(Methodological Issues On Research In Science: Principles, Tradition And Contemporary Needs എന്ന തലക്കെട്ടിൽ എസ് ഐ ഓ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹ രൂപം)
ശാസ്ത്രമെന്ന പരികല്‍പ്പനയെ ആധുനിക ശാസ്ത്രമെന്ന നിലയിലാണ് നമ്മള്‍ മനസ്സിലാക്കുന്നത്. അങ്ങനെയൊരു ധാരണയെ സ്വീകരിച്ചതിനു ശേഷം ലോകത്തുള്ള എല്ലാ കാര്യങ്ങളേയും അതിന്റെ ബോധത്തിനകത്തു നിന്നുകൊണ്ട് മനസ്സിലാക്കാന്‍ ശ്രമിക്കും. അങ്ങിനെയാണ് മുമ്പ് (ഇന്നും) ഖുര്‍ആനിനെ ശാസ്ത്രാനുസൃതമായി വ്യാഖ്യാനിക്കുന്ന പ്രവണതയുണ്ടായത്. വളരെ പ്രഗത്ഭരായ ആളുകള്‍ പോലും ‘ബിഗ് ബാങ്ങ് തിയറി’ ഖുര്‍ആനിലുണ്ടെന്ന് വാദിക്കുന്നത് ഈ ഒരു ലോജിക്കിനകത്തു നിന്നാണ്. ശാസ്ത്രത്തെ മെറ്റാഫിസിക്കലായി വിശകലനം ചെയ്യുന്ന പ്രവണത നേരത്തേയുണ്ട്. പ്രപഞ്ച വികാസത്തെ ഹിന്ദു വേദങ്ങളില്‍ കണ്ടെടുക്കാനുള്ള പരിശ്രമങ്ങളൊക്കെ അതിന്റെ ഭാഗമാണ്. അതേ പോലെ മെറ്റാഫിസിക്കലായ കാര്യങ്ങളെ പോലും വിശകലനം ചെയ്യാന്‍ പ്രാപ്തമായ ഒന്നാണ് ആധുനിക ശാസ്ത്രം എന്ന് ഒട്ടുമിക്ക ആളുകളും വിശ്വസിക്കുന്നുമുണ്ട്. ശാസ്ത്രീയമായ ഒരു രീതിശാസ്ത്രത്തിലൂടെ (methodology) എല്ലാ അറിവും നേടാന്‍ കഴിയുമെന്ന് നമ്മള്‍ ധരിക്കുന്നു.
ശാസ്ത്രത്തെ വളരെ സമകാലീനമായ ഒരു പ്രതിഭാസമായാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. മുമ്പും ആളുകള്‍ പ്രപഞ്ചത്തെക്കുറിച്ച് പഠിച്ചിട്ടുണ്ട്, പക്ഷേ അതിനെ ഇന്നത്തെ ശാസ്ത്രമെന്ന നിലയില്‍ മനസ്സിലാക്കാന്‍ കഴിയില്ല. ഉദാഹരണത്തിന് ഇന്ന് ഫിസിക്‌സ് എന്ന് നമ്മള്‍ പറയുന്നത് ഭൗതികമായ/ ജീവനില്ലാത്ത കാര്യങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ്. ജീവനുള്ളവയെക്കുറിച്ചുള്ള പഠനത്തിന് ബയോളജി എന്നും പറയുന്നു. ജീവന്റെ ബയോളജിക്കലായ ഒരു നിര്‍വ്വചനത്തിലൂടെയാണ് ഈ വിഭജനം സാധ്യമാവുന്നത്. ഫിലോസഫിക്കലായ ഒരു പ്രശ്‌നം ഇവിടെയുണ്ട്. ജീവനുള്ളവയും (animate) ജീവനില്ലാത്തവയും (inanimate) എന്ന വിഭജനം സാര്‍വ്വലൗകികവും സ്വീകാര്യവുമാണോ? ഇസ്‌ലാമില്‍ അങ്ങനെയൊരു വിഭജനത്തെ നമുക്ക് കാണാന്‍ കഴിയില്ല. ഒട്ടകത്തെയും ആകാശ ഭൂമികളെയും അല്ലാഹു ഒറ്റ വിശകലനത്തില്‍ കൊണ്ടു വരുന്നത് കാണാം (അഫലാ യന്‍ളുറൂന ഇലില്‍ ഇബ്‌ലി കൈഫ ഹുലിഖത്ത് വ ഇല സമാഇ കൈഫ റുഫിഅത് -അൽ ഗാശിയ: 17-18). അല്ലാഹു ഹയ്യുല്‍ ഖയ്യൂം എന്ന് പറയുമ്പോള്‍ അല്ലാഹു ജീവനുള്ളവനാണ് എന്നാണര്‍ത്ഥം. അത് ബയോളജിക്കലാണോ? ജീവന്റെ ബയോളജിക്കലായ നിര്‍വ്വചനം പുതിയതും ആധുനിക ശാസ്ത്രത്തിന്റെ അടിത്തറയുമാണ്. നമുക്ക് അതിനപ്പുറത്തേക്ക് പോവേണ്ടി വരും. അതേ പോലെ ഫിസിക്‌സ് (ഇല്‍മുത്തബീഇയ്യ) എന്നതിന്റെ പാരമ്പര്യ അര്‍ത്ഥം പരിശോധിച്ചാല്‍ അതില്‍ ബയോളജിയും ഫിസിക്‌സും കെമിസ്ട്രിയുമൊക്കെ ഉള്‍പ്പെടുന്നത് കാണാം. സൃഷ്ടിക്കപ്പെട്ട വസ്തുക്കളുടെ പ്രകൃതത്തെക്കുറിച്ചുള്ള പഠനം എന്ന നിലയിലാണത് കണക്കാക്കപ്പെട്ടിരുന്നത്. അഥവാ ഇന്നത്തെ ശാസ്ത്രത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന വര്‍ഗ്ഗീകരണം ആധുനികമാണ്.
തോമസ് കുന്‍ (Thomas Kuhn) പറയുന്നത് രേഖീയമായി, നിരന്തരം പുരോഗമിക്കുന്ന ഒരു ശാഖയായി ശാസ്ത്രത്തെ കാണരുത് എന്നാണ്. പഴയ ഈജിപ്ത്, ഗ്രീക്ക് ശാസ്ത്രങ്ങളില്‍ നിന്ന് രേഖീയമായി പുരോഗമിച്ച് ഏറ്റവും ഉന്നതമായ ഇന്നത്തെ ശാസ്ത്രത്തിലെത്തിച്ചേര്‍ന്നു എന്ന വാദത്തെ അദ്ദേഹം ചോദ്യം ചെയ്യുന്നു. പലരും കരുതുന്നതു പോലെ ചരിത്രം, ഭൂമിശാസ്ത്രം, ദാര്‍ശനികത എന്നിവക്കതീതമായി തീര്‍ത്തും സ്വതന്ത്രമായി നില്‍ക്കുന്ന ഒന്നല്ല ശാസ്ത്രം. പാരഡൈം (paradigm) എന്ന നിലക്കാണ് അദ്ദേഹം ശാസ്ത്രത്തിന്റെ മുന്നോട്ടുപോക്കിനെ കാണുന്നത്. ശാസ്ത്രത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളില്‍ തന്നെ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. നേരത്തേ ടോളമിയും അരിസ്‌റ്റോട്ടിലുമൊക്കെ പ്രപഞ്ചത്തെ ഭൂമി കേന്ദ്രീകൃതമായൊരു പ്രപഞ്ചഘടനയായാണ് കണ്ടിരുന്നത്. അതിന്റെ സ്വാധീനങ്ങള്‍ അന്നത്തെ തത്വചിന്തയിലും കലയിലുമൊക്കെ കാണാന്‍ കഴിയും. പിന്നീട് കോപ്പര്‍നിക്കസും കെപ്ലറുമൊക്കെ അതിനെ സൂര്യകേന്ദ്രീകൃതമായി പുതുക്കുകയും പ്രപഞ്ചത്തെ മനസ്സിലാക്കുന്നതില്‍ ഒരു പാരഡൈം ഷിഫ്റ്റ് സംഭവിക്കുകയും ചെയ്യുന്നു. അതേ പോലെ ഒന്നു രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ‘ഈഥര്‍ (Ether)’ ശാസ്ത്രീയമായ ഒരു സങ്കല്‍പ്പമായിരുന്നു. അതിനെ അടിസ്ഥാനപ്പെടുത്തി ടെക്‌നോളജികളും സിദ്ധാന്തങ്ങളുമൊക്കെ രൂപപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് അത് ശാസ്ത്രീയമായ ഒരു കാര്യമായി ആരും തന്നെ കണക്കാക്കുന്നില്ല. ഇങ്ങനെ മൗലികമായ കാഴ്ചപ്പാടുകളില്‍ തന്നെ അടിമുടി മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടാണ് സയന്‍സ് മുന്നോട്ടു പോവുന്നത്. Kuhnന്റേത് തീര്‍ത്തും യൂറോകേന്ദ്രീകൃതമായ ലോകബോധത്തിനകത്തു നിന്നുകൊണ്ടുള്ള വിമർശം തന്നെയാണ്. ആധുനിക ശാസ്ത്രത്തെ പൂര്‍ണ്ണമായി സ്വീകരിച്ചുകൊണ്ടുള്ള പരിമിതമായ ധാരണകളില്‍ നിന്നാണ് അദ്ദേഹത്തിന്റെ വിശകലനങ്ങള്‍. പക്ഷേ അതു തന്നെയും പലപ്പോഴും നമ്മളെ പഠിപ്പിക്കപ്പെടുന്നതു പോലെ, ശാസ്ത്രം എന്നത് സർവ്വലൗകികവും സർവ്വകാലികവും അല്ല എന്ന കാഴ്ചപ്പാട് സ്ഥാപിക്കുന്നുണ്ട്; അതിനകത്തു സംഭവിക്കുന്ന മൗലികമായ മാറ്റങ്ങളെ അടയാളപ്പെടുത്തുന്നുമുണ്ട്.

ട്രൂത്ത് എങ്ങനെ കണ്ടെത്താന്‍ കഴിയും എന്നതാണ് മൗലികമായ ചോദ്യം. ശാസ്ത്രജ്ഞർ തന്നെ പറയുന്നത് ശാസ്ത്രത്തിന് സത്യത്തെ കണ്ടെത്താന്‍ കഴിയില്ല എന്നാണ്. അഥവാ ശാസ്ത്രത്തിന് ട്രൂത്ത് വാല്യൂ ഇല്ല എന്ന്. കാള്‍ പോപ്പര്‍ (Karl Popper) പറയുന്നത് ഒരു പരികല്‍പന സയന്റിഫിക് ആവണമെങ്കില്‍ അതിന് ഫാള്‍സിഫയബിലിറ്റി (Falsifiability) ഉണ്ടായിരിക്കണമെന്നാണ്. അഥവാ അത് തെറ്റാണ് എന്ന് തെളിയിക്കപ്പെടാനുള്ള സാധ്യത ആ തിയറിക്കകത്ത് ഉണ്ടായിരിക്കണം. അങ്ങനെയാണദ്ദേഹം മാര്‍ക്‌സിസവും ഫ്രോയിഡിയന്‍ സൈക്കോ അനാലിസിസുമൊന്നും ശാസ്ത്രീയമല്ല എന്ന് പറയുന്നത്. പക്ഷേ ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യം ഒരു സംഗതി ഫാള്‍സിഫയബ്ള്‍ ആയതുകൊണ്ട് അത് ട്രൂത്ത് ആവുന്നില്ല എന്നുള്ളതാണ്.
നമ്മളുടെ പ്രശ്‌നം നമ്മള്‍ ഏറ്റവും റിയല്‍ ആയി മനസ്സിലാക്കുന്നത് ഭൗതിക ലോകത്തെയാണ് എന്നുള്ളതാണ്. ഒരു സ്വപ്‌നത്തെക്കുറിച്ച് പറയുമ്പോള്‍ അത് ആലങ്കാരികമാണ് എന്നാണ് നമ്മള്‍ പറയുക. അഥവാ നമുക്ക് material ആണ് real. അല്ലാഹുവിനെ തന്നെയും വളരെ അമൂര്‍ത്തവും വിദൂരവുമായ ഒരു യാഥാർഥ്യം ആയാണ് പലപ്പോഴും നമ്മള്‍ മനസ്സിലാക്കുന്നത്. പക്ഷേ തിയോളജി പറയുന്നത് ഏറ്റവും unreal ആയതാണ് ഫിസിക്കല്‍ എന്നാണ്. ഫിസിക്കല്‍ ആയതിന്റെ മുകളിലുള്ള യാഥാര്‍ത്ഥ്യത്തെ തേടുന്നതിനു പകരം, ഫിസികലിന്റെ ഉള്ളിലെന്താണുള്ളത് എന്ന് തേടുന്നതിലൂടെ ഫിസികല്‍ ആയതിനേക്കാളും unreal ആയ ഒന്നിലേക്കാണ് നമ്മള്‍ പോവുന്നത്. അങ്ങിനെയുള്ളൊരു quantitave mathematics മെറ്റാഫിസിക്‌സിനെ replace ചെയ്ത കാലത്താണ് നാമുള്ളത്. ഇത് നമ്മളെ അല്ലാഹുവിൽ നിന്നും അവനെ തിരിച്ചറിയുന്നതിൽ നിന്നും അകറ്റുകയും ഭൗതിക ലോകത്ത് തളച്ചിടുകയും ചെയ്യും. ശാസ്ത്ര വിദ്യാഭ്യാസം നമ്മളുടെയൊക്കെ ജീവിതത്തെയും വിശ്വാസത്തെയും പല നിലക്ക് സ്വാധീനിച്ചു കൊണ്ടിരിക്കുന്നുണ്ട്. നമ്മുടെ ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് മാത്രം അതിനെ മറികടക്കാന്‍ കഴിയില്ല.

ഖുര്‍ആനില്‍ അഖ്ല്‍, ലുബ്ബ് എന്നീ പ്രയോഗങ്ങളെ വിശകലനം ചെയ്തുകൊണ്ട് ഇമാം റാസി (റ) പറയുന്നത് അഖ്ല്‍ എന്നത് പ്രത്യക്ഷമായ ബുദ്ധിയെയും ലുബ്ബ് എന്നത് അതിന്റെ deeper core ഉം ആണെന്നാണ്. ലുബ്ബ് ഉപയോഗിച്ചുകൊണ്ട് നമ്മള്‍ കണ്ടെത്തുന്ന ജ്ഞാനമാണ് കൂടുതല്‍ ഉയര്‍ന്നതും മൂല്യവത്തായതും. പഞ്ചേന്ദ്രിയങ്ങള്‍, അഖ്ല്‍, ഇല്‍ഹാം, വഹ്‌യ് തുടങ്ങിയ അറിയാനുള്ള മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും താഴ്ന്നതായാണ് പഞ്ചേന്ദ്രിയങ്ങളെ പരിഗണിച്ചിരുന്നത്. പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ജ്ഞാനമാണ് സയന്‍സ് എന്നു പറയുന്നത്. അങ്ങനെയൊരു രീതിശാസ്ത്രത്തിലുള്ള ആശ്രിതത്വം നമ്മളുടെ ജീവിതത്തെ താഴോട്ടുകൊണ്ട് പോവുന്നുണ്ട്. മുമ്പ് ആളുകൾ അവരുടെ ചിന്താ ശേഷിക്കും ബുദ്ധിക്കും അന്തർജ്ഞാനത്തിനും (intuition) ഒക്കെ പ്രാധാന്യം നൽകിയിരുന്നു.
ശഹീദ് ഇസ്മാഈല്‍ റജി ഫാറൂഖി വിജ്ഞാനങ്ങുടെ ഇസ്‌ലാമീകരണം എന്ന പ്രൊജക്ട് മുന്നോട്ടു വെക്കുമ്പോഴും അദ്ദേഹം അതിനെ വിഭാവന ചെയ്യുന്നത് മനുഷ്യന്റെ പ്രത്യക്ഷമായ യുക്തിയും പരീക്ഷണങ്ങളും ഉപയോഗിച്ചുള്ള ഇസ്‌ലാമീകരണം എന്ന നിലക്കായിരുന്നു. പിന്നീട് അതേ ചിന്താധാരയില്‍ വന്ന ത്വാഹാ ജാബിര്‍ അല്‍വാനി, മുന അബുല്‍ ഫദ്ല്‍ ഒക്കെ പറയുന്നത് പരീക്ഷണ നിരീക്ഷണങ്ങളും യുക്തിയും മാത്രം ഉപയോഗിച്ച് വിജ്ഞാനങ്ങളുടെ ഇസ്‌ലാമീകരണം സാധ്യമല്ല എന്നാണ്. അതിനപ്പുറമുള്ള വഹ്‌യ്, ഇല്‍ഹാം തുടങ്ങിയ ജ്ഞാനത്തിന്റെ രീതിശാസ്ത്രങ്ങളെ ആശ്രയിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ശേഷികളെ വികസിപ്പിച്ചെടുക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. എന്നാല്‍ നാമിന്ന് ചെയ്യുന്നതാവട്ടെ പഞ്ചേന്ദ്രിയങ്ങളിലൂടെ അറിവ് നേടാനുള്ള കഴിവിനെ മാത്രമാണ് പരിപോഷിപ്പിക്കുന്നത്. അല്ലാഹുവിന്റെ അടയാളങ്ങളെ തിരിച്ചറിയുക, അവനിലേക്ക് മനുഷ്യനെ കൂടുതല്‍ അടുപ്പിക്കുക എന്നിവയൊക്കെയാവണം നമ്മളുടെ ശാസ്ത്രാന്വേഷണങ്ങളുടെ ലക്ഷ്യങ്ങള്‍.
പ്രഭാഷണത്തിന്റെ പൂർണ്ണ രൂപം: