Campus Alive

തുര്‍ക്കി: ശൈഖ് സാഹിദ് കോത്കുവിന്റെ ചിന്തകളുടെ സ്വാധീനം

ആധുനിക തുര്‍ക്കിയിലെ ഇസ്‌ലാമിക നവജാകരണത്തില്‍ സുപ്രധാന സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിത്വമാണ് ശൈഖ് സാഹിദ് കോത്കു. തുര്‍ക്കിയിലെ സൂഫി സില്‍സിലകളില്‍ ഏറ്റവും ശക്തമായ നഖ്ഷബന്ദി സില്‍സിലയുെട പ്രധാന വിഭാഗമായ ഖാലിദീയയുടെ നേതാവായിരുന്നു ശൈഖ് കോത്കു. സമകാലികനായ ബദീഉസ്മാന്‍ സഈദ് നൂര്‍സി വിശ്വാസം, ഭൗതികത, ശാസ്ത്രം എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കി തുര്‍ക്കിയിലെ സെകുലറിസ്റ്റ്, കെമാലിസ്റ്റ് സാമൂഹിക, രാഷ്ട്രീയ ഘടനയെ അഭിമുഖീകരിച്ചപ്പോള്‍ ശൈഖ് കോത്കു സുസംഘിടതമായ നഖ്ഷബന്ദി സില്‍സിലയുടെ ജനപ്രീതി ഉപയോഗപ്പെടുത്തി മത-സാമൂഹിക സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ അത്ഭുതബപൂര്‍വ്വമായ സ്വാധീനം ചെലുത്തി.
1891-ല്‍ ബുര്‍സയിലെ കൊക്കേഷ്യന്‍ പശ്ചാത്തലമുളള കുടുംബത്തിലാണ് ശൈഖ് കോത്കു ജനിച്ചത്. പിതാവ് ശൈഖ് ഇബ്‌റാഹീം എഫന്ദിയാണ് പ്രഥമ ഗുരുനാഥന്‍. ഉസ്മാനിയാ ഖിലാഫത്തിന്റെ ആഭ്യന്തര പ്രശ്‌നങ്ങളിലും ലോക ഇസ്‌ലാമിക ചലനങ്ങളിലും താത്പര്യം പ്രകടിപ്പിച്ച ശൈഖ് കോത്കു ചെറുപ്പത്തില്‍ തന്നെ നഖ്ഷബന്ദി ശൈഖുമാരുമായി ഹൃദ്യമായ ബന്ധം സ്ഥാപിക്കുകയും ശക്തനായ അനുയായി ആയി മാറുകയും ചെയ്തു. 21-ാം വയസ്സില്‍ ദാഗിസ്ഥാനി സൂഫിവര്യനായ ശൈഖ് ഉമര്‍ സിയാവുദ്ദീനിന്റെ ശിഷ്യത്വം സ്വീകരിച്ചു. 1925-ലെ കമാല്‍ അത്താതുര്‍ക്കിന്റെ മതേതരവല്‍ക്കരണത്തിന്റെ ഭാഗമായി നടന്ന വ്യാപകമായ മതസംവിധാനങ്ങളുടെ നിരോധനത്തില്‍ ശൈഖ് കോത്കുവിന്റെ ഇമാമത്ത് തസ്തിക നഷ്ടപ്പെട്ടു. എന്നിരുന്നാലും ശൈഖ് കോത്കു നഖ്ഷബന്ദി സില്‍സിലയുമായുളള തന്റെ ബന്ധം തുടര്‍ന്നു.
1952-ല്‍ തന്റെ ശൈഖായ ഇശ്കന്ദര്‍പാഷ കമ്മ്യൂണിറ്റിയുടെ തലവന്‍ ശൈഖ് അബ്ദുല്‍ അസീസ് ബെക്കിനെ കാസാനിയുടെ നിര്യാണത്തെ തുടര്‍ന്ന് സില്‍സിലയുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. ഇക്കാലയളവില്‍ അദ്ദേഹം വിവിധ മസ്ജിദുകളില്‍ ഇമാം സ്ഥാനം വഹിച്ചിരുന്നു. 1958-ല്‍ ഇശ്കന്ദര്‍പാഷാ മസ്ജിദിന്റെ ഇമാമായി മാറിയ ശൈഖ് കോത്കു മരണം വരെയും അവിടെ തുടര്‍ന്നു. ഇശ്കന്ദര്‍ പാഷാ മസ്ജിദിലെ ജോലി അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഏറെ വഴിത്തിരിവുണ്ടാക്കിയ ചരിത്ര മുഹൂര്‍ത്തമാണ്. പില്‍ക്കാലത്ത് തുര്‍ക്കിയെ ഇസ്‌ലാമിക അടിത്തറിയില്‍ മത-രാഷ്ട്രീയ മാധ്യമ-സാമ്പത്തിക രംഗങ്ങളില്‍ നേതൃത്വം വഹിച്ചവരില്‍ ഭൂരിപക്ഷവും അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. മാന്ത്രിമാരായിരുന്ന കോര്‍കുത് ഒസാല്‍, ലുത്ഫു ദോഗാന്‍, ഫെഹിം അദാക്, പ്രധാനമന്ത്രി ആയിരുന്ന നെജ്മുദ്ദീന്‍ അര്‍ബക്കാന്‍, പ്രസിഡന്റുമാരായ തുര്‍കുത് ഒസാല്‍, റജബ് ത്വയ്യിബ് എര്‍ദുഗാന്‍ എന്നിവരടക്കം സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയ വിവിധ മേഖലയില്‍ ഉളളവര്‍ ഇശ്കന്ദര്‍പാഷാ മസ്ജിദിലെ അദ്ദേഹത്തിന്റെ മജ്‌ലിസില്‍ സജീവമായിരുന്നു. മസ്ജിദ് കേന്ദ്രീകൃതമായി പ്രവര്‍ത്തനം നടത്തിയിരുന്ന ഇശ്കന്ദര്‍പാഷാ കമ്മ്യൂണിറ്റിയെ തുര്‍ക്കിയിലെ ഏറ്റവും സ്വാധീനമുളള സംഘടനയായി പരിവര്‍ത്തിപ്പിക്കാന്‍ ശൈഖ് കോത്കുവിന് സാധിച്ചു. 1980-ല്‍ ഹജ്ജ് നിര്‍വഹിച്ച് തിരിച്ച് വന്ന ശൈഖ് കോത്കു രോഗബാധിതനാവുകയും ഒരാഴ്ച്ചക്കകം ഇഹലോകവാസം വെടിയുകയും ചെയ്തു. സുലൈമാന്‍ ദമിറേല്‍ ഭരണകൂടം അദ്ദേഹത്തിന്റെ മൃതശരീരത്തെ ചരിത്രപ്രസിദ്ധമായ സുലൈമാനിയ മസ്ജിദില്‍ ഖബറടക്കാന്‍ ഉത്തരവിട്ടു. തൊട്ടുടനെ നടന്ന പട്ടാള അട്ടമറി ദമിറേല്‍ ഭരണകൂടത്തെ താഴെയിറക്കിയെങ്കിലും ശൈഖ് കോത്കുവിന്റെ ജനപ്രീതിയില്‍ ആകൃഷ്ടരായ പട്ടാളഭരണകൂടം ദമിറേലിന്റെ ഉത്തരവ് നടപ്പിലാക്കുകയുണ്ടായി. തുര്‍ക്കിയിലെ എല്ലാ സൂഫി ധാരകളും ശൈഖ് കോത്കുവിനെ തങ്ങളുടെ സ്വന്തം ‘ഖുത്വുബ്’ ആയാണ് പരിഗണിക്കുന്നത്. മറ്റെല്ലാ സൂഫി ശൈഖുമാരെക്കാളും ജനപ്രീതിയും സ്വാധീനവും ശൈഖ് കോത്കുവിനും അദ്ദേഹത്തിന്റെ ചിന്തകള്‍ക്കുമുണ്ട്.

രാഷ്ട്രീയ ചിന്തകള്‍
സാമൂഹിക പരിഷ്‌കരണത്തിന് റവല്യൂഷന്‍ എന്നതിലുപരി ഇവല്യൂഷന്‍ ആണ് വേണ്ടത് എന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചത്. മുസ്‌ലിം കമ്മ്യൂണിറ്റിയുടെ സമൂലപരിവര്‍ത്തനം ഇസ്‌ലാമിക രാഷ്ട്ര സ്ഥാപനത്തെ ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുര്‍ക്കിയുടെ സാമൂഹിക സാഹര്യത്തെ സസൂഷ്മം നിരീക്ഷിച്ച ശൈഖ് കോത്കു സമൂഹത്തില്‍ ഇസ്‌ലാമിന്റെ ഭന്ദ്രവും സുശക്തവുമായ സാന്നിധ്യം ഇല്ലായെങ്കില്‍ സമാധാനപൂര്‍ണമായ സാമൂഹികഘടന രൂപപ്പെടുകയില്ലെന്ന് പ്രസ്താവിച്ചു. സാമൂഹിക നീതിയും സമഭാവനയും ഇസ്‌ലാമിക മൂല്യങ്ങളെ ഉള്‍കൊളളുന്നതിലൂടെയാണ് രൂപപ്പെടുന്നതെന്നും സൂഫിസരണി ഈ പ്രക്രിയയെ ഏറെ സഹായിക്കുമെന്നും അദ്ദേഹം വീക്ഷിച്ചു. സ്വത്വം, സാമൂഹിക നീതി, സുസംഘടിതമായ സമൂഹം, ശക്തിഭന്ദ്രമായ ഭരണകൂടം എന്നിവയെല്ലാം ഇസ്‌ലാമിക ഘടനയിലൂടെ പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക വിദ്യാഭ്യാസവും അതിലൂടെ രൂപപ്പെടുന്ന മാനുഷിക വികസനവും സാമൂഹിക പരിവര്‍ത്തനത്തിന്റെ ചാലക ശക്തികളാണ്. ധാര്‍മിക മൂല്യങ്ങളിലൂടെ സ്വാര്‍ത്ഥതയില്‍ നിന്ന് മുക്തി നേടിയ വ്യക്തിത്വത്തിന് ഈ പരിവര്‍ത്തനത്തിന്റെ ചുക്കാന്‍ വഹിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

നജ്മുദ്ദീന്‍ അര്‍ബകാന്‍

എല്ലാ സാമൂഹിക വ്യവഹാരങ്ങളെയും സൂഫിധാരയുമായി ബന്ധിപ്പിക്കുവാന്‍ സാധിച്ചു എന്നതാണ് ശൈഖ് കോത്കുവിന്റെ മറ്റൊരു സവിശേഷത. ആഭ്യന്തര-അന്താരാഷ്ട്ര ഇസ്‌ലാമിക സംഭവ വികാസങ്ങളെ സസൂഷ്മം ശ്രദ്ധിച്ചിരുന്ന ശൈഖ് കോത്കു എല്ലാ വിഷയങ്ങളിലും അനുയോജ്യമായ പരിഹാരനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. സൂഫീ ധാരകള്‍ ജമാഅത്ത് എന്ന നാമധേയത്തിലാണ് തുര്‍ക്കിയില്‍ അറിയപ്പെടുന്നത്. സമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന മത-രാഷ്ട്രീയ പദ്ധതികളും ശക്തമായ മീഡിയാ സ്വാധീനവുമുളള സൂഫി ജമാഅത്തുകള്‍ തങ്ങളുടെ അനുയായികളെ പ്രതിലോമ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നും സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും സംരക്ഷിക്കുക എന്ന അടിസ്ഥാനത്തില്‍ വ്യവസായിക സഹകരണ സംഘങ്ങളും നിലനിര്‍ത്തുന്നുണ്ട്. ശൈഖ് കോത്കു സൂഫി ഘടനയെ വളരെ ഫലപ്രദമായി വിനിയോഗിച്ചിട്ടുണ്ട്. സുഹ്ബത് എന്ന സംഘടനാ സംവിധാനത്തിലൂടെ സൂഫി സില്‍സിലകള്‍ തങ്ങളുടെ അനുയായിവൃന്ദത്തിന്റെ പരസ്പരബന്ധത്തെ ബലപ്പെടുത്തുന്നു. വളരെ സ്വകാര്യമായ ശൈഖ്-അനുയായി ഇടപെടലായ സുഹ്ബത്തിനെ കൂടുതല്‍ ജനകീയമാക്കുകയും ആധുനിക മീഡിയ സൗകര്യങ്ങളില്‍ ഉപയോഗിച്ച്‌കൊണ്ട് പൊതുജനങ്ങളിലേക്ക് തന്റെ ചിന്തകള്‍ വ്യാപിപ്പിക്കാന്‍ ശൈഖ് കോത്കു ശ്രമിച്ചു. സെക്കുലര്‍-കെമാലിസ്റ്റ് ധാരയുടെ സമൂഹത്തിലുളള സ്വാധീനത്തെ മീഡിയയുടെ സഹായത്താല്‍ എതിര്‍ക്കാനും ഇസ്‌ലാമിനെ പ്രതിരോധിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. ‘സ്വബാഹ്’ പോലുളള ദിനപത്രങ്ങളുടെ രൂപീകരണത്തിനും നിരവധി ഇസ്‌ലാമിക പശ്ചാത്തലമുളള മാസികകളുടെയും വാരികകളുടെയും ഉദയത്തിനും അദ്ദേഹത്തിന്റെ ചിന്തകള്‍ വഴിയൊരുക്കിയിട്ടുണ്ട്. യുവാക്കള്‍ മാധ്യമരംഗത്ത് കൂടുതല്‍ സംഭാവനകള്‍ അര്‍പ്പിക്കുവാനും ഇസ്‌ലാമിനെതിരെയുളള പ്രചാരണങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.
1960 കളില്‍ ഇസ്‌ലാമിന്റെ ശബ്ദം ആയി തുര്‍ക്കിയില്‍ കൂടുതല്‍ പ്രചാരം ലഭിച്ചത് ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന രീതികളും സയ്യിദ് ഖുതുബ്, മൗലാനാ മൗദൂദി, സഈദ് ഹവ്വ, അലി ശരീഅത്തി എന്നിവരുടെ ചിന്തകളുമായിരുന്നു. എന്നാല്‍ ശൈഖ് കോത്കുവിന്റെ പ്രവര്‍ത്തനഫലമായി നഖ്ഷബന്ദീധാരയുടെ എല്ലാ ഉപവിഭാഗങ്ങളും കൂടുതല്‍ സ്വാധീനം നേടിയതായി ശെരീഫ് മര്‍ദിന്‍ നിരീക്ഷിക്കുന്നുണ്ട്. കെമാലിസ്റ്റ്-സെകുലരിസ്റ്റ് ചിന്തകള്‍ക്ക് ആധിപത്യം ഉണ്ടായിരുന്ന തുര്‍ക്കിയിലെ സാമൂഹിക-രാഷ്ട്രീയ ഭൂമികളില്‍ ഒരു ബദല്‍ സൃഷ്ടിക്കാനായി ശൈഖ് കോത്കു മഹ്മൂദ് സാമി റമസാനോഗ്‌ലു, മഹ്മൂദ് ഉസ്ത ഉസ്മാനോഗ്‌ലു എന്ന പ്രമുഖരായ ഖാലിദീ സൂഫിവര്യന്മാരുടെ സഹായത്തോടെ National Outlook Movement എന്ന മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനത്തിന് രൂപം നല്‍കി. 1969-71- കാലങ്ങളില്‍ മതകാര്യവകുപ്പിന്റെ നേതൃത്വം വഹിച്ചിരുന്ന ലുത്ഫു ദോഗാന്‍ ആ ദിനം അനുസ്മരിക്കുന്നുണ്ട്. അദ്ദേഹത്തോടൊപ്പം മറ്റ് പ്രമുഖ നേതാക്കളെ വിളിച്ചുവരുത്തി ശൈഖ് കോത്കു പറഞ്ഞു: ‘രാഷ്ട്ര വികസനത്തിനും സുരക്ഷക്കും സ്വയം സമര്‍പ്പിതരാണ് നിങ്ങള്‍, നമ്മുടെ ഈ വ്രണിത ദേശത്തിന്റെ സ്വാതന്ത്ര്യവും സത്വവും ഇസ്‌ലാമുമായി ബന്ധപ്പെട്ടതാണ്. നിങ്ങളുടെ പൈതൃകവും ഇസ്‌ലാമാണ്. മുസ്‌ലിംകളുടെ ആവശ്യം ശിരസ്സാവഹിച്ചുകൊണ്ടു ഒട്ടോമന്‍-ഇസ്‌ലാമിക-സ്വത്വത്തിന്റെ വീണ്ടെടുക്കലും ഇസ്‌ലാമിക നീതി സ്ഥാപിക്കലും നിര്‍ബന്ധമാണ്’. ഈ കൂടിക്കാഴ്ച്ചയാണ് National Outlook Movement -ന്റെ പിറവിക്ക് വഴിയൊരുക്കിയത്. കെമാലിസ്റ്റ് വിദ്യാഭ്യാസ ശ്രമത്തിലൂടെ വളര്‍ന്നുവരുന്ന നജ്മുദ്ദീന്‍ അര്‍ബകാനിന്റെ ചിന്തകള്‍ക്കും പില്‍ക്കാല പോളിസീ രൂപീകരണങ്ങള്‍ക്കും ചാലകശക്തിയായി വര്‍ത്തിച്ചത് ശൈഖ് കോത്കു ആണ്. അര്‍ബക്കാനിന്റെ പാര്‍ട്ടികളെല്ലാം കുടുംബം, കമ്മ്യൂണിറ്റി, ഇസ്‌ലാമിക ഘടനാസംവിധാനങ്ങള്‍ എന്നിവയെ കൂടുതല്‍ ആശ്രയിച്ചാണ് വളര്‍ന്നതെന്ന് ഇഹ്‌സാല്‍ യില്‍മാസ് ചൂണ്ടിക്കാട്ടുന്നു. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്ന ശൈഖ് കോത്കുവിന്റെ രാഷ്ട്ര നിര്‍മാണ ചിന്തയാണ് അതിന്റെ അടിസ്ഥാനം. ഇസ്‌ലാമിന് വിമോചനം [Selamet], സമൃദ്ധി [Sa’adet], ക്ഷേമം [Refah] എന്നിവയില്‍ ഊന്നിയ രാഷ്ട്രനിര്‍മാണത്തിന് സാധിക്കുമെന്ന് അദ്ദേഹം ചിന്തിച്ചു. അതുകൊണ്ടുതന്നെയാണ് അര്‍ബകാന്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടികളുടെ നാമകരണത്തിനായി ശൈഖ് കോത്കുവിന്റെ രാഷ്ട്രീയ സംജ്ഞതകള്‍ തന്നെ കടമെടുത്തത്.
സ്‌റ്റേറ്റ് എന്ന അധികാരഘടനയെ ശത്രുവായി കാണേണ്ടതില്ല എന്നാണ് ശൈഖ് കോത്കുവിന്റെ നിലപാട്, രാഷ്ട്രഘടനയും അതിലെ എല്ലാ സംവിധാനങ്ങളും സാമൂഹിക സുരക്ഷക്കും കെട്ടുറപ്പിനും സഹായിക്കുന്നതിനാല്‍, ഭരണകൂടം, ഭരണഘടന എന്നു തുടങ്ങിയ ആധുനിക രാഷ്ട്രഘടനകളെയെല്ലാം അദ്ദേഹം അനുകൂലിക്കുന്നു. ശരിയായ വിദ്യാഭ്യാസം, ശരിയായ ഭരണരീതി എന്നിവയിലൂടെ രാഷ്ട്ര വികസനം സാധ്യമാണ് എന്നും ഭരണ വ്യവസ്ഥയോടുളള ക്രിയാത്മകമായ സമീപനം ഇസ്‌ലാമിന്റെ വ്യാപനത്തിന് കൂടുതല്‍ സഹായകമാവുമെന്നും അദ്ദേഹം നിരീക്ഷിച്ചു. സ്റ്റേറ്റ് ഘടനയോട് പ്രതിലോമനിലപാട് സ്വീകരിക്കാതിരിക്കുക എന്നത് നഖ്ഷബന്ദീ സില്‍സിലയുടെ പൊതുരീതിയാണ്. ശൈഖ് ഖാലിദ് ബാഗ്ദാദി മുതല്‍ സഈദ് നൂര്‍സി അടക്കമുളള പണ്ഡിതര്‍ സ്റ്റേറ്റ് സിസ്റ്റത്തെ അനുകൂലിക്കുന്നവരാണ്. നിലനില്‍ക്കുന്ന അധികാരഘടനയെ ക്ഷേമം (Welfare) പ്രധാനം ചെയ്യുന്ന തരത്തിലേക്ക് പരിവര്‍ത്തിപ്പിക്കുക എന്നതാണ് അവരുടെ ചിന്തയുടെ അടിസ്ഥാനം. National Outlook Movement-ന്റെ തേതാക്കള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സൂക്ഷ്മത പ്രകടിപ്പിക്കാന്‍ ഉപദേശം നല്‍കിയ ശൈഖ് കോത്കു ഇസ്‌ലാമിക് സ്‌റ്റേറ്റ് സ്ഥാപനത്തിനായി അപക്വ നിലപാട് സ്വീകരിക്കരുതെന്ന് താക്കീതുനല്‍കി. തുര്‍ക്കി സമൂഹത്തിന്റെ ധാര്‍മിക-സംസ്‌കാരിക മേഖലകളിലെ ഉന്മനത്തിന് പ്രാമുഖ്യം കല്‍പ്പിക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി. തസവ്വുഫ് എന്നത് രാഷ്ട്രീയതയുടെ മുഖമാണെന്ന ഇസ്‌ലാമിക ലോകത്തെ പൊതുവായനക്ക് ഒരു അപവാദമാണ് തുര്‍ക്കിയിലെ നഖ്ഷബന്ദികള്‍. രാഷ്ട്രീയ പ്രവര്‍ത്തനം, സാമൂഹിക സേവനം, പൊതുയിടങ്ങളിലെ ഇസ്‌ലാമിക വ്യവഹാരങ്ങള്‍ തുടങ്ങിയവയില്‍ ആത്മീയത ദര്‍ശിക്കുന്നവരാണ് ഇവര്‍. ‘ഖല്‍വത് ദര്‍ അഞ്ചുമന്‍’ (ആള്‍ക്കൂട്ടത്തില്‍ തനിയെ) എന്ന നഖ്ഷബന്ദീ സില്‍സിലയുടെ അടിസ്ഥാന പ്രമാണമാണ് ഇതിന്റെ അടിസ്ഥാനം. ഈ സവിശേഷ സാഹചര്യത്തെയാണ് ശെരീഫ് മെര്‍ദിന്‍ തുര്‍ക്കിഷ്-ഇസ്‌ലാമിക് എക്‌സപ്ഷണലിസം എന്നു വിളിക്കുന്നത്. രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തി ഭരണകൂടത്തിന്റെ പോളിസികളില്‍പോലും അദ്ദേഹത്തിന്റെ ചിന്തകളുടെ അനുരണങ്ങള്‍ സൃഷ്ടിക്കാന്‍ ശൈഖ് കോത്കുവിന് സാധിച്ചു. അനാവത്വന്‍ പാര്‍ട്ടിയുടെയും അര്‍ബകാനിന്റെ പാര്‍ട്ടികളുടെ ഭരണകാലയളവില്‍ മതവിദ്യാഭ്യാസത്തിന്റെ വ്യാപനത്തില്‍ അദ്ദേഹത്തിന്റെ പങ്ക് അനിഷേധ്യമാണ്.

സാമ്പത്തിക ചിന്തകള്‍
രാഷ്ട്രീയം പോലെതന്നെ സാമ്പത്തിക രംഗത്തെ വളര്‍ച്ചയും ഇസ്‌ലാമിക സമൂഹത്തിന്റെ ഉന്നമനത്തില്‍ പ്രധാന ഘടകമാണെന്ന് ശൈഖ് കോത്കു അഭിപ്രായപ്പെട്ടു. സാമ്പത്തിക സംരംഭങ്ങളും ബ്യൂറോക്രസിയിലെ സജീവ സാന്നിധ്യവും സാമ്പത്തിക സുസ്ഥിരതയും അനാശ്രയത്വം സൃഷ്ടിക്കുമെന്ന് അദ്ദേഹം ചിന്തിച്ചു. അര്‍ബകാനിന്റെ നേതൃത്വത്തില്‍ 1856-ല്‍ ഇന്‍ട്രസ്റ്റിയല്‍ ഫാക്ടറി ആരംഭിക്കുകയും ധാരാളം അനുയായികള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വത്തിന് വഴിയൊരുക്കുകയും ചെയ്തു. നബി (സ) യുടെ വ്യാപാരരംഗത്തെ ശിക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വ്യവസായിക സംരംഭങ്ങള്‍ ആരംഭിക്കാന്‍ അദ്ദേഹം അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി. നഖ്ഷബന്ദി സില്‍സിലയുടെ പ്രധാന മുദ്രാവാക്യമായ ഒരു റൊട്ടി, ഒരു കുപ്പായം (Bir Lokma, Bir Hirka) എന്നതിനെ പരിഷ്‌കരിച്ച് ഒരു മസ്ദ (Bir Mazda) എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 1980-കളില്‍ തുര്‍ക്കി മാര്‍ക്കറ്റില്‍ സജീവമായിരുന്ന ജപ്പാനീസ് മസ്ദകാരിനെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. തങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ ലോകമഹായുദ്ധം സൃഷ്ടിച്ച ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ട സാമ്പത്തിക ശക്തിയായി മാറിയ ജപ്പാനിനെ ഉദാഹരിക്കുകയായിരുന്നു എന്ന് ലുത്ഫു ദോഗാന്‍ വിശദീകരിക്കുന്നു. സെകുലരിസ്റ്റ് വിഭാഗത്തിന്റെ ‘TUSIAD’ എന്ന വ്യവസായിക ഗ്രൂപ്പിന് ബദലായി ഉയര്‍ന്നുവന്ന ‘MUSIAD’ ന്റെ വളര്‍ച്ചയിലും ശൈഖ് സാഹിദ് കോത്കുവിന്റെ ചിന്തകള്‍ ദര്‍ശിക്കാം.
ശൈഖ് കോത്കു മുപ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. വ്യക്തിത്വവികസനം, ഇസ്‌ലാമിക മൂല്യങ്ങളുടെ സംസ്ഥാപനം, ആരാധനാനുഷ്ഠാനങ്ങളെ കുറിച്ച പഠനങ്ങള്‍, സാമൂഹിക-രാഷ്ട്രീയ രംഗത്ത് സൂക്ഷിക്കേണ്ട മര്യാദകള്‍ എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ അദ്ദേഹത്തിന്റെ രചനകളില്‍ കാണാം. തസവ്വുഫെ അഖ്‌ലാഖ്, മുഅ്മിന്‍യരെ വാസ്‌ലാര്‍, ആലിം, തൗഹീദ്, ഹജ്ജ്, സക്കാത്ത് എന്നിവ ചില ഉദാഹരണങ്ങളാണ്. ശൈഖ് കോത്കുവിന്റെ സ്മരണാര്‍ഥം, അദ്ദേഹത്തിന്റെ ശിക്ഷണങ്ങള്‍, ആത്മീയ രീതികള്‍, തുര്‍ക്കി സമൂഹത്തില്‍ അദ്ദേഹം ചെലുത്തിയ സ്വാധീനം എന്നീ വിഷയങ്ങളില്‍ ധാരാളം സെമിനാറുകളും കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കപ്പെടാറുണ്ട്. ആധുനിക തുര്‍ക്കിയുടെ ഇസ്‌ലാമിക രാഷ്ട്രീയ ചിന്തകളുടെ വളര്‍ച്ചയില്‍ പ്രധാന സ്ഥാനം അലങ്കരിക്കുന്ന ശൈഖ് സാഹിദ് കോത്കുവിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ അനിവാര്യമാണ്.

ഡോ: സൈഫുദ്ദീൻ കുഞ്ഞ്. എസ്