Campus Alive

രാജ്യദ്രോഹ നിയമവും വിയോജിക്കാനുള്ള അവകാശവും

എതിരഭിപ്രായം പുലര്‍ത്തുന്നവരെയെല്ലാം  ഭരണകൂട വിരുദ്ധരായി കണക്കാക്കുകയും  രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലിലടക്കുകയും ചെയ്യുന്ന ഒരു രാജ്യത്തിലാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ ജനുവരി 31നാണ് ഖലിസ്ഥാന്‍ വാദവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ സൂക്ഷിച്ചു എന്ന പേരില്‍ മൂന്ന് സിഖ് യുവാക്കളെ പഞ്ചാബിലെ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത് . ആസ്സാമിലെ വിവാദമായ പൌരത്വ ഭേദഗതി ബില്ലിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് മണിപൂരി വിദ്യാര്‍ഥി നേതാവും ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിയുമായിരുന്ന തൊക്ച്ചം വീവോന്‍(Thokchom Veewon) മണിപൂരി പോലീസ് ഇക്കഴിഞ്ഞ ഫെബ്രുവരി 16 ന് രാജ്യദ്രോഹ വകുപ്പ് ചാര്‍ത്തിയത്  . സമാനമായ തരത്തില്‍ പതിനാല് അലിഗര്‍ വിദ്യാര്‍ഥികള്‍ക്കെതിരെയും രാജ്യദ്രോഹ വകുപ്പുകള്‍ ചാര്‍ത്തിയത് വിവാദമായത് കഴിഞ്ഞ ആഴ്ചയാണ്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീരിന്റെയും മണിപൂരിന്റെയും സ്വയം ഭരണാവകാശം സംബന്ധിച്ച്  കോളേജില്‍ പോസ്റ്ററെഴുതി ഒട്ടിച്ച മലപ്പുറം ഗവർമെന്റ് കോളേജിലെ വിദ്യാർത്ഥികളുടെ മേൽ IPC സെക്ഷൻ 124 A എന്ന രാജ്യദ്രോഹ നിയമം ചുമത്തിയ സംഭവം ഈയൊരു സന്ദര്‍ഭത്തിലാണ് ചര്‍ച്ച ചെയ്യേണ്ടത് . ഭരണകൂട ഭാഷ്യത്തിനു വിരുദ്ധമായ അഭിപ്രായങ്ങളുള്ള വിദ്യാർത്ഥികളെയും വ്യക്തികളെയും വേട്ടയാടുന്നതിന്റെയും അതിന് ഒത്താശ ചെയ്തു കൊടുക്കുന്നതിന്റെയും  മറ്റൊരു ഉദാഹരണമായിട്ടാണ് പോലീസിന്റെ നടപടിയെ കാണേണ്ടത് . ഈയൊരവസരത്തില്‍ എന്താണ് രാജ്യദ്രോഹ നിയമമെന്നും എങ്ങിനെയാണ് ഭരണകൂടം പ്രസ്തുത വകുപ്പിനെ നിലനില്‍ക്കുന്ന വ്യവസ്ഥിയോട് വിയോജിപ്പ്‌ പുലര്തുന്നവരെയും ഭരിക്കുന്ന സര്‍ക്കാരിനെ വിമര്ശിക്കുന്നവരെയുമെല്ലാം വേട്ടയാടുന്നതിനു   കാലങ്ങളായി ഉപയോഗിക്കുന്നത് എന്ന ചര്‍ച്ച ആവശ്യമായി വരുന്നു.

തൊക്ച്ചം വീവോന്‍

 എന്താണ് രാജ്യദ്രോഹ നിയമം

 ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 124 എ  ‘ഏതെങ്കിലുമൊരാള്‍ എഴുത്ത്, സംഭാഷണം മുഖേനയുള്ള വാക്കാലോ അല്ലെങ്കില്‍ ചിഹ്നങ്ങളാലോ ദൃശ്യങ്ങളാലോ ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമ വ്യവസ്ഥക്കെതിരെ വിദ്വേഷമോ അനാദരവോ ഉയര്‍ത്തുകയോ അതുമല്ലെങ്കില്‍ അസംതൃപ്തി വളര്‍ത്താന്‍ ശ്രമിക്കുകയോ ചെയ്താല്‍’ അത് രാജ്യദ്രോഹമായി തീരുമെന്ന് നിര്‍വചിക്കുന്നു. അസംതൃപ്തി (Disaffection) എന്നാല്‍ കൂറില്ലായ്മ (Disloyalty)യും ഏതെങ്കിലും തരത്തിലുള്ള ശത്രുത(Enimity)യും ഉള്‍പ്പെടുമെന്നും, ഗവണ്‍മെന്റിന്റെ ഭരണപരമായ നടപടികള്‍ നിരാകരിക്കുകയും നിയമാനുസൃതമായി (അതായത് അസംതൃപ്തി/കൂറില്ലായ്മ/ശത്രുത തുടങ്ങിയവ വളര്‍ത്താത്ത തരത്തില്‍) അത്തരം നടപടികളില്‍  മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ഈ നിയമം ചാര്‍ത്താനുള്ള കാരണമാവുകയില്ലെന്നും ഉപവകുപ്പുകള്‍ അനുശാസിക്കുന്നു. അസംതൃപ്തി, കൂറില്ലായ്മ, ശത്രുത തുടങ്ങിയവയെ നിര്‍വചിക്കുന്നത് ഭരണകൂടമോ ചിലപ്പോള്‍ കോടതികള്‍ തന്നെയോ ആയതിനാല്‍ തന്നെ ഭരണകൂടത്തെ/കോടതിയെ വിമര്‍ശിക്കുന്നവരെല്ലാം രാജ്യദ്രോഹികളായിത്തീരുന്ന അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്.

രാജ്യദ്രോഹ നിയമത്തിന്റെ ചരിത്രം

1837-’39 കാലഘട്ടത്തില്‍ മെക്കാളെ പ്രഭു എഴുതിയുണ്ടാക്കിയ പീനല്‍  കോഡിലെ 113-ാം വകുപ്പാണ് രാജ്യദ്രോഹവുമായി ബന്ധപ്പെട്ട നിയമത്തിന്റെ ആദിരൂപം. പിന്നീട് 1860-ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഇതിനെ സെക്ഷന്‍ 124 എ ആയി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് ഇന്ത്യയിലുണ്ടായ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒഴിവാക്കുകയായിരുന്നു. എന്നാല്‍ 1863-1870 കാലഘട്ടത്തില്‍  ബ്രിട്ടീഷുകാര്‍ക്കെതിരെ   ഇസ്ലാമിക പണ്ഡിതര്‍ ജിഹാദിന് ആഹ്വാനം ചെയ്യുകയുണ്ടായി  .അത് നിയമത്തില്‍ ഈ വകുപ്പ് ഉള്‍പ്പെടുത്താന്‍ കാരണമാവുകയും  1898-ല്‍ ‘അസംതൃപ്തി’ എന്ന വാക്കിന് ഇന്ന് നിലവിലുള്ള  അര്‍ഥം വരുന്ന തരത്തില്‍ ഭേദഗതി വരുത്തുകയും ചെയ്തു. സ്വാതന്ത്ര്യപൂര്‍വ കാലഘട്ടത്തില്‍ പ്രധാനമായും ദേശീയ പത്രങ്ങളുടെ  പത്രാധിപന്മാരെ  ഉന്നമിട്ട് കൊണ്ടാണ് ഈ വകുപ്പ്  പ്രയോഗിച്ചിരുന്നത്. ബംഗോ ബസി പത്രത്തിന്റെ എഡിറ്റര്‍ ജോഗേന്ദ്ര ചന്ദ്രബോസ് ആണ് ഈ വകുപ്പിന് കീഴില്‍ വിചാരണ ചെയ്യപ്പെടുന്നവരില്‍ ഒന്നാമന്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഗാന്ധി ,നെഹ്‌റു തുടങ്ങി  ഇന്ത്യന്‍ ദേശീയ നേതാക്കളില്‍ പലരും രാജ്യദ്രോഹ നിയമത്തിന് കീഴില്‍ വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്.

രാജ്യദ്രോഹ നിയമം ഭരണഘടനാ അസംബ്ലിയില്

വിഭജനവും തുടര്‍ന്നുണ്ടായ രക്തച്ചൊരിച്ചിലും തികഞ്ഞ അരാജകത്വവും നിറഞ്ഞ് നിന്ന കാലഘട്ടത്തില്‍ എഴുതപ്പെട്ടതിനാല്‍ തന്നെ, ഭരണഘടനയില്‍ രാജ്യ ദ്രോഹ നിയമം പോലുള്ള മനുഷ്യാവകാശ വിരുദ്ധ നിയമങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ ഭരണഘടനാ ശില്‍പ്പികളുടെ അബോധ മണ്ഡലത്തില്‍ ആ കാലഘട്ടം വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പോസ്റ്റ് കൊളോണിയല്‍ രാജ്യങ്ങളില്‍ അക്കാലത്ത് വേരൂന്നി നിന്നിരുന്ന, ദേശത്തിന്റെ ഭദ്രതയും ഏകതയും ദേശികളുടെ മൗലികാവകാശങ്ങളേക്കാള്‍ പ്രധാനമായി കാണുന്ന ദേശ രാഷ്ട്രമെന്ന ചിന്ത നമ്മുടെ ഭരണഘടനയുടെ രൂപീകരണത്തിന്റെ ആണിക്കല്ലായി തീര്‍ന്നു. ഭരണഘടനയുടെ പ്രഥമ കരട് രൂപത്തില്‍ രാജ്യദ്രോഹം അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള അടിസ്ഥാനമായി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അസംബ്ലിയിലെ ചര്‍ച്ചക്കിടെ  കെ.എം മുന്‍ഷി, ടി.ടി കൃഷ്ണമാചാരി, സേത്ത് ഗോവിന്ദ് ദാസ് തുടങ്ങിയവരുടെ വിയോജിപ്പുകളെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. എന്നിരുന്നാലും ഈ വകുപ്പ് ഭരണഘടനയില്‍ തുടര്‍ന്നു. എന്നാല്‍ 1949 ല്‍ നെഹ്‌റു ഗവണ്‍മെന്റിനെതിരെ അക്കാലത്ത് നിരോധിക്കപ്പെട്ടിരുന്ന  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചായ്‌വ് പുലര്‍ത്തിയിരുന്ന ക്രോസ് റോഡ്‌സ് മാസികയില്‍ നിന്നുണ്ടായ വിമര്‍ശനങ്ങളെ രാജ്യദ്രോഹ നിയമം ചാര്‍ത്തിയതിനെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച മദ്രാസ് കോടതി വിധിയുണ്ടായി. പാകിസ്താനെതിരെ തീവ്ര പരാമര്‍ശങ്ങളുള്ള, ലേഖനമെഴുതിയെന്ന കുറ്റത്തിന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിനെതിരായുള്ള കേസില്‍ ഗവണ്‍മെന്റിനെതിരെയുള്ള കോടതി വിധിയും അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ നെഹ്‌റുവിനെ പ്രേരിപ്പിച്ചു.

1951-ലെ പ്രഥമ ഭരണ ഘടനാ ഭേദഗതിയില്‍ അഭിപ്രായങ്ങള്‍ അയല്‍രാജ്യങ്ങളുമായുള്ള ബന്ധങ്ങളെ ബാധിക്കുന്നതോ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതോ ആയാല്‍ ന്യായമായ നിയന്ത്രണങ്ങള്‍  ആവാം എന്ന തരത്തില്‍ ഭരണഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ  വക വെച്ച് നല്‍കുന്ന സെക്ഷന്‍ 19(2)ല്‍ മാറ്റങ്ങള്‍ കൊണ്ട് വന്നു. എന്നാല്‍ 1954-ല്‍ ഝാര്‍ഖണ്ഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത ആദിവാസികള്‍ക്കെതിരെ രാജ്യദ്രോഹ നിയമം ചാര്‍ത്തിയ ബിഹാര്‍ ഭരണകൂടത്തിനെതിരെ വിധിച്ച ദെബി സോറന്‍ Vs സ്റ്റേറ്റ് ഓഫ് ബിഹാര്‍ കേസും, സെക്ഷന്‍ 124 എ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച രാം നന്ദന്‍ Vs സ്റ്റേറ്റ് കേസും ഈ വകുപ്പ്  ഭരണഘടനയില്‍ എടുത്ത് കളയണമെന്ന ഭരണഘടനാ ശില്‍പ്പികളുടെ മനസ്സ് വ്യക്തമാക്കുന്നവയായിരുന്നു.

എന്നാല്‍  1962-ല്‍ കേദാര്‍നാഥ് കേസില്‍ രാം നന്ദന്‍ കേസിലെ വിധിയെ നിരാകരിച്ച സുപ്രീം  കോടതി, സെക്ഷന്‍ 124 എയുടെ ഭരണഘടനാ സാധുത പുനഃസ്ഥാപിക്കുകയും ഈ വകുപ്പിന്റെ അര്‍ഥത്തിനും ഭരണകൂടം പ്രയോഗിക്കുന്നതിനും നിയന്ത്രണങ്ങള്‍ കൊണ്ട് വരികയും ചെയ്തു. രാജ്യദ്രോഹ നിയമത്തെ  വിശാലമായ തലത്തില്‍ പരിശോധിച്ച് വ്യാഖ്യാനിച്ചാല്‍ അതിന് ഭരണഘടനാപരമായി നിലനില്‍പ്പുണ്ടാവില്ലെന്ന് അന്നേ കോടതി ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. പക്ഷേ കീഴ്‌കോടതികള്‍ സുപ്രീം കോടതിയുടെ ഈ നിര്‍ദേശങ്ങള്‍ മാനിക്കാറില്ലെന്ന് മാത്രമല്ല പോലീസ് രാജ്യദ്രോഹിയെന്ന് ആരോപിച്ച് ഹാജരാക്കുന്നവരെ മറ്റൊന്നും നോക്കാതെ കസ്റ്റഡിയില്‍ വിട്ടു കൊടുക്കുകയാണ് സാമ്പ്രദായിക രീതി.

രാജ്യദ്രോഹ നിയമങ്ങള്ഇതര രാജ്യങ്ങളില്

അമേരിക്ക, നൈജീരിയ, മലേഷ്യ, ന്യൂസിലാന്റ്, ആസ്‌ട്രേലിയ തുടങ്ങി പല രാജ്യങ്ങളും രാജ്യദ്രോഹവുമായി ബന്ധപ്പെട്ടുള്ള പല നിയമങ്ങളും എടുത്ത് കളയുകയോ, ഫലത്തില്‍ ഇല്ലാതാവുകയോ അല്ലെങ്കില്‍  അത്തരം നിയമങ്ങള്‍ പ്രയോഗിക്കേണ്ടതിനെക്കുറിച്ചുള്ള തത്ത്വങ്ങള്‍ കൂടുതല്‍ ഉദാരമാക്കുകയോ ചെയ്തിട്ടുണ്ട്. 2010 ല്‍ ബ്രിട്ടന്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട നിയമം തന്നെ എടുത്ത് കളയുകയുണ്ടായി. 1948 ലെ ലോക മനുഷ്യാവകാശ പ്രഖ്യാപന ചാര്‍ട്ടറിലെയും, 1966 ലെ രാഷ്ട്രീയ-പൗരാവകാശ സംബന്ധമായ അന്തര്‍ദേശീയ കരാറിലെയും വകുപ്പുകള്‍ പ്രകാരം അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യം ഓരോ മനുഷ്യന്റെയും അടിസ്ഥാന അവകാശങ്ങളില്‍ പെട്ടതാണ്. ഈ കരാറുകളില്‍ ഒപ്പിട്ട രാജ്യമെന്ന നിലക്ക് ഇന്ത്യ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി  ഇത്തരം ജനവിരുദ്ധമായ നിയമങ്ങള്‍ ഭരണഘടനയില്‍ നിലനിര്‍ത്താനും കൂടുതല്‍ കര്‍ക്കശമായ നിയമങ്ങളെ പറ്റി ആലോചിക്കാനും കാരണം  ഇന്ന് രാജ്യത്ത് നിലവിലുള്ള ഹിന്ദുത്വ തീവ്രദേശീയ വാദവും അമിതമായ രാജ്യസുരക്ഷാ ഭീതിയും ആഗോള തലത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഭീകരതക്കെതിരെയുള്ള യുദ്ധവുമെല്ലാമാണ്.

രാജ്യദ്രോഹ നിയമം സമകാലിക ഇന്ത്യയില്

ഡോ.ബിനായക് സെന്‍

പലപ്പോഴും ജനകീയ സമര നേതാക്കളെയും മനുഷ്യാവകാശ പോരാളികളെയും രാജ്യദ്രോഹി  മുദ്രകുത്തി ജയിലിലടക്കുന്നത് രാജ്യദ്രോഹ നിയമം ചാര്‍ത്തിക്കൊണ്ടാണ് .കഴിഞ്ഞ പതിനഞ്ചു കൊല്ലത്തിനിടക്ക് രാജ്യദ്രോഹനിയമത്തിന് കീഴില്‍ കേസെടുക്കപ്പെട്ടവരുടെയോ അറസ്റ്റ് ചെയ്യപ്പെട്ടവരുടെയോ ലിസ്റ്റ് പരിശോധിച്ചാല്‍ അതില്‍ ഭൂരിഭാഗവും  ജനകീയ സമര നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണെന്ന് കാണാം. ബിനായക് സെന്‍, കൂടംകുളം സമര നായകന്‍ എസ് .പി ഉദയ് കുമാര്‍, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍, കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദി മുതല്‍ പല പത്രങ്ങളുടെയും എഡിറ്റര്‍മാര്‍, എഴുത്തുകാര്‍ എന്നിവരെല്ലാം അതിലുണ്ട്.. നാഷണല്‍  ക്രൈം    റിസര്‍ച്ച് ബ്യൂറോയുടെ കണക്ക് പ്രകാരം 2015 ല്‍ മാത്രം 73 പേര്‍ക്കെതിരെ ഈ വകുപ്പ് ചാര്‍ത്തിയിട്ടുണ്ട് 2016 ല്‍ 33, 2014 ല്‍ 55 എന്നിങ്ങനെയാണ് ഈ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കണക്കുകള്‍ .2011 ല്‍ രാജ്യസഭയില്‍ ഡി .രാജ ഈ വകുപ്പ് ഒഴിവാക്കുന്നത് സംബന്ധിച്ചു സ്വകാര്യ ബില്‍ അവതരിപ്പിക്കുകയുണ്ടായി .  2015ല്‍ ശശി തരൂര്‍ എം .പി ഈ വകുപ്പില്‍ ‘നേരിട്ട് ഹിംസക്ക് കാരണമാകുന്നതോ ഹിംസക്ക് ആഹ്വാനം ചെയ്യുകയോ ചെയ്യുന്ന വാക്കുകളെയും പ്രവൃത്തികളെയും മാത്രമേ രാജ്യദ്രോഹമായി കണക്കാക്കാന്‍ പാടുള്ളൂ എന്ന ഭേദഗതി ലോക്സഭയില്‍  സ്വകാര്യ ബില്ലായി അവതരിപ്പിച്ചത് രാജ്യദ്രോഹ വകുപ്പ് സംബന്ധിച്ച് നിലവിലുള്ള പലതരം  വ്യാഖ്യാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വരാന്‍ കാരണമായിരുന്നു .

ദേശീയ നിയമ കമ്മീഷന്റെ ചര്ച്ചാ രേഖ

രാജ്യദ്രോഹ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്ന പരാതികളുടെ അടിസ്ഥാനത്തിലാണ്   പ്രസ്തുത വകുപ്പ് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിലനിര്‍ത്തേണ്ടതുണ്ടോ എന്നതിനെ സംബന്ധിച്ച് ദേശീയ നിയമ കമീഷന്‍പഠനം നടത്തിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ്‌ 30 നാണ് വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചക്കായി ഒരു ചര്‍ച്ചാരേഖ ലോ കമ്മീഷന്‍ പുറത്ത് വിട്ടത്. ഭരിക്കുന്നവരുടെ നയത്തിന് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിന്റെ പേരില്‍ മാത്രം ഏതെങ്കിലും വ്യക്തിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തരുതെന്നും ഭരണകൂടത്തിനെതിരെ സംസാരിക്കുന്നത് രാജ്യദ്രോഹമല്ലെന്നുമാണ്  നിയമ കമീഷന്‍ പുറത്തുവിട്ട മുപ്പത്തൊന്നു പേജുള്ള ചര്‍ച്ചാ രേഖയില്‍ പറയുന്നത്. പൊതു സമാധാനം തകര്‍ക്കുക, അക്രമത്തിലൂടെയോ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെയോ സര്‍ക്കാറിനെ അട്ടിമറിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുമ്പോഴാണ് രാജ്യദ്രോഹ കുറ്റം ചുമത്തേണ്ടതെന്ന് കമീഷന്‍ അഭിപ്രായപ്പെട്ടു. തന്റെ രാജ്യത്തോടുള്ള കൂറ് തനതായ രീതിയില്‍ പ്രകടിപ്പിക്കാന്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.

‘ഒരേ പല്ലവി ആവര്‍ത്തിക്കുന്നതല്ല ദേശഭക്തിയുടെ ലക്ഷണം. ക്രിയാത്മക വിമര്‍ശനത്തിനു വാതില്‍ തുറന്നിട്ടില്ലെങ്കില്‍, സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമുള്ള കാലഘട്ടങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടാവില്ല. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തില്‍ ഉണ്ടായിരിക്കണം. ക്രിയാത്മകമായ വിമര്‍ശനങ്ങളും ചര്‍ച്ചകളുമാണ് നടക്കേണ്ടത്. സര്‍ക്കാര്‍ നയത്തിലെ പഴുതുകള്‍ ചൂണ്ടിക്കാണിക്കപ്പെടണം. അത്തരം അഭിപ്രായ പ്രകടനങ്ങള്‍ ഒരുപക്ഷേ പരുക്കനും അസുഖകരവുമായേക്കാം. എന്നാല്‍, അതിനെ രാജ്യദ്രോഹമെന്ന് മുദ്രകുത്തരുത്. നിരുത്തരവാദപരമായ അഭിപ്രായ പ്രകടനങ്ങള്‍ രാജ്യദ്രോഹമല്ല. കാര്യങ്ങളുടെ പോക്കില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് രാജ്യത്തിന് ഭീഷണിയായി മാറുന്നില്ല.രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കപ്പെടണം. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള ഉപാധിയായി അത് ദുരുപയോഗിക്കപ്പെടരുത്. വിയോജിപ്പും വിമര്‍ശനവും ഊര്‍ജസ്വലമായ പൊതു ചര്‍ച്ചയുടെ അവശ്യ ഘടകങ്ങളാണ്. അനാവശ്യമായ നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണ് വേണ്ടത്’-കമീഷന്‍ വിലയിരുത്തുന്നു.

മോദി സര്‍ക്കാറിന് കീഴില്‍ എതിര്‍ ശബ്ദങ്ങള്‍ ദേശീയതക്ക് എതിരായ ശബ്ദങ്ങളെന്ന നിലയില്‍ ചിത്രീകരിക്കപ്പെടുന്നുണ്ട്‌. കഴിഞ്ഞ  വര്‍ഷമാദ്യം നടന്ന ഭീമ-കൊരെഗാവ് സംഘര്‍ഷങ്ങളുടെ സൂത്രധാരന്മാരാണെന്ന് ആരോപിച്ചും  മാവോയിസ്റ്റുകളെന്ന് മുദ്ര കുത്തിയും ഹൈദരാബാദ്, ദല്‍ഹി, പൂനെ തുടങ്ങിയ നഗരങ്ങളിലടക്കം ആക്ടിവിസ്റ്റുകളും ബുദ്ധിജീവികളുമൊക്കെ അറസ്റ്റ് ചെയ്യപ്പെടുകയും സുപ്രീം കോടതി തന്നെ അത്തരം റെയ്ഡുകളെയും അറസ്റ്റുകളെയും വിമര്‍ശിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ്  നിയമ കമീഷന്റെ വിമര്‍ശനാത്മകമായ പരാമര്‍ശങ്ങള്‍  ഉണ്ടായത് എന്നത്  ഏറെ ശ്രദ്ധേയമാണ്.  സെക്ഷന്‍ 124 എ എന്ന വകുപ്പ് എടുത്തു കളയണോ വേണ്ടേ എന്നതിനെ കുറിച്ച് ആലോചിക്കാന്‍ പത്തു ചോദ്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്. 1860-ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം എഴുതിയുണ്ടാക്കിയ ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ അടിച്ചമര്‍ത്താന്‍  പ്രയോഗിച്ച ഈ നിയമം അവര്‍ സ്വന്തം നാട്ടില്‍ പത്തു വര്‍ഷം മുമ്പ് റദ്ദാക്കിയിരിക്കെ ഇപ്പോഴും ഐ.പി.സിയില്‍ തുടരുന്നതില്‍ എന്തുണ്ട് ന്യായമെന്ന ചോദ്യമാണ് അവയില്‍ പ്രധാനം.

പോസ്റ്റര്ഒട്ടിക്കലും മുദ്രാവാക്യം വിളികളും രാജ്യദ്രോഹമാകുമോ ?

ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടയുടനെ പഞ്ചാബിൽ പൊതുസ്ഥലത്തു വെച്ചു ഖാലിസ്ഥാൻ സിന്ദാബാദ് എന്നും മറ്റും മുദ്രാവാക്യം വിളിച്ചവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസിൽ സുപ്രീം കോടതി കുറ്റാരോപിതരുടെ പ്രവൃത്തി ജനങ്ങൾക്കിടയിൽ യാതൊരു ഫലവും ഉളവാക്കാത്ത പ്രവൃത്തിയായതിനാൽ കുറ്റം നിലനിൽക്കില്ലെന്ന് പറയുകയുണ്ടായി. 2012 ൽ ബിനായക് സെന്നിന്റെ കേസിലും 2011 ൽ അരുണ്‍ ഭയാൻവേര്‍സസ്‌ സ്റ്റേറ്റ് ഓഫ് ആസ്സാം, സ്റ്റേറ്റ് ഓഫ് കേരള വേര്‍സസ്‌ റനീഫ് എന്നിവരുടെ കേസിലും സുപ്രീം കോടതി പറഞ്ഞ് വെച്ചത് ഈയൊരവസരത്തിൽ പ്രസക്തമാണ് .”കേവലം മാവോയിസ്റ്റ് സാഹിത്യങ്ങൾ കൈവശം വെച്ചതിനോ അനുഭാവം പുലർത്തിയത്‌ കൊണ്ടോ ആയില്ല ,വ്യക്തിയുടെ പ്രവർത്തനങ്ങൾ ആസന്നമായ നിയമവിരുദ്ധ പ്രവൃത്തിക്ക് (imminent lawless action ) കാരണമാവുമ്പോളോ, വ്യക്തി ഹിംസയിൽ ഏർപ്പെടുകയോ അല്ലെങ്കിൽ ആളുകളെ ഹിംസക്ക് പ്രേരിപ്പിക്കും വിധം പ്രവർത്തിക്കുമ്പോഴോ ആണ്  വ്യക്തിയുടെ പ്രവർത്തനങ്ങൾ കുറ്റകരമാവൂ എന്നാണ് മൂന്നു കേസുകളിലും വിധി പറഞ്ഞ ജസ്റ്റിസ് മാർഖണ്ഡേയ കട്ജു യു എസ് സുപ്രീം കോടതിയുടെ
Elfbrandt Vs. Russell, 384 U.S. 17 (1966) ,Clarence Brandenburg Vs. State of Ohio, 395 U.S. 444 (1969) ,
United States Vs. Eugene Frank Robel, 389 U.S. 258 എന്നീ കേസുകളിലെ വിധികൾ അടിസ്ഥാനമാക്കി പറഞ്ഞത് .

Clarence Brandenburg Vs. State of Ohio കേസിലെ യു .എസ് കോടതി വിധി അരുൺ ബയാൻ കേസിൽ മർഖണ്ഡേയ കട്ജു ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെ വായിക്കാം “mere advocacy or teaching the duty, necessity, or propriety of violence as a means of accomplishing political or industrial reform, or publishing or circulating or displaying any book or paper containing such advocacy, or justifying the commission of violent acts with intent to exemplify, spread or advocate the propriety of the doctrines of criminal syndicalism, or to voluntarily assemble with a group formed “to teach or advocate the doctrines of criminal syndicalism” is not per se illegal. It will become illegal only if it incites to imminent lawless action.” അതായത് സാമൂഹിക – രാഷ്ട്രീയ മാറ്റങ്ങൾക്ക് ഹിംസ അനിവാര്യമാണെന്ന് സിദ്ധാന്തിക്കുന്നതും പ്രച്ചരിപ്പിക്കുന്നതും
പുസ്തകങ്ങളും മറ്റു പ്രചാരണോപാധികൾ സ്വീകരിക്കുന്നതും അതിനായി സംഘം ചേരുന്നതും  തെറ്റല്ലെന്നാണ് വിധി സൂചിപ്പിക്കുന്നത് “.

അതായത് ആസന്നമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും പൊതു ക്രമസമാധാന ലംഘനത്തിനും (public disorder) കുറ്റാരോപിതരുടെ പ്രവർത്തി കാരണമായോ എന്നാണ് കോടതി പരിശോധിക്കുക . മലപ്പുറം കോളേജിലെ കുട്ടികളുടെ പോസ്റ്ററിലെ പരാമർശങ്ങൾ എന്തുമായി കൊള്ളട്ടെ. കോടതി മുന്നോട്ട് വെച്ച നിയമത്തിന്റെ വ്യാഖ്യാനമനുസരിച്ചു അത് നിലനിൽക്കുന്ന ഒന്നല്ല എന്ന് കാണാം. ഖലിസ്ഥാന് വേണ്ടി മുദ്രാവാക്യം മുഴക്കുന്നതോ കശ്മീരിന്റെയോ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെയോ  സ്വയം നിര്‍ണയവകാശത്തിനുള്ള അവകാശം സംബന്ധിച്ച് പോസ്റ്റർ എഴുതുന്നതോ അതു സംബന്ധിച്ചുള്ള പുസ്തകങ്ങൾ സൂക്ഷിക്കുന്നതോ നിരോധിത സംഘടനകളിൽ പ്രവർത്തിക്കുന്നതോ മേല്‍ സൂചിപ്പിച്ച  സുപ്രീം കോടതി മുന്നോട്ട് വെച്ച വിധികളില്‍ പറഞ്ഞ നിയമത്തിന്റെ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യദ്രോഹ കുറ്റമല്ല. ഭരണകൂടഭാഷ്യത്തിനു വിരുദ്ധമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു എന്നത് ഒരിക്കലും ഒരു വ്യക്തിയെ രാജ്യദ്രോഹ നിയമങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യാൻ തക്ക അധികാരം ഭരണകൂടത്തിന് നൽകുന്നില്ല. മറിച്ചു അത് അമിതാധികാര പ്രയോഗമായിട്ടാണ് നാം മനസ്സിലാക്കേണ്ടത്. മലപ്പുറത്തെ കോളേജ് വിദ്യാർത്ഥികളെ നിരുപാധികമായി മോചിപ്പിക്കാനും രാജ്യദ്രോഹ വകുപ്പ് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിന്ന് എടുത്ത് കളയാനും അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുവാനും പൗരാവകാശത്തിന് വേണ്ടി നിലകൊള്ളുന്ന മുഴുവൻ ആളുകളും മുന്നോട്ട് വരേണ്ടതുണ്ട്

അഡ്വ സി അഹ്മദ് ഫായിസ്‌