Campus Alive

മതം, ശാസ്ത്രം, യുക്തിചിന്ത നവനാസ്തികതയുടെ രീതിശാസ്ത്ര പരിമിതികൾ 

കേരളത്തിന്റെ സാമൂഹിക – വൈജ്ഞാനിക മണ്ഡലത്തിൽ സംവാദാത്മകമായ ഇടപെടൽ നടത്തുന്നു എന്നതാണ് നവനാസ്തികതയെ സംബന്ധിച്ച പൊതുവെ ഉള്ള ധാരണ. അവ മുന്നോട്ട് വെക്കുന്ന ആശയങ്ങളോട് യോജിപ്പോ വിയോജിപ്പോ ഉണ്ടായിരിക്കുമ്പോൾ തന്നെ, നവനാസ്തികതയുടെ രീതിശാസ്ത്രപരമായ ഉള്ളടക്കത്തെ കുറിച്ചുള്ള വിശകലനങ്ങൾ നമ്മുടെ മുഖ്യധാരാ സാമൂഹിക മണ്ഡലത്തിൽ പൊതുവെ ഉണ്ടാവാറില്ല. നവനാസ്തികതയെ മുന്നോട്ട് നയിക്കുന്ന യഥാർത്ഥ ചാലകശക്തി എന്തെന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്. ആ നിലക്കുള്ള ചില നിരീക്ഷണങ്ങൾക്കാണ് ഇവിടെ ശ്രമിക്കുന്നത്. 

ശാസ്ത്രീയ യുക്തിബോധത്തിന്റെയും വിമർശനാത്മക ചിന്തയുടെയും ഇടമായി തങ്ങളെ സ്വയം ഉയർത്തി കാണിക്കുമ്പോഴും കേരളത്തിലെ നവനാസ്തികതക്ക് ഗൗരവകരമായ രീതിശാസ്ത്ര പരിമിതികൾ ഉള്ളതായി കാണാൻ കഴിയും. ദൈവനിഷേധമാണ് നാസ്തികതയുടെ അടിസ്ഥാന ആശയമെങ്കിലും, കേരളത്തിൽ നവനാസ്തികവാദത്തിന്റെ പ്രധാന പരിമിതി അതിൽ ഉണ്ടാകുന്ന പോരായ്മകളേക്കാൾ, ഒരു ജ്ഞാനശാസ്ത്ര ചട്ടക്കൂടും വിശകലന രീതിശാസ്ത്രവും രൂപപ്പെടുത്തുന്നതിലെ അതിന്റെ പ്രശ്നമാണ്.

ഇന്ന് കേരളത്തിൽ കാണപ്പെടുന്ന നവനാസ്തികവാദം ക്ലാസിക്കൽ തത്വചിന്ത നിരീശ്വരവാദത്തിൽ നിന്ന് അതിന്റെ ബൗദ്ധിക പാരമ്പര്യത്തിലും പ്രവർത്തന രീതിയിലും വളരെ വ്യത്യസ്തമാണ്. ചോദ്യങ്ങളോടും സംശയങ്ങളോടും കൂടെ മതത്തെയും സമാന ആശയങ്ങളെയും സമീപിക്കുക എന്നതിൽ നിന്ന് വ്യത്യസ്തമായി ഇന്ന് നമ്മൾ കാണുന്ന നവനാസ്തികവാദം ചില അടഞ്ഞ തീർപ്പുകളിലാണ് തങ്ങളുടെ വാദങ്ങൾ മുന്നോട്ട് വെക്കാറുള്ളത്. മതങ്ങളുടെ അഭൗതിക വാദങ്ങൾ, ധാർമികത, ചരിത്രപരമായ പരിണാമങ്ങൾ തുടങ്ങിയവയോട് തുറന്നൊരു സംവാദതലം മുൻകാല നിരീശ്വരവാദ പ്രസ്ഥാനങ്ങൾക്ക് ഉണ്ടായിരുന്നു. എന്നാൽ കേരളത്തിലെ നവനാസ്തിക പ്രസ്ഥാനങ്ങൾ തത്വശാസ്ത്ര പാരമ്പര്യങ്ങളെക്കാൾ പ്രകടനപരതയിലും (performative) പ്രചാരണ തന്ത്രങ്ങളിലും (propaganda) ഊന്നിയാണ് മുന്നോട്ട് പോവുന്നത്. അതുകൊണ്ട് തന്നെ തത്വചിന്ത – അക്കാദമിക് മേഖലകളെക്കാൾ സ്റ്റേജ് ഷോകൾ, ടെലിവിഷൻ സംവാദങ്ങൾ, യൂട്യൂബ് ചാനലുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവയാണ് ഇവരുടെ പ്രാഥമിക ഇടങ്ങൾ. ആശയപരമായ ആഴങ്ങളെക്കാൾ, ആളുകളെ പെട്ടെന്ന് സ്വാധീനിക്കാനും വാക്ചാതുരിയിലൂടെ (Rhetoric) കയ്യിലെടുക്കാനും ലക്ഷ്യമിട്ടുള്ളതാണ് പലപ്പോഴും ഇവരുടെ വാദങ്ങൾ. ആശയപരമായ തുടർച്ചയോ വളർച്ചയോ ഇല്ലാതെ, കേവലം പ്രകടനപരതയിൽ ഊന്നിയുള്ള ചില നിമിഷങ്ങളായി (Events) നവനാസ്തികത ചുരുങ്ങുന്നു.

ഈ മാറ്റം സുപ്രധാനമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. സംശയങ്ങളിലും സ്വയംവിമർശനത്തിലും അധിഷ്ഠിതമായ ഒരു തുറന്ന നിലപാടായി തുടരുന്നതിന് പകരം, നവനാസ്തികത ഇവിടെ ഒരു പ്രത്യയശാസ്ത്ര സങ്കല്പമായി മാറുന്നു. മതത്തെ സങ്കീർണ്ണമായ ഒരു ചരിത്ര-ബൗദ്ധിക പ്രതിഭാസമായി കാണുന്നതിന് പകരം, മുന്നേ പരിഹരിക്കപ്പെട്ട ഒരു പ്രശ്നമായിട്ടാണ് ഇവർ സമീപിക്കുന്നത്. യഥാർത്ഥ യുക്തിവാദ ചിന്തകളുടെ കാതലായിരിക്കേണ്ട ‘സംശയം’ എന്നത് ഇവിടെ വളരെ ഭാഗികമായി മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്. മതവിശ്വാസങ്ങൾക്കും അവയുടെ ഗ്രന്ഥങ്ങൾക്കും ആചാരങ്ങൾക്കും അതിഭൗതിക വാദങ്ങൾക്കുമെതിരെ ഇത് ആയുധമായി ഉപയോഗിക്കുമ്പോഴും, നവനാസ്തികതയുടെ തന്നെ അടിസ്ഥാനപരമായ മുൻധാരണകളെ ചോദ്യം ചെയ്യാൻ ഇവിടെ അവർ തയ്യാറാകുന്നില്ല. ശാസ്ത്രീയ വിശദീകരണങ്ങളുടെ പരിമിതികൾ, ധാർമ്മിക മൂല്യങ്ങളുടെ ഉറവിടം, യുക്തിയുടെ ദാർശനിക പദവി എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ പലപ്പോഴും അനാവശ്യമോ പ്രസക്തമല്ലാത്തതോ ആയി തള്ളിക്കളയുന്നു. ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നതിനെ വിമർശനാത്മകമായ ചിന്തയുടെ ഭാഗമായി കാണുന്നതിന് പകരം, മതത്തിന് വഴങ്ങിക്കൊടുക്കുന്നതിന്റെ ഭാഗമായാണ് ഇവർ ചിത്രീകരിക്കുന്നത്. ഇവിടെ തങ്ങൾ എതിർക്കുന്ന അതേ ഘടനയെ തന്നെ അനുകരിക്കാനുള്ള ശ്രമമാണ് നവനാസ്തികത നടത്തുന്നത്. മതം ഡോഗ്മാറ്റിസം ആണെന്ന് കുറ്റപ്പെടുത്തുമ്പോൾ തന്നെ, നവനാസ്തികതയും മറ്റൊരു കൗണ്ടർ ഡോഗ്മാറ്റിസമാണ് മുന്നോട്ട് വെക്കുന്നത്. 

നവനാസ്തിക വിമർശനങ്ങളുടെ കാതലായൊരു രീതിശാസ്ത്ര പിഴവ്, മതമെന്നത് വിശേഷിച്ച് ഇസ്‌ലാം എന്നത് പ്രാകൃതമായ ആശയമാണ് എന്നതാണ്. മതത്തിന്റെ വാദങ്ങൾ ഇവരെ സംബന്ധിച്ച് ആധുനിക അറിവുകളാൽ തിരുത്തപ്പെടാൻ കാത്തിരിക്കുന്ന പ്രാകൃതമായ ചില ശാസ്ത്രീയ നിഗമനങ്ങളാണ് (Scientific hypotheses). ദൈവിക വെളിപാടുകളെ വെറും ഭ്രമാത്മകമായ കാഴ്ചകളായി (Hallucination) ഇവിടെ ചുരുക്കിക്കാണുന്നു. ശാസ്ത്രീയമായ വിശദീകരണങ്ങൾ വരുന്നതോടെ ഇല്ലാതാകേണ്ട അജ്ഞത മാത്രമാണ് അതിഭൗതികവാദം (Metaphysics) എന്നാണ് ഇവരുടെ വാദം. ഈയൊരു ചട്ടക്കൂടിൽ, വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടോ ശാസ്ത്രീയമായ അറിവില്ലായ്മ കൊണ്ടോ മാത്രം നിലനിൽക്കുന്ന ഒന്നാണ് മതം. ഇത്തരം വിമർശനങ്ങൾ ഒരർത്ഥത്തിൽ മതങ്ങളുടെ അക്ഷര വായനയെ ഖണ്ഡിക്കുന്നുണ്ടെങ്കിലും അതിനപ്പുറത്തേക്ക് പ്രവേശിക്കുന്നതിൽ പരാജയപെടുന്നു. മതങ്ങൾ നിലനിൽക്കുന്നത് പ്രധാനമായും പ്രകൃതി പ്രതിഭാസങ്ങളെ വിശദീകരിക്കാൻ വേണ്ടിയാണെന്ന തെറ്റായ മനസിലാക്കൽ ഇവിടെ പ്രകടമാണ്. ഈ അനുമാനം ചരിത്രപരമായും ദാർശനികമായും ദുർബലമാണ്. ആധുനിക പൂർവ്വ സമൂഹങ്ങളിൽ പോലും, മതപരമായ പാരമ്പര്യങ്ങൾ എന്നത് പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വിവരിക്കാൻ ശ്രമിച്ച പ്രകൃതിപരമായ ശാസ്ത്രീയ വ്യവസ്ഥകൾ മാത്രമായിരുന്നില്ല. മറിച്ച്, അന്നും ഇന്നും ജീവിതത്തിന്റെ അർത്ഥം, ധാർമ്മിക ക്രമം, ദുരിതങ്ങൾ, അതീന്ദ്രിയാനുഭവങ്ങൾ, മനുഷ്യജീവിതത്തിന്റെ ലക്ഷ്യം എന്നിവയെല്ലാം ചിട്ടപ്പെടുത്തുന്ന സങ്കീർണ്ണമായ ചട്ടക്കൂടുകളാണവ.

അതുകൊണ്ടുതന്നെ, മതത്തെ കേവലം “പിഴച്ചുപോയ ശാസ്ത്രമായി” മാത്രം കാണുന്നത് അടിസ്ഥാനപരമായ ഒരു വർഗ്ഗീകരണ പിശകാണ്. ശാസ്ത്രവും മതവും ഒരേ ജ്ഞാനശാസ്ത്ര തലത്തിലല്ല പ്രവർത്തിക്കുന്നത്. അവ തമ്മിൽ പരസ്പരബന്ധമോ സംഘർഷമോ ഉണ്ടാകുമ്പോൾ പോലും ഇത് ബാധകമാണ്. ശാസ്ത്രം പ്രധാനമായും ഊന്നൽ നൽകുന്നത് അനുഭവസിദ്ധമായ ക്രമങ്ങൾ (empirical regularities), കാരണങ്ങൾ, പ്രകൃതിലോകത്തെക്കുറിച്ചുള്ള പ്രവചനാത്മക മാതൃകകൾ എന്നിവയിലാണ്. എന്നാൽ മതം ധാർമികം, പ്രതീകാത്മകം, അതിഭൗതികം, അസ്തിത്വപരം എന്നിങ്ങനെയുള്ള വിവിധ തലങ്ങളിലായാണ് പ്രവർത്തിക്കുന്നത്. ലോകം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിലല്ല മതത്തിന്റെ അടിസ്ഥാന ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നത്. മറിച്ച്, ലോകാനുഭവം അർത്ഥപൂർണ്ണമാകുന്നത് എന്തുകൊണ്ട്, മനുഷ്യർ എങ്ങനെ ജീവിക്കണം, ദുരിതങ്ങളെയും മരണത്തെയും മനുഷ്യന്റെ പരിമിതികളെയും എങ്ങനെ മനസ്സിലാക്കണം തുടങ്ങിയ കാര്യങ്ങളിലാണ് അത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നവനാസ്തിക വിമർശനങ്ങൾ ഈ വേർതിരിവിനെ അവഗണിക്കുമ്പോൾ, യഥാർത്ഥത്തിലുള്ള മതത്തെയല്ല, മറിച്ച് അവരുണ്ടാക്കിയ ഒരു പരിഹാസ്യ രൂപത്തെയാണ് അവർ എതിർത്തു തോൽപ്പിക്കാൻ ശ്രമിക്കുന്നത്. അനുഭവസിദ്ധമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അതിഭൗതികമോ പ്രതീകാത്മകമോ ആയ അവകാശവാദങ്ങളെ തള്ളിക്കളയുന്നത് അവയുടെ യഥാർത്ഥ ലക്ഷ്യത്തെ തെറ്റായി മനസ്സിലാക്കുന്നതു കൊണ്ടാണ്. അതിഭൗതികമായ ഭാഷ ഭൗതികശാസ്ത്രത്തോട് (physics) സംവദിക്കുന്ന ഒന്നല്ല. മറിച്ച്, അർത്ഥം കണ്ടെത്താനുള്ള തികച്ചും വ്യത്യസ്തമായ രണ്ട് തർക്കശാസ്ത്ര രീതികളിലാണ് (logics of meaning-making) അവ നിലകൊള്ളുന്നത്. ആ നിലക്ക് ശാസ്ത്രീയമായ അളവുകോലുകൾ കൊണ്ട് മാത്രം അവയെ വിലയിരുത്തുന്നത് രീതിശാസ്ത്രപരമായ പരിമിതിയുടെ പ്രശ്നമാണ്. ഈ ലഘൂകരണ സമീപനം ഗൗരവകരമായ പല ബൗദ്ധിക അന്വേഷണ മേഖലകളെയും മറികടക്കാൻ നവനാസ്തികതയെ സഹായിക്കുന്നുണ്ട്. 

കേവലം അനുഭവസിദ്ധമായ വിവരങ്ങൾ കൊണ്ട് മാത്രം തീർപ്പുകൽപ്പിക്കാൻ കഴിയാത്ത അസ്തിത്വം, കാര്യകാരണബന്ധം, അതിഭൗതികത എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളെ മതദർശനം കൂടുതൽ ആഴത്തിൽ വിശകലനം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. മതഗ്രന്ഥങ്ങൾ അവയുടെ അക്ഷരാർത്ഥത്തിലുള്ള വിവരണങ്ങൾക്കപ്പുറം വ്യാഖ്യാനങ്ങളിലൂടെ എങ്ങനെ അർത്ഥം ഉത്പാദിപ്പിക്കുന്നു എന്നാണ് വ്യാഖ്യാനശാസ്ത്രം (Hermeneutics) പരിശോധിക്കുന്നത്. വിശ്വാസപ്രമാണങ്ങൾ ചരിത്രത്താലും അധികാരത്താലും സാമൂഹിക ഘടനകളാലും എങ്ങനെ രൂപപ്പെടുന്നു എന്നതിനെ സാമൂഹിക ശാസ്ത്ര ഉപകരണങ്ങൾ മുൻനിർത്തി അന്വേഷിക്കലാണ് മതങ്ങളുടെ സാമൂഹിക ശാസ്ത്രം ചെയ്യുന്നത്. ഈ വൈജ്ഞാനിക ശാഖകളെ അവഗണിക്കുന്നതിലൂടെ, നവനാസ്തിക വിമർശനം അതിന്റെ വിശകലന പരിധിയെ പരിമിതപ്പെടുത്തുകയും ലളിതവൽക്കരണത്തെ വ്യക്തതയായി തെറ്റിദ്ധരിക്കുകയുമാണ് ഫലത്തിൽ ചെയ്യുന്നത്. ഈ രീതി യഥാർത്ഥ സംവാദങ്ങൾക്കുള്ള സാധ്യതകളെ തടയുന്നു. മതം എന്നത് വെറും തെറ്റോ വഞ്ചനയോ മാത്രമാണെന്ന് മുൻകൂട്ടി തീരുമാനിക്കപ്പെട്ടാൽ, അതിനെ ശ്രദ്ധിക്കാനോ വ്യാഖ്യാനിക്കാനോ മനസ്സിലാക്കാനോ ഉള്ള ആവശ്യം ഇല്ലാതാകുന്നു. ഇവിടെ വിമർശനം എന്നത് ആഴത്തിലുള്ള ഇടപെടലിനേക്കാൾ, കുറ്റങ്ങൾ തുറന്നുകാട്ടാനുള്ള ഒരു പ്രവൃത്തി മാത്രമായി മാറുന്നു. മതം എന്ത് ചെയ്യുന്നു, അല്ലെങ്കിൽ അതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് ചോദിക്കുന്നതിന് പകരം, അത് തെറ്റാണെന്ന് എങ്ങനെ തെളിയിക്കും എന്നത് മാത്രമായി ദൗത്യം ചുരുങ്ങുന്നു. 

ആത്യന്തികമായി, മതത്തെ കേവലം തെറ്റായ ശാസ്ത്രീയ വാദങ്ങളായി ചുരുക്കിക്കാണുന്നത് സംവാദങ്ങളിലും സാമൂഹിക മാധ്യമ ചർച്ചകളിലും ‘വിജയങ്ങൾ’ നൽകിയേക്കാമെങ്കിലും, അത് ശരിയായ അറിവ് പ്രദാനം ചെയ്യുന്നില്ല. മതപരമായ പാരമ്പര്യങ്ങളുടെ നിലനിൽപ്പിനെക്കുറിച്ചോ, അവക്ക് ധാർമ്മിക ജീവിതം, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, കൂട്ടായ സ്വത്വങ്ങൾ (collective identities) എന്നിവയെ രൂപപ്പെടുത്താനുള്ള കഴിവിനെക്കുറിച്ചോ വിശദീകരിക്കാൻ ഈ സമീപനത്തിന് സാധിക്കുന്നില്ല. ശാസ്ത്രത്തെ എത്ര ആത്മവിശ്വാസത്തോടെ കൂട്ടുപിടിച്ചാലും, മതത്തിന്റെ ഇത്തരം മാനങ്ങളെ കണക്കിലെടുക്കാത്ത ഒരു വിമർശനം രീതിശാസ്ത്രപരമായി അപൂർണ്ണമാണ്.

യുക്തിവാദത്തിനകത്തെ ശാസ്ത്രവാദം 

കേരളത്തിലെ നവനാസ്തിക സംവാദങ്ങളിൽ കണ്ടുവരുന്ന ഏറ്റവും വലിയ ആശയപരമായ പിഴവുകളിലൊന്ന് യുക്തിചിന്തയെയും (rationality) ശാസ്ത്രത്തെയും ഒന്നായി കാണുന്നു എന്നതാണ്. അനുഭവവേദ്യമായതോ ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുന്നതോ ആയ കാര്യങ്ങൾ മാത്രമാണ് യുക്തി എന്ന നിലക്കാണ് ഇവിടെ റാഷണലിസം നിർവചിക്കപ്പെടുന്നത്. റെനേ ദെക്കാർത്ത്, സ്പിനോസ തുടങ്ങിയ പല യുക്തിവാദികളും ദൈവത്തിന്റെ നിലനിൽപ്പ് തെളിയിക്കാനാണ് തങ്ങളുടെ ദാർശനിക പദ്ധതികൾ ഉപയോഗിച്ചത്. അഥവാ, നിരീശ്വരവാദത്തെ ശക്തമായി എതിർത്തുകൊണ്ട് തന്നെ ഒരാൾക്ക് തികഞ്ഞ ഒരു ‘യുക്തിവാദി’ ആയിരിക്കാൻ സാധിക്കും. ഇങ്ങനെ തത്വശാസ്ത്രത്തിനകത്തും ഇതര വിജ്ഞാന ശാഖകൾക്കകത്തും വിശാലമായ അർത്ഥതലങ്ങളുള്ള റാഷണലിസം പോലുള്ള ആശയങ്ങളെ കേവല ശാസ്ത്രവാദത്തിലേക്ക് ചുരുക്കുകയാണ് നവനാസ്തികത ചെയ്യുന്നത്. 

ശാസ്ത്ര ചിന്തയെ തെറ്റായ ഒന്നായല്ല മതങ്ങൾ സമീപിക്കുന്നത്. മറിച്ച് സയന്റിസത്തിന്റെ ദാർശനികമായ പ്രശ്നം, ശാസ്ത്രത്തിന്റെ വ്യവഹാര മണ്ഡലത്തെ അതിന്റെ ശരിയായ പരിധിക്കപ്പുറത്തേക്കും വ്യാപിപ്പിക്കുന്നു എന്നതാണ്. ഭൗതിക ലോകത്തെക്കുറിച്ച് പഠിക്കാൻ അസാമാന്യ ശേഷിയുള്ള ഒരു രീതിശാസ്ത്രമാണ് ശാസ്ത്രം. ഭൗതിക പ്രക്രിയകൾ വിശദീകരിക്കുന്നതിലും, കാരണ-ഫല ബന്ധങ്ങൾ (causal relations) കണ്ടെത്തുന്നതിലും, പ്രവചനക്ഷമമായ മാതൃകകൾ രൂപപ്പെടുത്തുന്നതിലും ശാസ്ത്രം അനിവാര്യമായ രീതിശാസ്ത്രമാണ്. എന്നാൽ മനുഷ്യന്റെ ചിന്താശേഷിയുടെയും യുക്തിയുടെയും മുഴുവൻ മേഖലകളെയും ഉൾക്കൊള്ളാൻ ശാസ്ത്രത്തിന് കഴിയില്ല. അത് ശാസ്ത്രത്തിന്റെ ദൗത്യവുമല്ല. ഇവിടെയാണ് കേരളത്തിലെ നവനാസ്തികർക്ക് വീഴ്ച സംഭവിക്കുന്നത്. 

യുക്തിചിന്ത ( rationality) എന്നത് തന്നെ ശാസ്ത്രീയ രീതികളേക്കാൾ എത്രയോ വിപുലമായ ഒന്നാണ്. തർക്കശാസ്ത്രം (Logic), നൈതികമായ വിശകലനങ്ങൾ, രാഷ്ട്രീയമായ വിവേചനാധികാരം, സൗന്ദര്യശാസ്ത്രപരമായ വിലയിരുത്തലുകൾ, അതിഭൗതിക ചിന്ത എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇവ നിലനിൽക്കുന്നത് പരീക്ഷണശാലകളിലെ തെളിവുകളിലല്ല, മറിച്ച് ആശയപരമായ പൊരുത്തം (Coherence), സ്ഥിരത, സാധൂകരണം, യുക്തിഭദ്രമായ വാദങ്ങൾ എന്നിവയിലാണ്. അർത്ഥവത്തായ എല്ലാ അവകാശവാദങ്ങളും ശാസ്ത്രീയമായി തെളിയിക്കപ്പെടണം എന്ന് നിർബന്ധം പിടിക്കുന്നത് ശാസ്ത്രത്തെയും യുക്തിയെയും ഒരുപോലെ തെറ്റായി മനസ്സിലാക്കുന്നതിന് തുല്യമാണ്. നവനാസ്തിക സംവാദങ്ങൾ പലപ്പോഴും ഇത്‌ വേർതിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നു. ധാർമ്മിക മൂല്യങ്ങൾക്ക് അനുഭവസിദ്ധമായ തെളിവുകൾക്ക് പുറത്തുള്ള മറ്റേതെങ്കിലും അടിസ്ഥാനമുണ്ടെന്ന് അംഗീകരിക്കാൻ ഇവർ വിസമ്മതിക്കുന്നു.

ഇവിടെ ഘടനാപരമായ ഒരു വൈരുദ്ധ്യമാണ് രൂപപ്പെടുന്നത്. നീതി, അന്തസ്സ്, സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ തുടങ്ങിയവ പരീക്ഷണങ്ങളിലൂടെ കണ്ടെത്താവുന്ന ശാസ്ത്രീയ സത്യങ്ങളല്ല. മറിച്ച്, അവ ധാർമ്മികമായ യുക്തിചിന്തയിൽ നിന്നും, ചരിത്രപരമായ പോരാട്ടങ്ങളിൽ നിന്നും, ദാർശനികമായ വിചിന്തനങ്ങളിൽ നിന്നും രൂപപ്പെട്ടു വരുന്ന മൂല്യാധിഷ്ഠിത ഉത്തരവാദിത്വമാണ്. ഇവയുടെ ജ്ഞാനശാസ്ത്രപരമായ സാധുതയെ നിഷേധിച്ചുകൊണ്ട് അവയെ ഉയർത്തിപ്പിടിക്കുന്നത് യുക്തിരഹിതമാണ്. മാത്രമല്ല സയന്റിസത്തിന്റെ തന്നെ വാദങ്ങൾ കൊണ്ട് പരിശോധിച്ചാൽ ‘ശാസ്ത്രീയമായി തെളിയിക്കാവുന്ന പ്രസ്താവനകൾ മാത്രമാണ് യുക്തിസഹം’ എന്ന വാദം തന്നെ ശാസ്ത്രീയമായി തെളിയിക്കാവുന്ന ഒരു പ്രസ്താവനയല്ല. അത് അറിവിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ദാർശനികമായ അവകാശവാദം മാത്രമാണ്. സ്വാഭാവികമായും ഈ വാദം അതിന്റെ തന്നെ മാനദണ്ഡങ്ങളിൽ പരാജയപ്പെടുന്നു. 

നവനാസ്തിക വാദങ്ങളിൽ ഈ യുക്തിപരമായ വൈരുദ്ധ്യം അഭിസംബോധന ചെയ്യപ്പെടാറില്ല. അത് മനസ്സിലാക്കാൻ പ്രയാസമായതുകൊണ്ടല്ല, മറിച്ച് അത് അംഗീകരിക്കേണ്ടി വന്നാൽ, ശാസ്ത്രം എല്ലാറ്റിനും മുകളിലല്ലെന്നും അത് അതിനേക്കാൾ വലിയൊരു തത്വശാസ്ത്ര ചട്ടക്കൂടിനുള്ളിലാണ് നിലകൊള്ളുന്നതെന്നും സമ്മതിക്കേണ്ടി വരും. 

അതേസമയം ശാസ്ത്രത്തെ സർവ്വവ്യാപിയായ ഒരു ലോകവീക്ഷണമായി ഉയർത്തിക്കാട്ടുന്നത് രാഷ്ട്രീയമായ പ്രത്യാഘാതങ്ങൾക്കും ഇടയാക്കുന്നുണ്ട്. യുക്തിചിന്തയെ ശാസ്ത്രീയമായ അധികാരവുമായി മാത്രം ബന്ധിപ്പിക്കുമ്പോൾ, ധാർമ്മികതയിലോ സംസ്കാരത്തിലോ ജീവിതാനുഭവങ്ങളിലോ വേരൂന്നിയ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ വളരെ എളുപ്പത്തിൽ ‘യുക്തിരഹിതം’ എന്ന് മുദ്രകുത്തി തള്ളിക്കളയാൻ ഇടവരുന്നു. ഇവിടെ യുക്തിചിന്ത എന്നത് സത്യം അന്വേഷിക്കാനുള്ള ഒരു മാർഗ്ഗമല്ലാതായി തീരുകയും, സംവാദങ്ങൾക്കും ചർച്ചകൾക്കും പകരമായി മറ്റുള്ളവരെ നിശബ്ദരാക്കാൻ ഉപയോഗിക്കുന്ന ഒരു അധികാരഭാഷയായി മാറുകയും ചെയ്യുന്നു. സ്വാഭാവികമായും ഡോഗ്മാറ്റിസമായി അവ പരിണമിക്കുന്നു. 

മതത്തെയോ മറ്റേതെങ്കിലും ലോകവീക്ഷണത്തെയോ കുറിച്ചുള്ള യുക്തിസഹമായ വിമർശനം സയന്റിസത്തിന്റെ ഇന്ന് ഉന്നയിക്കപെടും വിധമുള്ള പ്രലോഭനങ്ങളെ മറികടക്കേണ്ടതുണ്ട്. യുക്തി എന്നത് ഒരൊറ്റ രീതിയിലല്ല, മറിച്ച് വ്യത്യസ്തമായ തലങ്ങളിൽ, അതിന്റേതായ സാധുതകളോടെയാണ് പ്രവർത്തിക്കുന്നതെന്ന് തിരിച്ചറിയണം. ഈ തിരിച്ചറിവില്ലെങ്കിൽ, യുക്തിയെക്കുറിച്ചുള്ള ആലോചനകൾ പ്രധാന വാദമുഖങ്ങളാകുന്നതിന് പകരം കേവലം വാചാടോപങ്ങൾ (Rhetorical) മാത്രമായി പരിമിതപ്പെടാൻ സാധ്യതയുണ്ട്.

ജ്ഞാനശാസ്ത്രപരമായ ശൂന്യത

ഇങ്ങനെയൊക്കെ ആണെങ്കിലും കേരളത്തിലെ നവനാസ്തികത നേരിടുന്ന സുപ്രധാന പരിമിതി വ്യക്തമായി നിർവചിക്കപ്പെട്ട ഒരു ജ്ഞാനശാസ്ത്ര ചട്ടക്കൂടിന്റെ (Epistemological framework) അഭാവമാണ്. എന്തിനെയാണ് അറിവായി കണക്കാക്കേണ്ടത്, ഏത് അടിസ്ഥാനത്തിലാണ് അങ്ങനെ കണക്കാക്കുന്നത് തുടങ്ങിയ എല്ലാ വാദങ്ങൾക്കും ഉപരിയായി ഉണ്ടാവേണ്ട അടിസ്ഥാനപരമായ ഈ ചോദ്യത്തെ അഭിമുഖീകരിക്കാൻ ഇവർ പലപ്പോഴും തയ്യാറാകാറില്ല. നവനാസ്തികത പ്രവർത്തിക്കുന്നത് വ്യക്തമായി വിശദീകരിക്കപ്പെട്ട ഒരു ജ്ഞാനശാസ്ത്രത്തേക്കാൾ അവ്യക്തമായ ചില മുൻധാരണകളിലാണ്. നിലപാടുകളെ ദാർശനികമായി സമീപിക്കുന്നതിന് പകരം ‘കോമൺ സെൻസ്’ പോലുള്ള മുൻധാരണകളാണ് വിഷയങ്ങളെ സമീപിക്കാൻ പോലപ്പോഴുമുള്ള ആധാരം. എന്നാൽ ഇത്തരം കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുക എന്നതാണ് ജ്ഞാനശാസ്ത്രത്തിന്റെ ധർമ്മം. നമ്മൾ അവകാശപ്പെടുന്ന കാര്യങ്ങൾ എങ്ങനെയാണ് നമ്മൾ അറിയുന്നത്, നമ്മുടെ വിശ്വാസങ്ങളെ എന്തിന്റെ അടിസ്ഥാനത്തിലാണ് സാധൂകരിക്കുന്നത്, മനുഷ്യന്റെ അറിവിന്റെ പരിധികൾ എന്തൊക്കെയാണ് എന്നിവയെ സ്പർശിക്കാൻ ഇവിടെ തയ്യാറാവുന്നില്ല. മതം അസത്യമാണ്, യുക്തിരഹിതമാണ്, അശാസ്ത്രീയമാണ് എന്നൊക്കെയുള്ള അവകാശവാദങ്ങൾ ഉന്നയിക്കുമ്പോൾ, സത്യത്തെയും യുക്തിയെയും അളക്കാൻ തങ്ങൾ ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ എന്താണെന്ന് വ്യക്തമാക്കപ്പെടുന്നില്ല. അനുഭവസിദ്ധമായി തെളിയിക്കാവുന്ന കാര്യങ്ങൾക്ക് പുറമെ തർക്കശാസ്ത്രപരമായ സത്യങ്ങൾ, ഗണിതപരമായ അമൂർത്തതകൾ (Mathematical abstractions), നൈതികമായ വിധിതീർപ്പുകൾ, സൗന്ദര്യശാസ്ത്രപരമായ വിലയിരുത്തലുകൾ തുടങ്ങിയവ അറിവിന്റെ പുറത്താണോ എന്നൊരു ചോദ്യം ഇവിടെ പ്രസക്തമാണ്. ഈ ചോദ്യങ്ങൾ വെറും ഉപരിപ്ലവമായവയല്ല മറിച്ച് ഏറ്റവും അടിസ്ഥാനപരമാണ്.

ഈ ജ്ഞാനശാസ്ത്രപരമായ ഉപരിപ്ലവത ഇവരുടെ വിമർശനത്തിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. കൃത്യമായൊരു അറിവിന്റെ സിദ്ധാന്തം ഇല്ലാത്തതിനാൽ, അഭിപ്രായവ്യത്യാസങ്ങളെ വ്യത്യസ്തമായ ജ്ഞാനശാസ്ത്ര കാഴ്ചപ്പാടുകൾ തമ്മിലുള്ള സംവാദമായി ഇവർ കാണുന്നില്ല. പകരം, അതിനെ യുക്തിയും അജ്ഞതയും തമ്മിലുള്ള ലളിതമായ ഏറ്റുമുട്ടലായാണ് ഇവർ ചിത്രീകരിക്കുന്നത്. ഇവരുടെ നിലപാടുകളെ അംഗീകരിക്കാത്തവരെ മറ്റൊരു തരം യുക്തി മുന്നോട്ടുവെക്കുന്നവരായി കാണുന്നില്ല. മറിച്ച് ഇരയായവരോ ബൗദ്ധികമായ പരാജയം സംഭവിച്ചവരോ ആയി മുദ്രകുത്തപ്പെടുന്നു. വിമർശനം എന്നത് ഒരു സംവാദം അല്ലാതായി മാറുകയും അതൊരു ‘രോഗനിർണ്ണയം’ മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു. മറ്റുള്ളവർ എന്തുകൊണ്ട് വ്യത്യസ്തമായി ചിന്തിക്കുന്നു എന്ന് മനസ്സിലാക്കുന്നതിന് പകരം, അവരുടെ വിശ്വാസങ്ങളെ വെറും മാനസിക വൈകല്യങ്ങളായി വ്യാഖ്യാനിച്ച് തള്ളിക്കളയുക എന്നതാണ് ഇവിടെ പ്രധാന ദൗത്യമായി മാറുന്നത്.

ഇത്തരമൊരു നിലപാട് ഗൗരവകരമായ ബൗദ്ധിക സംവാദങ്ങൾക്കുള്ള എല്ലാ സാധ്യതകളെയും അടച്ചുകളയുന്നു. മതപരമായ പാരമ്പര്യങ്ങളെ അവയുടേതായ ആന്തരിക യുക്തികളും, വ്യാഖ്യാന രീതികളും, ചരിത്രപരമായ സംവാദങ്ങളുമുള്ള വിജ്ഞാന വ്യവസ്ഥയായി കാണുന്നതിന് പകരം പിശകുകൾ മാത്രം നിറഞ്ഞ അടച്ചുപൂട്ടപ്പെട്ട പെട്ടികളായിട്ടാണ് അവ പരിഗണിക്കപ്പെടുന്നത്. വിഭിന്നമായ ജ്ഞാനശാസ്ത്ര അവകാശവാദങ്ങളുമായി സംവദിക്കാനുള്ള ഈ വിമുഖത തങ്ങളുടെ ഔന്നത്യത്തേക്കാൾ ജ്ഞാനശാസ്ത്രപരമായ അരക്ഷിതാവസ്ഥയുടെ (Epistemological insecurity) ലക്ഷണമാണ്. ശാസ്ത്രീയ അറിവുകളെ മറ്റെല്ലാറ്റിനേക്കാളും മുകളിലുള്ളവയായി കാണുമ്പോൾ, നൈതികവും ചരിത്രപരവും അനുഭവപരവുമായ അറിവുകൾ പാർശ്വവൽക്കരിക്കുകയോ അവയ്ക്ക് താഴെ പ്രതിഷ്ഠിക്കുകയോ ചെയ്യപ്പെടുന്നു. എന്നാൽ നവ നാസ്തികത തന്നെയും അനുഭവസിദ്ധമല്ലാത്ത യുക്തിചിന്താ രീതികളെയാണ് പലപ്പോഴും ആശ്രയിക്കുന്നത്. ചരിത്രപരമായ അനീതികൾ, മാനുഷികമായ അന്തസ്സ്, ധാർമ്മിക പ്രശ്നങ്ങൾ, രാഷ്ട്രീയ വിമോചനം എന്നിവയെക്കുറിച്ചുള്ള ഇവരുടെ വാദങ്ങൾ ഇതിന് ഉദാഹരണമാണ്. അനുഭവസിദ്ധമായ നിരീക്ഷണങ്ങളിൽ നിന്ന് മാത്രം രൂപപ്പെടുത്താൻ കഴിയാത്ത ചില വിധിനിർണ്ണയ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം വാദങ്ങൾ ഉന്നയിക്കപ്പെടുന്നത്. ഇത് അംഗീകരിക്കാതിരിക്കുന്നതിലൂടെ, നവനാസ്തികത അതിന്റെ ഉറവിടത്തെ നിഷേധിച്ചുകൊണ്ട്, കടമെടുത്ത ജ്ഞാനശാസ്ത്ര മൂലധനത്തിന് (Borrowed epistemic capital) മേലാണ് നിലകൊള്ളുന്നത് എന്ന് വരുന്നു.

ഈ ജ്ഞാനശാസ്ത്രപരമായ ശൂന്യത യുക്തിചിന്തയെ ഒരു പ്രവൃത്തിയെന്നതിലുപരി ഒരു സ്വത്വമായി പരിവർത്തിപ്പിക്കുന്നു. ഇവിടെ യുക്തിവാദി ആയിരിക്കുക എന്നത് ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടയാളാണെന്ന് കാണിക്കാനുള്ള അടയാളമായി മാറുന്നു. ഇതിലൂടെ യുക്തിചിന്ത (Rationalism) അതിന്റെ യഥാർത്ഥ ധർമ്മമായ അന്വേഷണ രീതിയിൽ നിന്ന്, ഒരു ധാർമ്മിക വാദമായി മാറുന്നു. ഇങ്ങനെ സംഭവിക്കുന്നതോടെ, യഥാർത്ഥമായ ചോദ്യങ്ങൾ ഉന്നയിക്കാനുള്ള ഇടം ചുരുങ്ങുന്നു. നവ നാസ്തികതയുടെ അടിസ്ഥാന പ്രമാണങ്ങളെ ചോദ്യം ചെയ്യുക എന്നത് തന്നെ യുക്തിരഹിതമെന്നോ, പിന്തിരിപ്പനെന്നോ അല്ലെങ്കിൽ രഹസ്യമായി മതവിശ്വാസം വെച്ചുപുലർത്തുന്നവനെന്നോ മുദ്രകുത്തപ്പെടാനുള്ള കാരണമായി മാറുന്നു.

ഇതിലൂടെ, നവ നാസ്തികത തങ്ങൾ എതിർക്കുന്നു എന്ന് അവകാശപ്പെടുന്ന അതേ ഘടനയെത്തന്നെ വീണ്ടും നിർമ്മിക്കുകയാണ് ചെയ്യുന്നത്. ചോദ്യം ചെയ്യപ്പെടാത്ത അധികാരത്തിൽ മതം വിശ്വാസത്തെ പ്രതിഷ്ഠിക്കുന്നു എന്ന് അവർ ആരോപിക്കുമ്പോൾ, നവനാസ്തികത അറിവിനെക്കുറിച്ചുള്ള പരിശോധിക്കപ്പെടാത്ത മുൻധാരണകളിൽ സ്വന്തം ഉറപ്പുകളെ പ്രതിഷ്ഠിക്കുന്നു. അന്വേഷണങ്ങളെ മതം തടയുന്നു എന്ന് വിമർശിക്കുമ്പോൾ തന്നെ, യുക്തിവാദത്തെ ഒരു തുടർച്ചയായ പ്രക്രിയയായി കാണുന്നതിന് പകരം ഒരു അന്തിമ ഉത്തരമായി അവതരിപ്പിക്കുന്നു. അതിനാൽ, ജ്ഞാനശാസ്ത്രപരമായ ഈ പ്രശ്നം കേവലം സിദ്ധാന്തപരമല്ല. അത് ആ പ്രസ്ഥാനത്തിന്റെ ധാർമ്മികവും രാഷ്ട്രീയവുമായ മുഴുവൻ നിലപാടുകളെയും രൂപപ്പെടുത്തുന്ന ഒന്നായി അടയാളപ്പെടുത്തപ്പെടുന്നു.

തിരഞ്ഞെടുത്ത വിമർശനവും ഇസ്‌ലാമിന്റെ ചോദ്യങ്ങളും 

ഇസ്‌ലാമിനെക്കുറിച്ചുള്ള നവനാസ്തിക വിമർശനങ്ങൾ പലപ്പോഴും മറ്റൊരു ഘടനാപരമായ ദൗർബല്യം കൂടി വെളിപ്പെടുത്താറുണ്ട്. തങ്ങൾക്ക് വേണ്ടത് മാത്രം എടുക്കുക എന്ന സമീപനം ഇസ്‌ലാം വിമർശനങ്ങളിൽ പൊതുവെ കാണാവുന്ന ഒരു പ്രവണതയാണ്. ഇസ്‌ലാം എന്നത് മോണോലിത്തിക്കും, മാറ്റമില്ലാത്തതും, യുക്തിയെ പൂർണ്ണമായും എതിർക്കുന്നതുമായ ഒന്നായിട്ടാണ് പലപ്പോഴും ചിത്രീകരിക്കപ്പെടുന്നത്. ആ പാരമ്പര്യത്തിനുള്ളിലെ വൈവിധ്യമാർന്ന വ്യാഖ്യാനങ്ങളോ, ദൈവശാസ്ത്രപരമായ സംവാദങ്ങളോ, ജ്ഞാനശാസ്ത്ര ചട്ടക്കൂടുകളോ പരിഗണിക്കാൻ ഇവർ തയ്യാറാകാറില്ല. ഇത് ബോധപൂർവ്വമായ മുൻവിധിയുടെ ഫലം മാത്രമാകണമെന്നില്ല. എങ്കിലും, ഈ വിമർശനങ്ങളുടെ രീതിക്ക് ഓറിയന്റലിസ്റ്റ് സങ്കൽപ്പങ്ങളോട് വലിയ സാമ്യമുണ്ട്. സങ്കീർണ്ണമായ ഒരു പാരമ്പര്യത്തെ കേവലം അക്ഷരവായനയിലേക്കും, കർക്കശമായ വിശ്വാസപ്രമാണങ്ങളിലേക്കും (Dogma) ഇവിടെ ചുരുക്കിക്കെട്ടുന്നു. ഒരു ദർശനത്തെ അതിന്റെ ബൗദ്ധികമായ തനിമയിൽ ഉൾക്കൊള്ളാൻ വിസമ്മതിക്കുന്ന വിമർശനത്തിന്, പല നിലക്ക് പരിമിതികൾ ഉണ്ട്.

ആത്മവിമർശന ചിന്തയുടെ അഭാവം 

കേരളത്തിലെ നവനാസ്തികത പലപ്പോഴും സ്വയം അവതരിപ്പിക്കുന്നത് രാഷ്ട്രീയമായി നിഷ്പക്ഷമായ ഒരു പ്രസ്ഥാനം എന്ന നിലയ്ക്കാണ്. തങ്ങളുടെ ഇടപെടലുകൾ പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയമോ ആയ പ്രവൃത്തികളല്ലെന്നും, വിശ്വാസങ്ങളെക്കുറിച്ചുള്ള കേവലമായ യുക്തിസഹമായ വിമർശനങ്ങൾ മാത്രമാണെന്നും അവർ അവകാശപ്പെടുന്നു. തങ്ങൾ നിഷ്പക്ഷരാണെന്ന വാദം കേരളത്തിലെ നവനാസ്തികരുടെ പ്രധാന മുഖംമൂടിയാണ്. മതമാണ് സാമൂഹികമായ പിന്നോക്കാവസ്ഥയുടെയും യുക്തിരാഹിത്യത്തിന്റെയും പ്രധാന ഉറവിടമെന്നും, മതം ഇല്ലാതാകുന്നതോടെ പുരോഗമന രാഷ്ട്രീയം താനേ ഉണ്ടായിക്കൊള്ളുമെന്നും ഇവർ കരുതുന്നു. എന്നാൽ, ഈ നിലപാട് ഗൗരവമുള്ള പ്രശ്നത്തെ മറച്ചുവെക്കുന്നുണ്ട്. അധികാരം, ചരിത്രം, രാഷ്ട്രീയ സാഹചര്യം എന്നിവയെക്കുറിച്ച് ഈ പ്രസ്ഥാനം പുലർത്തുന്ന ആത്മവിമർശനപരമായ ചിന്തയുടെ അഭാവമാണത്. 

രാഷ്ട്രീയത്തെക്കുറിച്ചുള്ള വളരെ ഇടുങ്ങിയ ഒരു ധാരണയിലാണ് നവ നാസ്തിക വിമർശനങ്ങൾ പ്രവർത്തിക്കുന്നത്. ഭൗതിക സാഹചര്യങ്ങൾ, ഭരണകൂട സംവിധാനങ്ങൾ, ജാതി ശ്രേണികൾ, സാമ്പത്തിക ക്രമീകരണങ്ങൾ എന്നിവയിൽ നിന്നെല്ലാം അടർത്തിമാറ്റപ്പെട്ട, സാമൂഹിക തിന്മകളുടെ സ്വതന്ത്രമായ ഒരു കാരണമായിട്ടാണ് ഇവർ മതത്തെ കാണുന്നത്. മതത്തെ അധികാര വ്യവസ്ഥകളിൽ നിന്ന് ഇത്തരത്തിൽ മാറ്റിനിർത്തുന്നത് വഴി, ആധിപത്യത്തിന്റെ വിശാലമായ ഘടനകളെ തൊടാതെ തന്നെ വിശ്വാസപ്രമാണങ്ങളിൽ മാത്രം നിരന്തരമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ നവനാസ്തികതയ്ക്ക് സാധിക്കുന്നു. ഇതിന്റെ ഫലമായി സംഭവിക്കുന്നത്, ആശയങ്ങളെ വിമർശിക്കുമ്പോഴും ആ ആശയങ്ങൾ നിലനിൽക്കുന്ന സംവിധാനങ്ങളെയോ സ്ഥാപനങ്ങളെയോ വിമർശിക്കാൻ അവർക്ക് കഴിയാതെ പോകുന്നു എന്നതാണ്. 

മതപരമായ ആചാരങ്ങളും ചിഹ്നങ്ങളും ഗ്രന്ഥങ്ങളും നിരന്തരമായ പരിഹാസത്തിനും സൂക്ഷ്മപരിശോധനയ്ക്കും വിധേയമാക്കപ്പെടുമ്പോൾ തന്നെ, ജാതി അതിക്രമങ്ങൾ, ഭരണകൂട മർദ്ദനങ്ങൾ, നവ-ലിബറൽ പരിഷ്കാരങ്ങൾ, ഭൂരിപക്ഷ വർഗീയത എന്നിവയൊന്നും സമാനമായ വിശകലനങ്ങൾക്ക് വിധേയമാകാറില്ല. അവയെ കുറിച്ച് സംസാരിക്കുമ്പോൾ തന്നെ, അവയെ സ്വതന്ത്രമായ ചരിത്രവും യുക്തിയുമുള്ള രാഷ്ട്രീയ രൂപങ്ങളായി കാണുന്നതിന് പകരം മതവിശ്വാസത്തിന്റെ ഉപോൽപ്പന്നങ്ങൾ മാത്രമായി ഇവർ ചുരുക്കി കാണുന്നു. ഇത്തരം സമീപനം മതവും അധികാരവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങളെ ലളിതവൽക്കരിക്കുകയും, രാഷ്ട്രീയത്തെ അതിന്റെ യഥാർത്ഥ തലങ്ങളിൽ നിന്ന് മാറ്റി കേവലം വിശ്വാസങ്ങളുടെ അനന്തരഫലമായി ചുരുക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഇത്തരത്തിൽ രാഷ്ട്രീയ നിഷ്പക്ഷത അവകാശപ്പെടുന്നത് വഴി, ബോധപൂർവ്വമായ ഒരു രാഷ്ട്രീയനിരാസം (Strategic depoliticisation) ആണ് അവിടെ സംഭവിക്കുന്നത്. നിലവിലുള്ള അധികാരബന്ധങ്ങൾക്കിടയിൽ ഈ വാദങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതല്ല, മറിച്ച് അവയെ ഒറ്റപ്പെട്ട രീതിയിൽ ‘യുക്തിസഹം’ എന്ന് വിശേഷിപ്പിക്കാൻ കഴിയുമോ എന്നത് മാത്രമാണ് ഇവിടെ ചോദ്യമാകുന്നത്. ഈ നീക്കം, തങ്ങൾ സ്വതന്ത്രരാണെന്ന ഭാവം നിലനിർത്തിക്കൊണ്ടുതന്നെ, നിലവിലുള്ള പ്രബലമായ രാഷ്ട്രീയ ആഖ്യാനങ്ങളോട് അറിഞ്ഞോ അറിയാതെയോ ചേർന്നുനിൽക്കാൻ നവ നാസ്തികതയെ സഹായിക്കുന്നു. ഇന്ത്യയിൽ ഹിന്ദുത്വയെ ചില ഘട്ടങ്ങളിൽ എങ്കിലും വിമർശിക്കുമ്പോഴും പ്രകടമായ ഹിന്ദുത്വ അനുഭാവം ഇവരിൽ പ്രകടമാവുന്നത് ഇത് കൊണ്ടാണ്. മതം പാർശ്വവൽക്കരിക്കപ്പെട്ട സ്വത്വങ്ങളുമായി ചേർന്നുനിൽക്കുന്ന സാഹചര്യങ്ങളിൽ, ഇത്തരം ആത്മവിമർശനങ്ങളുടെ അഭാവം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. കേരളത്തിലും, ഇന്ത്യയിലുടനീളവും, മതപരമായ ഐഡന്റിറ്റി എന്നത് ജാതി, ന്യൂനപക്ഷ പദവി, ചരിത്രപരമായ അരക്ഷിതാവസ്ഥ എന്നിവയുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ്. മതത്തെ ഒരു സാമൂഹിക യാഥാർത്ഥ്യമായി കാണുന്നതിന് പകരം, വെറുതെ അടർത്തിമാറ്റാവുന്ന ഒരു ‘പിശകായി’ മാത്രം കണ്ട് നടത്തുന്ന വിമർശനങ്ങൾ നിലവിലുള്ള സാമൂഹിക ശ്രേണികളെ (hierarchies) ശക്തിപ്പെടുത്താനാണ് സഹായിക്കുക. ഭരണകൂടം, വിപണി, ഭൂരിപക്ഷ രാഷ്ട്രീയം എന്നിവയെ കൃത്യമായി വിചാരണ ചെയ്യാതെ മതവിശ്വാസത്തെ മാത്രം ലക്ഷ്യം വെക്കുമ്പോൾ, ആ വിമർശനം ഒരേയൊരു ദിശയിലേക്ക് സഞ്ചരിക്കാൻ മാത്രമേ സാധിക്കൂ. അധികാരത്തെക്കുറിച്ചുള്ള വിശകലനങ്ങളിൽ നവ നാസ്തികത പുലർത്തുന്ന വിമുഖത, മതം എതുകൊണ്ട് നിലനിൽക്കുന്നു എന്നതിനെക്കുറിച്ചുള്ള അവരുടെ ധാരണകളെയും പരിമിതപ്പെടുത്തുന്നു.

വ്യക്തിഗത വിശ്വാസങ്ങളിൽ മാത്രം അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, സാമൂഹിക ഘടനകളേക്കാൾ വ്യക്തിപരമായ അറിവുകൾക്ക് മുൻഗണന നൽകുന്ന ഒരു ലിബറൽ ചട്ടക്കൂടാണ് നവ നാസ്തികത സ്വീകരിക്കുന്നത്. ഇവിടെ സാമൂഹിക മാറ്റം എന്നത് അധികാരം പുനർവിതരണം ചെയ്യുന്നതിന് പകരം ആളുകളുടെ ചിന്താഗതി മാറ്റുന്ന ഒന്നായി മാത്രം സങ്കൽപ്പിക്കപ്പെടുന്നു. സാമൂഹിക ഘടനകളെക്കുറിച്ചുള്ള കൃത്യമായ വിമർശനമോ രാഷ്ട്രീയമായ തന്ത്രങ്ങളോ രൂപപ്പെടുത്താൻ ഇതിന് സാധിക്കുന്നില്ല. ആത്മവിമർശനത്തിന്റെ ഈ അഭാവം ഭൂരിപക്ഷാധികാരത്തോടുള്ള നവനാസ്തികതയുടെ സമീപനത്തെയും ബാധിക്കുന്നു. എല്ലാ മതങ്ങളെയും ഒരുപോലെ പ്രശ്നക്കാരായി കാണുന്ന അമൂർത്തമായ വിമർശനം, യഥാർത്ഥ സാഹചര്യങ്ങളിൽ അവയ്ക്കിടയിലുള്ള അധികാര അസമത്വങ്ങളെ പലപ്പോഴും മറച്ചുവെക്കുന്നു. ഇത്തരം അസമത്വങ്ങളെ കണക്കിലെടുക്കാൻ വിസമ്മതിക്കുന്നതിലൂടെ,തങ്ങൾ എതിർക്കുന്നു എന്ന് അവകാശപ്പെടുന്ന അതേ അധികാരശ്രേണികളെത്തന്നെ ശക്തിപ്പെടുത്താനാണ് നവ നാസ്തികത തുനിയുന്നത്. അതുകൊണ്ട് തന്നെ, ഇവിടെ രാഷ്ട്രീയ അഭിപ്രായങ്ങളുടെ കുറവല്ല, മറിച്ച് രാഷ്ട്രീയമായ ആത്മബോധത്തിന്റെ കുറവാണ് പ്രകടമാകുന്നത്. 

വിമർശനാത്മകമായ യുക്തിവാദം, യുക്തി എന്നത് ഒരിക്കലും ഒരു ശൂന്യതയിലല്ല പ്രവർത്തിക്കുന്നത് എന്ന് തിരിച്ചറിയും. അത് ചരിത്രങ്ങൾക്കും സ്ഥാപനങ്ങൾക്കും അധികാരബന്ധങ്ങൾക്കും ഇടയിലാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യങ്ങളെ അവഗണിക്കുന്നത് രാഷ്ട്രീയത്തിന് അതീതമായി നിൽക്കലല്ല, മറിച്ച് അന്ധമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കലാണ്. നവ നാസ്തികതയുടെ പരാജയം അത് ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നു എന്നതല്ല, മറിച്ച് തങ്ങൾക്ക് നേരത്തെ തന്നെ ഒരു രാഷ്ട്രീയ നിലപാടുണ്ടെന്ന് അത് സമ്മതിക്കാൻ വിസമ്മതിക്കുന്നു എന്നതാണ്.

കേരളത്തിലെ നവ നാസ്തികതയുടെ പരാജയം ദൈവത്തെ നിഷേധിക്കുന്നു എന്നതല്ല. മറിച്ച്, അറിവിനെക്കുറിച്ചുള്ള അതിന്റെ വികലമോ പരിമിതമോ ആയ ധാരണയാണ്. യുക്തിചിന്തയെ കേവലം ശാസ്ത്രത്തിലേക്ക് മാത്രമായി ചുരുക്കുന്നതിലൂടെയും, ജ്ഞാനശാസ്ത്രപരമായ അന്വേഷണങ്ങളെ തള്ളിക്കളയുന്നതിലൂടെയും, ആത്മവിമർശനപരമായ സമീപനങ്ങൾ ഒഴിവാക്കുന്നതിലൂടെയും, നവ നാസ്തികത യുക്തിയുടെ ഒരു പദ്ധതിയെന്ന നിലയിൽ നിന്ന് മാറി ‘ഉറപ്പുകളുടെ’ ഒരു പ്രത്യയശാസ്ത്രമായി പരിണമിക്കുന്നു. യുക്തിചിന്ത വളരുന്നത് ചോദ്യങ്ങളിലൂടെയാണ്. ചോദ്യങ്ങൾ എവിടെ അവസാനിക്കുന്നുവോ അവിടെ യുക്തിചിന്ത വഴിമാറുകയും ശാഠ്യങ്ങൾ (dogma) അധികാരം പിടിച്ചെടുക്കുകയും ചെയ്യുന്നു. ആ ശാഠ്യം മതപരമാണോ മതനിരപേക്ഷമാണോ എന്നത് അവിടെ പ്രസക്തമല്ല.

 

ആത്തിഫ് ഹനീഫ്