First published in English in The Asian Game on June 2, 2026.
ജംഷീദിന്റെ മുഖത്ത് നിന്ന് ഇന്നും എല്ലാം വായിച്ചെടുക്കാം. തുകൽ പന്തിന്റെ മണം, ചെളിപുരണ്ട സെവൻസ് മൈതാനങ്ങൾ, കാലിക്കറ്റ് സർവ്വകലാശാലയിലെ കഴിഞ്ഞു പോയ കാലം. ഇന്നയാൾ ദോഹയിൽ ഒരു അക്കൗണ്ടന്റാണ്. ദോഹയുടെ യാന്ത്രികതയിൽ, കഴിഞ്ഞ മുപ്പത് വർഷമായി അക്കങ്ങളുടെ നിശ്ശബ്ദ ലോകത്ത് കൂട്ടിയും കിഴിച്ചും അദൃശ്യനായൊരു പ്രവാസി.
പക്ഷേ, ആരെങ്കിലും ‘തലശ്ശേരി’ എന്ന് ഉച്ചരിക്കുമ്പോൾ അയാൾക്കൊരു നേർത്ത വിറയൽ അനുഭവപ്പെടും. പണ്ടെന്നോ ജീവന് തുല്യം പ്രണയിച്ചൊരാളുടെ പേര് പെട്ടെന്ന് കേൾക്കുമ്പോൾ ഉള്ളിലുണരുന്ന ചൂടുള്ള ഒരു ഓർമ്മ പോലെ.
അറബിക്കടൽ കണ്ണിൽ പതിക്കുന്നതിനും മുൻപ് അതിന്റെ ഇരമ്പൽ കാതിലെത്തുന്ന, ഉപ്പുകാറ്റ് നെഞ്ചിൽ വന്ന് തൊടുന്ന കണ്ണൂരിലെ ആ ചെറിയ തീരദേശ പട്ടണത്തിലെ ജനങ്ങൾ ആ നാടിന്റെ ഭൂമിശാസ്ത്രത്തിന് ഉൾക്കൊള്ളാൻ ശേഷിയില്ലാത്തത്ര ആഴമേറിയ ഒരു പ്രണയം സൂക്ഷിക്കുന്നുണ്ട്. അത് ഫുട്ബോളിനോടാണ്!
നവംബർ മുതൽ മേയ് വരെ, കേരളത്തിന്റെ കൊയ്ത്തൊഴിഞ്ഞ നെൽപ്പാടങ്ങളിലൂടെ ഒഴുകിപ്പരക്കുന്ന സെവൻസ് ടൂർണ്ണമെന്റുകളിലൂടെയാണ് ജംഷീദ് വളർന്നത്. വലിയ ഗ്യാലറികളോ, ടിക്കറ്റ് ക്യൂകളോ, നാളത്തെ ഹീറോകളെ കണ്ടെത്താൻ കാത്തുനിൽക്കുന്ന സ്കൗട്ടുകളോ ഇല്ലാത്ത ആ മൈതാനങ്ങൾ ഇരുപത് കിലോമീറ്ററിനപ്പുറത്തുള്ള ലോകത്തിന് വെറുമൊരു വിനോദമായിരുന്നു; എന്നാൽ അതിനകത്ത് ജീവിച്ചവർക്ക്, അത് ജീവനായിരുന്നു, ആകാശമായിരുന്നു, ആരാധനയായിരുന്നു.
അയാൾ നല്ലൊരു കളിക്കാരനായിരുന്നു. യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടാനും മാത്രം മികച്ചവൻ. കുറച്ചുകാലത്തേക്കെങ്കിലും, പന്തുകളി അയാൾക്ക് അർഹിച്ച അംഗീകാരം നൽകി.
1996-ൽ, ലക്ഷങ്ങൾ നടന്നു കഴിഞ്ഞ, ഇനിയും ലക്ഷങ്ങൾ നടന്നു കൊണ്ടിരിക്കുന്ന ആ പ്രവാസവീഥിയിൽ ജംഷീദും ചേർന്നു. ദോഹയിലേക്ക് അയാൾ പറന്നു. അവിടെ ഒരു അക്കൗണ്ടന്റായി, നാട്ടിലേക്ക് പണമയക്കാൻ തുടങ്ങി. വളപ്പട്ടണക്കാരി ഷൈമയോടൊത്ത് ഒരു ജീവിതം കെട്ടിപ്പടുത്തു. അപ്പോഴൊക്കെയും സന്ധ്യമയങ്ങുമ്പോൾ, ഒറ്റയ്ക്കിരുന്ന് അയാൾ ഫുട്ബോൾ കളി കാണാൻ മറന്നിരുന്നില്ല. ജീവിതത്തിന്റെ ചേരുവകളെല്ലാം ഒരു പുതിയ നാട്ടിലേക്ക് ചേർത്തുവെച്ചിട്ടും, നെഞ്ചിലെ ആ കളിത്തുടുപ്പ് മാത്രം പറിച്ചുമാറ്റാൻ കഴിയാതിരുന്ന ഒരു മനുഷ്യന്റെ ആഴമേറിയ നിശ്ശബ്ദതയുടെ കഥയാണിത്.
അപമാനത്തിന്റെ ചാരത്തിൽ നിന്ന് ജ്വലിച്ചെഴുന്നേറ്റ ഒരു ജനത
ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വിചിത്രവും ആഴമേറിയതുമായ ഒരു പ്രണയകഥയാണ് കേരളത്തിനുള്ളത്. തിരിച്ചൊന്നും നൽകിയില്ലെങ്കിലും പൂർണമായി സമർപ്പിക്കുന്ന വിചിത്ര പ്രണയം.
ഇത് കൊളോണിയൽ ഭരണകൂടത്തിന്റെ മതിലുകൾ തകർത്തതിൽ നിന്ന് ജനിച്ച പ്രണയമല്ല മറിച്ച് ആ മതിലുകൾക്കകത്ത് ഇടം കിട്ടാതിരുന്നതിൽ നിന്ന്, ആ കൊടും അപമാനത്തിൽ നിന്ന് ഉടലെടുത്തത്താണ്. “ലോകം സമ്മതിച്ചാലും ഇല്ലെങ്കിലും ഈ കളി ഞങ്ങളുടേതാണ്” എന്ന് ഉൾക്കരുത്തോടെ ഉറക്കെ പ്രഖ്യാപിച്ചാണതിന്റെ തുടക്കം.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം, മലബാർ സ്പെഷ്യൽ പോലീസിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഫുട്ബോൾ ഇവിടേക്ക് കൊണ്ടുവന്നപ്പോൾ, തദ്ദേശീയർക്ക് കിട്ടിയ ജോലി ഒന്നേ ഒന്നാണ്; ടച്ച്ലൈൻ കടന്ന് പാഞ്ഞുപോകുന്ന പന്ത് ഓടിച്ചെന്ന് എടുത്തുകൊടുക്കുക. ഉൾപ്പെടുത്തുന്നതിന് പകരം ഉപയോഗിക്കപ്പെക്കുന്ന ആ അപഹാസത്തിൽ നിന്ന് എന്തോ ഒന്ന് ആളിക്കത്തി.
ഉപ്പ് സത്യഗ്രഹത്തിന് ജയിലിലടക്കപ്പെട്ട കുതിര സവാരി നടത്തിയിരുന്ന കോഴിക്കോട്ടുകാരൻ കുട്ടൻ, തന്റെ ആ കൊളോണിയൽ ജയിലിൽ നിന്ന്, ഒരു മനുഷ്യന് ആർജ്ജിക്കാൻ കഴിയുന്ന സകല ആത്മബലവും ചേർത്ത്, നഗരത്തിലെ ആദ്യ ഫുട്ബോൾ ക്ലബ്ബ് ഉണ്ടാക്കി. ബ്രിട്ടീഷുകാർ കൊണ്ടുവന്ന കളിയിൽ പങ്കാളിയാകുകയല്ലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. മറിച്ച് അവരെ, അവരുടെ കളിയിൽ തന്നെ, നാണം കെടുത്തിത്തോൽപ്പിക്കുക എന്നതായിരുന്നു.
കോഴിക്കോടിന്റെ ഉപ്പുകാറ്റിൽ ഇന്നും അലയുന്ന ഒരു കഥയുണ്ട്. ഔദ്യോഗിക ചരിത്രരേഖകളില്ലാത്ത, പക്ഷേ സത്യത്തിന്റെ ഉപ്പുള്ള ഒരു കഥ. 1940-കളിൽ ചെരുപ്പുപോലും ഇല്ലാത്ത നാട്ടുകാർ ബ്രിട്ടീഷ് ആർമി ടീമിനെ ആ മൈതാനത്ത് വെച്ച് അടിയറവു പറയിപ്പിച്ചതിന്റെ കഥ. തെളിവ് നിരത്താൻ ആവില്ലായിരിക്കും. പക്ഷേ ആ കഥയ്ക്ക് സത്യത്തിന്റെ സ്വഭാവമുണ്ട്.
എന്നാൽ തെളിവുള്ള ഒന്നുണ്ട്; അതാണ് അതിനു ശേഷം വന്ന സെവൻസ്. മലപ്പുറത്തെ ചെളിനിറഞ്ഞ പാടങ്ങളിൽ ജനിച്ച്, കേരളമൊട്ടാകെ ഒഴുകിപ്പരന്ന ഈ ദേശത്തിന്റെ സ്വന്തം കാൽപന്ത് കളിഭാഷ. പക്ഷെ ഇത് പുതിയൊരു കണ്ടുപിടിത്തത്തേക്കാൾ ഈ മണ്ണിൽ എന്നോ ഒളിഞ്ഞുകിടന്നിരുന്ന ഒന്നിനെ ആരോ തൊട്ടുണർത്തിയതുപോലെയുള്ള, ഒരു വെളിപാട് പോലെയുള്ള ഒന്നാണ്.
ഏഴ് കളിക്കാർ. ചെറിയ മൈതാനം. സെവൻസ് മൈതാനങ്ങൾ കളിക്കാരിൽ വളർത്തുന്ന ഗുണങ്ങൾ തന്നെയാണ് ഈ കളിയുടെ ശക്തിയും; അസാധാരണമായ ബോൾ നിയന്ത്രണം, നിമിഷനേരത്തെ തീരുമാനമെടുക്കാനുള്ള മിടുക്ക്, ഇടമില്ലെന്ന് തോന്നുന്ന സാഹചര്യങ്ങളിൽ പോലും അവസരങ്ങൾ കണ്ടെത്താനുള്ള കഴിവ്. ഓരോ വർഷവും നൂറുകണക്കിന് ടൂർണമെന്റുകൾ, ആയിരക്കണക്കിന് കളിക്കാർ. “സെവൻസ് കളിക്കാത്ത ഒരൊറ്റ പ്രൊഫഷണൽ ഫുട്ബോളറും കേരളത്തിൽ ഉണ്ടാകില്ല” എന്ന് ഐ.എം. വിജയൻ പറഞ്ഞത് അത് എത്രത്തോളം പ്രൊഫഷനൽ ഫൂട്ബാളിന്റെ തന്നെ ഭാഗമായിട്ടുണ്ട് എന്നതിന്റെ സൂചനയാണ്.
എന്നിട്ടും, ഒരു ലോകകപ്പ് ഇന്നും നമുക്ക് അകലെയാണ്. ഈ മണ്ണ് ജനിപ്പിച്ച പ്രതിഭകളെ അർഹിക്കുന്ന ഉയരങ്ങളിലെത്തിക്കാൻ പോന്ന ഒരു കവാടവും ഈ ജനതയ്ക്ക് മുൻപിൽ തുറക്കപ്പെട്ടില്ല.
കൈയിൽ പ്രണയം മാത്രമേ ഉള്ളൂ എന്ന് അറിഞ്ഞും ഒന്നിനെ ആജീവനാന്തം പ്രണയിക്കാൻ കഴിയുമോ? കേരളം അതും ചെയ്തു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള പ്രണയം. അംഗീകാരം അവർക്കു നിഷേധിക്കുന്നതിൽ ലോകം ഒരിക്കലും പിശുക്ക് കാണിച്ചിരുന്നില്ലെങ്കിലും ലോകത്തിന്റെ പരിഗണനക്കായി കാത്തുനിൽക്കേണ്ടതില്ലെന്ന് മനസ്സിലാക്കിയവരുടെ അചഞ്ചലമായ സമർപ്പണത്തോടെയുള്ള പ്രണയം.
ദോഹയിലെ ലോകകപ്പും, അവിശ്വസിക്കുന്നവരോടുള്ള മറുപടിയും
അങ്ങനെ 2022-ൽ ലോകകപ്പ് ദോഹയിലെത്തി. ഇതിന് കളിക്ക് പുറത്തും ചില കാര്യങ്ങളുണ്ട്.
ഖത്തർ എന്നത് ഏതാനും മലയാളികൾ ജീവിക്കുന്ന ഒരു ഗൾഫ് രാജ്യം മാത്രമല്ല, ആധുനിക ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ദീർഘവും ആഴമേറിയതുമായ കുടിയേറ്റത്തിന്റെ ഹൃദയഭൂമിയാണ്. അവസരങ്ങളേക്കാൾ കൂടുതൽ പ്രതിഭകൾ ജനിക്കുന്ന ഭാരത്താലാണ്, അരനൂറ്റാണ്ടായി, കേരളം തന്റെ മക്കളെ ഗൾഫിലേക്കയക്കുന്നത്.
അവർ നഴ്സുമാരും എഞ്ചിനീയർമാരും അക്കൗണ്ടന്റുമാരുമായി അവിടെ എത്തുന്നു. ചെന്നെത്തിയ നാട്ടിൽ പണിയെടുത്ത്, പിറന്ന നാട്ടിലേക്ക് അവർ കൂലിയുടെ വിഹിതമയച്ചു. ദോഹയിലെ ഫ്ലാറ്റുകളിൽ, ഒരേ സമയം രണ്ടു ലോകങ്ങൾക്കിടയിൽ ഞാന്നു കിടന്ന്, തങ്ങളുടെ കുഞ്ഞുങ്ങളെ അവർ വളർത്തി. ഇനിയും പൂർണ്ണമായി ജീവിക്കാൻ കഴിയാത്ത ഒരു ദേശത്തോടുള്ള ആഴമേറിയ ദാഹം ഉള്ളിൽ ഒളിപ്പിച്ചാണ് അവർ ജീവിതം കെട്ടിപ്പടുക്കുന്നത്.
ലോകകപ്പ് തങ്ങളുടെ നഗരത്തിലെത്തിയപ്പോൾ, യാതൊരു മടിയും കൂടാതെ, സ്വയംബോധത്തിന്റെ ഭാരമില്ലാതെ, കേരളം എക്കാലവും ചെയ്തുവന്നത് തന്നെ അവർ ആവർത്തിച്ചു. ഈ സ്നേഹത്തിന്റെ തീവ്രത മറ്റുള്ളവർക്ക് വിചിത്രമായി തോന്നുമെന്ന ചിന്ത പോലും ഇല്ലാതെ അവർ അതിനെ ഏറ്റെടുത്തു.
ടീം ഹോട്ടലുകൾക്ക് മുന്നിൽ രാത്രിമുഴുവൻ ഉറക്കമൊഴിഞ്ഞ് നിന്നു, ഡ്രമ്പടിച്ച് ആഘോഷിച്ചു, ദശകങ്ങളായി ദൂരെ നിന്ന് മാത്രം കണ്ടിരുന്ന അർജന്റീനയ്ക്കും ബ്രസീലിനും ഇംഗ്ലണ്ടിനും വേണ്ടി, ജേഴ്സികൾ അണിഞ്ഞ് പാട്ടുപാടി.
എന്നാൽ പരിഹാസത്തിന്റെ ആയുധങ്ങളും സ്വന്തം ആവേശത്തെ ഒരിക്കലും ആരോടും ന്യായീകരിക്കേണ്ടി വന്നിട്ടില്ലാത്തവരുടെ ആത്മവിശ്വാസവും കൈമുതലായ യൂറോപ്യൻ മാധ്യമങ്ങളിലെ ഒരു വിഭാഗം ഇതിനെ വ്യാജമെന്ന് വിധിയെഴുതി. കൂലിക്കാരെ കൊണ്ടുവന്ന ആരാധകരാണെന്ന് വിളിച്ചു പറഞ്ഞു. ഒക്കെയും നാടകമാണെന്ന് എഴുതിപ്പിടിപ്പിച്ചു.
കേരള ഫുട്ബോൾ അസോസിയേഷൻ വിശദീകരണം നൽകി. ഖത്തർ സുപ്രീം കമ്മിറ്റിയും രംഗത്തെത്തി. പക്ഷേ ആരാധകരിൽ പലർക്കും തോന്നിയത് വെറും ദേഷ്യമായിരുന്നു – സ്വന്തം ജീവിതത്തിന്റെ സത്യങ്ങളിലൊന്നിനെ അത് മനസ്സിലാക്കാൻ പോലും ശ്രമിക്കാത്തവർ, അവിശ്വസിക്കുമ്പോൾ തോന്നുന്ന ദേഷ്യം.
എന്നാൽ, ആ 2022 നവംബറിൽ, അതേ നഗരത്തിലെ ആസ്പയർ അക്കാദമിയിൽ, കണ്ണൂരിൽ നിന്നൊരു 16 വയസ്സുകാരൻ, പ്രപഞ്ചം കണ്ടില്ലെന്ന് ഭാവിക്കുന്നതിനിടയിൽ, ചരിത്രത്തിലേക്ക് ഓടിക്കയറാൻ ബൂട്ടിടുകയായിരുന്നു.
കണ്ണൂരിൽ നിന്ന് ദോഹ വഴി ലോകകപ്പ് മൈതാനത്തേക്ക്
തഹ്സിൻ മുഹമ്മദ് ജംഷീദിന് ഇപ്പോൾ 19 വയസ്സാണ്. ഖത്തർ സ്റ്റാർസ് ലീഗിൽ അൽ ദുഹൈലിന്റെ ചുറുചുറുക്കുള്ള വിങ്ങർ. വേഗമേറിയവൻ. താഴ്ന്ന ഗുരുത്വകേന്ദ്രമുള്ള കളിക്കാരുടെ പ്രത്യേക ചടുലതയെയും പന്തിന്മേലുള്ള നിയന്ത്രണത്തെയും വിലമതിക്കുന്ന മൈതാനങ്ങളിലാണ് തഹ്സിൻ ഫുട്ബോൾ കളിക്കാൻ പഠിച്ചത്. പക്ഷേ ആ മൈതാനം കണ്ണൂരിലെ ഒരു ഗ്രാമപ്പറമ്പായിരുന്നില്ല; ദോഹയിലെ ആസ്പയർ അക്കാദമിയായിരുന്നു. പക്ഷേ ആ ശൈലിയിൽ തീർത്തും അവൻ അവന്റെ പിതാവിന്റെ മകനാണ്.
ആദ്യം, 17-ആം വയസ്സിൽ അവൻ ഖത്തർ സ്റ്റാർസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജനായി. ലോകത്തിലെ ഏറ്റവും ഉയർന്ന ഫുട്ബോൾ താരങ്ങൾ കളിച്ച ആ ലീഗിൽ, ഒരൊറ്റ ഇന്ത്യക്കാരനും ഇതുവരെ ഒരു മിനിറ്റ് പോലും ഇറങ്ങിക്കളിച്ചിരുന്നില്ല. കണ്ണൂരിൽ നിന്ന് ദോഹയ്ക്ക് വന്ന ഒരു പിതാവിന്റെ 17 വയസ്സുകാരനായ ഈ മകൻ, ആ ചരിത്രം ഒറ്റക്കളിയിൽ മാറ്റിയെഴുതി.
ഇപ്പോൾ, ഫിഫ ലോകകപ്പ് 2026-ന്റെ ഖത്തർ ടീമിൽ തഹ്സിനുമുണ്ട്. മാതാപിതാക്കൾ ഇരുവരും മലയാളികളായ, ഒരു പുരുഷ ലോകകപ്പ് ടീമിൽ ഇടം നേടുന്ന ആദ്യ മലയാളി പ്രതിനിധി.
ഈ കഥയ്ക്ക് വിജയത്തിന്റെ ഭാഷയിൽ സ്വയം എഴുതപ്പെടുന്ന ഒരു രൂപമുണ്ട്. ഒരു പ്രതിഭ അംഗീകരിക്കപ്പെടുകയും സ്വപ്നങ്ങൾ യാഥാർഥ്യമാകുകയും ചെയ്യപ്പെടുമ്പോൾ ഉണ്ടാവുന്ന ഒരു നേർരേഖ പോലുള്ള വായന. ആ വായന തെറ്റല്ല. എന്നാൽ അത് അപൂർണമാണ്.
ഇത് ലളിതമായ വിജയഗാഥ മാത്രമല്ല. അതിനൊരു പൂർണ്ണ രൂപമുണ്ട്. അത് ഒരു നൂറ്റാണ്ടായി ഫുട്ബോളിനായി ജീവിച്ച ഒരു നാടിന്റെ കഥയാണ്. അസംഖ്യം പ്രതിഭകളെ വളർത്തിയെടുത്തിട്ടും, അതിന് യോജിച്ച അംഗീകാരമോ അവസരങ്ങളോ തിരിച്ചുകിട്ടാതിരുന്ന ഒരു നാടിന്റെ കഥയാണ്. ആ കൂട്ടത്തിൽ നിന്ന് ഒരാൾ, ആ പ്രണയത്തിന്റെ ഭാരവും സ്വപ്നവും നെഞ്ചിലേറ്റി കടൽ കടന്ന് ദോഹയിലെത്തി. ദോഹയ്ക്കും കേരളത്തിനും ഇടയിലുള്ള ആ ഇടനാഴിയിലാണ് അയാളുടെ മകൻ ജനിച്ചതും വളർന്നതും. പിന്നെ, ഒരുനാൾ, പിതാവിന്റെ തലമുറ എത്ര തിരഞ്ഞിട്ടും കണ്ടെത്താനാകാതെ പോയ ആ സുവർണ വാതിൽ, വെറും പത്തൊൻപതാം വയസ്സിൽ, യാതൊരു ആർഭാടവുമില്ലാതെ, അവൻ തുറന്നു കടന്നു.
ഇത് നേരെ വരച്ച ഒരു വിജയരേഖയല്ല. നൂറുവർഷമായി അടക്കിപ്പിടിച്ചിരുന്ന ഒരു ജനതയുടെ ശ്വാസം ഒടുവിൽ പുറത്തുവന്ന നിമിഷമാണ്.
അഭിമാനത്തിനും അപ്പുറത്ത്
ഈ വേനലിൽ ജംഷിദ് ദോഹയിൽ നിന്ന് ആ കാഴ്ച കാണും. വർഷങ്ങളായി ഉപജീവനത്തിന്റെ കണക്കുകൾ എഴുതി തീർത്ത അതേ നഗരത്തിൽ നിന്ന്, സായാഹ്നങ്ങളിലെ ഫുട്ബോളിൽ തന്റെ മൗനസ്വപ്നങ്ങളെ സംരക്ഷിച്ച അതേ നഗരത്തിൽ നിന്ന്.
തന്റെ മകൻ ലോകകപ്പ് മൈതാനത്തേക്ക് ഓടിക്കയറുമ്പോൾ, അദ്ദേഹത്തിന്റെ ഉള്ളിൽ നിറയുക അഭിമാനത്തേക്കാൾ ആഴമുള്ള ഒരു വികാരമായിരിക്കും. എത്രയോ തവണ പരീക്ഷിക്കപ്പെട്ടിട്ടും മരിക്കാതെ നിന്ന ഒരു സ്വപ്നത്തിന്റെ സമാധാനം. .
കേരളവും ആ കാഴ്ച കാണും. സ്വീകരണമുറികളിൽ. കഫേകളിൽ. അർധരാത്രികളെ മറികടന്ന് ഉറക്കം കളഞ്ഞ് ഫോണുകളുടെ ചെറിയ സ്ക്രീനുകളിൽ. ഒരിക്കൽ പരിഹാസത്തിന് ഇരയായ ആ സ്നേഹത്തോടെ. വ്യാജമെന്ന് മുദ്രകുത്തപ്പെട്ട ആ സമർപ്പണത്തോടെ. പക്ഷേ ഇനി അതിനെ വ്യാജമെന്ന് വിളിക്കാൻ ലോകം രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരും.
ആ ജനത ഒരിക്കലും അഭിനയിക്കുകയായിരുന്നില്ല. അവർ കാത്തിരിക്കുകയായിരുന്നു. ലോകം 2022-ൽ അവരെ അവിശ്വസിച്ചുകൊണ്ടിരിക്കുമ്പോൾ, ദോഹയിൽ, കണ്ണൂരിൽ നിന്നൊരു ബാലൻ ഭൂമിയുടെ ഏറ്റവും വലിയ കളിത്തട്ടിലേക്ക് ഇറങ്ങാൻ ബൂട്ട് കെട്ടുകയായിരുന്നു. അവർ കാണാതിരുന്നത് അവനെയല്ല; അവന്റെ പിന്നിൽ നിന്നിരുന്ന നൂറുവർഷത്തെ പ്രണയത്തെയായിരുന്നു.








