Campus Alive

ലോകം മറന്ന റാബിഅ കൂട്ടക്കൊലക്ക്‌ അഞ്ചു വർഷം

2011ലെ വര്‍ഷകാലം, ഓഹിയോ സര്‍വ്വകലാശാലയിലെ സീനിയര്‍ വിദ്യാര്‍ത്ഥി എന്ന നിലക്കുള്ള അവസാനത്തെ ഫുട്ബാള്‍ മാച്ചില്‍ പങ്കെടുക്കുകയായിരുന്നു അന്ന് ഞാന്‍. രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷവും ഞാന്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്നു, പക്ഷേ ഇത്തവണ എന്നെ ടാക്ക്ള്‍ ചെയ്യാന്‍ ശ്രമിക്കുന്ന സഹകളിക്കാരില്‍ നിന്നായിരുന്നില്ല, മറിച്ച് സ്വന്തം പൗരന്മാരെ കൊന്നൊടുക്കാന്‍ വിന്യസിക്കപ്പെട്ട സൈന്യത്തില്‍ നിന്നും ജീവനുവേണ്ടിയുള്ള ഓട്ടമായിരുന്നു. അഞ്ചു വര്‍ങ്ങള്‍ക്ക് മുമ്പ് ഓഗസ്ത് 14ന് റാബിഅ അദവിയ്യയില്‍ സമീപകാല ലോകചരത്രത്തിലെ തന്നെ പ്രക്ഷോഭകര്‍ക്കുനേരെയുള്ള ഏറ്റവും കിരാതമായ കൂട്ടക്കൊലക്കാണ് ഈജിപ്ഷ്യന്‍ ആര്‍മി നേതൃത്വം നല്‍കിയത്. ആയിരത്തിലധികം സിവിലിയന്മാരെയാണ് അന്ന് ദയാരഹിതമായി കൊന്നുതള്ളിയത്. പിന്നീടുള്ള 22 മാസക്കാലം പീഢനങ്ങളും ക്രൂരതയും വിഷാദവും ദൈനംദിന നിലനില്‍പ്പിന്റെ അടയാളങ്ങളായ ഈജിപ്ഷ്യന്‍ തടവറയില്‍ കഴിച്ച് കൂട്ടുന്നതിന് മാത്രമായി ഞാനന്ന് രക്ഷപ്പെട്ടു.

റാബിഅ പ്രതിഷേധം

തങ്ങളുടെ 2011 ജനുവരി വിപ്ലവത്തെ തുടര്‍ന്നാരംഭിച്ച ജനാധിപത്യ പ്രക്രിയയെ ഇല്ലാതാക്കിയ സൈനിക അട്ടിമറിക്കെതിരായി പ്രക്ഷോഭകാരികള്‍ 2013 ഓഗസ്തില്‍ കൈറോയിലെ റാബിഅ  ചത്വരത്തില്‍ 45 ദിവസം നീണ്ടുനിന്ന പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ഈജിപ്തിന്റെ ചരിത്രത്തിലെ ഈ സുപ്രധാന സന്ദര്‍ഭത്തെ ഡോക്യുമെന്റ് ചെയ്യുന്നതിനായി ഞാനും അതില്‍ പങ്കാളിയായി. ഓഗസ്ത് 14ന് ജനക്കൂട്ടത്തെ ആയുധമുപയോഗിച്ച് പിരിച്ചുവിടാന്‍ തുടങ്ങിയതോടെ ഞാനതിന്റെ വിലയൊടുക്കുകയും ചെയ്തു. കൈയിലൊരു വെടിയുണ്ടയുമായി ഞാന്‍ കൂട്ടക്കുരുതിയെ അതിജീവിച്ചെങ്കിലും വ്യാപകമായ പോലീസ് അടിച്ചമര്‍ത്തലിന്റെ ഭാഗമായി എന്നെ പിന്നീട് അറസ്റ്റ് ചെയ്തു.

ഭയാനകമായ ആ ദിവസത്തെ കാഴ്ചകള്‍ മനസ്സില്‍ നിന്നും മായ്ച്ചുകളയുവാന്‍ ഞാനേറെ പരിശ്രമിച്ചിരുന്നു. എല്ലാ ദിശകളില്‍ നിന്നും പാഞ്ഞുവരുന്ന ബുള്ളറ്റുകളുടെ ശബ്ദത്തെയും മനുഷ്യര്‍ മരണവേദനയോടെ നിലംപതിക്കുന്നതും, മുറിവേറ്റ ആയിരങ്ങളേയും, ഒഴുകുന്ന രക്തപ്പുഴയേയും, ആര്‍ത്തനാദങ്ങളേയും മറന്നുകളയുവാന്‍ ഞാനേറെ പണിപ്പെട്ടു. സ്വയം പ്രതിരോധിക്കുവാന്‍ പോലും കഴിയാതെ മൃഗത്തെപ്പോലെ വേട്ടയാടപ്പെട്ട് രക്ഷാമാര്‍ഗ്ഗങ്ങളൊന്നും തന്നെയില്ലാതെ മരണത്തിലേക്ക് ഓടിക്കൊണ്ടിരുന്ന ആ ദിവസത്തെ ഓര്‍മ്മകളെ ശുദ്ധീകരിച്ചു കളയുക എളുപ്പമായിരുന്നില്ല. നിരായുധരായ രണ്ട് കാമറാമാന്‍മാര്‍ തലയിലേക്ക് വെടിയുണ്ട തുളച്ചുകയറി മരിച്ചുവീഴുന്നത് കണ്ടു നിന്നത് ഞാനോര്‍ക്കുന്നു. സമാധാനം (silmeya) എന്ന വിപ്ലവത്തിന്റെ മുദ്രാവാക്യമെഴുതിയ വെളുത്ത ബാനറില്‍ അവരുടെ രക്തം പടര്‍ന്നിരുന്നു. രക്തച്ചൊരിച്ചില്‍ ലൈവ് ട്വീറ്റ് ചെയ്തുകൊണ്ടിരിക്കെ വെടിയുണ്ടയില്‍ നിന്നും ഞാന്‍ തലനാരിഴക്ക് രക്ഷപ്പെട്ടതിന് തൊട്ടുടനെയാണിത് സംഭവിച്ചത്. ശേഷം പിറകില്‍ നിന്നും എനിക്ക് വെടിയേറ്റു. എന്റെ കൈയ്യിലുണ്ടായിരുന്ന iPhone ആണ് എന്നെ ലക്ഷ്യമാക്കാന്‍ കാരണമായത്. ഞാന്‍ ഹോസ്പിറ്റലില്‍ പോവുകയും മുറിവ് തുന്നിയതിന് ശേഷം ഡിസചാര്‍ജ് ആവുകയും ചെയ്തു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും എന്നേക്കാള്‍ ഗുരുതരമായി പരിക്കേറ്റ നിരവധി ആളുകളെ ചികിത്സിക്കേണ്ടതുണ്ടായിരുന്നു.

പത്ത് മണിക്കൂറുകള്‍ക്ക് ശേഷം പ്രതിഷേധക്കാര്‍ക്ക് സുരക്ഷിതമായി പുറത്തുപോവാമെന്ന് അധികൃതരുമായി ഒത്തുതീര്‍പ്പായി. പക്ഷേ ഓരോരുത്തരും ഒറ്റക്കുതന്നെ പുറത്തുപോവണമെന്നായിരുന്നു വ്യവസ്ഥ. മുറിവേറ്റവര്‍ക്കുപോലും യാതൊരു സഹായവും ചെയ്യാന്‍ പാടില്ലായിരുന്നു. തലക്കുമുകളിലൂടെ അവര്‍ നിരന്തരം വെടിവെച്ചുകൊണ്ടിരുന്നതിനാല്‍ കുനിഞ്ഞുകൊണ്ടാണ് ഞങ്ങള്‍ സൈനികര്‍ക്കിടയിലൂടെ പുറത്തേക്ക് നടന്നത്. നോക്കുന്നിടത്തൊക്കെ രക്തത്തില്‍ കുളിച്ച ശരീരങ്ങള്‍ ചിതറിക്കിടക്കുന്നത് കാണാമായിരുന്നു. തന്റെ തോക്കിലെ വെടിയുണ്ട മാറ്റുകയായിരുന്ന ഒരു സൈനിക ഉദ്യോഗസ്ഥനുമായി കണ്ണുകോര്‍ത്തത് എനിക്കോര്‍മ്മയുണ്ട്. അയാള്‍ എന്നെ നോക്കി ഇളിച്ച് കാട്ടുകയും തോക്കില്‍ തിരനറച്ച് വെടിവെക്കുന്നത് തുടരുകയും ചെയ്തു. കൈറോയിലെ പരിചിതമായി തെരുവില്‍ ഒരു മൂഢനെപ്പോലെയാണ് ഞാനന്ന് നടന്നത്. സംഭവിച്ചെതാന്താണ് എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു അന്നേരം ഞാന്‍. അതൊരിക്കലും സത്യമാവില്ല എന്നും ഭീകരമായൊരു ദുസ്വപ്‌നം കണ്ടുകൊണ്ടിരിക്കുകയാണ് എന്നും വിശ്വസിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഞാനന്ന് ചികിത്സ തേടിയ ഹോസ്പിറ്റല്‍ തകര്‍ക്കുന്നതിന്റെ വീഡിയോ പിന്നീട് കാണുകയുണ്ടായി. പരിക്കേറ്റ നിരവധിപേര്‍ അകത്തുണ്ടായിരിക്കെ തന്നെ സൈനികര്‍ ആ ആശുപത്രി അഗ്നിക്കിരയാക്കി.

മാസങ്ങള്‍ക്കു ശേഷം ജയിലില്‍ നിന്നും ‘പ്രഹസന കോടതി’യിലേക്ക് എനിക്ക് കൂട്ടുവന്ന ഉദ്യോഗസ്ഥനുമായി കണ്ണുകോര്‍ത്തു. നമ്മള്‍ മുമ്പെവിടെയോ വച്ച് കണ്ടിട്ടുണ്ടല്ലോ എന്ന നോട്ടം അയാളെനിക്ക് നല്‍കുകയും ചെയ്തു. റാബിഅ ചത്വരത്തില്‍ നിന്നും പുറത്ത് വരുന്നേരം ഞാന്‍ കണ്ട അതേ ഉദ്യോഗസ്ഥനാണ് ഇത് എന്ന് പിന്നീട് മാത്രമാണെനിക്ക് മനസ്സിലായത്. കുറ്റബോധം അയാളുടെ ഉറക്കവും ഭാരവും നഷ്ടപ്പെടുത്തിയിട്ടുണ്ട് എന്ന് വ്യക്തമായിരുന്നു. അയാളുടെ കൈയ്യില്‍ ചുറ്റുപിണഞ്ഞ് കിടക്കുന്ന തസ്ബീഹ് മാലയും തടം വെച്ച് കിടക്കുന്ന കണ്ണുകളും അത് പറയുന്നുണ്ടായിരുന്നു. താനടക്കമുള്ളവര്‍ അപഹരിച്ച ജീവനുകള്‍ അയാളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഞാനയാളോട് പുഞ്ചിരിച്ചു, അന്നത്തെ ക്രൂരതകള്‍ക്ക് നേതൃത്വം കൊടുത്ത ഒരാള്‍ ഈ അവസ്ഥയില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ അതല്ലാതെന്താണ് ചെയ്യേണ്ടത് എന്ന് എനിക്കറിയുമായിരുന്നില്ല! റാബിഅയില്‍ അന്ന് ഞാന്‍ നിന്നപോലെ പേടിച്ചരണ്ട്, നിസ്സഹായനായി, തലതാഴ്ത്തി എനിക്കുമുന്നിലയാള്‍ നിന്നു. അന്ന് ഞാന്‍ ജയിലിലേക്കും അയാള്‍ വീട്ടിലേക്കുമാണ് പോയത് എന്ന് പറഞ്ഞയാളെ വേദനിപ്പിക്കുവാന്‍ എനിക്ക് തോന്നിയില്ല.

ഈജിപ്തിനെ ഇന്നും കാര്‍ന്നു തിന്നുന്ന അനിയന്ത്രിതമായ അടിച്ചമര്‍ത്തലുകളുടെ തുടക്കമാണ് അഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് റാബിഅയില്‍ നടന്നത്. ഭരണകൂടത്തിനും സൈന്യത്തിനും അകത്തുള്ള വിമതശബ്ദങ്ങളെപ്പോലും പൊറുപ്പിക്കാത്ത തരത്തിലുള്ള അടിച്ചമര്‍ത്തലാണ് നടന്നുകൊണ്ടിരിക്കുന്നത്. ആയിരങ്ങള്‍ കൊല്ലപ്പെട്ടു, അമേരിക്കന്‍ പൗരന്മാരടക്കം പതിനായിരങ്ങള്‍ ‘നീതിയുടെ ബാധ്യത’കളൊന്നും തന്നെയില്ലാതെ ജയിലിലാണ്. നിര്‍ബന്ധിത തിരോധാനം, കസ്റ്റഡി മരണങ്ങള്‍, പീഢനം, പോലീസിന്റെ ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങിയവ ഈജിപ്തുകാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സഹായം നിര്‍ലോഭം ലഭിക്കുന്ന ഗവണ്‍മെന്റിന്റെ ഈ ക്രൂരതകള്‍ക്ക് അവരുടെ പിന്തുണയുമുണ്ട്.

നമ്മുടെ അലംഭാവം കുറ്റകരമാണ്, മൗനം കാതടപ്പിക്കുന്നതും

(മനുഷ്യാവകാശ പ്രവര്‍ത്തകനും Freedom Initiatives ന്റെ സ്ഥാപകനുമാണ് ലേഖകന്‍)

മുഹമ്മദ് സുൽത്താൻ