Campus Alive

ഷഹീൻ ബാഗ് കോടതി വിധി പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെ നിഷേധം

(കരുണാ നന്തി, പ്രശാന്ത് ഭൂഷൺ, ദുശ്യന്ത് ദവേ എന്നിവർ ഈ വിധി കോടതിക്കും അന്താരാഷ്ട്ര നിയമത്തിനും വിരുദ്ധമാവുന്നത് എങ്ങനെ എന്ന് വിശദീകരിക്കുന്നു. കടപ്പാട്: ദി ക്വിന്റ്)


 

ഈ വർഷം തുടക്കത്തിൽ ഷഹീൻ ബാഗിലെ സമരത്തിനെതിരെ ഫയൽ ചെയ്യപ്പെട്ട പെറ്റീഷനെ തുടർന്നുണ്ടായ സുപ്രീംകോടതി വിധിയിൽ “പൊതു വഴികളും പൊതു ഇടങ്ങളും അത്തരത്തിൽ, അതും അനിശ്ചിതമായി, ഉപയോഗിക്കാൻ പാടില്ല” എന്നായിരുന്നു രേഖപ്പെടുത്തിയത്. പ്രതിഷേധിക്കാനുള്ള അവകാശത്തെ കോടതി അംഗീകരിച്ചെങ്കിലും, ‘സമര പ്രകടനങ്ങൾ നിയുക്ത സ്ഥലങ്ങളിൽ മാത്രമേ നടത്താവൂ’ എന്ന് സ്ഥിരീകരിച്ചു. ഷഹീൻ ബാഗ് സമരം യാത്രക്കാർക്കുണ്ടാക്കിയ അസൗകര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ജഡ്ജിമാർ, “ആയതിനാൽ ഇത്തരത്തിലുള്ള കയ്യേറ്റം, അതെവിടെയായാലും, അനുവദനീയം അല്ലെന്നും ഭരണകൂടം പൊതുയിടങ്ങളിൽ കയ്യേറ്റങ്ങളും തടസ്സങ്ങളും ഒഴിവാക്കാൻ നടപടി സ്വീകരിക്കുകയും വേണം എന്ന തീരുമാനം എടുക്കുന്നതിൽ സംശയം ഇല്ല” എന്നും വ്യക്തമാക്കി. പൗരത്വ പ്രക്ഷോഭത്തിന്റെ ചിഹ്നമായിമാറിയ ഷഹീൻ ബാഗിലെ പ്രക്ഷോഭകർക്കെതിരെ ശക്തമായ ഉത്തരവുകളൊന്നും ഇറക്കിയില്ലെങ്കിലും, ഇനിയങ്ങോട്ട് അങ്ങനെയുള്ള പ്രക്ഷോഭങ്ങൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു എന്നും അഥവാ ഉണ്ടാവുകയാണെങ്കിൽ പങ്കെടുക്കുന്നവർ ജഡ്ജിമാർ നിർണയിച്ച നിയമനടപടിക്കിരയാകും എന്നും പറഞ്ഞുകൊണ്ടാണ് കോടതി വിധി അവസാനിപ്പിച്ചത്.

ഇന്ത്യൻ പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ എങ്ങനെയാണ് ഈ കോടതിവിധി ബാധിക്കുന്നത്? ഇനിയൊരിക്കലും ഷഹീൻ ബാഗിനെപ്പോലെ ഒരു നിലപാട് രേഖപ്പെടുത്തുന്നതിന് വേണ്ടി പൊതുസ്ഥലങ്ങളോ റോഡുകളോ കയ്യേറുന്ന സമരങ്ങൾ ഉണ്ടാവില്ലേ? ഡൽഹിയിലെ സമരങ്ങൾ ഇനിമുതൽ ജന്തർ മന്തറിലും രാം ലീല മൈതാനിലും ഒതുങ്ങുമോ?

ഇത്തരം നിയന്ത്രണങ്ങൾ ഇന്ത്യൻ നിയമപ്രകാരം അനുവദനീയമാണോ?

ഈ ചോദ്യത്തിന്റെ ഉത്തരം പൂർണ്ണമായും വ്യക്തമല്ല. നിയുക്ത സമര സ്ഥലങ്ങളല്ലാത്ത പൊതു ഇടങ്ങളിൽ (പ്രത്യേകിച്ച് പൊതുവഴികളിൽ) നടത്തപ്പെടുന്ന സമരങ്ങളെ നിരോധിക്കുന്നതാണ് കോടതി വിധി. പക്ഷേ, വാസ്തവത്തിൽ അങ്ങനെ ഒരു അടച്ച നിരോധനം സംഭവിക്കാൻ പാടുള്ളതേയല്ല. ഇനി സുപ്രീം കോടതി തന്നെയാണ് അങ്ങനെ പറയുന്നതെങ്കിലോ?

1972-ൽ ഹിമത് ലാൽ കേസിൽ സുപ്രീം കോടതിയുടെ ഒരു കോൺസ്റ്റിറ്റ്യൂഷൻ ബെഞ്ച് പൗരന്മാർക്ക് തോന്നിയ സ്ഥലത്തെല്ലാം അവരുടെ ഒരുമിച്ചുകൂടാനുള്ള സ്വാതന്ത്ര്യത്തെ വിനിയോഗിക്കാൻ പറ്റില്ല എന്നാണ് പ്രതിപാദിക്കുന്നത്; “എന്നിരുന്നാലും, നിയമപ്രകാരം      ഒറ്റ പൊതു തെരുവിലും പൊതുസ്ഥലത്തും ഉള്ള സമ്മേളനത്തെയും നിരോധിച്ചുകൊണ്ട് സ്റ്റേറ്റിന് ഒരുമിച്ചുകൂടാനുള്ള അവകാശത്തെ കവർന്നെടുക്കാനോ അപഹരിക്കാനോ കഴിയില്ല. ഓരോ പൗരന്റെയും സമ്മേളിക്കാനുള്ള അവകാശത്തെ സംരക്ഷിച്ചുകൊണ്ട് മാത്രമേ സ്റ്റേറ്റിന് നിയന്ത്രണങ്ങൾ ഉണ്ടാക്കാനും, പൊതുസുരക്ഷാ താല്പര്യർത്ഥം ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും കഴിയൂ”.

അഞ്ചു ജഡ്ജിമാരടങ്ങുന്ന കോൺസ്റ്റിറ്റ്യൂഷൻ ബെഞ്ചിന്റെ ഈ വിധി നിർബന്ധിതവും, ഷഹീൻ ബാഗ് കേസിലെ മൂന്ന് ജഡ്ജിമാരടങ്ങുന്ന (ജസ്റ്റിസ് സഞ്ജയ്‌ കിഷൻ കൗൽ, ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് കൃഷ്ണ മുരാരി) ബെഞ്ചിന്റെ ഏത് വിധിയേക്കാളും മുൻഗണന ഉള്ളതും ആണ് എന്നത് ശ്രദ്ധേയമാണ്.

ഹിമത് ലാൽ കേസിൽ കോടതി പറഞ്ഞത് ഒരുമിച്ചുകൂടാനുള്ള അവകാശത്തെ പൊതുസുരക്ഷയുടെ താല്പര്യത്തിൽ ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാക്കാം എന്നായിരുന്നു. പക്ഷേ, ഷഹീൻ ബാഗ് പോലെയൊരു പ്രതിഷേധം പൊതുസുരക്ഷക്ക് ഭീഷണിയാകുമോ?

“പൊതു സമാധാനം എന്ത് എന്ന് നിർവ്വചിക്കുന്ന സുപ്രീം കോടതി വിധികളുടെ ഒരു വലിയ നിര തന്നെയുണ്ട്. ഗതാഗതം തടസ്സപ്പെടുത്തലല്ല അത്”. എന്ന് സുപ്രീം കോടതി വക്കീൽ കരുണ നന്തി വിശദീകരിക്കുന്നു; “പൊതു സമാധാനം [തകർക്കൽ] നിയമവാഴ്ച്ചക്ക് തന്നെ ഭീഷണിയാണ്, കലാപമോ സ്റ്റേറ്റിനെതിരെ വലിയ തോതിലുള്ള ആക്രമണമോ, അങ്ങനെ വലിയ തോതിൽ എന്തെങ്കിലും ആണത്. ഇവിടെ (ഷഹീൻ ബാഗിൽ) അങ്ങനെ ഒരു പൊതു സമാധാന ലംഘനം ഉണ്ടായിരുന്നു എന്നതിന് യാതൊരുവിധ തെളിവും ഇല്ല. വിധി വായിച്ചു നോക്കിയാൽ അങ്ങനെയൊരു ആരോപണം ഉണ്ടായതായിട്ടു പോലും രേഖകളിൽ ഇല്ല എന്നത് വ്യക്തമാണ്”. ചുരുക്കി പറഞ്ഞാൽ, പൊതു സ്ഥലത്ത് നടക്കുന്ന സമാധാനപരമായ പ്രതിഷേധം, അത് പൊതു വഴിയിൽ ആണെങ്കിൽ പോലും, അടിസ്ഥാനപരമായി പൊതു സമാധാനത്തിന് ഭീഷണിയാകുന്നില്ല. അങ്ങനെ പൊതു സമാധാനത്തിന് ഭീഷണിയാകാത്ത പക്ഷം അത്തരത്തിലുള്ള സമരങ്ങളെ നിയന്ത്രിക്കുന്നത്തിന് നിയമപരമായി അടിസ്ഥാനമില്ല. എന്നിട്ടും, എന്തുകൊണ്ടോ, സുപ്രീം കോടതി വിധി സമരത്തെ നിയന്ത്രിക്കുന്നു എന്ന് മാത്രമല്ല, നിയന്ത്രണത്തെ പിന്തുണക്കാൻ ഹിമത് ലാൽ കേസിനെ ഉദ്ധരിക്കുകയും ചെയ്യുന്നു.

“ഇത്തരത്തിലുള്ള അടച്ച പ്രസ്താവനകൾ പ്രശ്നകരമാണ് എന്നതാണ് ഇവിടെ പ്രശ്നം”, നന്തി പറയുന്നു. “ഓരോ പ്രതിഷേധത്തിന്റെയും സ്വഭാവമെന്താണ്, ആരെയാണ് അത് ബാധിക്കുന്നത് എന്നൊന്നും കണക്കിലെടുക്കാതെ ഒറ്റയടിക്ക് പ്രതിഷേധത്തെ മുഴുവൻ എങ്ങനെയാണ് നിരോധിക്കുക”.

അന്താരാഷ്ട്ര നിയമത്തിൽ ഈ നിലപാട് എങ്ങനെയാണ് സ്വീകരിക്കപ്പെടുന്നത്?

നിയുക്ത പ്രദേശങ്ങൾ ഒഴികെയുള്ള പൊതു ഇടങ്ങളിലെ ഈ പ്രതിഷേധ നിരോധനം സുപ്രീം കോടതിയുടെ തന്നെ മുൻ‌കാല വിധിന്യായങ്ങൾക്ക് മാത്രമല്ല, അന്താരാഷ്ട്ര നിയമത്തിനും വിരുദ്ധമാണ്. സമാധാനപരമായി ഒത്തുചേരാനുള്ള അവകാശത്തെക്കുറിച്ചുള്ള യു.എൻ പ്രത്യേക റിപ്പോർട്ടർമാരുടെ റിപ്പോർട്ട് കാണിക്കുന്നത്, ദേശീയ സുരക്ഷയുടെയോ പൊതു സമാധാനത്തിന്റെയോ താൽപ്പര്യപ്രകാരം സമാധാനപരമായ സമ്മേളനത്തിന്റെ അവകാശത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെങ്കിലും, അവ നിയമാനുസൃതവും ആവശ്യമുള്ളതും പിന്തുടരുന്ന ലക്ഷ്യത്തിന് ആനുപാതികവുമായിരിക്കണം എന്നാണ്. ഈ നിയന്ത്രണങ്ങൾ ഒരു നിയമം പോലെയല്ല മറിച്ച് സവിശേഷമായിരിക്കണം എന്നും, ഏറ്റവും പ്രധാനമായി, അവ “അവകാശത്തിന്റെ സത്തയെ ബാധിക്കരുത്” എന്നും റിപ്പോർട്ട്‌ ശ്രദ്ധയിൽ കൊണ്ടുവരുന്നു. “സമ്മേളിക്കാനുള്ള അവകാശത്തെ മുഴുവനായും നിരോധിക്കുന്നതും, അല്ലെങ്കിൽ ചില സ്ഥലങ്ങളിൽ പ്രത്യേക സമയങ്ങളിൽ നിരോധിക്കുന്നതും അന്തർലീനമായി അനുപാതരഹിതമാണ്. കാരണം അവ ഓരോ നിർദ്ദിഷ്ട സമ്മേളനത്തിന്റെയും പ്രത്യേക സാഹചര്യങ്ങളുടെ പരിഗണനയെ തടയുന്നു” – (യുഎൻ സ്പെഷ്യൽ റിപ്പോർട്ടേഴ്‌സ് റിപ്പോർട്ട്‌, ഫെബ്രുവരി 4, 2016, ഖണ്ഡിക, 30).

പൊതു സമാധാനത്തിന്റെ സംരക്ഷണാർത്ഥം സ്റ്റേറ്റ് ഒരു പ്രതിഷേധത്തെ നിയന്ത്രിക്കുകയാണെങ്കിൽ കോടതി “ഭീഷണിയുടെ കൃത്യമായ സ്വഭാവവും നിർദ്ദിഷ്ട അപകടസാധ്യതകളും” തെളിയിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ജനുവരിയിൽ അനുരാധ ഭാസിൻ വിധിയിലും (ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളെക്കുറിച്ച്) സുപ്രീംകോടതി വിധിച്ചത് ഇതു തന്നെയാണ് എന്ന് നന്തി ചൂണ്ടിക്കാട്ടുന്നു. ശ്രദ്ധേയമായ മറ്റൊരു കാര്യം, നന്തി ചൂണ്ടിക്കാണിച്ചതുപോലെ, യുഎൻ സ്പെഷ്യൽ റിപ്പോർട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നത്, പൊതു ഇടങ്ങൾ വ്യാപാരാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതും വാഹനങ്ങളും കാൽനടയാത്രക്കാരും ഉപയോഗിക്കുന്നതും ഒക്കെ പോലെ തന്നെ നിയമാനുസൃതമായ ഉപയോഗമാണ് പ്രതിഷേധ സമ്മേളനം എന്നാണ്; “പൊതു ഇടത്തിന്റെ ഏത് ഉപയോഗത്തിനും വ്യത്യസ്ത താൽപര്യങ്ങൾ പരിരക്ഷിക്കുന്നതിനായ് ചെറിയ അളവിൽ ഏകോപനം ആവശ്യമാണെങ്കിലും, വ്യക്തികൾക്ക് പൊതു ഇടങ്ങൾ ഉപയോഗിക്കുന്നതിന് നിയമാനുസൃതമായ നിരവധി മാർഗങ്ങളുണ്ട്. സമ്മേളനങ്ങൾ മൂലം ഗതാഗതത്തിനും, ദിനചര്യക്കും, പലപ്പോഴും വ്യാപാരപ്രവർത്തനങ്ങൾക്കും ഉണ്ടാവുന്ന തടസ്സങ്ങൾ ഒരു പരിധി വരെ സഹിക്കുക തന്നെ വേണം, സമ്മേളനത്തിനുള്ള അവകാശത്തെ ബഹുമാനിക്കണമെങ്കിൽ”.

വാസ്തവത്തിൽ, അന്താരാഷ്ട്ര നിയമം അനുസരിച്ച്, സ്റ്റേറ്റിന്, സമാധാനപരമായ പ്രതിഷേധങ്ങൾക്കായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുകയും മറ്റും ചെയ്ത് സഹായിക്കാനുള്ള ഉത്തരവാദിത്വമുണ്ട്. ഷഹീൻ ബാഗിൽ സമ്മർദ്ദം സൃഷ്ടിക്കാൻ കപിൽ ഗുജ്ജാറിനെ പോലുള്ള വെടിവെപ്പുകാരുടെ ശ്രമങ്ങളുടെ വെളിച്ചത്തിൽ ഈ ഉത്തരവാദിത്വം ഇവിടെ പ്രത്യേകിച്ച് പ്രസക്തമാണ്.

സമരങ്ങൾക്കും സമ്മേളനങ്ങൾക്കും ഒരു വിധത്തിലുള്ള നിയന്ത്രണവും ഏർപ്പെടുത്താൻ പാടില്ല എന്നല്ല, മറിച്ച് എന്ത് നിയന്ത്രണവും ആനുപാതികമായിരിക്കണം എന്നും, പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെ സത്തയെ കണക്കിലെടുത്തു കൊണ്ടുള്ളതായിരിക്കണം എന്നുമാണ് ഇവിടെ അർത്ഥമാക്കുന്നത്.

ഭാവിയിൽ പ്രതിഷേധങ്ങളെ എങ്ങനെയാണ് വിധി ബാധിക്കുക?

സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് അംഗീകൃതം എന്ന് പറഞ്ഞതിലും അപ്പുറം പോകുന്നതും, അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതും ആണെന്നിരിക്കെ, നിയുക്ത സ്ഥലങ്ങളിൽ മാത്രമേ പ്രതിഷേധം അനുവദിക്കാവൂ എന്ന വിധി യഥാർത്ഥത്തിൽ സാധുവായി കണക്കാക്കാനാവില്ല.

എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ല എന്നാണ് പൊതുതാൽപര്യ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണിന്റെ മുന്നറിയിപ്പ്; “താരതമ്യേനെ ഒരു വലിയ ബെഞ്ച് വിധി നിർണയിച്ച ഹിമത് ലാൽ കേസിനു തികച്ചും വിപരീതവും, ആയതിനാൽ മുൻകാല വിധികൾക്കെതിരും (Per Incuriam) ആണെങ്കിൽകൂടി, നിർഭാഗ്യവശാൽ വരുംകാലങ്ങളിൽ അധികാരികളും പോലീസും പൊതുസ്ഥലങ്ങളിലെ സമരങ്ങളെയും പ്രതിഷേധങ്ങളെയും കർശനമായി നിയന്ത്രിക്കുന്നതിന് വേണ്ടി ഈ വിധിയെ ഉപയോഗിക്കും”. മുൻകൂർ അനുമതിയോടെയും ഉചിതമായ പരിഗണനയോടെയും മദ്ധ്യ ദില്ലിയിൽ പോലും പല ഭാഗങ്ങളിൽ പ്രതിഷേധം അനുവദിക്കേണ്ടതുണ്ടെങ്കിലും ഡൽഹിയിലെ പ്രതിഷേധം ജന്തർ മന്തറിനും രാം ലീല മൈതാനത്തിനും മാത്രമായി പരിമിതപ്പെടുത്താനുള്ള പോലീസിന്റെ സമീപനത്തിന് അനുസൃതമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

അനുമതിയുണ്ടെങ്കിൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഏർപ്പെടുത്താം എന്ന് 2018-ലെ മസ്ദൂർ കിസാൻ സഹക്തി സംഗാഥൻ കേസിൽ സുപ്രീം കോടതി സ്ഥിരീകരിച്ചതാണ്. എന്നാൽ വീണ്ടും, വിചിത്രമായി ജസ്റ്റിസ് കൗൽ നയിച്ച ബെഞ്ച് ഷഹീൻ ബാഗ് കേസിൽ അവർ പറയാൻ ഉദ്ദേശിക്കുന്നതിന് വിപരീതമായ 2018-ലെ വിധിയെ ഉദ്ധരിക്കുന്നു.

ബുധനാഴ്ച കോടതി എടുത്ത തീരുമാനം “ഭൂരിപക്ഷത്തെയും എക്സിക്യൂട്ടീവിനെയും പ്രസാദിപ്പിക്കുന്നത്” ആയിരിക്കും എന്ന് സീനിയർ പ്രഭാഷകൻ ദുഷ്യന്ത് ദേവ് സമ്മതിക്കുന്നെങ്കിലും, അതേസമയം വിധി നടപ്പിലാക്കുന്നത് അസാധ്യമാവും എന്നും അദ്ദേഹം വാദിക്കുന്നു; “ദിവസവും രാഷ്ട്രീയ സംഘടനകൾ പൊതു സ്ഥലങ്ങളിൽ പ്രവർത്തനങ്ങൾ നടത്തുന്നു. ബി.ജെ.പി അടങ്ങുന്ന ഇത്തരം പാർട്ടികൾക്കെതിരെ കോടതി നിർദേശപ്രകാരം സർക്കാർ നടപടി സ്വീകരിക്കുമോ? പൗരത്വം നഷ്ടപ്പെടുമോ എന്ന് പേടിക്കുന്ന 150 മില്യൺ ഇന്ത്യക്കാർക്ക് പൗരത്വ പ്രക്ഷോഭം എത്രത്തോളം പ്രാധാനപ്പെട്ടതായിരുന്നു എന്ന് കോടതി മനസ്സിലാക്കണമായിരുന്നു. ഈ അടുത്ത കാലത്ത് ഹോങ് കൊങ്ങിലും, ബെലരസിലും, എന്തിന്, അമേരിക്കയിൽ പോലും രാജ്യമൊട്ടാകെ, പൊതു ഇടങ്ങളിൽ പ്രക്ഷോഭങ്ങൾ നടന്നതാണ്”.

എന്തൊക്കെ ആയാലും, നിയമപരമായി പറയുകയാണെങ്കിൽ, ഭാവിയിലെ പ്രക്ഷോഭങ്ങൾ – സമാധാനപരവും പൊതു സമാധാനത്തിന് ഭീഷണി ഉണ്ടാക്കാത്തതും ആയിരിക്കുന്നിടത്തോളം – നിയുക്ത സ്ഥലങ്ങളിലേക്ക് മാത്രം ഒതുക്കാതെ, പൊതു സ്ഥലങ്ങളിലും നടത്താൻ സാധിക്കണം, അതിന് അനുവദിക്കണം. ഒരു റോഡ് പൂർണ്ണമായും ദീർഘകാലത്തേക്ക് തടയുന്നത് ക്രമേണ സഞ്ചാര സ്വാതന്ത്ര്യത്തിന് അസ്വീകാര്യമായ തടസ്സമായി മാറിയേക്കാം, എന്നാൽ അത് തുടക്കത്തിൽ തന്നെ അത്തരം പ്രതിഷേധം തടയുന്നതിനുള്ള അടിസ്ഥാനമാക്കാൻ പാടില്ല. ഹിമാത് ലാൽ വിധി ഒരു നല്ല നിയമമായി തുടരുന്നിടത്തോളം കാലം ഷഹീൻ ബാഗ് കേസിലെ കോടതി വിധിക്ക് ഇത് നടപ്പിലാക്കാൻ കഴിയില്ല.

ഷഹീൻ ബാഗിലെ വിധിന്യായത്തിലെ കോടതിയുടെ നിരീക്ഷണങ്ങൾ ബാധകമാകുന്നത് പ്രതിഷേധം ഷഹീൻ ബാഗിലേതുപോലെ വലുതും പൂർണ്ണമായി റോഡ് കയ്യേറുന്നതും വളരെക്കാലം തുടരുന്നതുമായ സാഹചര്യങ്ങളിൽ മാത്രമാണ് എന്നും വാദിക്കാവുന്നതാണ്. ഇതിനൊക്കെ വേണ്ടി സമ്മർദ്ദമുണ്ടാക്കിയത് പ്രക്ഷോഭകർ തന്നെ ആവണം, സമാധാനപരമായി പോലീസിനെ ചെറുത്തും, സുപ്രീം കോടതിയെ വെല്ലുവിളിച്ചും.

മൗലികാവകാശങ്ങൾ സംരക്ഷിക്കേണ്ട സുപ്രീം കോടതി തന്നെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ആശയക്കുഴപ്പം സൃഷ്ടിച്ചു എന്നത് നിർഭാഗ്യകരമാണ്. ദേവ് പറയുന്നതുപോലെ, “കോടതിയുടെ തീരുമാനം സ്വയം വിരുദ്ധമാണ്. ആളുകൾ മറ്റെവിടെയാണ് പ്രതിഷേധിക്കുക? അവരുടെ വീടുകളിലോ? ഈ വിഷയത്തിൽ നിന്ന് മാറിനിൽക്കുന്നതായിരുന്നു കോടതിക്ക് നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്”.


വിവർത്തനം: ഇവാന

Courtesy: The Quint

വകാശ സച്ച്ദേവ്