Campus Alive

നവയാഥാസ്ഥികതയുടെ ഭരണകൂട ഭാവുകത്വങ്ങൾ

(ഷെയ്ഖ് ബിന്‍ ബയ്യയുടെയും ഷെയ്ഖ് ഹംസ യൂസുഫിന്റെയും രാഷ്ട്രീയ ചിന്തകളെ വിശകലനം ചെയ്യുന്ന പഠനത്തിന്റെ രണ്ടാം ഭാഗം)


ഹംസ യുസുഫിന്റെ രാഷ്ട്രീയ കർതൃത്വത്തോടുള്ള വിമർശത്തിനും വിധേയപ്പെടലിനായുള്ള ആഹ്വാനത്തിനും  ജനാധിപത്യ വ്യവസ്ഥക്കകത്ത് കൃത്യമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പ്രാപ്തിയുണ്ട്. അദ്ദേഹം ഒരു ജനാധിപത്യ വിരുദ്ധനല്ലെങ്കിലും വ്യക്തികളിലെ രാഷ്ട്രീയ കർതൃത്വത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്തകൾ കൃത്യമായി പരിമിതപ്പെടുത്തുന്നുണ്ട്. സിംഗപ്പൂരിൽ വെച്ചുനടന്ന ഒരു ഇന്റർവ്യൂവിൽ ആധുനിക ജനാധിപത്യ സംവിധാനങ്ങളെ കുറിച്ചുള്ള ഒരു ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി കാണുക. “ഈ ചോദ്യം  ഉണ്ടാവാൻ കാരണം അവരുടെ ജീവിത പശ്ചാത്തലമാണ്. മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയവ്യവസ്ഥയില്‍ ഉള്‍പ്പെടാന്‍ കഴിയുന്ന സിംഗപ്പൂര്‍ പോലൊരു സ്ഥലത്ത്‌   യു.എസിനെയും മറ്റു പല രാജ്യങ്ങളെയും പോലെ തന്നെ അവര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നു എന്നത്‌ പ്രാധാന്യമുള്ള ഒരു കാര്യം തന്നെയാണ്.” വ്യവസ്ഥയെയും സുസ്ഥിരതയെയും പ്രതിനിധീകരിക്കുന്ന ഘടന രാഷ്ട്രീയമായ ഇടപെടലുകള്‍ ആവശ്യപ്പെടുന്നുണ്ട്. ആ ഘടനയെ സ്ഥാപിക്കുന്നതിനാവശ്യമായ ഘടകങ്ങളുമായി മുസ്‌ലിംകള്‍ സംവദിക്കണമെന്നാണ് അദ്ദേഹം വാദിക്കുന്നത്. ആധുനിക ദേശ രാഷ്ട്രങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ എഴുത്തുകളില്‍ ഈ വാദത്തെ കൂടുതലായി വിശദീകരിച്ചിട്ടുണ്ട്.   സൈക്സ്-പിക്കോട്ട്  ഉടമ്പടി പ്രകാരമുള്ള അതിർത്തികൾ കൊളോണിയൽ ശക്തികളുടെ കാലം മുതല്‍ക്കേ നിയമസാധുതയുള്ള അതിര്‍ത്തികളാണെന്ന കാര്യം മധ്യേഷ്യയിലെ ചില  യുവ മുസ്‌ലിംകള്‍ അംഗീകരിക്കുന്നില്ല എന്ന് ഹംസ യൂസുഫ് വിശദീകരിക്കുന്നു. പ്രാഥമികമായി  അവരുടെ ഇത്തരം നിയമസാധുതകൾ തർക്കസംബന്ധിയായ കാര്യമാണെങ്കിലും അവര്‍ ആധുനിക വത്കരണത്തിന്റെയും മതേതരത്വത്തിന്റെയും മുഖ്യ കാരണക്കാരാണെങ്കിലും ഈ ദേശരാഷ്ട്രങ്ങള്‍ യാഥാര്‍ഥ്യവും സുസ്ഥിരമായ അധികാരമുള്ളവയുമാണെന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. ഇതിനെ നിഷ്ഫലമാക്കാനുള്ള ശ്രമങ്ങൾ വലിയ തരത്തിലുള്ള പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും. രാഷ്ട്രത്തിന്റെ സുഭദ്രമായ ബലപ്രയോഗങ്ങൾക്ക് ഈ രാജ്യങ്ങളിലെ മുസ്ലിം പൗരന്മാരുടെ രാഷ്ട്രത്തോടുള്ള കൂറ് അനിവാര്യവുമാണ്.

ഹംസ യൂസുഫ് സമഗ്രമായ ഒരു ഭരണകൂട സംവിധാനമായി ഭരണഘടനാപരമായ രാജവാഴ്ച (constitutional  monarchy ) യെയാണ് പരിഗണിക്കുന്നത്. ഇത്തരമൊരു ഭരണ സംവിധാനത്തിൽ ആത്മീയാധികാരവും താത്കാലികമായ അധികാര ശക്തിയും പരസ്പര സന്തുലിതമായാണ് നിലനിൽക്കുന്നത്. അദ്ദേഹം ഇതിനെ വിശദമാക്കുന്നത് കാണുക: “ഒരു രാഷ്ട്രത്തിന്റെ രാജാവിനേക്കാൾ ഒരു ദരിദ്രനോ പുത്തൻ പണക്കാരനോ ആയ വ്യക്തിയാണ് അഴിമതി നടത്തുവാനുള്ള സാധ്യത കൂടുതൽ. അവർക്ക് എല്ലാം ഉണ്ട്, അതുകൊണ്ട് കൂടുതലായി ഒന്നും അവർക്ക് ആവശ്യമായി വരുന്നില്ല. ഒരു രാജാവ് നന്മയുള്ളവനാണെങ്കില്‍ അദ്ദേഹത്തിന്റെ സന്തതികളും(പ്രജകൾ) നല്ലവരായി മാറും. മൊറോക്കോ നമ്മെ സംബന്ധിച്ചിടത്തോളം  നല്ല ഉദാഹരണമാണ്.  മൊറോക്കോയിലെ രാജാവ് ഒരു നല്ല ആദരണീയമായ കുടുംബത്തിൽ നിന്നാണ് വരുന്നത്. ജനങ്ങൾ അദ്ദേഹത്തെയും അദ്ദേഹം ജനങ്ങളെ തിരിച്ചും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. സഊദിയിലും നമുക്ക് ഇതേ സംഗതി കാണുവാൻ കഴിയും. പക്ഷെ നിർഭാഗ്യവശാൽ അവിടെത്തെ ജനങ്ങൾ പലപ്പോഴും മോശകരമാണെന്ന് മാത്രം.”

ഇസ്ലാം:ദേശീയ സുരക്ഷാ എന്ന നിലയിൽ

ലോകത്ത് സംഭവിച്ചിട്ടുള്ള വലിയ തരത്തിലുള്ള പരിവര്‍ത്തനത്തിന്റെ ഫലം എന്ന നിലയില്‍ സെപ്റ്റംബര്‍ 11 സംഭവം  ഹംസ യൂസുഫിനെ പാശ്ചാത്യ-അമേരിക്കൻ അന്താരാഷ്ട്ര നയങ്ങളുടെ ശക്തനായ വിമര്‍ശകന്‍ എന്ന നിലയില്‍ നിന്നും “നീതിക്ക് മുമ്പുള്ള സുസ്ഥിരത” സംസ്ഥാപിക്കുന്നതിനായി നിലകൊള്ളുന്നവരെ പിന്തുണക്കുന്ന ഒരാളായി മാറ്റിയിരിക്കുകയാണ്. അതായത് അദ്ദേഹത്തിന്റെ വ്യാവഹാരികമായ കാഴ്ച്ചപ്പാടുകളില്‍ പെട്ടെന്നുള്ള പ്രകടമായ മാറ്റം ഉണ്ടായിരിക്കുന്നു. സെപ്റ്റംബർ11 ആക്രമണങ്ങൾ നടന്ന അതേ മാസം തന്നെ അദ്ദേഹം വൈറ്റ് ഹൗസിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കുകയും 2001 സെപ്റ്റംബർ 11 ആക്രമണം ഇസ്ലാമിനെ അപഹരിച്ചിരിക്കയാണെന്നും,  മുസ്ലിം സമൂഹം വിദ്വേഷത്തിന്റെ തലങ്ങളില്‍ നിന്ന് വിട്ടു നിൽക്കണമെന്നും ഹിംസയും ഭീകരവാദവും ഇല്ലാത്ത ഒരു ഇസ്ലാം മതം ഉണ്ടെന്നും അദ്ദേഹം ഉത്‌ബോധിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. യൂസുഫ് അദ്ദേഹത്തിന്റെ മതാധികാരം പ്രസിഡന്റ് ബുഷിന് ഖുര്‍ആന്‍ സമ്മാനിക്കുന്നതിന് മാത്രമല്ല ഉപയോഗിച്ചത്, മറിച്ച് അഫ്ഗാനിസ്ഥാനില്‍ നടന്നുകൊണ്ടിരുന്ന സൈനിക നടപടിയുടെ പേര് മാറ്റണമെന്നുകൂടി ആവശ്യപ്പെടാനും അദ്ദേഹം അത് ഉപയോഗപ്പെടുത്തി. സായുധ ദൗത്യത്തിന്റെ പേരായ “അനന്തമായ നീതി”( Infinite Justice) എന്ന പേര് അല്ലാഹുവിന്റെ 99 ഉൽകൃഷ്ട നാമങ്ങളിൽ പെട്ടതാണെന്നും അത് മുസ്ലിംകളുടെ മതവികാരം വ്രണപ്പെടുത്തും എന്നതുമായിരുന്നു അദ്ദേഹം ഇതിന് കാരണമായി പറഞ്ഞത്.  ബുഷ് അദ്ദേഹത്തിന്റെ ഈ ആവശ്യം അംഗീകരിക്കുകയും സായുധ ദൗത്യത്തിന്റെ പേര് “ശാശ്വതമായ സ്വാതന്ത്ര്യം(Enduring Freedom)” എന്നാക്കി മാറ്റുകയും ചെയ്തു. ഈ സംഭവം അദ്ദേഹത്തിന്റെ ഗുരുവിന്റെ ജീവിതത്തിലെ ഒരു സംഭവത്തിന്റെ പ്രതിബിംബമായി കാണാവുന്നതാണ്. 1977ൽ ബിൻ ബയ്യ മൗറിത്താനിയയിലെ നീതികാര്യ വകുപ്പ് മന്ത്രിയായി പ്രവർത്തിക്കെ ഒരു പ്രതിനിധി സംഘത്തിനൊപ്പം ലിബിയയിലേക്ക് പോവുകയും അവിടത്തെ കേണൽ മുഹമ്മദ് ഗദ്ദാഫിയെ കണ്ടുമുട്ടുകയും ചെയ്തു. ഗദ്ദാഫിയുമായുള്ള ഈ പുതിയ ബന്ധത്തെ അദ്ദേഹത്തിലുള്ള ഹദീസ് നിഷേധ പ്രവണതയിൽ നിന്നും പിന്തിരിപ്പിക്കാൻ വേണ്ടി ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു. മേൽ പറഞ്ഞ രണ്ടു സംഭവങ്ങളിലും രണ്ടു പണ്ഡിതന്മാരും തങ്ങളുടെ സ്ഥാനങ്ങളെ സമുദായത്തിന്റെ പരിവർത്തനത്തിന് വേണ്ടി പ്രവർത്തിക്കാതെ അനീതിക്ക് ദൈവശാസ്ത്രപരമായ അടിത്തറ നൽകാൻ വേണ്ടിയാണ് ഉപയോഗിച്ചത്.

കേണല്‍ ഗദ്ദാഫി

സെപ്റ്റംബർ 11 ആക്രമണം കഴിഞ്ഞ്‌ കുറച്ചു ദിവസങ്ങൾക്ക് ശേഷം സെപ്തംബർ 21ൽ അമേരിക്കൻ പ്രസിഡന്റ് ബുഷ് ഒരു പ്രഖ്യാപനം നടത്തി “എല്ലാ രാജ്യങ്ങളും ഒരു തീരുമാനം എടുക്കേണ്ടിയിരിക്കുന്നു. നിങ്ങൾ ഞങ്ങളോടൊപ്പം നിൽക്കുമോ അതോ ഭീകരവാദികൾക്കൊപ്പം നിൽക്കുമോ?” ശേഷം അമേരിക്ക ഭീകരവാദ വിരുദ്ധവേട്ടക്ക് ആരംഭം കുറിക്കുകയും ചെയ്തു. ബുഷിന്റെ ഈ അന്ത്യശാസനമാണ് “നല്ല മുസ്ലിം -ചീത്ത മുസ്ലിം” വിഭജനത്തിന്റെ  തുടക്കമായി കാണുവാൻ സാധിക്കുക.പ്രായോഗിക തലത്തിൽ ഈ സംഭവവികാസങ്ങള്‍ ഇസ്ലാമിനെയും അതിന്റെ സവിശേഷതകളെയും കുറിച്ചുള്ള ആഗോള തലത്തിലുള്ള പൊതു ചർച്ചകൾക്ക്  ഇടം നൽകുകയും ഇസ്ലാമിനെ അവർ എങ്ങനെയൊക്കെയാണ് മനസ്സിലാക്കുന്നത് എന്നത് ഒരു ദേശീയ സുരക്ഷാ പ്രശ്നമായി മാറുകയും ചെയ്തു. തങ്ങൾക്കു കീഴിൽ ഇസ്ലാമിന്റെ ആഖ്യാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനെ സോഫ്റ്റ് പവർ എന്ന് വളരെ ഫലപ്രദമായ രീതിയിൽ വിവർത്തനം ചെയ്യാം എന്ന് ഒരു പറ്റം മധ്യ പൂർവ്വൻ രാജ്യങ്ങൾ തിരിച്ചറിയുകയും ചെയ്തു. അന്തരാഷ്ട്രീയ ബന്ധങ്ങളിലെ ഇത്തരമൊരു  പുതു പശ്ചാത്തലത്തിലാണ് ബിൻ ബയ്യാഹും ഹംസ യൂസുഫും FPPMS ന്റെ മുന്നോടിയായി അന്തരാഷ്ട്രീയ ഫോറങ്ങൾക്കും യോഗങ്ങൾക്കും തുടക്കം കുറിക്കുന്നത്. അമേരിക്കയുമായുള്ള ദൃഢ ബന്ധം എന്ന നിലയിൽ അമ്മാൻ മെസ്സേജോട് കൂടി 2006 ലാണ് ഇതിൽ ആദ്യത്തേത് ജോർദാൻ ഭരണകൂടത്തിന്റെ കീഴിൽ സംഘടിപ്പിക്കപ്പെട്ടത്.

എട്ട് മദ്ഹബുകളുടെയും നിലനിൽപ്പിനെയും സൂഫി, സലഫി, ഷിയാ തുടങ്ങിയ അവാന്തര വിഭാഗങ്ങളുടെ പ്രമാണികതയെയും അവർക്കിടയിലെ കൂട്ടുകെട്ടുകളിലുള്ള അസാധാരണത്വത്തെയും വരച്ചുകാട്ടുന്നതായിരുന്നു അമ്മാൻ മെസ്സേജ്.  തൊട്ടടുത്ത വർഷവും ജോർദാന്റെ തന്നെ ആഭിമുഖ്യത്തിൽ “A common  Word  Between us ” എന്ന തലക്കെട്ടിൽ വീണ്ടും ഒരു യോഗം സംഘടിപ്പിക്കപ്പെട്ടു. ചില യാഥാസ്ഥിതിക ക്രിസ്ത്യന്‍ വിഭാഗങ്ങളുമായുള്ള പരസ്പര സംവാദം ആരംഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയായിരുന്നു ഈ യോഗം. യു.എ.ഇ യെ സംബന്ധിച്ചിടത്തോളം ദുര്‍ബലമെങ്കിലും FPPMS ന് മുൻപുള്ള ഇത്തരം സ്വാധീന നയങ്ങളുടെ ഭാഗമായുള്ള ശ്രമങ്ങളെ സൂചിപ്പിക്കൽ പ്രധാനമാണെന്ന് തോന്നുന്നു.

മര്‍ദിന്‍ പ്രതിനിധികള്‍

2010 ൽ നടന്ന മര്‍ദിന്‍ കോണ്‍ഫറന്‍സിലാണ് സംഭവങ്ങള്‍ക്ക്‌ ഒരു വഴിത്തിരിവ് ഉണ്ടാകുന്നത്. ഇന്നത്തെ തെക്ക്-കിഴക്കൻ തുർക്കിയിലെ മര്‍ദിനില്‍ വെച്ചാണ് പ്രസ്തുത സമ്മേളനം നടന്നത്. സലഫികൾക്കിടയിലെ ഒരു അധികാര വ്യക്തിത്വമാണെങ്കിലും ഇസ്ലാമിക ചരിത്രത്തിലെ എക്കാലത്തും ചർച്ച ചെയ്യപ്പെട്ട  ഇബ്‌നു തൈമിയ്യയുടെ കുപ്രസിദ്ധമായ  ഫത്‌വയിലെ ഒരു വിഷയിക കൂടിയാണ് പ്രസ്തുത പ്രദേശം. മുസ്ലിം ലോകത്തെ മംഗോളിയൻ അധിനിവേശ കാലത്ത് മംഗോളിയൻ അധിനിവേശത്തോട് കൂറ് പുലർത്തിയ ഭരണാധികാരിയുള്ള മർദിൻ പ്രദേശത്തിന്റെ സ്ഥിതിയെ കുറിച്ച്‌ ഇബ്‌നു തൈമിയ്യയോട് ചോദിക്കപ്പെട്ടപ്പോൾ ഈ സ്ഥിതി സമാധാനത്തിന് വേണ്ടിയുള്ളതോ അല്ലെങ്കിൽ പോരാട്ടത്തിന് വേണ്ടിയുള്ളതോ അല്ലാത്ത ഒന്നായതിനാലും  സമ്മിശ്രമായ(murakkib) പ്രകൃതത്തിലുള്ള ഒന്നായതിനാലും നാം ഇതിനോട്  സംഘട്ടനം നടത്തേണ്ടിയിരിക്കുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്. പ്രസ്തുത സമ്മേളനത്തിൽ ഇത് സംബന്ധിച് ബിൻ ബയ്യ ‘മൂലഗ്രന്ഥത്തിൽ ഒരു അക്ഷര പിശക് സംഭവിച്ചിട്ടുണ്ട്‌’ എന്നത് ചില പണ്ഡിതന്മാരുടെ അതിശയകരമായ ഒരു കണ്ടെത്തലായി പ്രഖ്യാപിക്കുകയും ചെയ്തു. മര്‍ദിനില്‍ യുദ്ധം ചെയ്യുക എന്നതിലുപരി യുഖാതല്‍  എന്നത് കൊണ്ട് യഥാർത്ഥത്തിൽ യുആമല്‍  അഥവാ ഒരു സമ്മിശ്ര പ്രകൃതത്തിൽ അവരുമായി ഇടപഴകുക എന്നാണ്  ഇവിടെ അർത്ഥമാക്കുന്നത് എന്നതാണ് ഈ അക്ഷര പിശക്. ഹംസ യൂസുഫിനെ സംബന്ധിച്ചിടത്തോളം ഈ കണ്ടെത്തൽ ഒരു സംസാരത്തിൽ അദ്ദേഹം സൂചിപ്പിച്ചത് പോലെ പ്രാധാന്യമുള്ള ഒന്നാണ്. “അൻവർ സാദത്തിന്റെ കൊലപാതകത്തിന് കാരണമായി തീർന്നിട്ടുള്ള ഫത്‌വ ആണിത്”. ഇവിടെ ഷെയ്ഖ് ഫത്‌വയെ നിലനിര്‍ത്തിക്കൊണ്ട് പോവുകയാണെന്ന് തോന്നുന്നു. അതായത് അവരെ അമൂര്‍ത്തമായ സങ്കല്‍പ്പനം എന്നതിലുപരി ഭൗതികമായിത്തന്നെ പ്രവൃത്തി ചെയ്യുന്ന ആളായോ അല്ലെങ്കില്‍ സ്വതന്ത്ര കര്‍തൃത്വങ്ങളായോ പരിഗണിക്കുന്നുണ്ടദ്ദേഹം. ഇത്തരം കാഴ്ച്ചപ്പാടുകളെ യുക്തിപരമായ അബദ്ധധാരണ എന്നതിലുപരി അലങ്കാരമായി(Rhetoric) മാത്രം കാണുകയാണെങ്കില്‍ ഓക്സ്ഫോർഡിൽ വെച്ച് 2010 ൽ നടന്ന “rethinking Islamic reform”  എന്ന പരിപാടിയിൽ അദ്ദേഹം നൽകിയ വിശദീകരണം മറ്റൊരു തരത്തിലാണ് അതിനെ വ്യഖ്യാനിക്കുന്നത്. അദ്ദേഹം പറയുന്നു: അച്ചടിപ്പിശകുള്ള ഒരു തത്വശാസ്ത്രമാണ് അവർ അടിസ്ഥാനമാക്കിയിരിക്കുന്നത്, ഇവ രണ്ടും തമ്മിൽ അദ്ദേഹം ഒരു യഥാർത്ഥ കാര്യകാരണ ബന്ധത്തെ കാണുന്നുണ്ട്. മേല്‍പറഞ്ഞ രീതിയിലുള്ള അക്ഷര പിഴവുകളുടെ സത്യാവസ്ഥയെ മാറ്റി നിർത്തിയാൽ, ഒരു അധികാരഘടനയുടെ അഭാവം ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും അവരുടെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്ന് മുക്തമാവുക പോലെയുള്ള ആശയങ്ങളെ കുറിച്ചുമാണ് പ്രസ്തുത പരിപാടിയിൽ തെളിയിക്കപ്പെട്ടത്. ഹംസ യൂസുഫിന്റെ ന്യായങ്ങളെ പിന്തുടരുന്ന ഒരാൾ അതിൽ സംശയം പ്രകടിപ്പിച്ചേക്കാം. ഏതായാലും ഇദ്ദേഹത്തിന്റെ ഈ കണ്ടെത്തലിന്  നാല് വർഷങ്ങൾക്ക് ശേഷമുള്ള ഐ.എസിന്റെ ന്റെ  വളർച്ചയെ തടയുന്ന തരത്തിൽ യാതൊന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നതാണ് വസ്തുത.  ഏതെങ്കിലും ഒരു ഫത്‌വയുടേയോ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ ഫത്‌വകളുടെ മിശ്രണത്തെയോ അടിസ്ഥാനമാക്കുന്നതിന് പകരം രണ്ട്‌ അമേരിക്കൻ ആക്രമണങ്ങളുടെ ഫലമായി രൂപപ്പെട്ടു വന്ന സവിശേഷ സാഹചര്യങ്ങളുമായും അവരുടെ ദുരിത കാലങ്ങളുമായും ബന്ധപ്പെട്ട ഉയർന്നു വന്ന ‘ആശയങ്ങളുടെ’ പശ്ചാത്തലത്തിൽ ഐ.എസിന്റെ ഉയർച്ചയെ വായിക്കേണ്ടതുണ്ട്.


ലേഖനത്തിന്റെ ആദ്യഭാഗം

വിവര്‍ത്തനം: മന്‍ഷാദ് മനാസ്‌

വലാ ഖ്യുസായ്‌& തോമസ് പാര്‍ക്കര്‍