Campus Alive

ഇസ്‌ലാമിസം എന്ന വ്യവഹാരം

(ലണ്ടനിലെ ഗോള്‍ഡ്‌സ്മിത്ത് യൂണിവേഴ്‌സിറ്റിയില്‍ കംപാരിറ്റീവ് പൊളിറ്റിക്കല്‍ തിയറിയില്‍ അധ്യാപകനാണ് ആന്‍ഡ്രേ മുറ(Andrea Mura). ജാക്വസ് ലകാന്റെ സൈക്കോ-അനാലിസിസ് കേന്ദ്രീകരിച്ചുകൊണ്ട് മതം, സാമ്പത്തികവ്യവസ്ഥ, പൗരത്വം എന്നിവയുടെ പരസ്പരബന്ധങ്ങളെ വിശകലനം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ പഠനങ്ങള്‍. The Symbolic Scenarios of Islamism;a Study in Islamic Political Thought എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിലെ ഒന്നാമത്തെ ചാപ്റ്ററായ Approaching Islamism എന്ന ലേഖനത്തിന്റെ സ്വതന്ത്ര സംഗ്രഹ വിവര്‍ത്തനമാണിത്)

ഇസ്ലാമിസം ഒരു പ്രത്യയശാസ്ത്രമാണോ അല്ലെങ്കില്‍ സാമൂഹിക പ്രസ്ഥാനമാണോ എന്ന നിലക്കുള്ള സംവാദങ്ങള്‍ കാലങ്ങളായി ഇസ്ലാമിക ലോകത്തും യൂറോപ്പിലും നിലനില്‍ക്കുന്ന തര്‍ക്കങ്ങളില്‍ ഒന്നാണ്. പ്രത്യേകിച്ചും ഇഖ്‌വാനുല്‍ മുസ്ലിമൂന്‍റെ പ്രവര്‍ത്തനങ്ങള്‍, അതിന്‍റെ തുടക്കം മുതല്‍ 1980 കള്‍ വരെ അത് സാമ്രാജ്യത്വ-ആധുനികതാ വിരുദ്ധ പ്രത്യയശാസ്ത്രമായാണ് വായിക്കപ്പെട്ടത്. എന്നാല്‍ പിന്നീടുള്ള മുപ്പത് വര്‍ഷങ്ങളില്‍ അതിനെ മനസ്സിലാക്കിയത് ആധുനിക ജനകീയ ഇസ്ലാമിക പ്രസ്ഥാനം എന്ന നിലക്കാണ്. അഥവാ സംഘാടനവും നയനിലപാടുകളും സമൂഹത്തിന്‍റെ മൊത്തം ഘടനയെയും സ്വാധീനിക്കാനുള്ള പ്രാപ്തതയും മൂലം ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് പുതിയ നിര്‍വ്വചനങ്ങള്‍ സാധ്യമാവുകയാണുണ്ടായത്.

ഒരു വ്യവഹാരം എന്ന നിലയില്‍ ഇസ്ലാമിസത്തെ മനസ്സിലാക്കുമ്പോള്‍ മേല്‍ പറഞ്ഞ പ്രതിസന്ധിയെ മറികടക്കാമെന്നു തോന്നുന്നു. മിഷേല്‍ ഫൂക്കോ വികസിപ്പിച്ചെടുത്ത വ്യവഹാരത്തെ പറ്റിയുള്ള അന്വേഷണങ്ങള്‍ കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി വലിയ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന ഒന്നാണ്. എന്തുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ആലോചനകള്‍ക്ക് സ്വീകാര്യത ലഭിക്കുന്നത് എന്ന് ചോദിച്ചാല്‍ അത് ആധുനികത രൂപപ്പെടുത്തിയ യാഥാര്‍ഥ്യം- പ്രതിനിധാനം അല്ലെങ്കില്‍ അഭൗതികത- ഭൗതികത തുടങ്ങിയ ദ്വന്തങ്ങളെ  നിരാകരിക്കുന്നു എന്നതിനാലാണ്.

ഏണസ്റ്റോ ലാക്‌ലു വ്യവഹാരത്തെ(Discourse) ഭാഷാപരവും അല്ലാത്തതുമായ ഘടകങ്ങളുടെ-ആശയങ്ങള്‍(Ideas), സ്ഥാപനങ്ങള്‍(Orgaanizations), രേഖകള്‍(Documents) തുടങ്ങിയവയുടെ വ്യവസ്ഥാപിതമായ ആകെത്തുകയായാണ് മനസ്സിലാക്കുന്നത്. അതിനാല്‍ തന്നെ ഇസ്ലാമിസത്തിന്‍റെ ആന്തരികമായ സങ്കീര്‍ണ്ണതകളെ വിശകലനം ചെയ്യാന്‍ ലാക്‌ലുവിന്‍റെ നിര്‍വ്വചനത്തിന് കഴിയുമെന്ന് തോന്നുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വ്യാവഹാരികമായ സമീപനത്തിന്‍റെ(Discursive approach) മൂലക്കല്ല്, യഥാര്‍ഥ്യത്തെ പറ്റിയുള്ള വ്യവസ്ഥാപിതമായ ആലോചനകളും പരിപ്രേക്ഷ്യങ്ങളും ആ യാഥാര്‍ഥ്യം സംഭവിക്കുന്നതിന് മുമ്പുതന്നെ രൂപപ്പെട്ടുവരുന്നു എന്നതാണ്. അനുഭവപ്പെടുക എന്ന സാധ്യതയെ നിര്‍ണ്ണയിക്കുന്നത് അതിര്‍വരമ്പുകളില്ലാത്ത വ്യാവഹാരിക മണ്ഡലങ്ങളാണ്. അഥവാ ഇസ്ലാമിസം എന്ന വ്യവഹാരം ഭാഷാപരവും അല്ലാത്തതുമായ വ്യത്യസ്ത തരത്തിലുള്ള ഘടകങ്ങളിലൂടെയാണ് അര്‍ഥങ്ങളെ ഉല്‍പാദിപ്പിക്കുന്നതും അനുഭവപ്പെടുന്നതും.

ഏര്‍ണെസ്റ്റേ ലാക്‌ലു

സൂചകവും(Signifier) സൂചിപ്പിക്കപ്പെടുന്നതും(Signified) തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചിഹ്നശാസ്ത്രം(Semiotics) എന്ന പഠനശാഖ രൂപം പ്രാപിക്കുന്നത്. സൊസ്സ്യുര്‍ അവ തമ്മിലുള്ള ഘടനാപരമായ സാദൃശ്യത്തെയാണ് അടയാളപ്പെടുത്തുന്നത്. എന്നാല്‍ ചിഹ്നശാസ്ത്രത്തിലെ ലകാന്‍റെ നിരീക്ഷണങ്ങള്‍ ഇസ്ലാമിസം എന്ന സൂചകത്തിന്‍റെ വ്യാവഹാരികമായ സാധ്യതകളെ വരച്ചുകാണിക്കാന്‍ പര്യാപ്തമാണെന്ന് തോന്നുന്നു. ലകാന്‍ സൂചകത്തെയും(Signifier) സൂചിപ്പിക്കപ്പെടുന്നതിനെയും(Signified) കൃത്യമായും വേര്‍പിരിക്കുകയും സൂചിപ്പിക്കപ്പെടുന്നത് സൂചകത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത് എന്ന് കണ്ടെത്തുകയും ചെയ്തു. അഥവാ സൂചകത്തെ കൂടാതെയുള്ള സ്വതന്ത്രമായ അര്‍ഥോല്‍പ്പാദനത്തിന്‍റെ സാധ്യതയെ തള്ളിക്കളയുകയും പ്രതിനിധാനത്തെ കൃത്യപ്പെടുത്തുകയുമാണ് ലകാന്‍ ചെയ്തത്. ലകാനെ സംബന്ധിച്ചിടത്തോളം സൂചകവും സൂചിപ്പിക്കപ്പെടുന്നതും നിരന്തരമായി മാറിക്കൊണ്ടിരിക്കുന്നതും അതിനാല്‍ തന്നെ അര്‍ഥം എന്നത് തീര്‍ച്ചപ്പെടുത്താന്‍ പറ്റാത്തതുമാണ്. ഒരു പ്രത്യേക വ്യാവഹാരിക ഇടത്തെ കേന്ദ്രീകരിച്ച് സൂചകം ചലിച്ചുകൊണ്ടേയിരിക്കും. ലകാന്‍റെ ഈ കേന്ദ്രത്തെ(Nodal point) വിശദീകരിച്ചുകൊണ്ട് ലാക്‌ലു പറയുന്നത് ഭാഷയിലെ കേന്ദ്രബിന്ദു എന്ന ഘടകത്തെ കേന്ദ്രീകരിച്ചാണ് സൂചിപ്പിക്കുക എന്ന പ്രക്രിയ സംഭവിക്കുന്നത് എന്നാണ്. ഇവിടെയാണ് വ്യവഹാരത്തിന്‍റെ പൂര്‍ണ്ണത സംഭവിക്കുന്നത്.

ജാക്വസ് ലകാന്‍

അഥവാ കേന്ദ്രത്തിന് ചുറ്റും നിരന്തരമായി അര്‍ഥങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുകയും മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇസ്ലാമിസം എന്ന വ്യവഹാരത്തിലേക്ക് വരുമ്പോള്‍ കേന്ദ്രബിന്ദു എന്തായിരിക്കണം എന്നതിനെ പറ്റി ആലോചിക്കേണ്ടിയിരിക്കുന്നു. കേന്ദ്രബിന്ദു ഉള്‍ക്കൊള്ളുന്ന ആഗോളസ്ഥാനത്തെ(Universal positioning) ലകാന്‍റെ മാസ്റ്റര്‍ സിഗ്നിഫയര്‍ എന്ന ആശയത്തിലൂടെ മനസ്സിലാക്കാം. മാസ്റ്റര്‍ സിഗ്നിഫയര്‍ നിര്‍ണ്ണിതമായ അര്‍ഥം ഉല്‍പ്പാദിപ്പിക്കുന്ന ഒന്നല്ല. അത് എല്ലായിടത്തും ഒരേ അര്‍ഥമല്ല ഉല്‍പ്പാദിപ്പിക്കുന്നത്. അത് സാഹചര്യത്തിനനുസരിച്ച് അതിനോട് ചേര്‍ന്നു നില്‍ക്കുന്ന സൂചകങ്ങള്‍ക്ക് അര്‍ഥം നല്‍കുകയും അതിലൂടെ പ്രത്യേക സന്ദര്‍ഭത്തിലേക്ക് മാത്രമായി സ്വയം അര്‍ഥം കണ്ടെത്തുകയും ചെയ്യുന്നുണ്ട്. അത്കൊണ്ട് തന്നെ മാസ്റ്റര്‍ സിഗ്നിഫയര്‍ എന്നത് ശൂന്യമായ സൂചകം (  Empty signifier) കൂടിയാണ്. അതിനര്‍ഥം ഒരു മാസ്റ്റര്‍ സിഗ്നിഫയര്‍ എന്നത് അനന്തമായിക്കിടക്കുന്ന സൂചകങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതും അതേസമയം തന്നെ ഭാഷയുടെ(Language), ചിഹ്നത്തിന്‍റെ(Symbol)  അതിര്‍ത്തികള്‍ക്കകത്ത് നിര്‍വ്വചിക്കപ്പെടാന്‍ കഴിയാത്തതുമാണ്. അത് മറ്റു സൂചകങ്ങളെ നിര്‍ണ്ണയിക്കുകയും നിയന്ത്രിക്കുകയും സൂചകങ്ങളിലൂടെ രൂപപ്പെടുന്ന എല്ലാത്തിനും അര്‍ഥം നല്‍കുകയും ചെയ്യുന്നുണ്ട്. സാമൂഹികമായ സംഘര്‍ഷാവസ്ഥയില്‍, നിലവിലുള്ള ആശയങ്ങള്‍ക്ക് ആ സംഘര്‍ഷം പരിഹരിക്കാന്‍ കഴിയാതിരിക്കുമ്പോള്‍ മാസ്റ്റര്‍ സിഗ്നിഫയര്‍ പുതിയ സൂചകം(Quilting signifier) കണ്ടെത്തുമെന്ന് സിസെക്ക് പറയുന്നുണ്ട്. ആ സൂചകം സാഹചര്യത്തെ സാധാരണഗതിയിലേക്ക് തിരിച്ച് കൊണ്ടുവരികയോ അല്ലെങ്കില്‍ സംഘര്‍ഷത്തെ വായിക്കാനുള്ള ചിഹ്നമായി അത് മാറുകയോ ചെയ്യുന്നു. ഇവിടെ മാസ്റ്റര്‍ ഉള്ളടക്കത്തില്‍ യാതൊരു മാറ്റവും വരുത്തുന്നില്ല, മറിച്ച് പുതിയൊരു സൂചകത്തെ ഉപയോഗപ്പെടുത്തി വ്യവസ്ഥയെ സന്തുലിതപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഇസ്ലാം എന്നതിനെ പരിഗണിക്കാതെ ഇസ്ലാമിസത്തെ പറ്റിയുള്ള വ്യാവഹാരിക മണ്ഡലത്തെ തീര്‍ച്ചപ്പെടുത്താന്‍ കഴിയില്ല. സല്‍മാന്‍ സയ്യിദ് ഇസ്ലാമിനെ ഇസ്ലാമിസത്തിന്‍റെ മാസ്റ്റര്‍ സിഗ്നിഫയറായാണ് കണക്കാക്കുന്നത്. ഇസ്ലാം കേന്ദ്രീകരിച്ചാണ് വ്യത്യസ്ത തരത്തിലുള്ള സൂചകങ്ങള്‍ രൂപപ്പെടുന്നത്. ഇസ്ലാമിസത്തിനകത്തെ ആത്മസംഘര്‍ങ്ങളെ വിവരിക്കുന്നിടത്ത് സല്‍മാന്‍ സയ്യിദ് ഫിഖ്ഹും ദൈവശാസ്ത്രവും പോലുള്ള ബഹുമുഖങ്ങളായ വ്യവഹാരങ്ങളുടെ കേന്ദ്രഘടകം ഇസ്ലാമാണെന്ന് പറയുന്നുണ്ട്. കേന്ദ്രഘടകമെന്ന നിലയില്‍ ഇസ്ലാം ഇസ്ലാമിസത്തിന്‍റെ സത്തയെ നിര്‍ണ്ണയിക്കുകയും വ്യത്യസ്തങ്ങളായ സൂചകങ്ങളെ(Singifiers) മരവിപ്പിച്ച് സാഹചര്യത്തിനനുസരിച്ച് അര്‍ഥം ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ഒരു കേന്ദ്രബിന്ദു സാമൂഹികവും വ്യാവഹാരികവുമായ മണ്ഡലത്തെ നിര്‍ണ്ണയിക്കുന്ന ഇടത്തിലാണ് നിലകൊള്ളുന്നത്. അതിനര്‍ഥം  ഇസ്ലാം സാമൂഹിക ഇടത്തില്‍ ഇസ്ലാമിസം എന്ന വ്യവഹാരത്തെ നിര്‍ണ്ണയിക്കുകയും വ്യവഹാരത്തിന്‍റെ പൂര്‍ണ്ണതയെ(Totality) പ്രതിനിധീകരിക്കുകയും ചെയ്യുന്നുണ്ട് എന്നാണ്.

സല്‍മാന്‍ സയ്യിദ്‌

മുസ്ലിം സമുദായത്തിനകത്ത് ഇസ്ലാമിനെ മാസ്റ്റര്‍ സിഗ്നിഫയര്‍ ആയി മനസ്സിലാക്കി ഇസ്ലാമിനെ കേന്ദ്രസ്ഥാനത്ത് സ്ഥാപിച്ച്കൊണ്ട് സമുദായത്തിനകത്തെ വ്യത്യസ്ത തരത്തിലുള്ള വ്യവഹാരങ്ങള്‍ക്ക് ഏകീകൃതഭാവം നല്‍കുകയാണ് ഭാഷാപരമായും അതിനതീതമായും പ്രായോഗികമായി ഇസ്ലാമിസം ചെയ്തുകൊണ്ടിരിക്കുന്നത്. സാമൂഹികവും രാഷ്ട്രീയവുമായ വിവിധ മേഘലകളില്‍ ഇസ്ലാമിനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സാധ്യമായി എന്നതാണ് ഇസ്ലാമിസത്തിന്‍റെ ഏറ്റവും വലിയ സാധ്യത. ഒരു മാസ്റ്റര്‍ സിഗ്നിഫയര്‍ എന്ന നിലയില്‍ ഇസ്ലാം വ്യാവഹാരികവും സാമൂഹികവുമായ ആശയരൂപീകരണത്തിന്‍റെ മണ്ഡലത്തില്‍ സമുദായത്തെ സത്താപരമായി പ്രതിനിധാനം ചെയ്യുന്നുണ്ട്. അത് ഒരേ സമയം ഭാഷാപരവും സാമൂഹികവുമായ വ്യത്യസ്ത സാഹചര്യങ്ങള്‍ക്കുതകും വിധം ഇസ്ലാമിനെ അവതരിപ്പിച്ചുകൊണ്ടാണ് പ്രായോഗികമായി സാധ്യമാക്കുന്നത്. അഥവാ   വിവിധങ്ങളായ സൂചകങ്ങളുള്ള വ്യത്യസ്തതരം വ്യവഹാരങ്ങളെ ഓരോ സാഹചര്യത്തിനനുസരിച്ചും സന്തുലിതമായി കോര്‍ത്തിണക്കാന്‍ ഇസ്ലാമിസത്തിന് കഴിഞ്ഞിട്ടുണ്ട്.

ഒരു വ്യവഹാരത്തിന്‍റെ ഘടനയെ നിര്‍വ്വചിക്കുമ്പോള്‍ സൂചകങ്ങളുടെ സ്വതന്ത്രമായ ആഖ്യാനസാധ്യതകളെ മരവിപ്പിച്ചുകൊണ്ട്  വ്യാവഹാരികമണ്ഡലത്തിന്‍റെ പരിധികള്‍ക്കകത്ത് നിര്‍ത്തിക്കൊണ്ട് വ്യവസ്ഥാപിതമായി അര്‍ഥങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതായി കാണാം.  വ്യവഹാരത്തിന്‍റെ ഈയൊരു നിര്‍വ്വചനത്തെ മുന്‍നിര്‍ത്തിക്കൊണ്ട് വ്യവഹാരത്തിന്‍റെ പരികല്‍പ്പനകള്‍ക്കതീതമായി സൂചകങ്ങളെ വിഭാവനം ചെയ്യുമ്പോള്‍ ഉണ്ടായിത്തീരുന്ന സാധ്യതകളെ പരിശോധിക്കുമ്പോള്‍ സാഹചര്യത്തിന്‍റെ ആവശ്യകതക്കനുസരിച്ച് ഭാഷയുടെ ഭാവനാപരസരത്ത് വ്യത്യസ്ത തരത്തില്‍ വ്യഖ്യാനശേഷിയുള്ളതും വ്യവഹാരങ്ങളെ അത്തരം വ്യഖ്യാനങ്ങള്‍ക്കനുസരിച്ച് സൂചകങ്ങളിലേക്ക് കേന്ദ്രീകരിക്കാനും കഴിയുമെന്നാണ് തോന്നുന്നത്. അതിനനുസരിച്ച് വ്യവഹാരം സാഹചര്യത്തോട് സംവദിക്കാന്‍ പര്യാപ്തമായി സ്വയം മാറുന്നുണ്ട്. പാരമ്പര്യം(Tradition) ആധുനികത(Modernity) ആധുനികതക്കപ്പുറമുള്ളത്(Transmodernity) തുടങ്ങിയ വ്യവഹാരങ്ങളെ കേന്ദ്രീകരിച്ചുള്ള സൂചകങ്ങള്‍ക്കുള്ളില്‍ തന്നെ പലതരത്തിലുള്ള ചലനങ്ങളും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഇസ്ലാമിസം ഒരു വ്യവഹാരം എന്ന നിലയില്‍ ഇസ്ലാമിനെ മാസ്റ്റര്‍ സിഗ്നിഫയറായി മനസ്സിലാക്കുന്നതോടുകൂടി അവയില്‍ നിന്നും വ്യത്യസ്തമായിക്കൊണ്ട് ചിഹ്നപരവും സാമൂഹികവുമായ പുതിയ ശബ്ദങ്ങളെ രൂപപ്പെടുത്തുകയും വ്യത്യസ്തമായ സൂചകങ്ങളെ ഉല്‍പാദിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതായി കാണാം.

ആന്‍ഡ്രേ മുറ