Campus Alive

മുസ്‌ലിം ‘ഭീകരവൽക്കരണങ്ങൾ’

‘പൗരത്വ പ്രക്ഷോഭവും മുസ്‌ലിം പ്രതിനിധാനങ്ങളുടെ രാഷ്ട്രീയവും’- ലേഖനത്തിന്റെ അവസാനഭാഗം


 

സാമൂഹിക നീതിക്കും സാഹോദര്യത്തിനും വേണ്ടിയുള്ള എതൊരു പ്രക്ഷോഭവും നടന്നിട്ടുള്ളത് നീതിയെ സംബന്ധിച്ചും തുല്യതയെ സംബന്ധിച്ചും ഉയർന്ന ബോധ്യങ്ങളും നിലപാടുകളുമുള്ള മനുഷ്യരുടെ നേതൃത്വത്തിലാണ്. ഇന്ത്യാ ചരിത്രത്തിലുടനീളം നടന്നിട്ടുളള, നീതി വിരുദ്ധവും, ബ്രാഹ്മണ്യ പുനസ്ഥാപനവും ലക്ഷ്യം വെച്ചുമുള്ള എല്ലാ പ്രക്ഷോഭങ്ങളും നയിച്ചത് അഭ്യസ്തവിദ്യരായ സവർണരായിരുന്നു എന്ന് ‘ Annihilation of caste’ എന്ന ഗ്രന്ഥത്തിൽ അംബേദ്കർ വ്യക്തമാക്കുന്നുണ്ട്. ബ്രാഹ്മണ്യം പ്രത്യയശാസ്ത്ര നായകത്വം കൈയ്യടക്കിയിരിക്കുന്ന, അറിവും അധികാരവും സവർണ വിഭാഗങ്ങളിൽ കേന്ദ്രീകരിക്കപ്പെട്ട ഇന്ത്യയിൽ, സമൂഹവുമായും ഭരണകൂടവുമായും നീതിയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും സംവദിക്കാൻ വിജ്ഞാനം ഉള്ള ഒരു തലമുറക്കേ സാധിക്കൂ എന്ന തിരിച്ചറിവാണ് “അമ്പലം സന്ദർശിക്കലല്ല, മറിച്ച് എനിക്ക് വേണ്ടത് എന്റെ സമുദായത്തിൽ നിന്ന് പത്ത് ബി.എ ബിരുദ്ധ ധാരികളെയാണ്” എന്ന് പ്രഖ്യാപിക്കാൻ മഹാത്മാ അയ്യങ്കാളിയെ പ്രാപ്തനാക്കിയത്. വിജ്ഞാനവും അധികാരവും കൈമുതലായുള്ള ഒരു സമൂഹത്തിനു മാത്രമേ ബ്രാഹ്മണ്യത്തിന്റെ പ്രത്യയശാസ്ത്ര നായകത്വത്തെയും ബ്രാഹ്മണ്യാധികാരത്തെയും ചെറുക്കാൻ സാധിക്കൂ. ഈ ചരിത്രപരമായ തിരിച്ചറിവാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന അവർണ-ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യാവകാശത്തിനു വേണ്ടി നിലകൊള്ളാൻ ഡോ.അംബേദ്ക്കറെ പ്രേരിപ്പിച്ചത്. 2019 -ൽ, വംശീയ ഉന്മൂലന അജണ്ട ലക്ഷ്യം വച്ച് ഹിന്ദൂ ഭൂരിപക്ഷ ഭരണകൂടം NRC-CAA നിയമം പാർലിമെന്റിൽ പാസാക്കിയപ്പോൾ, പ്രസ്തുത വംശീയ അജണ്ടയെ പ്രതിരോധിക്കാൻ മുസ്‌ലിം സമൂഹത്തെ നയിച്ചത് അഭ്യസ്തവിദ്യരായ വിദ്യാർത്ഥികൾ ആയിരുന്നു എന്നത് യാദൃശ്ചികമായി സംഭവിച്ച ഒരു ചരിത്ര സംഭവമായിരുന്നില്ല. വിദ്യാഭ്യാസവും അധികാരവുമുള്ള ഒരു തലമുറയെ, വിജ്ഞാനത്തിൽ നിന്നും അധികാരത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ട സമൂഹങ്ങളിൽ നിന്ന് സൃഷ്ടിച്ചെടുക്കുക എന്ന സൂക്ഷ്മമായ ലക്ഷ്യം മുന്നിൽ വച്ചുകൊണ്ട് നീതിമാൻമാരായ മനുഷ്യർ നടത്തിയ സമരത്തിന്റെ ഫലമായിരുന്നു ആ വിദ്യാർത്ഥി ഇടപെടൽ. “സെൻട്രൽ യൂണിവേഴ്സിറ്റികളിൽ പി.ജിക്കും പി.എച്ച്.ഡിക്കും പഠിക്കുന്ന ഞങ്ങളെ നിങ്ങൾ മാന്യതയും സംസ്കാരവും പഠിപ്പിക്കേണ്ട” എന്ന്, ഹിന്ദുത്വ നേതാവിനോട് പറയാനുള്ള ചരിത്ര ബോധ്യം, പൗരത്വ പ്രക്ഷോഭ നേതാവായ ജാമിഅ മില്ലിയ്യയിലെ വിദ്യാർത്ഥി ലദീദ ഫർസാന കൈവരിക്കുന്നത്, കേവലം ഒരു സുപ്രഭാതത്തിലല്ല, മറിച്ച് അതൊരു ചരിത്ര ഘട്ടത്തിലാണ്.

ബാബരി മസ്ജിദ് തകർത്തതിനു ശേഷം, എല്ലാ വർഷവും ഡിസംബർ ആറാം തിയ്യതിയും ഹിന്ദു ആരാധനാലയങ്ങൾ തകർക്കാൻ ‘മുസ്‌ലിം  തീവ്രവാദികൾ’ ലക്ഷ്യമിടുന്നുണ്ട് എന്ന ‘രഹസ്യ വിവരത്തിന്റെ’ അടിസ്ഥാനത്തിൽ മാത്രം ആയിര കണക്കിന് മുസ്‌ലിം ചെറുപ്പക്കാരെ ഇന്ത്യൻ ഭരണകൂടവും ഭരണകൂട സംവിധാനങ്ങളും വേട്ടയാടിയിട്ടുണ്ട്. ബാബരി തകർത്തതിന് പ്രതികാരം ചെയ്യാൻ ഇറങ്ങി പുറപ്പെട്ട മുസ്‌ലിം  തീവ്രവാദികളിൽ നിന്ന് ഹിന്ദു ആരാധനാലയങ്ങളെ രക്ഷിക്കുന്നത് പ്രമേയമാക്കി മലയാളത്തിൽ പോലും ധാരാളം ക്രൈം ത്രില്ലർ സിനിമകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ വംശീയമായ ഉന്മൂലനത്തിനു വിധേയമായി കൊണ്ടിരുന്ന ഒരു ജനതയെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നതായിരുന്നു അത്തരം ആഖ്യാനങ്ങൾ.

മുൻപ് സൂചിപ്പിച്ച പോലെ, സംവരണ അനുകൂല/വിരുദ്ധ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ബാബരി മസ്ജിദ് ഭരണകൂട പിന്തുണയോടെ ധ്വംസിക്കപ്പെടുന്നത്. പ്രസ്തുത ധ്വംസനത്തിലൂടെയും അതിനു ശേഷം നടന്ന വംശഹത്യയിലൂടെയും കൃത്യമായ മുസ്‌ലിം വിരുദ്ധ വികാരത്തിലൂടെ മണ്ഡൽ അനുകൂല വിഭാഗത്തിന്റെ ശ്രദ്ധ ബാബരിയിലേക്ക് തിരിച്ചുവിടാനും അതോടൊപ്പം തന്നെ ഭരണഘടനയെയും ഭരണഘടനാ അവകാശങ്ങളെയും പരിരക്ഷകളെയും മറികടന്നുകൊണ്ട് മുസ്‌ലിങ്ങൾ അടക്കമുള്ള എതു വിഭാഗത്തെയും വംശീയ ഉന്മൂലനം ചെയ്യാൻ സാധിക്കും എന്ന സന്ദേശമാണ് സംഘപരിവാർ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കു നൽകിയത്. ബാബരി മസ്ജിദ് തകർച്ചയ്ക്ക് ശേഷം പ്രധാനമായും മൂന്ന് തരത്തിലുള്ള അസ്തിത്വ പ്രതിസന്ധികളാണ് ഇന്ത്യയിലെ മുസ്‌ലിം സമൂഹം പ്രധാനമായി നേരിട്ടത്. അതിൽ ഒന്ന് ബാബരിക്ക് ശേഷം ബ്രാഹ്മണിസ്റ്റ് ഭീകര സംഘടനകളായ ആർ.എസ്.എസിന്റെയും മറ്റു സവർണ ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ, സ്റ്റേറ്റ് സംവിധാനങ്ങളുടെ സമ്പൂർണമായ പിന്തുണയോടു കൂടി ഇന്ത്യയിൽ നടന്ന, ചെറുതും വലുതുമായ പതിനായിരക്കണക്കിനു വരുന്ന മുസ്‌ലിം വംശഹത്യകളാണ്. എൽ.കെ അദ്വാനിയുടെ, രാമ ക്ഷേത്ര നിർമാണ അജണ്ട മുന്നിൽ വെച്ചുകൊണ്ട് ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് സഞ്ചരിച്ച രഥയാത്ര, കടന്ന് പോയ എല്ലാ സംസ്ഥാനത്തും മുസ്‌ലിം വംശഹത്യയുടെ സ്മാരകങ്ങൾ തീർത്താണ് മുന്നോട്ട് പോയത്. പതിനായിരക്കണക്കിനു മനുഷ്യരാണ് പ്രസ്തുത വംശഹത്യകളിൽ ഉന്മൂലനം ചെയ്യപ്പെട്ടത്. ബാബരി മസ്ജിദ് ധ്വംസനത്തെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച അന്വേഷണ കമ്മീഷനായ ലിബർഹാൻ കമ്മീഷൻ, സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ, ബാബരി പളളി ഹിന്ദുത്വ ഭീകരർ ആക്രമിച്ചത് കൃത്യമായി ആസൂത്രണം ചെയ്ത, മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു എന്ന് റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിരുന്നു. ആർ.എസ്.എസ് അടക്കമുള്ള ബ്രാഹ്മണിക്ക് വംശീയ പ്രസ്ഥാനങ്ങൾക്ക് ബാബരി മസ്ജിദ് ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ നായകത്വ സ്ഥാനം ഉണ്ടായിരുന്നതായും പ്രസ്തുത കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. മാത്രമല്ല, മസ്ജിദ് തകർക്കുവാൻ വേണ്ടി കർസേവകർക്ക് എല്ലാ പ്രതിബന്ധങ്ങളെയും നീക്കി കൊടുത്തത് അന്നത്തെ യൂ.പി മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായിരുന്ന കല്യാൺ സിങ്ങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബി.ജെ.പി സർക്കാർ ആയിരുന്നു എന്നും കേസ് അന്വേഷിച്ച ലിബർഹാൻ കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ബ്രാഹ്മണിക് വംശീയ പ്രസ്ഥാനങ്ങൾ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ, വിശിഷ്യാ മുസ്‌ലിങ്ങൾക്കെതിരെ, ഭരണകൂട പിന്തുണയോടെ നടത്തിയ ഭീകരമായ വംശീയ കൂട്ടക്കൊലകളുടെ ഒരു പരമ്പര തന്നെ, പ്രത്യേകിച്ച് 1990കൾക്കു ശേഷം ഇന്ത്യയിൽ അരങ്ങേറുന്നുണ്ട്. 1990കൾ മുതൽ തന്നെ അസംഖ്യം ചെറുതും വലുതുമായ മുസ്‌ലിം വംശഹത്യകളും, ഒപ്പം മുസ്‌ലിം സ്ഥാപനങ്ങളെയും വാണിജ്യ ഇടപാടുകളെയും സൂക്ഷ്മമായി ടാർജെറ്റ് ചെയ്തു കൊണ്ടുള്ള കൊള്ളയടികളും നശിപ്പിക്കലും നടന്നിരുന്നു. ഗുജറാത്ത് വംശഹത്യകളും മുംബൈ കൂട്ടക്കൊലകളും ഹാശിംപുരയിലെ വ്യാജ എറ്റുമുട്ടലുകളുമെല്ലാം അത്തരത്തിൽ ഉള്ളവയാണ്.

ഒരു ഭാഗത്ത് മുസ്‌ലിം വിരുദ്ധ വംശഹത്യകൾ നിർലോഭം തുടർന്നുകൊണ്ടിരുന്ന ഘട്ടത്തിൽ തന്നെ, 21-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ, കൃത്യമായി പറഞ്ഞാൽ, 2006 മുതൽക്കെങ്കിലും ആഗോള തലത്തിൽ അമേരിക്കയുടെയും പാശ്ചാത്യ സഖ്യങ്ങളുടെയും നേതൃത്വത്തിൽ ആരംഭിച്ച ഭീകരതയ്ക്ക് എതിരായ യുദ്ധം അഥവാ War on Terror ക്യാംമ്പയിനിന്റെ പ്രതിഫലനങ്ങൾ ഇന്ത്യയിലും പ്രകടമായിരുന്നു. പ്രസ്തുത ക്യാമ്പയിൻ, മുസ്‌ലിം സമൂഹത്തെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കിയിരുന്നു. മുസ്‌ലിം സമൂഹത്തെ ഭീകര സമുദായമാക്കി ചിത്രീകരിക്കുന്നതിലും ഇന്ത്യയിൽ ശക്തമായി തന്നെ നിലവിലുണ്ടായിരുന്ന ഇസ്‌ലാമോഫോബിയയെ, ഒരു പ്രഖ്യാപിത നയമായി പ്രഖ്യാപിക്കാനും ബ്രാഹ്മണിക് സ്റ്റേറ്റിന് കൂടുതൽ സാധ്യതകൾ ഭീകരതയ്ക്കെതിരായ യുദ്ധം എന്ന തന്ത്രത്തിലൂടെ സാധിച്ചു. ഇന്ത്യയിൽ ഭീകരതയ്ക്കെതിരായ യുദ്ധത്തിന്റെ രീതിശാസ്ത്രം 2006 മുതൽ ഇന്ത്യയുടെ പല ഭാഗത്തായി സംഭവിച്ച അസംഖ്യം ബോംബ് സഫോടനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. പ്രസ്തുത ബോംബ് സ്ഫോടന കേസുകളിലെല്ലാം തന്നെ സ്ഫോടനം നടന്ന് മണിക്കൂറുകൾക്കകം, ഇന്റലിജൻസ് വിഭാഗങ്ങളുടെ സഹായത്തോടെ, കേസ് അന്വേഷിക്കുന്ന അന്വേഷണ എജൻസി, പാക്കിസ്ഥാൻ കേന്ദ്രമായ സംഘടനകളാണ് സ്ഫോടനം നടത്തിയതെന്ന് പ്രഖ്യാപിക്കുകയും പ്രസ്തുത സംഘടനയുമായി ബന്ധമുണ്ട് എന്ന് ആരോപിച്ച് നൂറുകണക്കിനു വരുന്ന മുസ്‌ലിം ചെറുപ്പക്കാരെ തടവിലാക്കുകയുമാണ് പതിവ്. അതുവഴി ഇന്ത്യൻ മുസ്‌ലിങ്ങളെ കൃത്യമായും ഒരു നിരീക്ഷിക്കപ്പെടേണ്ട, സംശയത്തോടെ വീക്ഷിക്കേണ്ട, എത് നിമിഷവും തന്റെ ഭീകര ഭാവം പുറത്തെടുക്കാൻ സാധ്യതയുള്ള ഒരു ആസന്ന ഭീഷണിയായി ചിത്രീകരിക്കുന്നതിൽ ഇന്ത്യൻ ബ്രാഹ്മണിസം പൂർണാർത്ഥത്തിൽ തന്നെ വിജയിച്ചിരിന്നു. പാർലിമെന്റ് ആക്രമണ കേസിൽ കുറ്റാരോപിതനായ ഡൽഹി യൂണിവേഴ്സിറ്റി പ്രഫസർ എസ്.എ.ആർ ഗീലാനിയെ ഡൽഹി പോലിസ് അറസ്റ്റു ചെയ്തപ്പോൾ “നിങ്ങളുടെ അധ്യാപകൻ പോലും ഒരു തീവ്രവാദിയാകാം” എന്ന വളരെ അപകടകരമായ മുദ്രാവാക്യം ഇന്ത്യൻ ബ്രാഹ്മണ്യം പ്രചരിപ്പിച്ചിരുന്നു.

“Brahminists Bombed, Muslim Hanged” എന്ന പുസ്തകത്തിൽ മഹാരാഷ്ട്ര ഐ.ജി ആയിരുന്ന S.M Mushriff IPS, ഇന്ത്യയിൽ നടന്ന ബഹുഭൂരിപക്ഷം വരുന്ന ബോംബ് സ്ഫോടന കേസുകളുടെയും അന്വേഷണ റിപ്പോർട്ട്, കോടതിവിചാരണ, കോടതി വിധികൾ, മാധ്യമ വാർത്തകൾ എന്നിവയെല്ലാം സൂക്ഷ്മമായി പരിശോധനാ വിധേയമാക്കിയതിനു ശേഷം നടത്തുന്ന നിരീക്ഷണം ഇപ്രകാരമാണ്, ‘2002 മുതൽ ഇന്ത്യയിൽ നടന്നിട്ടുള്ള ചെറുതും വലുതുമായ ഭീകരാക്രമണങ്ങളിൽ, ബഹു ഭൂരിപക്ഷവും നടത്തിയത്  ആർ.എസ്.എസ്, അഭിനവ് ഭാരത്, ബജ്റംഗ്ദൾ, ജയ് വന്ദേ മാതരം, സനാതൻ സൻസത്ത എന്നീ ബ്രാഹ്മണിസ്റ്റ് സംഘടനകളാണ്. എന്നാൽ ഐ.ബി, എൻ.ഐ.എ തുടങ്ങിയ ഏജൻസികളിലും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡുകളിലും ഉള്ള ബ്രാഹ്മണിസ്റ്റ് അനുകൂല വാദികളായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ, പ്രസ്തുത ബോംബ് സ്ഫോടനത്തിൽ ബ്രാഹ്മണിസ്റ്റ് സംഘടനകൾക്കുള്ള പങ്ക് തെളിയിക്കുന്ന തെളിവുകൾ അട്ടിമറിക്കുകയായിരുന്നു. അങ്ങനെ ഒരു തരത്തിലും കണ്ണി ചേർക്കാൻ സാധ്യമല്ലാത്ത മുസ്‌ലിം ചെറുപ്പക്കാരെ കൃത്രിമ തെളിവുകളുടെ അകമ്പടിയോടെ പ്രതി ചേർക്കുകയും മാധ്യമങ്ങളിലെ ബ്രാഹ്മിണിസ്റ്റ് ആധിപത്യം വഴി വ്യാജമായ, ഇസ്‌ലാമോഫോബിയ വളർത്തുകയും, അതുവഴി ഒരു മുസ്‌ലിം വിരുദ്ധ വംശഹത്യാ നയം ശക്തമായി ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി, അത്തരം വാർത്തകൾ, ഇന്ത്യൻ ബ്രാഹ്മണിസ്റ്റു സമൂഹത്തിലേക്ക് ശക്തമായ മുസ്‌ലിം വിരുദ്ധ വികാരം പ്രസരിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സൃഷ്ടിച്ചു പ്രചരിപ്പിക്കുകയായിരുന്നു” എന്നും നിരീക്ഷിക്കുന്നു.

ഒരു നിയമ വിദ്യാർത്ഥി എന്ന നിലയിൽ ഇന്ത്യയിൽ നടന്ന പല ഭീകരാക്രമണ കേസുകളെയും സംബന്ധിച്ച ഭരണകൂട ആഖ്യാനങ്ങളും, ഭരണകൂട ഇതരവും വിരുദ്ധവുമായ ആഖ്യാനങ്ങളും, ചാർജ്ജ് ഷീറ്റുകളും, കോടതി വിചാരണകളും, കോടതി വിധികളും ഈ ലേഖകൻ തന്നെ പരിശോധിച്ചിട്ടുണ്ട്. തെളിവുകളുടെയും അന്വേഷണങ്ങളുടെയും സുതാര്യമില്ലായ്മയും കൃത്രിമത്വവും വളരെ വ്യക്തമായി തന്നെ പ്രകടമായിരിന്നു. അതുകൊണ്ടാണ് വളരെ പഴുതടച്ചതും സുതാര്യവും സത്യസന്ധവുമായ അന്വേഷണം എന്ന് ഭരണകൂടവും മാധ്യമങ്ങളും പൊതുജനങ്ങളും വിധിയെഴുതിയ പ്രസ്തുത കേസുകൾ, കോടതികളിൽ എത്തുമ്പോൾ, പതിറ്റാണ്ടുകൾ നീണ്ട വിചാരണക്കൊടുവിൽ, പ്രാഥമികമായ അടിസ്ഥാനം പോലുമില്ലാത്തതും ഉള്ള തെളിവുകൾ തന്നെ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതും വ്യാജവുമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, പ്രതി ചേർക്കപ്പെട്ട മുസ്‌ലിം യുവാക്കളെ അവരുടെ നാൽപതാമത്തെയും അമ്പതാമത്തെയും വയസ്സിൽ കോടതികൾക്ക് വെറുതെ വിടേണ്ടി വന്നത്. പിന്നീട്, മഹാരാഷ്ട്ര എ.ടി.എസ് മേധാവിയായിരുന്ന ഹേമന്ത് കാർക്കരെയുടെ മലേഗാവ് ബോംബ് സ്ഫോടന കേസിന്റെ അന്വേഷണത്തിലൂടെയാണ് ഇന്ത്യയിലെ ബോംബ് സ്ഫോടനങ്ങൾക്കു പിറകിൽ ഹിന്ദു ഭീകരർ ആണ് എന്ന വസ്തുത പുറം ലോകം അറിയുന്നത്. അതുവരെ മുസ്‌ലിം രാഷ്ട്രീയ നേതൃത്വത്തിൽ നിന്നോ മുസ്‌ലിംകളിൽ നിന്ന് സംഘടിതമായോ ഉള്ള യാതൊരു പ്രതിരോധവുമില്ലാതെ നടന്നിരുന്ന ഭീകരതയ്ക്കെതിരായ യുദ്ധ പ്രഖ്യാപനത്തിലൂടെ മുസ്‌ലിം സമൂഹത്തെ ഭീകരവൽക്കരിക്കാനുള്ള ശ്രമങ്ങൾ, അതിനു ശേഷം വലിയ രീതിയിൽ സംഭവിച്ചില്ല.

വസ്തുതകൾ ഇങ്ങനെയൊക്കെയാകുമ്പോഴും, മേൽ പറഞ്ഞ ഘട്ടങ്ങളിൽ ഒന്നും തന്നെ ക്രിയാത്മകമായി ഇടപെടാനോ, പ്രതിരോധിക്കാനോ, അപര ഹിംസ അടിസ്ഥാന സാമൂഹിക പ്രകൃതമായി സ്വീകരിച്ചിട്ടുള്ള ഇന്ത്യയിൽ, അധികാരത്തിന്റെയും വിഭവങ്ങളുടെയും അഭാവത്തിൽ അവശ വിഭാഗങ്ങൾക്ക് കഴിയാതെ പോയി. പ്രസ്തുത അതിക്രമങ്ങളെ പ്രതിരോധിക്കാനും അതിജയിക്കാനും, അവരുടെ സ്വന്തം കൈയിൽ അധികാരവും വിദ്യഭ്യാസവും നൽകേണ്ടതുണ്ട് എന്ന കൃത്യമായ ചരിത്രബോധ്യത്തിന്റെ അടിസ്ഥാനത്തിൽ വ്യവസ്ഥ ചെയ്യപ്പെട്ട സംവരണം അടക്കമുള്ള പ്രാതിനിധ്യാവകാശങ്ങളുടെ പിൻബലത്തിൽ അധികാരത്തിലെത്തിയ മുസ്‌ലിം ഭരണ പ്രതിനിധികൾക്ക് സാധിച്ചില്ല എന്ന എറെ വിഷമകരമായ ഈ വസ്തുത മനസിലാക്കുമ്പോൾ ആണ് ഷർജീൽ ഇമാം ഉന്നയിച്ച, സ്വന്തം ചരിത്ര ആഖ്യാനം അടിയന്തര ആവശ്യമാണെന്ന പ്രഖ്യാപനത്തിന്റെ പ്രാധാന്യം മനസിലാവുക. ഇന്ത്യയിലെ മുസ്‌ലിം  ഭീകരതയെ സംബന്ധിച്ച്, ബ്രാഹ്മണ്യ ഭരണകൂടം മുന്നോട്ടുവയ്ക്കുകയും ഇന്ത്യൻ ജനത എറ്റെടുക്കുകയും ചെയ്ത ബൃഹത്ആഖ്യാനങ്ങളെ അധികാരപരമായും നിയമപരമായും വൈജ്ഞാനികപരമായും മറികടക്കാൻ ബാധ്യസ്ഥരായ മുസ്‌ലിം രാഷ്ട്രീയ പ്രതിനിധികൾ, പക്ഷേ പലപ്പോഴും ഭരണകൂട ആഖ്യാനത്തെ നെഞ്ചേറ്റുകയും, മുസ്‌ലിം വിഭാഗത്തിന്റെ ദേശ സ്നേഹം ചോദ്യം ചെയ്യപ്പെടണമെന്ന ബ്രാഹ്മണ്യ തന്ത്രത്തിൽ വീഴുകയും ആണ് ചെയ്തത്. മാത്രമല്ല, തങ്ങൾക്കു ദേശ സ്നേഹം ഉണ്ട് എന്ന് തെളിയിക്കാൻ, ബ്രാഹ്മണ്യത്തോടൊപ്പം ചെർന്നു നിൽക്കുകയാണ് മുസ്‌ലിം  രാഷ്ട്രീയ കക്ഷികൾ ചെയ്തത്. അവിടെയാണ് മുസ്‌ലിങ്ങൾ ഒരിക്കലും മറ്റു മുസ്‌ലിങ്ങളുടെ ദേശീയതയെ സംബന്ധിച്ച് ചോദ്യമുന്നയിക്കരുതെന്നും ദേശീയത ഒരു വിഭജന തന്ത്രമാണെന്ന് മുസ്‌ലിങ്ങൾ മനസിലാക്കണമെന്നും ഷർജീൽ ഇമാം പറയുന്നത്. ദേശീയതയെ കുറിച്ചല്ല, അവകാശത്തെ കുറിച്ചും അധികാരത്തെ കുറിച്ചും വിദ്യഭ്യാസത്തെ കുറിച്ചും മാറ്റത്തെ കുറിച്ചും ഐക്യത്തെ കുറിച്ചുമാണ് മുസ്‌ലിങ്ങൾ സംസാരിക്കേണ്ടത് എന്നായിരുന്നു ഷർജീൽ ഇമാം പ്രഖ്യാപിച്ചത്.

ഷർജീൽ ഇമാം

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ, മുസ്‌ലിം സമുദായം, ഒരു ന്യൂനപക്ഷ വിഭാഗം എന്നതിൽ കവിഞ്ഞ് ഒരു രാഷ്ട്രീയ അസ്തിത്വം എന്ന നിലയിൽ ഭരണകൂടത്തോടും സമൂഹത്തോടും ഏറ്റവും ക്രിയാത്മകമായി സംവദിച്ചത്, പൗരത്വ ഭേദഗതി നിയമം, ഇന്ത്യൻ പാർലിമെന്റിൽ പാസാവുകയും മുസ്‌ലിം  സമൂഹം ഒരു സ്വത്വ സമൂഹം എന്ന നിലയിൽ വംശീയ ഉന്മൂലന ഭീഷണി നേരിടുകയും ചെയ്ത സുപ്രധാന ചരിത്ര ഘട്ടത്തിൽ ആണ്. മുൻപ് വിശദീകരിച്ചതു പോലെ, മുസ്‌ലിംകൾ അടക്കമുളള പിന്നോക്ക വിഭാഗങ്ങൾക്ക് എക്സിക്യൂട്ടീവ് തലത്തിലും വിദ്യഭ്യാസ തലത്തിലും മെച്ചപ്പെട്ട പ്രാതിനിധ്യം ഉറപ്പുവരുത്താൻ പ്രസ്തുത സമുദായങ്ങൾക്ക് സംവരണാവകാശങ്ങൾ നൽകണം എന്ന വ്യവസ്ഥയ്ക്കെതിരെ സവർണ സമൂഹവും സവർണാധിപത്യ പ്രസ്ഥാനങ്ങളും മണ്ഡൽ വിരുദ്ധ പ്രക്ഷോഭം  ആളിപടർത്തിയ കാലത്തോ, മുസ്‌ലിം സമുദായത്തിനു നേരെ പരസ്യമായ യുദ്ധ പ്രഖ്യാപനവും വംശീയ ഉന്മൂലന ഭീഷണിയും ഉയർത്തിയ ബാബരി മസ്ജിദ് ഹിന്ദൂ ഭീകരവാദികൾ തകർത്ത ഘട്ടത്തിലോ, ഭീകരതയ്ക്ക് എതിരായ യുദ്ധം എന്ന ആഗോള പ്രതിഭാസത്തിന്റെ സഹായത്തോടെ, ഇന്ത്യയിലെ മുസ്‌ലിം, ദലിത്, ആദിവാസി വിഭാഗങ്ങളെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താനും ആ സമൂഹങ്ങളിലെ യുവതയെ രണ്ടാം കിട പൗരന്മാരായി തരം താഴ്ത്താനും വേണ്ടി, UAPA, NSA, TADA തുടങ്ങിയ ഡീപ്പ് ഭീകര നിയമങ്ങളുടെ അകമ്പടിയോടെ ബ്രാഹ്മണ്യ ഭരണകൂടം മുന്നിട്ടിറങ്ങിയപ്പോളോ ഒന്നും രാഷ്ട്രീയമായും ധൈഷണികമായും നിഷ്ക്രിയവും ദിശാ ബോധമില്ലാത്തതുമായി നിലകൊണ്ട ചരിത്ര ഘട്ടത്തിൽ നിന്ന് ഭരണകൂടവുമായി സ്വന്തം നിലക്ക്, സ്വന്തം നയത്തിൽ നിന്ന് സംസാരിക്കാൻ മുസ്‌ലിം സമൂഹം ആർജ്ജവം കാണിച്ച ഒരു ചരിത്ര ഘട്ടം എന്ന നിലയിൽ പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭം സ്വതന്ത്ര്യ ഇന്ത്യയിലെ മുസ്‌ലിം ചരിത്രത്തിന്റെ സുപ്രധാനമായ ഒരു അദ്ധ്യായമാണ്.

പൗരത്വ സമരത്തെ വീക്ഷിക്കുമ്പോൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഉന്നത സർവ്വകലാശാലകളിൽ പഠിക്കുന്ന, അഭ്യസ്തവിദ്യരായ വിദ്യാർത്ഥികൾ ആണ് പ്രധാനമായും സമരത്തെ നയിച്ചത്. പൗരത്വ പ്രക്ഷോഭത്തിന്റെ മുഖമായി മാറിയ വിദ്യാർത്ഥികൾ തന്നെയാണ് രാജ്യമൊട്ടുക്കും സഞ്ചരിച്ചു കൊണ്ട്, 1950 മുതൽ മുസ്‌ലിം ജനത, വിവിധ രാഷ്ട്രീയ പാർട്ടികളാലും ഇന്ത്യൻ ഭരണ സംവിധാനത്താലും വഞ്ചിക്കപ്പെടുകയായിരുന്നു എന്ന വസ്തുത, ഇന്ത്യയിലെ മുസ്‌ലിം  സമൂഹത്തെ ബോധ്യപ്പെടുത്തി കൊണ്ടിരുന്നത്. നാളതുവരെയുള്ള സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായി, മുസ്‌ലിം ജനത, ഒരു മത സ്വത്വം എന്ന നിലയിൽ, സ്വന്തമായ ഒരു നയത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റിനോടും സമൂഹത്തോടും സംവദിച്ച ഒരപൂർവ ചരിത്ര ഘട്ടത്തിനു കൂടിയാണ് പൗരത്വ പ്രക്ഷോഭ കാലഘട്ടം സാക്ഷ്യം വഹിച്ചത്. സ്വന്തം മത സ്വത്വം ഉയർത്തിപ്പിടിച്ച്, മത മുദ്രാവാക്യങ്ങൾ മുഴക്കി, തികഞ്ഞ ആത്മീയ ബോധ്യത്തിലും സൗന്ദര്യത്തിലുമാണ് മുസ്‌ലിം സമൂഹം തങ്ങൾക്കു മുന്നിൽ വന്നു നിന്ന വംശീയ ഉന്മൂലന ഭീഷണിയെ പ്രതിരോധിച്ചത്. മിഷേൽ ഫൂക്കോ തന്റെ ‘Political Spirituality’ എന്ന പദത്തിലൂടെ നടത്തിയ, ഇറാനിയൻ വിപ്ലവത്തിൽ പങ്കെടുത്ത മനുഷ്യരുടെ ധീരതയെ എപ്രകാരം അവരുടെ ആത്മീയ ബോധ്യങ്ങൾ രൂപപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തു എന്ന നീരീക്ഷണത്തിനു സമാനമായി, നീതിക്കും അഭിമാനത്തോടെ ജീവിക്കാനും വേണ്ടി മുസ്‌ലിം സമൂഹം നടത്തിയ ധീരമായ ചെറുത്തുനിൽപ്പ്, തങ്ങളുടെ മത ജീവിതവുമായി ബന്ധപ്പെടുത്തി കൊണ്ട് കൂടുതൽ ശക്തമായ ഒരു ഘട്ടത്തിലേക്കാണ് ഇന്ത്യൻ മുസ്‌ലിം ചരിത്രത്തെ തന്നെ നയിച്ചത്. തങ്ങൾക്കു തങ്ങളായി തന്നെ ജീവിക്കാൻ അവകാശം ഉണ്ട് എന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു പൗരത്വ പ്രക്ഷോഭം മുന്നോട്ടു പോയത്.

ബ്രാഹ്മണ്യത്തിന്റെ വംശീയമായ പ്രത്യയശാസ്ത്രത്തെ അടിസ്ഥാന ജീവിത ബോധ്യമായി സ്വീകരിച്ച ഇന്ത്യൻ സമൂഹത്തിൽ, ഒരു വ്യക്തിയെ വംശീയമായ ഉന്മൂലനത്തിന് അർഹനാക്കുന്നത് ഒരുവന്റെ സാമൂഹിക അസ്തിത്വം ആണ് എന്ന, ബ്രാഹ്മണ്യ മനഃശാസ്ത്രത്തെ സംബന്ധിച്ചും പ്രത്യേയശാസ്ത്രത്തെ സംബന്ധിച്ചുമുള്ള സൂക്ഷ്മമായ തിരിച്ചറിവാണ് യഥാർത്ഥത്തിൽ മത ചിഹ്നനങ്ങൾക്ക് പൗരത്വ പ്രക്ഷോഭത്തിൽ സുപ്രധാനമായ സ്ഥാനം നേടികൊടുത്തത്. വിവിധ സാമൂഹ്യ വിഭാഗങ്ങൾ തങ്ങളുടെ സാമൂഹിക സ്വത്വം എങ്ങനെയാണ് തങ്ങളെ അപരവൽക്കരിക്കുന്നതിലേക്ക് പൊതു സമൂഹത്തെ നയിക്കുന്നത് എന്ന വിഷയത്തെ അഭിസംബോധന ചെയ്യുന്നത്, സമൂഹത്തെ വിഭാഗീയതയിലേക്കും ശിഥിലീകരണത്തിലേക്കും നയിക്കും എന്ന ലിബറൽ വിശുദ്ധ വാദത്തിലെ കാപട്യത്തെ തിരിച്ചറിയാനും മുസ്‌ലിം നേതൃത്വത്തിനു സാധിച്ചു എന്നത്,  ഭാവിയിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ നയങ്ങളെയും നിബന്ധനകളെയും രൂപപ്പെടുത്താൻ മാത്രം ശക്തമായ ഒരു മുന്നേറ്റമായാണ് വീക്ഷിക്കേണ്ടത്. തങ്ങൾക്കു തങ്ങളായി തന്നെ ജീവിക്കാൻ അവകാശം ഉണ്ട് എന്ന മുദ്രവാക്യം, ഉപാധികളില്ലാത്ത, യാതൊന്നും അടിയറവു വെക്കാൻ സന്നദ്ധമല്ലാത്ത രാഷ്ട്രീയ-സാമൂഹിക സഖ്യവും സാഹോദര്യവും ആണ് മുസ്‌ലിം സമൂഹം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ബദൽ എന്ന സന്ദേശമാണ് നൽകുന്നത്. അത്തരത്തിലുള്ള കൂടുതൽ വിശാലവും നീതിയുക്തവും ഉൾകൊള്ളൽ ശേഷിയുമുള്ള രാഷ്ട്രീയ, സാമൂഹിക സാഹോദര്യമാണ് ബ്രാഹ്മണ്യത്തെ നേരിടാൻ സാധ്യമായ വഴി എന്നത് ചരിത്രം നൽകുന്ന വലിയ പാഠങ്ങളിൽ ഒന്നാണ്. അത്തരത്തിലുള്ള ഒരു സാഹോദര്യ മാതൃകയാണ് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്, പൗരത്വ പ്രക്ഷോഭ കാലത്ത്, ഡൽഹി ജുമാ മസ്ജിദിൽ വന്നു കൊണ്ട്, “ജയ് ഭീം ഇൻഷാ അല്ലാഹ്” എന്ന മുദ്രാവാക്യത്തിലൂടെ പകർന്നു നൽകിയത്.

ഇത്തരത്തിൽ സമൂഹവുമായി വലിയ രീതിയിൽ സംവദിക്കാനുള്ള ശേഷി യഥാർത്ഥത്തിൽ മുസ്‌ലിം സമൂഹം കൈവരിക്കുന്നത്, മുമ്പ് വിശദീകരിച്ചതു  പോലെ, ഉയർന്ന നീതി ബോധമുള്ള മനുഷ്യർ, അധികാരത്തിനും വിദ്യാഭ്യാസത്തിനും സാമൂഹിക നീതിക്കും വേണ്ടി നടത്തിയ ദീർഘ കാലത്തെ സമരത്തിനൊടുവിൽ നേടിയെടുത്ത, അധികാരത്തിലും വിഭവത്തിലും വിദ്യാഭ്യാസത്തിലുമുള്ള പ്രാതിനിധ്യാവകാശത്തെ കൂടി അടിസ്ഥാനപ്പെടുത്തിയാണ്. അതുകൊണ്ടു തന്നെ, പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിലൂടെ പ്രകടമായ ഇന്ത്യൻ മുസ്‌ലിം – ദലിത് – സ്ത്രീ വിഭാഗങ്ങളുടെ വൈജ്ഞാനികമായ മുന്നേറ്റത്തിന്റെ വേരുകൾ കിടക്കുന്നത്, ഫാത്തിമാ ശൈഖിൽ നിന്ന് ആരംഭിക്കുന്ന, അംബേദ്ക്കറും, ബി.പി മണ്ഡലും ഉൾക്കൊള്ളുന്ന നേതാക്കൾ മുന്നിൽക്കണ്ട, ഇന്ത്യയെ ബ്രാഹ്മണ്യത്തിന്റെ വംശീയ പ്രത്യയശാസ്ത്രത്തിൽ നിന്ന് മോചിപ്പിച്ച്, നീതി അടിസ്ഥാന തത്വമായി വർത്തിക്കുന്ന, സാഹോദര്യത്തിന്റെതായ ഒരു ലോക ക്രമം സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തിലാണ്. അത് കാലം ആവശ്യപ്പെടുന്ന ഒരു അനിവാര്യത കൂടിയാണ്.

അത്തരത്തിലുള്ള, വലിയ ഒരു രാഷ്ട്രീയ – സാമൂഹിക മുന്നേറ്റത്തിന് നേതൃത്വം നൽകിയതുകൊണ്ടാണ് ഷർജീൽ ഇമാം, ഷർജീൽ ഉസ്മാനി, സഫൂറ സർഗാർ, ആസിഫ് ഇഖ്ബാൽ തൻഹ, എന്നിങ്ങനെ, ബ്രാഹ്മണ്യത്തെ നേർക്കുനേർ നിന്ന് വെല്ലുവിളിച്ച നിരവധിയായ, വിജ്ഞാനികളും ധീരരും ആയ മുസ്‌ലിം വിദ്യാർത്ഥി നേതാക്കളെ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഹിന്ദൂ വംശീയ ഭരണകൂടം ഭീകര നിയമങ്ങൾ ഉപയോഗിച്ച് വേട്ടയാടാൻ ശ്രമിക്കുന്നത്. നിരന്തരമായി ഗുരുതരമായ കുറ്റാരോപണങ്ങളും മാരകമായ വകുപ്പുകളും മുസ്‌ലിം വിദ്യാർത്ഥി നേതാക്കൾക്കെതിരെ ചുമത്തുന്നുണ്ടെങ്കിലും, യാതൊരു പ്രതിരോധവുമില്ലാതെ മുസ്‌ലിം ജനത പ്രസ്തുത ഭരണകൂട ഹിംസയോടു സമരസപ്പെടുന്നില്ല എന്നു മാത്രമല്ല, ഭരണകൂട ഭാഷ്യത്തെ വിശ്വസിക്കുക പോലും ചെയ്യാത്ത ഒരു നേതൃത്വം കൂടി ഉയർന്നു വരികയാണ്. ബോസ്നിയൻ നേതാവായ അലിജാ അലി ഇസ്സത്ത് ബെഗോവിച്ച് ആഹ്വാനം ചെയ്തതു പോലെ, യാതൊരു തരത്തിലും അടിയറവു പറയാത്ത, മാപ്പ് ആവശ്യപ്പെടാത്ത, നീതിയുടെ രാഷ്ട്രീയം ചരിത്രത്തെ തിരുത്തി കുറിക്കുക തന്നെ ചെയ്യും!

(അവസാനിച്ചു)


ഭാഗം ഒന്ന്, ഭാഗം രണ്ട്

മുഹമ്മദ് റാഷിദ്