Campus Alive

നമ്മുടെ കഥ നാം തന്നെ രചിക്കും: അഭയ് സാസ

(2010ൽ ദലിത് ആൻഡ് ആദിവാസി സ്റ്റുഡന്റ്സ് പോർട്ടൽ പ്രസിദ്ധീകരിച്ച അഭയ് സാസയുമായുള്ള അഭിമുഖം. ചത്തീസ്ഗഢ്കാരനായ അഭയ് ഫ്ലാവിയർ സാസ ആദിവാസി ആക്ടിവിസ്റ്റും സാമൂഹ്യശാസ്ത്ര ഗവേഷകനുമായിരുന്നു. ഈ മാസം 14ാം തിയ്യതിയായിരുന്നു അദ്ദേഹം മരണപെട്ടത്.)

ദയവായി വയാനക്കാരോട് നിങ്ങളുടെ ജീവിത പശ്ചാതലത്തെ കുറിച്ച് പറയൂ.

ചത്തീസ്ഗഢിലെ ചിറ്റ്കവൈൻ എന്ന ഗ്രാമത്തിൽ നിന്നാണ് ഞാൻ വരുന്നത്. എന്റെ മാതാപിതാക്കൾ ഞങ്ങളുടെ സമുദായത്തിൽ നിന്നുള്ള ആദ്യ ബിരുദധാരികളാണ്. എന്റെ അച്ഛൻ  തൊഴിൽപരമായി വക്കീലായിരുന്നെങ്കിലും പിന്നീട് മധ്യപ്രദേശിലെ ആദ്യത്തെ ആദിവാസി ജഡ്‌ജിമാരിൽ ഒരാളായി. പീന്നീട് ആ സ്ഥാനം നഷ്ടപ്പെടുകയും അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. ഇതിന് ശേഷം ഒന്നും ബാക്കി വന്നില്ല. ഞങ്ങൾക്ക് പൂർവികരുടെ മണ്ണിലേക്ക് തിരിച്ചു ചെന്ന് വീണ്ടും എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ടി വന്നു. വീട്ടുകാര്യത്തിൽ ശ്രദ്ധ പുലർത്താൻ വേണ്ടി എന്റെ അമ്മ പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു. എനിക്കും കുറച്ചുനാളത്തേക്ക് പഠനം നിർത്തേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇന്ന് ഞാനും എന്റെ സഹോദരനും നിയമ ബിരുദധാരികളാണ്. എന്റെ രണ്ട് സഹോദരിമാരും വിദ്യാസമ്പന്നരും അധ്യാപകരായി ജോലി ചെയ്യുന്നവരുമാണ്. എന്റെ സഹോദരൻ കഴിഞ്ഞ വർഷം ജഡ്ജി ആയി.

താങ്കളുടെ പിതാവ് ജോലി ഉപേക്ഷിക്കുമ്പോൾ താങ്കൾക്ക് എന്ത് പ്രായമായിരുന്നു?

1990 ലാണ് ഇത് സംഭവിക്കുന്നത്. ഞങ്ങളെല്ലാം അപ്പോൾ ചെറുപ്പം ആയിരുന്നു. ഞാൻ 9ാം ക്ലാസ്സ് വിദ്യാർത്ഥിയും എന്റെ അനുജൻ അഞ്ചാം ക്ലാസിലും സഹോദരി ഒന്നാം ക്ലാസിലുമായിരുന്നു.

താങ്കളുടെ സ്കൂൾ വിദ്യാഭ്യാസം? ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയത് എവിടെ നിന്നായിരുന്നു?

ഞാൻ കുങ്കുരിയിലുള്ള ലോയല ഹയർസെക്കൻഡറി സ്കൂളിലാണ് പഠിച്ചത്, ഒരു പഴയ മിഷനറി സ്കൂൾ. 90 ശതമാനം വിദ്യാർത്ഥികളും ആദിവാസി പശ്ചാത്തലമുള്ളവരായിരുന്നതിനാൽ ‘ആദിവാസി സ്കൂൾ’ എന്നാണിത് അറിയപ്പെട്ടത്. അതിന് ശേഷം ബി.കോം പഠനത്തിനായി മധ്യപ്രദേശിലെ ഉന്നത വിദ്യാഭ്യാസത്തിനുള്ള കേന്ദ്രങ്ങളിലൊന്നായ ജബൽപൂർ നഗരത്തിലെ റാണി ദുർഗ്ഗാവതി സർവ്വകലാശാലയിൽ ചേർന്നു.

എന്റെ സ്കൂളിൽ താരതമ്യേന ഉയർന്ന മാർക്ക് നേടിയാൽ സയൻസിൽ പ്രവേശനം നേടാൻ വിദ്യാർത്ഥികളെ നിർബന്ധിതരാക്കുകയും ആർട്സ് മേഖല ‘കുറഞ്ഞ’ മാർക്കുള്ള ആളുകൾക്ക് വേണ്ടി മാറ്റിവയ്‌ക്കുന്നതുമായ മിഥ്യാധാരണ നിലവിലുണ്ടായിരുന്നതിനാൽ എനിക്ക് കൊമേഴ്‌സ് സ്ട്രീം തിരഞ്ഞെടുക്കേണ്ടിവന്നു. ആർട്സ് വിഷയത്തിൽ എനിക്ക് താൽപ്പര്യമുണ്ടായിരുന്നു, എന്റെ ഉന്നത വിദ്യാഭ്യാസം ആ മേഖലയിൽ തുടരാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ പരീക്ഷയിൽ 65 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ചതിന്റെ പേരിൽ എനിക്ക് ആർട്സ് മേഖലയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു (ചിരിക്കുന്നു). സയൻസ് ചെയ്യാൻ എനിക്ക് താൽപ്പര്യമില്ലാത്തതിനാൽ എനിക്ക് കോമേഴ്‌സ് തിരഞ്ഞെടുക്കേണ്ടിവന്നു.

ആ സമയത്ത് താങ്കൾ വിദ്യാർത്ഥി രാഷ്ട്രീയവുമായി എത്രത്തോളം ഇടപെട്ടിരുന്നു?

ആദിവാസി സ്വതബോധത്താൽ തിളച്ചിരുന്ന ഒരു ആദിവാസി ഹോസ്റ്റലിൽ താമസിക്കാനുള്ള അവസരം ലഭിച്ചതിനാൽ ഞാൻ ഇത്തരം വിഷയങ്ങളിൽ വളരെ അധികം ഉൾപ്പെട്ടിരുന്നു. എന്റെ പല സുഹൃത്തുക്കളും, മുതിർന്നവരും അവിടെ സജീവമായിരുന്നു. ആദിവാസി വിദ്യാർത്ഥികൾക്കെതിരായ വിവേചന കേസുകൾ ഗൗരവമായി എടുത്തിരുന്ന ഞങ്ങളുടെ സ്വന്തം ആദിവാസി സ്റ്റുഡന്റ്സ് യൂണിയൻ അവിടെ ഉണ്ടായിരുന്നു.

എന്റെ രണ്ടാം വർഷം മുതൽ ഗ്രൂപ്പിനായി പ്രവർത്തിക്കുന്നതിലും ആദിവാസി വിദ്യാർത്ഥികളെ വിവിധ വിഷയങ്ങളിൽ അണിനിരത്തുന്നതിലും ഞാൻ ആഴത്തിൽ പരിശ്രമിച്ചിരുന്നു. ഞങ്ങൾ പ്രതിഷേധിക്കാൻ ഒരിക്കലും മടിക്കാത്ത ഒരു സമ്മർദ്ദ വിഭാഗമായും നന്നായി പ്രവർത്തിച്ചു, ഞങ്ങളുടെ സ്കോളർഷിപ്പ് ഗ്രാന്റുകൾ കാലതാമസം വരുത്തുന്ന ജില്ലാ കളക്ടറെപ്പോലും ഞങ്ങൾ തടഞ്ഞിരുന്നു.

കേവല വിദ്യാർത്ഥി വിഷയങ്ങളിൽ ഒതുങ്ങാതെ ആദിവാസി ഇതര ബിസിനസുകാരും പണമിടപാടുകാരും പുറത്തുനിന്നുള്ളവരും ചെയ്യുന്ന കുത്തക, സാമ്പത്തിക ചൂഷണങ്ങൾ പോലുള്ള വലിയ പ്രശ്നങ്ങളിലും ഞങ്ങൾ ഇടപെട്ടിരുന്നു. അക്കൂട്ടർ എത്രമാത്രം ചൂഷണപരമാണെന്ന് നിങ്ങൾക്ക് ഒരുപക്ഷേ ചിന്തിക്കാൻ കൂടി പറ്റില്ല. അവർ നമ്മുടെ ജനങ്ങളെ പരസ്യമായി വഞ്ചിക്കുകയും നമ്മുടെ ജനതയെ ഞെരുക്കുകയും ചെയ്യുന്നു. അവരുടെ പണാധിപത്യമുപയോഗിച്ച് അവർ എല്ലാ രാഷ്ട്രീയക്കാരെയും ജില്ലാ ഭരണകൂടത്തെയും വളരെ എളുപ്പത്തിൽ സ്വാധീനം ചെലുത്തുന്നു. അവരുടെ കാരുണ്യത്തിലാണ് ആദിവാസി കുടുംബങ്ങളിൽ ഭൂരിഭാഗവും കഴിയുന്നത്. ഞങ്ങളുടെ ഗ്രൂപ്പ് മീറ്റിംഗുകളിൽ, അത്തരം സാഹചര്യങ്ങളിൽ എങ്ങനെ ഇടപെടാമെന്ന് ഞങ്ങൾ ചർച്ച ചെയ്യുകയും ദൃശ്യവൽക്കരിക്കുകയും ചെയ്തിരുന്നു. നമ്മുടെ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഈ പണമിടപാടുകാരെയും കച്ചവടക്കാരെയും എങ്ങനെയാണ് നേരിടുക?

ആദിവാസി വിദ്യാർത്ഥി സംഘങ്ങളിൽ സജീവമായി പങ്കെടുക്കാൻ എന്തായിരുന്നു പ്രേരണ?

സഹ ആദിവാസി വിദ്യാർഥികളുടെ അമിതമായ കൊഴിഞ്ഞുപോക്ക് നിരക്ക് പല കാരണങ്ങളിലൊന്നായി തോന്നിയിട്ടുണ്ട്. പഠനത്തിലും മറ്റും കഴിവ് തെളിയിച്ച പല സുഹൃത്തുക്കളും പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു പോയത് സ്കൂൾ പ്രായം തൊട്ടേ കാണേണ്ടതായി വന്നിട്ടുണ്ടെനിക്ക്. ഏക കാരണം അവരുടെ പട്ടിണിയായിരുന്നു. പലരും കൃഷിയിടങ്ങളിൽ പണിക്കു പോയെങ്കിലും മിക്കവരും കുടുംബത്തെ പോറ്റാൻ വേണ്ടി ജോലിക്കായി മഹാനഗരങ്ങളിലേക്കു കുടിയേറി പോവുകയാണുണ്ടായത്.

പഠനവും അതോടൊപ്പം ആദിവാസി ഹോസ്റ്റലിലെ താമസം തുടരാനും കേവലം വർഷത്തിൽ 100 കിലോ അരിയും 20 കിലോ ധാന്യങ്ങളും മാത്രമായിരുന്നു ആവശ്യമെങ്കിലും അതുപോലും അവർക്ക് താങ്ങാൻ ആവുന്നതായിരുന്നില്ല. സാമ്പത്തിക കാരണങ്ങളാൽ പഠനത്തിൽ ചെറിയൊരു ഇടവേള സംഭവിച്ചെങ്കിലും പഠനം പൂർത്തിയാക്കാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനാണെന്ന് തോന്നുന്നു. ഈ വിഷയം മനസ്സിനെ വളരെ ആഴത്തിൽ സ്വാധീനിച്ചതിനാൽ പലപ്പോഴും ഞാൻ ഇതിനെക്കുറിച്ച് ബോധവാനായിരുന്നു. വളരുന്നതനുസരിച്ച് ഇതിനുള്ള ഉത്തരങ്ങൾ തേടാനും തുടങ്ങി.

അതോടൊപ്പം അച്ഛന്റെ ജഡ്ജി ആയുള്ള ഉദ്യോഗം നഷ്ടപ്പെട്ടത് എല്ലാ കുടുംബാംഗങ്ങളേയും വളരെയധികം ബാധിച്ചിരുന്നു. പെട്ടെന്ന് ഞങ്ങളുടെ പൂർവികരുടെ മണ്ണിലേക്ക് തിരിച്ചു വരേണ്ടി വന്നപ്പോൾ ഞങ്ങളുടെ കുടുംബം എന്റെ വിദ്യാഭ്യാസ ചിലവ് വഹിക്കാനുള്ള ഒരു അവസ്ഥയിൽ ആയിരുന്നില്ല. പക്ഷേ അതിനെല്ലാം ഉപരിയായി വ്യവസ്ഥിതിക്കെതിരായ എന്റെ പിതാവിന്റെ ദീർഘവും ഏകാന്തവുമായ പോരാട്ടം എന്റെ മനസ്സിൽ ആഴത്തിൽ വേരൂന്നിയിരുന്നു.

താങ്കളുടെ അച്ഛന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്? ജഡ്ജി ഉദ്യോഗം എങ്ങനെയാണ് അദ്ദേഹത്തിന് നഷ്ടമായത്?

ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ, എന്റെ പിതാവ് മധ്യപ്രദേശിലെ ആദ്യത്തെ ആദിവാസി ജഡ്ജിമാരിൽ ഒരാളായിരുന്നു. ഹൈക്കോടതിയിൽ സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ ‘ഉയർന്ന’ ജാതിക്കാരായ കീഴുദ്യോഗസ്ഥരിൽ ചിലർ ഗൂഢാലോചന നടത്തി ദുർബലമായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യുന്നത്. വളരെ കഠിനാധ്വാനിയായിരുന്ന അദ്ദേഹത്തിനും ഒപ്പം ഞങ്ങൾക്കും ഇത് വലിയ ഒരു ആഘാതമായിരുന്നു. നീണ്ട 12 വർഷത്തോളം പല കോടതികളിലായി അദ്ദേഹം കുറ്റാരോപണങ്ങൾക്കെതിരെ പോരാടിയെങ്കിലും കേസ് നഷ്ടപ്പെടുകയും അദ്ദേഹം ജുഡീഷ്യൽ സേവനങ്ങളിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു.

നിയമഉദ്യോഗത്തിലെ സഹയത്രികാരിൽ ആരും തന്നെ അദ്ദേഹത്തെ പിന്തുണച്ചില്ല. അദ്ദേഹത്തെ ഒറ്റയ്ക്ക് യുദ്ധം ചെയ്യാൻ വിടുകയും ഒടുവിൽ അദ്ദേഹം പരാജയപ്പെടുകയും ചെയ്തു. ആ വേളയിൽ ഈ വിഷയം ഞങ്ങൾക്ക് ഒരു ആദിവാസിയായ സഹപ്രവർത്തകനോടുള്ള വിവേചനവും മുൻവിധിയും ആയി തോന്നിയിരുന്നില്ല മറിച്ച് കേവലം ചില ആളുകളുടെ തീവ്രമായ വൈരാഗ്യം മാത്രമായിരുന്നു.

കാലത്തിനപ്പുറം, എന്റെ അച്ഛന് സംഭവിച്ചത് എന്താണെന്ന് ഇന്ന് ഞാൻ കൃത്യമായി തിരിച്ചറിയുന്നു. ഒരു ആദിവാസി ഉയർന്ന സ്ഥാനത്തിരിക്കുന്നത് അവർ ഒരുപക്ഷേ കണ്ടു ശീലിച്ചിട്ടില്ല, ഒരുപക്ഷേ ഇതാണ് എന്റെ പിതാവ് ചെയ്ത ഒരേയൊരു തെറ്റ് -ആദിവാസി പശ്ചാത്തലമുണ്ടായിട്ടും അദ്ദേഹം ഒരു ന്യായാധിപാനായി.

ഞാൻ കോളേജിൽ എത്തുമ്പോഴേക്കും വ്യക്തിപരമായ തലത്തിൽ സംഭവിച്ച അനീതിക്കെതിരെ ശോകമയമായവനും രോഷാകുലനുമായിത്തീരുകയും പിന്നീട് അതേ കാര്യങ്ങൾ ഞങ്ങളുടെ മുഴുവൻ സമൂഹത്തിനും വ്യത്യസ്ത രൂപങ്ങളിൽ സംഭവിക്കുന്നത് കാണാനും കഴിഞ്ഞു. അതിനാൽ തന്നെ ഞാൻ ആദിവാസി വിദ്യാർത്ഥികളുടെ പ്രസ്ഥാനത്തിൽ ചേർന്നത് ഒരു സ്വാഭാവികത കൂടിയാണ്.

എന്നിരുന്നാലും, പിതാവിന്റെ കോടതി വിചാരണകളും മറ്റുമായി ജീവിതത്തിലെ വളരെ കഠിനമായ ഈ ഘട്ടത്തിലൂടെ കടന്നു പോവുമ്പോഴും, ഭൂരിഭാഗം ആദിവാസി വിദ്യാർത്ഥികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഞങ്ങൾ എപ്പോഴും മികച്ച നിലയിലായിരുന്നു. അവർ അനുഭവിച്ചത് വച്ചു നോക്കുമ്പോൾ എന്റെ പ്രശ്നങ്ങൾ ഒന്നുമല്ല.

പങ്കുവെച്ചതിൽ ഒരുപാട് നന്ദി, അഭയ്. അവിടെ വിദ്യാർത്ഥികളുടെ ഗ്രൂപ്പിൽ സജീവമായി ഏർപ്പെട്ടിരിക്കുമ്പോൾ നിങ്ങൾ ഏറ്റെടുത്ത കൃത്യമായ പ്രശ്നങ്ങൾ എന്തൊക്കെയായിരുന്നു?

കോളേജിലെ ആദ്യ വർഷത്തിൽ തന്നെ ആദിവാസി വിദ്യാർത്ഥി യൂണിയൻ ഔദ്യോഗിക മെമ്പർമാരിൽ ഒരാളായി എന്നെ തിരഞ്ഞെടുത്തിരുന്നു. വിദ്യാർത്ഥികളുടെ പ്രായോഗിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു ഞങ്ങൾ മിക്കവാറും പരിഗണിച്ചിരുന്നത്. കൊഴിഞ്ഞുപോകൽ നിരക്ക് തടയുന്നതിനായി ആദിവാസി വിദ്യാർത്ഥികൾക്കായി സർക്കാർ പദ്ധതികളായ സ്കോളർഷിപ്പുകൾ ശരിയായി നടപ്പിലാക്കുക, ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് മണ്ണെണ്ണ അനുവദിക്കൽ, പ്രാദേശിക പഠന കേന്ദ്രങ്ങൾ നടത്തുക, ഞങ്ങളുടെ സമുദായത്തിന്റെ ശാക്തീകരണത്തിനുള്ള മാർഗങ്ങൾക്കായി ചർച്ചാ ഗ്രൂപ്പുകൾ നടത്തുക തുടങ്ങിയ വിഷയങ്ങളിൽ ഞങ്ങൾ പ്രവർത്തിച്ചു. ഒപ്പം ആദിവാസി വിദ്യാർത്ഥികൾക്ക് നേരെയുള്ള ഭരണ വർഗ്ഗത്തിന്റെ ഏതുതരം വിവേചനത്തിനെതിരെയും പോരാടി.

പിന്നീട് ഞങ്ങളുടെ പ്രദേശത്തേക്കുള്ള ആർ‌.എസ്‌.എസ്സിന്റെ നുഴഞ്ഞുകയറ്റം പോലെ ചില വലിയ പ്രശ്നങ്ങളിലേക്ക് കൂടി കടന്നു. നിങ്ങൾക്ക് അറിയുമായിരിക്കും ആർ‌.എസ്‌.എസിന്റെ അനുബന്ധ സ്ഥാപനമായ വൻ‌വാസി കല്യാൺ ആശ്രമത്തിന്റെ ലബോറട്ടറി എന്നാണ് ജഷ്പൂർ ജില്ലയെ വിളിക്കുന്നത്. ആദിവാസികളെ ഹിന്ദുമതത്തിലേക്ക് ആകർഷിക്കുക എന്ന ഏക ഉദ്ദേശ്യത്തോടെയാണ് ഇത് രൂപീകരിച്ചത്. ആദിവാസി ക്രിസ്ത്യാനികൾ ഒരുപാടുള്ള ഇടത്ത് ആദിവാസികളെ സാമുദായികമായി ധ്രുവീകരിക്കുക എന്നതും അവരുടെ മറ്റൊരു ലക്ഷ്യമായിരുന്നു. ഒരു ആദിവാസി വിദ്യാർത്ഥി സംഘമെന്ന നിലയിൽ ഞങ്ങൾ അവരെ ചെറുക്കാൻ ശ്രമിച്ചുവെങ്കിലും ഞങ്ങൾക്ക് വലിയ വില നൽകേണ്ടിവന്നു

എന്തു പറ്റി?

നാട്ടിൽ ഒരു അവധി ദിവസം എല്ലാവരുടെയും കണ്മുന്നിൽ വച്ച് ഞങ്ങളുടെ ഗ്രൂപ്പിലെ ഒരു മെമ്പറും സഹപാഠിയുമായ ജോൺ കെർകെട്ടയെ ഇരുന്നൂറോളം ആർ.എസ്.എസ് ഗുണ്ടകൾ ചേർന്ന് അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് പുറത്താക്കിയിട്ട് നിർദാക്ഷിണ്യം മർദ്ദിച്ചതിന് ശേഷം കൊന്നു കളഞ്ഞു. 1994 ലായിരുന്നു ഇത് നടന്നത്. ഇത് ഞങ്ങളെല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. പിന്നീട് നീതിക്കായി സ്വയം സംഘടിക്കാൻ ഞങ്ങൾ ശ്രമിച്ചു. ആളുകളെ ഈ വിഷയത്തെ കുറിച്ച് ബോധ്യപ്പെടുത്താനും കൂടുതൽ പേരെ ഒരുമിച്ച് കൂട്ടുവാനും വേണ്ടി ഞങ്ങൾ ലഘുലേഖകൾ വിതരണം ചെയ്തു. ഞങ്ങൾ അതിൽ ഈ കേസ് എങ്ങനെ അന്വേഷിക്കണമെന്നും കൃത്യമായ നഷ്ടപരിഹാരത്തെ കുറിച്ചും കൊലയാളികളെ കെണിയിൽ ആക്കുന്നതിനെ പറ്റിയുമെല്ലാം എഴുതി പ്രചരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, അപ്പോഴേക്കും ഞങ്ങൾക്ക് പ്രചാരണം പോലും നടത്താനാവാത്ത വിധം പരിസ്ഥിതി വളരെ ദുഷിച്ചതും പ്രയാസകരവുമായി തീർന്നിരുന്നു. അവിടെ ഞങ്ങൾക്ക് ലഘുലേഖകൾ പോലും വിതരണം ചെയ്യാൻ സാധിച്ചില്ലെങ്കിലും ജഷ്പൂറും അതിനടുത്തുള്ള മറ്റിടങ്ങളിലും ഞങ്ങൾ അത് വിതരണം ചെയ്തു. അടുത്ത 3-4 മാസം ഞങ്ങൾക്ക് വളരെ കഠിനമായിരുന്നു, ഈ പ്രവൃത്തിയുടെ ക്രൂരതയും നീതി ഉറപ്പാക്കാനുള്ള ഞങ്ങളുടെ നിസ്സഹായതയും ഞങ്ങളെല്ലാവരേയും ഞെട്ടിച്ചു കളഞ്ഞു. ഈ അനുഭവം ഞങ്ങളെ ഇത്തരം വിഷയങ്ങളെക്കുറിച്ചും ഭാവിയിൽ ഇത് തടയുന്നതിന് കുറിച്ചും എന്തുകൊണ്ട് ഇത്തരം കാര്യങ്ങൾ നമ്മുടെ ആളുകൾക്ക് മാത്രം സംഭവിക്കുന്നു എന്നും വിശകലനം ചെയ്യാൻ പ്രേരണയായി. അതുപോലെതന്നെ പണമിടപാട്കാരും പുറത്തുനിന്നുള്ളവരും മറ്റും ആദിവാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതിനെ കുറിച്ചും ഈ വിദ്യാർഥി കൂട്ടായ്മ വളരെയധികം അസ്വസ്ഥരായിരുന്നു. നിങ്ങൾക്ക് പരിശോധിച്ചാൽ തന്നെ മനസ്സിലാവും, ഈ വിഷയങ്ങളൊക്കെയും പരസ്പരപൂരകമാണെന്നും അതിജീവനം സാധ്യമാവുക ഈ സമുദായം എല്ലാ അർത്ഥത്തിലും ശക്തമായാൽ മാത്രമാണ്.

നിങ്ങളുടെ ഗ്രൂപ്പ് അവതരിപ്പിച്ച തന്ത്രങ്ങളും സംരംഭങ്ങളും എന്തൊക്കെയാണ്?

വിദ്യാഭ്യാസത്തിനുപുറമെ, ഏതൊരു സമുദായത്തിന്റെയും ശാക്തീകരണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സാമ്പത്തിക ഘടകങ്ങൾ. ആദിവാസി ഇതര ആധിപത്യത്തെയും ബനിയകളും മറ്റ് പുറത്തുനിന്നുള്ളവരും ചെയ്യുന്ന സാമ്പത്തിക ചൂഷണത്തെയും വെല്ലുവിളിക്കാനുള്ള ഒരു മാർഗം സമാന്തര സമ്പദ്‌വ്യവസ്ഥ രൂപപ്പെടുത്തുകയും അവരുമായി മത്സരിക്കുകയും ചെയ്യുക എന്നതാണ്. എന്റെ സൈദ്ധാന്തിക വാണിജ്യ പരിജ്ഞാനം എന്തുകൊണ്ട് ഇതിനായി പ്രയോഗത്തിൽ വരുത്തികൂടാ എന്ന് ഞാൻ ചിന്തിച്ചു. എസ്‌.സി, എസ്.ടി ധനകാര്യ സഹകരണ പദ്ധതി മധ്യപ്രദേശിൽ തുടങ്ങിയത് അന്ന് ഞങ്ങൾ അറിഞ്ഞു. എസ്‌.സി, എസ്.ടി വിഭാഗക്കാർക്ക് ബിസിനസ്സ് ആരംഭിക്കുന്നതിന് വായ്പ നൽകുന്നതായിരുന്നു അത്. ഒരാൾ 25000 / – രൂപ അടച്ചാൽ ഒരു കമാൻഡർ ജീപ്പ് ടാക്സിയായി ലഭിച്ചിരുന്ന ഒരു സ്കീം ഉണ്ടായിരുന്നു. എനിക്ക് വാണിജ്യത്തെക്കുറിച്ച് കുറച്ച് ധാരണയുണ്ടായിരുന്നതിനാൽ അക്കൗണ്ടുകൾ അറിയാമായിരുന്നു; സാമ്പത്തിക ശാക്തീകരണത്തെക്കുറിച്ചുള്ള ചിന്ത നടപ്പിലാക്കാൻ ഞാൻ തീരുമാനിച്ചു. അന്ന് എനിക്ക് വെറും 22 വയസ്സ് മാത്രമായിരുന്നു പ്രായം.

ഞങ്ങൾ എസ്‌.സി, എസ്.ടി ഫിനാൻസ് കോപ്പറേഷനിൽ പോയി, ബാങ്കുകളേക്കാൾ ഉയർന്ന പലിശ നിരക്കിൽ വായ്പകളിലൂടെ 25,000 രൂപ സമാഹരിച്ച് അവിടെ അപേക്ഷിച്ചു. കുറച്ച് ലോബിയിംഗിനുശേഷം ഞങ്ങൾക്ക് ഒരു കമാൻഡർ ജീപ്പ് ടാക്സി ആയി ലഭിച്ചു. എന്റെ ഒരു സുഹൃത്ത് ഡ്രൈവറാകാൻ സന്നദ്ധനായി. ഞങ്ങൾ അത് ജഷ്പൂർ ജില്ലയിലെ തഹ്‌സിലിലൊന്നായ കുങ്കുരിയിലേക്ക് കൊണ്ടുപോയി, അവിടെ ഇതിനകം 40 ജീപ്പുകൾ ടാക്‌സിയിൽ ഓടിക്കുകയും ആദിവാസി ഇതര പശ്ചാത്തലത്തിലുള്ള ആളുകൾ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മിക്കവാറും എല്ലാം ഹിന്ദു ബനിയ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. അവർ ഞങ്ങളെ അധിക സമയവും ചതിക്കാറുണ്ടായിരുന്നു. കൂടാതെ കുടുംബാംഗങ്ങളിൽ ഒരാളെ റാഞ്ചിയിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പണം നൽകാനായി ഭൂമി വിൽക്കേണ്ടി വന്ന ഒരു ആദിവാസി കുടുംബത്തെക്കുറിച്ച് എനിക്കറിയാം. അവരുടെ കൈവശമുള്ളതെല്ലാം ഞങ്ങളുടെ പണം ആയിരുന്നു. അവർ സമ്പാദിക്കുകയും പിന്നീട് ഞങ്ങൾക്ക് എതിരായി അത് ഉപയോഗിക്കുകയും ചെയ്തു. എന്നാൽ ഞങ്ങളുടെ ആളുകൾക്ക് ഈ ബനിയകളിലേക്ക് പോകുകയല്ലാതെ മറ്റൊരു മാർഗവുമില്ല.

എന്നാൽ ഞങ്ങളുടെ സ്വന്തം ടാക്സി ഓടിച്ച് 2-3 മാസത്തിനുള്ളിൽ തന്നെ ഞങ്ങൾ തഴച്ചുവളരാൻ തുടങ്ങി. ഞങ്ങളുടെ ആളുകളെ വഞ്ചിക്കാതെ തന്നെ ശരിയായി ചാർജ് ഈടാക്കിയതിനാൽ ഞങ്ങൾ മാർക്കറ്റ് നേതാക്കളുമായി. ഗ്രാമത്തിലെ എല്ലാ മുതിർന്നവരും ഞങ്ങളുടെ ടാക്സിയെക്കുറിച്ച് അറിയുകയും ഞങ്ങളെ നിയമിക്കുകയും ചെയ്തു. ഈ വാർത്ത ദൂരവ്യാപകമായി പ്രചരിച്ചതിന്റെ പേരിൽ ഞങ്ങളുടെ തന്നെ 16 ഓളം യുവാക്കൾ വന്ന് ഞങ്ങളോടൊപ്പം ചേർന്നു. ഒരു യൂണിയൻ രൂപീകരിക്കുകയും ഞങ്ങളുടെ ബിസിനസ്സ് കൂടുതൽ ശക്തമാവുകയും ചെയ്തു. എട്ടാം മാസത്തിൽ ഞങ്ങൾ മറ്റൊരു സെക്കൻഡ് ഹാൻഡ് ജീപ്പ് വാങ്ങിയെങ്കിലും ഏറ്റവും മികച്ചതായത് ഞങ്ങളുടെ സമുദായത്തിലെ തന്നെ അഞ്ച് ആളുകൾ സ്വന്തമായി വാഹനം കൊണ്ടുവന്ന് ഞങ്ങളുടെ ഏജൻസിയുടെ കീഴിലാക്കിയപ്പോഴാണ്. ആദിവാസി ഇതര ബിസിനസുകാരുടെ ആധിപത്യത്തിന് മുമ്പ് നമ്മുടെ മൂല്യം തെളിയിക്കാനുള്ള ഒരേയൊരു മാർഗ്ഗമാണിതെന്ന് അവർ മനസ്സിലാക്കി.

ഒരു വർഷത്തിനുള്ളിൽ, പച്ചക്കറി കച്ചവടവും സ്റ്റേഷനറി ഷോപ്പുകളും മറ്റുമായി ചെറുകിട ബിസിനസുകൾ ആരംഭിക്കുന്നതിന് ഞങ്ങളുടെ നിരവധി ആൺകുട്ടികളെയും പെൺകുട്ടികളെയും പിന്തുണയ്ക്കാൻ ഗ്രൂപ്പിന് കഴിഞ്ഞു. യുവ ആദിവാസി സംരംഭകരെ വളർത്തുകയെന്നതായിരുന്നു ഞങ്ങളുടെ ആകെ ലക്ഷ്യം. നീതിയുടെ പ്രശ്നവും ഇതിൽ ഉൾപ്പെട്ടിരുന്നതിനാൽ ഇത് കേവലം ലാഭത്തിന്റെയോ സാമ്പത്തികശാസ്ത്രത്തിന്റെയോ വിഷയം മാത്രമായിരുന്നില്ല മറിച്ച് ഞങ്ങൾക്കിടയിലെ ഐക്യദാർഢ്യത്തിന്റെ ആഘോഷവുമായിരുന്നു. പിന്നീട് ഇതിലേക്ക് രാഷ്ട്രീയം വന്നു. ഞങ്ങൾ ബിസിനസ്സ് ആരംഭിക്കുമ്പോൾ അതിലേക്ക് രാഷ്ട്രീയം കടന്നുവരാൻ കാലതാമസമെടുക്കില്ലല്ലോ.

അപ്പോൾ നിങ്ങളുടെ സംഘം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പങ്കെടുത്തിരുന്നോ?

ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ, ആദിവാസിക്കെതിരായ ആധിപത്യവും ചൂഷണവും എല്ലായിടത്തും വ്യാപകമാണ്. രാഷ്ട്രീയ വലയത്തിൽ പോലും കൃത്രിമം സാധ്യമാവുന്നത് ധനശക്തിയിലൂടെ മാത്രമാണ്. അപ്പോൾ ലോക്കൽ പോലീസിൽ നിന്ന് ഞങ്ങൾക്ക് ധാരാളം ഉപദ്രവമുണ്ടായി. അവർ വന്ന് ‘ഹഫ്ത’ ചോദിക്കാറുണ്ടായിരുന്നു, അല്ലാത്തപക്ഷം അനധികൃത മദ്യം വിൽപ്പന നടത്തിയെന്നു ആരോപിച്ച് ഞങ്ങളെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ രാഷ്ട്രീയമില്ലാതെ ബിസിനസ്സും ബിസിനസ്സില്ലാതെ രാഷ്ട്രീയവും ചെയ്യാൻ കഴിയില്ലെന്ന് ഞങ്ങൾ മനസ്സിലാക്കി. അതിനാൽ, രാഷ്ട്രീയത്തിലും നമ്മുടെ ആളുകളെ ആവശ്യമാണെന്ന് ഞങ്ങൾ കരുതി. തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ അധ്യാപകരിലൊരാൾ വളരെ ഉന്നതമായൊരു സ്ഥാനത്തേക്ക് (പഞ്ചായത്ത് തിരഞ്ഞെടുപ്പ്) മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഞങ്ങളുടെ സംരംഭക സംഘം അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കുമെന്ന് വാഗ്ദാനം ചെയ്തു. അതിനാൽ ഞങ്ങൾ ജീപ്പുകളുമായി പ്രചാരണത്തിനായി ഗ്രാമ ഗ്രാമാന്തരങ്ങളിൽ പോയി. അങ്ങനെ ആദ്യമായി ആദിവാസി നേതാവ് ഒരു ആദിവാസി ഇതര സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി. ഫലം വന്ന ദിവസം ഞാൻ കരഞ്ഞു പോയി. അത്രമേൽ ഹൃദ്യമായ വികാരമായിരുന്നു അത്. ഈ വികാരം ഒരിക്കൽ ആസ്വദിക്കാനായി ഞങ്ങൾ പരിധികൾ പുറന്തള്ളുകയും ഞങ്ങളുടെ പോക്കറ്റുകൾ ശൂന്യമാക്കുകയും ചെയ്തിരുന്നു. 1996ലാണ് ഇത് സംഭവിച്ചത്.

എന്നിരുന്നാലും ഹ്രസ്വകാല ആവേശം മാത്രമായിരുന്നു അത്. ഞങ്ങളുടെ നേതാവ് അതേ ബനിയ സ്ഥാനാർത്ഥിക്ക് സ്വയം വിൽക്കപ്പെടുന്നതിന് ഞങ്ങൾ സാക്ഷ്യം വഹിക്കേണ്ടി വന്നു. താരതമ്യേന ചെറുപ്പത്തിൽ ഞങ്ങൾക്ക് ലഭിച്ച വളരെ ക്രൂരമായ ഒരു പാഠമായിരുന്നു ഇത്. ആ ബനിയയിൽ നിന്ന് 5000 രൂപ വായ്പയെടുത്ത് വർഷങ്ങൾക്ക് ശേഷവും തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ ഞങ്ങളുടെ സ്ഥാനാർത്ഥിയെ കൈകാര്യം ചെയ്തുവെന്ന് പിന്നീട് എനിക്ക് മനസ്സിലായി.

ഇതിനിടയിൽ, നിങ്ങളുടെ പഠനത്തിന് എന്ത് സംഭവിച്ചു?

ഈ സംഭവത്തിന് ശേഷമാണ് ഞാൻ ഇത്രയും കാലം അവഗണിച്ചുകൊണ്ടിരുന്ന എന്റെ പഠനത്തിലേക്ക് മടങ്ങാൻ ചിന്തിച്ചത്. ഞാൻ രാഷ്ട്രീയത്തിൽ വളരെയധികം മുഴുകിയിരുന്നതിനാൽ ഏജൻസിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല. പകരം അത്ര പരിചയസമ്പന്നരല്ലാത്ത എന്റെ ചില സുഹൃത്തുക്കൾ കൈകാര്യം ചെയ്തിരുന്നതിനാൽ ഞങ്ങൾക്ക് വലിയ നഷ്ടം അത് സമ്മാനിച്ചു. ഞങ്ങളുടെ ടാക്സി ഒരു അപകടത്തിൽപ്പെട്ടു. ഇപ്പോഴും അതിന്റെ കാരണം അജ്ഞാതമാണ്.

ഈ തിരഞ്ഞെടുപ്പിന് വാർത്തകളിൽ വളരെയധികം പ്രാധാന്യം ലഭിക്കുകയും അത് പിന്നീട് അന്ന് രാജ്യസഭാംഗമായിരുന്ന അജിത് ജോഗിയെപ്പോലുള്ള വലിയ രാഷ്ട്രീയ കളിക്കാരെ അവിടെ എത്തിക്കുകയും മധ്യപ്രദേശിൽ ആദിവാസി മുഖ്യമന്ത്രിയുടെ ആവശ്യം ഉയർത്തുകയും ചെയ്തു. ഞങ്ങളുടെ ഗ്രാമത്തിലെത്തിയ അദ്ദേഹം അവിടെ നിന്ന് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. അദ്ദേഹം നമ്മുടെ ചെറുപ്പക്കാരെ കണ്ടുമുട്ടി അവരുമായി സംവദിക്കുകയും ചെയ്തു.

കോൺഗ്രസ് പോലുള്ള ദേശീയ രാഷ്ട്രീയ ഗ്രൂപ്പുകളിൽ നിന്ന് പോലും എനിക്ക് എം‌.എൽ.‌എ സ്ഥാനം വരെയുള്ള ധാരാളം രാഷ്ട്രീയ വാഗ്ദാനങ്ങൾ ലഭിക്കാൻ തുടങ്ങി. ഇവയെല്ലാം വളരെ പ്രലോഭിപ്പിക്കുന്ന വാഗ്ദാനങ്ങളായിരുന്നെങ്കിലും മറ്റുള്ളവരുടെ കൈകളിലെ ഒരു പാവയായി മാറുമെന്ന് എനിക്കറിയാമെന്നതിനാൽ ഞാൻ അവ എങ്ങനെയെക്കയോ നിരസിച്ചു. എന്നെ സാധ്യമാവുന്ന രീതിയിലെല്ലാം ഉപയോഗിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട് 24 മണിക്കൂറിനുള്ളിൽ ഞങ്ങളുടെ സ്ഥാനാർത്ഥികൾ മാറുന്നത് കണ്ട അനുഭവം എനിക്കുണ്ടായിട്ടുണ്ട്.

എന്റെ പഠനത്തിലേക്ക് മടങ്ങാൻ ഞാൻ ആഗ്രഹിച്ച സമയമായിരുന്നു അത്. രണ്ടാം ഡിവിഷനോടെ ബി.കോം ക്ലിയർ ചെയ്ത ഞാൻ പാർട്ട് ടൈം വിദ്യാർത്ഥിയായി ജബൽപൂരിലെ ഒരു ലോ കോളേജിൽ ചേർന്നു. പണ്ടത്തേതിൽ നിന്ന് വിപരീതമായി വിമോചനത്തിന്റെ ഒരു ഉപകരണമായി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞു,

ദുരന്തത്തിനുശേഷം എന്തുകൊണ്ടാണ് താങ്കൾ സാധാരണ സമയത്തിന് പകരം പാർട്ട് ടൈമായി മാത്രം നിയമം പഠിക്കാൻ പോയത്?

എന്റെ അടിയന്തിര ആവശ്യങ്ങൾ എന്റെ സ്വന്തം ഉപജീവനത്തെയും സുരക്ഷയെയും കുറിച്ചായിരുന്നു. കൂടാതെ ഒരാൾ സ്വയം നന്നായി സജ്ജീകരിക്കേണ്ടതുണ്ടെന്ന് ഞാൻ വിശ്വാസിക്കുന്നു. ഈ ലോകം ഒരിക്കലും ലളിതമല്ല, വളരെ സങ്കീർണ്ണമാണ്. ഒരു യുവ ആദിവാസി പ്രവർത്തകനായി നിലനിൽക്കാൻ നിങ്ങൾ പലതരം തന്ത്രങ്ങൾ പഠിക്കേണ്ടതുണ്ട്. അടുത്ത മൂന്ന് വർഷത്തേക്ക്, നിയമപഠനത്തോടൊപ്പം ആദിവാസി ശാക്തീകരണവും വികസനവും കൈകാര്യം ചെയ്യുന്ന പ്രാദേശിക സംഘടനകളോടൊപ്പം ഞാൻ പ്രവർത്തിച്ചു. മധ്യപ്രദേശിൽ നിന്ന് (2000) വേറിട്ടെടുത്ത് ഛത്തീസ്ഗഡ് സൃഷ്ടിക്കപ്പെട്ട സമയമായിരുന്നു അത്. അപ്പോഴേക്കും ഞാൻ എന്റെ ലോ കോഴ്‌സ് പൂർത്തിയാക്കിയിരുന്നു. പുതുതായി ഉയർന്നുവന്ന ഛത്തീസ്ഗഡിൽ ഫലപ്രദമായി പ്രവർത്തിക്കാൻ ധാരാളം സാധ്യതകൾ ഞാൻ കണ്ടു.

നിയമത്തിൽ നിങ്ങൾ എത്രമാത്രം സ്കോർ നേടി?

മികച്ച രണ്ടാമത്തെ ഡിവിഷനോടെ ഞാൻ എൽ.‌എൽ.‌ബി പൂർത്തികരിച്ചു.

പിന്നെ എന്തായിരുന്നു താങ്കളുടെ പ്ലാൻ?

സംസ്ഥാന നയങ്ങളിലെ ഇടപെടലുകൾക്കായി പ്രവർത്തിക്കാനും രേഖകൾ തയ്യാറാക്കാനും അഭിഭാഷകനാകാനും റായ്പൂരിൽ (പുതിയ ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ തലസ്ഥാനം) ഞാൻ വളരെയധികം സാധ്യതകൾ കണ്ടു. ഏതൊരു ആദിവാസി ഗ്രൂപ്പിനും നയ നിർമാതാക്കളെ സ്വാധീനിക്കാനുള്ള ശരിയായ സമയമാണിതെന്ന് ഞാൻ കരുതി. അതിനാൽ ഞങ്ങൾ റായ്പൂരിൽ CART – ഛത്തീസ്ഗഡ് റിസർച്ച് ടീം എന്ന പേരിൽ ഒരു ഗ്രൂപ്പ് രൂപീകരിച്ചു. താഴെത്തട്ടിലുള്ള എന്റെ മുൻകാല അനുഭവങ്ങൾ കാരണമായി നയപരമായ പ്രത്യാഘാതങ്ങൾ വിശകലനം ചെയ്യാനും നിരവധി ശക്തമായ നടപടികളുടെ ആവശ്യകതയ്ക്കായി ലോബിയിംഗ് ചെയ്യാനും എനിക്ക് കഴിഞ്ഞു. ഇതിനിടയിൽ ഞങ്ങളുടെ മുമ്പത്തെ സൃഷ്ടികൾ ആവർത്തിച്ചു കൊണ്ട് യുവ ആദിവാസി സംരംഭകരുടെ കീഴിൽ ഞങ്ങളുടെ ഗ്രൂപ്പിനെ വീണ്ടും പുനരുജ്ജീവിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ സംഘം വീണ്ടും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോരാടി. നിലവിൽ ഞങ്ങളുടെ ഗ്രൂപ്പ് അംഗങ്ങളിൽ 8 പേർ അവരുടെ ഗ്രാമപഞ്ചായത്തുകളുടെ സർപഞ്ചുകളാണ്, പലരും ചെറുകിട സംരംഭകരായി. മുഖ്യധാരാ രാഷ്ട്രീയത്തിലുൾപ്പെടെ വിവിധ മേഖലകളിൽ യുവ ആദിവാസികൾ വളരുന്നത് കാണുന്നത് വളരെ സന്തോഷകരമാണ്.

നിങ്ങളുടെ ഗ്രൂപ്പ് ഏറ്റവും സജീവമായിരിക്കുന്ന പ്രദേശത്തെ നിലവിലെ സ്ഥിതി എന്താണ്?

ജാഷ്പൂർ ജില്ലയിലെ ഒരു തഹസിൽ ആണ് ഞാൻ താമസിക്കുന്ന സ്ഥലമായ കുങ്കുരി. അവിടെ ഞാൻ പഠനം നടത്തി. പിന്നീട് കുങ്കുരിയിൽ തന്നെ ബിസിനസ്സ് ചെയ്തു. ശേഷം രാഷ്ട്രീയത്തിലേക്കും കടന്നു. ഞങ്ങളുടെ ഗ്രൂപ്പ് രൂപപ്പെടുന്നതോടെ സാമ്പത്തിക സാഹചര്യങ്ങളിൽ നിങ്ങൾക്ക് കുറച്ച് പുരോഗതി കാണാൻ കഴിയും. ചെറുകിട ബിസിനസ്സ് നടത്തുന്നവരും മുഖ്യധാരാ രാഷ്ട്രീയത്തിൽ ഏർപ്പെടുന്നവരുമായ ധാരാളം ആളുകൾ ഞങ്ങൾക്കിടയിലുണ്ട്. നിരവധി യുവാക്കൾ ഇപ്പോൾ എത്തിയിട്ടുണ്ട്. എന്നാൽ ആദിവാസികളല്ലാത്തവരുടെ ആധിപത്യം ഇപ്പോഴും വളരെ ശക്തമാണ്. അത് പെട്ടെന്നൊന്നും മാറ്റാൻ കഴിയില്ല. അവരുടെ ആധിപത്യത്തിനെതിരെ നാം ഇനിയും വളരെയധികം മുന്നോട്ട് പോകേണ്ടതുണ്ടെങ്കിലും അവർക്ക് ഇപ്പോൾ ഞങ്ങൾ ഒരു വെല്ലുവിളി തന്നെയാണ്.

സ്കൂൾ-കോളേജ് കാലഘട്ടത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ആദിവാസി വിദ്യാർത്ഥികൾക്ക്, നമ്മളിൽ പലർക്കും, പരിസ്ഥിതി പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. താങ്കളെ കേട്ടതിനു ശേഷം ഇപ്പോൾ ചോദിക്കുന്നത് ശരിയല്ല എന്നറിയാമെങ്കിലും കോളേജിലും സ്കൂളിലും ഒരു ആദിവാസി വിദ്യാർത്ഥിയായതിന്റെ അനുഭവം എന്തായിരുന്നു?

ബിരുദ വിദ്യാർത്ഥി ആയിരിക്കെ, ഞാൻ പോയി പരീക്ഷകൾ എഴുതാറുണ്ടായിരുന്നു. ഒരു പൊതു കോളേജായിരുന്നെങ്കിലും ഹോസ്റ്റൽ ആദിവാസികൾക്കും, ഫാക്കൽറ്റികൾ എല്ലാവരും ‘ഉയർന്ന’ ജാതി ഹിന്ദുക്കളായിരുന്നു. എന്റെ പരീക്ഷയ്ക്ക് ശേഷം ഞാൻ ഒരിക്കലും അവരുടെ മുഖത്ത് നോക്കിയിട്ടില്ല. അതിനാൽ കോളേജിനുള്ളിലെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ശരിയായ വ്യക്തിയല്ല. നോക്കൂ, എനിക്കറിയാം, പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ അതിനെയൊക്കെയും എന്റേതായ രീതിയിൽ കൈകാര്യം ചെയ്യുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

പക്ഷേ, എന്റെ സ്കൂൾ ദിനങ്ങൾ ഞാൻ എപ്പോഴും ഓർക്കാറുണ്ട്. ജീവിതത്തിനായി സമ്പാദിക്കാൻ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്ന എന്റെ സുഹൃത്തുക്കളേക്കാൾ ഭാഗ്യവാനായിരുന്നു ഞാൻ. അവരിൽ പലരും എന്നെക്കാൾ കഴിവുള്ളവരായിരുന്നതിനാൽ അവർക്ക് പഠനം തുടരാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നെങ്കിൽ കൂടുതൽ നേട്ടങ്ങൾ നേടുമായിരുന്നെന്ന് തോന്നിയിട്ടുണ്ട്. ഞാൻ എന്റെ വീട് സന്ദർശിക്കുമ്പോഴെല്ലാം അവരെ പോയി കാണാറുണ്ട്. ഇവരിൽ ഭൂരിഭാഗവും കാർഷിക മേഖലകളിലാണ് ജോലി ചെയ്യുന്നത്; ചിലർ ശിപായിമാരായി സൈന്യത്തിൽ ചേർന്നിട്ടുണ്ട്. അതിനാൽ നിങ്ങളുടെ ഐഡന്റിറ്റി ചോദ്യം എന്നിൽ നിന്ന് ഒന്നും എന്റെ സുഹൃത്തുക്കളിൽ നിന്ന് മറ്റൊന്നുമായിരിക്കും. അവർക്ക് വിഭവങ്ങളുണ്ടായിരുന്നുവെങ്കിൽ അവർ കൂടുതൽ സമ്പന്നരാകുമായിരുന്നുവെന്ന് തീർച്ചയാണ്.

ജെ.എൻ.യു അല്ലെങ്കിൽ ദില്ലി യൂണിവേഴ്സിറ്റി പോലുള്ള വലിയ സ്ഥലങ്ങളിൽ ഞാൻ പഠിക്കാത്തത് എനിക്ക് നല്ലതാണെന്ന് തോന്നുന്നു. എന്റെ പശ്ചാത്തലത്തിൽ നിന്ന്, ജെ.എൻ.യുവിനെയോ ഡി.യുവിനെയോ കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ അത് എന്നെ ശരിക്കും ഭയപ്പെടുത്തുന്നു. ഛത്തീസ്ഗഡിൽ മാത്രമേ ഇത്തരം കാര്യങ്ങൾ നടക്കൂ എന്നാണ് ഞാൻ കരുതിയിരുന്നത്!

ഒരു വിദ്യാർത്ഥിയെന്ന നിലയിൽ നിങ്ങൾ സാമ്പത്തിക, രാഷ്ട്രീയ, അഭിഭാഷക, സമാഹരണ, വിദ്യാർത്ഥി ഗ്രൂപ്പുകൾ തുടങ്ങിയ വളരെയധികം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. പിന്നെ നിങ്ങൾ എങ്ങനെയാണ് അക്കാദമിക് മേഖലയിലേക്ക് മാറിയത്, ഉന്നത പഠനത്തിനായി വിദേശത്തേക്ക് പോയത്?

ഛത്തീസ്ഗഡ് രൂപീകരിച്ചപ്പോൾ, ഏകത പരിഷത്ത്, ഭാരത് ജൻ ആന്തോളൻ, നാദി ഘാട്ടി മോർച്ച തുടങ്ങിയ ചില മുഖ്യധാരാ എൻ.‌ജി‌.ഓകളുമായി ഞാൻ ബന്ധപ്പെട്ടു. ഭൂഅവകാശങ്ങൾ, വനാവകാശം എന്നിവയ്ക്ക് വേണ്ടി പോരാടുന്ന ഗ്രൂപ്പുകളാണിത്; പ്രത്യേകിച്ച് ആദിവാസികൾക്ക് വേണ്ടി. ഇത് എന്നെ സംബന്ധിച്ചിടത്തോളം തികച്ചും വ്യത്യസ്തമായ ഒരു ലോകമായിരുന്നു, ഒരു ബാനറും ഇല്ലാതെ, ഞാൻ ചെയ്ത ആക്ടിവിസത്തിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു അത്. ഇവ പൂർണ്ണമായും പ്രൊഫഷണൽ സജ്ജീകരണങ്ങളായിരുന്നു. ഒരു കാമ്പെയ്‌ൻ എങ്ങനെ ആസൂത്രണം ചെയ്യപ്പെടുന്നു, ഡോക്യുമെന്റേഷനുകൾ എങ്ങനെ സംഭവിക്കുന്നു, പ്രൊഫഷണൽ രീതിയിൽ അഭിഭാഷണം എങ്ങനെ നടത്തുന്നു എന്നിങ്ങനെ അവരുമായി പ്രവർത്തിച്ചുകൊണ്ട് പലതും ഞാൻ പഠിച്ചു.

അടിസ്ഥാനപരമായി പുറത്തുനിന്നുള്ള മിക്ക പ്രവർത്തകരേക്കാളും മികച്ച എക്സ്പോഷർ ഉള്ളതിനാൽ എന്റെ മുൻകാല അനുഭവങ്ങളും പ്രവർത്തനങ്ങളും ഈ സംഘടനകളിലെ രാഷ്ട്രീയ ചലനാത്മകത എളുപ്പത്തിൽ മനസ്സിലാക്കാൻ എന്നെ സഹായിച്ചു. മീറ്റിംഗുകളിൽ ഞാൻ നിർദ്ദേശങ്ങൾ നൽകുമ്പോൾ ആളുകൾ ആശ്ചര്യപ്പെടും, അത്തരം കാര്യങ്ങൾ എന്റെ വായിൽ നിന്ന് വരുന്നതെങ്ങനെയെന്ന് അവർ ചോദിക്കാറുണ്ടായിരുന്നു! അത് വ്യക്തമാകണമെങ്കിലും ഞങ്ങൾ രണ്ടുപേരും ക്യാമ്പെയ്‌നുകൾ നടത്തിയെങ്കിലും വ്യത്യസ്ത ലോകങ്ങളിലാണ് പ്രവർത്തിക്കുന്നതെന്ന് അവർ മനസ്സിലാക്കേണ്ടതുണ്ട്.

അവർ ഉന്നയിച്ച പ്രശ്നങ്ങൾ നമ്മുടേതാണെങ്കിലും നേതൃത്വം എല്ലായ്പ്പോഴും ആദിവാസികളല്ലാത്തവരോടൊപ്പം തുടരും എന്ന് ഞാൻ മനസ്സിലാക്കി. കാലാളായി തുടരേണ്ടത് ഞങ്ങൾ തന്നെ. അവരെ സംബന്ധിച്ചിടത്തോളം ഇത് കേവലമൊരു ബിസിനസ്സാണ്. ഞാൻ ഇതിനെ പൂർണമായും എതിർത്തു. അതിനാൽ ഞാൻ മാറാൻ ശ്രമിച്ചു, ആ കാലയളവിൽ ഞാൻ നന്നായി വായനാ ശീലം വളർത്തിയെടുത്തു. പിന്നീട് ഛത്തീസ്ഗഡിലെയും ഒറീസയിലെയും ബോണ്ടഡ് തൊഴിലാളികളുടെ പ്രശ്നം മനസിലാക്കാൻ എനിക്ക് രണ്ട് ഗവേഷണ പ്രോജക്ടുകൾ ലഭിച്ചു. അക്കാദമിക് മേഖലയിലേക്കുള്ള എന്റെ ആദ്യ പടിയായിരുന്നു അത്. ശരിയായ അർത്ഥത്തിൽ അക്കാദമിക് അല്ല, മറിച്ച് ഒരുതരം പ്രവർത്തന ഗവേഷണം. ഇത് എനിക്ക് ദില്ലി സന്ദർശിക്കാനുള്ള അവസരവും കൂടി നൽകി. ഇത് വീണ്ടും എനിക്ക് തികച്ചും പുതിയൊരു ലോകമായിരുന്നു.

ദില്ലിയിലേക്കുള്ള അത്തരം ഒരു സന്ദർശന വേളയിൽ, ചില പ്രത്യേക സംസ്ഥാനങ്ങളിൽ നിന്നുള്ള പണ്ഡിത പ്രവർത്തകർക്കായുള്ള ഫോർഡ് ഫൗണ്ടേഷന്റെ ഇന്റർനാഷണൽ ഫെലോഷിപ്പ് പ്രോഗ്രാമിനെക്കുറിച്ച് ഞാൻ മനസ്സിലാക്കി. അപ്പോഴത്തെ ആകാംക്ഷപ്പുറത്ത് ഞാൻ ഫോം പൂരിപ്പിച്ച് അപേക്ഷിച്ചു. ബോണ്ടഡ് ലേബർ സംബന്ധിച്ച എന്റെ ഗവേഷണ പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലായിരുന്നു. ഭാഗ്യവശാൽ 2007ൽ യു.കെയിലെ സസെക്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തരബിരുദം നേടാൻ പൂർണ്ണ സ്കോളർഷിപ്പോടെ ഞാൻ തിരഞ്ഞെടുക്കപ്പെട്ടു. ആദിവാസികളല്ലാത്തവർ എന്താണ് ഞങ്ങളെ കുറിച്ച് എഴുതിയതെന്ന് അറിയാൻ വേണ്ടി മുൻപരിചയമില്ലാതിരുന്നിട്ട് പോലും ഞാൻ അവിടെ നരവംശശാസ്ത്രം തിരഞ്ഞെടുത്തു(ചിരിക്കുന്നു).

ഇന്റർനാഷണൽ ഫോർഡ് ഫെലോഷിപ്പിന്റെ സെലക്ഷൻ പ്രക്രിയയിൽ നിങ്ങളുടെ അനുഭവം എന്താണ്?

ഈ മിശ്രിതം എല്ലാമുള്ള എന്റെ പ്രൊഫൈൽ കണ്ട് അവർ ഞെട്ടി. നിങ്ങൾ ഇപ്പോഴും പര്യവേക്ഷണം നടത്തുകയാണോ എന്നും നരവംശശാസ്ത്രം പഠിക്കണോ എന്നും അവർ എന്നോട് ചോദിച്ചു. മുന്നേ പഠിച്ചതൊന്നും പാഴാകില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. എല്ലാ ഫീൽഡുകളും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്നു. സെലക്ഷൻ പ്രക്രിയയിൽ, രാജ്യത്തുടനീളമുള്ള നിരവധി വിദ്യാർത്ഥികളുമായും പ്രവർത്തകരുമായും സംവദിക്കാനും അവരുടെ കഥകൾ മനസ്സിലാക്കാനും എനിക്ക് സാധിച്ചു. ഇത് ശരാശരി ഒരു നല്ല അനുഭവമായിരുന്നു. പാർശ്വവത്കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്നും (ജാതി, ക്ലാസ്, ലിംഗഭേദം) രാജ്യത്തെ പിന്നോക്ക മേഖലകളിൽ നിന്നുമുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഫോർഡിന്റെ 10 വർഷത്തെ പരിപാടിയായിരുന്നു ഇത്. ഈ പരിപാടിയുടെ ആറാം വർഷമായിരുന്നു അത്. പരിപാടിയെക്കുറിച്ചുള്ള വാർത്ത ഛത്തീസ്ഗഡിലെത്താൻ 5 വർഷമെടുത്തു!

സസെക്സ് യൂണിവേഴ്സിറ്റിക്ക് ശേഷം, നിങ്ങൾ ഇന്ത്യയിൽ തിരിച്ചെത്തി 2009 ൽ ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദലിത് സ്റ്റഡീസിൽ ഒരു ഗവേഷകനായി ചേർന്നു. ഇപ്പോൾ നിങ്ങളുടെ പദ്ധതി എന്താണ്? നിങ്ങൾ നിലവിൽ എന്താണ് ചെയ്യുന്നത്?

ഇപ്പോൾ, ഞാൻ ഐ‌.ഐ‌.ഡി.‌എസുമായി പ്രവർത്തിക്കുകയും ആദിവാസികളെക്കുറിച്ച് ഒരു സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുന്നു. സർക്കാർ ജോലിയിലായിരിക്കുമ്പോൾ ഏതുതരം വിവേചനം ഒരാൾ അഭിമുഖീകരിക്കുന്നു, ആദിവാസി സ്ത്രീകളുടെ അവസ്ഥ എന്താണ്, എത്ര ആദിവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയും തുടങ്ങിയ ആദിവാസികളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു സമഗ്ര റിപ്പോർട്ടാണിത്. ഒരു വലിയ പ്രമാണമായി ധാരാളം സമയമെടുത്താണ് ഇത് പുറത്തുവരുന്നതെങ്കിലും ആദിവാസി പ്രശ്നങ്ങളെ പറ്റി പുതിയൊരു കാഴ്ച ഇത് എനിക്ക് സമ്മാനിച്ചു.

അഭയ് ഫ്ലാവിയർ സാസ

എന്റെ പദ്ധതികളെ സംബന്ധിച്ചിടത്തോളമുള്ള ഒരു കാര്യം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ദലിത് പ്രസ്ഥാനങ്ങൾ, അവരിലെ ബുദ്ധിജീവികൾ, സന്നദ്ധപ്രവർത്തകർ, വിദ്യാർത്ഥികളുടെ സംഘം എന്നിവയുടെ ആവിഷ്കരണങ്ങൾ ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. നാം നന്നായി സംസാരിക്കേണ്ടതുണ്ട്. തങ്ങളുടെ പോരാട്ടങ്ങളും ചിന്തകളെയും കുറിച് വെച്ച ബാബാസാഹേബ് അംബേദ്കർ, ജോതിബാ ഫൂലെ എന്നിവരൊക്കെയാണ് ദളിത് പ്രസ്ഥാനങ്ങൾക്കുള്ളത്. അവ ഇപ്പോൾ ഭാവി ദിശാബോധം നൽകുന്ന നമ്മുടെ ബൈബിളുകളാണ്. മറുവശത്ത്, ആദിവാസികൾക്ക് എവിടെയും രേഖപ്പെടുത്തിയിട്ടില്ലാത്ത ഞങ്ങളുടെ തന്നെ കഥകളുണ്ട്. ഞങ്ങൾക്ക് ഞങ്ങളുടേതായ നേതാക്കളുണ്ടായിരുന്നുവെങ്കിലും ആദിവാസികൾക്ക് നിർദ്ദേശം നൽകാനായി അവർ ഒരിക്കലും ബൈബിളുകൾ എഴുതിയിട്ടില്ല. നമ്മൾ കേൾക്കുന്ന കഥകളെല്ലാം ഓക്സ്ഫോർഡ് ബിരുദധാരികളിൽ നിന്നും ഉയർന്ന ജാതിക്കാരിൽ നിന്നുമാണ്. അത് നമ്മുടെ കഥകളല്ല. എന്നാൽ ഇപ്പോഴും വൈകിയിട്ടില്ല; നമ്മുടെ സ്വന്തം വീക്ഷണകോണുകളിൽ നിന്ന്കൊണ്ട് നമ്മൾ തന്നെ നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച് എഴുതണം. അതെ, നമ്മൾ നമ്മുടെ സ്വന്തം കഥകൾ എഴുതണം. അഭാവത്തേക്കാൾ ഭേദമാണ് വൈകി തുടങ്ങുന്നത്.

എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയ ഒരു കാര്യം, വിദ്യാഭ്യാസം നമുക്കെല്ലാവർക്കും ഏറ്റവും പ്രധാനപ്പെട്ട ഒരു ഉപകരണമാണ്. ഞാൻ സംസാരിച്ചവരോടൊക്കെ അവരുടെ വിദ്യാഭ്യാസം തുടരാൻ അവർക്ക് കഴിയുന്നതെല്ലാം ചെയ്യാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിങ്ങൾക്ക് എപ്പോളാണത് ഉപകാരത്തിന് എത്തുകയെന്ന് പറയാൻ കഴിയില്ല.

രണ്ടാമത്തെ കാര്യം, ദലിത്, ആദിവാസി പശ്ചാത്തലങ്ങളിൽ നിന്നുള്ള ഭൂരിഭാഗം ആളുകളും വ്യക്തമായ ഭാഗ്യമുള്ളതുകൊണ്ടാണ് നിങ്ങൾ ഇവിടെ വരെ വന്നതെന്ന് പൊതുവേ സമ്മതിച്ചു തരാറില്ല. നമ്മളെക്കാൾ ബുദ്ധിയുള്ളതും കഠിനാധ്വാനികളുമായ നമ്മുടെ ധാരാളം സഹോദരീസഹോദരന്മാർ പ്രതികൂല സാഹചര്യങ്ങൾ കാരണം വിജയിക്കാൻ കഴിയാതെയുണ്ട്. നിങ്ങളുടെ സമുദായത്തിന്റെ പ്രയോജനകരമായ ഒരു വിഭാഗമായി സ്വയം കാണുക. ഇത് നമ്മൾ തിരിച്ചടയ്‌ക്കേണ്ട വായ്പ പോലെയാണ്. നിങ്ങൾ അധിക കഴിവുള്ളവരാണെന്ന് ചിന്തിക്കുന്നതിന് പകരം നിങ്ങൾക്കായി ഇപ്പോഴും കഠിനാധ്വാനം ചെയ്യുന്ന ഒരാളുണ്ടെന്നും തിരിച്ചടയ്ക്കേണ്ട ബാധ്യതയുണ്ടെന്നും ഓർക്കുന്നതാവും നല്ലത്. ഈ ലോകത്ത് ഒന്നും സൗജന്യമായി ലഭിക്കുന്നില്ലെന്ന കാര്യം മറക്കരുത്.

courtesy: Round Table India

വിവർത്തനം: സിബ്ഗതുല്ല സാകിബ്

അഭയ് സാസ