Campus Alive

പുതിയൊരു പരിസ്ഥിതി ജ്ഞാനശാസ്ത്രത്തിന്റെ ആവശ്യകത

 

മൂന്നുപതിറ്റാണ്ടിലധികം കേരളത്തിന്റെ പരിസ്ഥിതിയില്‍ സ്വന്തം ജീവിതംകൊണ്ട് ഇടപെട്ട അച്ഛന്റെ ധീരമായ ഓര്‍മ്മക്ക് മുമ്പില്‍ ഈ കുറിപ്പ് സമര്‍പ്പിക്കുന്നു.

പ്രധാനമായും നാലു കാര്യങ്ങളാണ് ഈ എഴുത്തിലൂടെ ഞാന്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നത്. ഒന്ന്, നേതൃത്വത്തിലും സമീപനത്തിലും വരേണ്യവും കാല്‍പനികവും കേവല പ്രകൃതിവാദപരവുമായി നിലകൊള്ളുന്ന പരിസ്ഥിതിരാഷ്ട്രീയ ബോധത്തിനപ്പുറം മറ്റൊരു പരിസ്ഥിതിരാഷ്ട്രീയം സാധ്യമാണോ? രണ്ട്, ഇന്ത്യന്‍ സാഹചര്യത്തില്‍ കീഴാള ജീവിതത്തെയും അനുഭവങ്ങളെയും ചെറുത്തുനില്‍പ്പുകളെയും ജ്ഞാനത്തെയും മുഖ്യധാരാ പരിസ്ഥിതിപ്രശ്നങ്ങളും ഇടപെടലുകളും എങ്ങനെയാണ് അപ്രസക്തമാക്കി കളയുന്നത്? മൂന്ന്, കീഴാളമായ പരിപ്രേക്ഷ്യമുള്ള ഒരു രാഷ്ട്രീയവും അതിലൂന്നിയുള്ള വികസനനയവും ഇനിയെങ്കിലും മുന്നോട്ട് വെക്കാന്‍ ആവുമോ? നാല്, കേരളത്തിന്റെ പരിസ്ഥിതിബോധ രൂപീകരണത്തിലും രാഷ്ട്രീയത്തിലും മൂന്നു പതിറ്റാണ്ടിലധികം സമാനതകളില്ലാത്ത സാന്നിധ്യമായി നിലകൊണ്ട അച്ഛന്റെ അനുഭവങ്ങള്‍ എങ്ങനെയായിരുന്നു?

മേധാപട്കര്‍

ഇന്ത്യന്‍ പരിസ്ഥിതിപ്രസ്ഥാനം ആര്‍ജ്ജവമുള്ള ഒന്നല്ല, നമ്മുടെ സമൂഹം ഇന്ന് കാണുംവിധം പരിമിതമെങ്കിലും നവീകരിക്കപ്പെട്ടത് എണ്ണമറ്റ ജാതി വിരുദ്ധ പ്രസ്ഥാനത്തിലൂടെ ആണ്. ഇത്തരം ചെറുത്തുനില്‍പ്പുകളുടെ രാഷ്ട്രീയത്തെ കൂടി സ്വാംശീകരിക്കാനാകാതെ സ്വയം റദ്ദായി പോയ ഒന്നാണത്. അടഞ്ഞതും കാല്പനികവും സ്റ്റേറ്റ് സെന്റേര്‍ഡുമായ ഒന്നായി ദേശീയ തലത്തില്‍ തന്നെ ഈ ഗ്രൂപ്പുകളെ വിലയിരുത്തപ്പെട്ടിട്ടുണ്ട്. 1991 ഏപ്രില്‍ മാസം ബാംഗ്ലൂരില്‍ നിന്നിറങ്ങിയ ദലിത് വോയ്സ് മാഗസിനില്‍ പത്രപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ വി.ടി. രാജശേഖരന്‍ ഉന്നയിച്ച വിമര്‍ശനം ശ്രദ്ധേയമാണ്. ഇക്കോളജി, ഫെമിനിസം, വികസനം തുടങ്ങിയ പദ്ധതികള്‍ ആര്യന്‍ സ്റ്റണ്ടാണ്, അവയെ കരുതിയിരിക്കണം എന്നാണ് രാജശേഖരന്‍ എഴുതിയത് (Beware of three Aryan stunts to enslave us). മാഗസിന്റെ എഡിറ്റോറിയല്‍ പേജില്‍ വന്ന ലേഖനം ഇത്തരം അന്വേഷണങ്ങള്‍ക്കുള്ള വഴി തുറന്നിടുന്നു. 1971 സ്റ്റോക്ക് ഹോം ഉച്ചകോടിക്ക് ശേഷം ലോകത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയാകെ അട്ടിമറിയുംവിധം കാര്യങ്ങള്‍ അപകടത്തിലാണെന്ന ചിന്ത പ്രബലമായ ഒരു കാലത്ത് രാജശേഖരന്‍ അതിന്റെ വായനക്കാരനായ എന്നെ ചിന്തിപ്പിച്ചിരുന്നു. ചിപ്കോയും നര്‍മദബച്ചാവോ ആന്തോളനും എന്തിന് ഇങ്ങ് നമ്മുടെ സ്വന്തം സൈലന്റ് വാലി വരെയുള്ള ഏത് പരിസ്ഥിതി ചെറുത്തുനില്‍പ്പുകള്‍ക്കും നേതൃത്വത്തിലും സമീപനത്തിലും വരേണ്യ വംശീയതയുടെ സ്വഭാവമുണ്ടെന്നും കീഴാള സാന്നിധ്യത്തെയും അനുഭാവാത്മകഥയെയും സൈദ്ധാന്തികമായും പ്രായോഗികമായും നിരാകരിക്കുന്നുവെന്നും പിന്നീട് നടന്ന അന്വേഷണങ്ങള്‍ അടിവരയിടുന്നു. ഹിംസാത്മകവും മനുഷ്യവിരുദ്ധവും ഒപ്പം പ്രകൃതിവിരുദ്ധവുമായ വികസനനയങ്ങളെ ചെറുത്തുകൊണ്ട് സ്വന്തം തിരിച്ചറിവുകളിലൂടെ സ്വയം ആവിഷ്‌കരിക്കാനുള്ള ആദിവാസിയുടെയും ദലിതന്റെയും ശ്രമങ്ങളെ സമര്‍ത്ഥമായി അദൃശ്യവല്‍കരിക്കാനും അതുവഴി ബ്രാഹ്മണ്യത്തിന്റെ രാഷ്ട്രീയതാല്‍പര്യങ്ങളെ പുനരാനയിച്ച് ഒളിച്ചുകടത്താനുമുള്ള ശ്രമം പരിസ്ഥിതിപ്രസ്ഥാനങ്ങള്‍ക്കുണ്ടെന്ന സൂചനയാണ് രാജശേഖരന്‍ തന്നതെന്ന് പിന്നീട് വന്ന പഠനങ്ങള്‍ തെളിയിക്കുന്നു.

ഗെയില്‍ ഓംവേത്

ഈ ഒളിച്ചുകടത്തല്‍ പൂര്‍ണ്ണമായും പുറത്തുവരുന്ന രണ്ടാമത്തെ ഘട്ടം 1997ല്‍ ആണ്. മേധാപട്കര്‍ നേതൃത്വം കൊടുക്കുന്ന നര്‍മദാബചാവോ ആന്തോളന്‍ (NBA) പ്രസ്ഥാനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബുക്കര്‍ സമ്മാനജേതാവായ അരുന്ധതി റോയ് രംഗത്തുവന്ന ഒരു കാലം അരുന്ധതിറോയ്ക്ക് ഒരു തുറന്ന കത്ത് എഴുതിക്കൊണ്ട് നര്‍മ്മദയുടെ പരിസ്തിഥിരാഷ്ട്രീയ വരേണ്യതയെയും ഉള്ളടക്കത്തെയും ചോദ്യം ചെയ്യുകയാണ് ദലിത് ചിന്തകയും എഴുത്തുകാരിയുമായ ഗെയില്‍ ഓംവേത്. അരുന്ധതിയുടെ മുന്‍നിലപാടുകളെ അഭിനന്ദിക്കാന്‍ മടിക്കാത്ത ഗെയില്‍ നര്‍മ്മദ ഇന്ത്യന്‍ ആദിവാസികളെയും ദലിതുകളെയും അപകടകരമാംവിധം മിസ്‌ഗൈഡ് ചെയ്യുന്ന ഒന്നായി അതിനെ തിരിച്ചറിയാത്തതിലുള്ള രോഷവും ഉത്കണ്ഠയും തുറന്നകത്തില്‍ പങ്കുവെക്കുന്നു.1997 ജൂണ്‍ 24 ഹിന്ദു ദിനപത്രത്തില്‍ ഗെയില്‍ ‘Why Dalits dislike environmentalist’ എന്നപേരില്‍ എഴുതിയ ലേഖനത്തോടെ ഈ സംവാദം കടുത്തതും വ്യക്തതയുമുള്ളതായി മാറുന്നു. പൂനാ സര്‍വ്വകലാശാലയുടെ വിമന്‍ സ്റ്റഡീസ് സംഘടിപ്പിച്ച സെമിനാറില്‍ നര്‍മ്മദാ ബച്ചാവോ ആന്തോളന്‍ പ്രവര്‍ത്തകയും കവിയുമായ ആദിവാസി വനിത സുനാവോ വരാഹു എന്‍.ബി.എ നേതൃത്വത്തിനെതിരെ ഉന്നയിച്ച ചോദ്യത്തിന്റെ രാഷ്ട്രീയ ഉള്ളടക്കവും സ്ഫോടനാത്മകതയുമാണ് പിന്നീട് ഈ സംവാദത്തിന്റെ കേന്ദ്ര ആശയമായി വികസിച്ചത്. സുനാവോ വരാഹു അതില്‍ ഉന്നയിച്ച ചോദ്യം ഞങ്ങളെ എന്തുകൊണ്ടാണ് എന്‍.ബി.എയുടെ നേതൃനിരയില്‍ പ്രവേശിപ്പിക്കാത്തത് എന്നാണ് (Why are there no Adivasis in the NBA). ‘സ്റ്റേജ് ‘ എന്നൊരു കവിതയില്‍ കുറേക്കൂടി തീവ്രമായി വരാഹു ഈ വിഷയം അവതരിപ്പിക്കുന്നു. ഞങ്ങള്‍ക്ക് രാഷ്ട്രനേതാക്കളോട് സംസാരിക്കാന്‍ കഴിയും, നരസിംഹറാവുവോട് സംസാരിക്കാന്‍ കഴിയും, നിങ്ങളെന്താണ് അതിന് അനുവദിക്കാത്തത് എന്നതാണ് വരാഹു ഉന്നയിച്ചത്. ദേശീയസ്വത്വവും പ്രാദേശികസ്വത്വവും തമ്മില്‍ ആശയവിനിമയത്തിന്റെ തലം സാധ്യമല്ല എന്ന ന്യായവാദം എന്‍.ബി.എ ഉന്നയിക്കുമ്പോള്‍ ദലിതുകളും ആദിവാസികളും പിന്നാക്കജനതയും സ്വന്തം രാഷ്ട്രീയഭാവനയും വികസനസ്വപ്നവും ആവിഷ്‌കരിക്കാനും അവതരിപ്പിക്കാനും പ്രാപ്തരല്ല എന്ന ദുഷ്ടരാഷ്ടീയത്തെ സ്ഥാപിച്ചെടുക്കുക കൂടിയാണവര്‍ ചെയ്തതെന്ന് മറക്കരുത്. ഇങ്ങനെ പതിറ്റാണ്ടുകളിലൂടെ ഇന്ത്യന്‍ ആദിവാസിയുടെയും ദലിതന്റെയും ജ്ഞാനബോധ്യങ്ങളെ റദ്ദുചെയ്യുകയും ബുള്‍ഡോസറൈസ് ചെയ്ത ബ്രാഹ്മണിക് മസിലുകളായി നിലകൊള്ളുകയായിരുന്നു നര്‍മ്മദ ബച്ചാവോ ആന്തോളന്‍ എന്ന സമരനേതൃമുഖം. ഇന്ത്യന്‍ പരിസ്ഥിതിയുടെ സമരമുഖമായി ലോകം വാഴ്ത്തിയ നര്‍മ്മദയുടെ കീഴാളവിരുദ്ധതയെ മുന്‍നിര്‍ത്തി പലസംസ്ഥാനങ്ങളിലും നടന്ന പാരിസ്ഥിതിക ചെറുത്തുനില്‍പ്പുകളുടെ ഉള്ളടക്കങ്ങളും സംഘര്‍ഷങ്ങളും പിന്നീട് വിശദമായിത്തന്നെ വിലയിരുത്തപ്പെടുകയുണ്ടായി.

പിരിച്ചെഴുത്തിന്റെ പ്രസക്തി

കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും അപകടകാലത്ത്, ഉയര്‍ന്നുവരുന്ന പ്രതിരോധങ്ങളില്‍ നാം അറച്ചുനില്‍ക്കാതെ ഒന്നിച്ചുനില്‍ക്കേണ്ട ഒരുകാലത്ത് പരിസ്ഥിതിരാഷ്ട്രീയത്തെയും സമരങ്ങളെയും പിരിച്ചെഴുതേണ്ടതുണ്ടോ എന്നൊരുചോദ്യം സ്വാഭാവികം. എന്നാല്‍ പരിസ്ഥിതിരാഷ്ട്രീയം ലിംഗരാഷ്ട്രീയത്തെയും ആദിവാസി/ദലിത്-ബഹുജന്‍ രാഷ്ട്രീയത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെയും സ്വാംശീകരിച്ച് അതിന്റെ ഗതിവേഗം കൂട്ടണമെന്നും സ്വയം വികസിക്കണമെന്നും ആഗ്രഹിക്കുകയും അതിനായി നിലകൊള്ളാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആളാണ് ഇതെഴുതുന്നത്. ഗെയ്ല്‍ ഓംവേതിനും വി.ടി രാജശേഖറിനും ഒപ്പം ഗോപാല്‍ഗുരു, മുകുള്‍ ശര്‍മ, അരുണ്‍ അഗര്‍വാള്‍ തുടങ്ങി ദേശീയതലത്തില്‍ പലചിന്തകരും ഈ നിരീക്ഷണത്തെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കേരളത്തിലെ രജിസ്റ്റര്‍ ചെയ്യപ്പെട്ട പരിസ്ഥിതി സമരങ്ങളുടെ ചരിത്രത്തിലും വിശകലനത്തിലും കര്‍തൃത്വസ്ഥാനത്ത് സവര്‍ണപ്രതിനിധാനങ്ങളെ പ്രതിഷ്ഠിച്ചുകൊണ്ടും കീഴാള ഇടപെടലുകളെയും സാന്നിധ്യങ്ങളെയും അദൃശ്യവല്‍ക്കരിച്ചതിനും തെളിവുകള്‍ കാണാം. എഴുതപ്പെട്ട പരിസ്ഥിതി ചെറുത്തുനില്‍പ്പുകള്‍ ആഖ്യാനത്തില്‍ അപരവല്‍ക്കരിച്ചുകൊണ്ടുള്ള നീക്കം പ്രകടമാണ്. പരിസ്ഥിതിസമരമെന്നാല്‍ സൈലന്റ് വാലി തന്നെ എന്നതരത്തില്‍ ചുരുക്കിയെഴുത്തിന്റെ നടപ്പുശീലം ആഖ്യാനങ്ങളിലെല്ലാം കാണാം. സൈലന്റ് വാലി കാലത്തോ സമീപകാലത്തോ തുടക്കംകുറിച്ച ചാലിയാര്‍സമരം ഐതിഹാസികമായിരുന്നു. ഗ്വാളിയോര്‍ റയേണ്‍സ് ഫാക്ടറി ലിറ്റര്‍കണക്കിന് വിഷം പുഴയിലൊഴുക്കി ഒരുഗ്രാമത്തെ മുഴുവന്‍ അര്‍ബുദത്തിലേക്ക് തള്ളിയിട്ടതിനെതിരെ നടന്ന സമരം തൊണ്ണൂറുകളുടെ അവസാനം വിജയം കാണുകയായിരുന്നു. സമരനേതാവും ഒപ്പം മുസ്ലിം ലീഗ് നേതാവുമായ കെ. എ. അബ്ദുല്‍റഹ്മാന്‍ സാഹിബ് അര്‍ബുദം ബാധിച്ച് സമരമുഖത്ത് മരിച്ചുവീഴുകയായിരുന്നു. സൈലന്റ് വാലി മുഖരിതമായ പരിസ്ഥിതിസമരചരിത്രപ്രഘോഷണത്തില്‍ ഈ ജീവത്യാഗം വ്യാഖ്യാനരഹിതമായിത്തീര്‍ന്നു. പ്ലാച്ചിമടസമരത്തിന്റെ സംഘാടനവും മയിലമ്മയുടെ പ്രതിരോധപാരമ്പര്യവും ജീവിതവും സമരചരിത്രാഖ്യാനത്തിന്റെ രൂപകല്പനാവേളയില്‍ ഒരുക്കേണ്ട ഒരു ചിത്രംമാത്രമായി ഒടുങ്ങി.

കല്ലേന്‍ പൊക്കുടന്‍

നീര്‍ത്തട/ കണ്ടല്‍ ജ്ഞാന ബോധ്യങ്ങളിലൂടെ സ്വയംസഞ്ചരിച്ച് യുനെസ്‌കോയുടെ കണ്ടല്‍ സംരക്ഷണപദ്ധതികള്‍ക്ക് മര്‍ഗദീപമായ കല്ലേന്‍ പൊക്കുടന്‍ നമ്മുടെ പരിസ്ഥിതി ചരിത്രാഖ്യാതാക്കള്‍ക്ക് ഒരിക്കലും ആവര്‍ത്തിക്കാത്ത ഒരു വരിമാത്രമാണ്. ഇത്തരം വീഴ്ചകളിലൂടെ കേരളത്തിലെ പരിസ്ഥിതി ഗ്രൂപ്പുകളും വരേണ്യപരിവേഷത്തിന്റെ മൂല്യപരികല്‍പനകള്‍ ഒളിച്ചുകടത്തുകയാണ്. ആദിവാസി സംസ്‌കൃതിയുടെ പ്രകൃതിബോധത്തില്‍ നിന്നും ആത്മബോധത്തില്‍ നിന്നും പിറവികൊണ്ട ചിപ്കോയുടെ രക്ഷാകര്‍തൃത്വം സുന്ദര്‍ലാല്‍ ബഹുഗുണയുടെ കയ്യിലെത്തുന്നതിന്റെ പരിണാമശാസ്ത്രവും വരേണ്യയുക്തിയും തന്നെയാണ് ഇവിടെയും പ്രതിഫലിക്കുന്നത്. ഇതില്‍ നമ്മുടെ അക്കാദമിക അധികാരബന്ധങ്ങളും ഏജന്‍സികളും ആവേശത്തോടെ മുങ്ങിനിവരുന്നു. പരിസ്ഥിതിയെന്നാല്‍ സുഗതകുമാരി ടീച്ചറാണെന്നതാണ് തമാശ. ദേശീയതലത്തില്‍ മേധാപട്കര്‍ എന്നപോലെ.

ഓഖിയും പ്രളയവും

ഓഖിയും പ്രളയവും മലയാളിക്ക് രണ്ട് ഭിന്ന അനുഭവങ്ങളാണ്. പൊതുബോധത്തിന്റെ വേദനയായി ഓഖി നിറഞ്ഞുനില്‍ക്കാത്തതും വിശകലനത്തില്‍ വരാത്തതും തീരത്തിന്റെ സാമൂഹ്യഭൂമിശാസ്ത്ര സവിശേഷയൊന്നുകൊണ്ടാണ്. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മീന്‍പിടുത്തത്തൊഴിലാളി വെറും ‘രക്ഷകനോ’ ‘കാവല്‍ഭടനോ’ ആണ് സ്റ്റേറ്റിനും പൊതുസമൂഹത്തിനും. അവര്‍ നദിവിജ്ഞാനീയം ( pothomology) അറിയുന്നവരാണെന്ന് സമ്മതിക്കാന്‍ അക്കാദമിക ഏജന്‍സികള്‍ക്ക് ത്രാണിയുണ്ടാകുന്നില്ല. അക്കാദമിക വരേണ്യത ഉഴുതിട്ട മണ്ണിലാണ് കാല്പനികപരിസ്ഥിതിവാദം പലപ്പോഴും അതിന്റെ വേരിറക്കുന്നതെന്ന് കാണാന്‍ നമ്മുടെ ഔദ്യോഗിക ബോധന ശാസ്ത്രസാമഗ്രികളുടെ രാഷ്ട്രീയം പരിശോധിച്ചാല്‍ മതിയാകും. പ്രകൃതി/ മനുഷ്യന്‍ എന്ന ദ്വന്ദ്വത്തെ ദൃഡീകരിച്ചുകൊണ്ടും മനുഷ്യന്‍/കീഴാള മനുഷ്യന്‍ അവളുടെ/അവന്റെ പാരമ്പര്യ വിഭവാധികാരങ്ങളുടെ വാദമുഖങ്ങളെ ദൂര്‍ബലീകരിച്ചുകൊണ്ടുമാണ് നമ്മുടെ പാഠ്യപദ്ധതിയില്‍ പരിസ്ഥിതിബോധനശാസ്ത്രം ( ecopedagogy) നിലയുറപ്പിക്കുന്നത്. തീരം ഒരിക്കലും നമ്മുടെ വികസനത്തിന്റെ വിശകലനത്തിലോ പരിഗണനയിലോ അധികം വരില്ല. അവരുടെ ജ്ഞാനത്തെയും അനുഭവത്തെയും ഗൗനിക്കാതെ ആണ് ‘വികസനം’ അതിന്റെ തേരോട്ടം പൊടിപൊടിക്കുന്നത്. കേരളത്തിന്റെ 490 കിലോമീറ്റര്‍, അവിടെയാണല്ലോ ഓഖി അടിച്ചത്. അവരുടെ സുരക്ഷ നമ്മുടെ വിഷയമല്ലാതാകുന്നു.

കടലില്‍ കല്ലിടുക

കടലില്‍ കല്ലിടുക എന്നത് ഒരു പ്രയോഗമാണ്. ഇട്ടകല്ല് എത്രയെന്ന് പിന്നീട് തിട്ടപ്പെടുത്താന്‍ ആവില്ല എന്നതാണ് ഇതിന്റെ ഒരു മേന്മ. ഇടുന്നകല്ലിന്റെ അളവ് നമുക്ക് ബോധ്യമാകുന്നത് ഇടുക്കിയിലും വയനാട്ടിലും പത്തനംതിട്ടയിലും ഉരുള്‍പൊട്ടുമ്പോള്‍ ആണ്. കാരണം, ഈ കല്ല് അവരുടെ സുരക്ഷയായിരുന്നു. തീരരക്ഷയുടെ അക്കൗണ്ടിലേക്ക് ഒഴുകുന്ന വന്‍തുക മലനാടിന്റെ ദുരന്തമായി വരുന്നു. ഇരട്ടനാശത്തിന്റെ പ്രമോട്ടര്‍മാരായി സ്റ്റേറ്റ് ഏജന്‍സികള്‍ കുപ്പായമിടുന്നു.

കല്ലുകൊണ്ട് മതില്‍ കെട്ടി തിരമാലയെ നേരിടാമെന്ന് വിശ്വസിക്കുന്ന ലോകത്തെ ഏറ്റവും മണ്ടന്മാരായ ഒരു ജനതയായി നാം നിലകൊള്ളുന്നു. അച്ഛന്റെ ജീവിതത്തില്‍ നിന്നും യുനെസ്‌കോ പലതും പഠിച്ചു. ഇന്തോനേഷ്യയും ഫിലിപ്പൈന്‍സും മലേഷ്യയും പഠിച്ചു. നമ്മള്‍ ഇപ്പോഴും കരിങ്കല്‍ ഭിത്തിയിലാണ് നില്‍ക്കുന്നത്. ഇവിടെ ഒരു ജൈവമതില്‍ സാധ്യമാണോ? വാംഗാരി മാതായിയുടെ ഗ്രീന്‍ബെല്‍റ്റ് എന്ന സങ്കല്പം ലോകം ശ്രദ്ധിച്ചു. അച്ഛന്റെ കണ്ടല്‍മതില്‍ നാം കണ്ടില്ല. ഒറീസയില്‍ കൊടുങ്കാറ്റടിച്ചപ്പോള്‍ കിലോമീറ്ററുകളോളം ഒന്നും സംഭവിച്ചില്ല. നമ്മുടെ ശാസ്ത്രലോകം അത് പരിശോധിച്ചു. കണ്ടലുകളുടെ നിറസാന്നിധ്യമാണ് അതെന്ന് കണ്ടെത്തി വാര്‍ത്തയും വിശകലനവുമായി. പക്ഷേ, നമ്മളിപ്പോഴും ക്വാറികള്‍ക്ക് കാവലിരിക്കുകയാണ്. ഇതിന്റെ സൂത്രങ്ങളിലും കെണികളിലും വീണവര്‍ പ്രളയാനന്തര പരിസ്ഥിതി അതിജീവനം പറയരുത്. പ്രകൃതിപുനരുജ്ജീവനം ഏതെങ്കിലും കമ്മീഷന്‍ റിപ്പോര്‍ട്ട് കാണാപാഠം പഠിച്ച് പരീക്ഷ എഴുതലല്ല, തലമുറകള്‍ക്ക് വേണ്ടിയുള്ള മുന്‍വിധിയില്ലാത്ത ജാഗ്രതയാണത്. അച്ഛന്‍ ചോദിച്ച ഒരു ചോദ്യം ഞാനോര്‍ക്കുന്നു ഒരു രാക്ഷസത്തിരമാലക്ക് എത്ര ഉയരം കാണുമെന്ന്. 15 അടി പരമാവധി, എന്നാല്‍ 25 മീറ്ററിനടുത്ത് ഉയരത്തില്‍ വളരുന്ന ഭ്രാന്തന്‍ കണ്ടല്‍(Raiosphora mucronata)ഏഴോം പഞ്ചായത്തിലുണ്ട് എന്നായിരുന്നു ഉത്തരം. ഭ്രാന്തന്‍ കണ്ടലിന്റെ ഏരിയല്‍ വേരും അതില്‍ ഒട്ടിവളരുന്ന മുരു(Indian backwater oyster) വും ചേര്‍ന്ന് ഉണ്ടാകുന്ന ഒരുതരം ജൈവ സിമെന്റിഗിന്റെ കരുത്ത് നമ്മുടെ ഫിഷറീസ്/ജൈവ വൈവിധ്യ ബോര്‍ഡുകള്‍ക്ക് എന്നാണ് മനസ്സിലാവുക? ആര്‍ത്തിരമ്പിയെത്തുന്ന രാക്ഷസ തിരമാലകള്‍ ഈ വേരുമതില്‍ കണ്ടുതന്നെ തിരുച്ചുപോകുമെന്ന അച്ഛന്റെ പ്രവചനത്തിന് ഒരുതരം പാരിസ്ഥിതിക ആത്മീയതയുടെ (Ecospirituality) ബലം ഉണ്ടെന്ന് വേണം കരുതാന്‍.

തീരസംരക്ഷണത്തിലും പരിപാലനത്തിലും കണ്ടല്‍ ചെടിയുടെ പങ്ക് വളരെ വലുതാണെന്ന പ്രൈമറി ലെവല്‍ ക്ലാസ്സ്മുറി പ്രസ്താവനകളില്‍ നിന്ന് ഇനിയും നാം മുന്നോട്ട് പോയിട്ടില്ല. ഏത് ഇനങ്ങള്‍ കണ്ടല്‍കാടുകളാണ് ആവശ്യം, അവക്ക് നഴ്സറി ഒരുക്കണം. എന്നാല്‍ ഇത്തരം വിഷയത്തില്‍ സുനാമിക്കോ ഓഖിക്കോ എന്തിനേറെ പ്രളയത്തിനോ ശേഷം നമ്മുടെ സംവിധാനങ്ങള്‍ പ്രാഥമിക ചര്‍ച്ചകള്‍ പോലും നടത്തിയില്ല. കേരളത്തിന്റെ തീരം ഭ്രാന്തന്‍ കണ്ടലും ഉപ്പൂറ്റിയും കണ്ണാമ്പൊട്ടിയും വളര്‍ന്നുനില്‍ക്കുന്ന ഒന്നായി ഭാവന ചെയ്യാന്‍ ഇനിയും നമുക്കുകഴിഞ്ഞില്ല. പ്രളായനന്തര നാം ഉയര്‍ത്തേണ്ട ഒരു ചോദ്യം തീരസംരക്ഷണത്തെക്കുറിച്ചുള്ള ഈ ഉത്കണ്ഠയാണ്.

ആനന്ദന്‍ പൊക്കുടന്‍

ഇത് ഒരു അജ്ഞതയുടെ പ്രശ്നമാണ്. അതൊരു കുറ്റമല്ല; പക്ഷെ അത് എവിടെ നിന്നാണ് ഉണ്ടായത് എന്ന അന്വേഷണം ഇല്ലാതെ പോകുന്നത്് കുറ്റമാണ്. നമ്മുടെ ബയോഡൈവേഴ്സിറ്റി ബോര്‍ഡ് പാക്കേജുകളില്‍ കേറസോ ഫോറ മുക്രോനേറ്റ പെടാതെ പോകുന്നത് എന്താണെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. എങ്ങനെ കണ്ടല്‍ ഭിത്തിയുടെ ഒന്നാംതലമുറയെ ഒരുക്കാം എന്ന ആലോചന എന്തുകൊണ്ടാണ് ഉയരാത്തത് എന്ന ചോദ്യമാണ് ഉയര്‍ത്തേണ്ടത്. ഇന്തോനേഷ്യന്‍ രാജ്യങ്ങളില്‍ പലതും സുനാമി അനന്തരകാലം അത് നിര്‍വഹിച്ചുതുടങ്ങി. ഫിലിപ്പൈന്‍സിന്റെ മാന്‍ഗ്രോവ് കണ്‍സര്‍വേഷന്‍ ഔദ്യോഗിക വെബ്സൈറ്റില്‍ അച്ഛന്റെ ചിത്രം നമുക്ക് കാണാം. നമ്മുടേതോ? ഇന്തോനേഷ്യയില്‍ വളരെ കാലമായി ജോലി ചെയ്യുന്ന ഒരാള്‍ ഒരിക്കല്‍ എന്റെ കൈപ്പടം ചേര്‍ത്തുപിടിച്ച് പറഞ്ഞത്, അങ്ങയുടെ അച്ഛന്‍ അവിടെ ആയിരുന്നെങ്കില്‍ തങ്ങള്‍ അഭിമാനിക്കുമായിരുന്നുമെന്നും ലോകം അദ്ദേഹത്തെ ശ്രദ്ധിക്കുമായിരുന്നു എന്നുമാണ്. യുനെസ്‌കോ അത് പറഞ്ഞു. പക്ഷെ നമുക്ക് ഞാനടക്കമുള്ളവര്‍ക്ക് അതിന് കഴിഞ്ഞില്ല. കടപ്പുറം നമുക്ക് വെറും മണലാണ്. ഒന്നിനും കൊള്ളാത്തിടം. കണ്ടല്‍ഭിത്തിയുള്ള തീരം വളരെ വളക്കൂറുള്ള (fertile) ഒന്നാക്കി മാറ്റാന്‍ അതിനുകഴിയും. മത്സ്യബന്ധനത്തിന് കാലാവസ്ഥ അനുവദിക്കാത്ത നേരത്ത് കൃഷിയിറക്കാന്‍കഴിയുന്ന ഭൂമി. കടല്‍ കൊണ്ടുവരുന്ന എക്കലിനെ കാത്തുവെക്കാന്‍ കഴിയുന്ന ഒരു മെക്കാനിസം രൂപപ്പെടുത്താന്‍ കഴിയും. കീഴാളമായ ജ്ഞാനമാര്‍ഗങ്ങളും (indigenious knowledge) അനുഭവങ്ങളും വികസനത്തില്‍ നിരാകരിച്ചതും സുസ്ഥിരവികസനത്തിന്റെ ആഗോളധാരണകളെ ചെവികൊള്ളാത്തത്തിന്റെ ദുരന്തമാണ് ഇന്ന് മണ്‍സൂണില്‍ അവരനുഭവിക്കുന്ന പട്ടിണി എന്നുവേണം പറയാന്‍. അവരെക്കൂടി സുസ്ഥിരവികസനലക്ഷ്യത്തോടെ ഉള്‍ചേര്‍ത്തെടുക്കുന്ന വികസനപദ്ധതികള്‍ക്കുമാത്രമേ പ്രളയാനന്തര പ്രസക്തിയുള്ളു. അവരുടെ ജ്ഞാനത്തെ മാനിക്കണം. ഇപ്പറഞ്ഞതൊക്കെ അവര്‍ക്കറിയാം. നാമത് ചോദിക്കണം. വികസനത്തിന് അന്യമായ പാരിസ്ഥിതിക വിവേകത്തിന്റെയും നീതിയുടെയും തലം ഉണ്ടാക്കിയെടുക്കണം.

ആനന്ദന്‍ പൊക്കുടന്‍