Campus Alive

1947ലെ സില്‍ഹത് വിഭജനവും അസമിലെ ‘വിദേശി’ രാഷ്ട്രീയവും

എന്‍ ആര്‍ സി(National Register of Citizens)ക്കു തുല്യമായ പ്രക്രിയ ഇന്ത്യയിലോ ലോകത്ത് മറ്റെവിടെയെങ്കിലുമോ കണ്ടെത്തുക പ്രയാസകരമാണ്. എന്‍ ആര്‍ സി പ്രകാരം സംസ്ഥാന ഭരണകൂടത്തിന്റെ പുതുക്കിയ ഇന്ത്യന്‍ പൗരത്വ പട്ടികയില്‍ പേര് വരാന്‍ 1971 മാര്‍ച്ച് 24 അര്‍ദ്ധരാത്രിക്കു മുമ്പായി അപേക്ഷകരോ അവരുടെ മുന്‍തലമുറയോ അസാമില്‍ എത്തിയതായി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. ജൂലൈ 30നു പുറത്തുവിട്ട അന്തിമ കരട് പ്രകാരം ദേശീയ പൗരത്വ രജിസ്റ്ററില്‍ പേര് വരാത്തവരുടെ എണ്ണം 40 ലക്ഷത്തോളമാണ്. ലോകത്തു തന്നെ ഏറ്റവും വലിയ രാജ്യമില്ലാ(stateless) ജനതയെ സൃഷ്ടിക്കാന്‍ കെല്‍പുറ്റതാണ് ഈ കണക്ക്. ഇത്തരമൊരു വലിയ വെറുപ്പിലേക്ക് അസാമിന്റെ രാഷ്ട്രീയത്തെ കൊണ്ടെത്തിച്ചത് എന്താവാം?! ആ ഒരു ആലോചനയാണ് വീണ്ടും നമ്മെ വിഭജനത്തിലേക്ക് കൊണ്ടെത്തിക്കുന്നത്. 1947ലെ വിഭജനം സാധാരണയായി പഞ്ചാബിനോടും ബംഗാളിനോടും ചേര്‍ത്താണ് വായിക്കാറുള്ളത്. എന്നാല്‍ അസാമും വിഭജിക്കപ്പെട്ടിരുന്നു എന്നുള്ളത് അത്ര പരിചതമല്ലാത്ത ചരിത്ര വസ്തുതയാണ്. ഹിതപരിശോധനയെ തുടര്‍ന്ന് പൂര്‍ണമായും ബംഗാളികള്‍ അധിവസിച്ചിരുന്ന മുസ്‌ലിം ഭൂരിപക്ഷ ജില്ല സില്‍ഹത് പാകിസ്താന്റെ ഭാഗമായ കിഴക്കന്‍ ബംഗാളിന് കൈമാറുകയുണ്ടായി.

കൊളോണിയല്‍ അസമിലെ വൈരുധ്യങ്ങള്‍

കേന്ദ്ര നിയമസഭാ അസംബ്ലിയില്‍ 1930ല്‍ ഒരു അസാധാരണ ആവശ്യം ഉയര്‍ന്നുവന്നു. ആസാമികള്‍ ന്യൂനപക്ഷമായതിനാല്‍ അസാം പ്രൊവിന്‍സിന്റെ പേര് മാറ്റണമെന്നായിരുന്നു ബസന്ത് കുമാര്‍ എന്ന സഭാംഗം കൊണ്ടുവന്ന പ്രമേയം. സത്യത്തില്‍ ജനസംഖ്യാനുപാതികമായി പരിശോധിച്ചാല്‍ അസാം പ്രൊവിന്‍സില്‍ ആസാമീസ് സംസാരിക്കുന്നവരേക്കാള്‍ ഇരട്ടി ബംഗാളി സംസാരിക്കുന്നവര്‍ അക്കാലത്തുണ്ടായിരുന്നു. 1874ല്‍ അസാമിന്റെ റവന്യൂ വരുമാനം കൂട്ടാന്‍ വേണ്ടി ചായത്തോട്ടങ്ങളാല്‍ സമ്പന്നമായ സില്‍ഹത് ജില്ല ബംഗാളില്‍ നിന്ന് അസാമിലേക്ക് ബ്രിട്ടീഷുകാര്‍ ലയിപ്പിച്ചതായിരുന്നു ഈയൊരു സാഹചര്യത്തിന് കാരണം. അസാമിലെ മൂന്നിലൊന്ന് ജനസംഖ്യക്ക് തുല്യമായ അത്രയും ബംഗാളി ജനതയെ സില്‍ഹതിന്റ ഈ ലയനം അസാമിന് സമ്മാനിച്ചു. ഈയൊരു സാഹചര്യത്തിലാണ് സില്‍ഹതിനെ തിരികെ ബംഗാളില്‍ തന്നെ ചേര്‍ക്കണമെന്നും ഭാഷാര്‍ത്ഥത്തില്‍ കൂടുതല്‍ ഐക്യപ്പെട്ട അസാം വേണമെന്നുള്ള ആവശ്യം ആസാമി നേതാക്കള്‍ ഉയര്‍ത്തി കൊണ്ടുവന്നത്.

ആസാമി ഭാഷാ തനിമ നിലനിര്‍ത്താനുള്ള ആവിശ്യം

Gopinath Bordoloi

1945 തെരഞ്ഞെടുപ്പിന് മുന്നോടിയായി അസാം കോണ്‍ഗ്രസ്സ് കമ്മിറ്റി പുറത്തിറക്കിയ  മാനിഫെസ്റ്റോ കൂടുതല്‍ സാംസ്‌കാരിക തനിമയുള്ള അസാമിനെ വേണമെന്ന ആവിശ്യം മുന്നോട്ടു വെച്ചു. മാനിഫെസ്റ്റോ പ്രകാരം ‘അസാം പ്രൊവിന്‍സ് ആസാം ഭാഷയുടെയും സംസ്‌കാരത്തിന്റെയും പേരില്‍ സംഘടിച്ചില്ലെങ്കില്‍ അസാമി ദേശീയതയും സംസ്‌കാരവും ഇല്ലാതാവും. ബംഗാളി സംസാരിക്കുന്ന സില്‍ഹതിനെയും കച്ചറിനെയും അസാമുമായി ലയിപ്പിച്ചതും ലക്ഷകണക്കിന് ബംഗാളികളെ മിച്ചഭൂമിയില്‍ അധിവസിപ്പിച്ചതും അവരുടെ കുടിയേറ്റവും അസാമിന്റെ തനിമയ്ക്ക് ഭീഷണിയും ഭരണത്തിന് ബുദ്ധിമുട്ടും സൃഷ്ടിച്ചിരിക്കുന്നു’ എന്ന് വിലയിരുത്തി.

1946ല്‍ അധികാര കൈമാറ്റ ചര്‍ച്ചയ്ക്കു വന്ന ബ്രിട്ടീഷ് ദൗത്യ സംഘത്തോട്‌ അന്നത്തെ അസാം പ്രധാനമന്ത്രി ഗോപിനാഥ്‌ ബര്‍ദോളി, സില്‍ഹതിനെ ബംഗാളില്‍ ചേര്‍ക്കുന്നതിന് ഒരുക്കമാണെന്ന് അറിയിച്ചിരുന്നു.

ഹിതപരിശോധന

തല്‍ഫലമായി, നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ പ്രൊവിന്‍സുകളോടൊപ്പം ഇന്ത്യയിലാണോ അല്ലെങ്കില്‍ പാകിസ്ഥാനിലാണോ ചേരേണ്ടതെന്നു തീരുമാനിക്കാന്‍ സില്‍ഹതും ഹിതപരിശോധനക്ക് വിധേയമാക്കി. നോര്‍ത്ത് ഇന്ത്യയില്‍ നിന്നെത്തിയ മുസ്‌ലിം ലീഗ് കേഡേഴ്‌സിന്റെ ഭീഷണി ആരോപണങ്ങളുടെയും വെള്ളപ്പൊക്കത്തിന്റെയും മധ്യേയാണ് ജൂലൈ 6, 7 തീയതികളില്‍ ഹിതപരിശോധന നടന്നത്. ഹിന്ദു- മുസ്‌ലിം ചേരിതിരിവ് പ്രകടമായ ഹിതപരിശോധന ഒടുക്കം കിഴക്കന്‍ ബംഗാളിന്(പാക്കിസ്ഥാന്‍) അനുകൂലമായി വിധിയെഴുതി.

വിഭജനത്തില്‍ അസാം സര്‍ക്കാരിന്റെ പങ്ക്

Sylhet in modern-day Bangladesh. Credit: Creative Commons

സില്‍ഹതിന്റെ പാകിസ്ഥാന്‍ ലയനത്തെ തുടര്‍ന്ന് ഒരുപാട് നിരീക്ഷകര്‍ അസാം ഭരണകൂടത്തിന്റെ സില്‍ഹതിനോടുള്ള ശത്രുതാപരമായ നിലപാടിനെതിരെ ആരോപണവുമായി മുന്നോട്ടുവന്നു. ഈയൊരു ആരോപണമാണ് വിഭജനാനന്തരമുള്ള ബംഗാളി- ആസാമി ബന്ധങ്ങളില്‍ വലിയ വിള്ളല്‍ വീഴ്ത്തിയത്. ചരിത്രകാരന്‍ സുജിത് ചൗധരി രേഖപ്പെടുത്തുന്നു: ‘ബംഗാളി ഭൂരിപക്ഷ സില്‍ഹത്, ഭാഷാ തനിമയുള്ള അസാമിന് തടസമായി കണക്കാക്കപെട്ടു. അതിനാല്‍ ഹിതപരിശോധന പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ സില്‍ഹത് നിലനിര്‍ത്തുന്നതില്‍ താല്പര്യം ഇല്ലെന്ന് ബന്ധപ്പെട്ട അധികൃതരെ അസാം കാബിനറ്റ് അറിയിക്കുകയുണ്ടായി.’

കാച്ചര്‍ സംസ്ഥാന പുനഃസംഘടന കമ്മിറ്റി 1954ല്‍ സംസ്ഥാന പുനഃസംഘടന കമ്മിറ്റിക്ക് നോര്‍ത്ത്ഈസ്റ്റില്‍ ബംഗാളികള്‍ക്കായി പൂര്‍ബഞ്ചാല്‍ സംസ്ഥാനം വേണമെന്നാവശ്യപ്പെട്ടു മെമ്മോറാണ്ടം നല്‍കി. മെമ്മോറാണ്ട പ്രകാരം ‘വിഭജന സമയത്ത് അസാം, സില്‍ഹതിന്റെ ഹിതപരിശോധനയില്‍ അലംഭാവം കാണിക്കുകയും പഞ്ചാബില്‍ നിന്നുള്ള കുടില രാഷ്ട്രീയക്കാരെ പാകിസ്താന് അനൂകൂലമായി പ്രചരണം നടത്താന്‍ അനുവദിക്കുകയും ചെയ്തു. അതെസമയം കല്‍ക്കത്തയില്‍ നിന്നെത്തിയ ഇന്ത്യന്‍ അനുകൂല സംഘത്തെ അപമാനിച്ചു വിട്ടു.’ എന്നും ‘ജില്ലയുടെ ചില ഭാഗങ്ങള്‍ എങ്കിലും നിലനിര്‍ത്താനുള്ള സില്‍ഹതിലെ നേതാക്കളുടെ ബൗണ്ടറി കമ്മീഷനിലുള്ള ഇടപെടല്‍ പോലും വിലമതിച്ചില്ല’ എന്നും പരാതി ഉന്നയിച്ചു.

വിഭജനവും ബംഗാളി അഭയാര്‍ത്ഥികളും

ഹിതപരിശോധനയില്‍ അസാം ഗവണ്‍മെന്റ് പാകിസ്ഥാന്‍ അനുകൂല ഇടപെടലുകള്‍ നടത്തി എന്ന ആരോപണം ഇപ്പോഴും തീര്‍പ്പിലെത്തിയില്ലെങ്കിലും കൂടുതല്‍ ഭാഷ തനിമയുള്ള അസാം എന്ന സ്വപ്നം സില്‍ഹതിന്റെ പുറം തള്ളലിലൂടെ വന്നുചേര്‍ന്നു. 1947 ല്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റിനു വേണ്ടി അസാം അസംബ്ലിയെ അഭിസംബോധന ചെയ്തു കൊണ്ട് അന്നത്തെ ഗവര്‍ണര്‍  ‘ആസാമികള്‍ ഇന്നു മുതല്‍ അവരുടെ വീടിന്റെ ഉടമകളാണ്. അവര്‍ക്ക് ഉത്തരവാദിത്തമുള്ള; അവരോട് ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാര്‍ ഇവിടെ നിലവില്‍ വന്നിരിക്കുന്നു. മലമുകള്‍ മുതല്‍ താഴ്‌വാരം വരെ നീണ്ടു കിടക്കുന്ന ആസാമി ജനതയ്ക്കു മേല്‍ ഇനി ബംഗാളികള്‍ക്ക് ഒന്നും ചെയ്യാന്‍ സാധ്യമല്ല. ഇനിയവര്‍ വല്ലതും ചെയ്യാന്‍ ആഗ്രഹിച്ചാല്‍ തന്നെ അവര്‍ക്കതിനുള്ള അധികാരവും കയ്യിലില്ല’ എന്നു പ്രഖ്യാപിച്ചു.

എന്നാല്‍ വിഭജനാനന്തരം ബംഗ്ലാദേശില്‍ നിന്നും ഹിന്ദു ബംഗാളികള്‍ അസാമിലേക്ക് തിരിച്ചു കുടിയേറാന്‍ തുടങ്ങി. ഇതിനേതുടര്‍ന്നാണ് വിദേശനുഴഞ്ഞുകയറ്റം എന്ന പ്രശ്‌നം ആസാമില്‍ ഉടലെടുക്കുന്നത്. നേരത്തേയുണ്ടായിരുന്ന ‘സാംസ്‌കാരിക തനിമ’ എന്ന വാദഗതി പതുക്കെ ‘വിദേശികളെ പുറന്തള്ളുക’ എന്നതിലേക്ക് വഴിമാറി. ‘വിഭജനം ഇല്ലായിരുന്നെങ്കില്‍ വിദേശി പ്രശനവും ഉണ്ടാവില്ലായിരുന്നു’ എന്നു സുജിത് ചൗധരി എഴുതിയത് ഇക്കാരണത്താലാണ്. വോട്ടര്‍ ലിസ്റ്റില്‍ നിന്നും പേര് വെട്ടലും കുടിയേറ്റക്കാരെ ഒഴിപ്പിക്കലും വിഭജനാനുബന്ധമായി അസാമില്‍ മുളച്ചു പൊങ്ങിയ പുതിയ രണ്ടു പ്രതിഭാസങ്ങളാണ്.

ഭാഷാ- മത സങ്കീര്‍ണതകള്‍

വിഭജന കാല അസാം മതവും ഭാഷയും കൂടി കലര്‍ന്ന സങ്കീര്‍ണമായ രാഷ്ട്രീയത്തിന് സാക്ഷ്യം വഹിച്ചു. സില്‍ഹതിനെ അസാമില്‍ നിന്നും പുറത്താക്കണമെന്നതിന് ബാര്‍ദോളി മുന്നോട്ടു വെച്ച പ്രശ്‌നം ഭാഷാ തനിമയായിരുന്നു. സില്‍ഹതില്‍ അതെ സമയം ഹിതപരിശോധനയെ അടിസ്ഥാനപ്പെടുത്തി ഹിന്ദു മുസ്‌ലിം കലാപങ്ങളും ചേരിതിരിവും ഉണ്ടായി. അതിനോടൊപ്പം ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു ബംഗാളികളുടെ വരവിനെ തുടര്‍ന്ന് ഭാഷയെ കേന്ദ്ര സ്ഥാനത്തു നിര്‍ത്തി സാമൂഹ്യ വിരുദ്ധ, നിക്ഷിപ്ത സംഘങ്ങള്‍ കലാപം സംഘടിപ്പിക്കാനുള്ള ശ്രമവുമുണ്ടായി.

അസാമിലുള്ള ഭൂരിഭാഗം മുസ്‌ലിങ്ങളും വിഭജനാനന്തരം നടന്ന സെന്‍സസില്‍ ആസാമിയാണ് മാതൃഭാഷയായി നല്‍കിയത്. ഇത് കാരണം 1931 ല്‍ നിന്നും 1951ലേക്ക് എത്തുമ്പോള്‍ 150 ശതമാനം ആസാമി സംസാരിക്കുന്നവരുടെ വര്‍ദ്ധനവുണ്ടായെന്നു സെന്‍സെസ് രേഖപ്പെടുത്തി. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കക്കാരാണ് എന്നതിനാല്‍ അസമിലെ വരേണ്യവിഭാഗം എളുപ്പത്തില്‍ ബംഗാളി മുസ്‌ലിങ്ങളോട്‌ സഖ്യത്തിലായി. ബംഗാളി ഹിന്ദു വരേണ്യരോടുള്ള അധികാര വടംവലിയില്‍ മുന്നേറാന്‍ അതവരെ സഹായിക്കുകയും ചെയ്തു. സെന്‍സസ് പ്രകാരമുള്ള കണക്കില്‍ ആസാമി സംസാരിക്കുന്നവരുടെ ജനസംഖ്യയിലെ ആധിക്യം കാരണം 1956ല്‍ സംസ്ഥാനങ്ങള്‍ ഭാഷാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ ബംഗാളി ഭൂരിപക്ഷ സംസ്ഥാനം എന്ന ഹിന്ദു ബംഗാളി വരേണ്യരുടെ ആവിശ്യം തള്ളപ്പെട്ടു. തല്‍ഫലമായി, ആസാമി എലൈറ്റുകള്‍ക്ക് അവരുടെ അധികാരം നിലനിര്‍ത്താന്‍ സാധിച്ചു. ബംഗാളി ഹിന്ദു വരേണ്യരുടെ സ്വാധീനം കുറയുന്നതിനനുസരിച്ചും ബംഗാളി മുസ്‌ലിങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ചും ഈ സഖ്യം മാറികൊണ്ടിരുന്നു. പലപ്പോഴും മുസ്‌ലിം ബംഗാളികള്‍ ഹിന്ദു ബംഗാളികളേക്കാള്‍ ആസാമി സാംസ്‌കാരിക തനിമയ്ക്ക് ശത്രു പക്ഷത്ത് പ്രതിഷ്ഠിക്കപ്പെട്ടു.

പുറത്തുള്ളവരില്‍ നിന്നും വിദേശിയിലേക്ക്

എഴുപതുകളുടെ അവസാനത്തില്‍ രേഖകളില്‍ പേരില്ലാത്ത കുടിയേറ്റക്കാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. പിന്നീട് ഇങ്ങോട്ട് വിഭജന ഓര്‍മകളെ മറയാക്കി പുറത്തുള്ളവര്‍ (outsider) എന്നതില്‍ നിന്നും മാറി വിദേശി (foreigner) എന്ന ആരോപണം വളരെ വ്യാപകമായി ഉപയോഗിക്കുന്നത് കണ്ടുവരുന്നു. സുജിത് ചൗധരിയുടെ അഭിപ്രായത്തില്‍ രണ്ടു പദങ്ങളും സാമ്യമുള്ളതാണെങ്കിലും വിത്യസ്ത സന്ദര്‍ഭങ്ങളിലാണ് ഇവ ഉപയോഗിക്കാറുള്ളത് ‘ആസാമികള്‍ക്കിടയിലെ അനൗപചാരിക സംസാരങ്ങളില്‍ പുറത്തുള്ളവര്‍ (outsider ) ആണ് ഇപ്പോഴും ‘വിറ്റു പോകുന്നത്’. എന്നാല്‍ ദേശീയ മാധ്യമങ്ങളെയും ദേശീയ പൊതുബോധത്തെയും ആകര്‍ഷിക്കാന്‍ വിദേശി എന്ന പുതിയ പേരും അസാം വിപണിയില്‍ ഇന്നു സുലഭമാണ്. ഒരേ ഉത്പന്നം രണ്ടു പേരുകളില്‍ വ്യത്യസ്ത രുചികളും ആവിശ്യവുമുള്ള ഉപഭോക്താക്കള്‍ക്ക് അതി വാക്ചാതുര്യത്താല്‍ ഒരേ സമയം വിപണനം ചെയ്യുക എന്നതാണ് അസാമില്‍ സംഭവിക്കുന്നത്.’

ഇങ്ങനെ രുചിക്കും ആവശ്യത്തിനും അനുസരിച്ചു പേരുകള്‍ സന്ദര്‍ഭാനുസരണം മാറ്റിയുള്ള കച്ചവടമാണിപ്പോള്‍ എന്‍ ആര്‍ സി അന്തിമ കരട് വന്നതിനു പിന്നോടിയായി നാം കണ്ടു കൊണ്ടിരിക്കുന്നത്. ബിജെപി ദേശീയാടിസ്ഥാനത്തില്‍ എന്‍ ആര്‍ സി ബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലിം ‘നുഴഞ്ഞു കയറ്റക്കാരെ’ ലക്ഷ്യമിടുന്നതാണെന്ന് ആരോപിക്കുമ്പോള്‍ അസാമിലെ രാഷ്ട്രീയക്കാര്‍ മുസ്‌ലിങ്ങളും ഹിന്ദുക്കളുമടങ്ങിയ സകല ‘ബംഗ്ലാദേശികളെ’യുമാണ് എന്‍ ആര്‍ സി ലക്ഷ്യമിടുന്നതെന്ന് അസമില്‍ പാടിനടക്കുന്നു എന്ന വിത്യാസം മാത്രം.

മൊഴിമാറ്റം: അബ്ദുള്ള കോട്ടപ്പള്ളി
കടപ്പാട്: scroll.in

ശുഐബ് ഡാനിയല്‍