Campus Alive

മേട്ടുപാളയം അയിത്തമതിലിന്റെ തകർച്ചയും ഇസ്‌ലാമിന്റെ ഉയർച്ചയും

2019 ഡിസംബർ രണ്ടാം തിയ്യതി മേട്ടുപാളയം അയിത്തമതിൽ തകർന്നതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ എന്നെപോലെ പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. എന്നെ സംബന്ധിച്ച് രണ്ടാമത്തെ തവണയാണ് ഇങ്ങനെ നിരാശയും ഭീതിയും അനുഭവപ്പെടുന്നത്. അതിൽ ആദ്യത്തേത് ഗുജറാത്തിലെ ഉന്നാവിൽ ഒരുകൂട്ടം ദലിതർ തങ്ങളുടെ കുലതൊഴിലായ ചത്ത പശുവിന്റെ തോലഴിച്ചു എന്ന ഒറ്റ കാരണത്താൽ ആൾകൂട്ടാക്രമണത്തിന് വിധേയമായപ്പോഴാണ്. പ്രസ്തുത സംഭവം ഒരു പോലീസ് സ്റ്റേഷന്റെ മുൻപിൽ വെച്ച് പകൽവെളിച്ചത്തിലാണ് നടന്നത് എന്നത് അതിന്റെ ആഘാതം വർദ്ധിപ്പിക്കുന്നു. തുടർന്ന് ദലിതർ സർക്കാർ ഓഫീസുകൾക്ക് നേരെ ജഡാവശിഷ്ടങ്ങൾ എറിയുകയും ഇനി മുതൽ പ്രസ്തുത ജോലി തുടരില്ല എന്ന് പ്രസ്താവിക്കുകയും ചെയ്തു. ഇത് പ്രതീക്ഷയും ആത്മവിശ്വാസവും ആശ്വാസവും നൽകുന്ന ഒന്നായിരുന്നു. പിന്നീട് മേട്ടുപാളയത്ത് ദലിത് ആക്ടിവിസ്റ്റുകൾ പ്രത്യേകിച്ച് അരുന്തതിയാർ സമുദായത്തിലുള്ളവർ, കൊല്ലപെട്ട 17 ദലിതരുടെയും നീതിക്ക് വേണ്ടി സംഘടിച്ചു. ഉറങ്ങികിടക്കുമ്പോളായിരുന്നു അവരെല്ലാം കൊല്ലപ്പെടുന്നത്. വലിയ ശബ്ദത്തോടെയുള്ള ഇരുപതടി മതിലിന്റെ തകർച്ചയിൽ സമീപവാസികൾ സഹായത്തിനായി അവിടേക്കെത്തി. അവർ അധികാരപ്പെട്ടവരെ വിളിചെങ്കിലും പതിനഞ്ചോളം ശരീരങ്ങൾ നീക്കം ചെയ്തതിനു ശേഷമാണവർ അവിടെ എത്തിചേരുന്നത്. മൂന്നു കിലോമീറ്റർ ചുറ്റളവിൽ മുനിസിപ്പൽ ഓഫീസ്, ഫയർ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ തുടങ്ങി എല്ലാ സംവിധാനങ്ങളും ഉണ്ടായിട്ടുപോലും വളരെ വൈകിയാണ് അവരെല്ലാം എത്തിചേർന്നത്. സംഭവം വാർത്താ ചാനലുകളിലും വന്നു. വിവിധ രാഷ്ട്രീയ പാർട്ടീ നേതാക്കൾ വന്നു ചേരുകയും പോലീസ് ഈ കാര്യത്തെ വളരെ പരുഷമായി ഒതുക്കിതീർക്കുകയും ചെയ്തു.

ഇതേ മേട്ടുപാളയത്താണ് ഒരു വർഷം മുൻപ് അന്യജാതിയിൽ നിന്ന് വിവാഹം ചെയ്തതിന്റെ പേരിൽ ദമ്പതികൾ കൊല്ലപെട്ടത് (അരുന്തതിയാർ സമുദായത്തിൽ പെട്ട പെൺകുട്ടിയും ഒ.ബി.സി ആയ ആൺകുട്ടിയും). ആൺകുട്ടിയുടെ മൂത്തസഹോദരൻ ജാതിപെരുമയ്ക്ക് അപമാനം ഉണ്ടാക്കിയതിന്റെ പേരിൽ അവരെ കൊല്ലുകയായിരുന്നു. ദലിത് നേതാക്കൾ പ്രതിഷേധിക്കുന്നത് വരെ ഇതിനെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. ഇത്തരം മുൻകാല അനുഭവങ്ങൾ ഉള്ളത് കൊണ്ട് തന്നെ സർക്കാർ അധികാരികളോട് നഷ്ടപരിഹാരത്തിന് വേണ്ടിയും കുറ്റവാളികളെ അറസ്റ്റ് ചെയ്യുവാനും വേണ്ട നടപടികൾ എടുക്കുവാനും സംസാരിക്കുകയുണ്ടായി. തുടർന്ന് കലക്ടർ സ്ഥിതിഗതികൾ മുഖ്യമന്ത്രിയെ അറിയിച്ചു. ആ സമയം മേട്ടുപാളയം ഗവൺമെന്റ് ഹോസ്പിറ്റലിൽ ജനങ്ങൾ തടിച്ചുകൂടുമെന്ന ന്യായത്തിൽ മൃതശരീരങ്ങൾ കോയമ്പത്തൂരിലേക്ക് മാറ്റുവാൻ പോലിസ് ആവശ്യപ്പെട്ടു. എന്നാൽ അതിനെതിരെ പ്രവർത്തകർ പ്രതിഷേധിക്കുകയും മേട്ടുപാളയത്ത് വച്ച് തന്നെ പോസ്റ്റ്മോർട്ടം നടത്തുവാൻ വേണ്ടി ആവശ്യപ്പെടുകയുമുണ്ടായി. പോലീസ് ഘട്ടംഘട്ടമായി ശരീരങ്ങൾ ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റുകയുണ്ടായി. ഹോസ്പിറ്റലിൽ പ്രസ്തുത മൃതശരീരങ്ങൾ ഒരുതരത്തിലുമുള്ള മറപോലുമില്ലാതെ തുറന്നിട്ട രീതിയിലായിരുന്നു. മൃതശരീരങ്ങളെ ഇങ്ങനെ കൈകാര്യം ചെയ്തത് അവിടെയുണ്ടായിരുന്ന ആക്റ്റിവിസ്റ്റുകളെ സംബന്ധിച്ച് ദുഃഖകരമായ കാര്യമായിരുന്നു. അതേസമയത്ത് തന്നെ ആക്ടിവിസ്റ്റുകളായ ചിലർ പ്രത്യേകിച്ച് ദലിത് പശ്ചാത്തലമുള്ള ‘തമിഴ് പുലികൾ കഴ്ച്ചി’ (TPK) പ്രവർത്തകർ മരണപ്പെട്ട പതിനേഴ്പേരിൽ ചിലർ മതിലിന്റെ അപകടാവസ്ഥയെ കാണിച്ച് കൊണ്ട് ലോക്കൽ മുനിസിപൽ അധികാരികൾക്ക് നേരത്തെ തന്നെ പരാതി സമർപ്പിച്ചിരുന്നു എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചു. സ്വകാര്യ ഭൂമിയിലാണ് പ്രസ്തുത മതിൽ നിർമ്മിച്ചിരുന്നതെങ്കിലും അധികാരികളിൽ നിന്ന് മതിയായ അനുമതി ലഭിച്ചിരുന്നില്ല. മതിൽ പണിത മേൽജാതി ഹിന്ദുക്കൾ ഉയർന്ന പ്രദേശത്താണ് താമസിച്ചിരുന്നതെങ്കിൽ, കീഴ്ജാതി ദലിതർ താഴ്ന്ന പ്രദേശങ്ങളിലായിരുന്നു. ചരിഞ് കിടന്നിരുന്ന ഭൂമി മേൽജാതി ഹിന്ദുക്കൾ നിരപ്പാക്കുകയും അവിടെ അശാസ്ത്രീയമായ രീതിയിൽ മതിൽ നിർമ്മിക്കുകയും അതിനോട് ചേർന്ന് കൃഷി നടത്തുകയുമാണ് ചെയ്തത്. കൂടാതെ മതിലിന് സമീപത്തായി ഒരു സെപ്റ്റിക് ടാങ്ക് സ്ഥാപിക്കുകയും ഓവുചാൽ കീറുകയും ചെയ്തു. ഇതൊക്കെയാണ് മതിലിന്റെ തകർച്ചയിലേക്ക് നയിച്ചത്. മതിലിൽ വിള്ളലുള്ളതായ് നേരത്തെ തന്നെ സമീപവാസികൾ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നിട്ട് പോലും മേൽജാതിഹിന്ദുക്കൾ മതിൽ നീക്കം ചെയ്യുവാൻ തയ്യാറായില്ല. ജാതിഹിന്ദുക്കളിൽ നിന്ന് തൊട്ടുകൂടാത്തവരെ വേർതിരിക്കാൻ മതിൽ പണിതത് മുതൽ, അത് നീക്കം ചെയ്യാനുള്ള ദലിതരുടെ ആവശ്യത്തെ ജാതിഹിന്ദുക്കൾ ചെവികൊള്ളാത്തത് മുതൽ, ദലിതരുടെ പരാതിയിന്മേൽ നടപടിയെടുക്കുവാൻ അധികാരികൾ തയ്യാറാവാത്തത് മുതൽ, മൂന്ന് വീടുകൾക്ക് മേൽ മതിൽ തകർന്ന് വീഴുകയും അത് ഉറങ്ങികിടക്കുകയായിരുന്ന പതിനേഴ് പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തത് മുതൽ ഉയർന്ന പ്രദേശത്ത് ജാതി ഹിന്ദുക്കളും താഴ്ന്ന പ്രദേശത്ത് ദലിതരും താമസിക്കുകയും ചെയ്തത് മുതൽ ഇതൊരു അയിത്തമതിലായി തീർന്നിരിക്കയാണ്.

സംഭവം റിപോർട്ട് ചെയ്യുവാൻ വേണ്ടി പലരും വരികയും അന്വേഷണത്തിലൂടെ നിലനിൽക്കുന്ന ആരോപണങ്ങൾ യഥാർത്ഥ്യമാണെന്ന് തെളിയുകയും ചെയ്തു. ഗ്രാമവാസികൾ പറയുന്നത് സമീപത്തുള്ള ദലിതരെ കാണുന്നത് ഒഴിവാക്കുവാൻ വേണ്ടി മാത്രമാണ് ഇത്രയും വലിയ മതിൽ പണിയുവാൻ കാരണം എന്നാണ്. ഈ വാർത്ത കാട്ടുതീ കണക്കെ പടർന്നുപിടിക്കുകയും ഇതിന്റെ ജാതിയെ കുറിച്ച് ആളുകൾ ചർച്ച ചെയ്യാനും തുടങ്ങി. ശേഷം പ്രാദേശിക സർക്കാർ അധികാരികൾ മരണപ്പെട്ട ഓരോരുത്തർക്കും നാല് ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും, മുഖ്യമന്ത്രി സംഭവസ്ഥലം സന്ദർശിക്കുമെന്ന് പറയുകയും ചെയ്തു. പക്ഷേ ദലിത് പ്രവർത്തകർ മരണപ്പെട്ട ഒരോരുത്തർക്കും 25 ലക്ഷം വീതം നഷ്ടപരിഹാരവും സർക്കാർ ഉദ്യോഗവും ഇരകൾക്ക് വീട് പുനർനിർമ്മിച്ചും നൽകണമെന്ന് ആവശ്യപ്പെടുകയുണ്ടായി. എന്നാൽ തമിഴ്നാട് ഗവൺമെന്റ് ദലിതരുടെ ഈ ആവശ്യത്തെ വകവെച്ചില്ല. അതിനിടയിൽ പാ രജ്ഞിത്ത് 17 ദലിതർക്ക് മേൽ അയിത്ത മതിൽ തകർന്നു വീണു എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. അതിനെ തുടർന്ന് പലരും ആവശ്യമായ നടപടി ആവശ്യപ്പട്ടുകൊണ്ട് എഴുതുകയും രംഗത്ത് വരികയും ചെയ്തു. ശേഷം രണ്ട് സൂപ്രണ്ട്, DSP, നാല് ഇൻസ്പെക്റ്റർ ഉൾപ്പെടെ കൂടുതൽ പോലീസിനെ വിന്യസിക്കുകയും കോയമ്പത്തൂർ കലക്ടർ, റവന്യൂ ഓഫീസർ മൂന്ന് തഹസിൽദാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ അവിടേക്ക് എത്തിചേരുകയും ചെയ്തു. ഈ ഉദ്യോഗസ്ഥരെല്ലാം തന്നെ ഇതിനെ ഒതുക്കിതീർക്കാനാണ് ശ്രമിച്ച് കൊണ്ടിരുന്നത്. അവിടെ കൂടിയിരിക്കുന്ന ജനങ്ങളെ പിരിച്ചുവിടുന്നതിൽ അവർ വ്യാപൃതരാവുകയല്ലാതെ ദലിതരുടെ ആവശ്യങ്ങളെയോ ജാതി ഹിന്ദു ഗവൺമെന്റുമായി യോജിച്ചു എന്നതിനെയോ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് അവർ വിമുഖത കാണിക്കുകയാണുണ്ടായത്. പ്രശ്നത്തിന്റെ കേന്ദ്രമായി ജാതിയെ കണ്ട് കൊണ്ടുള്ള വാർത്തകളോട് പോലീസും വിമുഖത കാണിച്ചു. ദലിത് നേതാക്കളെ അവർ വാക്കാലും ശാരീരികമായും അപമാനിച്ചു. ‘സമുഗ നീതി കഴചി’ നേതാവ് പനീർ സെൽവത്തിനോട് പോലീസ് അപമാനിക്കുന്ന രീതിയിൽ ദേശ്യപ്പെടുന്നതായി ഒരു വീഡീയോയിൽ കാണാം, പിന്നീട് ‘തമിഴ് പുലികൾ കഴചി’ സ്ഥാപക നേതാവ് നാഗൈ തിരുവള്ളുവൻ ഉൾപ്പെടെയുള്ള ദലിത് നേതാക്കളെ ക്രൂരമായി മർദ്ദിക്കുകയും മറ്റ് പ്രവർത്തകരെ തലമുടി പിടിച് വലിച് കൊണ്ടു പോവുകയും ചെയ്തു. ഇതെല്ലാം നടക്കുന്നത് ലൈവ് കാമറക്ക് മുൻപിൽ വെചായിരുന്നു. നാം കരുതിയത് പൊതുജനങ്ങൾക്ക് മുൻപിൽ മർദ്ദിക്കാൻ പോലീസ് ഭയപ്പെടും എന്നായിരുന്നു. എന്നാൽ ഇവിടെ നേരെ വിപരീതമായിരുന്നു സംഭവിച്ചത്. പെട്ടെന്ന് തന്നെ ഇതിനെ പോലീസും പോലീസിനു നേരെ കയ്യേറ്റ ശ്രമം നടത്തിയ ജനകൂട്ടവും തമ്മിലുള്ള ‘സംഘർഷമായി’ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുകയും ചെയ്തു.

ഈ വാർത്ത കേട്ട് നിസ്സഹായാവസ്ഥയിലായ ഞാൻ എന്ത് ചെയ്യണമെന്നറിയാതെ സംഭവം കവർ ചെയ്യാൻ വേണ്ടി മേട്ടുപാളയത്തേക്ക് പോയി. വഴിയിൽ ഒരു ശുചീകരണ തൊഴിലാളിയുമായി ഈ കാര്യം പങ്ക് വെച്ചപ്പോൾ അദ്ദേഹം പറഞ്ഞത് സമൂഹത്തിന് ഞങ്ങൾ ഈ അടിച്ചമർത്തൽ എല്ലാം അനുഭവിച് കൊണ്ട് അടിമകളായി ജീവിക്കുകയാണ് വേണ്ടത്, അല്ലാത്ത പക്ഷം ഇതായിരിക്കും അവസ്ഥ എന്നാണ്. അവിടെ നടന്നത് പോലീസ് ഹിംസയെ ന്യായീകരിക്കുകയാണ് മാധ്യമങ്ങൾ നിരന്തരം വാർത്ത കൊടുത്ത് കൊണ്ട് ചെയ്തത്. പ്രസ്തുത മതിൽ നിർമ്മിചതിൽ ജാതി ഹിന്ദുവിനെതിരെ ഒരു ക്രിമിനൽ കേസ് പോലും ഗവൺമെന്റ് ഫയൽ ചെയ്തിട്ടില്ല. ഈ പ്രതിഷേധങ്ങൾക്കെല്ലാം ശേഷവും വീഴ്ചവരുത്തിയതിന്റെ പേരിൽ ഒരു കേസ് ഫയൽ ചെയ്യുകയല്ലാതെ അയാളെ അറസ്റ്റ് ചെയ്യുക പോലുമുണ്ടായില്ല. പക്ഷേ ദലിത് ആക്ടിവിസ്റ്റുകളെ റിമാൻഡ് ചെയ്യുകയും തമിഴ്നാട്ടിലെ വിത്യസ്ത ജയിലുകളിൽ അടക്കുകയും ചെയ്തു. വിത്യസ്ത ജയിലുകളിലാക്കുന്നത് തന്നെ നീതി ആവശ്യപ്പെടുന്നതിനുള്ള ശിക്ഷയാണെന്ന് പലരും വാദിച്ചു. ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതിന് ശേഷം പോലീസ് മൃതശരീരങ്ങൾ ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയും ദഹിപ്പിക്കുവാൻ വേണ്ടി കുടുംബത്തെ നിർബന്ധപൂർവം കൊണ്ട് പോവുകയും ദഹിപ്പിക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞതിന് ശേഷം മാത്രമാണ് പോലീസ് ആ കുടുംബങ്ങളിൽ നിന്ന് ഒപ്പ് ശേഖരിക്കുകയും എങ്കിലേ നഷ്ടപരിഹാരം ലഭിക്കൂ എന്ന് പറയുകയും ചെയ്തത്.

പലരും, പ്രത്യേകിച് ദലിതരായ ആളുകൾ ഈ പോലീസ് പ്രവൃത്തിയെ ഹിന്ദു ഫിലോസഫി അനുസൃതമാക്കി ജാതി ഹിന്ദുക്കൾ ദലിതരെ സമീപിക്കുന്നതിന് തുല്യമായാണ് കണ്ടത്. മരണപ്പെട്ട 17 പേർ ജാതിഹിന്ദുക്കളാണെങ്കിലോ, മതിൽ പണിതത് ദലിതരാണെങ്കിലോ ജാതി ഹിന്ദു, പോലിസ്, ഗവൺമെന്റ് എന്നിവർ ഇതേ രീതിയിൽ തന്നെയാണോ പെരുമാറുക? തുടങ്ങി ചില ചോദ്യങ്ങൾ അവർ ഉന്നയിക്കുകയും ചെയ്തു. ജനാധിപത്യപരമായി പ്രതിഷേധിക്കുകയല്ലാതെ ഇതുവരെ ഒരു ദലിതനും ഒരു കല്ല് പോലും ആ ജാതി ഹിന്ദുവിന്റെ വീട്ടിലേക്കോ കടയിലേക്കോ എറിഞ്ഞിട്ടില്ല. ഇത്രത്തോളം ജനാധിപത്യപരമായിട്ട് കൂടി ദലിതരെ അപമാനിക്കുകയും മനുഷ്യാവശിഷ്ടത്തെക്കാൾ മോശകരമായ രീതിയിൽ പെരുമാറുകയുമാണ് ചെയ്തത്. പ്രതിഷേധസമരത്തിനിടയിൽ ഗ്രാമവാസിയായ ലക്ഷ്മൺ എന്ന പേരുള്ള ഒരാൾ ആക്ടിവിസ്റ്റുകളോടൊപ്പം പോലിസിന് കൈകൊടുക്കാനും ആലിംഗനം ചെയ്യാനും ശ്രമിക്കുകയുണ്ടായി. ഒരാഴ്ചക്ക് ശേഷം പോലിസ് അദ്ദേഹത്തെ ക്രൂരമായി അടിക്കുകയും വിരലൊടിക്കുകയും ചെയ്തു. അടിക്കുന്നതിനിടയിൽ പോലിസ് പറയുന്നു ‘ഏ ചക്കിലി… നിന്റെ നേതാക്കൾ ജയിലിലായിട്ടും നീയെന്താ കരുതുന്നത്’. ദലിതർക്ക് ഹിന്ദുയിസം കൽപിചുനൽകുന്ന സ്ഥാനം നിരന്തരം കാണിചു കൊടുക്കുകയും ജാതിഹിന്ദുക്കൾ ആ ഹിന്ദുയിസത്തെ സംരക്ഷിക്കുകയും ചെയ്യുകയാണ്. നിയമജ്ഞരായിട്ട് പോലും ദലിത് നേതാക്കൾ അനുഭവിച ക്രൂരതകൾ ഞെട്ടിപ്പിക്കുന്നതാണ്. അടിസ്ഥാനപരമായി ആ ജാതിഹിന്ദു മതിൽ നിർമ്മിക്കാൻ കാരണം ഹിന്ദു മതം അദ്ദേഹത്തോട് ദലിതരിൽ നിന്ന് അകലം പാലിക്കാൻ പറയുന്നത് കൊണ്ടാണ്. പോലീസ് ആ മൃതശരീരങ്ങളോട് അപമര്യാദയോടെ പെരുമാറിയത് പോലീസുകാരൻ ദലിതരെ കാഷ്ടത്തെക്കാളും നിന്ദ്യമായ രീതിയിൽ പരിഗണിക്കുന്ന ഹിന്ദു ഫിലോസഫി അനുസരിക്കുന്നയാളായത് കൊണ്ടാണ്. പോലീസ് ആക്രമണത്തെ ന്യായീകരിച മാധ്യമങ്ങൾ ജാതി ഹിന്ദു നടത്തുന്നതാണ്.

അത് കൊണ്ട് ഈ വിഷയത്തിന്മേൽ രണ്ട് കാര്യങ്ങളെ ഈ മൂവ്മെന്റ് അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഒന്നാമത്തെത്, നിയമലംഘനത്തിനും വിവേചനം കാണിച്ചതിനും കുറ്റവാളികൾക്കെതിരെ അടിയന്തിരമായി ക്രിമിനൽ കേസ് എടുക്കുക എന്നതാണ്. രണ്ടാമത്തേത്,  എല്ലാ പൌരന്മാരും തുല്ല്യരല്ല എന്ന് ധർമ്മോപദേശം നടത്തുന്ന ഹിന്ദു മതത്തെയും അതിന്റെ ഫിലോസഫിയെയും, ഹിംസാത്മകമാണെങ്കിൽ അങ്ങനെ, അകറ്റി നിർത്തേണ്ടതുണ്ട്. ഈ രണ്ട് കാര്യങ്ങളും വിത്യസ്തമാണെങ്കിലും ഒരുമിച്ചാവേണ്ടതുണ്ട്. പലപ്പോഴും ദലിതർ ക്രിമിനൽ ആക്ടിനെ കുറിച്ച് സംസാരിച് കൊണ്ട് ഇതിനെ രണ്ടിനെയും വിഭജിക്കുകയാണ് ചെയ്യാറുള്ളത്. അവർ ജാതിയെ ആണ് ചർച ചെയ്യുന്നത് ഹിന്ദുയിസത്തെ അല്ല. ഉദാഹരണത്തിന്, 17 പേരുടെ നീതിക്ക് വേണ്ടി ശബ്ദമുയർത്തിയപ്പോൾ അവരെ കൊല്ലുന്നതിന്റെ അടിസ്ഥാന കാരണമായ ഹിന്ദുയിസത്തിനെ കുറിക്കുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇങ്ങനെയൊക്കെ ആയിരുന്നിട്ട് പോലും പോലിസ് ഇതിനെ ഹിന്ദു ഫിലോസഫിയിലൂടെ കാണുകയും നീതിക്കായി പ്രവർത്തിക്കാൻ വിമുഖത കാണിക്കുകയുമാണ് ചെയ്തത്. എല്ലാ ദലിതരും, ജാതി ഹിന്ദുക്കളെ ഹിന്ദു ഫിലോസഫി പഠിപ്പിക്കുന്നത് കൊണ്ട് മാത്രം കൊല്ലപ്പെടുമ്പോളും ഒന്നുമറിയാത്ത മട്ടിൽ മിണ്ടാതിരിക്കാം.. ഈ കൊലപാതകങ്ങളുടെ പ്രധാന കാരണം ഹിന്ദുയിസമാണ്. ഇന്ത്യൻ ജനങ്ങളെ ഭരിക്കുന്നത് രണ്ട് നിയമങ്ങളാണ്. ഒന്ന് ഇന്ത്യൻ ഭരണഘടനയും മറ്റൊന്ന് എല്ലാവരും തുല്ല്യരല്ലെന്ന് പഠിപ്പിക്കുന്ന മനുസ്മൃതിയും ഹിന്ദു ഫിലോസഫിയും. ദലിതർ ഹിന്ദുയിസത്തെ വിമർശിക്കുമ്പോൾ തന്നെ അത് വിടാൻ അവർ തയ്യാറാവുന്നില്ല. ഹിന്ദു ആയിനിലകൊണ്ട് ഭരണഘടനാ അവകാശങ്ങളിലൂടെ ആത്മാഭിമാനം നേടാമെന്നാണ് അവർ വിശ്വസിക്കുന്നത്. ബാബ സാഹെബ് പരിവർത്തനത്തെ കുറിച്ചുള്ള പ്രസംഗത്തിൽ പറയുന്നത് നോക്കൂ;

“ഇപ്പോൾ നിങ്ങൾക്ക് നേരെയുണ്ടായ അതിക്രമങ്ങളുടെ കഥകൾ ഓർത്തെടുക്കേണ്ടിയിരിക്കുന്നു. തൊട്ടുകൂടായ്മ എന്നത് ശത്രുക്കൾക്ക് ഇടയിലുള്ള ഒരു കേവല തർക്കമല്ല, അതൊരു വർഗ്ഗ സമരത്തിന്റെ  ഭാഗമാണ്. അവരുടെ ദേഷ്യത്തിന്റെ കാരണം എന്നത് വളരെ ലളിതമാണ്, അവരെ പോലെ നിങ്ങൾ പെരുമാറുന്നു എന്നുള്ളത് അവരെ അപമാനിക്കുന്നതായി അവർ കരുതുന്നു. തൊട്ടുകൂടായ്മ എന്നത് ഒരു താൽക്കാലിക പ്രതിഭാസമല്ല, അതൊരു സ്ഥായിയായ നിരന്തരം നിലനിൽക്കുന്ന ഒരു പ്രതിഭാസമാണ്. നേർക്കുനേർ പറയുകയാണെങ്കിൽ ഹിന്ദുക്കളും അതുപോലെതന്നെ തൊട്ടുകൂടായ്മക്കിരയായവരും തമ്മിലുള്ള കലഹം എന്നു പറയുന്നത് ഒരു സ്ഥായിയായ പ്രതിഭാസമാകുന്നു. സ്ഥായി ആണ് അല്ലെങ്കിൽ അവസാനിക്കാത്തതാണ് എന്ന് പറയാൻ കാരണം, ഏതൊരു മതമാണോ നിങ്ങളെ സമൂഹ ശ്രേണിയുടെ ഏറ്റവും താഴേതട്ടിലേക്ക് കൊണ്ട് വെച്ചത്, ആ മതത്തിൽ വിശ്വസിക്കുന്നവർ അതിനെ  ഒരു സ്ഥായിയായ സംവിധാനം ആയിട്ടാണ് കാണുന്നത്, അതുകൊണ്ട് തന്നെ കാലത്തിനോ സാഹചര്യത്തിനോ  അനുസൃതമായ ഒരു മാറ്റവും അതിൽ സാധ്യമല്ല നിങ്ങൾ ആ സാമൂഹ്യ ശ്രേണിയിലെ ഏറ്റവും താഴത്തെ പടിയാകുന്നു. നിങ്ങൾ ആ സ്ഥാനത്ത് തന്നെ നിലനിൽക്കും,  എന്ന് വെച്ചാൽ ഹിന്ദുക്കളും നിങ്ങളും തമ്മിലുള്ള കലഹം നിലനിന്നു കൊണ്ടേയിരിക്കും.

എങ്ങനെയാണ് ഈ കലഹത്തിനിടക്ക്  അല്ലെങ്കിൽ പോരാട്ടത്തിനിടയ്ക്ക് അതിജീവിക്കുക എന്നതാണ് മൗലികമായ ചോദ്യം. നിങ്ങൾ അതിനെ കുറിച്ച് നിരന്തരം ചിന്തിച്ചില്ലെങ്കിൽ നിങ്ങൾക്കുമുന്നിൽ മറ്റുവഴികൾ ഒന്നുമില്ല. ഹിന്ദുക്കളുടെ ആജ്ഞകൾകൾക്ക് അനുസൃതമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ, അവരുടെ അടിമകളായി എന്നും നിലനിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിഷയത്തെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യം വരുന്നില്ല. പക്ഷേ ആത്മാഭിമാനത്തോട് കൂടിയുള്ള ഒരു ജീവിതം ആഗ്രഹിക്കുന്നവർ ഇതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു,  ഈയൊരു പോരാട്ടത്തെ  നമ്മൾ എങ്ങനെ മറികടക്കുമെന്നത് എന്നെ സംബന്ധിചെടുത്തോളം പ്രയാസമുള്ള ചോദ്യമല്ല. ഇവിടെ ഒത്തുകൂടിയ ആളുകൾ, ഏതൊരു പോരാട്ടത്തിലും വിജയിക്കുക കൂടുതൽ ശക്തിയുള്ളവരായിരിക്കും എന്നുള്ളത് സമ്മതിക്കേണ്ടിയിരിക്കുന്നു. ശക്തിയില്ലാത്ത ആൾ അഥവാ ദുർബലൻ ഒരിക്കലും വിജയം പ്രതീക്ഷിച്ചുകൂടാ. അത് അനുഭവ യാഥാർഥ്യമാകുന്നു, അതിന് പ്രത്യേകം ഉദാഹരണങ്ങൾ തെളിവായി നിരത്തേണ്ട ആവശ്യകത ഇല്ല”

ഇന്ത്യൻ ഭരണഘടന എല്ലായ്പോഴും സാമൂഹികഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. നിങ്ങളെ പുറത്ത് നിന്നും അകത്ത് നിന്നും നിയന്ത്രിക്കാൻ കഴിയുന്നവിധം സാമൂഹികാചാരങ്ങളും നിയമങ്ങളും കൂടുതൽ ശക്തമാവുന്നു എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. ഭരണഘടന നിലവിൽ വരുന്നത് ചില അവകാശങ്ങൾ നൽകാത്തപ്പോഴാണ് അല്ലെങ്കിൽ സർക്കാരിന്റെ പിന്തുണ നമ്മൾക്ക് ആവശ്യമാവുമ്പോൾ മാത്രമാണ്. ജാതി ഒരു സാമൂഹിക നിയമമാവുകയും(social norm) സ്വീകാര്യമാവുകയും ഹിംസ മാത്രം അസ്വീകീര്യമാവുകയും ചെയ്യുന്നു. ഭരണഘടന സ്വയം ജാതി നിരോധിക്കില്ല  മറിച്ച് ജാതീയമായ ഹിംസകളെ മാത്രമേ നിരോധിക്കുകയുള്ളൂ. അതായത് അത് തീയെ മാത്രമേ എതിർക്കുന്നുള്ളൂ കാട്ടിലൊഴിച്ച എണ്ണയെ അല്ല. ഗവൺമെന്റ് NRCക്കും CAAക്കും ഒപ്പം ദലിതരുടെ ആത്മാഭിമാനത്തിനായുള്ള എല്ലാ പോരാട്ടങ്ങളെയും മറപ്പിക്കുന്ന വിധമുള്ള ഒരു ഹിന്ദു രാഷ്ട്രമാക്കി ഇവിടം മാറ്റി തീർക്കും. ഒരിക്കൽകൂടി ജാതിയിൽ ഒളിച്ച് ജീവിക്കും. അത്കൊണ്ട് ഹിന്ദു ഫിലോസഫി ജീവിതത്തിന്റെ എല്ലാ ഇടവഴികളിലും അരിച്ചു കയറുകയും ക്രിമിനൽ നീതിന്യായ വ്യവസ്ഥിതിയെ കയ്യേറുകയും ചെയ്യും. ദലിത് പ്രസ്ഥാനം ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ വിമർശിച്ചിട്ടുണ്ടെങ്കിലും ഹിന്ദു ഫിലോസഫിയെ ചോദ്യം ചെയ്യുന്നില്ല. വ്യക്തമായി പറഞ്ഞാൽ, ഇരകളായ മിക്ക ദലിതരും തങ്ങൾ ഉപദ്രവിക്കപ്പെടുകയും വിവേചനമനുഭവിക്കുകയും ചെയ്യുന്നത് ഹിന്ദു ഫിലോസഫി മൂലമാണെന്ന് ഇപ്പോഴും പറയുന്നില്ല.

മേട്ടുപാളയത്ത് ആക്റ്റിവിസ്റ്റുകൾ നീതി ആവശ്യപെട്ടപ്പോൾ പതിവ് പോലെ പോലിസ് ഹിന്ദു ഫിലോസഫി പിന്തുടരുകയും സംഭവത്തിന്റെ എഫ് ഐ ആർ രേഖപ്പെടുത്തുക പോലും ചെയ്യാതെ പരാതിക്കാരായ ദലിതർക്ക് നേരെ കേസെടുക്കുകയും ചെയ്തു. ഈ പശ്ചാതലത്തിൽ ടി പി കെ അതിന്റെ കേഡർമാരുമായി നടത്തിയ ചർചക്ക് ശേഷം 3000 ദലിതർ ഹിന്ദു മതം ഉപേക്ഷിക്കുകയും ഇസ്ലാം ആശ്ലേഷിക്കുകയും ചെയ്യുമെന്ന് പ്രസ്താവിച്ചു. അവർ പറയുന്നു, ബാബ സാഹിബിനെ പിന്തുടർന്ന് ഞങ്ങൾ ഹിന്ദു മതം ഉപേക്ഷിക്കുകയാണ്, ഇസ്ലാമാണ് ജാതി നിർമൂലനം ചെയ്യുന്ന ഏക മതമെന്ന് പ്രസ്താവിച്ച പെരിയാറിന് വേണ്ടി ഞങ്ങൾ ഇസ്ലാം സ്വീകരിക്കുകയും ചെയ്യുന്നു. ഇത് കേട്ടയുടനെ ഞാൻ പങ്കെടുത്ത് കൊണ്ടിരുന്ന ഹിന്ദു ശവസംസാകാര ചടങ്ങിൽ നിന്ന് ഞാൻ പോയി. അത് വന്ന് പറഞ്ഞ ആക്ടിവിസ്റ്റ് പുതിയൊരു ജീവിത വഴി നൽകുന്നതും ഞാൻ ശവസ്ംസ്കരണ ചടങ്ങിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നതുമൊക്കെ യാദൃശ്ചികമായിരുന്നു. വാർത്ത കേട്ടയുടനെ അതേകുറിച് അവരുമായി ചർചചെയ്യുവാനും കാരണമന്വേഷിക്കുവാനും ഞാൻ തിടുക്കപ്പെട്ടു.  കാരണം ഇന്ത്യൻ മുസ്ലിംകളുടെ പൌരത്വം പോലും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന സമയമാണിത്. ദലിതരെ പൌരത്വം പോലും നിഷേധിക്കപ്പെടാൻ പോകുന്ന ഒരു മതത്തിലേക്കാണോ നിങ്ങൾ കൊണ്ടു പോവുന്നത്?” എന്ന് ഞാൻ പറഞ്ഞപ്പോൾ, അവർ പറഞ്ഞത് ഒരു ദിവസമെങ്കിൽ ഒരു ദിവസം ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയട്ടെ എന്നായിരുന്നു. ഇത് വളരെ രസകരവും ഇസ്ലാമിനെതിരെ നടക്കുന്ന വിധ്വേശാത്മകമായ പ്രചാരണങ്ങൾക്ക് വിരുദ്ധവുമാണ്. എല്ലാതരം സ്വത്വങ്ങളും അപകീർത്തിപ്പെടുത്തപ്പെട്ട ഒരു മതമാണിത്. ഈ മതത്തിനെ കുറിചുള്ള എല്ലാ വിമർശനങ്ങളും കേന്ദ്രീകരിക്കുന്നത് ദൈവത്തിങ്കലാണ്. ഞാൻ സംസാരിചവരെല്ലാം തന്നെ ഇസ്ലാം സ്വീകരിക്കുവാനുള്ള കാരണമായി പറയുന്നത് ദൈവത്തെയല്ല മറിച് ആത്മാഭിമാനത്തെയാണ്.

ഇസ്ലാം സ്വീകരിച്ച ആൾ എന്ന നിലയിൽ സ്വയം പരിചയപ്പെടുത്തുവാൻ വേണ്ടി മേട്ടുപാളയത്തുള്ള ചില മുസ്ലിംകളെ ഞാൻ അന്വേഷിച്ചു ചെന്നിരുന്നു. രണ്ടു തരം ആളുകളെയാണ് ഞാൻ കണ്ടുമുട്ടിയത്. ഒന്ന് ഇസ്ലാം സ്വീകരിച ജാതി ഹിന്ദുക്കളും രണ്ടാമത്തേത് ഇസ്ലാം സ്വീകരിച ദലിതരും. ഇസ്ലാമാശ്ലേഷണത്തിന്റെ കാരണത്തെ കുറിച്ചും ശേഷമുള്ള അനുഭവത്തെ കുറിചും രണ്ട് തരത്തിലാണ് ഇവർ രണ്ട് പേരും സംസാരിക്കുന്നത്. രണ്ടു പേരും വ്യത്യസ്തമായാണ് ഇസ്ലാമിനെ കണ്ടതെങ്കിലും പരസ്പര വിരുദ്ധരല്ല. ജാതി ഹിന്ദുക്കളായ ഇസ്ലാം സ്വീകരിച്ചവർ പറയുന്നത് ഹിന്ദു മതത്തിൽ അനേകം ദൈവങ്ങളും ആചാരാനുഷ്ടാനങ്ങളും ഉണ്ടെന്നും ഇസ്ലാമിൽ ഏകദൈവമാണ്  ഉള്ളതെന്നും ആ ദൈവത്തിന് തന്നെ മൂർത്തമായ ഒരു ചിത്രരൂപം ഇല്ലെന്നതുമാണ് അവർ ഇസ്ലാം സ്വീകരിക്കാൻ കാരണമെന്നാണ്. എന്നാൽ ദലിതർ പറയുന്നത് ഇസ്ലാമിലേക്ക് വരാനുള്ള കാരണം ആത്മാഭിമാനമാണെന്നും ഇസ്ലാമിലേക്ക് വന്നതിന് ശേഷമുള്ള ജാതിമുക്തമായ ജീവിതത്തെ കുറിച്ചുമാണ്. ദലിതനുഭവങ്ങളിൽ  കൂടുതലായുള്ളത് ദൈവമല്ല മറിച് ആത്മാഭിമാനമാണ്. പള്ളിയെ കുറിച്ചും ഒരുമിച്ചു നിന്ന് നമസ്കാരം നിർവ്വഹിക്കുന്നതിനെ കുറിച്ചും പള്ളിയിൽ നമസ്കാരത്തിന് നേതൃത്വം നൽകാൻ അവസരം ലഭിച്ചതിനെ കുറിച്ചും ഗ്ലാസിൽ ചുണ്ടുവെച് വെള്ളം കുടിച്ച അനുഭവം വിവരിക്കുമ്പോഴുമെല്ലാം അവർക്ക് പറയാനുള്ളത് ആത്മാഭിമാനത്തെ സംബന്ധിച്ചാണ്. ഇത് വിവരിക്കുമ്പോൾ അദ്ദേഹം കരയുന്നുണ്ടായിരുന്നു. കാരണം ഇസ്ലാം സ്വീകരിക്കുന്നതിന് മുൻപ് പല സ്ഥലങ്ങളിലും വെച് വെള്ളം കുടിക്കുന്നതിനെ തടയുകയും സ്‌കൂളിൽ വെച് പ്രാർത്ഥനാ വേളയിൽ ഒരു ജാതിഹിന്ദുവായ വിദ്യാർത്ഥിയെ തൊട്ടതിന്റെ പേരിൽ ശകാരിക്കപ്പെടുകയും ചെയ്തിരുന്നു അദ്ദേഹം. അതേ പോലെ മുൻപ് അയിത്തജാതിക്കാരനായിരുന്ന ഒരു വ്യക്തി ഒരു മുസ്ലിം സുഹൃത്തിനൊപ്പം ഒരു ബ്രാഹ്മിൺ അഗ്രഹാരത്തിലേക്ക് കടന്നുചെല്ലുകയും അഗ്രഹാരത്തിനടുത്തെത്തിയപ്പോൾ താനൊരു അയിത്തജാതിക്കാരനായിരുന്നല്ലോ എന്നത്കൊണ്ട് അസ്വസ്ഥപ്പെടുകയും ചെയ്ത സംഭവം പറയുകയുണ്ടായി. ഇത് അവിടെയുള്ള ബ്രാഹ്മണ സ്ത്രീയോട് പറയുകയും അവർ അയിത്തജാതിക്കാരനായ സമയത്ത് മാത്രമേ നിങ്ങൾക്ക് പ്രവേശനം നിഷിദ്ധമായിരുന്നുള്ളൂ, ഇപ്പോൾ ഒരു മുസ്ലിമായതിനാൽ പ്രവേശിക്കാമെന്ന് മറുപടി പറയുകയും ചെയ്തു. ഇത്തരം അനുഭവങ്ങൾ ഇനിയുമുണ്ട്. ചില ദലിതരായിരുന്ന മുസ്ലിംകളെ അനുഭവം വിശദീകരിക്കുവാൻ വേണ്ടി സമീപിച്ചപ്പോൾ അവർ അയിത്തജാതിക്കാരനായിരുന്നപ്പോഴുള്ള അനുഭവങ്ങൾ ജീവിതത്തിലെ ഒരു അടഞ്ഞ അധ്യായമാണെന്നും അത് ഓർക്കുന്നത് തന്നെ ഇഷ്ട്ടപ്പെടുന്നില്ലെന്നും പറഞ്ഞു. ഏറ്റവും പ്രധാനമായി അവർ പറയുന്നത് അവരെ സ്വീകരിക്കുന്ന ഒരു മുസ്ലിം സമുദായം എപ്പോഴും ഉണ്ട് എന്നുള്ളതാണ്.

എങ്ങനെയാണ് ഒരാൾക്ക് ഇസ്‌ലാമിലെ ആത്മാഭിമാനത്തെയും ദൈവത്തെയും മനസ്സിലാക്കാൻ സാധിക്കുക?

ഇസ്ലാമിൽ അഞ്ചുനേരവും ആത്മാഭിമാനം അനുഷ്ഠിക്കുന്നുണ്ട്. അതായത് ഒരുമിച്ച് പള്ളിയിൽ പോകുകയും തോളോടുതോൾ ചേർന്ന്നിന്ന് നമസ്കാരം നിർവ്വഹിക്കുകയും ചെയ്യുന്നതാണ് ആത്മാഭിമാനത്തെയും എല്ലാവരും തുല്യരാണെന്നും പഠിപ്പിക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം. ജാതി ഹിന്ദുക്കളെ സംബന്ധിച്ച് ഇതൊരു വിപ്ലവപ്രവർത്തനമല്ലായിരിക്കാം പക്ഷെ ദലിതരെ സംബന്ധിച്ച് ഇത് വിപ്ലവ പ്രവർത്തനം തന്നെയാണ്. മുസ്ലിംകളും ഹിന്ദുക്കളും ശരീരത്തോട് പുലർത്തുന്ന പെരുമാറ്റ രീതികൾ തമ്മിൽ ഒരു അപ്രഖ്യാപിത ആഭ്യന്തര യുദ്ധം തന്നെ നടക്കുന്നുണ്ട്. രണ്ടും പരസ്പര വിരുദ്ധമാണ്. ഇസ്ലാം ജീവിതത്തിന്റെ എല്ലാമേഖലയിലും തുല്യതയാണ് പറയുന്നതെങ്കിൽ ഹിന്ദുയിസം അതിന് വിപരീതമാണ്. ഇത് ഇതുവരെ തിരിച്ചറിയപ്പെടാത്ത, ദൈനം ദിന ജീവിതത്തെ ബാധിക്കുന്ന അപ്രഖ്യാപിത അടിയന്തര അവസ്ഥയാണ്. ലളിതമായി പറഞ്ഞാൽ ഹിന്ദു ഫിലോസഫി ഒരാളെ അവന്റെ/അവളുടെ ശരീരത്തെ ശുദ്ധമെന്നും അശുദ്ധമെന്നും രണ്ടായി ഭാഗിക്കുവാൻ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. കാൽപാദം, ഉമിനീർ, മൂത്രം, മലം ഇവ പുറപ്പെടുവിക്കുന്ന ശരീര ഭാഗങ്ങൾ എന്നിവ മോശമായാണ് കാണുന്നത്. എന്നാൽ ഇസ്ലാമിനെ സംബന്ധിച് ഈ ശരീരഭാഗങ്ങളെല്ലാം തന്നെ അഞ്ച് നേരവും പരമാവധി ശുദ്ധിയാക്കി വെക്കേണ്ടത് അനിവാര്യമാണ്. അതിന് വേണ്ടി പള്ളികളിൽ പ്രത്യേക ഇടം ഒരുക്കുകയും പ്രവേശനത്തിന് ഇവിടെ നിന്ന് വൃത്തിയാക്കൽ നിർബന്ധമാക്കുകയും  ചെയ്യുന്നു. ക്രിസ്തീയതയിൽ പോലുമില്ലാത്ത ആശയമാണിത്. ജാതി ഉന്മൂലനത്തിൽ ഇസ്ലാം വഹിക്കുന്ന സ്ഥാനത്തിന്റെ പ്രധാനകാരണവും ഇത് തന്നെയാണ്. ഹിന്ദു ആരാധനാലയങ്ങളിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ടോയ്‌ലെറ്റുകളുടെ ഈ അഭാവം മൂലമാണ്. വീടും സ്‌കൂളും ആരാധനാലയങ്ങളെ പോലെ കാണണമെന്നാണ് നാം പറയാറുള്ളത്. നമ്മുടെ വീട്ടിലും സ്‌കൂളുകളിലും ശൗചാലയങ്ങൾ ഇല്ലാത്ത അതുകൊണ്ടായിരിക്കാം.

ഹിന്ദു ക്ഷേത്രങ്ങളിൽ ശൗചാലയങ്ങളും ദളിതരെയും അനുവദിക്കുന്നില്ല. പല അക്കാദമീഷ്യന്മാരും പറഞ്ഞത് ജാതി ഒരു മതേതര വർഗ്ഗമാണെന്നാണ് എന്നാൽ ഞാൻ പറയുന്നു അതൊരു ഹിന്ദു വർഗമാണെന്നും അത് ഹിന്ദുയിസത്തിൽ മാത്രമുള്ളതുമാണ്. ഹിന്ദു ആവുക എന്നത് ഒരാൾ ക്ഷേത്രത്തിൽ പോവുകയോ ദൈവങ്ങളെ കൊണ്ടുനടക്കുകയോ അല്ല. മറിച് ഒരുവൻ/ഒരുവൾ ദൈനംദിനം പുനരുൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ജീവിതരീതിയാണത്. മുൻപ് സൂചിപ്പിച്ച എല്ലാ മനുഷ്യ ശരീര ഭാഗങ്ങളെയും ഇസ്ലാമൊഴികെയുള്ള മറ്റെല്ലാ മതങ്ങളും കാണുന്നത് ഹിന്ദു ജീവിത രീതിയിലൂടെയാണ്. എന്നാൽ ഇസ്ലാം അതിന് നേരെ വിപരീതമായ ഒന്നാണ് മുന്നോട്ടുവെക്കുന്നത്.

ചില ഉദാഹരണങ്ങൾ;

ഇസ്ലാമിൽ ഒരുവനോട് പുത്തനും നല്ലതുമായ വസ്ത്രം അണിയാനാണ് പറയുന്നത്. ഹിന്ദുയിസത്തിൽ ദലിതരോട് വസ്ത്രം ഉപേക്ഷിക്കുവാനാണ് പറയുന്നത്.

ഇസ്ലാമിൽ മദ്യപാനം നിഷിദ്ധമാണെങ്കിൽ ഹിന്ദുയിസത്തിൽ ദലിതർ കൂലിയായി മദ്യം കഴിക്കാൻ നിർബന്ധിതരാവുകയാണ്.

ഇസ്ലാമിൽ ശരീരഭാഗങ്ങൾ പരിശുദ്ധമാക്കി വെക്കണമെന്നാണ് പറയുന്നതെങ്കിൽ ഹിന്ദുയിസത്തിൽ ശരീരത്തെ ശുദ്ധമെന്നും അശുദ്ധമെന്നും ഭാഗിക്കുകയും ചെയ്യുന്നു.

ഹിന്ദുയിസത്തിൽ ശൗചാലയവും അത് വൃത്തിയാക്കുന്നവരും അകറ്റിവെക്കുന്നുണ്ടെങ്കിൽ ഇസ്ലാമിൽ അതില്ല.

ഇസ്ലാമിൽ ഒരു തളികയിൽ നിന്ന് ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് പറയുന്നതെങ്കിൽ ഹിന്ദുയിസത്തിൽ വിത്യസ്ത പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ വേണ്ടി പറയുന്നു.

ഇസ്ലാം ഗ്ലാസിൽ ചുണ്ട് ചേർത്ത് വെച് വെള്ളം കുടിക്കാൻ കൽപിക്കുന്നുണ്ടെങ്കിൽ ഹിന്ദുയിസം അത് തടയുന്നു.

ഹിന്ദുയിസത്തിൽ പ്രത്യേക ജാതികളെ മാത്രമല്ല അയിത്തം കൽപിക്കപ്പെടുന്നത് ചില ശരീര ഭാഗങ്ങളെ കൂടിയാണ്.

ഇസ്ലാമിൽ ദൈവത്തിനു മുൻപിൽ എല്ലാവരും തുല്യരാണെങ്കിൽ ഹിന്ദുയിസത്തിൽ എല്ലാവരും തുല്യരല്ല.

മേൽപ്പറഞ്ഞ എല്ലാ കാര്യങ്ങളും അനുഭവങ്ങളും വെച് എനിക്ക് പറയാൻ കഴിയും ഹിന്ദുയിസം ഉൾപ്പെടെയുള്ള മറ്റ് മതങ്ങൾ ഭാവന ചെയ്യുന്ന ‘ദൈവമല്ല’ സർവ്വശക്തനായ അല്ലാഹു. നീതിയും സമത്വവും പഠിപ്പിക്കുന്ന മഹത്തായ ഒരു ആശയമാണത്. ‘ഇന്ഷാഅല്ലാഹ് ജയ് ഭീം’ എന്നതിനെ ഈ പശ്ചാത്തലത്തിൽ ഒരാൾക്ക് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. ഈ കാരണം കൊണ്ടാണ് ജാതി ഹിന്ദുക്കൾ ദലിതർ ഇസ്ലാം സ്വീകരിക്കുന്നതിനെ ഭയപ്പെടുന്നത്. അവരുടെ ഇസ്ലാമാശ്ലേഷണ പ്രഖ്യാപനത്തിന് ശേഷവും തമിഴ്നാട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നതാധികാരികൾ ഇസ്ലാമിന് പകരം ബുദ്ധിസം സ്വീകരിക്കുവാൻ നിർദ്ദേശിക്കുകയുണ്ടായി. ഇത് വളരെ അത്ഭുതകരമാണ്. കൂടാതെ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്നും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാമെന്നും അധികാരികൾ അവരോട് പറയുകയുണ്ടായി. ആവശ്യങ്ങൾ ഉന്നയിച്ച കാലാവധി കഴിഞ്ഞെന്നും ഇനി ഹിന്ദു മതം വിടുകയും ഇസ്ലാം സ്വീകരിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുകയെന്നും അവർ വ്യക്തമാക്കി.

ഒട്ടേറെ ദലിതർ സമരം ചെയ്ത് തൊട്ടുകൂടാത്തവരായി ജീവത്യാഗം ചെയ്ത പൊതു ആവശ്യങ്ങളാണ് ഇസ്ലാം നൽകുന്നതെല്ലാം. ജാതിക്കുള്ളിൽ തന്നെ നിന്ന് കൊണ്ടുള്ള ജാതിവിരുദ്ധ പോരാട്ടം ഒരിക്കലും സാധ്യമല്ല. ബാബ സാഹേബ് ‘ഒരു ഹിന്ദുവായി കൊണ്ട് ഒരിക്കലും മരിക്കില്ല’ എന്ന് പ്രഖ്യാപിക്കാനുള്ള കാരണം ഇതാണ്. ഇന്ത്യയിലെ ഒട്ടേറെ ദലിതുകൾ ഇപ്പോഴും ഹിന്ദു ആയി നിലനിൽക്കുന്നതും അതിൽ അഭിമാനം കൊള്ളുന്നതും ദുഖകരമായ കാര്യമാണ്. അവരുടെ ജാതി അഭിമാനപൂർവം ഉയർത്തിപ്പിടിക്കുകയും ബാബാസാഹിബിന്റെ പിന്മുറക്കാർ എന്ന് അവകാശപ്പെടുകയും ചെയ്യുന്നു അവർ. ബാബാസാഹിബ് ‘ജാതി ഉന്മൂലനം’ എഴുതിയത് എല്ലാവർക്കും വേണ്ടിയല്ല, മറിച് ഹിന്ദു ശരീരങ്ങൾക്കുള്ള അധ്യാപനമായിക്കൊണ്ടാണ്. അത് കൊണ്ട് അത് ദലിതർക്കുള്ളതല്ല ഹിന്ദുക്കൾക്കുള്ളതാണ്. ഇത് വരെ അവർ ജാതി നിർമൂലനം ചെയ്യുവാൻ തയ്യാറായിട്ടില്ല. ദലിതർ അദ്ദേഹത്തിന്റെ പുസ്തകത്തിൽ നിന്ന് ചില ഭാഗങ്ങൾ പുറം ജാതി വിവാഹത്തിന് സാധൂകരിക്കുവാൻ വേണ്ടി മാത്രം ഉപയോഗിച്ച് കൊണ്ട് ബാബാസാഹിബിൻറെ തെറ്റായി അവതരിപ്പിക്കുന്നു. പലരും ഇസ്ലാമിനോട് അനീതി കാണിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇടത്-പെരിയാറിസ്റ്റ്-യുക്തിവാദ ദലിതുകൾ. മീനാക്ഷിപുരം കൂട്ട മതപരിവർത്തനത്തിന്റെ കഥകൾ ദലിത് ചരിത്രത്തിൽ നിന്നും മായ്ക്കപ്പെട്ടിരിക്കുന്നു. ക്രിസ്തു മതത്തിലേക്കും ബുദ്ധമതത്തിലേക്കും മാത്രമുള്ള പരിവർത്തനത്തെയാണ് നാം പഠിച്ചത് ഇസ്ലാമിലേക്കുള്ളതിനെയല്ല. ഇനിയത് പാടില്ല, ഞാൻ ജനിച്ചത് ഒരു ചക്കിലിയനായാണെങ്കിൽ മരിക്കുന്നത് ഒരു മുസ്‌ലിമായി കൊണ്ടായിരിക്കും.

ഇവിടെ ഞാൻ രവിചന്ദ്രന് അന്ത്യ പ്രാർത്ഥന അർപ്പിക്കുകയാണ്,  റഈസ് മുഹമ്മദിന് ജന്മവും

‘ഇന്ഷാ അല്ലാഹ് ജയ് ഭീം’

 

കടപ്പാട്: ദലിത് ക്യാമറ

റഈസ് മുഹമ്മദ്