Campus Alive

അറേബ്യൻ മാനവികതയും അമേരിക്കൻ വംശീയതയും: ആരവങ്ങൾക്കുമപ്പുറത്തെ കാല്പന്ത് വ്യവഹാരങ്ങൾ

ഫുട്ബോളല്ലാത്ത മറ്റൊരു ‘അധിനിവേഷ’വും കടന്ന് വരാത്തയിടങ്ങളാണ് കാല്പന്ത് മൈതാനങ്ങളും ഗാലറികളുമെന്നത് കൊണ്ട് കൂടിയാണ് ബ്രിട്ടീഷ് ഫിലോസഫറായ ടെറി ഈഗിൾട്ടൺ ഫുട്ബോളിനെ ന്യൂ ഒപ്പിയമായി എണ്ണുന്നത് തന്നെ. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ ഒരു പരിധിയോളം ഹൂലിഗാനിസവും മറ്റു പാരലൽ റേസിസ്റ്റ് പാരഡൈമുകളുമൊക്കെ കളത്തിനകത്തേക്ക് കയറാതിരിക്കാൻ കളിക്കാരും അധികൃതരും വേണ്ടപ്പെട്ട അതോറിറ്റികളും ശ്രദ്ധ ചെലുത്തിയതാവും ഒരു പക്ഷെ ആ ‘എണ്ണലി’ന്റെ കാരണവും. എന്നാൽ പിന്നീടിങ്ങോട്ട് വൈറ്റ് കോളർ റേസിസം പോലും പലപ്പോഴും അധികാരികൾ വരെ എടുത്തുപയോഗിക്കുന്ന കാഴ്ചകൾക്കാണ് പുൽ മൈതാനികൾ സാക്ഷ്യം വഹിച്ചത്. ആഫ്രിക്കൻ കുടിയേറ്റക്കാർ യൂറോപ്യൻ രാജ്യങ്ങളുടെ കനകക്കിരീട മോഹങ്ങൾക്ക് വേണ്ടി പന്ത് തട്ടുന്നത് മുതൽ ഒരു രാജ്യത്തിന്റെ വിന്നിംഗ് ഇലവനിൽ മുഴുവനും മറുരാജ്യക്കാരായ കുടിയേറ്റക്കാർ സ്ഥാനംപിടിക്കുന്നതും കളിമെനയുന്നതുമൊക്കെ ഇന്നലെയുടെ മാത്രം മൈതാന കാഴ്ചകളായിത്തീരുന്നതും അത്കൊണ്ട് തന്നെയാണ്. അൽജീരിയക്കാരനായ സിദാൻ ഫ്രഞ്ച് പടയുടെ തേര് തെളിച്ച അതെ കോൺമൊബലിൽ സിദാന്റെ മകൻ ഇക്കുറി അൽജീരിയയുടെ വല കാക്കുന്നത് അധിനിവിഷ്ട മനസ്സുകളിൽ മഞ്ഞളിച്ച് കാണുന്നതും സാദിയോ മാനെ ‘കറുത്ത് പോകുന്നതു’മെല്ലാം തുടർന്ന് വരുന്ന സ്റ്റേറ്റ് സ്പോൺസർഡ് ഡിക്കോടമി കളത്തിനകത്തേക്ക് വരെ ഉന്തി നിൽക്കുന്നതിനുള്ള തെളിവുകളാണ്. ഒന്നുകൂടെ തെളിച്ച് പറഞ്ഞാൽ ഖത്തറിൽ നടന്ന കഴിഞ്ഞ വേൾഡ് കപ്പ് വരെ ഇപ്പറഞ്ഞ ഫുട്ബോൾ മൂല്യങ്ങൾക്ക് മൂല്യം കല്പിക്കപ്പെട്ടിരുന്നുവെങ്കിൽ ഇക്കുറി കിക്കോഫിന് മുൻപ് തന്നെ അതിനൊക്കെ കോട്ടം തട്ടിയ മട്ടിലാണ് സ്ഥിതിഗതികളെന്ന് സാരം.

അറബികൾ വരച്ച കളിക്കോർട്ടുകൾ

നിലവിൽ ആഗോള ഫുട്ബോൾ പ്രേമികൾ മിസ്സ്‌ ചെയ്യുന്ന ഏറ്റവും വലിയ മൊമെന്റ് ഖത്തർ ഹോസ്റ്റ് ചെയ്ത കഴിഞ്ഞ വേൾഡ് കപ്പിന്റെ ഉദ്ഘാടന ചടങ്ങാണെന്നത് കേവലമൊരു മീഡിയ ട്രെന്റോ ഡോഗ്മയോ മാത്രമായിട്ട് കണക്കാക്കേണ്ട വസ്തുതയല്ല. അതിന് കാരണവുമുണ്ട്, സോ കോൾഡ് ട്രെന്റുകൾക്ക് വിധേയമായ പാട്ടുകളും ഡാൻസുകളും വേൾഡ് കപ്പുകളുടെ സ്റ്റാർ ഐക്കണായ കൊളമ്പിയൻ സൂപ്പർ സിംഗർ ഷകീറയുമെല്ലാം അണി നിരന്നിട്ടും ‘ആറാം നൂറ്റാണ്ടിന്റെ’ മിനിമൽ ക്വാളിറ്റിയോട് പോലും കിടപിടിക്കുന്നില്ലെന്ന് ലോകത്തിന് തോന്നണമെങ്കിൽ അതിന്റെ ഉദ്ഘാടന വേദിയിലേക്ക് ഒരുവട്ടം കൂടി പോയി നോക്കേണ്ടി വരും.

യൂറോപ്യൻ വംശീയതക്ക് പരിചയമില്ലാത്ത കറുത്ത വർഗ്ഗക്കാരനായ മോർഗൻ ഫ്രീമാനെയും ശരീരിക പരിമിതിയാൽ യൂറോപ്യൻ കണ്ണുകളിൽ ‘അപൂർണ്ണത’ ചാർത്തപ്പെടേണ്ട ഗനീം മുഫ്തിഹിനെയും ഒരുമിച്ചിരുത്തിയാണ് ലോക രാഷ്ട്രങ്ങൾക്ക് പന്തുതട്ടാൻ ഖത്തർ മൈതാനം തുറന്ന് കൊടുത്തത്. അത് കൊണ്ട് തന്നെ ഒരു രാജ്യത്തെ തന്നെ പലവിധ സംസ്കാരങ്ങളും ആചാരങ്ങളും പല പല ‘സംസാരങ്ങൾക്കും’ വഴിവക്കപ്പെടുന്ന ഉത്തരാധുനികതയിൽ എങ്ങനെയാണ് ഒരു രാഷ്ട്രത്തിന് മുൻവിധികളില്ലാതെ മറ്റനേകം ഭൂഖണ്ഡങ്ങളെ വരെ സൽകരിച്ചിരുത്താൻ കഴിയുന്നതെന്ന ചോദ്യം മോർഗൻ ഫ്രീമാൻ ചോദിച്ചതും അതിന് ‘ശാരീരിക പരിമിതി’യുള്ള ഗനീം ‘മനുഷ്യത്വ പൂർത്തീകരണത്തിന്റെ ഖുർആനിക സൂക്തമോതി മറുപടി പറഞ്ഞതൊന്നും കേവലമൊരു യാദൃശ്ചികതയിലോ ഇസ്ലാമിക് ട്രെൻഡിലോ ഒതുക്കപ്പെടേണ്ടതല്ല, മറിച്ച് അങ്ങനെ ചോദിപ്പിച്ചതും ചോദിക്കാൻ ഫ്രീമാനെ തന്നെ തെരെഞ്ഞെടുത്തതും വഴി ഇസ്ലാമിന്റെ മാനവിക സത്തയെ മനപ്പൂർവം പരിചയപ്പെടുത്തുക കൂടിയാണ് ഖത്തർ ചെയ്ത് വച്ചത്. ഉത്തരം പറയാൻ ഗനീം മുഫ്തിഹിനെ ഇരുത്തിയതിലൂടെ അതേ ഇസ്ലാമിക് എസ്സെൻസിനെ തന്നെയാണ് ലോകം ആഗ്രഹിക്കുന്നതും തേടുന്നതുമെന്ന സൂചിക കൂടി ഖത്തർ തുറന്ന് വെക്കുന്നുണ്ട്.

അതുകൊണ്ടാണ് കഴിഞ്ഞ വേൾഡ് കപ്പിൽ ഭാഗ്യ ചിഹ്നമായ ‘ലഈബി’നടക്കം ഒട്ടുമിക്കതിനും സോ കോൾഡ് അറേബ്യൻ ടച്ച് ഉണ്ടായിരുന്നിട്ട് പോലും മറുരാഷ്ട്രങ്ങളിൽ പെട്ട ഒന്നിന് പോലും അതൊരു അരോചകമായി തോന്നാതിരുന്നതും, അതത് രാഷ്ട്രങ്ങൾ അവയെ അക്ഷരാർത്ഥത്തിൽ കൊണ്ടാടിയതും. എന്നാൽ ഈ ആരവങ്ങളുടെ തുടർച്ചയെന്നോണം ഖത്തർ കാണിച്ചു തന്ന ഒരുപിടി ക്വാളിറ്റി എലമന്റ്സ് ഇക്കുറി കാൽപന്തിന്റെ അമേരിക്കൻ പതിപ്പിലും കാണുമെന്ന ആരാധകരുടെ ഒപ്റ്റിമിസ്റ്റ് ഫുട്ബോളിനേറ്റ പ്രഹരമാണ് ഇതുവരെയുള്ള സംഭവങ്ങളുടെ ആകെത്തുക.

വിവേചനങ്ങളുടെ വേൾഡ് കപ്പ്

ആഭ്യന്തര കലഹങ്ങൾ കൊണ്ട് ശ്വാസം മുട്ടിക്കൊണ്ടിരിക്കുന്ന സൊമാലിയയിൽ നിന്നും മെസ്സിയും നെയ്മറും റൊണാൾഡോയുമെല്ലാം പന്ത് തട്ടുന്ന പുൽമേടുകളിൽ വിസിലൂതുകയെന്ന ചിരകാല സ്വപ്നവും കൊണ്ട് അമേരിക്കയിൽ പറന്നിറങ്ങിയ ഒമർ അബ്ദുൽ ഖാദറിനെ അമേരിക്ക തിരിച്ച് വിമാനം കയറ്റിയത് കേവല കുടിയേറ്റ പ്രശ്നങ്ങൾ കൊണ്ട് മാത്രമാണെന്ന് വിശ്വസിക്കുന്നതിൽ ഗുരുതരമായ പൊളിറ്റിക്കലിസം മറഞ്ഞിരിക്കുന്നുണ്ടെന്നതാണ് സത്യം. അങ്ങനെയെങ്കിൽ ചുരുങ്ങിയ പക്ഷം റഫറിയായി വിസിലൂതാൻ വിളിക്കപ്പെടുന്നതിന് മുൻപ് തന്നെ വേണ്ടപ്പെട്ട അധികൃതർക്ക് ഇവ്വിഷയം പരിഗണിക്കാമായിരുന്നില്ലേ എന്ന ചോദ്യം അപ്പോഴും ബാക്കിയാണ്. അമേരിക്കയുടെ നടപടി വന്നയുടൻ ഇനി നടക്കാനിരിക്കുന്ന യുവേഫാ സൂപ്പർ കപ്പിന്റെ ഫൈനൽ നിയന്ത്രിക്കാനുള്ള അവസരം ഒമറിന് നൽകിയെങ്കിലും അതുകൊണ്ടൊന്നും ഫിഫ പ്രസിഡന്റ്‌ ഇൻഫന്റിനോയുടെ കൈകൾ വിശുദ്ധമാവുന്നില്ല. മാത്രമല്ല, പന്തടക്കത്തിന്റെ പൂർണ കൈവകാശം ഫിഫക്കായിരുന്നിട്ടും അമേരിക്കയെ ഗോളടിക്കാൻ അനുവദിച്ചതിന് ‘ഇരയോട്’ വേണ്ടപ്പെട്ട രീതിയിൽ മാപ്പ് പറയണമായിരുന്നുവെന്നും ഫുട്ബോൾ ലോകം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

മറ്റൊരു പ്രശ്നം ലോകകപ്പിൽ പന്ത് തട്ടാൻ സാൻ ആന്റോണിയ എയർപോർട്ടിലെത്തിയ സെനഗൽ താരങ്ങളെ മണിക്കൂറുകളോളം നടുറോട്ടിലെന്ന പോലെ അടിമുടി പരിശോധിക്കുകയും സംശയത്തിന്റെ മുൾമുനയിൽ നിറുത്തി പെരുമാറിയതുമാണ്. മറ്റാർക്കും ബാധകമല്ലാതിരുന്ന ഈ പ്രവണത ഒരു കൂട്ടർക്ക് മാത്രം ചുമക്കേണ്ടി വരുന്നതാണ് പ്രശ്നം. ‘കറുത്തവർ വെയിലത്ത് നിന്നാൽ വീണ്ടും കറുക്കുകയല്ലാതെ വേറൊന്നും സംഭവിക്കാനില്ലെന്ന’ കമന്റ് വരെ ഇവ്വിഷയകമായി ഉയരുകയും സോ കോൾഡ് ഹലാൽ മോക്കിങ്ങുകളായി അവയെല്ലാം വാഴ്ത്തപ്പെടുകയും ചെയ്യുന്നിടത്തേക്ക് വരെ ഇതിന്റെ പരിണിത ഫലമെത്തിയെന്നെതാണ് അതീവ ഗുരുതരമായ കാര്യം. മയക്കുമരുന്ന് ഡോഗ് സ്‌ക്വാഡിനെ വച്ച് ഉസ്ബെക് താരങ്ങളെ പരിശോധിച്ചതും സ്വിസ് താരമായ എംബോളോയുടെ വിസ അതിസൂക്ഷ്മ പരിശോധനക്കയച്ചതും മണിക്കൂറുകളോളം താരത്തെ തടഞ്ഞ് വച്ചതുമെല്ലാം ഇതിന്റെ ബാക്കിപത്രങ്ങളാണ്.

കളത്തിന് പുറത്ത് ഇറാനോട് തോറ്റതിന്റെ ക്ഷീണം കളത്തിൽ തീർക്കുന്നതായിരുന്നു കാല്പന്തിന്റെ നൈതികതയെന്നുള്ളത്. എന്നാൽ കളി ദിവസം മാത്രം അമേരിക്കയിലേക്ക് പ്രവേശനം അനുവദിക്കുന്നതും ബാക്കിയുള്ള സമയത്ത് അമേരിക്ക വിടണമെന്നും പറയുന്നതിലൂടെ ‘വിശ്വമേള’യുടെ സൗന്ദര്യത്തിന് കൂടിയാണ് അമേരിക്ക ക്ഷതമേൽപ്പിച്ചിരിക്കുന്നത്.

ഇനിയുമുണ്ട് കിക്കോഫിന് മുന്നേ ഓഫായ ചില വിവേചന കഥകൾ… വേൾഡ് കപ്പ് സ്വപ്‌നം കാണാൻ ഇറാഖിനെ പ്രാപ്തമാക്കിയ കോച്ച് അമീൻ ഹുസൈനെ അമേരിക്കൻ പോലിസ് തടഞ്ഞ് വച്ചത് 7 മണിക്കൂറാണ്. സൗത്ത് ആഫ്രിക്കൻ ടീമിനെ എയർപോർട്ടിൽ വലച്ചതും ആഫ്രിക്കൻ നാടുകളിൽ നിന്നും ടിക്കറ്റെടുത്തവർക്ക് വിസ നിഷേധിച്ചതിലൂടെ ലക്ഷങ്ങൾ അവർക്ക് നഷ്ടമായതുമെല്ലാം ഇതേ അമേരിക്കൻ പതിപ്പിന്റെ കഥകളാണ്. പേപ്പറെടുത്ത് നോക്കിയാൽ ഒരുപക്ഷെ അവരുടെ ന്യായങ്ങൾക്കായിരിക്കും ഭാരം കൂടുതലും. പക്ഷെ ആ ന്യായങ്ങൾക്കുമപ്പുറത്ത് നിന്ന് കൊണ്ട് പന്താരവങ്ങളെയും കാണികളെയും ഒരേ സ്വരത്തിൽ വിളിച്ചിരുത്തി കളി കാണിച്ചുവെന്നതാണ് ഖത്തർ ചെയ്ത മാഹാത്മ്യമെന്നുള്ളത്. അത് തന്നെയാണ് ലോകം ഇന്ന് തേടുന്നതും.

സ്വദഖത്ത് സെഞ്ചർ

സ്വദഖത്ത് സെഞ്ചർ