Campus Alive

വഖ്ഫ് ഭേദഗതി നിയമവും പരമാധികാരത്തിന്റെ ചോദ്യങ്ങളും

“Everything the State says is a lie, and everything it has it has stolen.”― Friedrich Nietzche

വഖ്ഫ് എന്ന അറബി വാക്കിനർത്ഥം ‘തടഞ്ഞു നിർത്തുക’ എന്നതാണ്. ഇസ്‌ലാം അനുവദിക്കുന്ന നന്മകൾക്ക് വേണ്ടി ഉടമസ്ഥാവകാശം അല്ലാഹുവിലേൽപ്പിച്ച് അന്യാധീനപ്പെടാതെ തടഞ്ഞുനിർത്തപ്പെടുന്ന സ്വത്തുവഹകൾ എന്നാണ് പൊതുവെ വഖ്ഫിന് നൽകപ്പെടുന്ന വിവക്ഷ. വഖ്ഫായി മാറ്റപ്പെടുന്ന സ്ഥാവരജംഗമ വസ്തുവാഹകൾ എന്നെന്നും നിലനിൽക്കേണ്ട അല്ലെങ്കിൽ നിലനിൽക്കുന്ന ദാനമായാണ് (സദഖ ജാരിയ) വിശ്വാസി സമൂഹം മനസ്സിലാക്കുന്നത്. മുസ്‌ലിം സമൂഹം പ്രവാചക കാലം മുതലേ പൊതു സേവനങ്ങൾക്ക് വഖ്ഫ് ചെയ്യപ്പെട്ട പ്രോപ്പർട്ടികൾ ആണ് ഉപയോഗിച്ചു വരുന്നത്. പള്ളികൾ, മദ്റസകൾ, കോളേജുകൾ, ഖബർസ്ഥാനുകൾ തുടങ്ങി ഇസ്‌ലാമിക സമൂഹവുമായി ബന്ധപ്പെട്ട അനേകം സ്ഥാപനങ്ങൾ രൂപം കൊണ്ടതും നിലനിന്നു പോന്നതും വഖ്ഫ് എന്ന നിലയിലാണ്. മുസ്‌ലിംകളുടെ ദൈനംദിന ജീവിതം വഖ്ഫുമായി ചേർന്നാണ് കിടക്കുന്നത്. Hodgoson ഈയൊരു പശ്ചാത്തലത്തിലാണ് വഖ്ഫിനെ “Financing of Islamic Society” എന്ന് വിശേഷിപ്പിക്കുന്നത്.

From the Calicut Airport March of SIO against the Waqf Amendment Act

ഇത് തീർച്ചയായും സൂചിപ്പിക്കുന്നത് വഖ്ഫും മുസ്ലിം സമൂഹവും തമ്മിലുള്ള ജൈവ ബന്ധത്തെയാണ്. ഇസ്ലാം- ഒരു രാഷ്ട്രീയ പരമാധികാര നാഗരിക വ്യവസ്ഥയെ വിഭാവന ചെയ്യുന്ന ദൈവശാസ്ത്ര പദ്ധതിയാണ്. അതിനാൽ തന്നെ മുസ്‌ലിം എന്നത് ഒരു രാഷ്ട്രീയ സംവർഗവും മുസ്‌ലിം ജീവിതം എന്നത് പ്രസ്തുത പരമാധികാര നാഗരിക വ്യവസ്ഥയെ സാധൂകരിക്കുന്ന സാക്ഷ്യവും ആകുന്നു. പ്രസ്തുത ജീവിതത്തിന്റെ കേന്ദ്രത്തിൽ ആണ് വഖ്ഫ് സംവിധാനം നിലകൊള്ളുന്നത്. ആധുനികതയുടെ ആവിർഭാവത്തോടെ തന്നെ, ഇസ്‌ലാമിക നാഗരിക- നൈതിക- സാമ്പത്തിക ക്രമത്തിന്റെ കേന്ദ്രത്തിൽ നിലകൊള്ളുന്ന സുപ്രധാന വ്യവസ്ഥയായ വഖ്ഫിനു നേരെ ആധുനിക ദേശരാഷ്ട്ര സംവിധാനം അതിന്റെ അധിനിവേശ ശ്രമങ്ങൾ ആരംഭിച്ചിരുന്നിരുന്നു. കൊളോണിയൽ കാലഘട്ടം മുതൽ തന്നെ ശരീഅത്തിന്റെയും വഖ്ഫിന്റെയും മുകളിൽ ഭരണകൂടങ്ങൾ നിയന്ത്രണവും ഇടപെടലുകളും നടത്താൻ ശ്രമിച്ചിരുന്നു എന്ന് കാണാൻ സാധിക്കും. കൊളോണിയൽ റെവന്യൂ സമ്പ്രദായവും നിയമവ്യവസ്ഥയും വഖ്ഫിന്റെ മേൽ വ്യാപകമായ ഇടപെടലുകൾ നടത്താൻ ശ്രമിച്ചിരുന്നു എന്ന് കാണാം. അന്യാധീനപ്പെടാത്ത മുതലുകളെന്ന വഖ്ഫ് സങ്കല്പം തന്നെ വിപണിയാധിഷ്ടിതമായ കൊളോണിയൽ മുതലാളിത്തത്തിന് തടസ്സമായാണ് ബ്രിട്ടീഷുകാർ മനസ്സിലാക്കിയത് (Rule Against perpetuity). ഇസ്ലാമിക നിയമം വ്യാഖ്യാനിക്കാനും മനസിലാക്കാനും ഉള്ള കർതൃത്വം മുസ്‌ലിം സമൂഹത്തിനാണോ അതോ ആധുനിക ദേശ രാഷ്ട്രത്തിനാണോ എന്ന മൗലികമായ ചോദ്യം ആധുനികതയുടെ ആരംഭം മുതൽ തന്നെ ഉണ്ട്.

മുസ്‌ലിം സമൂഹവും, ഇന്ത്യൻ ദേശ രാഷ്ട്രവും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ തന്നെ അടിസ്ഥാനം അശുഭാപ്തി വിശ്വാസത്തെയും (Pessimism) സംഘടിത ഹിംസയെയും  മുൻനിർത്തിയുള്ളതാണ്. അതിനാൽ തന്നെ, പ്രസ്തുത അശുഭാപ്തി വിശ്വാസത്തെ രൂപപ്പെടുത്തിയെടുത്ത ഘടകങ്ങളെ മുൻനിറുത്തികൊണ്ടുവേണം 2025-ൽ നരേന്ദ്ര മോദി സർക്കാർ, വഖ്ഫ് സംവിധാനത്തിന്റെ കേന്ദ്രീകരണത്തിനും, വികസനത്തിനും, കാര്യക്ഷമമായ ഉപയോഗത്തിനും സംരക്ഷണത്തിനും വേണ്ടി കൊണ്ടുവന്നു എന്ന് അവകാശപ്പെടുന്ന വഖ്ഫ് ഭേദഗതി നിയമത്തോടുള്ള മുസ്ലിം ജനതയുടെ ചരിത്രപരവും പരമാധികാരപരവും ആയ വിമർശനങ്ങളെ പ്രാഥമികമായി നോക്കികാണേണ്ടത്.

Max Weber

ആധുനിക രാഷ്ട്രത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച ഒരു പ്രബല സിദ്ധാന്തം ആണ് “Coercive Theory” അഥവാ ബലാൽക്കാര സിദ്ധാന്തം എന്നത്. ഒരു പ്രത്യേക ഭൂപരിധിക്കകത്ത് ഭൗതിക ശക്തിയുടെ നിയമപരമായ പ്രയോഗത്തിൽ കുത്തകാവകാശം വിജയകരമായി നേടിയെടുക്കുന്ന ഒരു മനുഷ്യ സമുദായം ആണ് ആധുനിക ദേശരാഷ്ട്രം എന്ന് മാക്സ് വെബർ നിരീക്ഷിക്കുന്നുണ്ട്. യുദ്ധനിർമാണവും സംഘടിത ഹിംസയുടെ മറ്റു രൂപങ്ങളും ആധുനിക രാഷ്ട്രത്തിന്റെ പരമാധികാര രൂപീകരണത്തിന്റെ മൗലിക ഘടകമാണ്.

ആധുനിക ദേശരാഷ്ട്രത്തിന്റെ മൗലികമായ ഈ സ്വഭാവ ഘടനെയാണ്, മുമ്പ് സൂചിപ്പിച്ച അശുഭാപ്തി വിശ്വാസത്തിന്റെ ഒരു കാരണം. എന്നാൽ, അതിനോടൊപ്പം തന്നെ പ്രധാനം ആണ്, അനീതിയെ ധാർമികവത്കരിക്കുകയും സാമ്പത്തിക ഉല്പാദന വിതരണ സംവിധാനത്തെ മുഴുവൻ ജാതി ഘടനയിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യുന്ന ബ്രാഹ്മണിക് നാഗരിക പരമാധികാര വ്യവസ്ഥയോടുള്ള ഇസ്ലാമിന്റെ ദൈവശാസ്ത്രപരവും സാമ്പത്തികവും നാഗരികവുമായ വിമർശനം. സമ്പൂർണമായി ബ്രഹ്മണിക് ഒളിഗാർക്കി നിയന്ത്രിക്കുന്ന ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥയോടും സാമ്പത്തിക ക്രമത്തോടും സാംസ്‌കാരിക അധീശ്വത്വത്തോടും ഉള്ള ഇസ്‌ലാമിക വിമർശനവും മുസ്ലിം ജീവിതവും തന്നെ, അടിസ്ഥാനപരമായി ഇന്ത്യൻ ദേശരാഷ്ട്രത്തിന്റെ ഘടനയേയും ഇന്ത്യൻ മുസ്ലിംകളുടെ ജീവിതവും തമ്മിലുള്ള ബന്ധത്തെ വൈരുധ്യമാക്കുന്നുണ്ട് (Hostile). ഈ ഒരു വൈരുധ്യ ബന്ധം, അടിസ്ഥാനപരമായി ഇന്ത്യൻ ദേശരാഷ്ട്രത്തിന്റെ പരമാധികാര വ്യവസ്ഥയുടെ കേന്ദ്രമായി നിൽക്കുന്ന, തത്വശാസ്ത്ര- സാമ്പത്തിക- സാംസ്ക്കാരിക- രാഷ്ട്രീയ ഘടനയുടെ, മുസ്‌ലിംകളുടെ കർതൃത്വത്തിൽ ഉള്ള അപനിർമാണത്തെ അനിവാര്യമാക്കുന്നുണ്ട്. പ്രസ്തുത അപനിർമാണ പദ്ധതിയുടെ കേന്ദ്രത്തിൽ ആണ് വഖ്ഫ് സംവിധാനം നിലകൊള്ളുന്നത്. കാരണം, മുസ്ലിംകളുടെ ഭൗതിക-ബൗദ്ധിക അടിത്തറയാണ് വഖ്ഫ്.

മോദി സർക്കാർ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമത്തിൽ, മുസ്ലിംകളുടെ ഭൗതികമായ അടിത്തറയെ അപഹരിക്കുക എന്നത് മാത്രമല്ല, മറിച്ച് മുസ്ലിംകളുടെ ദൈവമായിത്തീരാനുള്ള അഭിലാഷവും ഇന്ത്യൻ ദേശരാഷ്ട്രം പ്രകടിപ്പിക്കുന്നുണ്ട്. ഭേദഗതി നിയമത്തിൽ ഒരു വകുപ്പ് നിർദേശിക്കുന്നത് ഇപ്രകാരം ആണ് :

In section 3 of the principal Act,—(i) after clause (a), the following clause shall be inserted, namely:—(a) in the opening portion, for the words

“any person, of any movable or immovable property”, the words “any person showing or demonstrating that he is practising Islam for at least five years, of any movable or immovable property, having ownership of such property and that there is no contrivance involved in the dedication of such property,” shall be substituted;

ഇസ്‌ലാമിക വിശ്വാസ പ്രകാരം, ആരാണ് മുസ്‌ലിം എന്ന് നിർണയിക്കാനുള്ള സവിശേഷാധികാരം ദൈവത്തിൽ മാത്രം നിക്ഷിപ്തം ആണ്. ഇവിടെ, 5 വര്ഷമായി ഇസ്ലാം പിന്തുടരുന്ന ആളായിരിക്കണം വഖ്ഫ് ചെയുന്ന വ്യക്തി എന്ന് നിഷ്കർഷിക്കുമ്പോൾ, ആരാണ് വിശ്വാസി എന്ന് നിർണയിക്കാനുള്ള സവിശേഷാധികാരം രാഷ്ട്രത്തിനു കൈവരുന്നു. ഇവിടെ, ആരാണ് ഒരു മുസ്‌ലിം എന്ന് നിർണയിക്കാനുള്ള ദൈവിക അധികാരം, ഈ നിയമത്തിലൂടെ ദൈവത്തിൽ നിന്ന് മാറ്റി അത് ദേശരാഷ്ട്രത്തിലേക്ക് മാറ്റപ്പെടുന്നു എന്നത് പ്രധാനം ആണ്. കാരണം, കാൾ സ്മിത്ത് നിരീക്ഷിക്കുന്നത് പോലെ, രാഷ്ട്രത്തെക്കുറിച്ചുള്ള ആധുനിക സിദ്ധാന്തത്തിന്റെ എല്ലാ സുപ്രധാന സംകല്പനങ്ങളും മതേതരവത്കൃത ദൈവശാസ്ത്ര സങ്കല്പങ്ങൾ ആണ്. ഇതിനു കാരണം ആയി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്, ദൈവശാസ്ത്രത്തിൽ നിന്ന് രാഷ്ട്ര സിദ്ധാന്തത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട- ഉദാഹരണത്തിന്, അവിടെ സർവശക്തനായ ദൈവം, ആധുനിക ദേശരാഷ്ട്രത്തിലേക്ക് എത്തുമ്പോൾ സർവശക്തനായ നിയമദാതാവായി പരിണമിക്കുന്നു- സവിശേഷമായ അതിന്റെ ചരിത്ര വികാസം മാത്രമല്ല മറിച്ച് അതിന്റെ വ്യവസ്ഥാപിതമായ ഘടനയും കാരണമാണ് എന്നാണ്.

Carl Schmitt

അതിനാൽ തന്നെ വഖ്ഫ് ഭേദഗതി നിയമം അടിസ്ഥാനപരമായി മുസ്ലിം ജനതയോട് പറയുന്നത്, ഇന്ത്യൻ ദേശരാഷ്ട്രം ആണ് ആണ് ഇന്ത്യൻ മുസ്‌ലിംകളുടെ ദൈവം എന്നാണ്. അതിനോടനുബന്ധമായി നാം പ്രസ്തുത നിയമത്തിലെ മറ്റു വകുപ്പുകൾ കൂടി വായിക്കുമ്പോൾ, ഈ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം വളരെ വ്യക്തം ആണ്.

ഈ നിയമത്തിന്റെ 5-ആം വകുപ്പ് ഇപ്രകാരം അതിൽ വളരെ പ്രധാനം ആണ്.

വകുപ്പ് 5. പ്രധാന നിയമത്തിന്റെ വകുപ്പ് 3-ന് ശേഷം, ഇനിപ്പറയുന്ന വകുപ്പുകൾ ചേർക്കപ്പെടും, അവ വിശദമായി ഇപ്രകാരമാണ്:—

3C. (1) ഈ നിയമം പ്രാബല്യത്തിൽ വരുന്നതിനു മുമ്പോ ശേഷമോ വഖ്ഫ് സ്വത്തായി തിരിച്ചറിയപ്പെട്ടതോ പ്രഖ്യാപിക്കപ്പെട്ടതോ ആയ ഏതൊരു സർക്കാർ സ്വത്തും വഖ്ഫ് ആയി കണക്കാക്കപ്പെടുകയില്ല.

(2) ഏതെങ്കിലും സ്വത്ത്, സർക്കാർ സ്വത്താണോ എന്ന വിഷയത്തിൽ എന്തെങ്കിലും ചോദ്യം ഉയർന്നാൽ, സംസ്ഥാന സർക്കാർ, ഒരു അറിയിപ്പ് വഴി, കലക്ടറുടെ റാങ്കിന് മുകളിലുള്ള ഒരു ഉദ്യോഗസ്ഥനെ (ഇനി മുതൽ നിയുക്ത ഉദ്യോഗസ്ഥൻ എന്ന് വിളിക്കപ്പെടും) നിയോഗിക്കാം. അദ്ദേഹം നിയമപ്രകാരം അന്വേഷണം നടത്തുകയും, ആ സ്വത്ത് സർക്കാർ സ്വത്താണോ അല്ലയോ എന്ന് നിർണയിക്കുകയും, അതിന്റെ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കുകയും ചെയ്യും:പ്രത്യേകം, നിയുക്ത ഉദ്യോഗസ്ഥൻ തന്റെ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ അത്തരം സ്വത്ത് വഖ്ഫ് സ്വത്തായി കണക്കാക്കപ്പെടുകയില്ല.

(3) നിയുക്ത ഉദ്യോഗസ്ഥൻ ആ സ്വത്ത് സർക്കാർ സ്വത്താണെന്ന് നിർണയിക്കുകയാണെങ്കിൽ, അവൻ റവന്യൂ രേഖകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുകയും, ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കുകയും ചെയ്യും.

(4) നിയുക്ത ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് ലഭിച്ച ശേഷം, സംസ്ഥാന സർക്കാർ, ബോർഡിനോട് രേഖകളിൽ ഉചിതമായ തിരുത്തലുകൾ വരുത്താൻ നിർദ്ദേശിക്കും.”

ഇവിടെ അടിസ്ഥാനപരമായി രണ്ടു പ്രശ്നങ്ങൾ ഉയർന്നു വരുന്നുണ്ട്. ഒന്ന്, സർക്കാർ കൈയേറിയിരിക്കുന്ന വഖ്ഫ് ഭൂമികൾ വഖ്ഫ് അല്ലാതാക്കി മാറ്റുന്നതിലൂടെ, സർക്കാർ കൈയേറ്റങ്ങ നിയമരായി സാധൂകരിക്കപ്പെടുന്നു എന്നതാണ് ഒന്ന്. 2024 സെപ്റ്റംബർ വരെയുള്ള വിവരങ്ങൾ പ്രകാരം, 25 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലെ വഖഫ് ബോർഡുകളിൽ, സർക്കാർ കൈവശംവെച്ചിരിക്കുന്ന ആകെ 5973 സ്വത്തുക്കൾ വഖഫ് സ്വത്തുക്കളായി വഖ്ഫ് ബോർഡ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയും അവ വഖ്ഫ് ഭൂമി ആണെന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 2014-ൽ, യുപിഎ സർക്കാരിന്റെ കീഴിൽ ലുറ്റിയൻസ് ഡൽഹിയിലെ 123 പ്രധാന വസ്തുക്കൾ, വഖ്ഫ് ഭൂമി ആണെന്ന് കണ്ടെത്തിക്കൊണ്ട്, ഡൽഹി വഖഫ് ബോർഡിന് കൈമാറ്റം ചെയ്യപ്പെട്ടു, ഈ തീരുമാനം പിന്നീട് എൻഡിഎ സർക്കാർ റദ് ചെയ്തു. ഇന്ത്യൻ വ്യവസായി ആയ മുകേഷ് അംബാനിയുടെ മുംബൈയിലെ വസതി നിൽക്കുന്നത് അനാഥാലയവും പള്ളിക്കൂടവും പണിയാൻ വേണ്ടി വഖ്ഫ് ചെയ്യപ്പെട്ട വസ്തുവിലാണ്. ഇത്തരത്തിൽ, അനവധിയാ അനധികൃത കൈയേറ്റങ്ങൾ വഖ്ഫ് ഭൂമിക്കു നേരെ വ്യാപകമായ സന്ദർഭത്തിലാണ്, സംസ്ഥാന സർക്കാരുകളും പ്രാദേശിക സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും കൈവശം വെച്ചനുഭവിക്കുന്ന വഖ്ഫ് ഭൂമികൾ വഖ്ഫ് ബോർഡിന് തിരികെ നൽകണം എന്നാവശ്യപ്പെട്ടു കൊണ്ട് ഇന്ദിര ഗാന്ധി 1976- വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തെഴുതുന്നത്.

Letter From Indira Gandhi To the chief Ministers Of states- written in 1976

ഇവിടെ, ഒരേ സമയം വഖ്ഫ് ഭൂമിക്കു മേലുള്ള ഭരണകൂട അതിക്രമങ്ങളെ നിയമത്തിന്റെ സംരക്ഷണത്തിലേക്ക് കൊണ്ടുവരുന്നു എന്ന് മാത്രമല്ല, ഏതെങ്കിലും വഖ്ഫ് ഭൂമി സർക്കാർ ഭൂമി ആണെന്ന ആരോപണം വന്നാൽ, അത് കളക്ടർ അന്വേഷിച്ച് തീർപ്പാക്കേണ്ടതും അത് തീർപ്പാക്കുന്നത് വരെ പ്രസ്തുത ഭൂമി വഖ്ഫ് ആയി പരിഗണിക്കപ്പെടുകയില്ല എന്നും ഈ നിയമം നിഷ്കർഷിക്കുന്നുണ്ട്. ഒരു വശത്തു മുസ്‌ലിം സമൂഹത്തിന്റെ ദൈവമായി ഇന്ത്യൻ ദേശരാഷ്ട്രം സ്വയം പ്രതിഷ്ഠിക്കുമ്പോൾ മറുവശത്തു തങ്ങളുടെ പരമാധികാരി അള്ളാഹു മാത്രം ആണെന്ന മുസ്‌ലിം രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ, രാഷ്ട്രീയ മുന്നേറ്റത്തിന്റെ അടിത്തറയായി വർത്തിക്കേണ്ടുന്ന വഖ്ഫ് എന്ന മുസ്ലിം സമൂഹത്തിന്റെ ഭൗതിക അടിത്തറയെ മുസ്ലിംകളിൽ നിന്ന് അപഹരിക്കാനുള്ള ഹിന്ദു മജോറിട്ടേറിയൻ സ്റ്റേറ്റിന്റെ നീക്കം ആയിട്ട് കൂടി വേണം നാം ഈ നിയമത്തെ മനസിലാക്കാൻ. വാഇൽ ഹല്ലാഖ് നിരീക്ഷിക്കുന്നത് പോലെ, പരമാധികാര ഇച്ഛ ( Sovereign Will) അതിനെ പിന്തുണക്കാനുള്ള ഭൗതിക ഉപാധികളുടെ അഭാവത്തിൽ ഉപയോഗ ശൂന്യമായി മാറുന്നു.

Wael Hallaq

ഇന്ത്യൻ മുസ്‌ലിം സമൂഹം, ഇന്ത്യൻ രാഷ്ട്രവുമായുള്ള രാഷ്ട്രീയ ഉടമ്പടി ( Social Contract) അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് രാഷ്ട്രത്തോടുള്ള ഉപാധികളില്ലാത്ത സമർപ്പണം എന്ന ആശയത്തിനു മേൽ അല്ല, മറിച്ച് പ്രസ്തുത ഉടമ്പടി തീർച്ചയായും ഉപാധികൾക്കും നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമാണ്. പ്രസ്തുത ഉടമ്പടിയെ അടിസ്ഥാനപെടുത്തി കൊണ്ട് തന്നെയാണ് മുസ്‌ലിം സമൂഹം ഉൾപ്പെടെയുള്ള ന്യുനപക്ഷ വിഭാഗങ്ങൾക്ക് അവരുടെ ആരാധനാ സ്വാതന്ത്ര്യവും അവരുടേതായ സാംസ്കാരികവും വിദ്യാഭ്യാസപരവും ആയ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശം മൗലിക അവകാശമായി ഭരണഘടനയിൽ ഉൾപ്പെട്ടത്. ഇന്ത്യൻ ഭരണഘടനയിലെ ന്യൂനപക്ഷ അവകാശങ്ങൾ ഉൾപ്പെടയുള്ള അവകാശങ്ങളും അധികാരങ്ങളും, ഇന്ത്യൻ ദേശരാഷ്ട്രവും ഇന്ത്യൻ വിവിധ സാമൂഹിക വിഭാഗങ്ങളും തമ്മിലുള്ള നിയമ ബാന്ധവത്തെ (Legal Bond) അടിസ്ഥാനപെടുത്തി രൂപമെടുത്തതാണെന്നു നിയമ പണ്ഡിതനായ ഉപേന്ദ്ര ബക്സി അദ്ദേഹത്തിന്റെ The future of Human Rights എന്ന പ്രബന്ധത്തിൽ നിരീക്ഷിക്കുന്നുണ്ട്.

Upendra Baxi

ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങളുടെ സംരക്ഷണയിൽ ഉള്ള സ്ഥാപനങ്ങൾക്കും മറ്റു അനുബന്ധ സ്ഥാവരജംഗമ സ്വത്തുക്കളും സംരക്ഷിക്കാൻ ദേശരാഷ്ട്രത്തിന്റെ മേൽനോട്ട അധികാരത്തിന്റെ പരിധിയിൽ അവയെ കൊണ്ടുവരണം എന്ന നിർദ്ദേശം ഭരണഘടനാ നിർമ്മാണവേളയിൽ തന്നെ കെ.എം മുൻഷിയെ പോലുള്ള അംഗങ്ങൾ മുന്നോട്ടു വെക്കുന്ന സന്ദർഭത്തിൽ ഭരണഘടന നിർമാണ സഭയിലെ മുസ്ലിം അംഗങ്ങൾ അതിനോട് നടത്തുന്ന പ്രതികരണം തന്നെ ഇന്ത്യൻ ദേശ രാഷ്ട്രവുമായുള്ള മുസ്ലിംകളുടെ ചരിത്രപരമായ ബന്ധത്തിന്റെ സ്വഭാവത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.

K.M. Munshi (Bombay: General), December 6, 1948:

“The religious institutions in India, if they are to survive, must be under the supervisory control of the State. There is no doubt about it… For instance, take the Hindu temples or the Muslim wakfs. There are wakfs in Bombay, for instance, which have got an income of several lakhs of rupees, and which are thoroughly mismanaged. The State must have the right to supervise.”

K. M. Munshi

ഈ ഒരു നിർദ്ദേശത്തിനെതിരെ Z.H Lari എന്ന, മുസ്ലിം അംഗം നടത്തുന്ന പ്രതികരണം ഇപ്രകാരം ആണ്.

” Z.H. Lari (December 8, 1948, Volume VII):

“Minorities must feel secure that their culture, their institutions, their way of life will not be submerged by the majority… The State must ensure equality, not just in law but in practice.”

മറ്റൊരു ഘട്ടത്തിൽ, ഹസ്രത് മൊഹാനി നടത്തുന്ന വിമർശനവും ഇവിടെ ശ്രദ്ദേയം ആണ്.

Hasrat Mohani (December 27, 1948, Volume VII):

“We are told minorities will be protected, but what is this protection? Our mosques, our waqfs, our schools—will they be safe from laws that claim ‘public interest’? We need guarantees, not promises.”

ഇന്ത്യൻ ഭരണഘടന നിർമാണവേളയിൽ തന്നെ, രാഷ്ട്രത്തെയും ഇന്ത്യയിലെ ഭൂരിപക്ഷ ജനതയിൽ അശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച അനേകം മുസ്‌ലിം-ദളിത് ഭരണഘടന നിർമാണ അസംബ്ലി അംഗങ്ങളെ കാണാം. മുസ്‌ലിംകളുടെ സ്വത്തിനു മേലും ദാനധർമ്മങ്ങളും കൈകാര്യം ചെയ്യാനും അതിന്റെ താൽപര്യത്തെ സംരക്ഷിക്കാനും മുസ്‌ലിം സമൂഹത്തിനു തന്നെ സാധിക്കും എന്നും, അത് സംരക്ഷിക്കാനുള്ള നിയമപരമായ പരിരക്ഷയും അധികാരവും ആണ് മുസ്‌ലിം സമൂഹത്തിനു വേണ്ടത് എന്നും അല്ലാതെ സർക്കാർ സംരക്ഷിക്കും എന്ന ഭരണകൂടത്തിന്റെ ഉറപ്പ് സമുദായത്തിന് ആവശ്യം ഇല്ല എന്ന് അവർ വ്യക്തമാക്കുണ്ട്.

Maulana Hasrat Mohani

ഈ നിയമത്തിന്റെ മറ്റൊരു സവിശേഷത, വഖ്ഫ് ബോർഡിൽ അമുസ്‌ലിംകൾ അംഗങ്ങളായി വരുന്നു എന്നതാണ്. അല്ലാഹുവിന്റെ മാത്രം പ്രീതിയും സംതൃപ്തിയും ആഗ്രഹിച്ചു കൊണ്ട് മുസ്ലിങ്ങൾ നടത്തുന്ന സമർപ്പണം ആണ് വഖ്ഫ്. പ്രസ്തുത സ്ഥാപനം, ദൈവഹിത പ്രകാരം തന്നെയാണോ നടത്തപെടുന്നത് എന്ന് പരിശോധിയ്ക്കാനുള്ള അധികാരവും അവകാശവും നിക്ഷിപ്തമായിരിക്കുന്നത് മുസ്‌ലിം സമൂഹത്തിൽ തന്നെയാണ്. കാരണം, വഖ്ഫ്, മുൻപ് സൂചിപ്പിച്ചതു പോലെ ദാനം മാത്രമല്ല, മറിച്ച് മുസ്‌ലിം സമൂഹത്തിന്റെ ഭൗതിക അടിത്തറയും ഇസ്‌ലാം വിഭാവന ചെയ്യുന്ന പരമാധികാര വ്യവസ്ഥയുടെ അടിസ്ഥാന സ്തംഭവുമാണ്. അത്തരം ഒരു സംവിധാനത്തിന്റെ അടിസ്ഥാന താല്പര്യത്തെ എങ്ങനെയാണു മുസ്‌ലിം അല്ലാത്ത ഒരു വ്യക്തിക്ക്, അല്ലെങ്കിൽ വ്യക്തികൾക്ക്, നിർണയിക്കാനാവുക?

അപ്പോൾ ഒരു ഘട്ടത്തിൽ ഇന്ത്യൻ ദേശരാഷ്ട്രത്തെ ഇന്ത്യൻ മുസ്‌ലിംകളുടെ ദൈവമായും അതെ സമയം വഖ്ഫ് സ്വത്തുക്കൾ ഭരണകൂടത്തിനു നിർലോഭം കയ്യേറാനും വഖ്ഫ് സംവിധാനങ്ങളുടെ പ്രവർത്തനത്തെ താളം തെറ്റിച്ചു കൊണ്ട് മുസ്‌ലിം സമൂഹവും വഖ്ഫും തമ്മിലുള്ള ജൈവിക ബന്ധത്തെ അട്ടിമറിക്കുകയും വഖ്ഫ് സംവിധാനങ്ങളുടെ താൽപര്യത്തെ ചോർത്തികളയുകയും ചെയ്തുകൊണ്ട്, മുസ്‌ലിം പരമാധികാര ചോദ്യത്തെ, അനീതിയെ ധാർമികവത്കരിക്കുന്ന ബ്രഹ്മണ്യ വ്യവസ്ഥയോടുള്ള മുസ്‌ലിം ജനതയുടെ പ്രതിരോധത്തെ അസാധ്യം ആക്കാനുള്ള നീക്കം ആണ് ഈ നിയമം.

സയ്യിദ് ഖുത്ബ് അദ്ദേഹത്തിന്റെ ഖുർആൻ പരിഭാഷയിൽ നിരീക്ഷിക്കുന്നത് പോലെ, “ഈ മതത്തിന്റെ അടിസ്ഥാനം, പരമാധികാരം ദൈവത്തിന് മാത്രമുള്ളതാണെന്നും, അവൻ മാത്രമാണ് നിയമനിർമാതാവ് എന്നുമുള്ള വിശ്വാസമാണ്. പരമാധികാരവും നിയമനിർമാണ അവകാശവും മനുഷ്യർക്ക് നൽകുന്ന മറ്റേതൊരു വ്യവസ്ഥയും തെറ്റായ ഒരു വ്യവസ്ഥയും ഈ മതത്തിനെതിരായ കലാപവുമാണ്”- എന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു.

അതിനാൽ തന്നെ, വഖ്ഫ് ഭേദഗതി നിയമെത്തിനെതിരായ മുസ്‌ലിം പ്രസ്ഥാനങ്ങളുടെ പ്രതിഷേധം, അത് മൂലം കേന്ദ്ര സർക്കാർ പ്രസ്തുത നിയമം പിൻവലിച്ചാലും ഇല്ലെങ്കിലും, സുപ്രീം കോടതി ഈ നിയമത്തെ അസാധുവാക്കിയാലും ഇല്ലെങ്കിലും, ഇന്ത്യൻ ദേശരാഷ്ട്രം മുസ്‌ലിംകളുടെ ദൈവമായിത്തീരാൻ നടത്തുന്ന ശ്രമത്തിനു മുന്നിൽ അചഞ്ചലമായി നിന്ന് കൊണ്ട് ഇന്ത്യൻ ദേശ രാഷ്ട്രം ഞങ്ങളുടെ ദൈവമല്ല എന്ന കൃത്യമായ രാഷ്ട്രീയ ദൈവശാസ്ത്ര പ്രഖ്യാപനമായി ചരിത്രത്തിൽ ഇടം പിടിക്കുക തന്നെ ചെയ്യും.

മുഹമ്മദ് റാഷിദ്