Campus Alive

വെളുത്ത ഫെമിനിസവും ഐക്യദാര്‍ഢ്യപ്പെടലിന്റെ വിശേഷാധികാരവും

ഹൌരിയ ബുതെല്ജ PIR (Patry of the Indigenous of the Republic) ന്റെ വക്താവാണ്. 2010 ഒക്ടോബര്‍ ഇരുപത്തി രണ്ടാം തീയതി, മാട്രിടില്‍ നടന്ന നാലാം അന്താരാഷ്ട്ര ഇസ്ലാമിക് ഫെമിനിസം കോണ്‍ഗ്രസില്‍ വെച്ച് അവര്‍ നടത്തിയ പ്രഭാഷണമാണിത്.  വിവര്‍ത്തനം: മര്‍വ

ആദ്യമായി, ഇങ്ങനെ ഒരു ചര്‍ച്ച സംഘടിപ്പിച്ച Junta Islamica Catalanaക്ക് എന്റെ എല്ലാ വിധ നന്ദിയും ഞാന്‍ അറിയിക്കുന്നു. വംശീയമായ വ്യവഹാരങ്ങളെ ഒരലങ്കാരമായി കൊണ്ട് നടക്കുന്ന യൂറോപ്പില്‍ എന്ത്‌കൊണ്ടും ഈ ചര്‍ച്ച പ്രസക്തമാണ്. ഇത്തരം സംരംഭങ്ങള്‍ ഫ്രാന്‍സിലും ഉണ്ടാവുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. വിഷയത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഞാന്‍ എന്നെ സ്വയം പരിചയപ്പെടുത്താം. കാരണം എന്റെ വാക്കുകള്‍ അടയാളപ്പെടുത്തപ്പെടേണ്ടതുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഞാന്‍ ഫ്രാന്‍സിലാണ് ജീവിക്കുന്നത്. അള്‍ജീരിയന്‍ കുടിയേറ്റക്കാരുടെ മകളാണ് ഞാന്‍. എന്റെ ഉപ്പ ഒരു തൊഴിലാളിയും ഉമ്മ വീട്ടമ്മയുമാണ്. ഞാന്‍ ഒരു ദൈവശാസ്ത്ര പണ്ഡിതയോ സോഷ്യോളജിസ്‌റ്റോ ഗവേഷകയോ ആയിട്ടല്ല സംസാരിക്കുന്നത്. ഞാനൊരു ആക്ടിവിസ്റ്റാണ്. അത് കൊണ്ട് തന്നെ എന്റെ രാഷ്ട്രീയാനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇത്തരം വിവരണങ്ങള്‍ ഞാന്‍ നല്‍കുന്നത്. എന്റെ യുക്തിവിചാരത്തിലും അനുമാനങ്ങളിലും സത്യസന്ധയായിരിക്കാന്‍ ആഗ്രഹിക്കുന്നത് കൊണ്ടാണത്. സത്യം പറഞ്ഞാല്‍ ഞാന്‍ ഇന്നേവരെ ‘ഇസ്‌ലാമിക ഫെമിനിസം’ എന്ന ചോദ്യം സ്വയം ചോദിച്ചിട്ടില്ല. പിന്നെ ഞാന്‍ എന്ത് കൊണ്ട് ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു? എന്നെ ഇതിലേക്ക് ക്ഷണിച്ചപ്പോള്‍ എനിക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ആധികാരികത ഇല്ലെന്ന് ഞാന്‍ വ്യക്തമാക്കിയതാണ്. ഡീകൊളോണിയല്‍ ഫെമിനിസത്തെപ്പറ്റിയും അത് എങ്ങിനെ പൊതുവില്‍ ഇസ്‌ലാമിക ഫെമിനിസവുമായി ബന്ധപ്പെടുന്നു എന്നതിനെ കുറിച്ചുമാണ് ഞാന്‍ സംസാരിക്കാനാഗ്രഹിക്കുന്നത്. ഗൗരവതരമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.

ഫെമിനിസം സാര്‍വ്വലൗകികമാണോ?

വെളുത്ത\പാശ്ചാത്യ ഫെമിനിസവും മൂന്നാം ലോക ഫെമിനിസ്റ്റ് ധാരകളും തമ്മിലുള്ള ബന്ധമെന്താണ്?

ഇസ്‌ലാമും ഫെമിനിസവും തമ്മില്‍ ഒത്ത്‌പോകുമോ ?

ഇസ്‌ലാമും ഫെമിനിസവും തമ്മിലുള്ള എന്‍ഗേജ്‌മെന്റ് സാധ്യമാണെങ്കില്‍ അതിന്റെ നിയമസാധുതകളെക്കുറിച്ച (തിയോളജിക്കലും പൊളിറ്റിക്കലുമായ) ആലോചനകള്‍ നടത്തേണ്ടതില്ലേ? എന്തായിരിക്കണം അതിന്റെ മുന്‍ഗണനകള്‍?

ഞാന്‍ ഇവിടെ ഉന്നയിക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്.

1.ഫെമിനിസം സാര്‍വ്വലൗകികമാണോ?

ഫെമിനിസത്തിന്റെ ഡീകൊളോണിയല്‍ വായനകള്‍ നടത്തുന്ന എന്നെസംബന്ധിച്ചിടത്തോളം ഈ ചോദ്യം വളരെ പ്രധാനമാണ്. അപരസമൂഹങ്ങളെ അഭിമുഖീകരിക്കേണ്ട നാം ഈ ചോദ്യം നിരന്തരമായി ഉന്നയിക്കേണ്ടതുണ്ട് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഉദയം കാണുകയും അവരാല്‍ സ്വാധീനിക്കപ്പെടുകയും ചെയ്ത പടിഞ്ഞാറന്‍ സമൂഹങ്ങളെ ഒന്ന് നിങ്ങള്‍ പരിശോധിച്ച് നോക്കൂ. അവിടങ്ങളിലെല്ലാം പുരുഷാധിപത്യത്തിനെതിരെ തുല്യ അന്തസ്സിന് വേണ്ടി സ്ത്രീകള്‍ പോരാടുകയും അങ്ങനെ സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കുകയും അവരുടെ അവസ്ഥ മെച്ചപ്പെടുകയും ചെയ്തു. ഞാന്‍ ഉള്‍പ്പെടെ ആ അവകാശപ്പോരാട്ടങ്ങളുടെ ഫലം അനുഭവിച്ചിട്ടുണ്ട്. ഇനി നമുക്ക് നമ്മുടെ സാഹചര്യത്തെ ആമസോണിലുള്ള ‘പ്രാകൃതര്‍’ എന്ന് വിളിക്കപ്പെടുന്ന സമൂഹവുമായി താരതമ്യം ചെയ്യാം. പാശ്ചാത്യ സ്വാധീനങ്ങള്‍ക്ക് വിധേയരാവാത്ത അനേകം സമൂഹങ്ങള്‍ ഇന്നും ഉണ്ട്. ഞാന്‍ ഒരു സമൂഹത്തെയും ‘പ്രാകൃതമായി’ കാണുന്നില്ല. ഈ ഭൂമിലോകത്ത് പല തരത്തിലുള്ള ഇടങ്ങളും കാലങ്ങളും ഉള്ളതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് കൊണ്ട് തന്നെ ഒരു സംസ്‌കാരവും മറ്റൊന്നിന്റെ പുറകിലോ മുന്നിലോ ആണെന്ന് ഞാന്‍ കരുതുന്നില്ല. ഒരിക്കലും പുരോഗതിയുടെ ഒരു നീണ്ട അളവുകോലില്‍ ഞാനെന്നെ സ്വയം അളക്കുന്നില്ല. ആ പുരോഗതിയുടെ അവസാനമാണ് എന്റെ രാഷ്ട്രീയ ലക്ഷ്യമെന്ന് കരുതുന്നുമില്ല. മറ്റൊരു തരത്തില്‍ പുരോഗതി പുരോഗമാനപരമായിരിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതേ സമയം പലപ്പോഴും അത് പിറകോട്ട് പോകുന്നതായിരിക്കും. നമ്മള്‍ സമയത്തെ എങ്ങിനെ വീക്ഷിക്കുന്നു എന്നതും ഡീകൊളോണിയല്‍ ചോദ്യത്തിന്റെ ഭാഗമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഇനി വിഷയത്തിലേക്ക് തിരിച്ചുവരാം. ഫെമിനിസത്തെക്കുറിച്ച് കേള്‍ക്കുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ലാത്ത സമൂഹങ്ങളിലെ സ്ത്രീകള്‍ യൂറോപ്യന്‍ സ്ത്രീകളെ അപേക്ഷിച്ച് പുരോഗതി കൈവരിച്ചിട്ടില്ലാത്തവരാണെന്ന് നിങ്ങള്‍ക്കാര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?

ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ എനിക്ക് പലപ്പോഴും അസാധ്യമാണ്. അങ്ങനെ ഉത്തരം പറയാന്‍ സാധിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ ആയിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. അപ്പോഴും, ഇതിന്റെ ഉത്തരത്തിന് പ്രസക്തിയില്ല. ഈ ചോദ്യം തന്നെയാണ് പ്രധാനം. അത് നമ്മുടെ ഗര്‍വ്വ് കളയുന്നു. നമ്മുടെ സാമ്രാജ്യത്വ പ്രവണതകളെ ഇല്ലാതാക്കുന്നു. പലകാര്യങ്ങളില്‍ തലയിടാനുള്ള നമ്മുടെ വ്യഗ്രതകളെയും അതില്ലാതാക്കുന്നു. അത് നമ്മുടെ സങ്കല്‍പ്പങ്ങള്‍ സാര്‍വലൗകികമാണെന്ന നമ്മുടെ വിചാരങ്ങളെയും മറ്റുള്ളവരുടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ നമ്മുടെ ചട്ടക്കൂടില്‍ കുത്തിനിറക്കുന്ന പ്രവണതകളെയും ചോദ്യം ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍, സവിശേഷമായ നമ്മുടെ ഓരോരുത്തരുടെയും സാമൂഹിക സ്ഥാനങ്ങളില്‍ സ്വയം ലൊക്കേറ്റ് ചെയ്യാന്‍ അത് നമ്മെ സഹായിക്കുന്നു.

ഈ ചോദ്യത്തെ കൃത്യമായി അഭിമുഖീകരിച്ച് കഴിഞ്ഞ സ്ഥിതിക്ക് പാശ്ചാത്യ ഫെമിനിസങ്ങളും മൂന്നാം ലോക ഫെമിനിസങ്ങളും തമ്മിലുള്ള ബന്ധത്തെ പറ്റിയുള്ള രണ്ടാം ചോദ്യം ഇനി നമുക്ക് എളുപ്പം പരിഗണിക്കാം എന്ന് ഞാന്‍ കരുതുന്നു. തീര്‍ച്ചയായും ഇതൊരു സങ്കീര്‍ണമായ ചോദ്യമാണ്. ആഗോള ദക്ഷിണ മേഖലയുടെ മുകളിലുള്ള ആഗോള ഉത്തര മേഖലയുടെ ആധിപത്യത്തെക്കുറിച്ച ചോദ്യം തന്നെയാണിത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഹൈറാര്‍ക്കിക്കലായ ഈ ബന്ധത്തെ ചോദ്യം ചെയ്യുകയും അതിനെ തകിടം മറിക്കുകയും വേണമെന്നാണ് ഞാന്‍ കരുതുന്നത്.

ഞാനിവിടെ രസകരമായ ഒരു സംഭവം പറയാം. 2007ല്‍, മൂവ്‌മെന്റ് ഓഫ് ഇന്‍ഡീജിനസ് ഓഫ് ദി റിപബ്ലിക്ക് എന്ന സംഘടനയിലെ സ്ത്രീകള്‍ മാര്‍ച്ച് 8ന് നടന്ന സ്ത്രീ സമരങ്ങള്‍ക്ക് വേണ്ടിയുള്ള റാലിയില്‍ പങ്കെടുത്തു. ഇറാനെതിരെയുള്ള അമേരിക്കന്‍ സംഘടിത പ്രചാരണം തുടങ്ങിയ സമയമായിരുന്നു അത്. ഞങ്ങള്‍ മാര്‍ച്ച് ചെയ്തത്, ‘No feminism without anti-imperialism’ എന്ന ബാനറിന് പുറകിലായിരുന്നു. ഞങ്ങള്‍ എല്ലാവരും പലസ്തീനിയന്‍ കഫിയ്യ ധരിക്കുകയും അമേരിക്ക തടവിലാക്കിയ മൂന്നു പോരാളികളായ ഇറാഖി സ്ത്രീകള്‍ക്ക് വേണ്ടി പത്രികകള്‍ വിതരണം ചെയ്യുകയും ചെയതിരുന്നു.

ഞങ്ങളെത്തിയപ്പോള്‍, ഈ റാലിയുടെ സംഘാടകര്‍ ഇറാനി സ്ത്രീകള്‍ക്ക് വേണ്ടി മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ തുടങ്ങി. ഈ മുദ്രാവാക്യങ്ങള്‍ വളരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. എന്ത് കൊണ്ടാണ് ഇറാനി സ്ത്രീകള്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്ന ഇക്കൂട്ടര്‍ ഫലസ്തീനി സ്ത്രീകള്‍ക്കോ ഇറാഖി സ്ത്രീകള്‍ക്കോ വേണ്ടി സംസാരിക്കാത്തത് ? എങ്ങിനെയാണ് ഈ തെരഞ്ഞെടുപ്പുകള്‍ ഉണ്ടാകുന്നത് ? ഈ മുദ്രാവാക്യങ്ങളെ പൊളിക്കാന്‍ ഞങ്ങള്‍ പാശ്ചാത്യ സത്രീകള്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ഞങ്ങള്‍ ഉറക്കെ ചൊല്ലി.

‘സ്വീഡിഷ് പെണ്ണുങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം!
ഇറ്റാലിയന്‍ പെണ്ണുങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം!
ജര്‍മ്മന്‍ പെണ്ണുങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം!
ഇംഗ്ലീഷ് പെണ്ണുങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം!
ഫ്രഞ്ച് പെണ്ണുങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം!
അമേരിക്കന്‍ പെണ്ണുങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം!’

എന്ത് കൊണ്ട് നിങ്ങള്‍ വെള്ളക്കാരികള്‍ക്ക് മാത്രം ‘ഐക്യദാര്‍ഢ്യം’ എന്ന വിശേഷാധികാരം ഉണ്ടാവണം? നിങ്ങളും മര്‍ദ്ദിക്കപെടുകയും ബലാല്‍സംഘം ചെയ്യപ്പെടുകയും, പുരുഷ ഹിംസക്ക് വിധേയരാക്കപ്പെടുകയും ചെയ്യുന്നുണ്ട്. അനീതി നിറഞ്ഞ ധാരാളം അനുഭവങ്ങള്‍ നിങ്ങള്‍ക്കും ഉണ്ടാകുന്നുണ്ട്.

ആ മുദ്രാവാക്യങ്ങള്‍ കേട്ടപ്പോള്‍ അവര്‍ ഞങ്ങളെ ബഹിരാകാശത്ത് നിന്ന് വന്നവരെന്ന പോലെ നോക്കി. ഞങ്ങള്‍ പറയുന്നത് അവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണെന്ന് അവരുടെ മുഖഭാവങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് മനസ്സിലായി..

പാശ്ചാത്യ സ്ത്രീകള്‍ എന്ന നിലക്ക് അവരുടെ അവസ്ഥയെ പറ്റി ഓര്‍മ്മിപ്പിച്ചതായിരുന്നില്ല പ്രശ്‌നം. ഞങ്ങള്‍ ആഫ്രിക്കന്‍-അറബ്-മുസ്ലിം പെണ്ണുങ്ങള്‍ വളരെ പ്രതീകാത്മകമായി ഒരു ആധിപത്യബന്ധം തകിടം മറിക്കുകയും സ്വയം രക്ഷാധികാരികള്‍ ആയി എന്നുള്ളതുമായിരുന്നു അവരുടെ പ്രശ്‌നം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഈ തിരിച്ചുള്ള റെട്ടറിക്ക് പ്രയോഗത്തിലൂടെ അവരും ഞങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അധീശമായ അധികാര ബന്ധങ്ങളെ ഞങ്ങളവര്‍ക്ക് കാണിച്ചുകൊടുത്തു. ഇത് അവരിലുണ്ടാക്കിയ അമ്പരപ്പ് ഞങ്ങളെസംബന്ധിച്ചിടത്തോളം ആസ്വാദ്യകരമായിരുന്നു.

ഇനി വേറൊരു സംഭവം പറയാം. പലസ്തീനിലേക്കുള്ള ഒരു ഐക്യദാര്‍ഢ്യ യാത്രക്ക് ശേഷം ഫ്രഞ്ച് വനിതകള്‍ ഫലസ്തീനിയന്‍ സ്ത്രീകളോട് നിങ്ങള്‍ ജനന നിയന്ത്രണ മുറകള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് ചോദിച്ചതിനെക്കുറിച്ച് ഒരു സുഹൃത്ത് എന്നോട് പറയുകയുണ്ടായി. ഫലസ്തീനി പെണ്ണുങ്ങള്‍ക്ക് ആ ചോദ്യം മനസ്സിലായില്ല. കാരണം അവര്‍ക്ക് ജനസംഖ്യാ വളര്‍ച്ച വളരെ പ്രധാനപ്പെട്ടതാണ്. അത് പൂര്‍ണമായും വ്യതസ്തമായ ഒരു വീക്ഷണമാണ്. വംശീയമായി കൊന്നൊടുക്കി ഇല്ലാതാക്കുന്ന ഇസ്രായേല്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ക്കിടയില്‍, ഫലസ്തീനി സ്ത്രീകള്‍ക്ക് കുട്ടികളെ പ്രസവിക്കുക, അവരെ വളര്‍ത്തുക എന്നത് തന്നെ ഒരു പ്രതിരോധമാണ് .

ഈ രണ്ട് ഉദാഹരണങ്ങളും വംശീയവത്കരിക്കപ്പെട്ട പെണ്ണുങ്ങള്‍ എന്ന നിലയിലുള്ള നമ്മുടെ സാഹചര്യം വരച്ച് കാട്ടുന്നു. ഇത് ഈ സന്ദിഗ്ദ്ധാവസ്ഥയെ മനസ്സിലാക്കാനും കൊളോണിയലിസ്റ്റ് യൂറോ-കേന്ദ്രീകൃത ഫെമിനിസത്തെ ചെറുക്കാനുള്ള മാര്‍ഗങ്ങള്‍ കാണിക്കുകയും ചെയ്യുന്നു.

ഇനി അടുത്ത ചോദ്യം, ഇസ്‌ലാം ഫെമിനിസവുമായി യോജിച്ച് പോകുമോ എന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം ഈ ചോദ്യം പ്രകോപിതമാണ്. എനിക്കത് കേള്‍ക്കാന്‍ കഴിയില്ല. ഞാന്‍ ഈ ചോദ്യം ചോദിക്കുന്നത് ഒരു ഫ്രഞ്ച് പത്രപവര്‍ത്തക എന്ന നിലക്കാണ്. ഞാന്‍ ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ വിസമ്മതിക്കുന്നു. കാരണം അത് ധാര്‍ഷ്ട്യത്തില്‍ നിന്നും വരുന്ന ചോദ്യമാണ്. X എന്ന സംസ്‌കാരത്തിന്റെ പ്രതിനിധി Y എന്ന സംസ്‌കാരത്തിന്റെ പ്രതിനിധിയോട് എന്തോ തെളിയിക്കാന്‍ ആവശ്യപ്പെടുന്നു. അത് കൊണ്ട്, Y തന്റെ ‘ആധുനികത’ തെളിയിക്കുകയും, സ്വയം നീതികരിച്ച് Xനെ പ്രീതിപ്പെടുത്തുകയും വേണം. ഇസ്ലാമിക ലോകം ഏകശിലാത്മകമല്ല എന്നത്‌കൊണ്ട് തന്നെ ഇതിനുള്ള ഉത്തരം ലളിതമല്ല. ഈ സംവാദം എന്നന്നേക്കും തുടര്‍ന്ന് പോവാം. അത് തന്നെയാണ് നിങ്ങള്‍ ഉത്തരം പറയാന്‍ ശ്രമിക്കുക എന്ന തെറ്റ് ചെയ്യുമ്പോള്‍ സംഭവിക്കുന്നതും. ഞാന്‍ X നോട് മറിച്ചൊരു ചോദ്യം ചോദിക്കട്ടെ: ഫ്രഞ്ച് റിപബ്ലിക് ഫെമിനിസവുമായി യോജിച്ചു പോകുന്നതാണോ? ഫ്രാന്‍സില്‍ മൂന്നു ദിവസത്തിനടയില്‍ ഒരു സ്ത്രീ വീതം ഗാര്‍ഹിക പീഡനം കാരണം മരിക്കുന്നു. ഈ വര്‍ഷത്തെ ബലാല്‍സംഘങ്ങളുടെ എണ്ണം, ഏതാണ്ട് അമ്പതിനായിരത്തിനടുത്ത് വരും. അവിടെ സ്ത്രീകള്‍ക്ക് കുറഞ്ഞ വേതനമാണ് നല്‍കുന്നത്. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ പെന്‍ഷന്റെ കാര്യത്തില്‍ അത്ര ഉറപ്പില്ല. രാഷ്ട്രീയ സാമ്പത്തിക പ്രതീകാത്മക അധികാരങ്ങള്‍ ഒക്കെയും ഏറിയ പങ്കും പുരുഷന്മാരുടെ കയ്യിലാണ്. ഇതെല്ലാം കൊണ്ടാണ് ഞാന്‍ വീണ്ടും ചോദിക്കുന്നത്: ഫ്രഞ്ച് റിപബ്ലിക് ഫെമിനിസവുമായി യോജിച്ചു പോകുമോ? യോജിച്ച് പോകില്ല എന്നൊരുപക്ഷെ നമുക്ക് ഉത്തരം പറയാന്‍ തോന്നും. പക്ഷെ യഥാര്‍ത്ഥത്തില്‍ ഉത്തരം, ‘അല്ല’ എന്നോ ‘അതെ’ എന്നോ അല്ല. വിമോചനത്തിനായി പോരാടിയ ഫ്രഞ്ച് സ്ത്രീകളോടെനിക്ക് നന്ദിയുണ്ട്. മുമ്പത്തെക്കാള്‍ അത്ര പുരുഷാധിപത്യപരമല്ല ഫ്രഞ്ച് റിപ്പബളിക്കിപ്പോള്‍. അത് തന്നെയാണ് അറബ്-മുസ്ലിം-ആഫ്രിക്കന്‍ രാജ്യങ്ങളുടെയും സ്ഥിതി.

ആധുനികതയുടെ അധീശമായ തീര്‍പ്പുവെക്കലുകളെയും യൂറോ-കേന്ദ്രീകൃതമായ ജ്ഞാന-വ്യവഹാരങ്ങളെയും നിരന്തരമായി വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
എങ്ങിനെയാണ് ഇസ്ലാമിക ഫെമിനിസത്തെ നിയമസാധുതമാക്കേണ്ടത്? അതിന് സ്വയം നിയമസാധുത ഉണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനൊരു ഫെമിനിസ്റ്റ് പരീക്ഷ പാസ്സാവേണ്ടതില്ല. മുസ്‌ലിം സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ക്കും അന്തസ്സിനും വേണ്ടി വാദിക്കുന്നുണ്ടെന്നത് തന്നെ ഇസ്‌ലാമിക ഫെമിനിസത്തെ അംഗീകരിക്കാന്‍ തക്ക കാരണമാണ്. എന്റെ മഗ്‌രിബ് നാട്ടിലെ അറിവില്‍നിന്നും പ്രവാസികളുമായുള്ള സമ്പര്‍ക്കത്തിലൂടെയും ‘കീഴടങ്ങുന്ന പെണ്ണ്’ (submissivewoman’) എന്ന ഒന്ന് നിലനില്‍ക്കുന്നില്ല എന്ന് എനിക്കറിയാം. അവള്‍ നിര്‍മ്മിക്കപ്പെടുകയായിരുന്നു.

എന്തായിരിക്കണം ഡികൊളോണിയല്‍ ഫെമിനിസത്തിന്റെ മുന്‍ഗണനകള്‍ എന്ന് കൂടെ പറഞ്ഞ് നമുക്ക് അവസാനിപ്പിക്കാം. നിങ്ങളെല്ലാവരും ആമിന വദൂദിനെ പറ്റിയും ഇസ്ലാമിക ഫെമിനിസത്തിന്റെ ജ്ഞാനപരമായ വികാസത്തില്‍ അവരുടെ പങ്കാളിത്തത്തെ കുറിച്ചും കേട്ടിട്ടുണ്ടാവും. പൊതുവില്‍ പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന നമസ്‌ക്കാരത്തിനു നേതൃത്വം നല്‍കുക എന്ന പ്രവൃത്തിയിലൂടെ അവര്‍ വളരെ വേഗം അറിയപ്പെടുന്നു. ഇത് സമുദായം സ്ത്രീകളില്‍ നിന്ന് ആവശ്യപ്പെടുന്ന, പ്രതീക്ഷിക്കുന്ന അത്യാവശ്യമായ മൗലിക കാര്യങ്ങള്‍ക്കുള്ള പരിഹാരമാണോ? അതോ വെളുത്തവരുടെ ലോകത്തെക്കുറിച്ച പ്രതീക്ഷകളാണോ? തീര്‍ച്ചയായും, പുരുഷന്മാര്‍ മാത്രമേ നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കാവൂ എന്നത് അനീതിയായി കണക്കാക്കാത്ത സ്ത്രീകള്‍ ഇല്ല എന്നല്ല ഞാന്‍ പറയുന്നത്. പക്ഷെ സ്ത്രീകളുടെ ആവശ്യങ്ങളും മുന്‍ഗണനകളും മറ്റ് പല ഇടങ്ങളിലുമാണ് നിലനില്‍ക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

അഫ്ഗാനിലെയും ഇറാഖിലെയും ഫലസ്തീനിലെയും സ്ത്രീകളുടെ ആവശ്യങ്ങളെന്തെല്ലാമാണ്? സമാധാനം, യുദ്ധത്തിന്റെ അവസാനം, സൈന്യത്തെ ഒഴിപ്പിക്കല്‍, രാഷ്ട്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ഉറപ്പ് വരുത്തുകയും ചെയ്യുന്ന നിയമനിര്‍മാണങ്ങള്‍, മതിയായ വെള്ളം, ആഹാരം, കുട്ടികളെ വളര്‍ത്താനും വിദ്യ അഭ്യസിപ്പിക്കാനും കഴിയുന്ന അന്തരീക്ഷം തുടങ്ങിയവയാണവ എന്നാണെന്റെ പക്ഷം. എന്താണ് സാമ്പത്തികമായി താഴ്ന്ന സാമൂഹികാന്തരീക്ഷത്തില്‍ ജീവിക്കുന്ന പൊതുവേ കുടിയേറ്റക്കാരായ യൂറോപ്പിലെ മുസ്‌ലിം പെണ്ണുങ്ങള്‍ക്ക് വേണ്ടത്? ഒരു ജോലി, വീട്, ഭരണകൂടത്തിന്റെ പീഡനങ്ങളില്‍ നിന്ന് മാത്രമല്ല, പുരുഷന്മാരുടെ പീഡനത്തില്‍നിന്നു കൂടി തങ്ങളെ സംരക്ഷിക്കുന്ന അവകാശങ്ങള്‍ തുടങ്ങിയവയാണവ. അവര്‍ തങ്ങളുടെ സംസ്‌കാരത്തോടും ബഹുമാനത്തോടും ആദരവ് ആവശ്യപ്പെടുന്നു. എന്തുകൊണ്ടാണ് ഈ ആവശ്യങ്ങള്‍ നിശ്ശബ്ദമാക്കപ്പെടുകയും നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കുന്നതിന്റെ പ്രശ്‌നം ആഗോളപരമാകുകയും ചെയ്യുന്നത്? ലിംഗനീതിയുടെയും തുല്യതയുടെയും കാര്യത്തില്‍ ജൂതമതവും കിസ്ത്യാനിറ്റിയും തിയോളജിക്കലായി തന്നെ വളരെ ദുര്‍ബലമാണ് എന്നിരിക്കെ വിശേഷിച്ചും?
അതുകൊണ്ട് തന്നെ, ഞാന്‍ വിശ്വസിക്കുന്നത്, അമിന വദൂദിന്റെ പ്രവൃത്തി അവരവകാശപ്പെട്ടതിന്റെ നേര്‍വിപരീത ഫലമായിരുന്നു ഉണ്ടാക്കിയത് എന്നാണ്. എന്നുമുതല്‍ ഇസ്‌ലാം തുല്യതയോടെ പരിഗണിക്കപ്പെടുന്നുവോ, എന്ന് മുതല്‍ മുസ്‌ലിം സ്ത്രീകള്‍ തന്നെ സ്വയം നമസ്‌ക്കാരത്തില്‍ നേതൃസ്ഥാനം ആവശ്യപ്പെട്ട് വരുന്നുവോ അന്ന് മുതല്‍ക്കേ ഇസ്‌ലാമിന് ഒരു ഫെമിനിസ്റ്റ് മാനം പ്രയോഗിക്കാന്‍ സാധിക്കയുള്ളൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മുസ്ലിം സ്ത്രീയും പുരുഷനും എങ്ങിനെ ആയിരിക്കണം എന്ന് വിധിക്കാനുള്ള അധികാരം നമുക്കില്ല.

ഡീകൊളോണിയല്‍ ഫെമിനിസത്തിന്റെ ജ്ഞാനപരവും രാഷ്ട്രീയപരവുമായ ഇടങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും എന്റെ സംസാരത്തില്‍ നിന്ന് നിങ്ങള്‍ക്ക് ബോദ്യമായിട്ടുണ്ടാകും എന്ന പ്രതീക്ഷയോടെ ഞാന്‍ നിര്‍ത്തുന്നു.

ഹൂറിയ ബൂത്ത്ലെജ