Campus Alive

പ്രയാസങ്ങളെ നേരിടാനുള്ള ശക്തി അല്ലാഹുവിലൂടെ ലഭിക്കുമെന്ന് ഞാൻ മനസ്സിലാക്കി: ഹാനി ബാബു

First published in English in Frontline on Dec 15, 2025. www.frontline.thehindu.com

ഭീമ കൊറേഗാവ് കേസിൽ യു.എ.പി.എ. ചുമത്തപ്പെട്ട് അഞ്ച് വർഷവും നാല് മാസവും മുംബൈയിലെ തലോജ ജയിലിൽ കഴിഞ്ഞശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഡൽഹി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറും പ്രമുഖ ജാതിവിരുദ്ധ പോരാളിയുമായ ഹാനി ബാബു എം.ടി.യുമായി അജാസ് അഷ്‌റഫ്‌ നടത്തിയ അഭിമുഖത്തിൻ്റെ പ്രസക്തഭാഗങ്ങൾ. അദ്ദേഹത്തിൻ്റെ വാക്കുകളിൽ ജയിൽ ജീവിതത്തിൻ്റെ ക്രൂരതയും, ആ തടവറയിൽ അദ്ദേഹം ഇസ്‌ലാമിൽ കണ്ടെത്തിയ ആശ്വാസവും നിറഞ്ഞുനിൽക്കുന്നു.

ചോദ്യം: 2020 ജൂലൈ 28-ന് അറസ്റ്റ് ചെയ്ത് 2025 ഡിസംബർ 4-ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങി. ഈ സ്വാതന്ത്ര്യം അകത്തും പുറത്തും എങ്ങനെ അനുഭവപ്പെടുന്നു? നമ്മൾ നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങളിലാണോ അതിൻ്റെ വില?

ഹാനി ബാബു: അതെ, അഞ്ചു വർഷവും നാല് മാസവുമാണ് ഞാൻ ജയിലിൽ കഴിഞ്ഞത്. നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങളിലാണ് സ്വാതന്ത്ര്യമുള്ളതെന്നത് സത്യമാണ്. പുറത്തായിരിക്കുമ്പോൾ നമുക്ക് ഇഷ്ടമുള്ളപ്പോൾ കാപ്പി കുടിക്കാം, പാട്ടുകേൾക്കാം, സിനിമ കാണാം. ഇതൊന്നും തടവറയിൽ ലഭ്യമല്ല. ജയിലിൽ നിങ്ങൾ ഏത് സമയവും നിരീക്ഷണത്തിലാണ്. പുറത്തും നിരീക്ഷണമുണ്ടെങ്കിലും ഒരന്തരം ഉണ്ട്: പുറത്ത് നിങ്ങൾ സ്വതന്ത്രനാണെന്ന് അനുഭവപ്പെടുന്നു, അകത്ത് നിങ്ങൾ സ്വതന്ത്രനല്ലെന്ന് അറിയാം.

ചോദ്യം: ഒറ്റയടിക്ക് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ഇങ്ങനെ തട്ടിയെറിയപ്പെടുമ്പോൾ?

​ഹാനി ബാബു: നമ്മൾ എത്രമാത്രം ദുർബലരാണെന്ന് അത് ബോധ്യപ്പെടുത്തി. ഒരു പ്രൊഫസറെയോ അഭിഭാഷകനെയോ അവരുടെ സ്വാതന്ത്ര്യത്തിൽ നിന്ന് തടയാനാവില്ലെന്ന് നമ്മൾ വിശ്വസിക്കുന്നുണ്ടാകും. അത് കള്ളമാണ്. രാഷ്ട്രത്തിൻ്റെ അധികാരം എത്ര വലുതാണെന്ന് തിരിച്ചറിഞ്ഞു, അതിന് നമ്മളെ തകർക്കാൻ കഴിയും. തകർന്നുപോകാതിരിക്കുക എന്നതു മാത്രമാണ് നമുക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം. തടവറയിലെ ജീവിതം അർത്ഥമുള്ളതാക്കാൻ നിങ്ങൾക്ക് സാധിക്കും.
​അതുകൊണ്ട് ഞാൻ വായിക്കാനും, തമിഴ്, ഉറുദു ലിപി, അറബി തുടങ്ങിയ പുതിയ ഭാഷകൾ പഠിക്കാനും ശ്രമിച്ചു.

​ചോദ്യം: ഒരു മധ്യവർഗ്ഗക്കാരന് ജയിൽ ജീവിതം എത്രത്തോളം ദുരിതപൂർണ്ണമാണ്?

ഹാനി ബാബു: മധ്യവർഗ്ഗക്കാർക്ക് ജയിൽ എന്നത് മരണത്തിന് അടുത്തുള്ള ഒരനുഭവമാണ്. മനുഷ്യനായി അംഗീകരിക്കപ്പെടാനുള്ള നിങ്ങളുടെ അവകാശം അവിടെ നിഷേധിക്കപ്പെടുന്നു. ഉദാഹരണത്തിന്, എന്നെ തറയിലിരിക്കാനോ കിടക്കാനോ ആവശ്യപ്പെടുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ഞാൻ അഞ്ചു വർഷം കസേരയിലിരുന്നിട്ടില്ല. പുറത്ത് നമ്മൾ ആദരവ് പ്രതീക്ഷിക്കുമ്പോൾ, ജയിലിൽ കാവൽക്കാർ നമ്മളെ കണ്ടാൽ അസഭ്യം വിളിക്കുകയോ കാരണം കൂടാതെ അടിക്കുകയോ ചെയ്യാം.

വെർനോൺ ഗോൺസാൽവസും അരുൺ ഫെരൈരയും

 

ചോദ്യം: അടിച്ചേൽപ്പിക്കപ്പെടുന്ന പ്രതീക്ഷയും നിരാശയും വിഷാദത്തിന് കാരണമായോ?

​ഹാനി ബാബു: തീർച്ചയായും. 2023-ൽ വെർണോൺ ഗോൺസാൽവെസിനും അരുൺ ഫെരേരയ്ക്കും സുപ്രീം കോടതി ജാമ്യം നൽകിയപ്പോൾ, എനിക്കും കിട്ടുമെന്ന് കരുതി. പക്ഷേ, രണ്ട് വർഷം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. പിന്നീട് 2025 ജനുവരിയിൽ റോണാ വിൽസണും സുധീർ ധവാലെക്കും കിട്ടിയപ്പോഴും പ്രതീക്ഷിച്ചു. എന്നിട്ടും ഒന്നും നടന്നില്ല. പ്രതീക്ഷയ്ക്കും നിരാശക്കുമിടയിൽ ഞാൻ ഉഴലുകയായിരുന്നു. ജയിലിൽ മരിക്കാനാണ് എൻ്റെ വിധി എന്ന് ഞാൻ ചിന്തിച്ചു.

​ചോദ്യം: ജയിലിനുള്ളിൽ ജാതിയും വർഗ്ഗവും അപ്രത്യക്ഷമാകുമോ?

ഹാനി ബാബു: ഇല്ല, അപ്രത്യക്ഷമാകില്ല. ജയിലിന്റെ പ്രവേശന കവാടം മുതൽ ഒരു മധ്യവർഗ്ഗക്കാരന് പ്രത്യേക പരിഗണന ലഭിക്കും. അപമാനിക്കപ്പെടാതെ അയാൾക്ക് നടന്നുപോകാം. ചില ബാരക്കുകൾ ‘വിഐപി ബാരക്കുകൾ’ എന്നറിയപ്പെട്ടിരുന്നു. എൻ്റെ അഞ്ചു വർഷത്തിലെ ജയിൽവാസത്തിനിടയിൽ ഇംഗ്ലീഷ് വായിക്കാനോ എഴുതാനോ അറിയുന്ന ഒരേയൊരാൾ ഞാനായിരുന്നു.

​ചോദ്യം: ദരിദ്രരായ തടവുകാരുമായുള്ള ഇടപെടൽ എങ്ങനെയായിരുന്നു?

​ഹാനി ബാബു: ദരിദ്രരുമായി ഇടപെഴകാൻ എനിക്ക് പ്രയാസമുണ്ടായില്ല. എനിക്ക് പ്രശ്നമുണ്ടായിരുന്നത് എലൈറ്റ് ക്ലാസ്സിലുള്ളവരുമായിട്ടായിരുന്നു. “നിങ്ങൾ വ്യക്തിപരമായ ഇടത്തിനും സ്വകാര്യതക്കും പ്രാധാന്യം നൽകുന്ന വർഗ്ഗത്തിൽ പെട്ടവരാണ്. എന്നാൽ ജയിലിലുള്ളവർ ചേരികളിൽ നിന്നും വരുന്നവരാണ്. അവിടെ എല്ലാവർക്കും പരസ്പരം എല്ലാം അറിയാം,” എന്ന് ഞാൻ അവരോട് പറഞ്ഞു. അവരുമായുള്ള ഇടപെഴകൽ എനിക്കൊരു വിദ്യാഭ്യാസമായിരുന്നു, കാരണം ഇന്ത്യയുടെ വർഗ്ഗ വിടവിൽ അത്തരമൊരു സാമൂഹിക ബന്ധത്തിന് എനിക്ക് അവസരം ലഭിച്ചിട്ടില്ല.

​ചോദ്യം: ഇഷ്ടവിഭവം ബിരിയാണി കഴിച്ചോ?

ഹാനി ബാബു: അതെ, പക്ഷേ ആസ്വദിച്ചില്ല. തങ്ങാനൊരു സ്ഥലം തിരയുന്ന തിരക്കിലായിരുന്നു. എങ്കിലും ഇടക്ക് ബിരിയാണി കഴിച്ചു. സവർണ്ണ വിഭാഗക്കാർ ഇന്ത്യക്കാരെ സസ്യാഹാരികളായി ചിത്രീകരിക്കാൻ ശ്രമിക്കുമ്പോഴും, ബിരിയാണി ഉള്ളിടത്തോളം കാലം അവരുടെ ശ്രമം വിജയിക്കില്ല എന്നൊരു സാംസ്കാരികപരമായ പ്രാധാന്യം ആ വിഭവത്തിനുണ്ട്. ജയിലിൽ പോലും ജാതി-വർഗ്ഗ വ്യത്യാസമില്ലാതെ എല്ലാവർക്കും ബിരിയാണി പ്രിയങ്കരമായിരുന്നു.

സുധീർ ധാവ്‌ലെയും റോണ വിൽസണും

ചോദ്യം: അച്ഛൻ ഒരു മാർക്സിസ്റ്റും നിരീശ്വരവാദിയുമായിരുന്നു. താങ്കളും. ജയിലിൽ വെച്ചാണ് ഇസ്‌ലാമിലേക്ക് തിരിഞ്ഞത്. ആ മാറ്റം എങ്ങനെ സംഭവിച്ചു?

​ഹാനി ബാബു: ഞാൻ എപ്പോഴും ‘അജ്ഞേയവാദി’ (agnostic) ആയിരുന്നു, നിരീശ്വരവാദി ആയിരുന്നില്ല. അറസ്റ്റിന് മുമ്പുതന്നെ മതത്തിൽ വിശ്വാസമെന്നതിലുപരി ഒരു സാമൂഹിക പ്രതിഭാസമെന്ന നിലയിൽ എനിക്ക് താൽപ്പര്യമുണ്ടായിരുന്നു. അറസ്റ്റിന്റെ ദിവസം, എൻ.ഐ.എ. ലോക്കപ്പിൽ ഒറ്റക്കിരുന്നപ്പോൾ, കണ്ണടച്ച് ഇരുന്ന ഞാൻ ശൂന്യതയുടെ അഗാധമായ ലോകത്തേക്ക് വീണുപോകുന്നതായി അനുഭവിച്ചു. അപ്പോൾ എൻ്റെ ഹൃദയത്തിൽ നിന്ന് ഒരു വിളി വന്നു. “അല്ലാഹ്” എന്ന് ഞാൻ ഉച്ചരിച്ചു. ആ നിമിഷം, മുന്നിലുള്ളതിനെ ധൈര്യത്തോടെ നേരിടാൻ അല്ലാഹുവിലൂടെ എനിക്ക് ശക്തി നേടാൻ കഴിയുമെന്ന് ഞാൻ തിരിച്ചറിഞ്ഞു.

​ചോദ്യം: ഖുർആൻ വായിക്കാനും നിസ്കരിക്കാനും തുടങ്ങിയോ?

ഹാനി ബാബു: തലോജയിൽ വെച്ച് ഞാൻ അതിന് പഠിപ്പിച്ചു തരാൻ പറ്റിയ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു. അനേകം പേരുണ്ടായിരുന്നു. അവരിൽ പണ്ഡിതരുണ്ടായിരുന്നു, യു.എ.പി.എ. കുറ്റാരോപിതരുണ്ടായിരുന്നു. അവരിലൊരാൾ ഖുർആൻ വായിക്കാനും നിസ്കരിക്കാനും പഠിപ്പിച്ചു.

​ചോദ്യം: ജയിലിൽ വെച്ച് മതമോ ദൈവത്തിലുള്ള സമർപ്പണമോ ഒരു ശക്തിസ്രോതസ്സായി മാറിയോ?

​ഹാനി ബാബു: തീർച്ചയായും. തടവുകാരിൽ 35 ശതമാനത്തോളം മുസ്ലിങ്ങളായിരുന്നു. ആ സമൂഹവുമായി താദാത്മ്യം പ്രാപിക്കാൻ അത് എന്നെ സഹായിച്ചു. അത് എനിക്ക് അധിക ശക്തിയും ഒരടുപ്പവും നൽകി. ഞങ്ങൾ ഒരുമിച്ച് നിസ്കരിച്ചു, റമദാനിൽ നോമ്പെടുത്തു.
​മാർക്സ് മതം കറുപ്പാണെന്ന് പറഞ്ഞതിനെക്കുറിച്ച് ഞാൻ ഒരിക്കൽ വായിച്ച ലേഖനമുണ്ട്. അത് വെറും ലഹരി എന്ന അർത്ഥത്തിലല്ല, മറിച്ച് ഒരു മരുന്ന് എന്ന അർത്ഥത്തിലാണ്. മരുന്ന് എന്ന നിലയിൽ അത് ആശ്വാസവും ശക്തിയും നൽകുന്നു.

​ചോദ്യം: ഈ പുതിയ വിശ്വാസത്തെ എങ്ങനെ വിശദീകരിക്കും?

ഹാനി ബാബു: എൻ്റെ അടിസ്ഥാന പഠനം ഭാഷാശാസ്ത്രത്തിലാണ്. ഭാഷക്ക് ഘടനയുണ്ട്, അതിനൊരു അർത്ഥവുമുണ്ട്. ലോകത്തിന് ഘടനയുണ്ടെങ്കിൽ അതിൻ്റെ അർത്ഥമെന്താണ് എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. ലോകത്തിന് ഘടനയുണ്ട്, പക്ഷേ അർത്ഥമില്ലേ എന്ന് ഞാൻ ആശ്ചര്യപ്പെട്ടു. ഈ ഘടനക്ക് അർത്ഥം നൽകുന്നത് മതമാണ്.
​”എനിക്കൊരു മരമാവേണ്ട, അതിൻ്റെ അർത്ഥമാവണം” എന്ന ഒർഹാൻ പാമുക്കിൻ്റെ ‘മൈ നെയിം ഈസ് റെഡ്’ എന്ന പുസ്തകത്തിലെ വരി എന്നെ ആകർഷിച്ചു. മരം ഒരു ഘടനയാണ്, പക്ഷേ അതിനപ്പുറമുള്ള ഒന്നുകൂടിയുണ്ട്—അതാണ് മനുഷ്യൻ്റെ നിലനിൽപ്പിന് മതം അർത്ഥം നൽകുന്നത്

​ചോദ്യം: ജാതിവിരുദ്ധ പ്രവർത്തനങ്ങളിൽ ഇസ്‌ലാമിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ കഴിയുമോ?

ഹാനി ബാബു: കഴിയും, തീർച്ചയായും. ദക്ഷിണേഷ്യയിൽ ഇസ്‌ലാം എങ്ങനെയാണ് ആചരിക്കുന്നതെന്നത് മാറ്റിനിർത്തിയാൽ, ഖുർആനിലെ ഇസ്‌ലാമിക സാഹോദര്യ സങ്കൽപ്പവും, നബിയുടെ പ്രവൃത്തികളും, വിവിധ വർണ്ണക്കാരെ അവിടുന്ന് തൻ്റെ കൂട്ടാളികളായി സ്വീകരിച്ചതും സമത്വത്തിനായി പോരാടാൻ പ്രചോദനം നൽകുന്നുണ്ട്. നിങ്ങൾ ഒരു വിശ്വാസിയാണെങ്കിൽ വിവേചനത്തിന് അവിടെ ഇടമില്ല.

​ചോദ്യം: ഹൈദരാബാദിൽ പിഎച്ച്.ഡി. ചെയ്യുന്ന കാലത്ത് ഹോസ്റ്റൽ മെസ്സിൽ ബീഫും പന്നിയുമടക്കം വിളമ്പാൻ താങ്കൾ സമരം നയിച്ചിരുന്നു. ഇപ്പോഴും ഭക്ഷണ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നുണ്ടോ?

​ഹാനി ബാബു: അതെ, തീർച്ചയായും.

 

വിവർത്തനം: ഡോ. നഹാസ് മാള

അജാസ് അഷ്റഫ്