Campus Alive

അരികുവത്കരിക്കപ്പെടുന്നവരുടെ സാര്‍വലൗകിക രാഷ്ട്രീയം

ജെ.എന്‍.യുവില്‍ എത്തുന്നത് വരെ ക്രിസ്ത്യന്‍ മാനേജ്‌മെന്റ്‌ സ്ഥാപനങ്ങളില്‍ നിന്നു മാത്രമായിരുന്നു എന്റെ വിദ്യാഭ്യാസം. അതുകൊണ്ട് തന്നെ ഇവിടെ അഡ്മിഷന്‍ ലഭിച്ചപ്പോള്‍ എന്റെ പഴയ ക്രിസ്തീയ ധാര്‍മിക വിശ്വാസങ്ങളില്‍ നിന്നും മോചിതയായി, തീര്‍ത്തും മതേതരനും ലിബറലും പുരോഗമനവാദിയുമായിത്തീരാനുള്ള ഒരവസരമായിത്തീരും ഇതെന്ന് ഞാന്‍ പ്രത്യാശിച്ചു. പക്ഷെ ഇന്ത്യയില്‍ മതേതരനും ലിബറലുമാവുക എന്നാല്‍ സവര്‍ണ ഹിന്ദു ആവുക എന്നാണെന്നും ജെ.എന്‍.യു പോലുള്ള ക്യാമ്പസുകളില്‍ മതേതരത്വത്തെയും പുരോഗമന വാദത്തെയുമെല്ലാം നിര്‍വചിക്കുന്നത് ഇവിടുത്തെ സവര്‍ണ ഹിന്ദു മേധാവിത്വമാണെന്നും പതിയെ എനിക്ക് ബോധ്യപ്പെട്ടു. യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്ത എന്നെ ജെ.എന്‍.യുവിലെ ഓരോ പുതിയ ആശയങ്ങളും പ്രലോഭിപ്പിച്ചു കൊണ്ടേയിരുന്നു. ലിബറല്‍ ആവാനുള്ള ശ്രമങ്ങളുടെ ഭാഗമായി കമ്മ്യൂണിസ്റ്റ് എം.എല്‍ പ്രസ്ഥാനങ്ങളുമായി സഹകരിക്കാന്‍ ഞാന്‍ ശ്രമം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ജെ.എന്‍.യുവിലെ അംബേദ്കറൈറ്റ് മുസ്ലിം പ്രസ്ഥാനങ്ങളുമായി ഇടപെടും വരെ മറ്റെല്ലാ ആശയങ്ങളും എന്നെ നിരാശനാക്കി.

ഒരു ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി കേരളത്തിലെ മുസ്ലിങ്ങളെയും അവരുടെ രാഷ്ട്രീയത്തെയും മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഒരു പുതിയ രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള എന്റെ ഇടപെടലുകള്‍ ആരംഭിക്കുന്നത്. സാമാന്യ ബോധമായി കരുതിക്കൊണ്ട് കേരളത്തിന്റെ പൊതു മണ്ഡലങ്ങളില്‍ ഇസ്ലാമോഫോബിയ നടമാടുന്നു എന്ന വസ്തുത ഈ അന്വേഷണങ്ങളിലൂടെ എനിക്ക് മനസ്സിലായി. മുസ്ലിങ്ങളെ മാത്രം ഉന്നം വെക്കുന്ന അസാധാരണമായ നിയമങ്ങള്‍ നിര്‍മിച്ചു കൊണ്ട് മുസ്ലിം അവകാശവാദങ്ങളെ അരാഷ്ട്രീയ വത്കരിക്കുക എന്ന ലക്ഷ്യം നേടിയെടുക്കാന്‍ സ്റ്റേറ്റ് എങ്ങനെയാണ് ഇസ്ലാമോഫോബിയയെ മുതലെടുക്കുന്നത് എന്നും തിരിച്ചറിയാന്‍ സാധിച്ചു. ഇതിന്റെ ഭാഗമായി തീവ്രവാദത്തെ മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ പ്രവര്‍ത്തകരുമായി സംവദിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാക്കിത്തന്നത്. ഈ സംവാദങ്ങള്‍ മുസ്ലിം രാഷ്ട്രീയത്തില്‍ എന്നെ താല്പരനാക്കുക മാത്രമല്ല ചെയ്തത്, മറിച്ച് കൊളോണിയല്‍ ആധുനികതയുടെ ദേശീയവല്‍ക്കരണത്തിന്റെയും മതേതര വത്കരണത്തിന്റെയും രാഷ്ട്രീയം അരികുവത്കരിച്ച ഇസ്‌ലാമിക വിജ്ഞാന പാരമ്പര്യത്തില്‍ നിന്നും രാഷ്ട്രീയം പറയാനുള്ള ശ്രമങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുക കൂടിയാണ്. അപരം (other) എന്ന് ഇവിടത്തെ അക്കാദമിക ക്ലിഷേ നിര്‍വചിച്ചവയോട് ആഴത്തില്‍ ഇടപെടുന്തോറും പുനര്‍വിചിന്തനങ്ങളും സംഭവിച്ചു കൊണ്ടിരുന്നു. മതത്തിന്റെയും സമുദായത്തിന്റെയും അടിസ്ഥാനത്തില്‍ പൗരന്മാര്‍ ഭരിക്കപ്പെടുന്ന ഒരു രാജ്യമെന്ന നിലയില്‍ ഈ ‘ അപര (other) ത്തിനെ വീക്ഷിക്കുന്നതിനെ ഓരോരുത്തരുടെയും രാഷ്ട്രീയം മാത്രമായി കാണുക എന്നത് പലപ്പോഴും ബുദ്ധിമുട്ടായി മാറാറുണ്ട്. ഈയൊരു വസ്തുതയില്‍ ഊന്നിക്കൊണ്ടാണ് സ്വത്വരാഷ്ട്രീയം ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഉരുത്തിരിഞ്ഞു വരുന്നത്. എല്ലായ്പ്പോഴും താഴെതട്ടിലേക്ക് മാറ്റിനിര്‍ത്തപ്പെടുന്നു എങ്കിലും ജെ.എന്‍.യുവിലെ അംബേദ്കറൈറ്റ് മുസ്ലിം പ്രസ്ഥാനങ്ങള്‍ ചരിത്രപരമായി അപരവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളിലെ വ്യക്തികളുടെ പ്രാധിനിത്യ രാഷ്ട്രീയത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിക്കുന്നതോടൊപ്പം തന്നെ ജ്ഞാനോത്പാദന ശാസ്ത്രത്തില്‍ സമൂലമായ മാറ്റങ്ങള്‍ സംഭവിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് സ്വത്വത്തെ പുനര്‍വിചിന്തനം ചെയ്യാന്‍ കൂടെ നമ്മോടാവശ്യപ്പെടുന്നു. അപരവത്കരിക്കപ്പെട്ട ഒരു ദലിതന്റെ വീക്ഷണ കോണുകളിലൂടെ തുല്യതയെയും സ്വാതന്ത്ര്യത്തേയും സാഹോദര്യത്തെയും മറ്റു ലോകൈക ചിന്തകളെയുമെല്ലാം അവതരിപ്പിച്ചപ്പോഴും ദലിതര്‍ക്ക് വേണ്ടി മാത്രം എഴുതാതിരുന്ന അംബേദ്കറെ പോലെ, മുസ്ലീങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു പ്രസ്ഥാനം മാത്രമാവുക എന്നതിലുപരി ജ്ഞാനോത്പാദന പാരമ്പര്യത്തില്‍ നിന്നും വിമോചനത്തിന്റെ പ്രത്യയശാസ്ത്രം അവതരിപ്പിക്കുന്ന ഒരു മുസ്ലിം സംഘടനയാവുക എന്ന ധര്‍മ്മമാണ് ഫ്രറ്റേണിറ്റി ചെയ്യുന്നത്. സവിശേഷമായ ഒന്നില്‍ നിന്നും സാര്‍വത്രികത എന്ന ആശയം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് മാനവികതയുടെ സാര്‍വത്രികത അവകാശപ്പെടാവുന്ന ഒരു പുതിയ ഭാഷ കൂടിയാണ് ഈ ആശയം. ഞാനെന്തു കൊണ്ട് മുസ്ലീങ്ങള്‍ക്കും ദലിതുകള്‍ക്കും ആധിപത്യമുള്ള ഒരു രാഷ്ട്രീയത്തിന്റെ ഭാഗമായി എന്ന് പലപ്പോഴും സ്വയം അത്ഭുതം കൂറാറുണ്ടെങ്കിലും അപരവല്‍ക്കരിക്കപ്പെട്ടവരുടെ സാര്‍വലൗകികത എന്ന ആശയം എന്നെ എല്ലായ്പ്പോഴും പ്രലോഭിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

അംബേദ്കറൈറ്റ് രാഷ്ട്രീയത്തെ കാണും വരെ ഞാന്‍ പൂര്‍ണമായും ഒരു ജാതീയവാദി ആയിരുന്നു. ജാതിയെന്ന കുറ്റത്തെ ശക്തമായി വിമര്‍ശിക്കുന്ന ഒരു ദലിത് തത്വചിന്തകന്‍ എന്ന രീതിയില്‍ ഞാന്‍ അംബേദ്കറെ വായിച്ചിട്ടില്ലായിരുന്നു. മറിച്ച് സാര്‍വത്രിക ആശയങ്ങള്‍ പഠിപ്പിച്ച മറ്റേതൊരു ദാര്‍ശനികനേയും പോലെ അല്ലെങ്കില്‍ മൈത്രിയെ കുറിച്ചു വ്യത്യസ്തമായി പറഞ്ഞു വെച്ചിട്ടുള്ള ഇസ്ലാം, സിഖ്, ബുദ്ധിസ്റ്റ്, ജൈന ആശയങ്ങള്‍ വായിക്കും പോലെ മാത്രമേ ഞാന്‍ അംബേദ്കറിനെയും വായിച്ചിട്ടുണ്ടായിരുന്നുള്ളൂ. ക്രിസ്ത്യാനികളില്‍ നിന്നും വ്യത്യസ്തമായ ആത്മനിഷ്ഠയുള്ളവരാണ് ദലിതുകളും മുസ്ലീങ്ങളും. എന്നാല്‍ ഇരു വിഭാഗവും അനുഭവിക്കുന്നത് സമാന രീതിയിലുള്ള പ്രശ്നങ്ങളാണ്. സ്റ്റേറ്റിന്റെ ഹിംസ, മതവിശ്വാസങ്ങള്‍ അനുഷ്ഠിക്കുന്നതിലുള്ള പ്രയാസങ്ങള്‍, പൗരത്വത്തെ പോലും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ഹിന്ദു ദേശീയതയുടെ വളര്‍ച്ച, ജാതീയപരമായ വിഷയങ്ങള്‍, മതം മാറ്റത്തില്‍ നേരിടുന്ന പ്രശനങ്ങള്‍ തുടങ്ങി സമാന രീതിയിലുഉള്ള പ്രതിസന്ധികള്‍ ആണ് ഇരുകൂട്ടരും അനുഭവിക്കുന്നത്. ഇതു തന്നെയാണ് ഇവര്‍ക്കിടയില്‍ ഐക്യവും ഒരുമയും വിമോചനത്തെ സംബന്ധിച്ച ചിന്തകളും കൊണ്ടുവരുന്ന പ്രധാന ഘടകങ്ങളും. മുസ്ലിം പള്ളികള്‍ നശിപ്പിക്കപ്പെടുമ്പോള്‍ ദലിതരുടെ ചര്‍ച്ചുകള്‍ കത്തിയമരുന്നു. ഇരുകൂട്ടരേയും അധിനിവേഷ ശക്തികള്‍ ആയും അക്രമകാരികള്‍ ആയുമാണ് പൊതുബോധം വീക്ഷിക്കുന്നത്. അതി ദേശീയത ഇരു വിഭാഗങ്ങളെയും അന്യവത്കരിച്ചു കൊണ്ടേയിരിക്കുന്നു. ജാതി ചിന്തകളെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളിലൂടെയും ആദര്‍ശങ്ങളിലൂടെയും സംവാദങ്ങളിലൂടെയും തച്ചുടക്കുക എന്ന ആശയമാണ് അംബേദ്കറൈറ്റ് രാഷ്ട്രീയം മുന്നോട്ടു വെക്കുന്നത്.

കേരളത്തിലെ സങ്കീര്‍ണമായ ജാതി സാഹചര്യങ്ങളില്‍ നിന്നും വരുന്ന ഒരു ക്രിസ്ത്യന്‍ എന്ന നിലയില്‍ അംബേദ്കറെ ഉദ്ധരിക്കും മുമ്പ്് രണ്ടു തവണ ഞാന്‍ ആലോചിക്കാറുണ്ട്. ഒരു ദലിത് ചിന്തകന്‍ എന്ന നിലയില്‍ അംബേദ്കറെ കുറിച്ചു ചിന്തിക്കുന്ന ഒരു തെറ്റു ഞാന്‍ ചെയ്യുമോ എന്നത് കൊണ്ടാണത്. അധിനിവേശത്തിന്റെയും കോളോണിയലിസത്തിന്റെയും സങ്കീര്‍ണമായ ചരിത്രങ്ങളുള്ള ഒരു ക്രിസ്ത്യന്‍ എന്ന നിലയില്‍ ഇസ്ലാമിനെ ഉദ്ധരിക്കും മുമ്പും ഞാന്‍ ഇരുവട്ടം ആലോചിക്കും. കാരണം ഇസ്‌ലാമിനെയും അതിന്റെ ജ്ഞാനശാസ്ത്രത്തിലൂടെയുമല്ലാതെ ചിന്തിക്കുക എന്ന തെറ്റ് ഞാന്‍ ചെയ്യുമോ എന്ന തോന്നല്‍ എന്നിലുണ്ട്. കേരളത്തില്‍ ആഴത്തില്‍ ജാതീയ ചിന്തകള്‍ നിലനിക്കുന്നു എങ്കിലും ഇന്ത്യയിലെ മുസ്ലിം അംബേദ്കറൈറ്റ് രാഷ്ട്രീയം പുതിയ ഞാനോദയ സങ്കല്‍പങ്ങള്‍ക്ക് വഴിതെളിയിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. മതം മാറ്റം നടത്തിയ പീഡിതരായ ക്രിസ്തീയ വിശ്വാസികളുടെയടക്കം നേതൃത്വത്തില്‍ ഉള്ള സംഭാവനകള്‍ ഈയൊരു രാഷ്ട്രീയത്തിന്റെ ഭാഗമാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയിലെ കേന്ദ്രസര്‍വകലാശാലകളില്‍ രൂപപ്പെട്ടു വരുന്ന ഇത്തരം നവീന ആശയങ്ങള്‍ പൗരത്വം അടക്കമുള്ള ആശയങ്ങളില്‍ വൈവിധ്യമാര്‍ന്ന ചിന്തകളെ രൂപപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു

നോയല്‍ മറിയം ജോര്‍ജ്