുടെ മുൻഗാമികളെയും അതിലേക്ക് തിരിച്ചു വിടാൻ കഴിവുള്ളവരായി മാറുമെന്നും ഞാൻ വിശ്വസിക്കുന്നു.

വംശീയത ഉണ്ടാക്കിത്തീർത്ത ദുരന്തങ്ങളെ വെളുത്ത അമേരിക്കയ്ക്ക് തളർത്താനുള്ള ഒരേയൊരു മാർഗ്ഗമായിരിക്കും ഇത്. ഹിറ്റ്‌ലറുടെ നാസി ജർമ്മനിയായിരിക്കും അത്തരത്തിലുള്ള ദുരന്തങ്ങൾക്ക് മികച്ച തെളിവായി നിലനിൽക്കുന്നത്.

ഞാൻ ഇപ്പോൾ മക്ക സന്ദർശിക്കുകയും എന്റെ മതത്തിന്റെ (ഇസ്‌ലാം) ആഴം നന്നായി മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ എന്റെ വ്യക്തിപരമായ ആത്മീയ പാത ക്രമീകരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ ആഫ്രിക്കൻ പിതൃരാജ്യത്തിലേക്കുള്ള യാത്ര തുടരാൻ ഞാൻ ഇനിയും കുറച്ച് ദിവസങ്ങൾ കൂടി ഇവിടെയുണ്ടായിരിക്കും. അല്ലാഹു ഉദ്ദേശിച്ചാൽ, ന്യൂയോർക്കിലേക്ക് മടങ്ങുന്നതിനുമുമ്പ് മെയ് 20 നകം ഞാൻ സുഡാൻ, കെനിയ, ടാൻഗുവാനിക്ക, സാൻസിബാർ, നൈജീരിയ, ഘാന, അൾജീരിയ എന്നിവിടങ്ങൾ സന്ദർശിച്ചിരിക്കും.

നിങ്ങൾ ആഗ്രഹിക്കുന്ന ഏതുവിധേനയും ഈ കത്ത് നിങ്ങൾക്ക് ഉപയോഗിക്കാം”.

– El-Hajj Malik El-Shabbazz

(Malcolm X)

 


വിവർത്തനം: ആയിശ നൗറിൻ

Credit: momentsintime.com

മാൽകം എക്സ്