Campus Alive

ഗീലാനി: നിലപാടുകളുടെ സൗന്ദര്യം

ഏറ്റവും മനോഹരമായി രാഷ്ട്രീയം മുന്നോട്ട് വെച്ച കൂട്ടരാണ് കശ്‍മീരികള്‍. എന്റെ അവസാനത്തെ കശ്മീര്‍ യാത്രയില്‍ ഉറ്റ കശ്മീരി സുഹൃത്ത് ഞങ്ങള്‍ക്ക് ഇന്ത്യന്‍ മുസ്‌ലീങ്ങളോട് (കശ്‍മീരിനെ സ്വന്തം പ്രദേശമായി മനസ്സിലാക്കി ഇന്ത്യന്‍ ഭൂപ്രദേശത്തെ ആളുകളെ ഇന്ത്യന്‍ മുസ്‌ലീങ്ങളായി മനസ്സിലാക്കുകയും അവരുടെ പ്രശ്‌നങ്ങളെ വേറിട്ട ഒന്നായി തിരിച്ചറിഞ്ഞു) ചോദിക്കാനുള്ള ഒരു കാര്യം എന്ന് പറഞ്ഞു ചോദിച്ചു, ‘2015 സെപ്റ്റംബറില്‍ മുഹമ്മദ് അഖ്‌ലാഖ് ദാദ്രിയില്‍ വെച്ച് കൊല്ലപ്പെട്ടു. പിറ്റേന്ന് ഞങ്ങള്‍ ശ്രീനഗറില്‍ ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ക്കായി പ്രതിഷേധം നടത്തി. ഞങ്ങളുടെ കൂട്ടത്തിലെ നാല് സുഹൃത്തുക്കളാണ് അന്ന് ശഹീദുകളായത്. ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ മുഹമ്മദ് അഖ്‌ലാഖിന് വേണ്ടി എന്ത് പ്രതിഷേധമാണ് നടത്തിയത്? ഞങ്ങള്‍ ദിനേന മരിക്കുന്നവരാണ്. പക്ഷേ ഞങ്ങള്‍ പ്രതാഭമുളള ശഹീദുകളാണ്. നിങ്ങള്‍ മര്‍ദിതരായ ശഹീദുകളും.’

2013 മെയ് 17ന് എസ്.ഐ.ഒ നടത്തിയ ബീമാപളളി പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തെ ബന്ധമാണ് എനിക്ക് എസ്.എ.ആർ ഗീലാനിയുമായുളളത്. ആ പരിപാടിക്ക് സംഘാടകരും ഡോക്യുമെന്ററി സംവിധായകനുമെല്ലാം നിര്‍ദേശിച്ച തലക്കെട്ട് ‘Collective Remembrance against collective amnesia’ എന്നായിരുന്നു. എന്നാല്‍ അന്നത്തെ ചീഫ് ഗസ്റ്റായിരുന്ന ഗീലാനി സംസാരം തുടങ്ങിയത് ഈ തലക്കെട്ട് തിരുത്തികൊണ്ടായിരുന്നു. ഇന്ത്യയില്‍ നാം ഉയര്‍ത്തേണ്ടത് Collective Remembrance against collective amnesia’ എന്നല്ലെന്നും ‘Collective Remembrance against selective amnesia’ എന്നാണെന്നും അദ്ദേഹം തിരുത്തി. അദ്ദേഹത്തിന്റെ രാഷ്ട്രീയ മൂര്‍ച്ചയുടെ വാക്ക് പ്രയോഗങ്ങളിലെ കൃത്യതയുടെ ഏറ്റവും മികച്ച ഉദാഹരണമാണിത്. കേരളത്തിലെ മുസ്‌ലിം നേതാക്കള്‍ ഇതുവരെയും സന്ദര്‍ശിച്ചു തീര്‍ന്നിട്ടില്ലാത്ത എത്രയോ പ്രദേശങ്ങള്‍ എസ്.എ.ആര്‍ ഗീലാനി കേരളത്തില്‍ വന്ന ദിവസങ്ങളില്‍ സന്ദര്‍ശിച്ച് തീര്‍ത്തിട്ടുണ്ടാവും എന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ശരിയെയാണ് അടിവരയിടുന്നത്.

ഗീലാനിയെ ഓർക്കുമ്പോൾ, അദ്ദേഹത്തിലേക്ക് ചേര്‍ത്ത് പറയുന്ന പാര്‍ലമെന്റ് ആക്രമണം ഇന്ത്യന്‍ രാഷ്ട്രീയ സമവാക്യങ്ങളിലെ വഴിത്തിരിവായി വിലയിരുത്തപ്പെട്ട സന്ദര്‍ഭമായിരുന്നു. നിലവില്‍ വളരെ നിസ്സാരമായി നിയമനിര്‍മ്മാണവും നിയമഭേദഗതികളുമെല്ലാം വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പോട്ടയിലൂടെ രണ്ട് വര്‍ഷം കഴിഞ്ഞ് യു.എ.പി.എ വീണ്ടും അരങ്ങത്ത് വരുന്ന, അതിന്റെ രാഷ്ട്രീയം സ്പഷ്ടമായി പ്രത്യക്ഷപ്പെട്ടത് പാര്‍ലമെന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. പോട്ടയും ടാഡയുമൊക്കെ നിരോധിച്ച് എന്ന നമ്മുടെ ആശ്വാസത്തിന് മുകളില്‍ അതിനേക്കാള്‍ ഭീകരമായ യു.എ.പി.എ ഒരു നിയമമായി മാറുന്നത് ഇതിനെ തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളിലാണ്. ഗീലാനി ഒരു ഇന്റര്‍വ്യൂവില്‍ പറയുന്നു, 2014 തെരെഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് രാജ്യസ്‌നേഹ മുദ്ര ആവശ്യമായിരുന്നു. അതിന് അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊല്ലുക എന്നത് തീരുമാനിച്ചുറപ്പിച്ച നാടകമായിരുന്നു. അതിന് വേണ്ടി പരമോന്നത നീതിപീഠം വിധിയില്‍ പറഞ്ഞത് പൊതുമനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി എന്നായിരുന്നു. പൊതുമനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ ഒരാളെ തൂക്കിക്കൊല്ലാന്‍ തീരുമാനിച്ച് രാജ്യസ്‌നേഹത്തിന്റെ മുദ്ര ബി.ജെ.പി കൊണ്ടുപോകാതെ ഞങ്ങള്‍ എടുത്തുകൊളളാം എന്ന് തീരുമാനിച്ച കോണ്‍ഗ്രസിന്റെ നിലവിലെ ദുര്‍ഗതിയില്‍ വ്യക്തിപരമായി എനിക്ക് യാതൊരു വിഷമവുമില്ല. കാരണം, ബി.ജെ.പിയെക്കുറിച്ചും അര്‍.എസ്.എസിന്റെ വിഷലിപ്ത രാഷ്ട്രീയത്തെക്കുറിച്ചും ഉറക്കെ സംസാരിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്തും ഇതിന്റെ നാള്‍ തുടര്‍ച്ചകളെക്കുറിച്ച് സംസാരിച്ചില്ലെങ്കില്‍ ഈ രാഷ്ട്രീയത്തോട് നാം ചെയ്യുന്ന നീതികേടായിരിക്കും.

2016ല്‍ ജെ.എന്‍.യുവിലെ നേതാക്കള്‍ ഉദയം ചെയ്തതും കശ്‍മീരികളുടെ മുദ്രാവാക്യം മോഷ്ടിച്ചായിരുന്നു. കശ്മീരിന്റെ മുദ്രാവാക്യമായിരുന്നു ആസാദി. അത് സംഘ്‌വാദ്‌സെ ആസാദിയും, ബുക്മാരീസെ ആസാദിയുമായി ചുരുക്കപ്പെട്ടതിന്റെ രാഷ്ട്രീയം, കശ്മീരിനെക്കുറിച്ച് പറയാന്‍ ധൈര്യപ്പെടാത്ത മറ്റൊരു വിശാലമെന്ന് നമ്മള്‍ ധരിക്കുന്ന സങ്കുചിത രാഷ്ട്രീയം തന്നെയായിരുന്നു. ഞങ്ങള്‍ ടുക്‌ടെ ടുക്‌ടെ ആളുകളല്ലെന്ന ക്ഷമാപണത്തിന്റെ, കശ്മീരിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെയാണവര്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ ആയതെങ്കില്‍ ഗീലാനിയില്‍ അത്തരത്തില്‍ യാതൊരു ക്ഷമാപണത്തിന്റെ ശൈലിയും കാണാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയിലെ വ്യത്യസ്ത കാമ്പസുകളിലും തെരുവുകളിലും കനയ്യകുമാറിനും ചിലയിടങ്ങളില്‍ ഉമര്‍ ഖാലിദിനും വേണ്ടി വലിയ പോരാട്ടങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അവിടെയൊന്നും സമാനമായ കേസില്‍ സമാനമായ സമയത്ത് രാജ്യദ്രോഹം ചുമത്തപ്പെട്ട ഗീലാനിക്ക് വേണ്ടി സംസാരിക്കാന്‍ എഴുന്നേറ്റ് നിന്നവരെ നാം അധികം കണ്ടില്ല. ശരിയായ രാഷ്ട്രീയം പറയുന്നവരെ നമ്മളിലേക്ക് ചേര്‍ത്ത് വെക്കാന്‍ നാം ഭയപ്പെടുന്നതിനെക്കുറിച്ച് പഠിക്കാൻ സാധിക്കുന്ന നല്ല ഒരു കേസ് സ്റ്റഡിയാണിത്.

ഇക്ബാല്‍ കശ്‍മീരിനെക്കുറിച്ച് പറഞ്ഞത് ‘ആഛ് വോ കശ്‍മീര്‍ മഹ്ക്കൂമോ മജ്ബൂറോ ഫഖീര്‍ ഖൽ ജിസെ അഹ്‌ലെ നസർ കഹ്ത്തെ തെ ഈറാനെ സഗീർ’ (ഇന്ന് ആ കശ്‍മീര്‍ അക്രമിക്കപ്പെട്ട പീഡിപ്പിക്കപ്പെട്ട  ദരിദ്രമായ കശ്‍മീര്‍ ആണ്. ഇന്നലെ അതിനെ സൌന്ദര്യത്തിന്‍റെ കേദാരമായി  വിശേഷിപ്പിക്കപ്പെട്ടിരുന്നു) എന്നായിരുന്നു. കശ്‍മീരിനെ ഇന്ത്യയിലേക്ക് ബന്ധപ്പെടുത്താത്ത സമയത്താണ് കശ്‍മീരിനെ അടിച്ചമര്‍ത്തുന്നതിനെതിരെ ഇക്ബാലിന്റെ ഈ വരികള്‍, എന്നാല്‍ കശ്‍മീര്‍ കടന്നുവന്ന അടിച്ചമര്‍ത്തലിന്റെ നീണ്ട കാലങ്ങള്‍, ഐക്യരാഷ്ട്രസഭക്കു മുന്നിലും സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയങ്ങളൊക്കെയായി നമുക്ക് മുമ്പില്‍ ഉണ്ടെങ്കിലും നമുക്ക് എത്രത്തോളം ആ ഒരു വികാരത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ ഭാഷയില്‍, വാക് പ്രയോഗങ്ങളില്‍ ചെറുതല്ലാത്ത പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. ദേശീയതയുടെയും ദേശരാഷ്ട്രത്തിന്റെയും എല്ലാം പരിമിതികള്‍ ഉണ്ടെങ്കിലും ചില രാഷ്ട്രീയ ശരികളെ തുറന്നു പറയുന്നതില്‍ ഇനിയും നമ്മള്‍ പുതിയ ഭാഷ പ്രയോഗങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്. സ്വന്തമായൊരു ഭാഷയും ശൈലിയും ദലിത് സമൂഹം വികസിപ്പിച്ചെടുത്തപ്പോള്‍ തങ്ങളുടേതായ ഭാഷ വികസിപ്പിക്കുന്നതില്‍ മുസ്‌ലിങ്ങള്‍ക്ക് എപ്പോഴും വന്ന സ്വാഭാവികമായ കാലതാമസത്തെ തിരിച്ചറിയല്‍ പ്രധാനമാണ്.

എസ്.എ.ആര്‍ ഗീലാനിയുടെ ജീവിതത്തെ ഒറ്റവാക്കില്‍ പറയാമെങ്കില്‍ അതിനും ചേരുക ഇക്ബാലിന്റെ ഈ കവിതയാണ്, ‘സബഖ്‌ ഫിർ പഠ്‌ സദാഖത്ത്‌ കാ അദാലത്ത്‌ കാ ശജാ അത്ത്‌ കാ’ (നിങ്ങള്‍ക്ക് ലോകത്തിന് മുമ്പില്‍ എഴുന്നേറ്റ് നില്‍ക്കണമെങ്കില്‍ മൂന്ന് ഗുണങ്ങള്‍ ആവശ്യമാണ്. സത്യസന്ധരാവണം. നീതിക്ക് വേണ്ടി ആ സത്യത്തെ തട്ടിച്ചുനോക്കണം. ധീരരായിരിക്കണം.) സത്യസന്ധതയും നീതിബോധവും ധീരതയും ഒത്തുചേരുമ്പോഴാണ് ലോകത്തിന് നേതൃത്വം നല്‍കുന്ന ഒരു ഭാഷയായി ശൈലിയായി സ്വയം വികസിക്കാന്‍ കഴിയൂ എന്ന് നമുക്ക് കാണിച്ചു തന്ന ജീവിതമായിരുന്നു എസ്.എ.ആര്‍ ഗീലാനിയുടേത്. അല്ലാഹു അദ്ദേഹത്തിന്റെ പദവികള്‍ ഉയര്‍ത്തുമാറാവട്ടെ..

(നീതിയുടെ ശബ്ദം മറുചോദ്യങ്ങളുടെ രാഷ്ട്രീയം എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്‍മെന്റ് നടത്തിയ എസ്.എ.ആർ ഗീലാനിയെ ഓർമിക്കുമ്പോൾ എന്ന പരിപാടിയിലെ പ്രഭാഷണത്തിന്റെ കേട്ടെഴുത്ത്)

(സോളിഡാരിറ്റി യൂത്ത് മൂവ്‍മെന്‍റ് സംസ്ഥാന പ്രസിഡന്‍റാണ്  നഹാസ് മാള)

നഹാസ്‌ മാള