അടുത്ത കാലങ്ങളിലായി അലിഗഢിൽ അരങ്ങേറിയ മുസ്ലിം വിരുദ്ധ വംശീയ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് കഴിഞ്ഞവർഷം മസ്രൂർ അഹമദ് ഖാൻ എഴുതിയ, കഴിഞ്ഞ കൊല്ലത്തെ Cross Word book Award ലഭിച്ച, City on Fire: A boyhood in Aligarh എന്ന മെമ്മയറിനെ വിശകലനത്തിന് വിധേയമാക്കുകയാണ് ഇവിടെ (എഴുത്തുകാരൻ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്ക് നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങളും ഇവിടെ വിശകലന വിധേയമാക്കുന്നുണ്ട്.). വംശീയ കലാപങ്ങൾ പുതുമയുള്ള ഒന്നല്ലാത്ത ഒരു കാലത്ത് എങ്ങനെയാണ് കലാപബാധിത പ്രദേശങ്ങളിലെ മുസ്ലിം സാമാന്യ ജീവിതം എന്നതിലേക്കുള്ള ഒരു തുറവിയാണ് ഈ പുസ്തകം. ചെറുതും വലുതുമായ ഒട്ടേറെ വംശീയ കലാപങ്ങൾ അരങ്ങേറിയ ഇടമാണ് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ അലിഗഢ്. കലാപ സമയങ്ങളിലും അവയില്ലാത്തപ്പോഴും അലിഗഢിൽ നിലനിൽക്കുന്ന സാമൂഹിക കാലാവസ്ഥയിൽ എങ്ങനെയാണ് മുസ്‌ലിം ദൈനംദിന ജീവിതം മുന്നോട്ടു പോകുന്നത് എന്നതിനെ കുറിച്ചുള്ള വിവരണമാണ് ഈ പുസ്തകം.
അലിഗഢ് എന്നത് മുസ്‌ലിം സമൂഹത്തിന്റെ തന്നെ സൂക്ഷ്മ ശരീരം ആണെന്ന് 1965-ൽ തന്നെ കെ.ബി സിൻഹ ഇന്ത്യൻ പാർലമെന്റിൽ പറഞ്ഞതായി കാണാം. അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റിയും ഇവിടെയുള്ള മുസ്ലിം ജനസംഖ്യാനുപാദവും അലിഗഡിനെ മുസ്‌ലിം സൂക്ഷ്മ ശരീരം ആക്കുന്നതിൽ സവിശേഷമായി പങ്ക് വഹിക്കുന്നുണ്ട്. എന്നിരുന്നാലും തുടർച്ചയായി ബി.ജെ.പി ജയിച്ച് പോകുന്ന ഈ മണ്ഡലം പലതരത്തിലുള്ള സങ്കീർണ്ണമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഇന്ത്യൻ മുസ്‌ലിംകളെ കുറിച്ചും ഇവിടെ നടക്കുന്ന വംശീയ കലാപങ്ങളെ കുറിച്ചും പഠിക്കുന്നതിനായി അലിഗഢിനെ സവിശേഷമായി തിരഞ്ഞെടുത്ത ഒരു സാമൂഹിക ശാസ്ത്രനിരീക്ഷകനാണ് പോൾ ബ്രാസ്. അദ്ദേഹത്തിന്റെ പഠനത്തിൽ സംഘപരിവാർ നിർമ്മിച്ച മുസ്‌ലിം വിരുദ്ധ ‘ കലാപ സംവിധാനങ്ങളെ’ കുറിച്ചും അവ എങ്ങനെയാണ് ദേശീയവും സവിശേഷവുമായ അധികാര ബന്ധങ്ങളുമായി ബന്ധിക്കപ്പെട്ടതെന്നും അതിന്റെ സാമ്പത്തിക തലങ്ങളെ കുറിച്ചും ഗഹനമായി പ്രതിപാദിക്കുന്നുണ്ട്.

രാഷ്ട്രീയ സംവാദത്തിന്റെ തകർച്ചയായിട്ടാണ് പൊതുവെ സാമൂഹിക ശാസ്ത്ര ചർച്ചകളിൽ ‘ഹിംസയെ’ കുറിച്ച് പ്രതിപാദിക്കുന്നത്. പക്ഷെ മാറിയ ഇന്ത്യൻ രാഷ്ട്രീയ ഭൂമികയുടെ അനിവാര്യവും സുപ്രധാനവുമായ രാഷ്ട്രീയ പ്രവർത്തിയായി ഹിംസ മാറിയതായി തോമസ് ബ്ലോം ഹാൻസെൻ പറയുന്നുണ്ട്. ഇന്ത്യയിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിനനുഗുണമായി എവ്വിധമാണ് മുസ്‌ലിം ശരീരങ്ങൾക്കുമേൽ ഹിംസയെ യഥാനുസാരം ഉപയോഗിക്കുന്നത് എന്നത് ഈ അവസരത്തിൽ സവിശേഷമായി മനസിലാക്കേണ്ടതുണ്ട്.

ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധ ഹിംസകളെ പറ്റി സവിശേഷമായി പഠിക്കുമ്പോൾ വ്യക്തമാകുന്നത് ഹിംസ പോലെ തന്നെ പ്രധാനമാണ് അതുയർത്തിവിടുന്ന ആഖ്യാനങ്ങളും എന്നതാണ്. ഹിംസകൾ മാത്രമല്ല, അതിനെ ചുവടുപിടിച്ചുള്ള ആഖ്യാനങ്ങളും മുസ്‌ലിം വിരുദ്ധ ഹിംസയുടെ അവസാനഘട്ടമായിട്ട് മനസ്സിലാക്കാവുന്നതാണ്. ഹിംസയെ കുറിച്ചുള്ള മുഖ്യധാര വിവരണങ്ങളെ പ്രശ്നവൽക്കരിക്കേണ്ടതിന്റെ അനിവാര്യതയെ പറ്റി ഗ്യാനേന്ദ്ര പാണ്ഡെ തന്റെ വർഗീയ കലാപങ്ങളെ കുറിച്ചുള്ള പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വേണം മസ്രൂർ അഹ്‌മദ് എഴുതിയ City on Fire – boyhood in Aligarh എന്ന പുസ്തകം വായിക്കേണ്ടത്.

പലപ്പോഴും അലീഗഢിനെ പോലെയുള്ള സ്ഥലങ്ങളെ കലാപ സാധ്യത ഇടങ്ങൾ ആയിട്ടാണ് അധികൃതർ കാറ്റഗറൈസ് ചെയ്യുന്നത്. ഇത്തരം കാറ്റഗറികൾ യഥാർത്ഥത്തിൽ കലാപ ഇടങ്ങളിലെ യഥാർത്ഥ്യത്തെയും സങ്കീർണ്ണതകളെയും ഉൾക്കൊള്ളാത്തതാണ്. മാത്രമല്ല പലപ്പോഴും ഇവ ഇത്തരം ഇടങ്ങളിലുള്ള ന്യൂനപക്ഷങ്ങളുടെ നൈതികവും സഹജവുമായ ജീവിതത്തെ ആയുധവൽകരിക്കുകയും ചെയ്യുന്നു എന്നും കാണാവുന്നതാണ്. ആ തലത്തിൽ ചിന്തിക്കുമ്പോൾ രാഷ്ട്ര താല്പര്യങ്ങളുമായി പിണഞ്ഞ് കിടക്കുന്ന ഭൂരിപക്ഷ ഹിംസയെ മറക്കുന്ന ഇത്തരം കാറ്റഗറികളെ ആഖ്യാനപരമായി വെല്ലുവിളിക്കുകയാണ് ഈ പുസ്തകം.
വംശഹത്യകളെ കുറിച്ചുള്ള വംശീയ ആഖ്യാനങ്ങൾ അവയെ കുറിച്ചുള്ള സവിശേഷമായ അറിവുകളെ സ്വാധീനിക്കുന്നുണ്ട്. അലൻ സിൻഫീൽഡ് തന്റെ പഠനത്തിൽ പ്രതിനിധാനങ്ങളെ കുറിച്ച് പറയുന്നത് ഈ അവസരത്തിൽ പ്രധാനമാണെന്ന് തോന്നുന്നു. ‘നമ്മൾ വികസിപ്പിക്കുന്ന കഥകൾ /പ്രതിനിധാനങ്ങൾ ആണ് നമ്മളുടെ ബോധത്തെ നിർമ്മിക്കുന്നതും ജീവിതത്തെ നിർണ്ണയിക്കുന്നതും. പ്രതിനിധാനങ്ങൾ തമ്മിലെ മത്സരത്തിലാണ് നമ്മുടെ യാഥാർഥ്യങ്ങൾ നിർമ്മിക്കപ്പെടുന്നതും പ്രവർത്തിയും നിഷ്‌ക്രിയത്വവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ നിർമ്മിക്കുന്നതും’.

മസ്രൂർ അഹമ്മദിന്റെ പുസ്തകത്തിൽ കലാപ പങ്കിലമായ തന്റെ കൗമാരത്തെ കുറിച്ചുള്ള വിവരണമാണ്. തന്റെ കൗമാരകാലം സ്വത്വ ബോധമുള്ള ഒരു വിദ്യാർത്ഥി ആയിട്ടാണ് അദ്ദേഹം തന്നെ അവതരിപ്പിക്കുന്നത്. തുടർന്ന് ഉന്നത പഠനത്തിനും ഉപജീവനത്തിനുമായി അദ്ദേഹം ഡൽഹിയിലേക്ക് പോവുകയും തന്റെ അനന്യ സ്വത്വത്തിൽ നിന്നും മാറി സ്വതന്ത്രമായി ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഡൽഹിയിലും സമാനമായ രൂപത്തിലുള്ള കലാപങ്ങളും വംശീയ മുൻവിധികളും അദ്ദേഹം നേരിടുന്നു. ഡൽഹിയിലെ ന്യൂസ് മുറികൾ എങ്ങനെയാണ് ന്യുനപക്ഷങ്ങൾക്ക് നാമമാത്രമായ പ്രതിനിധാനങ്ങൾ നൽകി അധീശ വ്യവസ്ഥയിലേക്ക് ലയിപ്പിക്കുന്നതെന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്.
ഇമ്മനുവൽ ലവിനാസിന്റെ അടഞ്ഞ ഹിംസ/ തുറന്ന ഹിംസ പ്രയോഗങ്ങളെ ഇവിടെ പ്രയോഗിച്ചാൽ അലിഗഢിലെ കലാപ അനുഭവങ്ങൾ തുറന്ന ഹിംസയാണെങ്കിൽ ഡൽഹിയിലേത് അടഞ്ഞതും തുറന്നതുമായ ഹിംസയാണെന്ന് പറയാവുന്നതാണ്. അതേ സമയം ഇസ്‌ലാമോഫോബിയയെ പ്രികോഷനറിയും ( വിവേചനം, വിദ്വേഷ പ്രചാരണങ്ങൾ, നിരീക്ഷണം, മുസ്ലീങ്ങൾക്കെതിരായ പ്രതീകാത്മക അക്രമം എന്നിവയിലൂടെ നിഷ്ക്രിയമായി നടപ്പിലാക്കുന്ന സജീവമായ ആഗ്രഹം) പ്രൊ ആക്ഷനറിയും ( ഇന്ത്യൻ ദേശീയതയും ഭരണകൂടവും മുസ്‌ലിങ്ങളുടെ രാഷ്ട്രീയ ശരീരത്തെ ‘സുരക്ഷ’ യുടെ രാഷ്ട്രീയത്തിനായി ആയുധമാക്കുകയും പ്രശ്നവൽക്കരിക്കുകയും ചെയ്തുകൊണ്ട് മുസ്ലീങ്ങളുടെ വ്യക്തിത്വത്തിൽ “അപരനെ” എങ്ങനെ സൃഷ്ടിക്കുന്നു എന്നതിനെക്കുറിച്ചാണ്) ആയി പഠിക്കുമ്പോൾ ഈ രണ്ടിടത്തും മുകളിൽ സൂചിപ്പിച്ച രൂപത്തിലുള്ള വംശീയത എങ്ങനെ സാമൂഹിക സാഹചര്യങ്ങളുമായി പിണഞ്ഞ് കിടക്കുന്നെന്ന് വ്യക്തമാക്കുന്നുണ്ട് ഈ പുസ്തകം.

പുസ്തകത്തിൽ സവിശേഷമായ പരാമർശം അർഹിക്കുന്ന മറ്റൊന്നാണ് അലിഗഢിലെ മുസ്ലിം ദൈനം ദിന ജീവിതത്തിലെ സങ്കീർണ്ണതകളും നൈതികതയും. അലിഗഢിൽ നടന്ന പത്തോളം കലാപങ്ങൾക്ക് സാക്ഷ്യം വഹിച്ച എഴുത്തുകാരൻ ഇവിടെയുള്ള സാമൂഹിക സ്വഭാവത്തെ പറ്റി പറയുന്നത് സവിശേഷമായ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. കലാപം പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടുമുമ്പ് വരെ തങ്ങളോട് സൗഹൃദപൂർവ്വം സഹവസിച്ചിരുന്ന അയൽവക്കക്കാർ നിമിഷ നേരം കൊണ്ട് കൊലയാളി വേശം ധരിക്കുകയും കലാപാനന്തരം വീണ്ടും പഴയ പടി മാറുന്നതും നിലവിലെ രാഷ്ട്രീയ കാലവസ്ഥയുടെ സാവിശേഷതയായി അദ്ദേഹം പറയുന്നു.കലാപ സമയത്ത് തന്റെ ഉറ്റവരെ കൊലപ്പെടുത്തിയവരെ, കലാപാനന്തരം ശിക്ഷിക്കപെടാതെ കാണേണ്ടി വരുന്നു എന്ന് മാത്രമല്ല അവരുമായി ദൈനംദിന ജീവിതത്തിൽ ഇടപെടാൻ നിർബന്ധിക്കപ്പെടുന്ന സാഹചര്യം ഇന്ത്യൻ മുസൽമാന്റെ വർത്തമാനകാല നേർചിത്രമാണെന്ന് വരച്ചിടുന്നു.
പുസ്തകത്തിൽ സവിശേഷമായി മനസ്സിലാക്കേണ്ടത് കലാപങ്ങളെ നിർമ്മിക്കുന്ന സംഘപരിവാർ സംവിധാനങ്ങളെയും അവക്ക് പശ്ചാത്തലം ഒരുക്കി കൊടുക്കുന്ന രാഷ്ട്ര സാഹചര്യങ്ങളേയുമാണ്. കലാപങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ബ്രാഹ്മണ ശക്തികളെയും അവയിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ ലാഭം കൊയ്യുന്ന മറ്റു സംഘങ്ങളെയും പറ്റി സവിശേഷമായി പരാമർശിക്കുന്നുണ്ട് മസ്രൂർ അഹ്മദ്. അലിഗഡിലെ മുസ്ലിം ജീവിതത്തിലെ അരക്ഷിതാവസ്ഥയെ കുറിച്ച് മസ്രൂർ അഹ്മദ് സൂചിപ്പിക്കുന്നത് സവിശേഷമായ ശ്രദ്ധ അർഹിക്കുന്നുണ്ട്. എങ്ങനെയാണ് അലിഗഡിലെ സാധാരണ ജീവിതം മുസ്ലിങ്ങൾക്ക് അനുഭവപ്പെടുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി :
“കലാപ സമയത്തും അല്ലാത്തപ്പോഴും നിലനിൽക്കുന്ന സമ്മർദ്ദം ( Tension) വളരെ പ്രധാനമാണ്. എപ്പോഴും എന്തും സംഭവിക്കാം എന്ന സാമൂഹിക സ്ഥിതി മുസ്ലിം സാധരണ ജീവിതത്തെ വലിയ അർതത്തിൽ സ്വാധീനിക്കുണ്ട് എന്ന് മാത്രമല്ല ഈ ജാഗ്രത മുസ്ലിം ജീവിതങ്ങളെ വലിയ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടിന്നുണ്ട് എന്ന് മനസിലാക്കേണ്ടതാണ്. മുസ്ലിം വിരുദ്ധ ഹിംസകൾ വലിയ അർത്ഥത്തിൽ ആഘോഷിക്കപ്പെടാൻ തുടങ്ങിയതാണ് നിലവിലുള്ള സാമൂഹിക കാലാവസ്ഥയെ സവിശേഷമാക്കുന്നത്”.
ഇസ്ലാമോഫോബിയയെ അമിതമായി രാഷ്ട്രീയവൽക്കരിച്ചുകൊണ്ട് മുസ്ലിം സമൂഹം ഇരവാദം ഉയർത്തുന്നു എന്ന വാദത്തിനെ നിഷിതമായി വിമർശിക്കുന്നുണ്ട് അദ്ദേഹം. ഒരു രാഷ്ട്ര സമൂഹത്തിൽ അതിന്റെ വ്യവസ്ഥാപിതമായ അക്രമത്തിന് ഇരയാക്കപ്പെടുന്നവർ ആ രാഷ്ട്രീയ വ്യവസ്ഥയിലെ സവിശേഷമായ ഹിംസയെ പറ്റിയല്ലാതെ മറ്റെന്ത് പറയാനാണെന്നാണ് അദ്ദേഹം ചോദിക്കുന്നത്. വംശഹത്യയുടെ നടുവിൽ നിന്ന് കൊണ്ട് ഇത്തരം ഇടപെടലല്ലാതെ മറ്റുവല്ലതും മുസ്ലിം സമൂഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് തന്നെ തികഞ്ഞ വിഡ്ഢിത്തമാണെന്നും അദ്ദേഹം പറയുന്നു.
ന്യൂനപക്ഷങ്ങളുടെ നാമമാത്രമായ പ്രതിരോധങ്ങളെയും അവകാശപരിശ്രമങ്ങളെയും ഭൂരിപക്ഷ ഭീകരതയേയും സമാനമായ രൂപത്തിൽ കാണുന്ന സവർണ്ണ ലിബറൽ ഭൗതിക മണ്ഡലങ്ങൾക്കെതെരെയുള്ള ശക്തമായ ആഖ്യാനമാണ് ഈ പുസ്തകം. ഡിറ്റോ തിയറിയെന്ന് ഇർഫാൻ അഹമ്മദ് വിളിക്കുന്ന ഈ ഒരു പ്രവണതയെ ആവർത്തിക്കുന്ന ലിബറൽ ആഖ്യാനങ്ങൾ മുസ്‌ലിംകൾക്കിടയിൽ നിലനിൽക്കുന്ന അവകാശ അധികാരരാഹിത്യത്തെ മനസ്സിലാക്കാത്തതോ മറച്ച് പിടിക്കുന്നതോ ആണെന്നത് അടിവരയിടുകയാണ് ഇതിലൂടെ. ഇത്തരം കലാപങ്ങളിലെ ഇരകളാക്കപ്പെടുന്നവരുടെ പ്രതിരോധവും അവകാശപരവുമായ പരിശ്രമങ്ങളുടെ അനിവാര്യതയെ ചൂണ്ടിക്കാട്ടുന്ന അനുഭവസാക്ഷ്യം ആവുകയാണ് ഈ പുസ്തകം.

“തലമുറകളായി എരിയുന്ന തീയെ നമ്മുടെ ദ്വാരമുള്ള ബക്കറ്റ് കൊണ്ടല്ല അണക്കേണ്ടത് , അതിന് സ്വർഗീയ ആരാമങ്ങളിൽ നിന്ന് ഉയിർക്കൊള്ളുന്ന മഴക്കേ സാധ്യമാകു” എന്ന് പുസ്തകത്തിന്റെ അവസാന ഭാഗത്ത് മസ്രൂർ അഹ്മദ് പറയുന്നുണ്ട്. അടഞ്ഞ ഘടനയിൽ നിന്ന് തുറന്നു സംവാദങ്ങളിലേക്ക് സമൂഹത്തെ പരിവർത്തിപ്പിക്കുന്നതിൽ ഇത്തരം ആഖ്യാനങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. സാഹിത്യ കൃതികൾ ഉൾക്കൊള്ളുന്ന സൗന്ദര്യപരതയല്ല അവ നിർമ്മിക്കുന്ന പ്രത്യയശാസ്ത്രപാഠങ്ങളാണ് പ്രധാനം. അവയെ കണ്ടെടുക്കേണ്ട രീതി ആവട്ടെ എല്ലാത്തരം അധീശ മൂല്യങ്ങളോടും വിയോജിച്ചുകൊണ്ടാകണം. ഇത്തരം പരിശ്രമങ്ങൾ അധീശ ആഖ്യാനങ്ങൾക്ക് എതിരിലുള്ള അരികുകളുടെ പ്രതിനിധാനങ്ങൾ മാത്രമല്ല വംശീയബോധങ്ങൾക്കപ്പുറമുള്ള നീതിയുടെ വിതാനങ്ങളെ ഭാവന ചെയ്യുന്നതുമാണവ. പുസ്തകം അവസാനിക്കുമ്പോഴേക്ക് അലിഗഢിലെ തെരഞ്ഞെടുപ്പുകളിൽ സംഘപരിവാറിന്റെ നിരന്തരമായ രാഷ്ട്രീയ വിജയങ്ങളുടെ കാരണം നമുക്ക് എളുപ്പം ഗ്രഹിക്കാവുന്നതാണ്.