സുരേഷ് രാജകുമാരി – തമിഴ് കൂട്ടുകെട്ടിൽ പിറന്ന 2025 ലെ മികച്ച ഒരു തമിഴ് ചിത്രം ആണ് സിറൈ. തിരക്കഥകൊണ്ടും സംഗീതം കൊണ്ടുമൊക്കെ മികച്ച ഒരു കാഴ്ചാനുഭവം തരുന്ന, ചെറിയ കാൻവാസിൽ വളരെ ഭംഗിയായി ചിട്ടപ്പെടുത്തിയ ഒരു ക്രൈം ത്രില്ലർ ഡ്രാമ. ‘സിറൈ’ ഒരു സിനിമ എന്നതിനപ്പുറം ഇന്ത്യയിലെ മുസ്ലിം ജീവിതങ്ങളുടെ സ്വത്വ പ്രശ്നങ്ങളെ അടയാളപ്പെടുത്തുന്ന ശക്തമായ ഒരു ഡോക്യുമെൻ്റ് കൂടിയാണ്. തങ്ങളുടെ നിരപരാധിത്വവും, രാജ്യസ്നേഹവും മതേതരത്വവുമൊക്കെ ഇടയ്ക്കിടയ്ക്ക് തെളിയിക്കേണ്ട അധികബാധ്യത ഉള്ളവരാണ് ഇന്ത്യയിലെ മുസ്ലിം എന്നത് നിലനിൽക്കുന്ന ഹിന്ദുത്വ ഭരണകൂടത്തിൻ്റെ നിരന്തരമായ വെറുപ്പൂൽപാദനത്തിൻ്റെയും മുസ്ലിം എന്ന അപരനെ മുൻനിർത്തി വിഭജന രാഷ്ട്രീയ സിദ്ധാന്തം മെനഞ്ഞെടുക്കുന്ന സംഘപരിവാറിൻ്റെയും അജണ്ടകളുടെ ഭാഗമാണ്.
“അബ്ദുൽ റഊഫ് എന്ന പേര് ഇതിന് മുമ്പ് നീ കേട്ടിട്ടുണ്ടോടാ? 1995 ൽ ഈഴ തമിഴർക്ക് വേണ്ടി തീകൊളുത്തി മരിച്ച ആദ്യ തമിഴൻ ആണ്. ഞങ്ങളും മനുഷ്യരായി തമിഴരായി ഇന്ത്യക്കാരായി തന്നെയാടാ ജീവിക്കുന്നത്. നീയൊക്കെ മതം നോക്കി മനുഷ്യരെ അളക്കുന്നത് എന്തിനാ?” ലോങ് എസ്കോർട്ട് പോകുമ്പോ റൈഫിൾ ലോഡ് ചെയ്യാറില്ലലോ എന്ന് സുപ്പീരിയർ ഓഫീസർ ചോദിക്കുമ്പോ അക്ക്യൂസ്ഡ് മുസ്ലിം ആയത് കൊണ്ടാണ് സർ എന്ന് പറഞ്ഞ കോൺസ്റ്റബിളിനോട് ഓഫീസർ ഖദ്ർ ബാദ്ഷാ ചോദിച്ച ചോദ്യമാണിത്. അക്ക്യൂസ്ഡ് മുസ്ലിം ആയത് കൊണ്ടാണ് ഗൺ ലോഡ് ചെയ്ത് വെച്ചത് എന്ന് പോലീസ് കോൺസ്റ്റബിൾ പറയുമ്പോൾ അത് ഇന്ത്യയിൽ സംഘപരിവാർ പയറ്റുന്ന വംശീയ രാഷ്ട്രീയത്തിൻ്റെ ഉപോൽപന്നമായ ഇസ്ലാമോഫോബിയ എങ്ങനെയാണ് സാധാരണക്കാരൻ്റെ മനസ്സുകളിൽ പോലും വളരെ എളുപ്പത്തിൽ ഡയല്യൂട്ട് ചെയ്യപ്പെട്ട് കിടക്കുന്നത് എന്ന് നമുക്ക് കാണിച്ചുതരുന്നു.

‘സിറൈ’ സമൂഹത്തോട് സംവദിക്കുന്ന രാഷ്ട്രീയം ഒരേ സമയം വളരെ ആഴമുള്ളതും മുഴക്കമുള്ളതുമാണ്. വളരെ സഹജമായി സമൂഹത്തിൽ ഇടപഴകി ജീവിക്കുന്ന ഒരു മുസ്ലിം ചെറുപ്പക്കാരൻ നേരിടുന്ന അവൻ്റെ ഐഡൻ്റിറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പഴികളും ആകുലതകൾ ഒക്കെയും വളരെ സൂക്ഷ്മമായി സിനിമ കൈകാര്യം ചെയ്യുന്നു. ജീവിതത്തിൻ്റെ ഏതോ ഘട്ടത്തിൽ സ്വാഭാവികമായി, വളരെ ജൈവികമായി അബ്ദുൽ റഊഫ് ‘കലൈ’യുമായി പ്രണയത്തിൽ ആവുന്നുണ്ട്. അത് അവൻ്റെ ജീവിതത്തെ എങ്ങനെയാണ് വലിയൊരു ദുരിതക്കയത്തിലേക്ക് തള്ളിയിടുന്നതെന്നും, നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക സാഹചര്യം എങ്ങനെയാണ് ഇവിടുത്തെ ന്യൂനപക്ഷത്തെ മുൻവിധിയോടെയും സംശയത്തോടെയും ട്രീറ്റ് ചെയ്യുന്നത് എന്നും ഒക്കെ വളരെ ഗൗരവത്തിൽ സിനിമ ചർച്ച ചെയ്യുന്നു. റഊഫും കലയും തമ്മിലുള്ള പ്രണയത്തെ കുറിച്ച് സൂചന ലഭിച്ച കലയുടെ അച്ഛൻ റഊഫിനെയും അമ്മയെയും വഴിയിൽ തടഞ്ഞ് നിർത്തി ഉപദ്രവിക്കുകയും അത് ഒരു സംഘർഷത്തിൽ കലാശിക്കുകയും അബദ്ധത്തിൽ റഊഫിൻ്റെ കയ്യാൽ കലയുടെ അച്ചൻ കൊല്ലപ്പെടുന്നതോടെയുമാണ് റഊഫ് സ്വയം കുറ്റം ഏറ്റുപറഞ്ഞ് ജയിലിലെത്തുന്നത്. ദീർഘകാലം വിചാരണ പോലുമില്ലാതെ ജയിലിൽ കഴിയേണ്ടി വരുന്ന റഊഫിന് 1998 ൽ കോയമ്പത്തൂരിൽ നടന്ന സ്ഫോടനം വീണ്ടും ജയിലിൽ തിക്താനുഭവങ്ങൾ സമ്മാനിക്കുന്നു.
രാജ്യത്ത് ഒരു ഭീകര പ്രവർത്തനം നടന്നാൽ സ്റ്റേറ്റ് ന്റെ സർവൈലൻസ് സിസ്റ്റം ഉണർന്ന് പ്രവർത്തിക്കുന്നതും സകല സംശയകണ്ണുകളും കുന്തവും കുറുവടിയുമായി ചെന്ന് നിൽക്കുന്നതും മുസ്ലിം പേരുള്ള മനുഷ്യരുടെ വീട്ടുമുറ്റതായിരിക്കും എന്നത് നമുക്ക് വിശദീകരണം ആവശ്യമില്ലാത്ത വിധം ബോധ്യപ്പെടുന്ന കാര്യമാണ്. കളമശേരി സ്ഫോടനത്തിൽ (ഭീകരാക്രമണം) നമ്മളത് അനുഭവിച്ചതുമാണ്. കുറ്റവാളി മാർട്ടിൻ ആയതോടുകൂടി പ്രബുദ്ധ കേരളത്തിന് യാതൊരു ഞെട്ടലുമില്ല. യു.എ.പി.എ ഇല്ല, ഭീകരത ഇല്ല, തീവ്രവാദി വിളികളില്ല. യു.എ.പി.എ പോലെയുള്ള കരിനിയമങ്ങളുടെ മറപിടിച്ച് രാജ്യത്തെ എത്രയെത്ര ചെറുപ്പക്കാരെയാണ് ഈ സർക്കാർ വിചാരണത്തടവുകാരായി ഇന്ത്യയിലെ വിവിധ ജയിലുകളിൽ പാർപ്പിച്ചിരിക്കുന്നത്. നീതി നിഷേധിക്കപ്പെട്ട് ജീവിതത്തിൻ്റെ സിംഹഭാഗവും ജയിലറകളിൽ വിചാരണതടുവാകരായി കഴിച്ചുകൂട്ടുന്ന ഉമർ ഖാലിദിനെയും ഷർജിൽ ഇമാമിനെയും പോലെയുള്ള യുവാക്കളുടെ ശബ്ദങ്ങൾ അധികാരത്തിൻ്റെ ദണ്ഡ് കൊണ്ട് അടിച്ചില്ലാതാക്കാൻ ആണ് സർക്കാർ ശ്രമം. ഇന്ത്യയിലെ നീതി ന്യായ സംവിധാനങ്ങളുടെ പരാജയവും അലംഭാവവും നഷ്ടപ്പെടുത്തിക്കളഞ്ഞത് ലക്ഷകണക്കിന് മനുഷ്യരുടെ ജീവിതങ്ങളാണ്. നാല് ലക്ഷത്തോളം മനുഷ്യരാണ് ഇന്ത്യയിലെ ജയിലുകളിൽ വിചാരണ തടവുകാരായി കഴിയുന്നത്. ജനസംഖ്യയുടെ 14% മാത്രം ഉള്ള മുസ്ലിംങ്ങളാണ് അതിൽ 18 മുതൽ 19 ശതമാനവും എന്നതാണ് ഞെട്ടിക്കുന്ന യാഥാർഥ്യം.

വേലൂർ ജയിലിൽ കഴിയുന്ന അബ്ദുലിൻറെ കൂടെ ശിവഗംഗയിലെ കോടതിയിലേക്ക് എസ്കോർട്ട് പോകേണ്ടിവരുന്നത് വിക്രം പ്രഭുവിൻ്റെ കഥാപാത്രം കതിരവനും മറ്റു രണ്ട് പൊലീസ് കോൺസ്റ്റബിൾസുമാണ്. ഈ യാത്രയിലുടനീളം അബ്ദുൽ റഊഫിനെ അലട്ടുന്നതാവട്ടെ കയ്യിലെ വിലങ്ങുകളും. ഓരോ തവണയും കോടതിയിൽ ചെല്ലുമ്പോൾ മാത്രമാണ് റഊഫും കലയും തമ്മിൽ കണ്ടുമുട്ടുന്നത്. കാണുമ്പോഴൊക്കെ വിലങ്ങിട്ട കയ്യുമായി നിൽക്കുന്ന റഊഫിനെ നോക്കി കലൈ വിതുമ്പിത്തുടങ്ങും. ഇക്കുറി കോടതിയിലെത്തുമ്പോൾ വിലങ്ങ് അഴിച്ച് തരുമോ എന്ന ആവശ്യം അബ്ദുൽ റഊഫ് കതിരവനോട് ചോദിക്കുന്നതോടെയാണ് അബ്ദുൽ റഊഫിൻ്റെ കഥയറിയാൻ കതിരവൻ ശ്രമിക്കുന്നതും അവനെ സഹായിക്കാൻ തീരുമാനിക്കുന്നതും.
കോർട്ട് റൂം ഡ്രാമകളിലും നീതിക്ക് വേണ്ടി പോരാടുന്ന വിക്ടിം കഥ പറയുന്ന സിനിമകളിൽ ഒക്കെയും ഭരണകൂടത്തിൻ്റെയും നീതിന്യായ സംവിധാനങ്ങളുടെയും ആസൂത്രിത അനാസ്ഥയുടെ ഇരകൾക്ക് വളരെ എളുപ്പത്തിൽ നീതി വാങ്ങിക്കൊടുക്കുന്ന ഒരു രക്ഷകനെ കാണാം. അത്തരം ചില അമിത നാടകീയ സ്വഭാവവും കോടതിയുടെ മുന്നിൽ നിന്ന് നിസ്കരിക്കുന്ന രംഗങ്ങളോടൊക്കെയുള്ള വിമർശനവും നിലനിൽക്കെ തന്നെ നോൺ ലീനിയർ ആയി ഒരുക്കിയ ഒരു തിരക്കഥയിലൂടെ അബ്ദുൽ റഊഫിൻ്റെ കഥ വൈകാരികത ഒട്ടും ചോർന്നു പോകാതെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് തറച്ച് ഇറക്കാൻ സംവിധായകന് സാധിച്ചു എന്നതും സിനിമയുടെ സാങ്കേതികമായ വിജയമാണ്. ജസ്റ്റിൻ പ്രഭാകറിൻ്റെ സംഗീതവും ചിൻമയിയുടെയും സൂരജ് സന്തോഷിൻ്റെയും യുവശങ്കർ രാജയുടെയുമൊക്കെ ശബ്ദവും സിനിമയുടെ ഒഴുക്കിനെ ലയമധുരമാക്കുന്നതോടുകൂടി
‘സിറൈ’ (ജയില്) മനോഹരമായ ഒരു അനുഭവമാകുന്നു.







