Campus Alive

‘പത്താൻ’ ഹിന്ദു ദേശീയതയെ ശക്തിപ്പെടുത്തുന്ന വിധം

ബോക്സ് ഓഫീസിൽ അരങ്ങേറ്റ ആഴ്ചയിൽ തന്നെ ചരിത്രപരമായ ലാഭം നേടിയ പുതിയ ബോളിവുഡ് ചിത്രമായ പത്താനിൽ ഷാരൂഖ് ഖാൻ (എസ്.ആർ.കെ എന്നറിയപ്പെടുന്നു) അവതരിപ്പിച്ച ടൈറ്റിൽ കഥാപാത്രത്തോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് : “നിങ്ങൾ ഒരു മുസ്‌ലിമാണോ?” ഒരു സിനിമാ ഹാളിൽ ഉപേക്ഷിക്കപ്പെട്ട അനാഥനായതിനാൽ താൻ എന്താണെന്ന് തനിക്ക് അറിയില്ലെന്ന രീതിയിൽ ചോദ്യവും ഉത്തരവും അദ്ദേഹം വഴിതിരിച്ചുവിടുന്നു. ‘എന്റെ രാജ്യമാണ് എന്നെ വളർത്തിയത്. അതുകൊണ്ടാണ് ഞാൻ എന്റെ രാജ്യത്തെ സേവിക്കാൻ തീരുമാനിക്കുകയും സൈന്യത്തിൽ ചേരുകയും ചെയ്തത്,” അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയെക്കുറിച്ച് നമ്മൾ അറിയേണ്ടതെല്ലാം ഈ രംഗം നമ്മോട് പറയുന്നു, കൂടാതെ ഇന്ത്യയിലെ മതങ്ങളോടുള്ള ഷാരൂഖിന്റെ മനോഭാവവും അത് വെളിപ്പെടുത്തുന്നു.

അതിലേക്ക് വരാം. ആദ്യം നമുക്ക് പ്ലോട്ടിനെക്കുറിച്ച് സംസാരിക്കാം.

പാകിസ്ഥാൻ ആർമി ജനറൽ ഖാദിറുമായി (മനീഷ് വാധ്വ) കൈകോർത്ത് മുൻ ഇന്ത്യൻ ചാരനായ ജിം (ജോൺ എബ്രഹാം) ആസൂത്രണം ചെയ്ത മാരകമായ ആക്രമണം തടയാൻ പത്താനെ ചുമതലപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഇന്ത്യയിലെ ഒരു നഗരത്തിൽ മാരകമായ ഒരു വൈറസ് അഴിച്ചുവിടുമെന്നും അത് മുഴുവൻ ജനങ്ങളെയും നശിപ്പിക്കുമെന്നും സിനിമയിലെ വില്ലൻമാർ ഭീഷണിപ്പെടുത്തുന്നു. ആർട്ടിക്കിൾ 370 അല്ലെങ്കിൽ കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ തിരിച്ചടിക്കാൻ പാകിസ്ഥാൻ ജനറൽ ആഗ്രഹിക്കുന്നത്തിന്റെ ഭാഗമാണ് ഇത്.

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ തലപ്പത്ത് പ്രവർത്തിക്കുന്ന സ്‌പെഷ്യൽ ഏജന്റായ പത്താന് ആദ്യം പാകിസ്ഥാൻ ചാര റുബീനയുമായി (ദീപിക പദുക്കോൺ) ചേർന്ന് പ്രവൃത്തിക്കേണ്ടി വരുന്നുണ്ട്. പാക്കിസ്ഥാൻ ജനറലിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന മുൻ ഇന്ത്യൻ ചാരനാണ് ചിത്രത്തിലെ പ്രധാന വില്ലൻ എന്നതിനാൽ, അയൽ രാജ്യങ്ങൾ തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ ശത്രുതയ്ക്ക് ചില സൂക്ഷ്‌മഭേദം നൽകിയതിന് ഇത് പ്രശംസിക്കപ്പെട്ടു. അങ്ങിനെ, ഒരു “നല്ല” ഇന്ത്യൻ മുസ്‌ലിമായ പത്താൻ , ഒരു “മോശം” പാകിസ്ഥാൻ ജനറലും “മോശം” വഴിതെറ്റിയ ഇന്ത്യൻ ഏജന്റും ആസൂത്രണം ചെയ്ത ഇന്ത്യയിലെ കൂട്ടക്കൊല തടയാൻ ഒരു “നല്ല” പാകിസ്ഥാൻ ഏജന്റായ റുബീനയുമായി ചേർന്ന് പ്രവർത്തിക്കുന്നു.

നല്ല ആളുകളും ചീത്ത ആളുകളും ഉണ്ടെന്ന് സിനിമ പറയുന്നതായി തോന്നുന്നു. അവർ ഇന്ത്യക്കാരാണോ പാകിസ്ഥാനികളാണോ എന്നത് പ്രശ്നമല്ല. ഹിന്ദു ദേശീയവാദിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഡൽഹി സ്വേച്ഛാധിപത്യത്തിലേക്കും ഫാസിസത്തിലേക്കും കൂടുതൽ വഴുതിവീഴുമ്പോൾ ഇന്ത്യയും പാകിസ്ഥാനും മുഴുവൻ കാത്തിരുന്ന വിധ്വംസക കഥാവസ്‌തു ആണിതെന്ന് ചില നിരീക്ഷകർ അഭിപ്രായപ്പെടുന്നു. മുമ്പുള്ള പല ബോളിവുഡ് സിനിമകളെയും പോലെ പത്താനിലും കശ്മീർ ഒട്ടും പ്രസക്തിയില്ലാത്ത കെട്ടുകാഴ്‌ച മാത്രമാണ്.

‘ഇന്ത്യയാൽ വളർത്തപ്പെട്ടത്’

ചിത്രത്തിന്റെ വിജയവും കോവിഡ് -19 മൂലം ആളൊഴിഞ്ഞ തിയേറ്ററുകളിലേക്ക് മടങ്ങുന്ന ജനങ്ങളെ ഉൾക്കൊള്ളാൻ സിനിമാ ഹാളുകൾ വീണ്ടും തുറന്നതും കാവി ബിക്കിനി രംഗം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത ഹിന്ദു മേധാവിത്വ വാദികളുടെ മുഖത്തേറ്റ അടിയായി കണക്കാക്കപ്പെടുന്നു. ഇന്ത്യ മുസ്‌ലിംകളുടെ ഇടമല്ലെന്നു കരുതുന്ന ഫാസിസ്റ്റ് ശക്തികളോടുള്ള ഷാരൂഖിന്റെ “ചെറുത്തുനിൽപ്പിന്റെ” തെളിവായും ഇത് വ്യാഖ്യാനിക്കപ്പെട്ടു.

എന്നാൽ നമ്മളെല്ലാവരും കാത്തിരുന്ന സിനിമ ശരിക്കും ഈ പത്താൻ ആണോ?

കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യയെ മൂടിയ ഹിന്ദു ദേശീയതയുടെയും ആധിപത്യത്തിന്റെയും ഏതെങ്കിലും കെട്ടുകഥകളെ ഇത് പരാമർശിക്കുന്നുണ്ടോ ? ഇതിനായി, ബിക്കിനി ധരിച്ച ലിബറൽ പാകിസ്താൻ ചാര റുബീന ( “നല്ല മുസ്‌ലിം”) പത്താനെ ആകാംക്ഷയോടെ നോക്കുകയും അവൻ മുസ്‌ലിമാണോ എന്ന് ചോദിക്കുകയും ചെയ്യുന്ന രംഗത്തിലേക്ക് നാം മടങ്ങണം. ചോദ്യം ഒഴിവാക്കുകയും “ഇന്ത്യ വളർത്തിയ” അനാഥനെന്ന നിലയിൽ തന്റെ ദേശീയ അഭിമാനം പ്രകടിപ്പിക്കുകയും ചെയ്ത ശേഷം, അഫ്ഗാനിസ്ഥാനിലെ ഒരു ഗ്രാമത്തിലെ ഒരു ഗോത്രത്തിൽ നിന്നാണ് തന്റെ ദത്തെടുത്ത പേര് വന്നതെന്ന് പത്താൻ വിശദീകരിക്കുന്നു. ഒരൊറ്റ ശ്രമം കൊണ്ട് പത്താനും ഷാരൂഖിനും തന്റെ മുസ്‌ലീം പൈതൃകവുമായുള്ള നേരിട്ടുള്ള ബന്ധം ഈ രംഗം മായ്ച്ചുകളയുന്നു.

അങ്ങനെ ചെയ്യുന്നതിലൂടെ, ഇസ്‌ലാം ഇന്ത്യൻ മുസ്‌ലിംകളിൽ അന്തർലീനമല്ല എന്ന ഹിന്ദു ദേശീയ വിശ്വാസത്തിന് അത് കീഴടങ്ങുന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് അദ്ദേഹത്തിന് എങ്ങനെ പേര് ലഭിച്ചു എന്ന ഒരു കഥയിലൂടെ പത്താന്റെ മുസ്‌ലിമത്വം – അതിനാൽ കടമെടുത്തതും നേടിയതുമായ സ്വത്വമാണ്; അതിലേറെ പ്രധാനമായി, ഇന്ത്യയ്ക്ക് അന്യമായ ഒന്നാണ്. ഈ രീതിയിൽ സ്വയം “നഷ്ടപ്പെട്ട” പത്താനെ ഇന്ത്യൻ സൈന്യവുമായുള്ള ബന്ധത്തിലൂടെ “കണ്ടെത്തുകയാണ്”.

അതിനാൽ, അദ്ദേഹത്തിന്റെ കൂറ് അദ്ദേഹം ഉൾപ്പെടുന്ന ഭാരതമാതാവിനോടാണ്. പത്താനെ സംബന്ധിച്ചിടത്തോളം, ഭാരതമാതാവ് തന്റെ മേലുദ്യോഗസ്ഥയായ നന്ദിനിയിൽ (ഡിംപിൾ കപാഡിയ) പ്രത്യക്ഷപ്പെടുന്നു. പിന്നീട്, സ്വാഭാവികമായും, നന്ദിനി രാജ്യത്തിനായി സ്വയം ത്യാഗം ചെയ്യുമ്പോൾ, അവൾ ഹിന്ദു ദേവനായ ശിവന്റെ പേര് വിളിക്കുന്നു, ഇത് ഭാരതമാതാവിന്റെ ആത്മീയ കേന്ദ്രത്തിന്റെ കാതൽ ആരാണെന്ന് വ്യക്തമാക്കുന്നു.

ഇത് ഹിന്ദുത്വത്തെ (ഹിന്ദുത്വം അല്ലെങ്കിൽ ഹിന്ദുവായിരിക്കുന്ന വഴികൾ) അതിശയിപ്പിക്കുന്ന ഒരു ആഹ്വാനമാണ്. കൂടാതെ ഇന്ത്യൻ സമൂഹത്തിൽ ഹിന്ദു ഭൂരിപക്ഷവാദത്തെ ഷാരൂഖ് സ്വീകരിച്ചതിനെ അടിവരയിടുന്നു. അതേസമയം ഇന്ത്യയിലെ മുസ്‌ലിംകൾക്കെതിരായ വിവിധങ്ങളായ മുൻവിധികളെ നിശബ്ദമായി അത് സാധൂകരിക്കുകയും ചെയ്യുന്നു.

മേം ഹൂ നാ (2004) യിൽ നമ്മൾ ഇത് കണ്ടു. അതിൽ പ്ലോട്ട് ലൈൻ വളരെ സമാനമാണ്. ഹിന്ദു ഇതിഹാസമായ രാമായണത്തെ ഇതിവൃത്തമാക്കിക്കൊണ്ട്, അസംതൃപ്തനായ മറ്റൊരു ഇന്ത്യൻ സൈനികനായ രാഘവനെ (സുനിൽ ഷെട്ടി) പാകിസ്ഥാനുമായുള്ള താൽക്കാലിക സമാധാന കരാർ നശിപ്പിക്കുന്നതിൽ നിന്ന് തടയാൻ സഹോദരൻ ലക്ഷ്മണനുമായി (സായിദ് ഖാൻ) പ്രവർത്തിക്കുന്ന മേജർ റാം എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്.

ഉപരിതലത്തിൽ, ഈ ചിത്രം ക്ലാസിക് എഴുപതുകളിലെ ബോളിവുഡ് സിനിമയ്ക്ക് ഒരു രസകരമായ സ്പൂഫും ആദരാഞ്ജലിയുമാണ്. പക്ഷേ അതിന്റെ കാതൽ, ഇത് സൈനികവാദത്തെ ആഘോഷിക്കുകയും പരുക്കൻ ലോകത്ത് ഇന്ത്യൻ സൈന്യത്തെ നീതിയുക്തവും ധാർമ്മികവുമായ ഒന്നായി ഉയർത്തിക്കാട്ടുകയും ചെയ്യുന്നു. രാഘവൻ ഒരു ഹിന്ദു ദേശീയവാദിയാണ്, അദ്ദേഹത്തിന്റെ മകൻ കശ്മീരിൽ മരിച്ചതിനാൽ പാകിസ്ഥാനുമായി സമാധാനം അദ്ദേഹത്തിന് അംഗീകരിക്കാൻ കഴിയില്ല; അതിനാൽ കശ്മീരിനെ പൈശാചികവത്കരിക്കാനുള്ള ഒരു വഴി കണ്ടെത്താതിരിക്കാൻ സിനിമയ്ക്ക് കഴിയില്ല.

ചക് ദേയിൽ! ഇന്ത്യ (2007) യിൽ ലോകകപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ലോകകപ്പ് നഷ്ടമുണ്ടാക്കിയ അപമാനിതനായ ഹോക്കി കളിക്കാരനായ കബീർ ഖാന്റെ വേഷമാണ് ഷാരൂഖ് ഖാൻ അവതരിപ്പിക്കുന്നത്. അയാളെ രാജ്യദ്രോഹിയായി മുദ്രകുത്തുന്നു. വർഷങ്ങൾക്ക് ശേഷം, കബീർ ഖാൻ നിസ്സഹായരായ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ കോച്ചിംഗ് ഉത്തരവാദിത്തം ഏറ്റെടുക്കുകയും അവരെ അചിന്തനീയമായ ലോകകപ്പ് വിജയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, ഒരു ഇന്ത്യൻ മുസ്‌ലിം എന്ന നിലയിൽ അദ്ദേഹം തന്റെ മൂല്യം തെളിയിക്കുകയും ഇന്ത്യൻ സമൂഹത്തിലേക്ക് തിരികെ സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്നു.

അവിടെയും സന്ദേശം വ്യക്തമാണ്: സ്വീകാര്യത നേടാനോ അദൃശ്യമായി തുടരാനോ മുസ്‌ലിംകൾ അസാധ്യമായത് ചെയ്യണം. അത്തരമൊരു സമീപനമാണ് ഷാരൂഖ് തന്റെ സ്വകാര്യ ജീവിതത്തിലും ശ്രദ്ധാപൂർവ്വം ഉൾപ്പെടുത്തിയിരിക്കുന്നത്. “ഞാൻ ഒരു മുസ്‌ലിമാണ്, എന്റെ ഭാര്യ ഹിന്ദുവാണ്, എന്റെ കുട്ടികൾ ഹിന്ദുസ്ഥാനാണ്”, “ഞാൻ എന്റെ മകനും മകൾക്കും പൊതുവായ (പാൻ-ഇന്ത്യൻ, പാൻ-റിലീജിയൻ) പേരുകൾ നൽകി: ആര്യൻ, സുഹാന”. തന്റെ പ്രിവിലേജ്ഡ് കുടുംബം ബോളിവുഡ് പോലെ ഒരു സമന്വയ ഇടമാണെന്ന് അദ്ദേഹം അടിവരയിടുന്നു; ഊർജ്ജസ്വലവും അഹിംസാത്മകവും സഹിഷ്ണുതയുള്ളതുമായ ജനാധിപത്യം.

എന്നാൽ പുകമറയ്ക്കപ്പുറം, ഇന്ത്യ എല്ലായ്പ്പോഴും മുസ്‌ലിംകൾക്കോ ദലിതുകൾക്കോ ക്രിസ്ത്യാനികൾക്കോ ജീവിക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലം തന്നെയാണ്. ‘പത്താൻ’ ഈ പാരമ്പര്യം തുടരുകയും യാഥാർത്ഥ്യവുമായി ഇടപഴകാൻ വിസമ്മതിക്കുകയും ചെയ്യുന്നു. എന്നാൽ ഷാരൂഖ് ഖാൻ തന്നെ ഏറ്റവും വലിയ വക്താവായ ബോളിവുഡിന്റെ പ്രഖ്യാപിത മതേതര ഫാന്റസിയുടെ കുംഭകോണത്തിനപ്പുറം, ‘പത്താൻ’ ഒരു പടി കൂടി കടന്ന് പരിഹരിക്കാനാവാത്ത ദോഷം വരുത്തിവെക്കുന്നുണ്ട്.

ഇത് കശ്മീരിന്റെ ചിത്രീകരണത്തെ ചുറ്റിപ്പറ്റിയാണ്.

കശ്മീർ: യഥാർത്ഥ ഗൂഢാലോചന

ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ചിത്രം വെല്ലുവിളിക്കുന്നില്ല, മാത്രമല്ല ഇന്ത്യയോട് പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്ന പാകിസ്ഥാൻ ജനറലിൽ നിന്നും അദ്ദേഹത്തിന്റെ കൂലിപ്പട്ടാളക്കാരിൽ നിന്നും മാത്രമാണ് “വിയോജിപ്പ്” ഉയർന്നുവരുന്നത്.

എന്നാൽ കശ്മീർ ഗൂഢാലോചനയുടെ പശ്ചാത്തലം മാത്രമായി കണക്കാക്കാമെങ്കിലും, വാസ്തവത്തിൽ കശ്മീർ തന്നെയാണ് ഗൂഢാലോചന. മോദിയും അദ്ദേഹത്തിന്റെ ഭരണകക്ഷിയായ ബി.ജെ.പിയും ഇന്ത്യൻ രാഷ്ട്രത്തെ കർശനമായി ഹിന്ദു ഭാഷയിൽ നിർവചിക്കുന്ന ഈ സമയത്ത്, പത്താനിലൂടെ ബോളിവുഡിന്റെ ഫാന്റസി മതേതരത്വം ഇന്ത്യൻ മുസ്‌ലിംകൾക്കും കശ്മീരിനും മേലുള്ള ഹിന്ദുത്വത്തിന്റെ നേട്ടങ്ങളെ ഊട്ടി ഉറപ്പിക്കുകയാണ്.

തിരക്കഥയുടെ യുക്തി അനുസരിച്ച്, കശ്മീരിലെ നടപടികളിൽ ഇന്ത്യയോടുള്ള പാകിസ്ഥാന്റെ രോഷം ഒരു വ്യക്തിയുടെ പ്രതികാരത്തിനായുള്ള വ്യക്തിപരമായ അന്വേഷണമായി ചുരുങ്ങുന്നു. കശ്മീരികൾക്ക് തന്നെ എന്താണ് വേണ്ടത് എന്നത് സിനിമയിൽ ഒരു ചോദ്യമോ പരിഗണനയോ പോലും അല്ല. അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവർ ഇന്ത്യയുടെ ഭാഗമാണ്. മാത്രമല്ല, ഈ പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗം കശ്മീരിന്റെ അർദ്ധ സ്വയംഭരണ പദവി പുനഃസ്ഥാപിക്കുകയോ കശ്മീരികൾക്ക് സ്വയം നിർണയാവകാശം നൽകുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുകയോ അല്ല (ഒരാൾക്ക് രണ്ടാമത്തേതിനെ സ്വപ്നം കാണാൻ മാത്രമേ കഴിയൂ). അതിനു പകരം കശ്മീർ ക്രൂരമായി പിടിച്ചടക്കിയ കേന്ദ്ര കുറ്റകൃത്യത്തിന്റെ കുറ്റവാളിയായിട്ടും , ഇരയായി ചിത്രീകരിക്കപ്പെടുന്ന ഇന്ത്യക്കെതിരായ ഒരു ദുഷിച്ച ഗൂഢാലോചന തടയാൻ ഒരു ജോഡി ഇന്ത്യൻ, പാകിസ്ഥാൻ ചാരന്മാരെ ഈ ചിത്രം അണിനിരത്തുന്നു.

മറ്റൊരു രംഗത്തിൽ, മുൻ ചാരനും വില്ലനുമായ ജിം, സർക്കാർ അദ്ദേഹത്തിന് കശ്മീർ “നൽകിയാൽ” ഇന്ത്യയിലെ ഒരു നഗരത്തിന് നേരെയുള്ള ജൈവിക ആക്രമണം അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു (ഒരുപക്ഷേ പാകിസ്ഥാൻ ജനറലിന് വേണ്ടി). ഇന്ത്യ അത് നിരസിച്ചു. വീണ്ടും, സന്ദേശം വ്യക്തമാണ്: ഒരു ഇന്ത്യൻ നഗരത്തെ മുഴുവൻ ഉന്മൂലനം ചെയ്താലും കാശ്മീരിൽ ചർച്ചയ്ക്ക് തയ്യാറല്ല.

അവിഭക്ത ഇന്ത്യ

2019 ൽ സ്വയംഭരണാവകാശം റദ്ദാക്കിയതും അതിനുശേഷമുള്ള കാലയളവും പതിറ്റാണ്ടുകൾ നീണ്ട അധിനിവേശത്തിൽ കശ്മീരിലെ ഏറ്റവും പ്രയാസകരമായ ദിവസങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇന്റർനെറ്റ് ലഭ്യതക്കും ആശയവിനിമയത്തിനുമുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടെ എല്ലാത്തരം വിയോജിപ്പുകൾക്കും എതിരെയുള്ള ഇന്ത്യൻ സർക്കാരിന്റെ അടിച്ചമർത്തൽ ഭയാനകമായ ഫലമുണ്ടാക്കി.

മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ ഹിന്ദു ആധിപത്യം കൈവരിക്കുന്നതിനായി ജനസംഖ്യാശാസ്ത്രത്തിൽ മാറ്റം വരുത്തുന്ന ഒരു പദ്ധതിയും ഇത് നടപ്പാക്കിയിട്ടുണ്ട്. പതിറ്റാണ്ടുകളായി ബോളിവുഡ് ഉൾപ്പെയുള്ള സോഫ്റ്റ് പവർ പ്രയോഗങ്ങളുടെ ഫലമായി ബ്രാൻഡ് ഇന്ത്യയുടെ സ്വഭാവം, കശ്മീരികളെ ക്രൂരമായി പീഡിപ്പിച്ചതിന് അന്താരാഷ്ട്ര സമൂഹം ഇന്ത്യയെ പൂർണമായും കുറ്റവിമുക്തമാക്കി എന്ന നിലയിലാണ്. മോദിയുടെയും ആർ.എസ്.എസിന്റെയും ഹിന്ദു വലതുപക്ഷത്തിന്റെയും കശ്മീരിലെ കുടിയേറ്റ-കൊളോണിയൽ പദ്ധതിയുടെ അംഗീകാരവും സാധാരണവൽക്കരണവുമല്ലാതെ മറ്റെന്താണ് ഇത്? ഇത് എന്ത് സന്ദേശമാണ് നൽകുന്നത്?

ഇന്ത്യൻ മുസ്‌ലിംകൾ തങ്ങളുടെ മുസ്‌ലിമത്വം നിയന്ത്രിക്കുകയും രാഷ്ട്രത്തോടും സാമ്രാജ്യത്തോടുമുള്ള വിശ്വസ്തത തെളിയിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പ്രത്യേകിച്ചും കശ്മീരിലെ തങ്ങളുടെ സഹ മുസ്‌ലിംകളുടെ അധിനിവേശം സാധാരണവത്കരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുമ്പോൾ . മാത്രമല്ല, പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും ഇന്ത്യൻ അഭിലാഷങ്ങളുടെ പരിധിയിൽ കൊണ്ടുവരാൻ കഴിയുന്ന ഒരു ലോകമാണ് പത്താൻ അവതരിപ്പിക്കുന്നത്. ഈ മേഖലയിലെ മറ്റെല്ലാ രാജ്യങ്ങളും ഇന്ത്യയ്ക്ക് ചുറ്റും പരിക്രമണം ചെയ്യണം. മ്യാന്മാർ മുതൽ അഫ്ഘാനിസ്ഥാൻ വരെ വ്യാപിച്ചുകിടക്കുന്ന അഖണ്ഡ ഭാരതം (അവിഭക്ത ഇന്ത്യ) എന്നറിയപ്പെടുന്ന ഹിന്ദുത്വയുടെ പ്രാദേശിക സാങ്കല്പ്പികതകളുമായുള്ള ഭൂമിശാസ്ത്രപരമായ ബന്ധം ഇതിൽ നമുക്ക് കാണാൻ കഴിയും.

പാക്കിസ്ഥാൻ സ്പോൺസർ ചെയ്യുന്ന എതിരാളിയെ കുടുക്കാൻ പത്താൻ “നല്ല” അഫ്ഗാൻ ഗ്രാമീണരെ ഉപയോഗിക്കുന്നത് യഥാർത്ഥത്തിൽ ആശ്ചര്യകരമാണോ? ആർ.എസ്.എസും ഇന്ത്യൻ വിദേശനയവുമായുള്ള സമാനതകൾ അതിശയകരമാണ്. പരുഷ വാഗ്വാദക്കാരനോ പ്രകോപനക്കാരനോ അല്ല, സമാധാനവാദിയുടെയും സ്നേഹിയുടെയും വൈദഗ്ധ്യത്തോടെയാണ് ഇതെല്ലാം ചെയ്യുന്നത്.

ഇന്ത്യൻ ഭാവനയിൽ ഉൾക്കൊള്ളലിന്റെ പ്രതീകമായ തന്റെ സമ്പത്തും സ്ഥാനവും സംബന്ധിച്ച് ഷാരൂഖിന് ആക്രമണങ്ങളും ഹിന്ദു ദേശീയത ബ്രിഗേഡിന്റെ രോഷവും അസൂയയും നേരിടേണ്ടി വന്നിട്ടുണ്ട് എന്ന വസ്തുത തള്ളിക്കളയാനല്ല ഇത്. അവർ അദ്ദേഹത്തിന്റെ പോസ്റ്ററുകൾ കത്തിച്ചു. ഓൺലൈനിൽ അനന്തമായി ട്രോളി. അസ്വാഭിവകമായ ഒരു ക്രിമിനൽ അന്വേഷണത്തിന്റെ രൂപത്തിൽ അദ്ദേഹത്തിന്റെ മകൻ ആര്യനെയും “മനഃപൂർവ്വം ലക്ഷ്യമിടുന്നു”. എന്നാൽ ചിത്രം റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ, തന്റെ മേൽ ചൊരിയപ്പെട്ട വിജയവും സ്നേഹവും സമീപ വർഷങ്ങളിൽ താൻ അഭിമുഖീകരിച്ച പ്രശ്നങ്ങൾ വളരെയധികം കുറച്ചതായി ഷാരൂഖ് ഒരു അഭിമുഖത്തിൽ നിരീക്ഷിച്ചു. “കഴിഞ്ഞ നാല് ദിവസം കൊണ്ട്, എന്റെ കഴിഞ്ഞ നാല് വർഷങ്ങൾ ഞാൻ മറന്നു,” അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, പുതിയ പൗരത്വ നിയമങ്ങൾ, വംശഹത്യകൾ, ആൾക്കൂട്ട കൊലപാതകങ്ങൾ, വീടുകളും പള്ളികളും നശിപ്പിക്കൽ, കൂട്ട അറസ്റ്റുകൾ, ഭീഷണികൾ എന്നിവ മൂലം വലയുന്ന സാധാരണ ഇന്ത്യൻ മുസ്‌ലീംകളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ നാല് വർഷമായി അദ്ദേഹം അഭിമുഖീകരിച്ച പ്രശ്നങ്ങൾ ഒന്നുമല്ല. ഓരോ ദിവസവും പുതിയ കുടിയേറ്റ-കൊളോണിയൽ നിയമങ്ങൾ കണ്ട് ദശലക്ഷക്കണക്കിന് കശ്മീരികൾ ഉണരുന്നതുമായി ഇത് താരതമ്യപ്പെടുത്തുന്നില്ല. അതേസമയം ഇന്ത്യ എല്ലാത്തരം വിയോജിപ്പുകളും പൂർണ്ണമായും നിശബ്ദമാക്കുകയും കുറ്റകരമാക്കുകയും ചെയ്യുന്നു.

വർഗീയതയുടെയും ഫാസിസത്തിന്റെയും ശക്തികളെ കെട്ടുകഥകളിലൂടെ പരാജയപ്പെടുത്താൻ ശ്രമിക്കാതെ, പകരം മുസ്‌ലിംങ്ങൾ സ്വയം ഒളിച്ചിരിക്കുകയോ ഹിന്ദു രാഷ്ട്രസേവനത്തിൽ സംഘടിക്കുകയോ കശ്മീരികളെ കൂടുതൽ അടിച്ചമർത്താൻ സഹായിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്നതിലൂടെ, അതിന്റെ നായകൻ അത് ചെയ്യുന്നതിലൂടെ, ‘പത്താൻ’ വെറുമൊരു ഭയാനകമായ സിനിമ മാത്രമല്ല, അത് ഇന്ത്യക്ക് മേലുള്ള ഫാസിസ്റ്റ് പിടി ശക്തിപ്പെടുത്തുന്ന ഒന്ന് കൂടി ആണ്.

വിവർത്തനം : അഫ്സൽ റഹ്‌മാൻ

കടപ്പാട് : മിഡിൽ ഈസ്റ്റ് ഐ

https://www.middleeasteye.net/opinion/india-shah-rukh-khan-pathaan-hindutva-strengthen-how

അസദ് ഇസ്സ