Campus Alive

ഷർജീൽ ഇമാമും ഹിന്ദു ലിബറലിസത്തിന്റെ പരിമിതികളും

രാജ്യദ്രോഹപരമെന്ന് മുദ്രകുത്തപ്പെട്ട ഷർജീൽ  ഇമാമിന്റെ പ്രസ്താവന ആ പ്രസംഗം പൂർണമായി പരിശോധിക്കുമ്പോൾ അങ്ങനെയാണെന്ന് തോന്നുന്നില്ല. ഇപ്പോഴത്തെ പൗരത്വഭേദഗതിനിയമ(CAA) വിരുദ്ധ സമരങ്ങളുടെ നയങ്ങളെ വല്ലാതെ വിമർശിക്കുന്ന ഇമാം, നിലവിൽ പല സ്ഥലങ്ങളിലായി നടന്നു കൊണ്ടിരിക്കുന്ന കുത്തിയിരിപ്പ് പ്രക്ഷോഭങ്ങൾ ഫലം നൽകുകയില്ല എന്ന് പറയുകയുണ്ടായി. വിദ്യാർത്ഥികളോട്  ജാമിഅയും അലിഗഡും പോലെയുള്ള ക്യാമ്പസുകൾക്കകത്ത് പ്രതിഷേധിക്കുന്നതിനു പകരം  പ്രതിഷേധങ്ങളെ കൂടുതൽ പൊതു ഇടങ്ങളിലേക്ക് കൊണ്ടുവരാൻ അദ്ദേഹം ആവശ്യപ്പെടുന്നു. ഇതിനൊപ്പം തന്നെ, നോർത്ത് ഈസ്റ്റിനെ ഇന്ത്യയുടെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴികഴുത്ത്‌ പോലെയുള്ള വീതി കുറഞ്ഞ ഭൂപ്രദേശം ഉപരോധിക്കുന്നത് ആസാമിലെ  ഇപ്പോഴത്തെ CAA വിരുദ്ധ  മുന്നേറ്റങ്ങളെ എങ്ങനെ സഹായിക്കും എന്നും അദ്ദേഹം വിശകലനം ചെയ്യുന്നു. എന്നാൽ ഇങ്ങനെ പറയുമ്പോഴും  അക്രമത്തിനോ സ്റ്റേറ്റിനെതിരെ പ്രവർത്തിക്കാനോ അദ്ദേഹം എവിടെയും ആവശ്യപ്പെടുന്നില്ല. ഈ നയത്തിലൂടെ, ഇന്നോളം ക്രൂരമായി അവഗണിക്കപ്പെട്ട പ്രതിഷേധങ്ങളെ കേൾക്കാൻ ഗവൺമെന്റ് നിർബന്ധിതമാക്കപ്പെടും എന്നതാണ് ഇമാമിന്റെ പ്രസംഗത്തിന്റെ രത്നചുരുക്കം. നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ഇമാമിന്റെ ഭാഗത്തു നിന്നുണ്ടായ ഒരു വിഡ്ഢിത്തമാണ് അതെന്ന് ഒരാൾക്ക് വാദിക്കാമെങ്കിലും CAA വിരുദ്ധ സമരങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് വേണ്ടിയുള്ള നയപരിപാടികളെപ്പറ്റിയും ഈ സമരങ്ങളോട് മറുപടി  പറയിപ്പിക്കാൻ ഗവൺമെന്റിനെ നിർബന്ധിതരാക്കുന്നതിനെപ്പറ്റിയും ചർച്ച ചെയ്യുന്നത് ഒരിക്കലും രാജ്യദ്രോഹപരമല്ല.

ഇതിനേക്കാൾ മോശം അവസ്ഥയിൽ രാജ്യം എത്തപ്പെട്ടിട്ടുണ്ട് എന്ന് ഓർമിക്കുന്നത് ഈയവസരത്തിൽ വളരെ പ്രധാനമാണ്. 2008 ൽ ജമ്മുവിലെ വലതുപക്ഷം ഒരു മാസത്തോളം ദേശീയപാത ഉപരോധിക്കുകയും അതുവഴി കശ്മീരിനെ ബാക്കി ഇന്ത്യയുമായി വിച്ഛേദിക്കുകയും ചെയ്തുവെങ്കിലും അവർക്ക് ഒന്നും സംഭവിച്ചില്ല. ഗോഡ്സയെ ദേശസ്നേഹിയാക്കിയ പ്രഗ്യ താക്കൂർ ഇന്നും പാർലമെന്റിലുണ്ട്. ഗാന്ധിജിയുടെ കോലത്തിനു നേരെ വെടിയുതിർത്ത പൂജ ശകുൻ പാണ്ഡെ ഇപ്പോഴും ഇന്ത്യയുടെ രാഷ്ട്രപിതാവിനു നേരെ വിദ്വേഷം പ്രചരിപ്പിക്കാൻ കഴിയുംവിധം സ്വതന്ത്രയാണ്. മുസ്‌ലിംകളെ പൈശാചികവൽക്കരിക്കുന്നതിലൂടെ കരിയർ ഉണ്ടാക്കി, ഉയർന്ന ഓഫീസുകളിൽ ജോലി ചെയ്യുന്ന ഒരുപാട് പേർ ഇന്ന് ഇന്ത്യയിലുണ്ട്. CAA വിരുദ്ധ പ്രക്ഷോഭങ്ങൾ തുടർന്നാൽ “മുസ്ലിംകളെ അവരുടെ സ്ഥാനത്ത് നിർത്തും” എന്ന് കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് കർണാടക മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി പറഞ്ഞത്.  സർക്കാർ സായുധ സംഘങ്ങളായ ബോഡോസിനെ രസിപ്പിക്കാനും അവരുമായി ഒരു കരാറിൽ ഏർപ്പെടാനും തയ്യാറാവുമെങ്കിലും മുസ്‌ലിംകളോട് അവരുടെ ന്യായമായ ആശങ്കകളെയും ഭയങ്ങളെയും കുറിച്ച് സംസാരിക്കില്ല. മുൻകാലങ്ങളിൽ മുസ്‌ലിം വോട്ടവകാശം റദ്ദാക്കാനുള്ള ആഹ്വാനങ്ങൾ തീർച്ചയായും ഉണ്ടായിട്ടുണ്ട്, എന്നിട്ടും അത്തരം നീക്കങ്ങൾക്കെതിരായ നീതിയുക്തമായ നടപടികൾ നാം ചെയ്തു കാണുന്നില്ല. എന്നാൽ ഇതിൽ നമുക്കൊരു  ക്രമം കാണാൻ കഴിയും. അതായത്, മുസ്‌ലിംകളെ പൈശാചികമായി ചിത്രീകരിച്ചവർക്കെല്ലാം പൊതുസമൂഹത്താലോ ഗവണ്മെന്റിനാലോ നേട്ടങ്ങളുണ്ടായിട്ടുണ്ട്. ദേശഭക്തിയുടെ കാര്യം വരുമ്പോൾ ഹിന്ദുക്കളെയും മുസ്‌ലിംകളെയും അളക്കാൻ വ്യത്യസ്ത അളവുകോലുകളുണ്ട് എന്ന് വ്യക്തമാണ്. അക്രമത്തിന് ആഹ്വാനം നൽകിയ ഹിന്ദുക്കൾക്ക് ഇറങ്ങി നടക്കാമെങ്കിലും ഒരു പ്രസംഗം നടത്തിയതിന്റെ പേരിൽ മാത്രം മുസ്‌ലിംകൾ ശിക്ഷിക്കപ്പെട്ടേക്കാം.

അസ്വസ്ഥപ്പെടുത്തുന്നതെന്തെന്നാൽ, ഈ കാപട്യം ഹിന്ദു വലതു പക്ഷത്തിൽ മാത്രം പരിമിതപ്പെടാതെ ഹിന്ദു ലിബറലുകളിലും കാണപ്പെടുന്നു എന്നതാണ്. ഷർജീലിന്റെ കേസിൽ ഇടതിന്റെയും  ലിബറൽസിന്റെയും പൂർണമായ  കയ്യൊഴിയൽ നമുക്ക് കാണാൻ കഴിയും. കനയ്യ കുമാറിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടത്തിനെതിരെ ശബ്ദമുയർത്തിയവർ ഇന്ന് ഇമാമിന് അതേ കുറ്റങ്ങൾ ചുമത്തപ്പെട്ടപ്പോൾ നിശബ്ദരാണ്. നിശബ്ദത മാത്രമല്ല, ഇമാമിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നും ലിബറൽ ശബ്ദങ്ങൾ ആവശ്യപ്പെടുകയുണ്ടായി. ഈ വ്യത്യസ്തങ്ങളായ പ്രതികരണം ആ രണ്ടു വ്യക്തികളുടെ മതസ്വത്വങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിൽ ഞാൻ  ഭയപ്പെടുന്നു. രാജ്യദ്രോഹ നിയമത്തെ അടിസ്ഥാനപരമായി തന്നെ നിരസിക്കുന്ന ഒരു ലിബറൽ വ്യവസ്ഥയാണ് ഇന്ത്യയിലേതെന്ന് ഞാൻ കരുതി. പക്ഷെ, ഈ പ്രശ്‌നത്തിൽ ചിലരുടെ അഭിപ്രായങ്ങൾ പരിഗണിക്കുമ്പോൾ അവരുടെ  ലിബറലിസം വെറും പുറംമോടി മാത്രമുള്ളതാണെന്ന് ചിന്തിക്കാൻ ഒരാൾ നിർബന്ധിതനാവുന്നു. മുസ്‌ലിംകളുടെ കാര്യം വരുമ്പോൾ അവരുടെ ലിബറലിസം തിരഞ്ഞെടുത്ത് മാത്രം(selective) പ്രയോഗിക്കപ്പെടുന്നു എന്നതാണ് കൂടുതൽ പരിതാപകരം. തങ്ങളിലൊരു വിദ്യാർത്ഥിയുടെ  അറസ്റ്റിനെ പറ്റി  ജെ.എൻ.യു. പോലെയുള്ള ഒരു ലിബറൽ യൂണിവേഴ്‌സിറ്റിയുടെ നിശബ്ദതയെ നമ്മൾ വേറെ എങ്ങനെയാണ് വിശദീകരിക്കുക? അദ്ദേഹത്തിന്റെ  അറസ്റ്റിനെപ്പറ്റി ഒരു  വിഭാഗം ഇടത് ആൾക്കാരുടെ ഭ്രാന്തമായ പ്രചാരണങ്ങളെ വേറെ എങ്ങനെയാണ് മനസ്സിലാക്കാൻ കഴിയുക?  രാജ്യദ്രോഹക്കുറ്റത്തിനെതിരെ തീവ്രമായി വാദിച്ചവരിൽ ഭൂരിഭാഗവും ഈ പ്രശ്‌നത്തിൽ പാലിച്ച നിസ്സംഗമായ നിശബ്ദതയെ വേറെ എങ്ങനെയാണ് നാം മനസിലാക്കുക?

സാധ്യതയുള്ള ഒരു ഉത്തരം ഷർജീൽ കോൺഗ്രസ്സിന്റെയും ഇടതിന്റെയും തുറന്ന വിമർശകൻ ആയിരുന്നു എന്നുള്ളതാണ്. പല അവസരങ്ങളിലും വെസ്റ്റ് ബംഗാളിലെ മുസ്ലിംകളുടെ ദാരിദ്ര്യാവസ്ഥയെ(deprivation) അന്നത്തെ ഇടതു മുന്നണി ഗവൺമെന്റിന്റെ  നയങ്ങളുമായി അദ്ദേഹം നേരിട്ട് ബന്ധപ്പെടുത്തിയിട്ടുണ്ട്. സ്വന്തം പ്രതിഛായ ഉയർത്താൻ വേണ്ടി മുസ്‌ലിം പ്രതിഷേധ ഇടങ്ങളെ ഉപയോഗിക്കുന്ന കനയ്യ കുമാറിനെ പോലെയുള്ള ‘കാരിക്കേച്ചറു’കളെ അദ്ദേഹം വിമർശിച്ചിരുന്നു. ബെഗുസാറയിലെ ഹിന്ദുക്കളെ CAA ക്കെതിരെ  എന്തുകൊണ്ട് സംഘടിപ്പിക്കുന്നില്ല എന്ന് കനയ്യ കുമാറിന്റെ ഇഷ്ട്ടക്കാരോട് ചോദിക്കുന്നത് നിയമാനുസൃതമല്ലേ?  മുസ്‌ലിമിന്റെ കാര്യം വരുമ്പോൾ ഇടതിന്റെ ദേശീയ ഭാവന ബി.ജെ. പി.യിൽ നിന്നും കോൺഗ്രസ്സിൽ നിന്നും എന്ത് കൊണ്ട് വ്യത്യസ്തമല്ല എന്ന് ചോദിക്കുന്നത് നിയമാനുസൃതമല്ലേ? സമാനമായി, തങ്ങളുടെ കാലഘട്ടത്തിൽ ഇന്ത്യയിലുണ്ടായ വ്യത്യസ്ത മുസ്‌ലിം വിരുദ്ധ കൂട്ടക്കൊലകളെപ്പറ്റി അദ്ദേഹം കോൺഗ്രസ്സ് പാർട്ടിയെ ചോദ്യം ചെയ്തു. ബാബരി മസ്ജിദ് വിഷയത്തിൽ  കോൺഗ്രസ്സിന്റെ പങ്ക് ചോദ്യം ചെയ്യുന്നത് നിയമാനുസൃതമല്ലേ? ഇടതിനാലോ കോൺഗ്രസ്സിനാലോ നയിക്കപ്പെടാതെ സ്വന്തമായി ശബ്ദമുയർത്താൻ മുസ്‌ലിംകളോട്  ഷർജീൽ ആവശ്യപ്പെടുന്നതിലെ പ്രശ്നമെന്താണ്? അതോ ഈ വ്യക്തിയോട് ലിബറൽ വ്യവസ്ഥിതിക്കുള്ള പ്രശ്നം ഈ കാര്യങ്ങൾ തന്നെയാണോ?

സ്വന്തത്തെ പിന്നിലിരുത്തുകയും രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങളെ പ്രതിനിധീകരിക്കാൻ അനുവദിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പാത കാലങ്ങളായി മുസ്‌ലിംകൾ തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. എന്നാൽ ഈ പാർട്ടികൾ തിരിച്ച് അവരെ മണ്ടന്മാരാക്കുകയും മുസ്‌ലിംകളെ  വോട്ടിന് വേണ്ടി മാത്രം ഉപയോഗിക്കുകയും ചെയ്തു. മുസ്‌ലിം വോട്ടുകളെ ആശ്രയിച്ചിരുന്ന ഈ പറയപ്പെട്ട മതേതര പാർട്ടികൾ CAA വിരുദ്ധ പ്രതിഷേധങ്ങളിൽ മുസ്‌ലിംകളോട്‌ ഐക്യപ്പെടാൻ തെരുവുകളിൽ വളരെ വിരളമായി മാത്രം ഇറങ്ങിയതിലൂടെ ഇത് വളരെ വ്യക്തമായതുമാണ്. തങ്ങളുടെ  രാഷ്ട്രീയ സഞ്ചാരഗതി ഇനി തങ്ങൾ തന്നെ നിർണയിക്കണമെന്ന അവബോധം ഇന്ന് മുസ്‌ലിംകൾക്കിടയിൽ തന്നെ വളർന്നുവരുന്നുണ്ട്. ഷർജീലും അദ്ദേഹത്തെ പോലെയുള്ള മറ്റു പലരും സമുദായത്തിൽ തന്നെയുള്ള ഈ ആഭ്യന്തര ചലനങ്ങളുടെ ഉൽപ്പന്നങ്ങളാണ്. മുസ്‌ലിംകളുടെ ഈ സ്വത്വനിർദ്ധാരണപ്രക്രിയ തന്നെയാവാം ഒരു പക്ഷേ ഇടതിനെയും  ലിബറലുകളെയും പ്രകോപിപ്പിക്കുന്നത്. ഒരു പക്ഷേ, അവർ അദ്ദേഹത്തെ ഉന്നം വെക്കുന്നതിന്റെയും അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നതിന്റെയും കാരണം ഇത് മാത്രമായിരിക്കാം. ഏതൊരാൾക്കും ഷർജീലിന്റെ കാഴ്ച്ചപ്പാടുകളോട് ഭിന്നാഭിപ്രായങ്ങൾ തീർച്ചയായും ഉണ്ടാകാം, എന്നാൽ ഈ അവസരത്തിൽ അദ്ദേഹത്തിന് വേണ്ടി നിലകൊള്ളുന്നില്ല എന്നതിന്റെ അർത്ഥം   രാജ്യദ്രോഹക്കുറ്റം എന്ന കിരാത നിയമത്തോട് ഹിന്ദു ലിബറലിസം ആദർശപരമായി എതിരല്ല എന്ന് മാത്രമാണ്. ന്യൂനപക്ഷങ്ങൾ എങ്ങനെ രാജ്യവുമായി ബന്ധപ്പെടണം എന്ന ഹിന്ദു വലതുകളുടെ ചില അടിസ്ഥാന പ്രസ്താവനകളെ അവരും പങ്കിടുന്നു എന്നും അത് അർത്ഥമാക്കുന്നു. ഒരു മുസ്ലിം വിദ്യാർത്ഥിയെ ഹിന്ദു വലതുപക്ഷം വേട്ടയാടിയപ്പോൾ അരികിൽ  കാഴ്ചക്കാരായി നിന്നവരായി ഈ പറയപ്പെട്ട സംരക്ഷകരെ ചരിത്രം ഓർമിക്കും. അവരിൽ പലരും ഈ സാമുദായിക ഉന്നം വെക്കലിൽ കൂട്ടുപ്രതികളായി എന്നത് കൂടുതൽ ദൗർഭാഗ്യകരമാണ്.

കടപ്പാട്: Beyond Headlines വിവർത്തനം: ഫാത്തിമാ നൗറീൻ

(അർഷദ് ആലം സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്)

 

അർഷദ് ആലം