Campus Alive

ബ്ലാക്/മുസ്‌ലിം കർതൃത്വം: പൗരത്വ പ്രക്ഷോഭങ്ങളിലെ ന്യൂനീകരണങ്ങൾ

(അലിഗഢ് മുസ്‌ലിം സർവകലാശാലയിലെ ചരിത്രരാഷ്ട്രീയമീമാംസ വിദ്യാർത്ഥിയും, സ്വതന്ത്ര മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റുമായ ഷർജീൽ ഉസ്മാനിയുമായി ദലിത് ക്യാമറയിലെ റിയ ഡേ നടത്തിയ ഇ-മെയിൽ അഭിമുഖം)

ചോദ്യം: എൻ.ആർ.സി/എൻ.പി.ആർ/സി.എ.എ വിരുദ്ധ സമരത്തിൽ ദലിതരെയും മുസ്‌ലിംകളെയും ഭരണഘടനക്ക് പിന്നിൽ ഒരുമിച്ച് കൂട്ടണമെന്ന വാദത്തെ താങ്കൾ ചോദ്യം ചെയ്തിരുന്നു. മറ്റു ചിലരാകട്ടെ, ഭരണഘടനയെ മുന്നിൽ വെക്കുന്നത് ഒരു തിരഞ്ഞെടുപ്പായോ, തന്ത്രമായോ അല്ലെങ്കിൽ ഒരുമിച്ചു കൂടുന്നതിനുള്ള പ്രതീകാത്മകമായ ചിഹ്നമായോ ആണ് എന്ന തരത്തിൽ വാദിക്കുന്നുമുണ്ട്. ചന്ദ്രശേഖർ ആസാദിനെപോലെയുള്ള ജാതി വിരുദ്ധ നേതാക്കാൾ ഭരണഘടന എന്നത് ഈ രാഷ്ട്രീയ മുന്നേറ്റത്തിലെ അടിസ്ഥാനശിലയാണെന്ന് ഉറപ്പിച്ച് പറയുന്നുണ്ട്. ഭരണഘടന മുസ്‌ലിംകളടക്കമുള്ള അടിച്ചമർത്തപ്പെട്ട സമുദായങ്ങളുടെ ശാക്തീകരണത്തിലേക്കുള്ള വഴിയാണെന്നും അതുകൊണ്ട് തന്നെ അതിനെ തിരിച്ചുപിടിക്കുക എന്നത് ഏറെ പ്രാധാന്യമുള്ളതാണെന്നുമാണ് മിക്കവരുടെയും അഭിപ്രായം. ഭരണഘടനയെ കേന്ദ്രമാക്കുന്നതിനോടുള്ള താങ്കളുടെ വിമർശനമെന്താണ്?

ഷർജീൽ: സി.എ.എ വിരുദ്ധ സമരത്തിൽ ഭരണഘടനയെ ഉയർത്തിപിടിക്കുന്നത് ഞങ്ങളെ സംബന്ധിച്ച് സഹായകരമല്ല. ഇന്ത്യൻ സമൂഹത്തിൽ നിന്നും മുസ്‌ലിംകളുടെ അംഗത്വം റദ്ദ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിക്കൊണ്ട് മുസ്‌ലിം സമുദായത്തിനു നേരെയുള്ള പ്രത്യക്ഷമായ അക്രമമാണ് പൗരത്വ ഭേദഗതി നിയമം. എന്നിട്ടും അതിനെതിരെ വരുന്ന ഏറ്റവും വലിയ വാദം തന്നെ “ഭരണഘടന ആക്രമിക്കപ്പെടുന്നു” എന്നതാണ്! ഇത് തീർത്തും തെറ്റിദ്ധാരണ പരത്തുന്ന ഒരു വാദമാണ്. മുസ്‌ലിംകൾ ഘടനാപരമായി അമാനവവത്കരിക്കപ്പെടുകയും കുറ്റക്കാരാക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും അവകാശങ്ങളില്ലാത്തവരായി മാറുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്ന സത്യത്തെ ഇത് അദൃശ്യവത്കരിക്കുന്നുണ്ട്. മതനിരപേക്ഷമായിക്കൊണ്ട് സമരം ചെയ്യുന്ന എല്ലാവരും തുല്യരാണ്, അവർ ഭരണഘടനക്കുമേലുള്ള അക്രമത്തെ ഒരുമിച്ച് നേരിടുന്നു എന്നൊക്കെയാണ് “നമ്മൾ ഭരണഘടനയെ സംരക്ഷിക്കണം” എന്ന വാദം സൂചിപ്പിക്കുന്നത്. എന്നാലതല്ല സത്യം. അധാർമികവും വഞ്ചനാപരവുമായ രീതിയിൽ സമരത്തിന്റെ മുസ്‌ലിം മുഖത്തിനെ തുടച്ചുനീക്കുന്ന പ്രവർത്തിയാണത്. മറ്റു സ്ഥലങ്ങളിലെല്ലാം സമരങ്ങൾ തുടങ്ങുന്നതിന് ഏറെ മുമ്പ് തന്നെ അലീഗഢ് സർവകലാശാലയിൽ സമരം ആരംഭിച്ചപ്പോൾ ബ്ലാക്ക് ലൈവ്സ് മാറ്ററിൽ നിന്നും ആവേശമുൾക്കൊണ്ടുകൊണ്ട് ഇന്ത്യയിലെ ഒരു സമുദായമെന്ന അർത്ഥത്തിലുള്ള മുസ്‌ലിംകളുടെ ആത്മാഭിമാന സംരക്ഷണത്തിന് വേണ്ടിയുള്ള ഒരു സമരമുന്നേറ്റമാണിതെന്ന് വിദ്യാർത്ഥികൾ തന്നെ വ്യക്തമാക്കിയിരുന്നു. അതിനെ ഭരണഘടനാ സംരക്ഷകരും ഭരണഘടനാ ഘാതകരും തമ്മിലുള്ള ഒരു ഏറ്റുമുട്ടലാക്കി ന്യൂനവത്കരിക്കുന്നത് സമരം പ്രാഥമികമായി മർദ്ദകരും മർദ്ദിതരും തമ്മിലുള്ള പോരാട്ടമായിരുന്നു എന്ന സത്യത്തെ അദൃശ്യവത്കരിക്കാനാണ് ഉപകരിക്കുക. ഇത് കൂടാതെ, ഭരണഘടനയെ അക്രമിക്കുന്ന തരത്തിൽ ഈ പാർലിമെന്റ് പാസ്സാക്കുന്ന ആദ്യത്തെ നിയമമല്ല ഇത് എന്ന് കൂടി കൂട്ടിച്ചേർക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. എന്തുകൊണ്ടാണ് അപ്പോഴൊന്നും പ്രതിഷേധങ്ങളുണ്ടാവാതിരുന്നത്? ഇന്ത്യയിലുടനീളമുള്ള മുസ്‌ലിംകൾ അവരുടെ ജീവിതവും, അഭിമാനവും സംരക്ഷിക്കാൻ വേണ്ടി അവരുടെ ചോര നീരാക്കി ഒരു സമരമുന്നേറ്റമുണ്ടാക്കിയെടുത്തതിന് ശേഷം മാത്രം എന്തുകൊണ്ടാണ് ഭരണഘടനാ സംരക്ഷകർ വന്നത്? ഷഹീൻബാഗ് പോലെയുള്ള രാപ്പകൽ സമരങ്ങൾ ഇന്ത്യയിലൊരിടത്തെയും അമുസ്‌ലിം പ്രദേശങ്ങളിൽ തുടങ്ങുകയോ കാണുകയോ ചെയ്തിട്ടില്ല. എല്ലാ സമരങ്ങളിലും ഏകദേശം എല്ലാ സമരക്കാരും മുസ്‌ലിംകളായിരുന്നു. സഹോദരൻ ചന്ദ്രശേഖർ നടത്തിയ സമരത്തിൽ പോലും അതായിരുന്നു അവസ്ഥ. ഇത് മുസ്‌ലിംകളുടെ ജീവനെയും അഭിമാനത്തെയും സംരക്ഷിക്കുന്നതിന് പകരം ഭരണഘടനയെ സംരക്ഷിക്കാനുള്ള സമരമാണെങ്കിൽ എന്ത്കൊണ്ടാണ് മുസ്‌ലിംകൾ മാത്രം സമരം ചെയ്യുന്നത്? ഇത് ഞാൻ ചോദിക്കണ്ടേ? ഒന്നുകിൽ ഇന്ത്യയിൽ മുസ്‌ലിംകളല്ലാത്ത ഒരു സമുദായവും ഭരണഘടനയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നില്ല എന്നും, അതുകൊണ്ടാണ് അവർ അഖിലേന്ത്യാ തലത്തിൽ സംഘടിക്കുകയും പിന്നീട് രാജ്യത്തെയാകെ ഭരണഘടനാ സംരക്ഷണത്തിന് വേണ്ടി സംഘടിപ്പിക്കുകയും ചെയ്തത് എന്നു നമുക്ക് പറയാം. അല്ലെങ്കിൽ അവർ നേരിട്ടിരുന്ന, നേരിടുന്ന, അടിച്ചമർത്തലുകൾക്കെതിരെ അവർ തെരുവിലിറങ്ങി. മുസ്‌ലിംകൾ അവരുടെ മുസ്‌ലിം സ്വത്വം കാരണമാണ് ആക്രമിക്കപ്പെടുന്നത്. അതുകൊണ്ട്തന്നെ അവർ അവരുടെ സ്വത്വമുറപ്പിച്ച് കൊണ്ടായിരിക്കണം സമരം ചെയ്യേണ്ടത് എന്നത് തികച്ചും ന്യായമായ ആവശ്യമാണ്. അത് തന്നെയാണ് ലോകമെമ്പാടുമുള്ള മർദ്ദിത സമുദായങ്ങളെല്ലാം ചെയ്യുന്നതും. പിന്നെ ഐക്യവും വലിയ സഖ്യ സാധ്യതകളും ഐക്യദാർഢ്യങ്ങളുമൊന്നും നിബന്ധനകൾ വെച്ചുകൊണ്ടല്ല വരുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ചോദ്യം: ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിന്റെ സാഹചര്യത്തിൽ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ പ്രസ്ഥാനം ശക്തിപ്പെട്ട് വരുമ്പോൾ, അതിന് വൈരുദ്ധ്യമായിക്കൊണ്ട് ‘ഓൾ ലൈവ്സ് മാറ്റർ’ എന്ന ഒരു വിരുദ്ധധാര കൂടെ ഉണ്ടായി വരുന്നുണ്ട്. ഇതും ഇന്ത്യയിലെ സി.എ.എ വിരുദ്ധ സമരവും തമ്മിൽ നിങ്ങളെന്തെങ്കിലും സാമ്യത കാണുന്നുണ്ടോ?

ഷർജീൽ: ‘#BlackLivesMatter’ എന്നതിനു പകരം അവർക്ക് കൊണ്ട് വരാൻ സാധിക്കുന്ന ഏറ്റവും മികച്ച പ്രതിരോധം ‘#AllLivesMatter’ ആണോ? തീർച്ചയായും എല്ലാ ജീവനും വിലയുണ്ട്. അത് ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ പ്രസ്ഥാനം ഒരിക്കലും നിഷേധിച്ചിട്ടില്ല. പക്ഷേ ഈ ‘ഓൾ ലൈവ്സ് മാറ്റർ’ എന്നു പറയുന്നവർ “എല്ലാ ജീവിത”ങ്ങളും  വ്യവസ്ഥാപിതമായി അമാനവവത്കരിക്കപ്പെടുകയും, കുറ്റക്കാരക്കപ്പെടുകയും, പീഢനങ്ങൾക്ക് വിധേയമാക്കപ്പെടുകയും, വധിക്കപ്പെടുകയും ചെയ്യുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുന്നുണ്ടോ? മാത്രമല്ല, ആരാണ് കൊലപാതകികൾ? ഇതൊരിക്കലും വംശീയതയെ എതിർക്കുന്ന നല്ല മനുഷ്യരും വംശീയതയെ അനുകൂലിക്കുന്ന ചീത്ത മനുഷ്യരും തമ്മിലുള്ള പ്രശ്നമല്ല. തങ്ങളുടെ തൊലിയുടെ നിറത്തിന്റെ പേരിൽ എപ്പോഴും വ്യവസ്ഥാപിതമായി ആക്രമണങ്ങൾക്ക് വിധേയരാവുന്നത് വ്യക്തമായും ഒരു സമുദായത്തിൽ നിന്നുള്ളവരാണ്. എന്ന് മാത്രമല്ല, എപ്പോഴും വിവേചനപൂർവ്വം പെരുമാറുന്നവരാവട്ടെ കൃത്യമായും മറ്റൊരു സമുദായത്തിൽ നിന്നുള്ളവരും. അത്കൊണ്ട് അതൊരു അബദ്ധജടിലമായ വാദമാണ്. കൃത്യമായും പ്രിവിലേജിന്റെ പുറത്ത് നിന്നാണ് ഇത്തരത്തിലൊക്കെ സംസാരിക്കാൻ സാധിക്കുന്നത്.

ചോദ്യം: നിങ്ങൾ സ്വത്വരാഷ്ട്രീയത്തിന്റെ വക്താക്കളാണ് എന്ന ആരോപണത്തോട് എങ്ങനെയാണ് മറുപടി പറയുക? പ്രത്യേകിച്ചും ഈ ആരോപണം വരുന്നത് ഇടതുപക്ഷ വക്താക്കളിൽ നിന്നാകുമ്പോൾ? ഇത് ചിലപ്പോൾ പലതവണ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു ചോദ്യമായിരിക്കാമെങ്കിലും ഇപ്പോഴത്തെ സമരമുന്നേറ്റത്തിന്റെ സാഹചര്യത്തിൽ അത് വീണ്ടും ഉയർന്നു വരുന്നില്ലേ?

ഷർജീൽ: സ്വത്വരാഷ്ട്രീയം ‘ആരോപിക്കുക’ എന്നൊന്നുമില്ല. അതൊരു കുറ്റകൃത്യമൊന്നുമല്ല. ഞാൻ സ്വത്വരാഷ്ട്രീയമാണ് പറയുന്നത്. എന്ന് മാത്രമല്ല, അത് പറയുന്നതിൽ ഞാൻ ഭയപ്പെടേണ്ടതായിട്ട് എന്തെങ്കിലുമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുമില്ല. നമുക്ക് കൂടുതൽ ആൾക്കാരിലേക്കെത്താൻ കഴിയില്ല എന്നാണ് അവർ പറയുന്നത്. അതുപോലെ നമ്മുടെ രാഷ്ട്രീയ മണ്ഡലം ഏറെ പരിമിതികളുള്ളതും ഇടുങ്ങിയതുമാണ് എന്നും. എന്നാൽ “കൂടുതൽ ആളുകളിലേക്കെത്തുന്ന” അവരുടെ രാഷ്ട്രീയം പതിറ്റാണ്ടുകളായി ഞങ്ങൾക്ക് യാതൊരു ഗുണവും കൊണ്ടുവന്നിട്ടില്ല. അതു തന്നെയാണ് സ്വത്വരാഷ്ട്രീയത്തിനെ ആവശ്യമാക്കുന്നതും. നിലനിൽക്കുന്ന സംവിധാനം ഒരു പ്രത്യേക ജാതിയുടെയും മതത്തിന്റെയും താൽപര്യങ്ങളെ മാത്രം സംരക്ഷിക്കുകയും ഞങ്ങൾക്ക് ഞങ്ങളുടെ പൗരത്വത്തെ സംരക്ഷിക്കാൻ വേണ്ടി സമരം ചെയ്യേണ്ട അവസ്ഥയിലേക്ക് വരെ എത്തിക്കുകയും ചെയ്തു. ഇനിയെന്താണ് അടുത്തത്? ഇടത്പക്ഷത്ത് നിന്നും ഞങ്ങളുടെ മേൽ സ്വത്വരാഷ്ട്രീയം “ആരോപിക്കുന്നവർ” എന്താണ് അവരുടെ ആരോപണമെന്ന് വ്യക്തമാക്കാത്തിടത്തോളം എനിക്കധികമൊന്നും പറയാനില്ല.

ചോദ്യം: ഷർജീൽ ഇമാമിന്റെയും സമരമുന്നണിയിൽ നിന്നുള്ള മറ്റു പലരുടെയും നീതിരഹിതമായ അറസ്റ്റുകളെ തുടർന്ന് ജുഡീഷ്യറിയുടെയും പോലീസിന്റെയും പ്രവർത്തനങ്ങളെ ഏറെ അടുത്ത് നിന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ് നിങ്ങൾ. എങ്ങനെയാണ് ഇന്ത്യയിലെ പോലീസും ജുഡീഷ്യറിയും പിന്നെ മുസ്‌ലിംകളും തമ്മിലുള്ള ബന്ധത്തെ നോക്കികാണുന്നത്?

ഷർജീൽ: ഇത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ്. പോലീസും മുസ്‌ലിംകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഒരുപാട് പഠനങ്ങൾ നടന്നിട്ടുണ്ട്. പോലീസ് ഒരു സംവിധാനമെന്ന നിലയിൽ മുസ്‌ലിംകളോട് പക്ഷപാതപൂർണ്ണമായ നിലപാട് സ്വീകരിക്കുന്നവയും മുസ്‌ലിം വിരുദ്ധവുമാണെന്നാണ് ഇവയിൽ ഏകദേശം എല്ലാ പഠനങ്ങളും തന്നെ സൂചിപ്പിക്കുന്നത്. എന്നാൽ, മുസ്‌ലിംകളും ജുഡീഷ്യറിയും തമ്മിലുള്ള ബന്ധത്തെകുറിച്ചുള്ള പഠനങ്ങൾ അധികമൊന്നും എന്റെ ശ്രദ്ധയിൽപെട്ടിട്ടില്ല. എന്നിരുന്നാലും, അതും ജാതീയവും, ഇസ്‌ലാമോഫോബിക്കുമായ ഒരു സംവിധാനമാണ് എന്നാണ് എന്റെ അഭിപ്രായം. ഷർജീൽ ഇമാമിന്റെ ഉദാഹരണമെടുക്കുക. അദ്ദേഹം അലീഗഢ് സർവകലാശാലയിൽ രണ്ട് പ്രാവശ്യം സംസാരിച്ചിട്ടുണ്ട്. അപ്പോഴൊന്നും ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. അലീഗഢ് ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ഭരണകൂട നിരീക്ഷണത്തിന് വിധേയമാക്കപ്പെടുന്ന ക്യാമ്പസുകളിലൊന്നാണെന്ന കാര്യം ഓർക്കണം. അതുപോലെ, ഒരു അടഞ്ഞ ഇടത്തായിരുന്നില്ല, മറിച്ച് ഒരു തുറന്ന സദസ്സിലായിരുന്നു ഷർജീൽ സംസാരിച്ചിരുന്നത്. വിദ്യാർത്ഥികളുടെയും, ആക്റ്റിവിസ്റ്റുകളുടെയും, എന്തിന് പോലീസ് ഇന്റലിജൻസ് യൂണിറ്റിന്റെ വരെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ സംസാരം. അദ്ദേഹത്തിന് മുമ്പ്, ഡോ.കഫീൽ ഖാൻ അലീഗഢിൽ വന്നിരുന്നു. അദ്ദേഹം സംസാരിച്ച അതേ ദിവസം തന്നെയാണ് അദ്ദേഹത്തിനെതിരെ കേസ് രേഖപ്പെടുത്തുന്നത്. സമരത്തിനിടെയുള്ള സംസാരങ്ങളെ പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ, ഷർജീൽ ഇമാമിന്റെ പ്രസംഗം അദ്ദേഹം സംസാരിച്ച് ഏറെ ദിവസം കഴിഞ്ഞാണ് വിവാദമാകുന്നത്. ഡൽഹി അസംബ്ലി തിരഞ്ഞെടുപ്പുകൾക്ക് തൊട്ട് മുമ്പ് ചില ബി.ജെ.പി നേതാക്കൾക്ക് അദ്ദേഹത്തിന്റെ സംസാരം പ്രശ്നമായി തോന്നുകയാണുണ്ടായത്. അതിന് ശേഷമാണ് പോലീസ് അദ്ദേഹത്തിനെതിരെ കേസ് ചാർജ് ചെയ്യുന്നത്. ആരെ ഉന്നം വെക്കണമെന്ന് ബി.ജെ.പി നേതാക്കളാണ് ട്വിറ്റർ വഴി പോലീസിന് നിർദേശം നൽകുന്നത്.

ചോദ്യം: ഇന്ത്യ പോലെയുള്ള ജാതീയവും, ഇസ്‌ലാമോഫോബിക്കും, വംശീയവുമായുള്ള ഒരു സമൂഹത്തിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ ഏറെ പ്രചാരം നേടുകയാണ്. അതേസമയം തന്നെ, സ്വകാര്യ ഇടങ്ങളിൽ നടക്കുന്ന ജാതീയ അധിക്ഷേപങ്ങളെ കുറ്റകൃത്യമായി കാണേണ്ടതില്ല എന്ന തരത്തിൽ കോടതികൾ ഉത്തരവ് നൽകുകയും ചെയ്യുന്നു. ഇതൊരു വൈരുദ്ധ്യമാണെന്ന് തോന്നുന്നില്ലേ?

ഷർജീൽ: തീർച്ചയായും ഇത് വൈരുദ്ധ്യമാണ്. എന്ന് മാത്രമല്ല, എല്ലാറ്റിലുമുപരി നിർലജ്ജപരവും കൂടിയാണിത്.

ചോദ്യം: ഈ സമരത്തിൽ മുസ്‌ലിം സ്ത്രീകളുടെ പങ്ക് മുസ്‌ലിം പുരുഷന്റേതിൽ നിന്നും വ്യത്യസ്തമായിരുന്നുവെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ,  ഈ വ്യത്യാസത്തെ നിങ്ങളെങ്ങനെയാണ് നോക്കിക്കാണുന്നത്?

ഷർജീൽ: ഇതിന് ഒരു സ്ത്രീ ഉത്തരം പറയുന്നതായിരിക്കും കൂടുതൽ നന്നാവുക എന്ന് തോന്നുന്നു. ഒരു പുരുഷനെന്ന നിലക്ക്, സ്ത്രീകൾ സമരം നയിക്കുകയും പുരുഷന്മാർ അതിനെ പിന്തുണക്കുകയും ചെയ്യുന്നു എന്നതിലപ്പുറം വലിയ വ്യത്യാസമൊന്നും ഞാൻ കാണുന്നില്ല. സമരത്തിലുടനീളം ധൈര്യപൂർവ്വം ഇടപ്പെട്ട്, ഏറെ പ്രചോദിപ്പിക്കുന്ന ഒരുപാട് പുതിയ മുസ്‌ലിം വനിതാ നേതാക്കളെ ഈ മുവ്മെന്റ് നമുക്ക് സമ്മാനിച്ചിട്ടുണ്ട്.

ചോദ്യം: എങ്ങനെയാണ് നിങ്ങൾ ലോക്ക്ഡൗണിൽ  സമയം ചെലവഴിച്ചത്? ഇന്ത്യയിലെ നഗരങ്ങളിലുള്ള മേൽജാതി ഹിന്ദുക്കൾക്ക് ലോക്ക്ഡൗൺ എന്ത് അർത്ഥമാണ് നൽകിയിട്ടുള്ളത് എന്നാണ് കരുതുന്നത്?

ഷർജീൽ: ലോക്ക്ഡൗൺ അത്രയൊന്നും സുഖകരമായിരുന്നില്ല. അത് തുടങ്ങിയത് മുതൽക്ക് തന്നെ, ഭരണകൂടം മുസ്‌ലിം ആക്ടിവിസ്റ്റുകളെ വേട്ടയാടാൻ തുടങ്ങിയിരുന്നു. ഞങ്ങളിൽ പലരും ആവശ്യക്കാർക്ക് റേഷനും മറ്റു സാമഗ്രികളും എത്തിച്ചു നൽകുന്നതിൽ വ്യാപൃതരായിരുന്നു. ഒരു ഹോസ്പിറ്റലിലെ പാവപ്പെട്ടവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനിടക്കാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ എന്റെ സീനിയറും അലീഗഢിലെ സി.എ.എ വിരുദ്ധ സമരത്തിന്റെ നേതാക്കളിലൊരാളുമായിരുന്ന ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുന്നത്. ശേഷം മുസ്‌ലിംകളെയും, പ്രത്യേകിച്ച് തബ്‌ലീഗി ജമാഅത്തിന്റെ പ്രവർത്തകരെ, അമാനവവത്കരിക്കുകയും, കുറ്റക്കാരാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്കെതിരെ ഞങ്ങൾക്കെല്ലാവർക്കും ഏറെ പൊരുതേണ്ടി വന്നിട്ടുണ്ട്. മുസ്‌ലിം സ്വത്വത്തിന്റെ പേരിൽ മുസ്‌ലിംകളെ ആക്രമിക്കുന്ന സംഭവങ്ങൾ ഏറെ വ്യാപകമായി. ഹിന്ദു ഗ്രാമീണർ സാമൂഹികമായി ബഹിഷ്കരിച്ചതു കാരണം ഉത്തരാഖണ്ഡിൽ ഒരു മുസ്‌ലിമിന് ആത്മഹത്യ ചെയ്യേണ്ടി വന്നു. ലോക്ക്ഡൗൺ ആയത് കാരണം, ട്വിറ്റർ ക്യാമ്പയിനുകളല്ലാതെ മറ്റൊന്നും ഞങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല. തെരുവുകളിലേക്കിറങ്ങാനുള്ള സമയമായി എന്നാണ് ഞാൻ കരുതുന്നത്. നിങ്ങളുടെ ചോദ്യത്തിന്റെ രണ്ടാം ഭാഗത്തിനോട് പ്രതികരിക്കുകയാണെങ്കിൽ, എനിക്കറിയില്ല എങ്ങനെയാണ് ഹിന്ദു മേൽജാതിക്കാർ ഈ ലോക്ക്ഡൗണിനെ സ്വീകരിച്ചത് എന്ന്. ചിലപ്പോൾ തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും ഒരു ഇടവേള ആയിട്ടായിരിക്കാം,  ചിലപ്പോൾ ബന്ധുക്കളുമായി ബന്ധം പുനസ്ഥാപിച്ചിരിക്കാം, പുതിയ സ്കില്ലുകൾ പഠിച്ചിരിക്കാം, പുതിയ ഹോബികൾ സ്വായത്തമാക്കിയിരിക്കാം. അത്പോലെ ‘ഓൾ ലൈവ്സ് മാറ്റർ’ എന്ന് ജനങ്ങളെയെല്ലാം പഠിപ്പിക്കാൻ തുടങ്ങിയിട്ടുമുണ്ടാവണം.

ഷർജീൽ ഉസ്മാനി

ചോദ്യം: സമരങ്ങൾ മുതൽ ലോക്ക്ഡൗൺ വരെയുള്ള ജീവിതം അലീഗഢ്-ജാമിഅ വിദ്യാർത്ഥികൾക്ക് എങ്ങനെയാണ് അനുഭവപ്പെട്ടിട്ടുളളത്?

ഷർജീൽ: ജാമിഅയിലെയും അലീഗഢിലെയും വിദ്യാർത്ഥികളുടെ കാര്യത്തിൽ എനിക്കേറെ പ്രതീക്ഷയുണ്ട്. അവർ വിജയപൂർവ്വം രാജ്യവ്യാപകമായ ഒരു മുന്നേറ്റത്തിന് രൂപം കൊടുത്തു. പ്രതിപക്ഷ പാ‍ർട്ടികൾക്ക് പോലും ഇത് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. വിദ്യാർത്ഥികളെ നിശബ്ദമാക്കാൻ ഭരണകൂടം ചെയ്യുന്ന ഭീകരപ്രവർത്തികളിൽ നിന്നും അവർ വിദ്യാർത്ഥികളെ എത്രത്തോളം ഭയപ്പെടുന്നുണ്ട് എന്ന കാര്യം വ്യക്തമാണ്. ഇനി വരുന്ന കാലം ഇവരെയോർത്ത് അഭിമാനിക്കും. ഒപ്പം അവർ സ്വയം തന്നെ അഭിമാനം കൊള്ളുകയും വേണം. വിദ്യാർത്ഥികൾക്ക് തീർച്ചയായും ഭരണകൂട സംവിധാനങ്ങളിൽ നിന്നും തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അലീഗഢിലെയും ജാമിഅയിലെയും വിദ്യാർത്ഥികൾ എപ്പോഴും ഇത്തരം അക്രമണങ്ങൾക്ക് വിധേയരാവാൻ സാധ്യത ഉള്ളവരാണ്. ജാമിഅയിലെയും അലീഗഢിലെയും വിദ്യാർത്ഥികളെ ഭരണകൂടം ലക്ഷ്യം വെച്ച് ആക്രമിക്കുന്നത് ഇതാദ്യമല്ല.

വിവർത്തനം: അഫീഫ് അഹ്മദ്

കടപ്പാട്: ദലിത് ക്യാമറ

ഷർജീൽ ഉസ്മാനി