Campus Alive

യു.എ.ഇ പിന്തുണക്കുന്ന ‘ഇസ്‌ലാമുകൾ’ – 2

 

അൽ അസ്ഹറും അതിന്റെ “ഗ്രാൻഡ് ഇമാമും”

അഹമ്മദ് അൽ-തയ്യിബിന്റെയും അൽ-അസ്ഹർ നേതൃത്വത്തിന്റെയും ഇസ്‌ലാമിനോടുള്ള സമീപനത്തെ മുൻനിർത്തി അവരെ പാരമ്പര്യവാദികൾ എന്ന് കണക്കാക്കാമെങ്കിലും, നേരത്തെ സൂചിപ്പിച്ച ശൃംഖലയോട് അവർ കൂടുതൽ ഇഴചേർന്നതല്ലാത്തതിനാൽ (ചില അതിരുകടക്കൽ/ഏച്ചുകെട്ടലുകൾ ഉള്ളത് ഒഴിച്ചു നിർത്തിയാൽ) പ്രത്യേകമായി തന്നെ അവരെക്കുറിച്ച് ചർച്ച ചെയ്യേണ്ടതുണ്ട്. അൽ-അസ്ഹർ നേതൃത്വത്തിന്റെ പാരമ്പര്യവാദം അതിന്റെ തന്നെ ആയിരം വർഷം പഴക്കമുള്ള പാരമ്പര്യത്തിൽ നിന്ന് ഉത്ഭവിക്കുന്നതും, അതിന്റെ ശൃംഖല, ഈജിപ്തിനുള്ളിലും മുസ്‌ലിം  ലോകത്തും അതിനുള്ള സവിശേഷമായ സ്ഥാനത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതുമാണ്. അൽ-അസ്ഹറിന്റെ സമാദരണീയമായ പ്രസ്തുത സ്ഥാനത്തെ, ഒരു സോഫ്റ്റ് പവർ ടൂളായി ഉപയോഗപ്പെടുത്താൻ യുഎഇ ശ്രമിക്കുകയും അൽ-അസ്ഹറിന്റെ അധികാരത്തെ നിലനിർത്തുന്നതിനും അതിന്റെ നേതൃത്വത്തെ സംരക്ഷിക്കുന്നതിനുമുളള യുഎഇയുടെ ആവശ്യങ്ങളോട് അൽ-തയ്യിബ് കരുതലോടെ പ്രതികരിച്ചിരുന്നതായും കാണാമായിരുന്നു.

അൽ-അസ്ഹറിനുള്ള യുഎഇ പിന്തുണയെ സംബന്ധിച്ചിടത്തോളം 2013 എന്നത്, യുഎഇ അൽ-തയ്യിബിനെ ഏറ്റെടുത്ത നിർണായകമായ വർഷമായി കണക്കാക്കാവുന്നതാണ്. ശൈഖ് സെയ്ദ് ബുക്സിന്റെ സാംസ്കാരിക വ്യക്തിത്വത്തിനുള്ള അവാർഡും, ദുബായ് ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡിന്റെ ഇസ്‌ലാമിക് പേഴ്സണാലിറ്റി ഓഫ് ദ ഇയർ അവാർഡും ഉൾപ്പെടെ 2013 ൽ യു‌എഇ രണ്ടുതവണ അൽ-തയ്യിബിന് പുരസ്കാരങ്ങൾ നൽകിയിരുന്നു. അൽ-തയ്യിബിന്റെ ഷെയ്ഖ് സായിദ് ബുക്ക് അവാർഡിനുവേണ്ടിയുള്ള മൂന്ന് മാസത്തെ യുഎഇ സന്ദർശനത്തിനു ശേഷം 2013 ജൂലൈ 3 ന് ഈജിപ്തിലെ അട്ടിമറി നേതാവ് അൽ സീസിയ്ക്കൊപ്പം അൽ-തയ്യിബ് നിലകൊള്ളുകയും,  അട്ടിമറി “രണ്ട് തിന്മകളിൽ ലഘുവായത്” എന്ന നിയമസാധുത നൽകുകയും ചെയ്തു. എന്നിരുന്നാലും, അട്ടിമറിക്ക് ശേഷമുള്ള സൈന്യത്തിന്റെ അട്ടിമറി വിരുദ്ധ പ്രക്ഷോഭകാരികൾക്കെതിരെയുള്ള ആക്രമണത്തിൽ, അൽ-തയ്യിബ് പ്രതിഷേധം രേഖപ്പെടുത്തി. അട്ടിമറിക്ക് ഏതാനും ആഴ്ചകൾക്കുശേഷം യു‌എഇയിൽ നിന്ന് തന്റെ ദുബായ് ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡിന്റെ ‘ഇസ്‌ലാമിക് പേഴ്സണാലിറ്റി ഓഫ് ദി ഇയർ’ സ്വീകരിക്കാൻ അൽ-തയ്യിബ് വിസമ്മതിച്ചത് അട്ടിമറിക്ക് ശേഷമുള്ള സംഭവവികാസങ്ങളോടുള്ള പ്രതിഷേധമായി വ്യാഖ്യാനിക്കാം.

2019 ൽ അബൂദാബിയിൽ ഫ്രാൻസിസ് മാർപാപ്പയുമായി അഹ്മദ് അൽ-തയ്യിബ് നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്, Credit: The Tablet

2014 ജൂലൈയിൽ, എഫ്.പി.പി.എം.എസിന്റെ ആദ്യ സമ്മേളനത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ യുഎഇ മുസ്‌ലിം  കൗൺസിൽ ഓഫ് എൽഡേഴ്സ് (എം.സി.ഇ) സ്ഥാപിച്ചു. അൽ തയ്യിബ് ഒടുവിൽ അതിന്റെ അദ്ധ്യക്ഷനാവുകയും ചെയ്തു. “ഇസ്‌ലാമിന്റെ മാനുഷിക വശ”ത്തെക്കുറിച്ച് ധർമ്മോപദേശം നടത്താൻ അസ്ഹരികളായ “സമാധാന പ്രധിനിധി സംഘത്തെ” യൂറോപ്പിലെയും ആഫ്രിക്കയിലെയും അമേരിക്കയിലെയും ഏഷ്യയിലെയും 14 രാജ്യങ്ങളിലേക്ക് അയച്ച, അല്ലെങ്കിൽ ബർമയിലെയും ന്യൂസിലൻഡിലെയും കാര്യത്തിലേത് പോലുള്ള,  ആഗോള മുസ്‌ലിം  വിഷയങ്ങളിലുള്ള ഉപദേശങ്ങൾക്ക് വേണ്ടി “മുതിർന്ന മുസ്‌ലിം “കളായി ഇടപെടുകയും ചെയ്യുക,  തുടങ്ങിയ സ്വഭാവത്തിലുള്ള ആവശ്യങ്ങൾക്ക് വേണ്ടി, അൽ-തയ്യിബും ലോക നേതാക്കളും തമ്മിലുള്ള പതിവ് കൂടിക്കാഴ്ചകളിലൂടെ എം‌.സി‌.ഇയുടെ ആഗോള വ്യാപനം സുഗമമായിത്തീർന്നു. യു.എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറെസുമായുള്ള അൽ-തയ്യിബിന്റെ കൂടിക്കാഴ്ചയിൽ,  ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക സമിതിയിയുടെ കൺസൾട്ടീവ് പദവി എം.സി.ഇക്ക് ലഭിക്കാനുള്ള അഭ്യർത്ഥന നടത്തിയത്, പ്രസ്തുത ആഗോള വ്യാപനത്തിന്റെ പ്രതിഫലനമായിരുന്നു. 2019 ൽ അബുദാബിയിൽ നടന്ന, ഗ്ലോബൽ കോൺഫറൻസ് ഓഫ് ഹ്യൂമൻ ഫ്രറ്റേണിറ്റിയിൽ വെച്ച്, ഫ്രാൻസിസ് മാർപാപ്പയുമായുള്ള അൽ-തയ്യിബിന്റെ കൂടിക്കാഴ്ച ഒരുപക്ഷേ എം‌.സി.‌ഇയുടെ ഏറ്റവും ആഘോഷിക്കപ്പെടുന്ന ഒരു സംഭവമാണ്. ഇത് “ലോകത്തിലെ രണ്ട് പ്രമുഖ മതനേതാക്കൾ തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച്ച” ആയി കണക്കാക്കപ്പെടുകയും ചെയ്യുന്നുണ്ട്.

യുഎഇയുടെ അൽ-അസ്ഹറിനുള്ള പിന്തുണ എം.സി.ഇയെ കൂടാതെ യുഎഇയുടെ തന്നെ ‘Islamic Affairs and Endowment’  വഴിയും നടക്കുന്നുണ്ട്. അത് 2015 ൽ യു‌എഇയിൽ അൽ-അസ്ഹറിന്റെ ആദ്യത്തെ വിദേശ സ്ഥാപനം  തുറക്കുന്നതിനുവേണ്ടിയുള്ള കരാർ അൽ-തയ്യിബുമായി ഒപ്പിടുകയും ചെയ്തിരുന്നു. കൂടാതെ, ഡിജിറ്റലൈസ് ചെയ്ത കയ്യെഴുത്ത് പ്രതികളുള്ള ഹൈടെക് ലൈബ്രറിയും,  ‘അൽ-ഷെയ്ഖ് സായിദ് സെന്റർ ഫോർ ടീച്ചിംഗ് അറബിക് ഫോർ നോൺ-നേറ്റീവ്സ്’ പോലുള്ള പുതിയ കേന്ദ്രങ്ങളും നിർമിച്ചുകൊണ്ട് ഈജിപ്തിലെ അൽ-അസ്ഹറിനെ യുഎഇ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. അൽ-തയ്യിബിന്റെ പ്രവർത്തനങ്ങളെയും അഭിപ്രായങ്ങളെയും പ്രചരിപ്പിക്കുന്നതിന് വേണ്ടി, “അൽ-ഇമാം അൽ-തയ്യിബ്” എന്ന 2016-2020 ലെ ടിവി പ്രോഗ്രാമിലൂടെയുള്ള, വലിയ മാധ്യമ പിന്തുണ യുഎഇ നൽകുകയും ചെയ്യുന്നുണ്ട്. അൽ-തയ്യിബിന്റെ നെറ്റിയിൽ നിരന്തരം ചുംബിക്കുന്നതിലൂടെ യുഎഇ ഭരണാധികാരികൾക്ക് അദ്ദേഹത്തോടുള്ള പൊതു ബഹുമാനം, കൂടുതൽ പ്രതീകാത്മകമായി പ്രകടിപ്പിക്കുകയും ചെയ്യുന്നു. അൽ-സീസിയുമായുള്ള അൽ തയ്യിബിന്റെ ശീതയുദ്ധത്തിൽ അൽ-തയ്യിബിനെ പിന്തുണക്കുന്നതിലുള്ള യുഎഇയുടെ പങ്ക് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എന്നത് രസകരമാണ്. ഷെയ്ഖുൽ അസ്ഹറിനെ തെരഞ്ഞെടുക്കുക എന്ന അൽ അസ്ഹറിലെ സീനിയർ സ്കോളേഴ്സ് കൗൺസിലിന്റെ പുതുതായി ലഭിച്ച അവകാശത്തെ, ഈജിപ്ത് പ്രസിഡന്റിന് വീണ്ടും ലഭിക്കുന്ന തരത്തിൽ, ഈജിപ്ഷ്യൻ പാർലമെന്റ് ചർച്ച ചെയ്ത നിർദ്ദിഷ്ട ഭരണഘടന ഭേദഗതിക്കെതിരെ യുഎഇ സമ്മർദം ചെലുത്തിയിരുന്നു എന്ന് പ്രത്യേകമായി കാണാൻ സാധിക്കും.

പുരോഗമന മുസ്‌ലിം ശൃംഖല

ഇവിടെ ചർച്ച ചെയ്യുന്ന പണ്ഡിതന്മാരുടെ “പുരോഗമനപരത”, അവരിൽ വൈവിദ്ധ്യം നിലനിൽക്കെ തന്നെ,  ഇസ്‌ലാമിന്റെ പാരമ്പര്യ  വ്യാഖ്യാനങ്ങൾക്കെതിരെയുള്ള അവരുടെ “പ്രധിരോധവുമായി” ബന്ധപ്പെട്ടിരിക്കുന്ന കാര്യമാണ്. മാനവികതയെയും,  പാശ്ചാത്യ ജ്ഞാനശാസ്ത്രപരതയെയും, തങ്ങളുടെ അടിത്തറയായി കണക്കാക്കുകയും, ഇസ്‌ലാമിക പ്രമാണങ്ങളുടെ പുതിയ വ്യാഖ്യാനങ്ങൾക്ക് വേണ്ടിയുള്ള  രീതിശാസ്ത്രപരമായ പുതിയ ഉപാധികളെയും അത്തരം പണ്ഡിതന്മാർ മുന്നോട്ടുവെക്കുന്നുണ്ട്. “ആധുനിക മുസ്‌ലിംകൾ”, “ലിബറൽ മുസ്‌ലിംകൾ”, “മതേതര മുസ്‌ലിം കൾ” എന്നിങ്ങനെയുള്ള വിവിധ വിളിപ്പേരുകൾ അത്തരം പണ്ഡിതന്മാരെ സൂചിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നുണ്ട്. ഖുർആനിന് പുതിയ വ്യാഖ്യാനം നൽകിയതിന്റെ പേരിൽ അറിയപ്പെടുന്ന സിറിയൻ എഞ്ചിനീയർ കൂടിയായ മുഹമ്മദ്‌ ഷാഹ്‌റൂർ, “ഇസ്‌ലാമിക ഇടതുപക്ഷം” എന്ന തന്റെ പദ്ധതിയിലൂടെ അറിയപ്പെടുന്ന ഈജിപ്ത്യൻ ഫിലോസഫി പ്രൊഫസർ ഹസൻ ഹനഫി, സിറിയൻ മതേതര കവിയായ അലി എസ്‌ബെർ (അഡോണിസ് എന്ന് അറിയപ്പെടുന്നു), തുടങ്ങിയവരാണ് യുഎഇ പിന്തുണക്കുന്ന പുരോഗന വ്യക്തിത്വങ്ങളിൽ ഉൾപ്പെടുന്നത്.

മുഹമ്മദ് ഷാഹ്റൂർ

ഖുർആനിനെ വ്യാഖ്യാനിക്കാനുള്ള ഷാഹ്റൂറിന്റെ പുതിയ രീതിശാസ്ത്രത്തിൽ പരിശീലനം നേടുന്നതിനുവേണ്ടി,  2007 ൽ യുഎഇ, യുവ ഗവേഷകരെ സ്പോൺസർ ചെയ്തതെങ്ങനെയാണെന്ന്,  ഈജിപ്ഷ്യൻ ഗവേഷകനായ ഖദീഗ ജഅ്ഫർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഷാഹ്റൂറിന്റെ രീതിശാസ്ത്രത്തെ ഉപയോഗിക്കുന്നതിനും,  ശരാശരി അറബ് വായനക്കാരിലേക്ക് അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും വേണ്ടി ഒരു തലമുറയിലെ ഗവേഷകരെ പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ,  യു‌എഇയിലും ലെബനാനിലും ശാഖകളുള്ള, ഷാഹ്റൂറിന്റെ ‘Centre for Contemporary   intellectual  Studies  (CCIS)’ എന്ന ഹ്രസ്വകാല പഠന കേന്ദ്രം വഴിയാണ് വാസ്തവത്തിൽ അത് നടപ്പിലായത്. “ഭീകരതയ്‌ക്കെതിരായ യുദ്ധ”ത്തിന്റെ പശ്ചാത്തലത്തിൽ,  “ഇസ്‌ലാമിക സംസ്കാരത്തിലെ തീവ്രവാദ ഉറവകളെ ഇല്ലാതാക്കുന്നു” (Draining the Sources of  Terrorism in the Islamic Culture ) എന്ന പേരിൽ 2008 ൽ ഷാഹ്റൂർ എഴുതിയ പുസ്തകം സി.സി.ഐ.എസ് പ്രസിദ്ധീകരിച്ചിരുന്നു.

2013 ലെ പ്രതി-വിപ്ലവ തരംഗത്തിന്റെ ഭാഗമായി പുരോഗമനവാദ പണ്ഡിതന്മാർക്കുള്ള യുഎഇയുടെ പിന്തുണ, എം‌.ഡബ്ല്യു.ബി (Mominoun -Believers Without Borders) എന്ന സ്ഥാപനത്തിന്റെ രുപീകരണത്തോടെ കുതിച്ചുയർന്നു. ആറുവർഷത്തോളം അതിന് യുഎഇയിലും മൊറോക്കോയിലും ശാഖകളുണ്ടായിരുന്നെങ്കിലും, മൊറോക്കൻ ഭരണകൂടവുമായുള്ള രാഷ്ട്രീയ തർക്കങ്ങൾക്ക് ശേഷം, യുഎഇ അടുത്തിടെ മൊറോക്കൻ ശാഖ അടച്ചുപൂട്ടി (ഈ വാദം പ്രസ്തുത സ്ഥാപനം തള്ളിക്കളഞ്ഞിട്ടുണ്ട്) എന്നാണ് റിപ്പോർട്ട്. ഇസ്‌ലാമിക പാരമ്പര്യത്തോടുള്ള വിമർശനാത്മക സമീപനങ്ങളുടെ പ്രാധാന്യവും, ഈ സമീപനങ്ങളിലെ മാനവികവാദത്തിലുള്ള കേന്ദ്രീകരണത്തെക്കുറിച്ചും, എംഡബ്ല്യുബി അതിന്റെ സ്വയം വിവരണക്കുറിപ്പിലും,  പ്രസിദ്ധീകരണങ്ങളിലും ഊന്നിപ്പറയുന്നുണ്ട്. സൗജന്യമായി ലഭിക്കുന്ന,  നാല് ഓൺലൈൻ ആനുകാലിക ജേണലുകളും, മാഗസിനുകളും, നൂറുകണക്കിന് എഴുത്തുകാരുടെ നൂറുകണക്കിന് പുസ്തകങ്ങളും, അതോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് ഇവന്റുകൾ സംഘടിപ്പിക്കുന്നതിനും വേണ്ടി,  പ്രസ്തുത സംരംഭം,  ഉപയോഗിക്കപ്പെട്ടിരുന്നതിലൂടെ, അതിന് വലിയതോതിലുള്ള  ധനസഹായമുണ്ടായിരുന്നതായി കണക്കാക്കാവുന്നതാണ്. ഇതിന് മറ്റൊരു പേരിൽ ഒരു ഈജിപ്ഷ്യൻ ശാഖയുമുണ്ട്. “ദാൽ” എന്നാണ് അതിന്റെ പേര്. ഷാഹ്റൂർ, നസർ അബു സയ്ദ്, ഹസൻ ഹനഫി, ഇസ്‌ലാമിക മാനവികതയും  ആധുനിക പദ്ധതിയുടെയും പേരിൽ അറിയപ്പെടുന്ന മുഹമ്മദ് അർകൗൻ, തുടങ്ങിയ പുരോഗമനവാദികളുടെ പൈതൃകത്തെ, ഇത്രയധികം വിഭവങ്ങൾ ഉള്ളത്കൊണ്ട് തന്നെ എംഡബ്ല്യൂബിക്ക് പുനരുജ്ജീവിപ്പിക്കാൻ സാധിച്ചു.

2017 ലെ ഷെയ്ഖ് സായിദ് ബുക്ക് അവാർഡ് ജേതാക്കളിൽ ഷാഹ്റൂറിനെയും നാമനിർദ്ദേശം ചെയ്തുകൊണ്ട്, യുഎഇ പുരോഗമനവാദികൾക്കുള്ള തങ്ങളുടെ പിന്തുണ വർദ്ധിപ്പിച്ചു. പരസ്യമായ വിവാദങ്ങൾക്കിടയിലും യുഎഇ ആസ്ഥാനമായുള്ള ടിവി ചാനലുകളിലെ,  പ്രോഗ്രാമുകളിൽ തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഷാഹ്റൂറിന് ഇടം നൽകി. സമാനമായ സ്വഭാവത്തിൽ, യുഎഇയിലെ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുകയും ടിവി ചാനലുകളിൽ (സ്കൈ ന്യൂസ് അറേബ്യ പോലുള്ള) പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതിനാൽ തന്നെ,  യുഎഇയിലെ മാധ്യമങ്ങളിലും സാംസ്കാരിക പൊതുമേഖലയിലും അഡോണിസിനും വർദ്ധിച്ച സ്ഥാനം ലഭിച്ചിരുന്നു. 2019 റമദാനിലെ അബൂദാബി ടിവിയിലെ പരിപാടിയിൽ അദ്ദേഹം തുടരുന്നത്, പൊതുജനങ്ങളുടെ രോഷം കാരണം നിർത്തിവെച്ചതായും കരുതുന്നു.

ഈ പുരോഗമന പണ്ഡിതന്മാർക്കും സ്ഥാപനങ്ങൾക്കും ഇടയിൽ പൊതുവായി കാണപ്പെടുന്നത് “രാഷ്ട്രീയ ഇസ്‌ലാമിനോടുള്ള” അവരുടെ കടുത്ത വിമർശനമാണ്. ഇസ്‌ലാമിസ്റ്റ് ചിന്തയെ അപനിർമിക്കുക,  അതിന്റെ ഉള്ളടക്കത്തെ വിമർശിക്കുക, രചനകളിലൂടെയും പരിപാടികളിലൂടെയും  അതിനെ എങ്ങനെ മറികടക്കാമെന്ന് പഠിക്കുക, എന്നിവയിൽ കേന്ദ്രീകരിക്കുന്നതാണ് എം‌ഡബ്ല്യുബിയുടെ ഗവേഷണ അജണ്ടകൾ. ആധുനിക ഭരണകൂടത്തിനെതിരായ മുസ്‌ലിം ആക്ടിവിസത്തിന്റെ ഉറവിടമാണെന്ന് വിശ്വസിക്കപ്പെടുന്ന “ഹാക്കിമിയത്ത്” എന്ന ആശയത്തെ  അപനിർമ്മിച്ചുകൊണ്ട്,  ഷാഹ്റൂർ 2014 ൽ ഒരു പുതിയ പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു. ഇസ്‌ലാമിസ്റ്റ് വിരുദ്ധ വ്യഗ്രത, ബൗദ്ധിക സംവാദങ്ങളിൽ നിന്ന് മാറി കെട്ടുകഥകളിലേക്ക് അതിരുകവിയുക പോലും ചെയ്തിരുന്നു. എം‌ഡബ്ല്യുബി സെക്രട്ടറി ജനറൽ യൂനിസ് ഖാന്ദിൽ,  സ്വയം പരിക്കേൽപ്പിക്കുകയും മുറിപ്പെടുത്തുകയും ചെയ്ത ശേഷം, അതിനെ “തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ” മേൽ  ആരോപിച്ചത് വലിയ സാമൂഹിക വിവാദമുണ്ടാക്കി. അന്വേഷണത്തിനൊടുവിൽ പ്രസ്തുത ആരോപണം വ്യാജമാണെന്നും, സംഭവം കെട്ടിച്ചമച്ചതാണ് എന്നും ജോർദാനിലെ അധികാരികൾ വെളിപ്പെടുത്തിയിരുന്നു.

അതിരുകവിച്ചിലും വ്യതിചലനവും

വിപരീത സ്വഭാവത്തിൽ നിലകൊള്ളുന്ന, രണ്ട് – ധ്രുവ ശക്തികളായ പണ്ഡിത ശൃംഖലകൾക്ക്, യുഎഇയിൽ നിന്ന് രണ്ടായിരങ്ങളുടെ മധ്യഘട്ടത്തിൽ ആരംഭിക്കുന്ന പിന്തുണകളെക്കുറിച്ചുള്ള ഈ ചെറിയ ചർച്ച, മത വ്യാഖ്യാനങ്ങളുടെ മേഖലയോട് രാഷ്ട്രീയ മുന്നാലോചനകൾ എങ്ങനെ ഇടപഴകുന്നുവെന്നുള്ള സൂക്ഷ്മമായ തലങ്ങളെയാണ് ചൂണ്ടികാണിക്കുന്നത്. മുകളിൽ സൂചിപ്പിച്ചത് പോലെ തന്നെ, രാഷ്ട്രീയക്കാർ അവരുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിന് വേണ്ടി വ്യാഖ്യാന ചട്ടക്കൂടുകൾക്കിടയിൽ സ്വതന്ത്രമായി നീങ്ങികൊണ്ടിരിക്കുന്നുണ്ട്. യുഎഇയുടെ പിന്തുണയിലുള്ള, നവ-പാരമ്പര്യവാദ സൂഫികളെയും, പാരമ്പര്യ വിരുദ്ധ പുരോഗമന വാദികളെയും തമ്മിൽ സ്ഥിരമായി ബന്ധിപ്പിക്കുന്ന രേഖ “രാഷ്ട്രീയ ഇസ്‌ലാമിനെ” എതിർക്കുക എന്നതാണ്. യുഎഇ പിന്തുണക്കുന്ന സൂഫികളുടെയും പുരോഗമനവാദികളുടെയും ശൃംഖലകൾ അടങ്ങുന്ന ഗ്രൂപ്പുകൾ മാത്രമല്ല അത്തരം സ്വാധീനത്തിൽ ഉള്ളത് എന്നിരിക്കെത്തന്നെ, ഭരണകൂട പിന്തുണയുടെ വൈവിധ്യമാർന്ന ചുറ്റുപാടും അത്,  പണ്ഡിത സ്ഥാനങ്ങളിൽ ചെലുത്തുന്ന സ്വാധീനവും മനസിലാക്കുകയെന്നത്,  രാഷ്ട്രീയവും മതപരമായ അധികാരവും തമ്മിലുള്ള ആശയവിനിമയത്തെക്കുറിച്ച് വിമർശനാത്മകമായി ചിന്തിക്കുന്നതിനുള്ള ആദ്യപടിയുമാണ്.

(അവസാനിച്ചു)

ഭാഗം ഒന്ന്


(രാഷ്ട്രീയ സാമൂഹ്യശാസ്ത്രം, മതത്തിന്റെ സാമൂഹ്യശാസ്ത്രം, കലയുടെ സാമൂഹ്യശാസ്ത്രം, ബുദ്ധിജീവികളുടെ സാമൂഹ്യശാസ്ത്രം എന്നിവ ഉൾപ്പെടുന്ന ഇസ്താംബുൾ സെഹിർ സർവകലാശാലയിലെ സോഷ്യോളജി ബിരുദ വിദ്യാർത്ഥിയും അദ്ധ്യാപക സഹായിയുമാണ് മുഹമ്മദ് അമാഷ)

മുഹമ്മദ് അമാഷ