Campus Alive

ആരാണ് ദേശത്തെ നിര്‍വ്വചിക്കുന്നത്?

അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ ഹൈദരാബാദില്‍ രൂപീകരിക്കപ്പെടുന്ന സമയത്ത് ദലിതര്‍ക്ക് രാഷ്ട്രീയരംഗത്തും അക്കാദമികരംഗത്തും ഒരിടവുമുണ്ടായിരുന്നില്ല. പരസ്പരം സംവദിക്കാനുള്ള ജനാധിപത്യപരമായ ഇടം പോലും അന്നുണ്ടായിരുന്നില്ല. ആ സന്ദര്‍ഭത്തിലാണ് ഏതാനും ദലിത് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് കൂടുകയും എ.എസ്.എ യുടെ രൂപീകരണത്തെക്കുറിച്ച ആശയം മുന്നോട്ട് വെക്കുകയും ചെയ്യുന്നത്. അംബേദ്കറുടെ ഫിലോസഫിയെക്കുറിച്ചും അദ്ദേഹം മുന്നോട്ട് വെച്ച രാഷ്ട്രീയത്തെക്കുറിച്ചും ഞങ്ങളന്ന് ഒരുപാട് ചര്‍ച്ച ചെയ്തു. ബ്രാഹ്മണിക്കലായ ഇന്ത്യന്‍ സാമൂഹ്യഘടന ഉല്‍പാദിപ്പിച്ച\ഉല്‍പ്പാദിപ്പിക്കുന്ന അനീതികളെക്കുറിച്ച കൃത്യമായ ബോധ്യം ഞങ്ങള്‍ക്കുണ്ടായിരുന്നു.

2015 ആഗസ്റ്റ് മൂന്നിനാണ് എ.ബി.വി.പിക്കെതിരെ ഞങ്ങള്‍ സമരസായാഹ്നം സംഘടിപ്പിച്ചത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നടന്ന മുസഫര്‍ നഗര്‍ ബാക്കി ഹേ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം അവര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ചായിരുന്നു അത്. അതിനെത്തുടര്‍ന്നാണ് എ.ബി.വി.യുടെ പ്രസിഡന്റ് എ.എസ്.എ യുടെ പ്രവര്‍ത്തകരെ ഗുണ്ടകള്‍ എന്ന് വിളിച്ചധിക്ഷേപിച്ചത്. ആരാണ് യഥാര്‍ത്ഥത്തില്‍ ഈ രാജ്യത്തെ ഗുണ്ടകള്‍? സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യന്‍ ചരിത്രം പരിശോധിച്ചാല്‍ ആരാണ് ഇവിടെ വയലന്‍സ് ഒരാഘോഷമായി കൊണ്ട് നടക്കുന്നത് എന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. ആരാണ് ഈ രാജ്യത്തെ ഗുണ്ട എന്നറിയാന്‍ മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കുമെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ ആസൂത്രിതമായി നടത്തിയ വംശഹത്യകളുടെ ചരിത്രം മാത്രം പരിശോധിച്ചാല്‍ മതി. ഈ രാജ്യത്തെ ദലിതരും മുസ്‌ലിംകളും ആദിവാസികളും വയലന്‍സിന്റെ മാര്‍ഗമെങ്ങാനും സ്വീകരിച്ചിരുന്നെങ്കില്‍ ജാതിഹിന്ദുക്കള്‍ ഇവിടെ ജീവിച്ചിരിപ്പുണ്ടാകുമായിരുന്നില്ല. ഞങ്ങള്‍ ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും മാര്‍ഗം സ്വീകരിച്ചത് കൊണ്ടാണ് ജാതിഹിന്ദുക്കള്‍ ഇന്നും ഈ രാജ്യത്ത് ജീവിക്കുന്നത് എന്നോര്‍മ്മ വേണം. അത്‌കൊണ്ട് ഞങ്ങള്‍ക്കെതിരെ ഗുണ്ടകള്‍ എന്ന പ്രയോഗം നടത്തുമ്പോള്‍ കുറച്ചൊന്നാലോചിക്കുന്നത് നല്ലതാണ്.

അതിന് ശേഷം വളരെ സമാധാനപൂര്‍വ്വമാണ് ഞങ്ങളവനോട് വിശദീകരണം ചോദിച്ചത്. ഞങ്ങളുടെ തുടര്‍ച്ചയായ സമ്മര്‍ദ്ദത്തിനൊടുവില്‍ അവന്‍ മാപ്പ് പറയാന്‍ തയ്യാറായി. എന്നാല്‍ പിന്നീട് ബി.ജെ.പിയുടെ ഇടപടലിന്റെ ഫലമായി അഞ്ച് ദലിത് വിദ്യാര്‍ത്ഥികള്‍ സസ്പന്‍ഡ് ചെയ്യപ്പെടുകയും രോഹിത് ജീവത്യാഗം വരിക്കുകയും ചെയ്തു.

ആഗസ്റ്റ് 17നാണ് കാബിനറ്റ് മിനിസ്റ്ററായ ബന്‍ദേരു ദത്താത്രയ്യ MHRD ക്ക് കത്തയക്കുന്നത്. അതിലവര്‍ എ.എസ്.എ യുടെ പ്രവര്‍ത്തകരെ ജാതിവാദികള്‍, തീവ്രവാദികള്‍,ദേശവിരുദ്ധര്‍ എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കുകയുണ്ടായി. സുഹൃത്തുക്കളേ, ആരാണ് ജാതിവാദികള്‍? ആരാണ് ദേശവിരുദ്ധര്‍, ആരാണ് തീവ്രവാദികള്‍? ജാതിയുടെ പേരില്‍ വിവേചനം അനുഭവിക്കുന്നവരും ജാതീയതക്കെതിരെ പോരാടുന്നവരുമാണോ ജാതിവാദികള്‍? അതല്ല, നൂറ്റാണ്ടുകളായി ജാതി വയലന്‍സ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നവരോ? ഈ ചോദ്യം ബി.ജെ.പി ക്കാരുടെ തലയില്‍ ഉദിക്കുന്നില്ല എന്നതാണ് രസകരം. അവര്‍ക്ക് തലച്ചോറില്ല എന്നത് തന്നെയാണ് അതിന് കാരണം. തീവ്രവാദികള്‍ എന്നും അദ്ദേഹം ഞങ്ങളെ വിളിക്കുകയുണ്ടായി. എന്താണീ തീവ്രവാദം? ബീഫ് കഴിച്ചതിന്റെ പേരില്‍ ഒരു മുസ്‌ലിമിനെ കൊല്ലുന്നതാണോ അതോ ജനാധിപത്യപരമായ സംവാദങ്ങളില്‍ ഏര്‍പ്പെടുന്നതോ? രണ്ട് ദലിത് പിഞ്ചു കുട്ടികളെ ചുട്ടുകൊല്ലുന്നതോ അതോ അതിനെ അപലപിക്കുന്നതോ? ആരാണിവിടെ തീവ്രവാദത്തെ നിര്‍വ്വചിക്കുന്നത്? ദേശവിരുദ്ധര്‍ എന്ന ആരോപണം കൂടി അദ്ദേഹം ഞങ്ങള്‍ക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. ആര്‍ക്കെതിരെയും എപ്പോഴും ഉപയോഗിക്കാവുന്ന ഒരു പദമായി ഇത് മാറിയിട്ടുണ്ട്. ബാബാസാഹിബ് അംബേദകര്‍ ഈ പദത്തെ നിശിതമായ വിമര്‍ശനത്തിന് വിധേയമാക്കിയിട്ടുണ്ട്. വിവിധങ്ങളായ ജാതികളും സമുദായങ്ങളുമുള്ള ഇന്ത്യയെ എങ്ങനെയാണ് ഏകാത്മകമായ ഒരു ദേശമായി നമുക്ക് സങ്കല്‍പ്പിക്കാനാവുക എന്നാണദ്ദേഹം ചോദിച്ചത്. ജാതി വയലന്‍സ് ദിനേനയെന്നോണം നടന്ന്‌കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് നിന്ന്‌കൊണ്ട് എങ്ങനെയാണ് ദത്താത്രയ്യക്ക് ദേശത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചുമൊക്കെ വാചാലനാകാന്‍ കഴിയുന്നത്? അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ബി.ജെ.പി സംസാരിച്ച് കൊണ്ടിരിക്കുന്നത് അഖണ്ഡഭാരതം എന്ന മിത്തിനെക്കുറിച്ചാണ്. ആ മിത്തിനെക്കുറിച്ച സ്വപ്‌നമാണ് സ്വയംനിര്‍ണ്ണയാവകാശം നിഷേധിച്ച് കൊണ്ട് കശ്മീരിനെ അധീനപ്പെടുത്താന്‍ അവര്‍ക്ക് പ്രേരണയാകുന്നത്. ആ സ്വപ്‌ന സാക്ഷാല്‍ക്കാരത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ ആര്‍മി കശ്മീരി സ്ത്രീകളെ ബലാല്‍സംഘം ചെയ്യുന്നത്.

sio

ഞങ്ങള്‍ അംബേദ്കറേറ്റുകള്‍ ദേശത്തെ മനസ്സിലാക്കുന്നത് ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളിലൂടെയല്ല. മുസ്‌ലിം-ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് ജ്ഞാനപരവും രാഷ്ട്രീയപരവുമായ കര്‍തൃത്വം സാധ്യമാകുന്ന ദേശത്തെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. ബ്രാഹ്മണിസം നിര്‍വ്വചിക്കുന്ന ദേശസങ്കല്‍പ്പങ്ങളെ ഞങ്ങള്‍ പൂര്‍ണ്ണമായും നിരാകരിക്കുന്നു.

ഈ രാജ്യത്തെ പ്രധാനമന്ത്രിയോട് ഞങ്ങള്‍ക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്. രോഹിതിന്റെ മരണത്തിലൂടെ ഇന്ത്യക്ക് ഒരു മകനെ നഷടപ്പെട്ടുവെന്ന് നിങ്ങള്‍ പറയുകയുണ്ടായി. എന്നാല്‍ ദത്താത്രയ്യക്കെതിരെ എന്ത് നടപടിയാണ് നിങ്ങളെടുത്തത് എന്നാണ് ഞങ്ങള്‍ ചോദിക്കാനാഗ്രഹിക്കുന്നത്. ഞങ്ങളാരെയാണ് വിശ്വസിക്കേണ്ടത്? ചില കാര്യങ്ങള്‍ ഈയവസരത്തില്‍ നിങ്ങളോട് പറയാന്‍ ഞാനാഗ്രഹിക്കുന്നു. ബീഹാറില്‍ നിന്ന് വരുന്ന ഗിരിരാജ് സിംഗ് എന്ന് പേരായ ഒരു യൂണിയന്‍ മിനിസ്റ്ററുണ്ട്. ബൂമിഹാര്‍ സമുദായത്തില്‍ നിന്നാണ് അദ്ദേഹം വരുന്നത്. ബീഹാറിലെ ഗ്രാമങ്ങളില്‍ ജീവിക്കുന്ന ദലിതരെ വംശഹത്യക്ക് വിധേയമാക്കിയ രണ്‍വീര്‍ സേനയുടെ നേതാവിനെ ഗിരിരാജ് സിംഗ് ഒരിക്കല്‍ വിശേഷിപ്പിച്ചത് രാജ്യസ്‌നേഹി എന്നാണ്. ഇതിനെയാണ് നിങ്ങള്‍ ദേശീയത എന്നും ദേശസ്‌നേഹം എന്നുമൊക്കെ വിശേഷിപ്പിക്കുന്നതെങ്കില്‍ ആ ദേശീയതയെയും ദേശസ്‌നേഹത്തെയും ഞങ്ങള്‍ പരിപൂര്‍ണ്ണമായി തള്ളിക്കളയുന്നു.രോഹിത് വെമുലക്ക് നീതി ലഭ്യമാക്കാന്‍ രാജ്യത്തുടനീളം ദലിത് -ബഹുജന്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറുമ്പോള്‍ ദേശത്തെയും ദേശീയതയെയും കുറിച്ച ഇത്തരം അധീശമായ വ്യവഹാരങ്ങള്‍ കൊണ്ടായിരുന്നു ജാതിഹിന്ദുക്കള്‍ അതിനെ നേരിട്ടത്.

 

ഞങ്ങളുടെ പോരാട്ടത്തിന് പിന്തുണയറിയിച്ച ഇടത്പക്ഷത്തോട് ഈയവസരത്തില്‍ ചില കാര്യങ്ങള്‍ പറയാന്‍ ഞാനാഗ്രഹിക്കുകയാണ്. സഹോദരന്‍ അയ്യപ്പന്റെയും ശ്രീനാരായണ ഗുരുവിന്റെയും ജാതീയതക്കെതിരായ പോരാട്ടങ്ങളെ മുന്‍നിര്‍ത്തിയാണ് ഞാനിവിടെ ഇടതിനോട് സംസാരിക്കുന്നത്. എങ്ങനെയാണ് ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും പ്രവര്‍ത്തിച്ചിരുന്നത് എന്നൊന്ന് നിങ്ങള്‍ പഠിക്കണം. അവരാദ്യം ശ്രമിച്ചത് ഈഴവ സമുദായത്തെ എജുക്കേറ്റ് ചെയ്യാനായിരുന്നു. ബൂമിഹാര്‍ സമുദായത്തില്‍ നിന്ന് വരുന്ന കന്‍ഹയ്യയോട് എനിക്ക് പറയാനുള്ളതിതാണ്: ദലിതര്‍ക്കെതിരെ ജാതി വയലന്‍സ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സമുദായമാണ് ബൂമിഹാര്‍. കന്‍ഹയ്യ, ആദ്യം പോയി നിങ്ങളവരോട് സംസാരിക്കൂ, അവരെ എജുക്കേറ്റ് ചെയ്യൂ. ദലിതര്‍ക്കെതിരായ ജാതി വയലന്‍സ് അവസാനിപ്പിക്കാന്‍ അവരോടാവശ്യപ്പെടൂ. ജാതിയെക്കുറിച്ചും ജാതി ഉന്‍മൂലനത്തെക്കുറിച്ചും അവരോട് സംസാരിക്കൂ. അംബേദ്കറേറ്റ് മൂവ്‌മെന്റില്‍ അണിചേരാന്‍ അവരോടാവശ്യപ്പെടൂ. അതായിരിക്കും ജാതിവിരുദ്ധമായ ഒരു സമൂഹത്തെ സ്വപ്‌നം കണ്ട രോഹിത് വെമുലക്ക് വേണ്ടി നിങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ സേവനം. ഇത് കന്‍ഹയ്യയോട് മാത്രമല്ല, ഈ രാജ്യത്തെ മുഴുവന്‍ ഇടതരോടുമുള്ള എന്റെ അഭ്യര്‍ഥനയാണ്. ജാതിക്കെതിരെ സംസാരിക്കുന്ന മുഴുവന്‍ മേല്‍ജാതി പുരോഗനകാരികളും ദയവ്‌ചെയ്ത് സ്വന്തം സമുദായത്തിലെ മേല്‍ജാതി ഹിന്ദുക്കളെ അഭിമുഖീകരിക്കേണ്ടതുണ്ട്. അവരോടാണ് നിങ്ങള്‍ ജാതിക്കെതിരെയും ജാതി വയലന്‍സിനെതിരെയും സംസാരിക്കേണ്ടത്. ദലിതരെ ദയവ് ചെയ്ത് എജുക്കേറ്റ് ചെയ്യാന്‍ വരരുത്. ജാതീയതക്കെതിരായ ഞങ്ങളുടെ പോരാട്ടത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. അത് അനുഭവപരം കൂടിയാണ് എന്ന ഓര്‍മ്മ മേല്‍ജാതി ഇടത് പുരോഗമനകാരികള്‍ക്കുണ്ടായിരിക്കണം.

ദലിത്-മുസ്‌ലിം-ആദിവാസി യൂത്തിന് മാത്രമേ അംബേദ്കര്‍ സ്വപ്‌നം കണ്ട സാഹോദര്യത്തിലും സമത്വത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു ദേശത്തെ നിര്‍മ്മിക്കാന്‍ കഴിയൂ. ജാതിയെക്കുറിച്ച സംസാരങ്ങള്‍ നമുക്കിടയില്‍ കുറച്ച് നേരമെങ്കിലും നിലനില്‍ക്കുന്നത് ഈ യൂത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഈ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ദേശത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നത്. നമുക്കവിടെ ജാതിയെക്കുറിച്ചും ബ്രാഹ്മണിസത്തെക്കുറിച്ചും സംസാരിക്കാം. മാല്‍കം എക്‌സിനെക്കുറിച്ചും അംബേദ്കറിനെക്കുറിച്ചുമൊക്കെ വായിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള ഇടം നമുക്കവിടെ ലഭിക്കുന്നു. അതിനാല്‍ തന്നെ അവിടങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്ന നമുക്ക് നമ്മുടെ സമുദായങ്ങളോട് ചില ഉത്തരവാദിത്വങ്ങളുണ്ട്. അത് നിര്‍വഹിക്കാത്ത പക്ഷം നമ്മുടെ വായനകളും സംവാദങ്ങളുമെല്ലാം വെറുതെയാണ്. നമ്മുടെ പോരാട്ടം സമ്പത്തിന് വേണ്ടിയുള്ളതോ അധികാരത്തിന് വേണ്ടിയുളളതോ അല്ല. ആത്മാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടമാണ് നമ്മുടേത്. ഈ പോരാട്ടത്തിന് ഒരു തുടര്‍ച്ചയുണ്ടാകണമെങ്കില്‍ നമ്മുടെ മുമ്പില്‍ ഒരജണ്ടയുണ്ടായിരിക്കണം. തന്റെ ആത്മഹത്യാ കുറിപ്പിലൂടെ രോഹിത് വെമുല നമുക്ക് അജണ്ട നിശ്ചയിച്ച് തന്നിട്ടുണ്ട്. നീതിക്കും സമത്വത്തിനും വേണ്ടിയുള്ള നമ്മുടെ പോരാട്ടങ്ങള്‍ക്ക് രോഹിത് ഊര്‍ജ്ജമാകട്ടെ എന്നാശംസിച്ച് കൊണ്ട് ഞാന്‍ നിര്‍ത്തുന്നു. ജയ്ഭീം.

Think Dissent Resist എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ തൃശൂരില്‍ വെച്ച് നടത്തിയ വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ ദൊന്ത പ്രശാന്ത് നടത്തിയ പ്രഭാഷണം.

campusadmin