Campus Alive

സമയം, കാലം, ആഖ്യാനം: ദൈവികനീതിയെക്കുറിച്ച ആലോചനകള്‍

സൂറത്തുല്‍ കഹ്ഫിനെ മുന്‍നിര്‍ത്തി ദൈവികനീതിയെയും അനീതിക്കെതിരായ പോരാട്ടങ്ങളെയും വായിക്കുകയാണ് ലേഖകന്‍

വിശുദ്ധ ഖുര്‍ആനിലെ പതിനെട്ടാം അദ്ധ്യായമായ സൂറ കഹ്ഫിനെക്കുറിച്ച് നിരവധി വ്യാഖ്യാനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ഗുഹാവാസികള്‍, മൂസ-ഖിള്ര്‍ സഹവാസം, ദുല്‍ഖര്‍നൈന്‍ സംഭവം എന്നിവയാണ് കഹ്ഫിലെ പ്രധാനപ്പെട്ട മൂന്ന് സംഭവങ്ങള്‍. ഈ മൂന്ന് കഥകളും തുടര്‍ച്ചയായി ഒരു നിശ്ചിത ക്രമത്തില്‍ വിശദീകരിക്കപ്പെടുന്നതിന്റെ പൊരുളെന്തായിരിക്കും? എന്ത് സന്ദേശമാണ് അവ നല്‍കുന്നത്?

എഴുത്തിലേക്ക് കടക്കുന്നതിന് മുമ്പ് കഹ്ഫിലെ  109-ാം സൂക്തം ഞാനിവിടെ ഉദ്ധരിക്കാം: ‘(നബിയേ) പറയുക: സമുദ്രജലം എന്റെ രക്ഷിതാവിന്റെ വചനങ്ങളെഴുതാനുള്ള മഷിയായിരുന്നെങ്കില്‍ എന്റെ രക്ഷിതാവിന്റെ വചനങ്ങള്‍ തീരുന്നതിന് മുമ്പായി സമുദ്രജലം തീര്‍ന്നുപോവുക തന്നെ ചെയ്യുമായിരുന്നു. അതിന് തുല്യമായ മറ്റൊരു സമുദ്രം കൂടി നാം സഹായത്തിനു കൊണ്ടുവന്നാലും ശരി.’

ഇവിടെ സമുദ്രം എന്ന രൂപകം വ്യാഖ്യാനത്തിന്റെ നിര്‍ണ്ണയത്തെയാണ് ചോദ്യം ചെയ്യുന്നത്. കാരണം ഖുര്‍ആന്‍ എന്നത് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥങ്ങളുടെ ഒരു സമുദ്രമാണ്. അതിനാല്‍ തന്നെ അനന്തമായ സമുദ്രത്തില്‍ നിന്ന് മീന്‍ പിടിക്കുന്ന ഒരു മുക്കുവന്റെ മനോഭാവമാണ് ഖുര്‍ആന്‍ വ്യാഖ്യാതാവിന് ഉണ്ടാകേണ്ടത്. താന്‍ മീന്‍ പിടിക്കുന്നതോടെ സമുദ്രത്തിലെ മീനുകള്‍ ഒന്നടങ്കം തീര്‍ന്നുപോകുമെന്ന് ഒരു മുക്കുവനും കരുതാറില്ല. അതുപോലെ ഞാനാണ് ഖുര്‍ആന്റെ അന്തിമവാക്ക് എന്ന് ഒരു വ്യാഖ്യാതാവും കരുതാന്‍ പാടില്ല.

രണ്ടുതരത്തിലുള്ള വിപരീതങ്ങളാണ് കഹ്ഫിലെ മൂന്ന് കഥകളും മുന്നോട്ടുവെക്കുന്നത്. ഒന്ന്, നീതിയും അനീതിയും. രണ്ട്, രേഖീയ സമയവും അരേഖീയ സമയവും. കഹ്ഫിലെ ഗുഹാവാസികള്‍ അനീതി നിറഞ്ഞ സാമൂഹികാവസ്ഥയില്‍ നിന്ന് രക്ഷ തേടിക്കൊണ്ടാണ് ഗുഹാവാസം സ്വീകരിക്കുന്നത്. ഗുഹയില്‍ പ്രവേശിച്ചയുടന്‍ അവര്‍ ഉറങ്ങിപ്പോവുകയാണ് ചെയ്യുന്നത്. ഉറക്കമുണരുന്നതോടെ നൂറ്റാണ്ടുകള്‍ കടന്നുപോയതായി അവര്‍ മനസ്സിലാക്കുന്നു. അപ്പോഴേക്കും അവരുടെ കാലത്തുണ്ടായിരുന്ന മര്‍ദ്ദക വ്യവസ്ഥ നീങ്ങിപ്പോവുകയും ചെയ്തിട്ടുണ്ടായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം നീതിയുടെയും അനീതിയുടെയും അകലം ഏതാനും നിമിഷങ്ങള്‍ മാത്രം എന്നവര്‍ കരുതുന്ന ഉറക്കം മാത്രമാണ്. ഗുഹാവാസികളെക്കുറിച്ച് അല്ലാഹു പറയുന്നതിതാണ്: ‘അവര്‍ (ജനങ്ങളില്‍ ഒരു വിഭാഗം) പറയും; ഗുഹാവാസികള്‍ മൂന്ന് പേരാണ്, നാലാമത്തേത് അവരുടെ നായയാണ് എന്ന്. ചിലര്‍ പറയും; അവര്‍ അഞ്ചു പേരാണ്, ആറാമത്തേത് അവരുടെ നായയാണ് എന്ന്. ചിലര്‍ പറയും; അവര്‍ ഏഴു പേരാണ്, എട്ടാമത്തേത് അവരുടെ നായയാണ് എന്ന്.’

‘(നബിയേ) പറയുക; എന്റെ രക്ഷിതാവ് അവരുടെ എണ്ണത്തെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്. ചുരുക്കം പേരല്ലാതെ അവരെപ്പറ്റി അറിയുകയില്ല. അതിനാല്‍ വ്യക്തമായ അറിവിന്റെ അടിസ്ഥാനത്തിലല്ലാതെ അവരുമായി തര്‍ക്കിക്കരുത്. അവരില്‍ (ജനങ്ങളില്‍) ആരോടും അവരുടെ കാര്യത്തില്‍ നീ അഭിപ്രായം ആരായുകയും ചെയ്യരുത്.’ (18:22)

‘അവര്‍ അവരുടെ ഗുഹയില്‍ മുന്നൂറ് വര്‍ഷം താമസിച്ചു. ചിലര്‍ ഒമ്പത് വര്‍ഷം അധികം എണ്ണിയിട്ടുണ്ട്.’ (18:25)

(നബിയേ) പറയുക, അവര്‍ താമസിച്ചതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനം അവന്നാണുള്ളത്. അവന്‍ എത്ര കാഴ്ചയുള്ളവന്‍. എത്ര കേള്‍വിയുള്ളവന്‍. അവന്നു പുറമേ മനുഷ്യര്‍ക്ക് യാതൊരു രക്ഷാധികാരിയുമില്ല. തന്റെ തീരുമാനാധികാരത്തില്‍ യാതൊരാളെയും അവന്‍ പങ്കുചേര്‍ക്കുകയുമില്ല. (18:26)

അനീതിയും രേഖീയമായ സമയവും പരസ്പരം കൈകോര്‍ത്താണ് നിലനില്‍ക്കുന്നത്. ഗുഹാവാസികള്‍ രക്ഷ തേടിയത് രേഖീയമായ സമയ-കാലത്തില്‍ നിന്ന് കൂടിയായിരുന്നു. അങ്ങനെ ഉറക്കം എന്ന അരേഖീയാവസ്ഥയിലൂടെ അവരെ പീഢനങ്ങളില്‍ നിന്നും സാമൂഹിക അനീതികളില്‍ നിന്നും അല്ലാഹു രക്ഷപ്പെടുത്തുകയായിരുന്നു. അഥവാ, മായയില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്കാണ് അവര്‍ കണ്ണുതുറന്നത്. അനീതിയും ആധിപത്യവും കൊടികുത്തി വാണിരുന്ന ഒരു കാലത്തില്‍ നിന്ന് നീതിയുടെയും സമാധാനത്തിന്റെയും അരേഖീയതയിലേക്കാണ് അവര്‍ ഉണര്‍ന്നെഴുന്നേറ്റത്.

ഈ ലോകം ഒരു സ്വപ്‌നം പോലെയാണ് എന്നത് ഇസ്‌ലാമിക പാരമ്പര്യത്തില്‍ വളരെ സജീവമായി നിലനില്‍ക്കുന്ന ഒരു പ്രവാചകാധ്യാപനമാണ്. ചിലപ്പോള്‍ അനീതി നിറഞ്ഞ ഒരു ദു:സ്വപ്‌നമായി രേഖീയമായ ഈ ജീവിതത്തെ അനുഭവപ്പെട്ടേക്കാം. എന്നാല്‍ മരണത്തിന് ശേഷം യാഥാര്‍ത്ഥ്യത്തിലേക്ക് പ്രവേശിക്കുന്നതോടെയാണ് എന്തായിരുന്നു ദൈവിക നീതിയുടെ താല്‍പര്യമെന്ന് നമുക്ക് മനസ്സിലാകുക. അങ്ങനെ ഗുഹാവാസികളെപ്പോലെ മര്‍ദ്ദക വ്യവസ്ഥകളില്‍ നിന്ന് ദൈവിക നീതിയുടെ സൗന്ദര്യത്തിലേക്ക് നമ്മളും നടന്നടുക്കും.

രണ്ട് ഉദ്യാനപാലകരുടെ കഥ സൂറ കഹ്ഫില്‍ വിവരിക്കുന്നുണ്ട്. അതിലൊരാള്‍ സമ്പന്നനും ധിക്കാരിയുമാണ്. മറ്റെയാളാകട്ടെ, ദൈവഭക്തനും നീതിമാനുമാണ്. എന്നാല്‍ ദരിദ്രനുമാണ്. എന്തുകൊണ്ടായിരിക്കും ദൈവനിഷേധിയെ അല്ലാഹു സമ്പത്ത് കൊണ്ട് അനുഗ്രഹിച്ചത്? എന്നാല്‍ പിന്നീട് ദൈവനിഷേധത്തിന്റെ പേരില്‍ സമ്പന്നനെ അല്ലാഹു നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവിടെ ദൈവികനീതിയെക്കുറിച്ച അധ്യാപനമാണ് നിര്‍വ്വഹിക്കപ്പെടുന്നത്. രേഖീയമായ സമയ-കാല ബോധത്തിന്റെ അടിസ്ഥാനത്തില്‍ ദൈവികനീതിയുടെ താല്‍പര്യങ്ങളെ മനസ്സിലാക്കാന്‍ സാധ്യമല്ല എന്നാണ് വിവിധങ്ങളായ കഥകളിലൂടെയും ആഖ്യാനങ്ങളിലൂടെയും സൂറ കഹ്ഫ് നമ്മോട് പറയുന്നത്.

നീതിയും അനീതിയുമായി ബന്ധപ്പെട്ട് സൂറ കഹ്ഫ് വിവരിക്കുന്ന മറ്റൊരു കഥയാണ് മൂസാ-ഹിള്‌റ് സംഭവം. മൂസ തന്റെ ഭൃത്യനോട് ഇങ്ങനെ പറയുന്ന സന്ദര്‍ഭം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്:’രണ്ട് സമുദ്രങ്ങളുടെ ഇടയില്‍ എത്തിച്ചേരുന്നത് വരെ ഞാന്‍ എന്റെ യാത്ര അവസാനിപ്പിക്കുകയില്ല. അനന്തമായ വര്‍ഷങ്ങള്‍ എനിക്ക് ചെലവഴിക്കേണ്ടി വന്നാലും ശരി’ (18:60). അനന്തമായ വര്‍ഷങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ ഇവിടെ ഖുര്‍ആന്‍ ഹുഖൂബ് എന്ന പദമാണ് ഉപയോഗിക്കുന്നത്. കൂടാതെ മജ്മഅല്‍ ബഹ്‌റയ്ന്‍ എന്ന പ്രയോഗം അനന്തമായ സമുദ്രം എന്ന അര്‍ത്ഥം കൂടി ഇവിടെ ഉള്‍ക്കൊള്ളുന്നുണ്ട്. അപ്പോള്‍ മൂസാ നബിയുടെത് തീര്‍ച്ചയായും രേഖീയമായ സമയത്തില്‍ നിന്ന് അരേഖീയതയിലേക്കുള്ള സഞ്ചാരമാണ്.

മൂസാ-ഹിള്‌റ് സംഭവം ദൈവികനീതിയെക്കുറിച്ച മനോഹരമായ ഒരധ്യാപനമാണ്. മൂന്ന് പ്രകടമായ ദുഷ്‌ചെയ്തികളുടെ പേരിലാണ് മൂസാ നബിക്ക് ഹിള്‌റുമായി കലഹിക്കേണ്ടി വരുന്നത്. എന്നാല്‍ അവയുടെയെല്ലാം അരേഖീയമായ പൊരുളുകള്‍ എന്തായിരുന്നുവെന്ന് വിശദീകരിക്കപ്പെടുന്നതോടെ മൂസാനബി സംതൃപ്തനാവുകയാണ് ചെയ്യുന്നത്. നമ്മള്‍ വളരെ പ്രകടവും രേഖീയവുമായി അനുഭവിക്കുന്ന അനീതികളും അക്രമങ്ങളുമെല്ലാം ദൈവികനീതിയുടെ വിശാലമായ ക്യാന്‍വാസില്‍ അയഥാര്‍ത്ഥ്യമാണ്. കാരണം, ആത്യന്തികമായി ദൈവികനീതി മാത്രമാണ് നിലനില്‍ക്കുന്നത്. അനീതിക്കെതിരായ നമ്മുടെ പോരാട്ടങ്ങളെല്ലാം ദൈവികനീതിയുടെ അരേഖീയമായ യാഥാര്‍ത്ഥ്യത്തിന്റെ പ്രകടമായ താല്‍പര്യങ്ങളാണ്. ഒരു വിശ്വാസിയുടെ പോരാട്ടത്തിന്റെ സൗന്ദര്യവും അതുതന്നെയാണ്. ആ യാഥാര്‍ത്ഥ്യത്തിലേക്കാണ് സൂറ കഹ്ഫ് നമ്മെ കൊണ്ടുപോകുന്നത്.

കെവിന്‍ ബാരെട്ട്