ഹൃദയഹാരിയായ കഥാഇതിവൃത്തം, ആകർഷകമായ അത്യാധുനിക ദൃശ്യാവിഷ്ക്കാരങ്ങൾ എന്നിവകൊണ്ട് ഹോളിവുഡ് സിനിമകൾ എക്കാലത്തും സിനിമാസ്വാദകർക്കിടയിൽ ഒരു വിസ്മയമാണ്. അത് ഉൾകൊള്ളുന്ന രാഷ്ട്രീയ-സാമൂഹിക വ്യവഹാരങ്ങൾ നമ്മുടെ ചിന്തകളിലും നമുക്കിടയിൽ രൂപപ്പെടുന്ന ചർച്ചാ മേഖലകളിലും ഒരുപോലെ സ്വാധീനം ചെലുത്തുന്നുണ്ട്. കാലാനുസൃതമായ അതിന്റെ പരിവർത്തനത്തെ പഠനവിധേയമാക്കുന്നതിലൂടെ, അവയിൽ അന്തർലീനമായിട്ടുള്ള വ്യത്യസ്തമായ വ്യവഹാരങ്ങൾ ഗ്രഹിക്കുക സാധ്യമാണ്. ഇവ്വിധത്തിൽ, ഒരു ഗൗരവമുള്ള രാഷ്ട്രീയ-സാമൂഹിക വിഷയത്തെ കൈകാര്യം ചെയ്യുന്നതാണ് പ്രശസ്ത സ്കോട്ടിഷ് സംവിധായകൻ കെവിൻ മക്ഡൊനാൾഡിന്റെ “The Mauritanian” എന്ന ഹോളിവുഡ് സിനിമ. ഭൗമരാഷ്ട്രീയ ആഖ്യാനങ്ങളുടെ ഉപകരണവും പശ്ചാത്തലവുമായി മുസ്ലിംകളെ ഉപയോഗിക്കുന്ന പ്രവണതയാണ് ഹോളിവുഡ് ചലച്ചിത്ര വ്യവസായമേഖല പൊതുവെ അവലംബമാക്കാറുള്ളത്. എന്നാൽ, അതിൽ നിന്ന് വ്യതിരിക്തമായി, അപൂർവ്വമെന്നോണം ചില നേർചിത്രങ്ങൾ പകർന്നു നൽകാനുള്ള ശ്രമങ്ങളും ഉണ്ടാകാറുണ്ട്. അവയിൽ, സമീപകാലത്ത് റിലീസായ ഒന്നാണ് ഈ സിനിമ.
9/11-ന് ശേഷമുള്ള അമേരിക്കയുടെ ഭീകര വിരുദ്ധ നയങ്ങളുടെ ഇരയാകുന്ന മുഹമ്മദ് ഔൾഡ് സ്ലാഹി എന്ന മൗറിത്താനിയൻ യുവാവിന്റെ ജീവിതമാണ് ഈ സിനിമയുടെ പശ്ചാത്തലം. ഭീകരത കുറ്റം ചുമത്തി നീണ്ട 15 വർഷം ഇദ്ദേഹത്തെ കുപ്രസിദ്ധ അമേരിക്കൻ നാവിക താവളമായ ഗ്വാണ്ടനാമോ ബേയിൽ തടവിൽ പാർപ്പിക്കുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഉഗ്രമായ പ്രതികാരത്തിന്റെ ഒരു രൂപകല്പനയാണ് ഇതിലൂടെ വരച്ചു കാണിക്കുന്നത്. 2015 ൽ പുറത്തിറങ്ങിയ സ്ലാഹിയുടെ ഗ്വാണ്ടനാമോ ഡയറി എന്ന പുസ്തകത്തിൽ നിന്നാണ് തിരക്കഥാകൃത്തുക്കളായ എo.ബി ട്രാവൻ, റോറി ഹെയ്ൻസ്, സൊഹ്റാബ് നൊഷിർവാനി എന്നിവർ ചേർന്ന് ഈ തിരക്കഥ കടമെടുത്തത്. തന്റെ അഭിഭാഷകയായ നാൻസി ഹോളണ്ടറിന് പതിവായി കൈമാറിപ്പോന്ന ജീവിതനുഭവങ്ങൾ ഉൾക്കൊണ്ട പേജുകൾ സമാഹരിച്ചാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സ്ലാഹിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഫ്രാങ്കോ അൽജീരിയൻ അഭിനേതാവായ തഹാർ റഹീം ആണ്. ഇതിനു പുറമേ ജോഡി ഫോസ്റ്റർ, ശൈലൻ വൂഡ്ലി, ബെനഡിക്ട് കമ്പർബാച്ച് എന്നിവർ വ്യത്യസ്ത കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. സ്ലാഹിയുടെ അഭിഭാഷകയായ നാൻസി ഹോളണ്ടറുടെ വേഷത്തിൽ ജോഡി ഫോസ്റ്ററും അവരുടെ സഹായിയായ ടെറി ഡെങ്കിനായുടെ വേഷത്തിൽ ഷെയ്ലൻ വൂഡ്ലിയും വെള്ളിത്തിരയിൽ നിറമാടുന്നു. ബെനഡിക്റ്റ് കമ്പർബാച്ച്, ക്രൂ മിലിറ്ററി പ്രോസിക്യൂട്ടർ കേണൽ സ്റ്റുവർട്ട് കൗചിനെ അവതരിപ്പിക്കുന്നു.
സ്ലാഹി തന്നെ ഒരു സവിശേഷ കഥാപാത്രമാണ്. സ്വാഭാവികമായും ഹോലൻഡും ഡെങ്കിനായും നല്ല വ്യക്തിത്വത്തിന് ഉടമകളാണ്. അധികാരികൾ നിശ്ചയിച്ചു നൽകുന്ന നിയമപരമായ രേഖകളിലൂടെ അവർ ഉഴലുന്നു. ചീഫ് പ്രോസിക്യൂട്ടർ കൗച്ചും ഒരു നല്ല മനസ്സിന് ഉടമയായാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു യഥാർത്ഥ രാജ്യസ്നേഹി എന്ന നിലയിൽ തൻറെ മനസ്സാക്ഷിയുടെ അമിതമായ അസ്വസ്ഥതകൾ കൊണ്ട് അസ്വസ്ഥചിത്തനാണയാൾ. സിനിമയിൽ കഥാപാത്രങ്ങൾക്ക് നൽകിയിരിക്കുന്ന വസ്ത്രവിധാനവും ആകർഷകമാണ്. ആപേക്ഷികമെന്നോണം,ഒരു പ്രത്യേക സമൂഹത്തിൻറെ വസ്ത്രധാരണം ഏതു രീതിയിലാണ് അമേരിക്കൻ ബൃഹദ് വ്യാഖ്യാനങ്ങളുടെ ഇരയാകുന്നത് എന്നുള്ള സത്യം സംവിധായകൻ വെളിവാക്കുന്നുണ്ട്. നാൻസി ഹോൾഡറും കാവൽക്കാരനും തമ്മിലുള്ള രംഗം ഇതിനുദാഹരണമാണ്. ചെറിയ രീതിയിൽ മുറിച്ച കുതിരവാൽ കണക്കെയുള്ള വെള്ള മുടിയും, നീല നിറത്തിലുള്ള ഡൗൺ ഷോർട്ടും പ്രകോപനപരമല്ല. എന്നാൽ,അവളോട് ഹിജാബ് ധരിക്കണമെന്നും അല്ലെങ്കിൽ കുറ്റവാളികൾ അവൾക്ക് നേരെ തുപ്പുമെന്നും കാവൽക്കാരൻ പറയുന്നു. ഇവിടെ അമേരിക്കൻ അരാജകത്വം നിർമ്മിച്ചെടുത്ത അരികുവൽക്കരണത്തിന്റെയും അടിച്ചമർത്തലിന്റെയും പ്രതിഫലനമായിട്ടാണ് നമുക്ക് ഈ പ്രതികരണത്തെ മനസ്സിലാക്കാൻ കഴിയുന്നത്. അമേരിക്കൻ നീതിന്യായ വ്യവസ്ഥയ്ക്ക് നേരെയുള്ള കുറ്റവാളികളുടെ രോഷപ്രകടനം. ജോനാഥൻ ഡെമ്മയുടെ “The Silence of the Lambs” ലെ ഒരു ശകലത്തെ ഈ രംഗം ഓർമ്മപ്പെടുത്തുന്നുണ്ട്. തൻറെ അനുഭവ സമ്പത്തിനാൽ ലഭിച്ച അഭിനയപാടവം കൊണ്ട് താഹ റഹീം മുഹമ്മദ് സ്ലാഹിക്ക് ഗൗരവവും മൃദുത്വവും പകർന്നു നൽകുന്നു. കൂടാതെ, അവൻ നേരിടുന്ന ഭീകരമായ പീഡനങ്ങൾ ഒരു കാർട്ടൂണിഷ് എഡ്ജ് നൽകി ചിത്രീകരിച്ചിരിക്കുന്നു.
സമാനമായി, സഹാനുഭൂതിയുള്ള ഒരു മുസ്ലിം വ്യക്തിത്വത്തെ സംവിധായകൻ സിനിമയുടെ കേന്ദ്രബിന്ദുവിൽ പ്രതിഷ്ഠിക്കുന്നുണ്ട്. എന്നാൽ നാൻസി ഹോളണ്ടറിനെ പോലുള്ള “വൈറ്റ് രക്ഷകൻ ” എന്ന പ്രൊഫൈലിനോട് യോജിക്കുന്ന കഥാപാത്രങ്ങളും സിനിമ ഉൾക്കൊള്ളുന്നുണ്ട്. ഈയൊരു ചിത്രീകരണത്തെ വിമർശിച്ചുകൊണ്ട് പലരും രംഗത്ത് വന്നിരുന്നു. ഇവയെ അഭിമുഖീകരിച്ചുകൊണ്ട് സംവിധായകൻ കെവിൻ മെക് ഡൊനാൾഡ് പ്രതികരിക്കുന്നത് “നീതിന്യായ വ്യവസ്ഥയാണ് ഇവിടെ വില്ലൻ. അത് ഏത് രീതിയിലാണ് ജനങ്ങളുടെ മേൽ പ്രവർത്തിക്കുന്നത് എന്നാണ് ഞങ്ങൾ നിരീക്ഷിക്കുന്നത്”. ഇതിനെ അംഗീകരിച്ചുകൊണ്ട് അഭിനേതാവ് ജോഡി പോസ്റ്റർ പറയുന്നതും ഇത്തരത്തിലാണ് “എനിക്ക് ഇത് ഒരു വൈറ്റ് രക്ഷകൻ സിനിമയായി തോന്നുന്നില്ല” . സ്ലാഹി തന്റെ പുസ്തകത്തിൽ താൻ നേരിട്ട അതിക്രൂരമായ അനുഭവങ്ങളെ വിവരിക്കുന്നുണ്ട്. തന്നെ ചങ്ങലയിലിട്ടു, നിർത്താതെ ചോദ്യം ചെയ്തു, കുറ്റസമ്മതം നടത്താൻ ദയയില്ലാതെ മർദ്ദിച്ചു, അമ്മയെ കൂട്ടബലാൽസംഗം ചെയ്യുമെന്ന് കാവൽക്കാർ ഭീഷണിപ്പെടുത്തി, ഇങ്ങനെ പോകുന്ന പീഡനങ്ങളുടെ നീണ്ട നിര. താൻ അഭിനയിക്കാൻ വേണ്ടി എടുത്ത തയ്യാറെടുപ്പുകളെ കുറിച്ചും, ചിത്രീകരണ വേളയിൽ നേരിട്ട മനപ്രയാസങ്ങളെ കുറിച്ചുമൊക്കെ നടൻ തഹാർ റഹീം വാചാലനാവുന്നുണ്ട്. സിനിമ കണ്ട ശേഷം താഹ റഹീമിന്റെ പരിശ്രമത്തെ സ്ലാഹി പ്രശംസിക്കുന്നുണ്ട്. സ്ലാഹിയുടെ യഥാർത്ഥ വ്യക്തിത്വത്തെ വളരെ നല്ല രീതിയിൽ അവതരിപ്പിക്കുന്നതിൽ സംവിധായകൻ കെവിൻ മക് ഡൊണാൾഡ് വിജയിച്ചിട്ടുണ്ട്.
ഇനി സിനിമയുടെ വിമർശനാത്മക വശത്തെക്കുറിച്ചുള്ള ചർച്ച നടത്താം. ഈ സിനിമയിലുടനീളം മുഴച്ചുനിൽക്കുന്ന ഒരു ദൗർബല്യം അദൃശ്യമായ വില്ലന്മാർ അഥവാ വില്ലന്മാരുടെ അഭാവം എന്നതാണ്. സിനിമയിലെ എല്ലാ കഥാപാത്രങ്ങളെയും ഗ്ലോറിഫൈ ചെയ്യുന്ന രീതിയിലാണ് സിനിമ. ഇതിനെ ഉതകുന്ന ധാരാളം ഉദാഹരണങ്ങൾ സിനിമയിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്. കാവൽക്കാർ മുതൽ പ്രോസിക്യൂട്ടർ വരെ ഗ്ലോറിഫൈ ചെയ്യപ്പെട്ടിരിക്കുന്നു. സ്ലാഹിയെ ക്രൂരമായി ഉപദ്രവിച്ചതിന് ശേഷമുള്ള കാവൽക്കാരിയുടെ സഹതാപപ്രകടനവും, ഒരു കാവൽക്കാരന്റെ കപട സൗഹൃദ സംഭാഷണങ്ങളും, പ്രോസിക്യൂട്ടറിന്റെ നന്മ മനസ്സുമൊക്കെ ഇതിനു ഉദാഹരണമാണ്. ഇതിനോട് ചേർത്തുവായിക്കാൻ കഴിയുന്ന സിനിമയുടെ മറ്റൊരു ദൗർബല്യമാണ് സ്റ്റേറ്റിനോടുളള പ്രീണനം. അതിൻറെ ഫലമായിട്ട് തന്നെയാണ് 2021 ഫെബ്രുവരി മാസത്തിൽ യുഎസിലും ഏപ്രിൽ മാസത്തിൽ യുകെയിലും ഈ സിനിമ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചത്. നീതിന്യായ വ്യവസ്ഥക്ക് അതീതമായ സ്റ്റേറ്റിന്റെ നിലപാടാണ് ഗ്വാണ്ടനാമോ ബേയ് ജയിലിന്റെ രൂപീകരണ കാരണം എന്നുള്ള യാഥാർത്ഥ്യത്തെ സിനിമ മറച്ചുവെക്കാൻ ശ്രമിക്കുന്നുണ്ട്. മാത്രമല്ല സ്റ്റേറ്റിന് സമൂഹത്തിനോടുള്ള ഒരുതരം ഭയമാണ് ജയിൽ നിർമ്മാണത്തിന് ഈയൊരു പ്രദേശം തെരഞ്ഞെടുക്കാനും അവിടെ അതീവ സുരക്ഷ ഉറപ്പുവരുത്താനും കാരണമെന്ന് മനസ്സിലാവും. ഈ പ്രദേശത്തിന്റെ പ്രത്യേകതയായി സിനിമയിൽ പറയുന്നത്, ഒരു ഭാഗത്ത് ക്വാറികളാലും മറുഭാഗത്ത് കടൽ സ്രാവുകളും സുരക്ഷിതമായ ഒരു പ്രദേശമെന്നാണ്. ആയതിനാൽ,ഒരുതരത്തിലും ഇവിടെ നിന്നുള്ള വിവരങ്ങൾ പുറം ലോകത്തിന് ലഭ്യമാവുകയില്ല. ഈ അജണ്ടയുടെ ഭാഗമായാണ് അവിടെ നിന്ന് പുറത്തു പോകുന്ന രേഖകൾ ഒക്കെയും അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നത്. ഈ സിനിമയിലെ കുറ്റവാളികൾ അനുഭവിക്കുന്ന ഐഡൻറിറ്റി ക്രൈസിസ്(Identity Crisis) ആണ് മറ്റൊരു വിഷയം. “The Mauritanian”,”The Marseillenian”, പോലുള്ള നാമകരണങ്ങൾ അതിന്റെ ബാക്കിപത്രമാണ്. നാമകരണം നിരാകരിക്കുന്നതിലൂടെ അവരുടെ അസ്തിത്വത്തെ തന്നെയാണ് അമേരിക്കൻ സാമ്രാജ്യത്വം ചോദ്യം ചെയ്യുന്നത്. അത് ചിത്രത്തിൽ വളരെ സ്പഷ്ടമായി എടുത്തു കാണിക്കുന്നുണ്ട്. 2010-ൽ ഒരു യുഎസ് ജഡ്ജി സ്ലാഹിയെ മോചിപ്പിക്കാൻ ഉത്തരവിട്ടെങ്കിലും അദ്ദേഹം ആറ് വർഷം കൂടി ജയിലിൽ കിടന്നു. നീതിന്യായ വ്യവസ്ഥയെ അങ്ങേയറ്റം വൃത്തികേട്ട രൂപത്തിലും ഉപയോഗപ്പെടുത്താമെന്നുള്ള പാഞ്ചാത്യ അധികാരത്തിന്റെ തോന്നിവാസമാണ് ഇവിടെ വ്യക്തമാവുന്നത്.2003 ൽ പുറത്തിറങ്ങിയ ജെയിംസ് മൻഗോൾഡിന്റെ “Identity” എന്ന സിനിമ ഒരു മനശാസ്ത്ര വിദഗ്ധനും വ്യത്യസ്ത വ്യക്തിത്വങ്ങൾ തമ്മിലുള്ള സംഘർഷത്താൽ ഏകാത്മക വ്യക്തിത്വം രൂപപ്പെടുത്താൻ പ്രയാസപ്പെടുന്ന മാനസിക നില തകരാറിലായ ഒരു കൊലപാതകിയും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് വികസിക്കുന്നത്. ഒരു ഹോട്ടലിൽ കുടുങ്ങിയ ഏതാനും അപരചിതരെക്കുറിച്ച കഥയും സമാനമായി സിനിമയിൽ പറയുന്നുണ്ട്. അവർ ഒരോരുത്തരായി വധിക്കപ്പെടുന്നുണ്ട്. ഇവരെ കൊലപാതികിയുടെ വ്യത്യസ്ത വ്യക്തിത്വങ്ങളുമായി സമാനപ്പെടുത്തുന്നുണ്ട് സംവിധായകൻ. ഇവയിൽ സ്വയം അതിജീവിക്കുന്നതായിരിക്കും കൊലപാതികിയുടെ യഥാർത്ഥ വ്യക്തിത്വം. പരസ്പര സഹകരണത്തോടെ ഇവിടെ ഒന്നും നിലനിൽക്കുകയില്ല. ഭീകരതക്കെതിരായ യുദ്ധത്തിൽ ന്യൂനപക്ഷ ജനവിഭാഗങ്ങൾ നിയന്ത്രിക്കപ്പെടുന്നത് ഈ മാത്യകയിലാണ്.
2008-ലെ തന്റെ തിരഞ്ഞെടുപ്പിൽ, ഗ്വാണ്ടനാമോ ബേ അടയ്ക്കുമെന്ന് ബരാക് ഒബാമ പ്രതിജ്ഞയെടുത്തു, പക്ഷേ അത് ഇന്നും പൂർണ്ണാർത്ഥത്തിൽ പ്രവർത്തിക്കുന്നു. അതിനുശേഷം നിലവിലെ പ്രസിഡൻറ് ജോബൈഡനും ഇത്തരത്തിലുള്ള വാഗ്ദാനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ,ഒബാമ നേരിട്ട അതേ നിയമപരമായ വെല്ലുവിളികളും ജനാധിപത്യപരമായ എതിർപ്പുകളും നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കാം. ഇക്കാലയളവിൽ ധാരാളം പുരസ്കാരങ്ങളും ബഹുമതികളും ഈ സിനിമ കൈവരിച്ചിട്ടുണ്ട്. അഞ്ച് വട്ടം Bafta അവാർഡ് നോമിനേഷൻ,മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് പോലുള്ളവ അതിൽ പ്രധാനപ്പെട്ടതാണ്. യൂറോ-പാഞ്ചാത്യ അപ്രമാദിത്വം നിലനിൽക്കുന്ന ഇന്നത്തെ സമൂഹത്തിൽ,ഭീകരതയ്ക്കെതിരായ യുദ്ധം മുസ്ലിങ്ങളുടെ കാര്യത്തിൽ സ്ഥിരവും അചഞ്ചലവുമായ ഒരു പശ്ചാത്തലമായി തുടരുന്നു. സിനിമയിലെ സത്യസന്ധമായ അവതരണത്തെ പ്രശംസിക്കുന്നതോടൊപ്പം തന്നെ,മുസ്‌ലിങ്ങളെ ഇത്തരം സങ്കുചിത ഭാഷയിൽ ചിത്രീകരിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന ഒരു വ്യവസായത്തോട് വിമർശനാത്മകമായി ഇടപെടേണ്ടത് അത്യാവശ്യമാണ്.