Campus Alive

‘ഉവ്വ്, ഞങ്ങള്‍ ഗൂഢാലോചന നടത്തിയിട്ടുണ്ട്’

2008 സെപ്തംബര്‍ 19ന് ജാമിഅ മില്ലിയയിലെ വിദ്യാര്‍ത്ഥി അടക്കം രണ്ട് വിദ്യാര്‍ത്ഥികളും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ട ബട്‌ല സംഭവത്തിന് ശേഷം യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിമുഖീകരിച്ച് അന്നത്തെ വൈസ് ചാന്‍സിലര്‍ മുശീറുല്‍ ഹസന്‍ നടത്തിയ പ്രഭാഷണം.

എന്റെ പ്രിയപ്പെട്ട കുട്ടികളേ,

ഞാന്‍ നിങ്ങളുടെ മുന്നില്‍ ഇപ്പോള്‍ നില്‍ക്കുന്നത് ഒരു വൈസ് ചാന്‍സിലറായിട്ടല്ല. നിങ്ങളേവരുടെയും അധ്യാപകനായിട്ടാണ്. അതുകൊണ്ടു തന്നെ ഞാന്‍ നിങ്ങളോട് ഔദ്യോഗിക സ്വരത്തിലല്ല സംസാരിക്കുന്നത്. ഞാനിന്ന് ഏറെ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക സമ്മര്‍ദം നിങ്ങളുമായി പങ്കുവെക്കുകയാണ്.

80 വര്‍ഷത്തോളമായി നമ്മുടെ ഈ സ്ഥാപനത്തിന്റെ ചരിത്രത്തില്‍ ഒട്ടനവധി പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ സ്ഥാപകരായ മഹാരഥന്മാര്‍ അനുഭവിച്ച വിഷമങ്ങള്‍ കടുത്തതാണ്. അവര്‍ സധൈര്യം അവ നേരിട്ടു. എന്തിനുവേണ്ടി? രാജ്യത്തിനുവേണ്ടി; ഈ സ്ഥാപനത്തിന്റെ നാമത്തോട് നീതിപുലര്‍ത്തുന്ന വിധം സമുദായത്തിനുവേണ്ടിയും. ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെയും ആധുനിക വിദ്യാഭ്യാസ ചരിത്രത്തിലെയും സുപ്രധാനമായ ഏടുകളാണവ. ഞാന്‍ ആ ആധികാരിക പൈതൃകം അനന്തരമെടുത്ത പൂര്‍വികരുടെ അനന്തരവനാണ്.

അതിനാല്‍ത്തന്നെ എന്റെ സ്ഥാനത്തോട് മറ്റേതൊരു യൂനിവേഴ്‌സിറ്റിയിലെയും കുലപതിയില്‍നിന്നും വ്യത്യസ്തമായ ചുമതലബോധം എന്നിലുണ്ടാവേണ്ടതുണ്ട്. ഈ സ്ഥാപനത്തിന്റെ ഓരോ മണല്‍ത്തരിയും ഈ ബോധം അടിക്കടി എന്നിലുണര്‍ത്തുന്നു.

16,000- 17,000 കുട്ടികള്‍ ഇവിടെയുണ്ട്. ഇന്ത്യയിലെ അതുല്യ സ്ഥാപനമാണിത്. ഈ സ്ഥാപനത്തിന് മാത്രം അവകാശപ്പെടാവുന്ന മേന്മകള്‍ പലതുണ്ട്; നഴ്‌സറി മുതല്‍ പി.എച്ച്.ഡി വരെ.

ഇത് അമര്‍ഷപ്പെടേണ്ട സന്ദര്‍ഭമല്ല. നമ്മുടെ മുന്നിലെ ദൗത്യം ഏറെ വലുതാണ്. നമ്മുടെ ഭാവിയുടെ കാര്യമാണിത്. നമ്മുടെ മുന്നില്‍ പല പ്രശ്‌നങ്ങളുണ്ട്. നമ്മള്‍ ബഹളങ്ങളില്ലാതെ അവ നേരിടും. നാം ഇവിടുത്തെ പൗരന്മാരാണ്. നമുക്ക് അത്തരത്തില്‍ ഉത്തരവാദിത്വമുണ്ട്. ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. അത് വിശദീകരിക്കേണ്ടതില്ല. ജാമിഅയുടെ കൂറ്, മതേതരമൂല്യം ഒന്നും പറഞ്ഞ് പെരുമ്പറ കൂട്ടേണ്ടതില്ല.

മൗലാനാ മുഹമ്മദ് അലി കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. എം. എ അന്‍സാരി, ഹകീം അജ്മല്‍ ഖാന്‍ എന്നിവരും ആയിരുന്നു. ഡോക്ടര്‍ സാകിര്‍ ഹുസൈന്‍ ഉപരാഷ്ട്രപതിയും പിന്നീട് രാഷ്ട്രപതിയുമായി. കുറേ സംസാരിക്കുന്നതില്‍ അര്‍ഥമില്ല. ഈ രാജ്യത്തോടുളള നമ്മുടെ പൊക്കിള്‍ക്കൊടിബന്ധം പറഞ്ഞറിയിച്ച് മിനക്കെടണമെന്ന് ആഗ്രഹമില്ല. ഒരു കുട്ടിക്ക് അമ്മയോടുളള സ്‌നേഹം ആരെങ്കിലും പന്തല്‍ കെട്ടി വളിച്ചു പറയേണ്ടതുണ്ടോ? അത്രമാത്രം നാം നമ്മുടെ മാതൃരാജ്യത്തെ സ്‌നേഹിക്കുന്നുണ്ട്. ഇതൊന്നും തെളിയിക്കേണ്ട ആവശ്യമില്ല. അത് നമ്മുടെ മതത്തിന്റെ ഭാഗമാണ്, വിശ്വാസത്തിന്റെ ഭാഗമാണ്.

ജാമിഅയില്‍ ദിനേന പല പരിപാടികള്‍ നടക്കുന്നു. ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന വിദ്യാഭ്യാസ മേള, കോണ്‍വെക്കേഷന്‍, അക്കാദമിക് ലക്ചറിംഗ്, മുശാഇറ, ഖവാലി പലതും നടക്കുന്നു. എന്തേ അന്നൊന്നും മീഡിയക്ക് ക്യാമറ തൂക്കിപ്പിടിച്ച് ഇവിടെ വരാന്‍ തോന്നാഞ്ഞത്? പിന്നെ ഇന്നെന്തിന് വന്നു? യൂനിവേഴ്‌സിറ്റിയുടെ പവിത്രത കളയണമെന്നത്, ഈ രാജ്യത്തിന്റെ ബഹുസ്വരതയുടെ പവിത്രത കാത്തുസൂക്ഷിക്കുന്ന ഈ മഹാ പ്രസ്ഥാനത്തിന്റെ നെഞ്ചത്ത് കത്തിവെക്കണമെന്നത് ആരുടെ ആവശ്യമാണ്? ഇത് മീഡിയയുടെ നിര്‍ബന്ധബുദ്ധിയാണ്. അവര്‍ കാമ്പസില്‍ പാറി നടക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. അവര്‍ക്ക് ഇവിടെയെന്തു കാര്യം? കര്‍ണാടകത്തിലും ഒറീസയിലും ചെല്ലട്ടെ. ഇവിടത്തെപ്പോലെത്തന്നെ 18ഉം 20ഉം വയസ്സുളള കുട്ടികള്‍ തന്നെയാണ് അവിടെയും. അതു കാണാന്‍ നിങ്ങള്‍ക്കാവില്ല.

ഈ സന്ദര്‍ഭത്തെ രാഷ്ട്രീയവല്‍കരിക്കരുത്. അങ്ങനെയാക്കാന്‍ ചുരുങ്ങിയപക്ഷം ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ സെഷന്‍ ഒരു സാധാരണ പ്രക്രിയയായിത്തന്നെ നീങ്ങും. ഈ പുണ്യമാസം രാഷ്ട്രീയം കളിക്കാനുളളതല്ല. വളരെ സങ്കടകരമായ അവസ്ഥയാണിത്.

എന്റെ കുട്ടികളെ, എന്താണ് ഇവിടെ പ്രശ്‌നം? ജാമിഅയും വൈസ് ചാന്‍സിലറും ഗൂഢാലോചന നടത്തിയത്രെ. ശരിയാണ്, നൂറു ശതമാനം. ഇത് നിഷേധിക്കുന്നില്ല. അഭിമാനത്തോടുകൂടത്തന്നെ ഞങ്ങള്‍ പറയുന്നു, ഗൂഢാലോചന നടത്തിയെന്ന്. അതും രണ്ടു വട്ടം – 1920ല്‍. അതിന്റെ ഭാഗമായിട്ടാണ് ഈ സ്ഥാപനം മുളച്ചുപൊന്തിയത്. ഗാന്ധിജി അന്ന് പറഞ്ഞു: The lusty child of non co-operation movement. സരോജിനു നായിഡു പറഞ്ഞു: Jamia was built stone by stone laid on the foundation of the spirit for the liberation of the nation by the call of the nationalist leaders.

വീണ്ടും ഞങ്ങള്‍ ഗൂഢാലോചന നടത്തി -1940കളില്‍. പക്ഷേ, അത് പാളിപ്പോയി. രാജ്യം രണ്ട് ധ്രുവങ്ങളായി വെട്ടിമുറിക്കുന്നത് ഒഴിവാക്കാനായിരുന്നു അത്. അത്രയും വലിയ ത്യാഗത്തിന്റെ സന്തതിയാണ് ഇത്. ഞങ്ങളുടെ അഭിമാനത്തിന്റെ പ്രശ്‌നമാണിത്.

എന്റെ കുട്ടികളേ, ഇപ്പോഴത്തെ പ്രശ്‌നം നിയമസഹായം നല്‍കുമെന്ന് പറഞ്ഞതാണത്രെ. അതാണത്രെ വലിയ പ്രശ്‌നം. എനിക്കൊന്നും മനസ്സിലാവുന്നില്ല. ബുദ്ധി കെട്ടുപോയോ? നിയമസഹായം ഒരു പൗരന്റെ അടിസ്ഥാന അവകാശമാണ്. അത് സ്റ്റേറ്റിന്റെ കടമയുമാണ്. ഈ രാജ്യത്ത് കരിങ്കൊളളക്കാര്‍ക്കുപോലും; അധോലോക നായകന്മാര്‍ക്കുപോലും സ്‌റ്റേറ്റ് നിയമസഹായം കൊടുക്കുന്നു. അത് ഇവിടെ പ്രശ്‌നമല്ല. നിയമവും നീതി ശാസ്ത്രവും എന്തെന്നറിയാതെ സംസാരിക്കരുത്. രണ്ട് വിദ്യാര്‍ഥികള്‍ക്ക്‌ നിയമസഹായം കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഈ സ്ഥാപനം കൊണ്ടെന്തര്‍ഥം? 40 ലക്ഷത്തോളം രൂപ ഓരോ വര്‍ഷവും യൂനിവേഴ്‌സിറ്റി അതിന്റെ കേസുകള്‍ നടത്താന്‍ ചെലവഴിക്കുന്നു. അതിനിടിയില്‍ ഇത് ഒരു ചെലവേ അല്ല. കുറ്റം തെളിയിക്കപ്പെടാത്ത കാലത്തോളം സംശയിക്കപ്പെടുന്നവന്‍ നിരപരാധിയാണെന്നാണ് നിയമതത്ത്വം. Until proven guilty a suspect is innocent… ഇത് മനസ്സിലാക്കാന്‍ എനിക്ക് കഴിയില്ലെങ്കില്‍ പിന്നെ ഇവിടത്തെ ലോ ഫാക്കല്‍റ്റിയില്‍ ഇത് പഠിപ്പിക്കുന്നതുകൊണ്ട് എന്ത് കാര്യം? അതുകൊണ്ട് ആ കുട്ടികളെ പ്രതിചേര്‍ത്ത് പറയാന്‍ ഞാനില്ല.

ഒരു അധ്യാപകന്‍ എന്ന നിലയില്‍ അതന്റെ കടമയാണ്. ഞാന്‍ ആദ്യം പറഞ്ഞു. നിങ്ങളുടെ വൈസ് ചാന്‍സലറായിട്ടല്ല, നിങ്ങളുടെ അധ്യാപകനായിട്ടാണ് ഇവിടെ നില്‍ക്കുന്നത് എന്ന്. എന്നാല്‍, ഞാന്‍ ഒന്നുകൂടി പറയട്ടെ, ഞാന്‍ നിങ്ങളുടെ അധ്യാപകന്‍ മാത്രമല്ല, നിങ്ങളുടെ രക്ഷിതാവ് കൂടിയാണ്. അതുകൊണ്ട് എന്റെ മക്കളെ സംരക്ഷിക്കുക എന്നത് എന്റെ കടമയാണ്. പറ്റില്ലെന്ന്‌ പറയാന്‍ ആര്‍ക്കാണ് നാവു പൊങ്ങുക?

ഞാന്‍ എന്റെ ദൗത്യത്തില്‍ ഇരുന്ന് ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. എന്റെ മനസ്സില്‍ ത്രസിക്കുന്ന വികാരമാണ് ഗാര്‍ഡിന്‍ഷിപ്പ്. അതുകൊണ്ടുതന്നെയാണ് നിങ്ങളുടെ ക്ഷേമത്തിന് ഞാന്‍ മുന്‍തൂക്കം നല്‍കുന്നത്. നിങ്ങള്‍ക്ക് നല്ല ഹോസ്റ്റല്‍… നല്ല ഭക്ഷണം… നല്ല ഗ്രൗണ്ട്… നിങ്ങള്‍ക്ക് കളിക്കാന്‍… ഇടക്കിടക്കുളള സംഗീതപരിപാടികള്‍… നിങ്ങള്‍ എല്ലാം അനുഭവിക്കണം, ആസ്വദിക്കണം. ഇത് എന്റെ ആഗ്രഹമാണ്.

ഇനി ഞാന്‍ നിങ്ങളോട് ഒരു കരാര്‍ ആവശ്യപ്പെടുകയാണ്. ഇതൊരു പ്രത്യേക കരാറാണ്. ഒപ്പുകളില്ലാത്ത കരാര്‍. മുദ്രപ്പത്രങ്ങളേതുമില്ലാത്ത കരാര്‍. പക്ഷേ, മനസ്സുകള്‍ തമ്മിലുളള കരാര്‍. നിങ്ങള്‍ ഈ സ്ഥാപനത്തിന്റെ യശസ്സ് എന്നും ഉയര്‍ത്തിപ്പിടിക്കണം. നിങ്ങളാണ് ഈ സ്ഥാപനം. നിങ്ങളുടേതാണീ സ്ഥാപനം. നല്ല യോഗ്യത നേടി മുന്നോട്ടുപോവുക.
(കുട്ടികള്‍ ഒന്നടങ്കം: പ്രോമിസ്, പ്രോമിസ്)

അച്ചീ ബാത്ത്. എനിക്ക് സന്തോഷമായി. ലക്ഷ്യബോധത്തോടെ നിങ്ങള്‍ സമരം നയിക്കുക. നിങ്ങള്‍ സമാധാനിക്കുക. ആരും പതറരുത്. നിങ്ങള്‍ നന്നായി പഠിക്കുക. ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കൂ. ഈദാണ് വരുന്നത്. നിങ്ങളെല്ലാവരും വീട്ടില്‍ ചെന്ന് സന്തോഷപൂര്‍വം ഈദ് ആഘോഷിക്കൂ. സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിക്കൂ, ഈദിന് ശേഷം സ്ഥിതിഗതികളൊക്കെ മെച്ചപ്പെടും.

ഈ സന്ദര്‍ഭത്തെ രാഷ്ട്രീയവല്‍കരിക്കരുത്. ഇത് നമ്മുടെ മാര്‍ഗമല്ല. ഇതിന്റെ കാര്യത്തില്‍ ഞാന്‍ ഒരു രാഷ്ട്രീയ കക്ഷിയുടെയും കാലുപിടിക്കാനും പോകുന്നില്ല. അത് നമ്മുടെ രീതിയുമല്ല. അതിന്റെ ആവശ്യവുമില്ല. നമ്മുടേത് ഒരു സ്വതന്ത്ര രാജ്യമാണ്. അതുകൊണ്ടുതന്നെ നമുക്ക് രാജ്യത്തിനുവേണ്ടി മുന്നോട്ടുപോകേണ്ടതുണ്ട്. നാം ഒരിക്കലും ഭീരുക്കളല്ല. കളിച്ചാല്‍ എനിക്കും പൊളിറ്റിക്‌സുണ്ട്. അത് വേറൊരു പോളിറ്റിക്‌സാണ്.

എന്റെ കുട്ടികളേ… നിങ്ങള്‍ നോമ്പെടുത്ത്… സമയം കണ്ടെത്തി, തിങ്ങി നിറഞ്ഞ്… ക്ലേഷം സഹിച്ച് എന്റെ സംസാരം ശ്രവിക്കുകയാണ്. നിങ്ങളുടെ ക്ഷമയെ ഞാന്‍ വിലമതിക്കുന്നു.

നിങ്ങള്‍ ഈ സമ്മര്‍ദത്തിനിടയില്‍ ഇവിടെ ശാന്തരായി വര്‍ത്തിച്ചത് നിങ്ങളുടെ പക്വതയാണ് കാണിക്കുന്നത്. സ്ഥാപനത്തിന്റെ യശസ്സ് നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതും ദേശീയ നേതാക്കളായ നമ്മുടെ സ്ഥാപകരുടെ വാക്കുകള്‍ തെറ്റിക്കാതിരുന്ന നിങ്ങളുടെ നയങ്ങളും ഏറെ ഉചിതമായി. ഞാന്‍ വേണമെങ്കില്‍ അതിന് ഒരു ദിവത്തെ അവധി തരാം.
(ഹാളില്‍ ചിരി ഉയരുന്നു)

നമ്മുടെ സെക്കുലര്‍ പൈതൃകം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ദേശീയ നേതാക്കളായ നമ്മുടെ സ്ഥാപകന്മാരോട് നീതി പുലര്‍ത്തേണ്ടതുണ്ട്. ജയ് ഹിന്ദ്. ഈദ് മുബാറക്…

പ്രതീക്ഷാ ബുക്‌സ് പ്രസിദ്ധീകരിച്ച ഭീകരതയെ കഫിയ പുതപ്പിക്കുന്നതാര്? എന്ന പുസ്തകത്തില്‍ നിന്നും പുനപ്രസിദ്ധീകരണം.

മുശീറുല്‍ ഹസന്‍