അതിർത്തികൾ കീഴടക്കുക എന്നത് മാത്രമായിരുന്നില്ല കോളനിവാഴ്ചയുടെ ലക്ഷ്യം. മറിച്ച്, നിലനിന്നിരുന്ന യാഥാർത്ഥ്യങ്ങളെ അത് അപ്പാടെ പുനർനിർമ്മിക്കുകയായിരുന്നു. ജനതകളെ തരംതിരിച്ചും വിവിധ സ്വത്വങ്ങളെ തങ്ങളുടെ സൗകര്യത്തിന് ക്രമീകരിച്ചും, ഭൂപടങ്ങൾ നിർമ്മിച്ചും, കോളനിവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ സാമ്രാജ്യത്വത്തിന് എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന വിധത്തിൽ, അവർ അറിവുകളെ ചിട്ടപ്പെടുത്തി. സെൻസസും, ഭൂപടങ്ങളും, ആർകൈവുകളും വെറും നിഷ്പക്ഷമായ ഉപകരണങ്ങളായിരുന്നില്ല. അറിവിനെ നിർണ്ണയിക്കുന്ന സാങ്കേതിക വിദ്യകളായിരുന്നു അവ. എന്താണ് അറിവ് എന്നും, അത് എങ്ങനെ ആർജ്ജിക്കണമെന്നും, ആ അറിവിന്മേൽ ആർക്കാണ് അധികാരമെന്നും അവ കൃത്യമായി നിർവ്വചിച്ചു പോന്നു.
ഇന്ന്, അറിവിനെ നിയന്ത്രിക്കുന്ന അത്തരം വിജ്ഞാന വ്യവസ്ഥകളുടെ പിൻഗാമിയായാണ് നിർമിത ബുദ്ധി (AI) ഉയർന്നുവരുന്നത്. കാര്യക്ഷമതയും വസ്തുനിഷ്ഠതയും പ്രവചന കൃത്യതയുമാണ് എ.ഐ യുടെ ഏറ്റവും സവിശേഷമായ തലമെങ്കിലും മനുഷ്യജീവിതത്തെയും പെരുമാറ്റത്തെയും വ്യാഖ്യാനിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒരു ആഗോള സംവിധാനമായി AI മാറിക്കഴിഞ്ഞു എന്ന യാഥാർഥ്യത്തെയും നമ്മൾ കാണേണ്ടതുണ്ട്. ആ നിലക്ക് കൊളോണിയലാനന്തര കാലഘട്ടത്തിൽ AI എന്നത് പഴയ കൊളോണിയൽ അധികാരത്തിൽ നിന്നുള്ള ഒരു വിടുതലാണോ, അതോ അതിന്റെ തന്നെ കൂടുതൽ അദൃശ്യവും വ്യാപകവുമായ തുടർച്ചയാണോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.
കൊളോണിയൽ ജ്ഞാനശാസ്ത്ര വ്യവഹാരത്തിന്റെ അനിഷേധ്യ സാന്നിധ്യം, എ.ഐ പോലുള്ള നവീനമായ സാങ്കേതിക സംവിധാനങ്ങളെ വിമർശനാത്മകമായി സമീപിക്കാൻ നമ്മളെ നിർബന്ധിക്കുന്നുണ്ട്. എല്ലാത്തരം നൂതന സംവിധാനങ്ങളോടുമുള്ള നിഷേധത്തിന്റെ തലമല്ല ഈ വിമർശന ചിന്തയെ സാധൂകരിക്കുന്ന അടിത്തറ. മറിച്ച് ആധിപത്യ ജ്ഞാനശാസ്ത്ര പദ്ധതി എന്ന നിലക്ക് കൊളോണിയൽ വിജ്ഞാനത്തോട്, വളരെ ജൈവികമായി രൂപപ്പെടേണ്ട വിമർശന സാധ്യതയാണ് ഇവിടെ അടിസ്ഥാനമായി വർത്തിക്കുന്നത്.
കൊളോണിയലിസം എന്നത് കേവലം രാഷ്ട്രീയമായ ആധിപത്യമോ സാമ്പത്തികമായ ചൂഷണമോ മാത്രമാണെന്ന ലളിത യുക്തിയിൽ നിന്ന് ആദ്യം തന്നെ നമ്മൾ പുറത്ത് കടക്കേണ്ടതുണ്ട്. കൊളോണിയലിസം എന്നത് അടിസ്ഥാനപരമായി ഒരു വിജ്ഞാനപരമായ ഇടപെടലായിരുന്നു എന്ന ബോധ്യത്തിൽ നിന്നാണ് ഇന്ന് വികസിക്കുന്ന ഡികോളോണിയൽ ചിന്തകൾ രൂപം കൊള്ളുന്നത്.
വിദൂരത്തുള്ള, അപരിചിതമായ, പല നിലക്ക് സങ്കീർണമായ വിവിധ ജന വിഭാഗങ്ങളെ എങ്ങനെ ഭരിക്കാം എന്ന ചിന്തയിൽ നിന്നാണ് തങ്ങൾക്ക് എളുപ്പം വായിക്കാൻ സാധിക്കും വിധം അവയെ പരുവപ്പെടുത്താനുള്ള കൊളോണിയൽ ജ്ഞാന പദ്ധതികൾ ആവിഷ്കരിക്കപ്പെടുന്നത്. ആ വായനയാണ് ലളിതവൽക്കരണ യുക്തിയുടെ തലങ്ങൾ തുറന്നിടുന്നത്. ആധുനിക ഭരണകൂടങ്ങളുടെ അധികാരം നിലനിൽക്കുന്നത് സമൂഹങ്ങളെ ലളിതവൽക്കരിക്കുന്നതിലാണ് എന്ന് ജെയിംസ് സി സ്കോട്ട് നിരീക്ഷിക്കുന്നുണ്ട്. സങ്കീർണ്ണവും സന്ദർഭാനുസൃതവുമായ സാമൂഹിക യാഥാർത്ഥ്യങ്ങളെ ലളിതവും ഏകീകൃതവും ഭരണപരമായി ഉപയോഗിക്കാൻ കഴിയുന്നതുമായ രൂപങ്ങളിലേക്ക് മാറ്റുക എന്ന രീതി കൊളോണിയൽ വിജ്ഞാന വ്യവസ്ഥയുടെ അടിത്തറയാണെന്ന് കാണാം. സെൻസസ്, ഭൂപട നിർമ്മാണം, നിയമസംഹിതകളുടെ ക്രോഡീകരണം തുടങ്ങിയ കൊളോണിയൽ സാങ്കേതികവിദ്യകളെ ഈ പശ്ചാത്തലത്തിൽ മനസിലാക്കുന്നതിലൂടെ എ.ഐയിലൂടെ സാധ്യമാവുന്ന കൊളോണിയൽ പദ്ധതികളെ മനസിലാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
ദക്ഷിണേഷ്യയുൾപ്പെടെയുള്ള കോളനിപൂർവ്വ സമൂഹങ്ങളിൽ വിവിധ മത, ജാതി, ഇതര സ്വത്വ വിഭാഗങ്ങൾ വളരെ സങ്കീർണമായ ഉള്ളടക്കങ്ങൾ പേറുന്നവയായിരുന്നു. മാത്രമല്ല ദൈനംദിന സാമൂഹിക ഇടപെടലുകളിലൂടെ നിരന്തരം പുനർ നിർവചിക്കപെടുന്ന ഒന്ന് കൂടിയായിരുന്നു അവ. എന്നാൽ കൊളോണിയൽ സെൻസസ് ഈ ഒഴുക്കിനെ തടയുകയും വ്യക്തികളെ ഹിന്ദു/മുസ്ലിം എന്നോ, നിശ്ചിത ജാതി ശ്രേണികളെന്നോ ഉള്ള ഏകീകൃത കള്ളികളിൽ ഒതുക്കാൻ നിർബന്ധിക്കുന്നതിലൂടെ അവയുടെ മാറാനുള്ള ശേഷിയെ നഷ്ടപ്പെടുത്തുകയും സ്ഥായിയായ ഒന്നായി അവയെ മാറ്റുകയും ചെയ്തു. സങ്കീർണമായ സാമൂഹിക വ്യവസ്ഥയിൽ നിന്ന് കർക്കശമായ ഭരണനിർവ്വഹണ വിഭാഗമായി ഇവിടെ ജാതി അടക്കമുള്ള വിഭാഗങ്ങൾ മാറുന്നു. ഇതിലൂടെ കൊളോണിയൽ താല്പര്യങ്ങൾക്ക് ഇണങ്ങും വിധം വിവിധ സ്വത്വ വിഭാഗങ്ങളെ സെൻസസിലൂടെ പരിമിതപ്പെടുത്തിയത് എങ്ങനെയെന്ന് വ്യക്തമാവുന്നു.
കൊളോണിയൽ ഭൂപട നിർമ്മാണവും അനുബന്ധ നിയമ ക്രോഡീകരണവും സമാനമായ രീതിയിലാണ് പ്രവർത്തിച്ചത്. ഓരോ പ്രദേശത്തെയും അവിടത്തെ ജീവിതാനുഭവങ്ങളിൽ നിന്ന് അടർത്തി മാറ്റി വെറും അളക്കാവുന്ന ഭൂപ്രദേശങ്ങളാക്കി അവ മാറ്റി. പ്രാദേശികമായ അറിവുകളെയും രീതികളെയും അപ്രസക്തമാക്കി. ഒരു പ്രദേശം എന്നത് വിവിധ ബന്ധങ്ങളുടെ ശൃംഖല അല്ലാതാവുകയും ഭരണപരമായ ഒരു യൂണിറ്റ് മാത്രമായി മാറുകയും ചെയ്തു. ഓരോ ഭൂപ്രദേശങ്ങൾക്കും അവയുടേതായ പ്രത്യേകതകളും, മനുഷ്യൻ – പ്രകൃതി – വിശ്വാസങ്ങൾ എന്നിവ ചേർന്ന ജൈവികമായ ബന്ധങ്ങളും ഉണ്ടായിരുന്നതിൽ നിന്ന് കേവല ഭരണപരമായ യൂണിറ്റ് മാത്രമായി കൊളോണിയൽ ഭൂപട നിർമാണം അവയെ മാറ്റി. എന്നാൽ അത്തരം കോളങ്ങളിൽ തളച്ചിടാൻ സാധിക്കാത്തവയെ നിയമ നിർമാണത്തിലൂടെ ക്രമപ്പെടുത്തുക എന്ന സമീപനവും കൊളോണിയൽ ഇടപെടലുകളുടെ ഭാഗമായി ഉണ്ടായിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിന് മുൻപ് ഇന്ത്യയിലെ നാടോടി സമൂഹങ്ങൾ പ്രത്യേക ഭൂപ്രദേശത്ത് തളച്ചിടപ്പെട്ടവരായിരുന്നില്ല. ആധുനിക ഭരണകൂടത്തിന് നികുതി പിരിക്കാനും നിയന്ത്രിക്കാനും ആളുകൾ ഒരിടത്ത് തന്നെ സ്ഥിരതാമസമാക്കേണ്ടത് ആവശ്യമായിരുന്നു. എന്നാൽ ഒരിടത്തും തങ്ങാത്ത നാടോടി സമൂഹങ്ങൾ ബ്രിട്ടീഷ് ഭൂപടത്തിൽ അദൃശ്യരായിരുന്നു. അതുകൊണ്ട് തന്നെ അവർ ഭരണകൂടത്തിന് ഒരു വെല്ലുവിളിയായി മാറി. ഈ ‘അദൃശ്യതയെ’ നേരിടാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച വിജ്ഞാനപരമായ ആയുധമാണ് അവരെ ക്രിമിനലുകളായി മുദ്രകുത്തുക എന്നത്. 1871 ലെ ബ്രിട്ടീഷ് ഇന്ത്യയിലെ ക്രിമിനൽ ട്രൈബ്സ് ആക്ട്, നാടോടികളും വനവാസികളുമായ ഗോത്രവിഭാഗങ്ങളെ മുഴുവനായി ‘പാരമ്പര്യ കുറ്റവാളികൾ’ എന്ന് മുദ്രകുത്തി. കുറ്റകൃത്യം ചെയ്യാൻ ജനിച്ചവരാണ് ഇവർ എന്ന മുൻവിധിയുടെ അടിസ്ഥാനത്തിൽ, ദശലക്ഷക്കണക്കിന് മനുഷ്യരെ രജിസ്റ്റർ ചെയ്യിക്കാനും നിരീക്ഷിക്കാനും അവരുടെ സഞ്ചാരം നിയന്ത്രിക്കാനും നിർബന്ധിതമായി മാറ്റിപ്പാർപ്പിക്കാനും ഈ നിയമം ഭരണാധികാരികൾക്ക് അധികാരം നൽകി. പ്രാദേശികമായ ആചാരങ്ങളെയും രീതികളെയും അവയുടെ സന്ദർഭങ്ങളിൽ നിന്ന് അടർത്തിയെടുക്കുകയും യൂറോപ്യൻ നിയമ ചട്ടക്കൂടുകളിലൂടെ അവയെ വ്യാഖ്യാനിച്ച് ‘നിയമങ്ങളാക്കി’ മാറ്റുകയും ചെയ്യുക എന്ന സമീപനവും കൊളോണിയൽ അധികാര വ്യവസ്ഥയുടെ ഭാഗമായി രൂപപ്പെട്ടു.

ഈ വിജ്ഞാന സാങ്കേതികവിദ്യകൾ കോളനിവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ വെറുതെ വിവരിക്കുക മാത്രമല്ല ചെയ്തത്, മറിച്ച് സാമ്രാജ്യത്വ ഭരണത്തിന് അനുയോജ്യമായ രീതിയിൽ അവയെ പുനർനിർമ്മിക്കുകയായിരുന്നു എന്നതാണ് ഇവ നൽകുന്ന ഉൾകാഴ്ച. ഈ പ്രക്രിയക്കിടയിൽ, അധിനിവേശത്തിന് ഇരയായ മനുഷ്യൻ (The colonized subject) തന്നെയും പരിവർത്തനത്തിന് വിധേയനായി. തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട തരംതിരിക്കലുകളിലൂടെ മനുഷ്യർ തങ്ങളെത്തന്നെ നോക്കിക്കാണാൻ തുടങ്ങി. കൊളോണിയൽ വിജ്ഞാനപദ്ധതിയുടെ ഏറ്റവും ആഴത്തിലുള്ള ഹിംസ ഇതാണ്. അത് പുറത്തുനിന്ന് അധികാരം പ്രയോഗിക്കുക മാത്രമല്ല ചെയ്യുന്നത്. മറിച്ച്, മനുഷ്യന്റെ ആത്മബോധത്തെത്തന്നെ ഉള്ളിൽനിന്ന് പുനർനിർണ്ണയിക്കുക കൂടിയായിരുന്നു.
തരംതിരിക്കാനുള്ള (classify) അധികരത്തിലൂടെയാണ് കൊളോണിയലിസം അതിന്റെ ആധിപത്യം സ്ഥാപിച്ചതെങ്കിൽ, ആ അധികാരത്തിന്റെ തുടർച്ച തന്നെയാണ് എ.ഐ യും നിലനിർത്തുന്നത്. എന്നാൽ എ.ഐ ഇവിടെ കേവലം അറിവിനെ ക്രമീകരിക്കുക മാത്രമല്ല ചെയ്യുന്നത്. മറിച്ച്, അവയെ അതിവേഗത്തിൽ യാന്ത്രികവൽക്കരിക്കുന്നു കൂടി ഉണ്ട്. അറിവ് എങ്ങനെ നിർമ്മിക്കപ്പെടുന്നു, എങ്ങനെ സാധൂകരിക്കപ്പെടുന്നു, അത് എങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്നതിലുണ്ടായ ഘടനാപരമായ വിജ്ഞാനാധികാരം എന്ന നിലക്ക് എ.ഐ യെ സ്ഥാനപ്പെടുത്തുന്നുണ്ട്. ശാസ്ത്രീയമോ മതപരമോ ദാർശനികമോ ആയ എല്ലാ വിജ്ഞാനപദ്ധതികളും വ്യത്യസ്ത രീതികളിൽ ലോകത്തെ മനസ്സിലാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. വസ്തുനിഷ്ഠത അവകാശപ്പെടുമ്പോൾ പോലും, വ്യാഖ്യാനങ്ങൾക്കുള്ള ഒരിടം അവയിൽ എപ്പോഴും ബാക്കിയുണ്ടായിരുന്നു. എന്നാൽ അത്തരം വ്യാഖ്യാന ഉള്ളടക്കത്തെ അട്ടിമറിക്കുന്നു എന്നിടത്താണ് എ.ഐ ഘടനാപരമായി മാറ്റം കൊണ്ട് വരുന്നത്. അതിന്റെ പ്രാഥമിക ദൗത്യം എന്നത് മനസ്സിലാക്കലല്ല, മറിച്ച് പ്രവചനമാണ്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന് അത് ചോദിക്കുന്നില്ല. മറിച്ച്, അടുത്തതായി സംഭവിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് എന്ത് എന്നാണ് അത് അന്വേഷിക്കുന്നത്. വിശദീകരണങ്ങളെ അപ്രസക്തമാക്കിയും കാരണങ്ങൾ കണ്ടെത്തുന്നതിന് പകരം പരസ്പര ബന്ധത്തിന് പ്രാധാന്യം നൽകിയും, അർത്ഥത്തെക്കാൾ സാധ്യതക്ക് മുൻഗണന നൽകിയുമാണ് എ.ഐ പ്രവർത്തിക്കുന്നത്. വ്യാഖ്യാനാത്മകമായ അറിവിന് പകരം തികച്ചും സാങ്കേതികവും പ്രായോഗികവുമായ (Operational) ഒരു വിജ്ഞാനരൂപമാണ് എ.ഐ ഉൽപ്പാദിപ്പിക്കുന്നത്. പ്രവചനത്തിന്റെ കൃത്യത വർദ്ധിപ്പിക്കുന്നുണ്ടെങ്കിൽ ആ അറിവ് സത്യമാണ് എന്ന പുതിയൊരു മാനദണ്ഡം ഇവിടെ രൂപപ്പെടുന്നു. ഇത് അറിവിന്റെ അർത്ഥത്തെത്തന്നെ അപകടകരമാംവിധം പരിമിതപ്പെടുത്തുന്നുണ്ട്.
ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നതുകൊണ്ട് തങ്ങൾ തികച്ചും വസ്തുനിഷ്ഠമാണെന്ന അവകാശവാദത്തിൽ നിന്നാണ് AI സംവിധാനങ്ങൾ അധികാരം ആർജ്ജിക്കുന്നത്. എന്നാൽ ഈ നിഷ്പക്ഷതാവാദം ഘടനാപരമായിത്തന്നെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.
എന്തൊക്കെ ഡാറ്റയാണ് ശേഖരിക്കപ്പെട്ടിട്ടുള്ളത്, അവ ക്രമപ്പെടുത്തുന്നതിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്, വിഭാഗങ്ങൾ എങ്ങനെയാണ് നിർവചിക്കപെടുന്നത്, ഏതൊക്കെ ലക്ഷ്യങ്ങൾക്കാണ് മുൻഗണന നൽകപ്പെടുന്നത് തുടങ്ങിയ ചോദ്യങ്ങൾ ഇവിടെയും പ്രസക്തമാണ്. ഇവ കേവലം സാങ്കേതിക ചോദ്യങ്ങളല്ല, മറിച്ച് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട (Normative) തീരുമാനങ്ങളാണ്. ഇവ അൽഗോരിതത്തിന്റെ ഭാഗമാവുന്നതോടെ സ്വീകരിക്കുന്ന തീരുമാനങ്ങൾ അദൃശ്യമാവുകയും, അവയെ ചോദ്യം ചെയ്യൽ പ്രയാസകരമാവുകയും ക്രമേണ സ്വാഭാവികവൽക്കരിക്കപ്പെടുകയും ചെയ്യുന്നു. ഇവിടെയാണ് എ.ഐ വിജ്ഞാനാധികാരം ആർജിക്കുന്നത്. കൊളോണിയൽ ഭരണത്തിന് ഉദ്യോഗസ്ഥവൃന്ദത്തിന്റെ അധികാരം ആവശ്യമായിരുന്നുവെങ്കിൽ, എ.ഐ അതിന്റെ വിശ്വാസ്യതയിലൂടെയാണ് സ്വാധീനം ഉറപ്പിക്കുന്നത്.
സെൻസസുകളുടെ രീതി പോലെ എ. ഐ യും തരംതിരിക്കലുകളെ പ്രധാനമായി കാണുന്നുണ്ട്. എന്നാൽ സെൻസസ് പോലുള്ളവയിൽ നിന്ന് വ്യത്യസ്തമായി സുതാര്യമല്ലാത്ത ഘടനയാണ് എ.ഐ യുടേത് എന്ന് കാണാം. മനുഷ്യസഹജമായ തീരുമാനങ്ങളിൽ നിന്ന് വിഭിന്നമായി, എ.ഐ യുടെ തരംതിരിക്കലുകളിൽ സന്ദർഭങ്ങളെക്കുറിച്ചുള്ള തിരിച്ചറിവോ (Contextual reasoning), ലക്ഷ്യങ്ങളെക്കുറിച്ചുള്ള ബോധമോ, നൈതികമായ സൂക്ഷ്മതകളോ ഉണ്ടാകില്ല.
ഉദാഹരണത്തിന്, ഇന്ത്യയിലെ ഡിജിറ്റൽ ഐഡന്റിറ്റി അധിഷ്ഠിത ക്ഷേമപദ്ധതികളിൽ ഇത്തരം പ്രശ്നങ്ങൾ കാണാൻ കഴിയും. തെറ്റായ ഡാറ്റാബേസ്, കൃത്യമല്ലാത്ത വരുമാന സ്രോതസ്സുകൾ, തിരിച്ചറിയൽ രേഖകളുടെ അഭാവം എന്നിവയിലൂടെ അർഹമായ പലർക്കും വിഭവങ്ങൾ ലഭിക്കാതിരിക്കുകയും അനർഹർക്ക് ലഭിക്കുകയും ചെയുന്ന സാഹചര്യം നമ്മുടെ രാജ്യത്ത് സാധാരണയാണ്. ഇവിടെ അൽഗോരിതം ദാരിദ്ര്യത്തെയല്ല മനസിലാക്കുന്നത്. അവയെ അളക്കാൻ ഉപയോഗിക്കുന്ന ‘ഡാറ്റ’ അന്ധമായി അവലംബിക്കുകയാണ്.
മറ്റൊരു ഉദാഹരണം എടുത്താൽ മുൻകാലത്തെ കുറ്റകൃത്യങ്ങളുടെ ഡാറ്റ, അറസ്റ്റ് രേഖകൾ, ഭൂമിശാസ്ത്രപരമായ കണക്കുകൾ എന്നിവ വെച്ച് ഒരു പ്രദേശത്തെ ‘അപകട സാധ്യത മേഖലയായി’ തരംതിരിക്കാൻ പൊലീസിന് സാധിക്കും. അതിനെ തുടർന്ന് നിരന്തര നിരീക്ഷണങ്ങളും മുൻവിധികളും പ്രവർത്തിക്കുകയും പലപ്പോഴും പ്രസ്തുത മേഖലയിൽ ഉള്ളവർക്ക് അനിവാര്യമായ നീതി നിഷേധത്തിന് അവ കാരണമാവുകയും ചെയ്യുന്നു.
അഥവാ, നമ്മുടെ സാമൂഹിക സിസ്റ്റത്തിന്റെ പ്രവർത്തനങ്ങൾ പൂർണമായും ഡാറ്റാധിഷ്ഠിതം അല്ലാതിരിക്കുന്ന സന്ദർഭങ്ങളിലും സാമൂഹിക ഘടനയിൽ അവ എത്രമാത്രം സംഘർഷ സാധ്യതകളാണ് തുറന്നിടുന്നത് എന്നിടത്ത് ഡാറ്റ കേന്ദ്രീകൃത ലോകക്രമത്തിൽ അവ നിർമിക്കാൻ സാധ്യതയുള്ള വലിയ പ്രതിസന്ധികൾ എ.ഐ യുടെ ഉത്ഭവത്തോടെ നിർണായക ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പഴയ വിജ്ഞാന വ്യവസ്ഥകളിൽ അധികാരിയെ ചോദ്യം ചെയ്യാനാകുന്ന സാഹചര്യം നിലനിന്നിരുന്നു. എന്നാൽ എ.ഐ യിൽ അധികാരം എവിടെയാണെന്ന് പോലും കണ്ടെത്താൻ കഴിയില്ല. ഒരു എ.ഐ യുടെ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഡെവലപ്പർക്കോ, ഡാറ്റാ സെറ്റിനോ, അതോ അത് ഉപയോഗിക്കുന്ന സ്ഥാപനത്തിനോ എന്ന് നിർണയിക്കുക അസാധ്യമാണ്. ഓരോ വിധിനിർണ്ണയവും യുക്തിപരമായ വിശദീകരണത്തിന് ബാധ്യസ്ഥമാണെന്ന അടിസ്ഥാന തത്വമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്.
മറ്റൊരു പ്രശ്നം, കൊളോണിയൽ വിജ്ഞാനപദ്ധതികൾ ജനങ്ങളെ പുറത്ത് നിന്നാണ് നിയന്ത്രിച്ചിരുന്നതെങ്കിൽ എ.ഐ ഒരേസമയം പുറത്ത് നിന്നും അകത്ത് നിന്നും ആളുകളെ നിയന്ത്രിക്കാൻ ശേഷിയുള്ളവയാണ് എന്നതാണ്. നിരന്തരമായ ഡാറ്റാ ശേഖരണത്തിലൂടെയും പ്രതികരണങ്ങളിലൂടെയും മനുഷ്യരെ തരംതിരിക്കുകയും, പ്രസ്തുത പ്രതികരണങ്ങൾക്ക് അനുസരിച്ച് ആളുകളെ സ്വയം മാറാൻ അത് പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്നത്തെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ ഇവ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. പ്ലാറ്റ്‌ഫോം അൽഗോരിതങ്ങൾക്ക് അനുസൃതമായി ഉപഭോക്താക്കൾ തങ്ങളുടെ എല്ലാത്തരം ഇടപെടലുകളും ക്രമീകരിക്കുന്നു. തൊഴിലാളികൾ റേറ്റിംഗ് സംവിധാനങ്ങൾക്ക് അനുസരിച്ച് തങ്ങളെത്തന്നെ പാകപ്പെടുത്തുന്നു. രാഷ്ട്രീയ ഇടപെടലുകൾ നടത്തുമ്പോൾ പോലും തങ്ങളുടെ ഏതേത് ഇടപെടലുകളാണ് ‘ഫ്ലാഗ്’ ചെയ്യപ്പെടാൻ സാധ്യത എന്നതിൽ ശ്രദ്ധിച്ച് മാത്രം ഇടപെടാൻ ആളുകളെ അത് നിർബന്ധിക്കുന്നു. ഇവിടെ അധികാരം എന്നത് പ്രവർത്തനങ്ങളെ ഭരിക്കുക എന്നതിൽ നിന്ന് പ്രവർത്തനങ്ങളുടെ സാധ്യതകളെ മുൻകൂട്ടി നിശ്ചയിക്കുക എന്നതിലേക്ക് മാറുന്നുണ്ട്.
ഏറ്റവും അടിസ്ഥാന പ്രശ്നങ്ങളിൽ ഒന്ന് മനുഷ്യ സങ്കീർണതകൾ ലഘുകരിക്കപ്പെടുന്നു എന്നതാണ്. മനുഷ്യന്റെ സങ്കീർണ്ണമായ യാഥാർത്ഥ്യങ്ങളെ മെഷീനുകൾക്ക് വായിക്കാവുന്ന ഡാറ്റയായി പരിവർത്തിപ്പിക്കുക എന്നതാണ് എ.ഐ യുടെ അടിസ്ഥാനം. ഈ പ്രക്രിയയിൽ മനുഷ്യജീവിതത്തിന്റെ പല വശങ്ങളും അവഗണിക്കപ്പെടുന്നു. വികാരങ്ങൾ, ബന്ധങ്ങൾ, ധാർമികത തുടങ്ങിയവ അപ്രധാനമായി മാറുന്നു. ജീവിതത്തിലെ വൈരുദ്ധ്യങ്ങളും, സന്ദർഭത്തിനനുസരിച്ചുള്ള മാറ്റങ്ങളും, അനിശ്ചിതത്വങ്ങളും ഇവിടെ ഇല്ലാതാകുന്നു. മനുഷ്യൻ വെറുമൊരു ‘ഡാറ്റാ സബ്ജക്ട്’ ആയി മാറുന്നു. ഇതിലാണ് യഥാർത്ഥ വിജ്ഞാനപരമായ ഹിംസ (Epistemic violence) അടങ്ങിയിരിക്കുന്നത്.
ഇത്തരമൊരു ജ്ഞാനരീതി പുതിയൊരു സാമൂഹിക വ്യവസ്ഥയെ തന്നെ കെട്ടിപ്പടുക്കുന്നുണ്ട്. വ്യാഖ്യാനങ്ങൾക്ക് പകരം സാധ്യതകളും, സംവാദങ്ങളെക്കാൾ സാങ്കേതിക മികവും, യുക്തിയേക്കാൾ ഫലപ്രാപ്തിയും അവയുടെ ആണിക്കല്ലായി നിലകൊള്ളുന്നു. മനുഷ്യന്റെ വിവേചനബുദ്ധി പക്ഷപാതപരമായും, മതപരമായ യുക്തികൾ അയുക്തിയായും, നൈതികമായ ആലോചനകൾ കാര്യക്ഷമതയില്ലാത്തവയായും ഇവിടെ മുദ്രകുത്തപ്പെടുന്നു. എല്ലാ അറിവുകൾക്കും മുകളിൽ അൽഗോരിതം നിർണയിക്കുന്ന അറിവ് പ്രതിഷ്ഠിക്കപ്പെടുന്നു. നിർമ്മിത ബുദ്ധി എന്നത് അറിവ് ഉൽപ്പാദിപ്പിക്കുന്ന വെറുമൊരു ഉപകരണം മാത്രമല്ല. മറിച്ച്, എന്താണ് അറിവ് എന്ന് പുനർനിർവ്വചിക്കുന്ന ഒരു വ്യവസ്ഥയാണത്. മനസ്സിലാക്കുന്നതിനേക്കാൾ പ്രവചനത്തിനും, അർത്ഥത്തേക്കാൾ ഡാറ്റയ്ക്കും, വിവേചനബുദ്ധിയേക്കാൾ കണക്കുകൂട്ടലുകൾക്കും അത് മുൻഗണന നൽകുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, നിഷ്പക്ഷതയുടെ മറവിൽ അത് പുതിയൊരു വിജ്ഞാനധികാരമായി സ്വയം പ്രതിഷ്ഠിക്കുന്നു. കൊളോണിയൽ വിജ്ഞാനത്തേക്കാൾ അദൃശ്യവും എന്നാൽ അതിനേക്കാൾ ശക്തവുമായി അത് നമ്മുടെ സാമൂഹിക ജീവിതത്തിൽ ഇടപെടുന്നു.
അറിവിനെ അളക്കുന്ന ചില പ്രത്യേക രീതികളെ മാത്രം സാർവത്രികമാക്കി കൊണ്ടാണ് എ.ഐ അതിന്റെ അധികാരം ഉറപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ സാങ്കേതികവിദ്യയെ എങ്ങനെ നിയന്ത്രിക്കണം എന്നതിനേക്കാൾ പ്രധാനപ്പെട്ട ചോദ്യം, അതിന്റെ വിജ്ഞാനപരമായ അടിത്തറകളെ എങ്ങനെ റീഫ്രെയിം ചെയ്യാം എന്നാണ്. സാങ്കേതിക വിദ്യകൾക്കുള്ളിൽ അറിവ് എങ്ങനെ രൂപപ്പെടുന്നു, അതിന് എങ്ങനെ സാധുത ലഭിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണങ്ങൾ സ്വാഭാവികമായും അതിനെയൊരു ദാർശനിക പ്രശ്നമായി കാണാൻ നമ്മളെ സഹായിക്കുന്നുണ്ട്.
എ.ഐ യുടെ വിജ്ഞാനപരമായ ഏകസ്വരതയെ നിരാകരിക്കുന്ന, പോസ്റ്റ് കൊളോണിയലായ വിശകലന യുക്തി ഇവിടെ പ്രധാനമാണ്. ഡാറ്റയും കമ്പ്യൂട്ടേഷണൽ രീതികളും വഴി മാത്രമേ സത്യത്തെ അറിയാൻ കഴിയൂ എന്ന മുൻധാരണക്ക് പകരമായി ‘വിജ്ഞാനപരമായ ബഹുസ്വരത’ (Epistemic pluralism) എന്ന കാഴ്ചപ്പാട് പുതിയൊരു ഫ്രെയിംവർക് ആയി മുന്നോട്ട് വെക്കേണ്ടതുണ്ട്.
ഇവിടെ ബഹുസ്വരത എന്നത് കേവലം ‘ഉൾപ്പെടുത്തൽ’ അല്ല, മറിച്ച് സംവിധാനങ്ങളുടെ ഘടനാപരമായ പുനഃക്രമീകരണമാണ്. ശാസ്ത്രം, മതം, നൈതികത, അനുഭവങ്ങൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ വിജ്ഞാന രീതികൾ പരസ്പരം സഹകരിച്ചു പോകുന്നതിനോടൊപ്പം തന്നെ, ഓരോ മേഖലയിലും അവയുടെ തനതായ ആധികാരികത നിലനിർത്തേണ്ടത് അനിവാര്യതയാണ്. ഉദാഹരണത്തിന്, വലിയ വിവരശേഖരങ്ങളിൽ നിന്ന് പാറ്റേണുകൾ കണ്ടെത്താൻ അൽഗോരിതങ്ങൾ സഹായിച്ചേക്കാം. എന്നാൽ നീതി, ധാർമ്മിക ഉത്തരവാദിത്തം, മനുഷ്യന്റെ ലക്ഷ്യബോധം തുടങ്ങിയവയെ വെറുമൊരു ‘ഡാറ്റാ വിശകലനമായി’ ചുരുക്കിയാൽ അത് വലിയ വികലമായ കാഴ്ചപ്പാടുകൾക്ക് വഴിതെളിക്കും. അതുകൊണ്ട് തന്നെ, എല്ലാ പ്രശ്നങ്ങളും അൽഗോരിതങ്ങളിലൂടെ പരിഹരിക്കാവുന്നതല്ലെന്നും എല്ലാ സത്യങ്ങളും ഡാറ്റയെ മാത്രം ആശ്രയിച്ചല്ല നിൽക്കുന്നതെന്നുമുള്ള ബോധ്യത്തിൽ നിന്നാണ് ‘ബഹുസ്വരതയുടെ’ സാധ്യതകൾ വികസിക്കുന്നത്.

മറ്റൊന്ന്, ‘അതിരുകളെ’ (Limits) തിരിച്ച് കൊണ്ട് വരിക എന്നതാണ്. നിലവിലെ സാങ്കേതിക ചർച്ചകളിൽ ഈ ആശയം മിക്കവാറും അസാന്നിധ്യമാണ്. ഇന്നത്തെ എ.ഐ വികസനം ഒരുതരം അധിനിവേശ യുക്തിയിലാണ് പ്രവർത്തിക്കുന്നത്. കൂടുതൽ ഡാറ്റ, കൂടുതൽ മേഖലകൾ, കൂടുതൽ അധികാരങ്ങൾ എന്ന കൊളോണിയൽ യുക്തി ഇവിടെ വളരെ പ്രകടമാണ്. യാഥാർത്ഥ്യത്തിന്റെ എല്ലാ തലങ്ങളെയും കണക്കുകൂട്ടലുകളിലൂടെ അറിയാൻ കഴിയും എന്നൊരു രഹസ്യമായ മുൻധാരണ ഇതിനു പിന്നിലുണ്ട്. ധാർമ്മിക വിധിനിർണ്ണയം, മതപരമായ അനുഭവം, നൈതികമായ ആലോചനകൾ, അസ്തിത്വപരമായ അർത്ഥം തുടങ്ങിയവയൊന്നും കണക്കുകൂട്ടാൻ പ്രയാസമുള്ള കാര്യങ്ങൾ എന്ന നിലക്കല്ല മനസിലാക്കപ്പെടേണ്ടത്, മറിച്ച് കണക്കുകൂട്ടലുകൾക്ക് വഴങ്ങാത്തവയാണ് ഇവ എന്നാണ്. ഇത് സാങ്കേതികമായ ഒരു പരിമിതിയല്ല, മറിച്ച് വിജ്ഞാനപരമായ ഒരു അതിരാണ്. ഇവയെ മറികടക്കുന്നത് ഒരർത്ഥത്തിൽ വിജ്ഞാനപരമായ അതിർലംഘനമാണ്.
മൂന്നാമതായി, ആധുനിക സാങ്കേതിക സംവിധാനങ്ങൾ പലപ്പോഴും സമൂഹത്തിന് മുകളിൽ നിൽക്കുന്ന നിഷ്പക്ഷമായ അടിസ്ഥാന സൗകര്യങ്ങളെപ്പോലെയാണ് പ്രവർത്തിക്കുന്നത്. വിജ്ഞാനപരമായ ബഹുസ്വരത ഈ ബന്ധത്തെ തിരിച്ചിടാനാണ് ആവശ്യപ്പെടുന്നത്. സാങ്കേതികവിദ്യയെ സമൂഹത്തിന് മേൽ പ്രയോഗിക്കുന്ന ഒന്നായല്ല, മറിച്ച് സാമൂഹിക – സാംസ്കാരിക – നൈതിക സാഹചര്യങ്ങൾക്കുള്ളിൽ നിൽക്കുന്ന ഒന്നായി കാണൻ കഴിയണം. അഥവാ എല്ലാ സാങ്കേതികവിദ്യകളും മനുഷ്യന്റെ പെരുമാറ്റത്തെയും മൂല്യങ്ങളെയും കുറിച്ചുള്ള ചില മുൻധാരണകളെ ഉൾക്കൊള്ളുന്നുണ്ടെന്ന് തിരിച്ചറിയുകയും ഈ മുൻധാരണകളെ പൊതുസമൂഹത്തിന്റെയും സംസ്കാരത്തിന്റെയും ദർശനങ്ങളുടെയും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുയും ചെയ്യേണ്ടത് അനിവാര്യമാണ്. Anthropic കമ്പനിയുടെ സി.ഈ.ഒ ഡാരിയോ അമോദേ സാം ആൾട്മാനുമായി പിരിയുന്നത് ചില ആശയപരമായ കാരണങ്ങളാലാണ്. സാങ്കേതികവിദ്യ പുറത്തിറക്കുന്നതിന് മുൻപായി വളരെ കർക്കശമായ പരിശോധനകൾ നടത്തണമെന്നും, മുൻകൂട്ടി നിശ്ചയിച്ച നൈതിക നിയമങ്ങൾകൊണ്ട് (Constitutional AI) മോഡലുകളെ നിയന്ത്രിക്കണമെന്നുമാണ് അമോദേയുടെ പക്ഷം. അതേസമയം സാം ആൾട്മാനെ സംബന്ധിച്ച് നിരന്തര ഉപയോഗത്തിലൂടെ ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടത്.
ഇന്ത്യയിലേക്ക് വന്നാൽ അദാനിയും അംബാനിയും ഡാറ്റ സെന്ററുകൾക്ക് വേണ്ടി വൻ തുക മുടക്കുന്ന വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ടാവും. അതേസമയം ഇന്ത്യയുടെ ഭാവി പ്രൊജക്റ്റ് എന്ന ഒറ്റ ആഖ്യാനത്തിൽ നിന്ന് മാറി അവ ഉണ്ടാക്കാൻ പോവുന്ന പ്രത്യാഘാതങ്ങൾ കൂടി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്ന് വിദഗ്ദർ അഭിപ്രായപെടുന്നുണ്ട്.
അഥവാ ഓരോ സാങ്കേതിക വിദ്യയ്ക്ക് പിന്നിലുമുള്ള സാംസ്കാരിക മുൻവിധികളെ പൊതുജനമധ്യത്തിൽ ചർച്ച ചെയ്യണം. സാങ്കേതികവിദ്യയുടെ രൂപകൽപ്പനയിൽ പ്രാദേശികമായ വിജ്ഞാന രീതികളെയും ആവശ്യങ്ങളെയും ഉൾക്കൊള്ളിക്കാനുള്ള ശ്രമങ്ങൾ/ സംവാദങ്ങൾ ഉന്നയിക്കപ്പെടണം. ഇവയിലൂടെ ബഹുസ്വരമായ നിരന്തര സംവാദങ്ങൾ, പുതുക്കി പണിയലുകൾ ഈ മേഖലയിൽ ഉണ്ടാവേണ്ടതുണ്ട്. ഈ പുതിയ ചട്ടക്കൂടിൽ, മതത്തെ സാങ്കേതിക വളർച്ചയ്ക്ക് തടസ്സമാകുന്ന ഒന്നായല്ല നാം കാണേണ്ടത്. മറിച്ച്, കമ്പ്യൂട്ടറുകൾക്ക് നൽകാൻ കഴിയാത്ത ചില നൈതിക ബോധ്യങ്ങളും അർത്ഥതലങ്ങളും നൽകാൻ കഴിയുന്ന ഒരു വിജ്ഞാന പാരമ്പര്യമായി മതത്തെ തിരിച്ചറിയാനും പുനർ നിർവചിക്കാനും സാധിക്കണം (ഈ ഭാഗം വിശദമായി പിന്നീട് ചർച്ച ചെയ്യേണ്ടതാണ്). ചുരുക്കത്തിൽ, സാങ്കേതികവിദ്യ എന്നത് സമൂഹത്തിന് മേൽ അടിച്ചേൽപ്പിക്കേണ്ട ഒരു സാർവത്രിക ഭാഷയല്ല; മറിച്ച് അത് ആ സമൂഹത്തിന്റെ ചരിത്രത്തിനും മൂല്യങ്ങൾക്കും അനുസൃതമായി വികസിപ്പിക്കേണ്ട ഒരു സാമൂഹിക പ്രക്രിയയാണ്.
യാഥാർത്ഥ്യങ്ങളെ നിർവ്വചിക്കാനും തരംതിരിക്കാനുമുള്ള അധികാരത്തിലൂടെയാണ് കൊളോണിയലിസം പ്രവർത്തിച്ചിരുന്നതെങ്കിൽ, ഇന്നത്തെ അൽഗോരിത സംവിധാനങ്ങൾ ആ അധികാരത്തെ കൂടുതൽ വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്. നിഷ്പക്ഷവും അനിവാര്യവും സാർവത്രികവുമാണെന്ന വ്യാജേന പഴയ കൊളോണിയൽ ജ്ഞാനവ്യവഹാരങ്ങളെ തന്നെയാണ് അവ പുനരുജ്ജീവിപ്പിക്കുന്നത്. കേവലം പക്ഷപാതങ്ങൾ (bias) തിരുത്തുന്നതിലോ ഡാറ്റാ സെറ്റുകൾ മെച്ചപ്പെടുത്തുന്നതിലോ മാത്രം ഈ വെല്ലുവിളി ഒതുങ്ങുന്നില്ല. അത്തരം പരിഹാരങ്ങൾ നിലവിലുള്ള ചട്ടക്കൂടിനുള്ളിൽ നിന്നുള്ളത് തന്നെയാണ്. അൽഗോരിതങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിലാണ് പ്രശ്നമെന്നാണ് അവ കരുതുന്നത്. എന്നാൽ അതിനേക്കാൾ പ്രധാനമായ ചോദ്യം, അൽഗോരിതങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ അനുവാദമുണ്ട് എന്നതാണ്.
നിർമ്മിത ബുദ്ധിയെക്കുറിച്ചുള്ള ഇന്നത്തെ ധാർമ്മിക ചർച്ചകളെല്ലാം ‘പക്ഷപാതം’ (bias) എന്ന ആശയത്തിന് ചുറ്റുമാണ് കറങ്ങുന്നത്. ഡാറ്റയിലെയും മോഡലുകളിലെയും പിഴവുകൾ പരിഹരിച്ചാൽ എല്ലാം ശരിയാകുമെന്ന് കരുതുന്നതിൽ വിശകലന പ്രശ്നങ്ങൾ ഉണ്ട്. എ.ഐയെ മനസിലാക്കേണ്ടത് തെറ്റുകൾ വരുത്തുന്ന ഒരു സാങ്കേതിക സംവിധാനം എന്ന നിലക്കല്ല. മറിച്ച് അറിവിന്മേൽ അധികാരം സ്ഥാപിക്കുന്ന ഒരു വ്യവസ്ഥയായാണ്. സാമൂഹിക യാഥാർത്ഥ്യങ്ങളെ നിർവ്വചിക്കാനുള്ള ഈ അധികാരം ആരാണ് ഈ സംവിധാനങ്ങൾക്ക് നൽകിയത് എന്ന ചോദ്യം ഇവിടെയാണ് പ്രസക്തമാവുന്നത്.
മനുഷ്യജീവിതത്തിന്റെ ഏതൊക്കെ വശങ്ങളെയാണ് അളക്കാൻ കഴിയുകയെന്നും ഏതൊക്കെ വശങ്ങളെയാണ് കണക്കുകൂട്ടലുകൾക്ക് വിട്ടുകൊടുക്കാൻ പാടില്ലാത്തതെന്നും നാം തീരുമാനിക്കേണ്ടതുണ്ട്. ഇത് സാങ്കേതികമായ ഒരതിരല്ല, മറിച്ച് രാഷ്ട്രീയവും ദാർശനികവുമായ ഒരു തീരുമാനമാണ്. അപകടം അവയുടെ തെറ്റുകളല്ല, മറിച്ച് അവയുടെ സമഗ്രാധിപത്യ പ്രവണതയാണ്. കൂടുതൽ ഡാറ്റയിലൂടെ എല്ലാ പെരുമാറ്റങ്ങളും നിരീക്ഷിക്കപ്പെടുന്ന, എല്ലാ തീരുമാനങ്ങളും മുൻകൂട്ടി നിശ്ചയിക്കപ്പെടുന്ന ഒരു ലോകം ഇത് സൃഷ്ടിക്കുന്നു. കൊളോണിയൽ വിജ്ഞാനപദ്ധതികൾ പ്രാദേശിക അറിവുകളെ മാറ്റിനിർത്തിക്കൊണ്ട് പുറത്തുനിന്നുള്ള വ്യാഖ്യാനങ്ങൾ അടിച്ചേൽപ്പിക്കുകയാണ് ചെയ്തതെങ്കിൽ ഇവിടെയും അത് തന്നെയാണ് ആവർത്തിക്കുന്നത്. വരും കാലത്ത് എ.ഐ അടക്കമുള്ള നൂതന സാങ്കേതിക വിദ്യകളുടെ വികാസം ഗ്ലോബൽ നോർത്തും ഇതര ജനവിഭാഗങ്ങളും തമ്മിലെ അന്തരം പുതിയ രീതിയിൽ വികസിപ്പിക്കുന്നതിന് നമ്മൾ സാക്ഷികളാവും.
കൊളോണിയലിസം ആധുനികതയെക്കുറിച്ച് ഏകപക്ഷീയമായ ഒരു കാഴ്ചപ്പാട് അടിച്ചേൽപ്പിച്ചതുപോലെ, ഇന്നത്തെ സാങ്കേതിക വിദ്യകൾ ഭാവിയെക്കുറിച്ച് ഒരേയൊരു കാഴ്ചപ്പാട് മാത്രം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. അൽഗോരിതങ്ങളെ അപകോളനീകരിക്കുക എന്നത് അധികാരത്തിന്റെ പുനർവിന്യാസമാണ്. അത് സാങ്കേതികവിദ്യയുടെ ലഭ്യതയെക്കുറിച്ച് മാത്രമല്ല, അറിവിനെ നിർവ്വചിക്കാനുള്ള അധികാരത്തെക്കുറിച്ച് കൂടിയാണ് സംസാരിക്കുന്നത്. നമ്മുടെ മുന്നിലെ ചോദ്യം സാങ്കേതികവിദ്യയുടെ ഭാവി മാത്രമല്ല, അറിവിന്റെ തന്നെ ഭാവിയാണ്. ആരാണ് അറിവ് നിർമ്മിക്കുന്നത്, അത് എങ്ങനെ സാധൂകരിക്കപ്പെടുന്നു, ഏതുതരം ജീവിതരീതികളെയാണ് അത് അനുവദിക്കുന്നത് എന്ന ചോദ്യങ്ങളാണ് അവ ഉന്നയിക്കുന്നത്.
ഇവിടെ ഉന്നയിക്കപ്പെട്ട വാദങ്ങൾ സാങ്കേതിക വിദ്യയോടുള്ള പൊതുവായ നിഷേധമോ എ.ഐ യോടുള്ള സവിശേഷ വിരക്തിയോ അല്ല. മറിച്ച് നിലവിൽ എ. ഐ യെ ചുറ്റിപ്പറ്റിയുള്ള സംവാദങ്ങൾ അളവിൽ കവിഞ്ഞ ശ്രദ്ധ ആകർഷിക്കുകയും നമ്മുടെ പലതരം ജീവിത വ്യവഹാരങ്ങളിൽ സമൂലമായ മാറ്റം കൊണ്ടും വരികയും ചെയ്യുന്ന സാഹചര്യത്തിൽ, വിമർശന യുക്തിയേക്കാൾ ഏകപക്ഷിയമായ തീർപ്പിൽ അവയെ കാണാനുള്ള വ്യഗ്രത ലോകത്ത് ആകമാനം ഉണ്ടെന്നതാണ്. അത്തരം സാഹചര്യത്തിൽ വിമർശനത്തിന്റെ ആവശ്യകതയെ മുൻനിർത്തി മാത്രമാണ് ഇവ എഴുതിയിട്ടുള്ളത്. എ.ഐ യെയും സാങ്കേതിക വിദ്യയെയും മുൻനിർത്തി സാമൂഹികവും മത ദാർശനിക അടിത്തറയിൽ നിന്നുള്ളതമായ ചർച്ചകൾ കൂടി ഇതിന്റെ ഭാഗമായി ഉണ്ടായി വരേണ്ടതുണ്ട്. അതുകൂടി ചേരുമ്പോഴാണ് ഈ വിമർശനങ്ങൾക്ക് കൂടുതൽ വ്യക്തത കൈവരിക്കാൻ സാധിക്കുക.








