Campus Alive

ആധുനിക തുര്‍ക്കിയുടെ ഇസ്‌ലാം ഇടപാടുകള്‍

തുര്‍ക്കി സാമൂഹിക ഘടനയില്‍ ഇസ്‌ലാം നൂറ്റാണ്ടുകളായി ചെലുത്തിയ സ്വാധീനത്തെയും സാന്നിധ്യത്തെയും നിഷേധിച്ചു കൊണ്ടായിരുന്നു കമാല്‍ അത്താതുര്‍ക്ക് തുടങ്ങിവെച്ച പരിഷ്‌കരണണങ്ങള്‍. കെമാലിസ്റ്റുകള്‍ സ്റ്റേറ്റിന്റെ ഐഡിയോളജിയായി സെക്യുലരിസം സ്വീകരിച്ചിരുന്നുവെങ്കിലും അധികാരം നിലനിര്‍ത്തുന്നതിനായി ഇസ്‌ലാമിനോട് പ്രായോഗികമായ സമീപനമാണ് സ്വീകരിച്ചത്. തുര്‍ക്കിയിലെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ വിവിധ ഘട്ടങ്ങളില്‍ കെമാലിസ്റ്റുകള്‍ ഇസ്‌ലാമിനെ ഉപയോഗിച്ചിട്ടുണ്ട്. അത്താതുര്‍ക്കിന്റെ പാശ്ചാത്യവല്‍ക്കരണത്തോടും സാമൂഹിക- രാഷ്ട്രീയ മേഖലകളിലെ നിര്‍ബന്ധിത പരിവര്‍ത്തനത്തോടും പണ്ഡിതലോകം വ്യത്യസ്ത രീതിയിലാണ് പ്രതികരിച്ചത്‌. ചരിത്രപരമായി തുര്‍ക്കി സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനമുള്ള സൂഫീധാരകളുടെ നേതൃത്വങ്ങളും ഈ സാമൂഹിക- രാഷ്ട്രീയമാറ്റങ്ങളെ സൂക്ഷ്മമായാണ് വീക്ഷിച്ചത്. ബദീഉസ്സമാന്‍ സഈദ് നൂര്‍സി അടക്കമുള്ള പ്രതിഭാധനരായ പണ്ഡിതന്മാര്‍ ഈ പരിഷ്‌കരണങ്ങളെ വിമര്‍ശിക്കാനും മതവിശ്വാസികളെ ഭവിഷ്യത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും മടിച്ചിരുന്നില്ല.

ഒന്നാം ഘട്ടം

ആധുനിക തുര്‍ക്കിയിലെ ഇസ്‌ലാമിന്റെ സാമൂഹിക രാഷ്ട്രീയ വ്യവഹാരത്തെ അഞ്ച് ഘട്ടങ്ങളായി തരംതിരിക്കാന്‍ സാധിക്കും. 1924 ലെ തുര്‍ക്കി റിപ്പബ്ലിക്കിന്റെ സ്ഥാപനം മുതല്‍ 1946 ല്‍ കെമാലിസ്റ്റ ഭരണകൂടത്തിന്റെ ഏകാധിപത്യ അധികാരം നഷ്ടപ്പെടുന്നതു വരെയുളളതാണ് ആദ്യ ഘട്ടം. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി നൂറ്റാണ്ടുകളായി തുര്‍ക്കിയുടെ സാമൂഹിക- രാഷ്ട്രീയ പരിസരത്തില്‍ അവിഭാജ്യ ഘടകമായ ഇസ്‌ലാമിന്റെ ഉച്ഛാടനമായിരുന്നു അത്താതുര്‍ക്ക് ആദ്യം ലക്ഷ്യം വെച്ചത്. തുര്‍ക്കി സമൂഹത്തെ എല്ലാ ഭാഗത്തുനിന്നും പിന്നിലേക്ക് നയിച്ചത് ഖിലാഫത്തും അതിനു പ്രതലമൊരുക്കിയത് ഇസ്‌ലാമുമായിരുന്നു എന്നതാണ് അത്താതുര്‍ക്ക് അഭിപ്രായപ്പെട്ടത്. സ്വതവേ ദുര്‍ബ്ബലമായ ഖിലാഫത്തിനെ 1924ല്‍ നീക്കം ചെയ്തു. 1925 ല്‍ ഇസ്‌ലാമിന്റെ എല്ലാചലനങ്ങളെയും നിയന്ത്രിച്ചിരുന്ന സൂഫീ ത്വരീഖത്തുകള്‍, മതസ്ഥാപനങ്ങള്‍ എന്നിവയെല്ലാം നിര്‍ത്തലാക്കി. 1926 ല്‍ സെക്യുലര്‍ നിയമ സംഹിത തിരഞ്ഞെടുക്കുകയും സാമ്പ്രദായിക- സാംസ്‌കാരിക മേഖലകളില്‍ പരിവര്‍ത്തനം എന്ന പേരില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ വസ്ത്രരീതി കടമെടുക്കുകയും ചെയ്തു. 1928 ല്‍ മതാധികാരം നീക്കം ചെയ്യുക എന്ന ഉദ്ദേശ്യത്തിനായി സ്റ്റേറ്റിലെ എല്ലാ മതകോടതികളും ഉഥ്മാനിയാ ഖിലാഫത്തിന്റെ ഭാഗമായി നിലനിന്നിരുന്ന മതാധികാരപട്ടങ്ങളും നിരോധിച്ചു. 1937 ല്‍ പരിപൂര്‍ണ്ണമായി തുര്‍ക്കിയെ സെക്യുലര്‍ സ്റ്റേറ്റായി പ്രഖ്യാപിച്ചു.

Said Nursi

സെക്യുലര്‍‌ സ്റ്റേറ്റിലെ ഭൂരിപക്ഷമതം എന്ന നിലയില്‍ ഇസ്‌ലാമികചിന്തകളെയും പ്രവര്‍ത്തനങ്ങളെയും നിയ്ന്ത്രിക്കാനായി എല്ലാ പള്ളികളെയും മറ്റ് മതസംവിധാനങ്ങളെയും സ്റ്റേറ്റിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ‘ദിയാനത്’ (Directorate of Religious Affairs) രൂപീകരിക്കുകയും ചെയ്തു. ‘ദിയാനത്തി’ലൂടെ യഥാര്‍ത്ഥ ഇസ്‌ലാമിനെ പരിചയപ്പെടുത്തുക എന്ന പ്രൊജക്ടിന് തുടക്കമിട്ടു. കെമാലിസ്റ്റ് സെക്യുലരിസ്റ്റ് വായനയുടെ അടിസ്ഥാനത്തില്‍, തുര്‍ക്കി സമൂഹം അതുവരെ അനുഭവിച്ചിട്ടില്ലാത്ത തീര്‍ത്തും അരാഷ്ട്രീയമായ ഇസ്‌ലാമിനെ തുര്‍ക്കി പ്രചരിപ്പിക്കാനാരംഭിച്ചു. ദേശീയതയിലൂന്നിയ തുര്‍ക്കി സാംസ്‌കാരിക ചിഹ്നങ്ങള്‍ മാത്രം പ്രകടിപ്പിക്കുന്ന പഠനങ്ങള്‍ പുറത്തിറക്കുകയും ഇസ്‌ലാമിക പുത്തനുണര്‍വുകളെ ശക്തമായി അടിച്ചമര്‍ത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സഈദ് നൂര്‍സിയുടെ ചിന്തകളില്‍ വെത്യാസം രൂപപ്പെടുന്നത്. അത്താതുര്‍ക്കിന്റെ പരിഷ്‌കാരങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തിയ സഈദ് നൂര്‍സി രണ്ടാം സഈദ് എന്ന് നാമകരണം ചെയ്ത് വിശ്വാസം, യുക്തി എന്നിവക്ക് പ്രാമുഖ്യം നല്‍കിയ സാഹചര്യത്തിലേക്ക് മാറിയത്. ഇബ്‌റാഹീം മുഹമ്മദ് അബൂറബി കൂടുതല്‍ അദ്ധ്യാത്മികതയിലേക്കും തര്‍ബിയ്യത്തിനെക്കുറിച്ച ചിന്തകളിലേക്കും മാറിയ ‘മൂന്നാം സഈദ്’ എന്ന സഈദ് നൂര്‍സിയുടെ അവസാന ഘട്ടത്തെ വിശകലനം ചെയ്യുന്നണ്ട്. കെമാലിസ്റ്റ് ഭണകൂടം സമൂഹത്തില്‍ സൃഷ്ടിച്ച ആത്മീയമായ അരക്ഷിതാവസ്ഥയെ നേരിട്ട നൂര്‍സിയുടെ ചിന്തകള്‍ പില്‍ക്കാലത്ത് രൂപപ്പെട്ട ഇസ്‌ലാമിക നവജാഗരണത്തിന് പ്രധാന ചാലകശക്തിയായി വര്‍ത്തിച്ചു.

രണ്ടാം ഘട്ടം

കെമാലിസ്റ്റ് ഏകാധിപത്യം അവസാനിച്ച 1946 മുതല്‍ 1970 വരെയുള്ള ഘട്ടമാണ് തുര്‍ക്കിയില്‍ ഇസ്‌ലാം അഭിമുഖീകരിച്ച രണ്ടാം ഘട്ടം. അദ്‌നാന്‍ മെന്ദരസിന്റെ നേതൃത്വത്തില്‍ ബഹുകക്ഷിഭരണം തുടങ്ങി ഡെമോക്രാറ്റിക് പാര്‍ട്ടി ഇസ്‌ലാമികസംവിധാങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും മേലുള്ള വിലക്ക്‌ നീക്കി. ഈ രാഷ്ട്രീയ മാറ്റം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ജനകീയാടിത്തറ വര്‍ദ്ധിക്കുന്നതിലും ഇസ്‌ലാമിക ഉയര്‍ത്തെഴുന്നേല്‍പ്പില്‍ ഭരണക്രമത്തിന്റെ പിന്തുണ ഉറപ്പുവരുത്തുന്നതിനും കാരണമായി. സെക്യുലര്‍ ഘടനക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് അദ്‌നാന്‍ മെന്ദരസിനെയും അദ്ധേഹത്തിന്റെ രണ്ട് ഡെപ്യൂട്ടികളെയും തൂക്കിക്കൊല്ലുകയും പാര്‍ട്ടിയെ നിരോധിക്കുകയും ചെയ്തു. ഡെമോക്രാറ്റിക് പാര്‍ട്ടി അനുയായികള്‍ അദാലത് (Adalat Party) രൂപീകരിക്കുകയും ഇസ്‌ലാമിക രീതികളോടും മുസ്‌ലിം സാംസ്‌കാരിക ചിഹ്നങ്ങളോടുമുള്ള ആഭിമുഖ്യം തുടരുകയും ചെയ്തു. പിന്നീട് തുര്‍ക്കി രാഷ്ട്രീയത്തിലുള്ള അവരുടെ സ്വാധീനം ഇല്ലാതായെങ്കിലും വളര്‍ന്നുവരുന്ന ഇസ്‌ലാമിക മാറ്റങ്ങള്‍ക്ക് അവരുടെ സംഭാവന പ്രധാനകാരണമായിട്ടുണ്ട്.

മൂന്നാം ഘട്ടം

1970 മുതല്‍ 1980 വരെയുള്ള വര്‍ഷങ്ങളില്‍ തുര്‍ക്കി രാഷ്ട്രീയ മേഖലകളില്‍ വ്യക്തമായും പ്രകടമായ ഇസ്‌ലാമിക ഉണര്‍വാണ് മൂന്നാമത്തെ ഘട്ടം. നജ്മുദ്ദീന്‍ അര്‍ബകാനിന്റെ National Outlook Movement എന്ന മുസ്‌ലിം രാഷ്ട്രീയ ധാരയുടെ അടിസ്ഥാനത്തില്‍ തുര്‍ക്കിയിലെ സെക്യുലരിസ്റ്റ് കെമാലിസ്റ്റ് ചിന്താധാരകളെ ജനമധ്യത്തില്‍ നേരിട്ടു. ഇക്കാലഘട്ടത്തില്‍ അദ്ദേഹം രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളായ National Outlook Movement (1970), National Salvation Party (1972) എന്നിവ മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനങ്ങളായി നിലകൊണ്ടു. 1970 ലെ രണ്ടാമത്തെ പട്ടാള അട്ടിമറി ഈ രഷ്ട്രീയ മുന്നേറ്റങ്ങളെ ഭയന്നിട്ടായിരുന്നു.

നാലാം ഘട്ടം

Adnan Menderes

1980 മുതല്‍ 1997 വരെയുള്ള വര്‍ഷങ്ങളാണ്‌ തുര്‍ക്കി ഇസ്‌ലാമിക ചലനങ്ങളില്‍ ഏറെ പരിവര്‍ത്തനത്തിന് ഹേതുവായ നാലാമത്തെ ഘട്ടം. 1980 ലെ മൂന്നാമത്തെ പട്ടാള അട്ടിമറിയോടെ ഭരണവ്യവസ്ഥ വീണ്ടും തകിടം മറിയുകയും മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളെയടക്കം എല്ലാ പാര്‍ട്ടികളെയും നിരോധിക്കുകയും കുര്‍ദിഷ് വംശജരുടെ സാമൂഹിക രാഷ്ട്രീയ അവകാശങ്ങളില്‍ ധാരാളം നിയന്ത്രണം വരുത്തുകയും ചെയ്തു. 1982 ല്‍ നജ്മുദ്ദീന്‍ അര്‍ബകാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിച്ചു. ഇസ്‌ലാമിക ചിഹ്നങ്ങളുടെ പൊതു ഇടങ്ങളിലെ സ്വീകാര്യതക്കുവേണ്ടി അവകാശപ്പോരാട്ടങ്ങള്‍ ശക്തമായത് ഈ ഘട്ടത്തിലാണ്. വിശുദ്ധമെന്ന് കെമാലിസ്റ്റ് ക്യാമ്പ് കരുതിപ്പോന്ന സെക്യുലര്‍ സ്‌റ്റേറ്റിസ്റ്റ് ഘടനക്കുനേരെ ഇസലാമിക പശ്ചാത്തലത്തില്‍ നിന്ന് ശക്തമായ വാദമുഖങ്ങള്‍ ഉയര്‍ന്നുവന്നു. ഈ സാമൂഹിക രാഷ്ട്രീയ സാഹചര്യം 1995 ലെ പൊതുതെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഗണ്‍മെന്റ് രൂപീകരിക്കാന്‍ സഹായിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആഭ്യന്തര- വിദേശ നയങ്ങളില്‍ അസ്വസ്ഥരായ പട്ടാളം മീഡിയ, ഡിപ്ലോമസി, ബ്യൂറോക്രസി, വിദ്യാഭ്യാസ മേഖല, നിയമം എന്നിവയുടെ സഹായത്തോടെ പട്ടാള അട്ടിമറി നടത്തുകയും അര്‍ബകാനടക്കമുള്ള എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

1970- 80 കളില്‍ തുര്‍ക്കി മതവ്യവഹാരങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന ആശയമാണ് ‘തുര്‍ക്കിഷ്- ഇസ്‌ലാമിക് സിന്തസിസ്’ എന്നത്. 1982 ലെ ഭരണഘടനപ്രകാരം പ്രൈമറി- സെക്കണ്ടറി വിദ്യാഭ്യാസ ക്രമത്തില്‍ മതവും ധാര്‍മ്മിക മൂല്യങ്ങളും നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം എന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ തീവ്ര ദേശീയ വാദികളായ ‘തിങ്കേഴ്‌സ് ക്ലബ്’ എന്നറിയപ്പെട്ട ഒരുവിഭാഗം ബുദ്ധിജീവികളാണ് ഈ ആശയം രൂപപ്പെടുത്തിയത്. യില്‍ദിസ് അതാസോയ് (Yildiz Atasoy) വിശകലനം ചെയ്തപോലെ അത്താതുര്‍ക്കിന്റെ സെക്യുലറിസ്റ്റ് ഭാവനക്കനുസൃതമായി സ്‌റ്റേറ്റിസ്റ്റ് വിജ്ഞാനരൂപീകരണമാണ് ഈ ആശയത്തിന്റെ കാതല്‍. തുര്‍ക്കിഷ് ദേശീയതക്ക് പ്രാമുഖ്യം നല്‍കുന്ന തുര്‍ക്കി സ്റ്റേറ്റിനുള്ളിലെ മുസ്‌ലിം സാംസ്‌കാരിക ചിന്തയാണ് തുര്‍ക്കിഷ്- ഇസ്‌ലാമിക് സിന്തസിസ്. നാഷണലിസ്റ്റുകളായ MHP യിലെ ചിലരെ ദേശീയതയേക്കാളും ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു എന്നാരോപിച്ചു കൊണ്ട് പാര്‍ട്ടിയില്‍ നന്ന് പുറത്താക്കുന്ന സാഹചര്യം വരെയുണ്ടായി. ഇസ്‌ലാമിന്റെ സാര്‍വ്വലൗകികതയെ അംഗീകരിക്കാത്ത സ്റ്റേറ്റിന്റെ പരിധിക്കുള്ളില്‍ ശക്തമായ നിയന്ത്രണത്തില്‍ കുരുങ്ങിയ ഇസ്‌ലാമാണ് തുര്‍ക്കിഷ്- ഇസ്‌ലാമിക് സിന്തസിസ് മുന്നോട്ട് വെച്ചത്. എന്നാല്‍ മത സാമൂഹിക രാഷ്ട്രീയ രംഗത്ത് വിപരീത ഫലമാണ് ഇത് സൃഷ്ടിച്ചത്. ഈ വിഷയബന്ധിതമായ ചര്‍ച്ചകള്‍ തന്നെ ധാരാളം പ്രത്യക്ഷമായ ഇസ്‌ലാമിക ഇടപാടുകള്‍ക്ക കാരണമാവുകയും പൊതുയിടങ്ങളിലെ ഇസ്‌ലാമിന്റെ സാന്നിദ്ധ്യത്തിന് ആക്കം കൂട്ടുകയും ചെയ്തു.

അഞ്ചാം ഘട്ടം

1997 ന് ശേഷമുള്ള മുസ്‌ലിം രാഷ്ട്രീയ വ്യവഹാരങ്ങളും അത് സമൂഹത്തിലുളവാക്കിയ ഇസ്‌ലാമിക മുന്നേറ്റങ്ങളുമാണ് അഞ്ചാം ഘട്ടം. നജ്മുദ്ദീന്‍ അര്‍ബകാനിന്റെ ആശീര്‍വാദത്തോടെ അനുയായികള്‍ രൂപീകരിച്ച ഫദീലത് പാര്‍ട്ടിയും 2000 ല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ ഭിന്നച്ചു പോയ എ. കെ പാര്‍ട്ടിയും സമകാലിക തുര്‍ക്കിയില്‍ സുപ്രധാന മുന്നേറ്റങ്ങള്‍ക്ക്‌ ഹേതുവായി. ഫദീലത് പാര്‍ട്ടിയുടെ പിന്‍ഗാമി സആദത് പാര്‍ട്ടിക്ക് കാര്യമായ ചലനങ്ങള്‍ തുര്‍ക്കി രാഷ്ട്രീയത്തില്‍ വരുത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ 18 വര്‍ഷമായി എ. കെ പാര്‍ട്ടി തുര്‍ക്കിയിലും വിദേശത്തും നടപ്പിലാക്കിയ പരിവര്‍ത്തനങ്ങളും മുസ്‌ലിം വൈകാരിക വിഷയങ്ങളോടുള്ള അനുഭാവവും ഐക്യദാര്‍ഢ്യവും പ്രത്യാശാവഹമായ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ബോറാ കാന്‌റാ (Bora Kanra) മേല്‍പറഞ്ഞ അഞ്ച് ഘട്ടങ്ങളെയും Islam, Democracy and Dialogue in Turkey എന്ന ഗ്രന്ഥത്തില്‍ വിശദമായി വിശകലനം ചെയ്യുന്നുണ്ട്.

തുര്‍ക്കിഷ് ഇസ്‌ലാം

Mehmet Zahid Kotku

തുര്‍ക്കിയിലെ ഇസ്‌ലാം വ്യവഹാരങ്ങളില്‍ സുപ്രധാനമായ മറ്റൊരു ആശയമാണ് ‘തുര്‍ക്കിഷ് ഇസ്‌ലാം’ എന്നത്. തുര്‍ക്കി സമൂഹത്തില്‍ ഇസ്‌ലാമിക ചലനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സൂഫീ ധാരകള്‍, വിശ്വാസ ധാരയായ മാതുരീദിയ്യാ ചിന്താസരണിയുടെ സാന്നിദ്ധ്യം, ഹനഫീ മദ്ഹബിന്റെ സാന്നിദ്ധ്യം, എന്നിവയാണ് തുര്‍ക്കിയിലെ ഇസ്‌ലാമിനെ വ്യത്യസ്തമാക്കുന്നത്. നഖ്ശബന്ദിയാ സില്‍സിലയില്‍ നിന്ന് രൂപപ്പെട്ട ഇന്ത്യന്‍ സൂഫീവര്യന്‍ സയ്യിദ് അഹ്മദ് സര്‍ഹിന്ദിയുടെ മുജദ്ദിദിയ്യാ ധാര, നൂര്‍സീ അനുയായികള്‍ (Nurcular), വിവാദ പണ്ഡിതന്‍ ഫത്ഹുല്ലാ ഗുലാനിന്റെ അനുയായികള്‍ (Gulenciler), സാഹിദ് കോത്ക്കു, ശൈഖ് സുലൈമാനിന്റെ ധാരകളും, മൗലാനാ റൂമിയുടെ പേരിലുള്ള മെഹ്‌ലവിയ്യാ, ശീഈ സൂഫീധാരയായ ബെഹ്തശിയ്യാ അടക്കം അനേകം സൂഫീ ധാരകള്‍ തുര്‍ക്കിഷ് ഇസ്‌ലാമിക വ്യവഹാരങ്ങളെ നിയന്ത്രിക്കുന്നു. തുര്‍ക്കി രാഷ്ട്രീയ മേഖലകളില്‍ ശക്തമായ സ്വാധീനം ചെലുത്തുകയും രാഷ്ട്രീയവിഷയങ്ങളില്‍ ഇടപെടുകയും ചെയ്യുന്നവരാണ് ഈ സൂഫീ ധാരകളെല്ലാം. ഉഥ്മാനിയാ ഖിലാഫത്തില്‍ പോലും ശീഈ സില്‍സിലയായ ബെഹിതശിയ്യാ ധാരക്ക് അനിഷേധ്യമായ സ്ഥാനമാണുണ്ടായിരുന്നത്. മെഹ്മത് അയ്ദിന്‍, അലി ബുലാചിനെപ്പോലുള്ള തുര്‍ക്കിഷ് പണ്ഡിതന്മാര്‍ തുര്‍ക്കി സമൂഹത്തില്‍ സംവാദാത്മകമായ സാഹചര്യം ഒരുക്കുന്നതില്‍ തസവ്വുഫിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 19ാം നൂറ്റാണ്ടില്‍ ‘ഇസ്‌ലാമിക് സിവിലിറ്റി’ കാത്തുസൂക്ഷിക്കുന്നതിലും അനതോലിയ പോലുള്ള പ്രദേശങ്ങളില്‍ ഗോത്രവര്‍ഗ്ഗ സംഘര്‍ഷങ്ങള്‍ ചെറുക്കുന്നതിലും നഖ്ശബന്ദിയാ ധാരയുടെ സംഭാവനയെ ശെരീഫ് മെര്‍ദിന്‍ (Şerif Mardin) വിശകലനം ചെയ്തിട്ടുണ്ട്. എ. കെ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നഖ്ശബന്ധിയാ സില്‍സിലയുടെ ഭാഗദേയം അനിഷേധ്യമാണെന്ന് മെര്‍ദിന്‍ നിരീക്ഷിക്കുന്നു. ഗുലെന്‍ മൂവ്‌മെന്റിനെകുറിച്ച പഠനത്തില്‍ ഹകന്‍ യാവൂസ് (Hakan Yavuz) തുര്‍ക്കിയിലെ ഈ ഇസ്‌ലാമിക സാഹചര്യത്തെ ‘തുര്‍കിഷ് ഇസ്‌ലാമിക് എക്‌സപ്ഷണലിസം’ എന്നാണ് വിളിക്കുന്നത്. എന്നാല്‍ തുര്‍ക്കിഷ് ഇസ്‌ലാം എന്ന ആശയത്തെ വിമര്‍ശനവിധേയമാക്കുന്ന ഫാതിഹ് ശെകര്‍ പറയുന്നത് കെമാലിസ്റ്റ് ആധുനികവല്‍കരണ പദ്ധതിയെ ഇസ്‌ലാമികമായി സാധൂകരിക്കാന്‍ ഉള്ള ശ്രമത്തിന്റെ ഉല്‍പന്നമാണ് തുര്‍ക്കിഷ് ഇസ്‌ലാം എന്നാണ്. തുര്‍ക്കിഷ് ഇസ്‌ലാം എന്ന ആശയം വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്നില്ലെന്ന് പറഞ്ഞ സുലൈമാന്‍ ഉലുദാഗ് (Sulaiman Uludag) തുര്‍ക്കിഷ് സുന്നികളുടെ മതവ്യവഹാരത്തെ മാത്രമേ ഇത് അംഗീകരിക്കുന്നുള്ളൂ എന്ന് ചൂണ്ടിക്കാട്ടുന്നു. ശീഈ ന്യൂനപക്ഷമായ അലവികളുടെ മതാവകാശങ്ങളെ എ കെ പാര്‍ട്ടിയുടെ ഉദയം വരെ തിരസ്‌കരിക്കപ്പെട്ടു എന്നത് ചരിത്ര യാഥാര്‍ത്ഥ്യമാണ്.

(തുടരും)

ഡോ: സൈഫുദ്ദീൻ കുഞ്ഞ്. എസ്