Campus Alive

ബാപ്സ-ഫ്രറ്റേണിറ്റി സഖ്യം: രാഷ്ട്രീയമാറ്റത്തിനും അതിജീവനത്തിനും വേണ്ടിയുള്ള കീഴാള മുന്നേറ്റം

ഇപ്പോഴത്തെ രാഷ്ട്രീയ കാലവസ്ഥ പരിഗണിക്കുമ്പോള്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ഥി തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമായ രാഷ്ട്രീയ വ്യവഹാരങ്ങള്‍ പ്രകടമാക്കുന്ന ഒന്നാണ്. അതില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് ബാപ്‌സയും(ബിര്‍സ അംബേദ്കര്‍ ഫൂലെ സ്‌റുഡന്റ്‌സ് അസോസിയേഷന്‍) ഫ്രറ്റേണിറ്റി മൂവ്‌മെന്റും തമിലുള്ള സഖ്യമാണ്. ദലിത് ബഹുജന്‍ മുസ്ലീം വിഭാഗങ്ങളെയും മറ്റു കീഴാളരെയും ഇത് ഒരേ സമയം ഭൗതികവും ശാരീരികവുമായ നിലനില്‍പ്പിന്റെയും രാഷ്ട്രീയ വ്യവഹാരത്തിന്റെ മണ്ഡലത്തിലെ ഇടപെടലെന്ന തരത്തിലും നിര്‍ണ്ണായകമാണ്. പൊതു രാഷ്ട്രീയ മണ്ഡലത്തിലെ ഹിന്ദുത്വ ഭരണത്തിന്റെ ഭീകരതയും അക്കാദമിക സ്ഥാപനങ്ങളുടെ ആന്തരികമായ ജാതീയതയും വംശീയതയും കൂടി കുഴഞ്ഞ സാമൂഹികമായ സമ്മര്‍ദ്ദത്തില്‍ കഴിയുന്ന ദലിത്-മുസ്ലീം ബഹുജന്‍ വിദ്യാര്‍ഥികളെ സംബന്ധിച്ച് അതിജീവനം വളരെ ബുദ്ധിമുട്ടേറിയാതായിട്ടുണ്ട്.

ഈ അവസരത്തില്‍ ഇത്തരം കീഴാള സമുദായങ്ങളുടെ സഖ്യങ്ങള്‍ ഉയര്‍ന്ന വിദ്യാഭ്യാസ ഇടങ്ങളില്‍ ആത്മവിശ്വാസം പകരുന്ന ഒന്ന് കൂടിയാണ്. ബാപ്‌സയും ഫ്രറ്റേണിറ്റി മൂവ്‌മെന്റും തമ്മിലുള്ള സഖ്യത്തിന്റെ രാഷ്ട്രീയമായ സാധ്യതയെ കുറിച്ച് ചില പോയന്റുകള്‍ സൂചിപിക്കാം.

രണ്ടാം മോഡി ഭരണം കൂടുതല്‍ അപകടകരമായ നിലയില്‍ അതിന്റെ ഹിന്ദുത്വ ലക്ഷ്യങ്ങള്‍ മറയില്ലാതെ പ്രകടമാക്കുന്നു. കശ്മീര്‍, ആസാം തുടങ്ങിയയിടങ്ങളിലെ ജനതയ്ക്കുമേല്‍ തുറന്ന രീതിയില്‍ കടന്നാക്രമണം നടത്താന്‍ ശ്രമിക്കുന്നു. ഗോ രാഷ്ട്രീയത്തിന്റെ ഭാഗമായും നിര്‍ബന്ധിത ജയ് ശ്രീറാം വിളികളുടെ ഭാഗമായും ആസൂത്രിത ആള്‍കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തുന്നു. ഈ ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നത് ദലിതരും ആദിവാസികളും മുസ്ലീങ്ങളുമാണ്. സംവരണ അവകാശങ്ങള്‍ ഉള്‍പ്പടെ ദലിത് ബഹുജന്‍ അവകാശങ്ങള്‍ക്ക് മേല്‍ അവര്‍ കടന്നു കയറുന്നു. പൗരത്വം ചോദ്യം ചെയ്യപ്പെടുന്നു. അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നു. ഇഷ്ട്ടമുള്ള മതം സ്വീകരിക്കാനുള്ള അവകാശത്തെ നിരോധിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നു. ഹിന്ദുത്വ ഭരണകൂടത്തിന്റെ നേരിട്ടുള്ള അടിച്ചമര്‍ത്തലിനൊപ്പം സംഘപരിവാര്‍ സംഘടനകള്‍ക്ക് ഔട്ട് സോഴ്സ് ചെയ്തിട്ടുള്ള അധികാരം വഴിയും മോദി ഭരണം അതിന്റെ ഹിംസ തുടരുന്നു. ഈ അവസരത്തില്‍ ഈ ഹിംസാത്മകമായ രാഷ്ട്രീയത്തെ പ്രതിരോധിക്കേണ്ടത് കീഴാളരെ സംബന്ധിച്ച അതിജീവനത്തിന്റെ പ്രശ്‌നമാണ്. അതിന് കഴിയുന്നത് കീഴാള സഖ്യങ്ങള്‍ക്കാണ്. ഒന്നാമത് ഹിന്ദുത്വ വ്യവഹാരങ്ങളെ ചോദ്യം ചെയ്യാനുള്ള ഫലപ്രദമായ സൈദ്ധാന്തിക അടിത്തറയുള്ളത് ദലിത് ബഹുജന്‍, മുസ്ലീം സംഘടനങ്ങള്‍ക്കാണ്. അംബേദ്കര്‍ രാഷ്ട്രീയവും ഇസ്ലാമിക രാഷ്ട്രീയവും ഹിന്ദുത്വവാദികള്‍ ഒരു ഭീഷണിയായി കാണുന്നത് അത് കൊണ്ടാണ്.

ഇടത്‌വലത്-ഹിന്ദുത്വ ശക്തികളുടെ രാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തമായി അംബേദ്കറൈറ്റ്, മുസ്ലിം സംഘടനകള്‍ രാഷ്ട്രീയ മണ്ഡലത്തിലെ ചര്‍ച്ചകളെ പുതിയ തലത്തില്‍ എത്തിക്കുന്നുവെന്നതാണ് ഏറ്റവും നിര്‍ണ്ണായകമായ കാര്യം. സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദലായി ഇടതു രാഷ്ട്രീയത്തിന് ഒരിക്കലും ജാതിയുടെയോ വംശീയതയുടെയോ പ്രശ്‌നങ്ങളെ ശക്തമായി ഉയര്‍ത്താന്‍ കഴിയില്ല. ദലിതരേയും മുസ്ലീങ്ങളെയും ഇരകള്‍ എന്ന നിലയില്‍ മാത്രമാവും അവര്‍ പരിഗണിക്കുക. അതുകൊണ്ട് തന്നെ ഈ മണ്ഡലങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്ന രാഷ്ട്രീയത്തെ അവര്‍ വിഭാഗീയതയായിട്ടാണ് വ്യാഖ്യാനിക്കുക. തുല്യതയുടെ അടിസ്ഥാനത്തിലുള്ള ഐക്യത്തെക്കാളും നേതൃത്വപരമായ രക്ഷകര്‍ എന്ന നിലയിലുള്ള ഒരു റോള്‍ ആണ് അവര്‍ ആഗ്രഹിക്കുന്നത്. അവരുടെ ഉള്ളിലെ ജാതി സംഘര്‍ഷങ്ങള്‍ അവരെ കൂടുതല്‍ ആശങ്കകളിലേക്ക് തള്ളിവിടുന്നു. അതുകൊണ്ടാണ് സി.പി.എമ്മിന്റെ കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേരളത്തിലെ അഗ്രഹാരങ്ങളിലെ ബ്രാഹ്മണരുടെ ദുരിതാവസ്ഥ പരിഹരിക്കേണ്ടത് ഇടതു സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് പ്രഖ്യാപിക്കാന്‍ തയാറാകുന്നത്. ദലിത് രാഷ്ട്രീയത്തോട് ഒരു ഭാഗത്ത് മമത കാട്ടിയിട്ട് മറു ഭാഗത്ത് ബാലന്‍സ് ചെയ്യേണ്ട അവസ്ഥ. ഈ ധര്‍മസങ്കടങ്ങള്‍ ഇടതുപക്ഷത്തെ ജാതിയും മുസ്ലീം വിരുദ്ധതെയും എതിര്‍ക്കാന്‍ അശക്തരാക്കുന്നു. സംവരണ വിരുദ്ധതയുടെ കാര്യത്തില്‍ സംഘപരിവാരില്‍ നിന്നും അകലയല്ല ഇടതുപക്ഷവും എന്നും ഓര്‍ക്കുക. മറ്റൊരു കാര്യം ജാതി,മത,വര്‍ഗ,ലിംഗ,ലൈംഗിക വിവേചനത്തിന്റെ പ്രശനങ്ങള്‍ കൂടികുഴഞ്ഞു കിടക്കുന്നത് കൊണ്ട് തന്നെ കീഴാള സമുദായങ്ങളുടെ യോജിച്ച പ്രവര്‍ത്തനങ്ങളായിരിക്കാം കൂടുതല്‍ ഫലപ്രദം.

ഏതൊരു സഖ്യത്തെയും സാധ്യമാക്കുന്നത് നീക്കുപോക്കുകളാണ്. സഖ്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പരസ്പരം മാറേണ്ടി വരുന്നുണ്ട്. ദലിത്, ബഹുജന്‍ കീഴാളരുടെ സഖ്യ ശ്രമങ്ങള്‍ തന്നെ പരസ്പരം രാഷ്ട്രീമായി നവീകരിക്കാനുള്ള സാധ്യത തുറന്നിടുന്നുണ്ട്. കീഴാളര്‍ക്കിടയിലെ സാമുദായികമായ സങ്കുചിത ബോധങ്ങളെയും മുന്‍വിധികളെയും മാറ്റാനുള്ള ഒരു വേദി കൂടിയാണ് സഖ്യങ്ങള്‍. ബഹുമുഖ സ്വത്വങ്ങള്‍ (multiple identities) ചര്‍ച്ച ചെയ്യപ്പെടുകയും രാഷ്ട്രീയ മണ്ഡലം കൂടുതല്‍ സര്‍ഗാത്മകമാവുന്നു എന്നതാണ് ഏറ്റവും ഗുണകരമായ ഒരു കാര്യം. ഇടതു/ ഹിന്ദുത്വ രാഷ്ട്രീയ ഇടത്തില്‍ ബഹുമുഖ ശബ്ദങ്ങള്‍ (multiple voices) സാധ്യമല്ല. ഒരു ഭാഗത്ത് വര്‍ഗവും മറുഭാഗത്ത് ”ഹിന്ദു” എന്ന ഏകശിലാത്മകമായ ഐഡന്റിറ്റിയുമാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. ഒറ്റ രാജ്യം, ഒറ്റ ജനത എന്ന രീതിയിലുള്ള അധീശ വീക്ഷണം ചോദ്യം ചെയ്യാന്‍ ദേശീയവാദത്തില്‍ കുടുങ്ങി കിടക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് കഴിയില്ല. അതുകൊണ്ട് തന്നെ പ്രദേശം,ഭാഷ,മതം,സമുദായം തുടങ്ങിയ വ്യത്യസ്തമായ കീഴാള സ്വരങ്ങള്‍ കേള്‍ക്കപ്പെടാനും കീഴാള അധികാരങ്ങള്‍ ഉണ്ടാവാനും ബാപ്‌സ-ഫ്രറ്റേണിറ്റി സഖ്യം സാധ്യതകള്‍ തുറന്നിടുന്നു. ഒഡീഷയിലെ കാലഹണ്ടി ജില്ലയിലെ പൌര്‍കേല എന്ന ഗ്രാമത്തില്‍ നിന്നും വരുന്ന ജിതേന്ദ്ര സുനയുടെയും കോഴിക്കോട് ജില്ലയിലെ നരിക്കുനിയില്‍ നിന്നും വരുന്ന വസീം ആര്‍.എസിന്റെയും ശബ്ദം ജെ.എന്‍.യുവില്‍ കേള്‍ക്കുകയെന്നത് തന്നെ ഇത്തരത്തിലുള്ള പ്രാദേശികമായ കീഴാള ശബ്ദങ്ങള്‍ കേള്‍ക്കപ്പെടുന്നുവെന്നുള്ളതാണ്. ഹിന്ദുത്വത്തിന്റെ ഉത്തരേന്ത്യന്‍ സവര്‍ണ്ണ ആധിപത്യത്തിനും ഇടത് രക്ഷാധികാര (patronizing) രാഷ്ട്രീയത്തിനും ഇത് ശക്തമായ വെല്ലുവിളിയാകുമെന്ന് കരുതാം.

അജിത് കുമാര്‍ എ.എസ്‌