(ലോകകപ്പ് ആതിഥേയരായ അമേരിക്കയുടെ വംശീയത ചർച്ചയാവുമ്പോൾ മുൻ ആതിഥേയരായ ഖത്തർ നേരിട്ട ആരോപണങ്ങളും മറുപടികളും ഓർത്തെടുക്കുന്നു…)
ചരിത്രം ആവർത്തനങ്ങളുടേതാണ്. എങ്കിലും ചിലപ്പോൾ അതിൽ ചിലത്, പുതുതായി രചിക്കപ്പെട്ടതായി കാണാം. 2022 ലെ ഖത്തർ ലോകകപ്പ് അത്തരത്തിലുള്ള ഒന്നാണ്. അതിനെ അങ്ങനെ പ്രത്യേകമായി ഓർമിക്കപ്പെടാൻ പല കാരണങ്ങളുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമാണ് ഫിഫ ലോകകപ്പ്. അതിനു സമാനമായ മറ്റൊന്നില്ല. കാൽപന്തുകളിയുടെ ഈ ഉത്സവം അസാമാന്യമായ ആവേശമുയർത്തുകയും ദേശങ്ങളെ നിശ്ചലമാക്കുകയും പ്രവചനാതീതമായ സന്തോഷങ്ങളും നിരാശകളും പടർത്തുകയും ചെയ്യുന്നു.
2009ലാണ് ലോകകപ്പിൻ്റെ ആതിഥേയത്വം വഹിക്കാനുള്ള അവസരത്തിനായി ഖത്തർ ശ്രമങ്ങളാരംഭിച്ചത്. ആ കൊച്ചു രാഷ്‌ട്രം അതിനായി കഠിനശ്രമം നടത്തുകയും, വ്യത്യസ്തങ്ങളായ ശ്രമങ്ങൾക്കൊടുവിൽ തൊട്ടടുത്ത വർഷം ഡിസംബർ 2ന് സൂറിച്ചിൽ ചേർന്ന ഫിഫ കോൺഗ്രസ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഖത്തറിന് ലഭിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. അറബ് ലോകത്തെയും മിഡിൽ ഈസ്റ്റിലെ തന്നെയും ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യമാണ് ഖത്തർ.
“മാറ്റങ്ങളിൽ വിശ്വസിക്കുന്നതിന് നന്ദി. നിങ്ങളെ ഞങ്ങൾ നിരാശരാക്കില്ല. മറിച്ച് നിങ്ങൾ ഞങ്ങളെക്കുറിച്ച് അഭിമാനം കൊള്ളും. ഈ മിഡിലീസ്റ്റിനെക്കുറിച്ചാകെ നിങ്ങൾ അഭിമാനം കൊള്ളും. ഞാൻ നിങ്ങൾക്ക് വാക്ക് തരുന്നു”
ഈ വാഗ്ദാനത്തെ സത്യപ്പെടുത്താൻ ഖത്തറിന് ഒരുപാട് ദൂരം വഴി നടക്കേണ്ടി വന്നു. ആ കൊച്ചു രാഷ്ട്രത്തെ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഒരുക്കിയെടുക്കുക എന്നത് മാത്രമായിരുന്നില്ല അവർക്ക് മുന്നിലുള്ള വലിയ ദൗത്യം, വലിയ അളവിലുള്ള കുപ്രചാരണങ്ങളെ മറികടക്കുക എന്നതുകൂടിയായിരുന്നു. ആതിഥേരായി തെരഞ്ഞെടുക്കപ്പെട്ടത് മുതൽ 12 വർഷവും നിരന്തരമായ കുപ്രചാരണങ്ങളാണ് ഖത്തറിന് അഭിമുഖീകരിക്കേണ്ടി വന്നത്. ആ വലിയ സൗഭാഗ്യം ലഭിച്ച മറ്റൊരു രാഷ്ട്രത്തിനും നേരിടേണ്ടി വന്നിട്ടില്ലാത്ത ഭീമമായ ദുർപ്രചാരണങ്ങളായിരുന്നു അവ. ചോദ്യങ്ങളും പ്രചാരണങ്ങളും പല നിലക്കുള്ളവയും പലതിനെക്കുറിച്ചുള്ളവയുമായിരുന്നു. ഖത്തറിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനവും രാജ്യത്തിൻ്റെ വലുപ്പവും മുതൽ സോക്കർ സംസ്കാരത്തിൻ്റെ അഭാവവും കാലാവസ്ഥാ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി നടത്തപ്പെട്ട പ്രചാരണങ്ങൾ, ഖത്തർ ഇത്തരമൊരു ബഹുമതിക്ക് അർഹരാണോ എന്ന ചോദ്യങ്ങൾ തുടങ്ങിയവ നിരന്തരം വിമർശനമായി ഉന്നയിക്കപ്പെട്ടു.
ഇത്തരം ആരോപണങ്ങളുടെയും വിമർശനങ്ങളുടെയും വസ്തുതാപരമായ ന്യായാന്യായങ്ങൾക്കപ്പുറം ഈ കുപ്രചാരണങ്ങളുടെ ഹേതുവായി നിന്നത് ഖത്തർ ഒരു അറബ് രാഷ്ട്രമാണ് എന്നതായിരുന്നു. ഒരു അറബ് മുസ്ലിം രാഷ്ട്രത്തോടുള്ള പാശ്ചാത്യ ലോകത്തിൻ്റെ മുഴുവൻ മുൻധാരണകളും വംശീയ മാതൃകകളും പൊട്ടിയൊഴുകുകയായിരുന്നു ഈ ക്യാമ്പയിനുകളിലൂടെ. ഇത്തരം വലിയ കായികമേളകൾക്ക് ഇൻക്ലൂസീവായി വേദിയൊരുക്കാൻ ഖത്തറിനെ പോലൊരു അറബ് മുസ്ലിം രാഷ്ട്രത്തിന് സാധിക്കില്ല, അല്ലെങ്കിൽ അവരതിന് അർഹരല്ല എന്ന പാശ്ചാത്യ ലോകത്തിൻറെ മുൻവിധിയായിരുന്നു ആ പ്രചാരണങ്ങളിൽ ശക്തമായുണ്ടായിരുന്നത്.
അതിരുവിട്ട സ്ഥിതിവിവരക്കണക്കുകൾ
മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ അവക്കിടയിൽ ശക്തമായി ഉയർന്നിരുന്നു. ടൂർണമെന്റിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ നിർമ്മിക്കുന്നതിനായി നിയമിക്കപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ കടുത്ത പരിശോധനകൾക്കും വിമർശനങ്ങൾക്കും വിധേയമായി.
ജോലിയുമായി ബന്ധപ്പെട്ട മരണങ്ങൾ സർക്കാർ യാഥാർത്ഥ്യത്തേക്കാൾ കുറച്ചുകാണിച്ചുവെന്ന ആരോപണം വലിയ തോതിൽ പല ഘട്ടങ്ങളിലായി ഉയർന്നിരുന്നു. എന്നാൽ, സർക്കാരിന്റെ വക്താക്കൾ ഇതിനെ നിഷേധിക്കുകയും, ആംനസ്റ്റി, ഗാർഡിയൻ തുടങ്ങിയ മനുഷ്യാവകാശ സംഘടനകൾ പുറത്തുവിട്ട മരണസംഖ്യകൾ പക്ഷപാതപരവും കൃത്യതയില്ലാത്തതുമാണെന്ന് വാദിക്കുകയും ചെയ്തു. കാരണം, ആ കണക്കുകളിൽ നിർമാണപ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട അപകടമരണങ്ങൾ മാത്രമല്ല, രാജ്യത്തെ എല്ലാ പ്രവാസികളുടെ മരണങ്ങളും ഉൾപ്പെടുത്തിയിരുന്നുവെന്നാണ് അവരുടെ വിശദീകരണം. തീർച്ചയായും മരണങ്ങളും പരിക്കുകളും ഉണ്ടായിട്ടുണ്ട്. എന്നാൽ അവ സ്വാഭാവികമെന്നു കണക്കാക്കാവുന്ന പരിധിക്കപ്പുറമായിരുന്നില്ലെന്നാണ് ഖത്തറിന്റെ നിലപാട്. ഒരു മരണത്തെ ‘സ്വാഭാവികം’ എന്നു വിശേഷിപ്പിക്കുന്നത് മനുഷ്യജീവന്റെ മൂല്യത്തെ ചെറുതാക്കി കാണുന്നതല്ല; മറിച്ച്, ആ കാരണത്തെ മാത്രം അടിസ്ഥാനമാക്കി ഒരു രാജ്യത്തിന്റെ ആതിഥേയത്വാവകാശത്തെ ചോദ്യം ചെയ്യുന്നത് നീതിയുക്തമല്ലെന്ന് പറയുകയാണ്.
ഖത്തർ ‘സ്പോർട്സ് വാഷിങ്’ (Sportswashing) നടത്തുകയാണ് എന്ന ആരോപണവും നേരിട്ടിരുന്നു. അതായത്, വലിയ കായികമേളകൾ സംഘടിപ്പിച്ചു കൊണ്ട് മനുഷ്യാവകാശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മോശം പ്രതിച്ഛായ മറച്ചുവയ്ക്കാനുള്ള ശ്രമം. എന്നാൽ ഇവിടെ സംഭവിച്ചത് അതിന്റെ നേർവിപരീതമായിരുന്നു. കാരണം, ലോകകപ്പ് എന്ന ആഗോള വേദി ആ വിഷയത്തെ മറച്ചുവെക്കുക എന്നതിനേക്കാൾ ലോകശ്രദ്ധയുടെ കേന്ദ്രത്തിലേക്ക് തന്നെ അതിനെ കൊണ്ടുവരികയാണ് ചെയ്തത്.
എൽ ജി ബി ടി ക്യു വിഷയവും മദ്യനിരോധനവും
ഖത്തർ ലോകകപ്പിന്റെ മറ്റൊരു ശ്രദ്ധേയമായ വശം, എൽ ജി ബി ടി ക്യു പ്രചാരണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഖത്തർ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു. ക്വിയർ സമൂഹത്തെ സ്വാഗതം ചെയ്യുന്നതിൽ തങ്ങൾക്ക് യാതൊരു മടിയും ഇല്ലെന്നും, എന്നാൽ വിലക്ക് ഏർപ്പെടുത്തിയിരുന്നത് പ്രചാരണങ്ങൾക്കും പൊതുപ്രകടനങ്ങൾക്കുമെതിരെയാണെന്നും ഖത്തർ അന്ന് തന്നെ വ്യക്തമാക്കിരുന്നു. തങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുകൾ പുലർത്തുന്ന ഒരു സംസ്കാരത്തോടുള്ള ബഹുമാനം മാത്രമായിരുന്നു അവർ സന്ദർശകരിൽ നിന്ന് ആവശ്യപ്പെട്ടത്.
രാജ്യത്തിന്റെ ഔദ്യോഗിക മതം മദ്യപാനത്തെയും എൽജിബിടിക്യു പ്രചാരണങ്ങളെയും പിന്തുണയ്ക്കുന്നില്ലെന്നതിനാൽ, അത്തരം സജീവ പ്രചാരണങ്ങൾ നിയന്ത്രിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ഖത്തർ വാദിച്ചു. “ഈ ഇരുപത്തിയെട്ട് ദിവസത്തേക്ക് വേണ്ടി ഞങ്ങൾ ഞങ്ങളുടെ മതം മാറ്റില്ല” എന്ന നിലപാട് ഖത്തർ ഉറപ്പിച്ചു പറഞ്ഞു.
ഖത്തറിൽ മദ്യം നിയമവിരുദ്ധമല്ലെങ്കിലും, പൊതുസ്ഥലങ്ങളിലെ മദ്യപാനം കുറ്റകരമാണ്. എന്നാൽ ലോകകപ്പിനോടനുബന്ധിച്ച് ഖത്തർ സർക്കാർ മദ്യപാനവുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. നിശ്ചിത ഫാൻ സോണുകളിൽ സന്ദർശകർക്ക് മദ്യം ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ സ്റ്റേഡിയങ്ങൾക്കുള്ളിൽ മദ്യനിരോധനം കർശനമായി നടപ്പിലാക്കി.
ഈ വിലക്ക് ചില പ്രതിഷേധങ്ങൾക്കും അസ്വസ്ഥതകൾക്കും കാരണമായെങ്കിലും, അതിന് അനുകൂലമായ പ്രതികരണങ്ങളും നിരവധി ഭാഗങ്ങളിൽ നിന്ന് ഉയർന്നു വന്നിരുന്നു. പലരുടെയും അഭിപ്രായത്തിൽ ഖത്തറിലേത് ചരിത്രത്തിലെ ഏറ്റവും കുടുംബ സൗഹൃദ ലോകകപ്പായിരുന്നു. സ്റ്റേഡിയങ്ങളിലെ അന്തരീക്ഷം സുരക്ഷിതവും ആത്മവിശ്വാസം പകരുന്നതുമാണെന്ന് കാണികൾ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച്, ലൈംഗികാതിക്രമങ്ങളുടെയും ശല്യപ്പെടുത്തലുകളുടെയും അഭാവം തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് നിരവധി വനിതാ ആരാധകർ അഭിപ്രായപ്പെട്ടിരുന്നു.
ഉദ്ഘാടനച്ചടങ്ങ്
അൽ ബൈത് സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങ് പറയാതെ പറഞ്ഞ നിരവധി സന്ദേശങ്ങളുടെ വേദിയായിരുന്നു. അമേരിക്കൻ നടൻ മോർഗൻ ഫ്രീമാനും ഭിന്നശേഷിക്കാരനായ ഗാനിം അൽ മുഫ്താഹും ചടങ്ങിന്റെ മുഖ്യ ആകർഷണങ്ങളായി അവിടെ സാന്നിധ്യമറിയിച്ചതു തന്നെ ശക്തമായ ഒരു സന്ദേശമായിരുന്നു. അവർ തമ്മിൽ നടന്ന ഹ്രസ്വ സംഭാഷണം ഖത്തർ ലോകത്തോട് പറയാൻ ശ്രമിച്ചിരുന്ന ആശയത്തെ പ്രതിഫലിപ്പിച്ചു — ലോകം ആരുടെയും കുത്തകയല്ല; ഫുട്ബോൾ ആരുടെയും ജന്മാവകാശവുമല്ല. നമ്മെ ഇവിടെ ഒരുമിച്ച് കൊണ്ടുവന്നത് കളിയുടെ ആത്മാവാണ്.
“ഒരു വഴിമാത്രം അംഗീകരിക്കപ്പെടുന്നിടത്ത്, ഇത്രയും രാജ്യങ്ങളും ഭാഷകളും സംസ്കാരങ്ങളും എങ്ങനെ ഒരുമിച്ച് വരും?” എന്ന ചോദ്യത്തിന് മറുപടിയായി ഖത്തർ ഖുർആനിലെ ഒരു വചനം ഉദ്ധരിച്ച് ശക്തമായ ഒരു സന്ദേശം മുന്നോട്ടുവെച്ചു. ഇസ്‌ലാമിനെയും അതിന്റെ സൗന്ദര്യത്തെയും, അതിനെ സ്നേഹിക്കുന്നവർക്കും വെറുക്കുന്നവർക്കും അതിനെക്കുറിച്ച് പരിചയമില്ലാത്തവർക്കും ഒരുപോലെ മനസ്സിലാവുന്നതിനായി, ലോകത്തിന്റെ മുന്നിൽ ലളിതമായും വ്യക്തമായും അവതരിപ്പിക്കുകയായിരുന്നു അത്.
“ഈ നിമിഷത്തിൽ നമ്മെ ഒന്നിപ്പിക്കുന്ന കാര്യം, നമ്മെ വേർതിരിക്കുന്ന കാര്യങ്ങളേക്കാൾ വളരെ വലുതാണ്. ഇത് മുഴുവൻ ലോകത്തിനുമുള്ള ഒരു ക്ഷണമാണ്.”
അവരുടെ ആ ചെറിയ സംഭാഷണത്തിലൂടെ തന്നെ നിരവധി കാര്യങ്ങൾ പറഞ്ഞുപോയി. അത് ഒരു രാഷ്ട്രീയ പ്രസ്താവന കൂടിയായിരുന്നു. വർഷങ്ങളായി തുടർന്നുവന്ന വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കുമുള്ള ശാന്തമായ ഒരു മറുപടി.
എന്നാൽ ഈ ഭംഗിയാർന്ന ഉദ്ഘാടനച്ചടങ്ങ് പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ബിബിസി അതിന്റെ പ്രധാന പ്ലാറ്റ്ഫോമിൽ പൂർണമായി സംപ്രേഷണം ചെയ്തില്ല. പകരം, അതിന്റെ ലൈവ് സ്ട്രീമിംഗ്, ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് മാത്രമാക്കി അതിനെ ചുരുക്കി. ബിബിസി വൺ കണ്ടിരുന്ന പ്രേക്ഷകർക്ക് മോർഗൻ ഫ്രീമാനും ഖാനിം അൽ മുഫ്താഹും തമ്മിലുള്ള സംഭാഷണമോ, ബിടിഎസ് താരം ജംഗ്കൂക്കിന്റെ പ്രകടനമോ കാണാൻ സാധിച്ചില്ല. പകരം, ഖത്തറിന്റെ മനുഷ്യാവകാശ രേഖകളെ ചുറ്റിപ്പറ്റിയ വിമർശനങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ് അവർക്ക് കാണാൻ കഴിഞ്ഞത്. “മത്സരങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ, ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിവാദങ്ങൾ സൃഷ്ടിച്ച ലോകകപ്പാണിത്.” പരിപാടിയുടെ അവതാരകനായ ഗാരി ലിനേക്കർ ചടങ്ങ് നടക്കുന്നതിനിടയിൽ തന്നെ പ്രേക്ഷകരെ അഭിസംബോധന ചെയ്ത് പറഞ്ഞ വാക്കുകളാണിവ.
ഈ സമീപനം ബിബിസിയുടെ കാപട്യത്തെയും പിടിവാശിയെയും വംശീയ മനോഭാവത്തെയും വെളിപ്പെടുത്തുന്നതായിരുന്നു. പാശ്ചാത്യേതര ലോകത്തെ, പ്രത്യേകിച്ച് ‘അപരിഷ്കൃതർ’ എന്ന രീതിയിൽ ചിത്രീകരിക്കപ്പെടുന്ന സമൂഹങ്ങളെ, അനുകൂലമായ രീതിയിൽ അവതരിപ്പിക്കാൻ കാണിച്ച മടിയുടെ പ്രകടനമായിരുന്നു അത്.
ജർമ്മനിയുടെ കറുപ്പും ചുവപ്പും മഞ്ഞയും കലർന്ന കാപട്യങ്ങൾ
‘വൺ-ലവ്’ (One-Love) ആംബാൻഡ് ധരിക്കുന്നതിന് ഫിഫ ഏർപ്പെടുത്തിയ വിലക്കിനെതിരെ പ്രതിഷേധിച്ച്, ജപ്പാനുമായുള്ള മത്സരത്തിന് മുന്നോടിയായുള്ള ഗ്രൂപ്പ് ഫോട്ടോയിൽ ജർമ്മൻ കളിക്കാർ തങ്ങളുടെ വായ പൊത്തിപ്പിടിച്ചു നിന്നിരുന്നു. എന്നാൽ ഇതിലും ശക്തമായ ഒരു പ്രതിഷേധം ഉയർന്നത് ഗാലറിയിൽ നിന്നായിരുന്നു; ജർമ്മൻ ആഭ്യന്തര മന്ത്രി നാൻസി ഫേസർ, ഫിഫ പ്രസിഡന്റിന്റെ തൊട്ടടുത്തിരുന്ന് ഈ ആംബാൻഡ് ധരിച്ച് കളി കണ്ടതായിരുന്നു അത്. ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള രാജ്യം ഏതെന്ന് നിശ്ചയിക്കുമ്പോൾ, ആ രാജ്യത്തിന്റെ മനുഷ്യാവകാശ ചരിത്രം കൂടി പരിഗണിക്കേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെട്ടതും ഇതേ മന്ത്രിയാണ്. (അവർ പറഞ്ഞത് ആത്മാർത്ഥമായിട്ടാണെങ്കിൽ, അടുത്ത ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് അമേരിക്കയാണ് എന്ന കാര്യം അവർ തീർച്ചയായും അറിഞ്ഞിട്ടുണ്ടാകില്ല.)
എൽ.ജി.ബി.ടി.ക്യു (LGBTQ) പിന്തുണയെ വിലക്കിയതിനെതിരെയുള്ള ഇവരുടെ പ്രതിഷേധം യഥാർത്ഥത്തിൽ ഒരു മനുഷ്യാവകാശ ലംഘനത്തിനെതിരെയുള്ളതായിരുന്നില്ല; മറിച്ച് ഒരു രാജ്യം സ്വന്തം സംസ്കാരത്തെയും മൂല്യങ്ങളെയും മുറുകെപ്പിടിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായിരുന്നു.
അതിനേക്കാൾ വലിയ വൈരുദ്ധ്യം എന്തെന്നാൽ, 2009 മുതൽ ടീമിനായി മികച്ച സംഭാവനകൾ നൽകിയിട്ടും, സ്വന്തം കളിക്കാരനോട് വംശീയ അധിക്ഷേപം നടത്തുകയും ഒടുവിൽ അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്തുപോകാൻ നിർബന്ധിതനാക്കുകയും ചെയ്ത ഒരു ടീമിൽ നിന്നാണ് ഈ പ്രസ്താവനകൾ വരുന്നത് എന്നതാണ്. വംശീയ അധിക്ഷേപങ്ങൾ സഹിക്കവയ്യാതെ മെസൂത് ഒസീൽ താൻ നേരിട്ട അനീതികൾ ചൂണ്ടിക്കാട്ടി ഒടുവിൽ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയാണുണ്ടായത്. താൻ നേരിട്ട ക്രൂരമായ വേട്ടയാടപ്പെടലിനെക്കുറിച്ച് ട്വിറ്ററിൽ കുറിച്ചപ്പോൾ അദ്ദേഹം രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: “ഞങ്ങൾ ജയിക്കുമ്പോൾ ഞാൻ ജർമ്മൻകാരനും, തോൽക്കുമ്പോൾ ഞാൻ ഒരു കുടിയേറ്റക്കാരനുമാണ്.” ഈയൊരു പശ്ചാത്തലത്തിൽ നോക്കുമ്പോൾ, “മനുഷ്യാവകാശങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ല” എന്ന ജർമ്മൻ ഫുട്ബോൾ അസോസിയേഷന്റെ (DFB) പ്രസ്താവന തികച്ചും ലജ്ജാകരമായ കാപട്യമായിട്ടാണ് ഇവിടെ നിഴലിക്കുന്നത്.
അവസാനം വരെ തുടർന്ന നിലപാടുകൾ
ആഗോള കായിക മാമാങ്കം അതിന്റെ സമാപനത്തിലേക്ക് അടുത്തപ്പോഴും, പാശ്ചാത്യ രാജ്യങ്ങളും അവരുടെ മാധ്യമങ്ങളും വംശീയവും മുൻവിധികളോടെയുമുള്ള വിമർശനങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. സമാപന ചടങ്ങിൽ, ലോകകപ്പ് ട്രോഫി ഏറ്റുവാങ്ങാൻ വേദിയിലേക്ക് വന്ന ലയണൽ മെസ്സിയെ ഖത്തർ അമീർ സസന്തോഷം ഒരു ‘ബിഷ്ത്’ (Bisht – പരമ്പരാഗത വസ്ത്രം) അണിയിക്കുകയുണ്ടായി. ഈ പ്രവൃത്തി പല പാശ്ചാത്യ കേന്ദ്രങ്ങളിലും അസ്വസ്ഥതയും ആശയക്കുഴപ്പവും സൃഷ്ടിച്ചു. തങ്ങളുടെ ഉള്ളിൽ വേരൂന്നിയ വംശീയതയും ഇസ്‌ലാമോഫോബിയയും (Islamophobia) പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട്, ഈ സാംസ്കാരിക ആദരവിനെ വളരെ അപകീർത്തികരമായ ഒന്നായി ചിത്രീകരിക്കാനാണ് പാശ്ചാത്യ മാധ്യമങ്ങൾ ശ്രമിച്ചത്.
മെസ്സി വിജയിച്ചതും നിലയുറപ്പിച്ചതും അമീറിന്റെ മണ്ണിലായിരുന്നു. ബഹുമാന സൂചകമായി ബിഷ്ത് ധരിപ്പിക്കുക എന്നത് അവിടുത്തെ സവിശേഷമായ ഒരു ആചാരമാണ്. ഈ പ്രവൃത്തിയിൽ ആർക്കെങ്കിലും വിയോജിപ്പ് പ്രകടിപ്പിക്കാൻ അവകാശമുണ്ടായിരുന്നെങ്കിൽ അത് മെസ്സിക്ക് മാത്രമായിരുന്നു; എന്നാൽ അദ്ദേഹം അതിൽ യാതൊരു എതിർപ്പും പ്രകടിപ്പിച്ചതുമില്ല. എന്നിരുന്നാലും, അമീർ ആ ചരിത്ര നിമിഷത്തെ “നശിപ്പിച്ചു” എന്ന രീതിയിലുള്ള സിദ്ധാന്തങ്ങൾ ചമയ്ക്കാനാണ് മാധ്യമങ്ങൾ മുതിർന്നത്. യഥാർത്ഥത്തിൽ, അത് പരമോന്നതമായ ഒരു ബഹുമതിയും ആദരവും സാംസ്കാരിക സമന്വയത്തിന്റെ പ്രഖ്യാപനവുമായിരുന്നു. രാജകുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടതും, സവിശേഷമായ ചടങ്ങുകളിൽ ഇസ്‌ലാമിക പണ്ഡിതന്മാരും (ഇമാമുമാർ) മറ്റ് ഉന്നത ഉദ്യോഗസ്ഥരും ധരിക്കുന്നതുമായ ഒരു വസ്ത്രമാണ് ബിഷ്ത്. ഖത്തറിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ ഏറ്റവും ആദരണീയമായ ഒരു വസ്ത്രം മെസ്സിയെ അണിയിക്കുക വഴി തങ്ങളുടെ സംസ്കാരം ലോകത്തിന് മുന്നിൽ പങ്കുവെക്കാനുള്ള ഒരു അവസരമാണ് അവർ വിനിയോഗിച്ചത്.
ഈ വിവാദങ്ങളെല്ലാം വിരൽ ചൂണ്ടുന്നത്, സ്വന്തം സംസ്കാരത്തിനപ്പുറം മറ്റൊന്നിനെയും അംഗീകരിക്കാൻ തയ്യാറാകാത്ത പാശ്ചാത്യ ലോകത്തിന്റെ കടുംപിടുത്തത്തിലേക്കും വിട്ടുവീഴ്ചയില്ലാത്ത മനോഭാവത്തിലേക്കുമാണ്. തങ്ങൾ മറ്റുള്ളവരേക്കാൾ ശ്രേഷ്ഠരാണെന്ന അവരുടെ ഈ മേധാവിത്വ ചിന്താഗതിയാണ് (Superiority Complex) ഇത്തരം എല്ലാ പ്രശ്നങ്ങളുടെയും കാതൽ.
നിലവിലുള്ള ഈ അസമത്വത്തിന്റെ വ്യവസ്ഥിതിയെ (Status Quo) അസ്വസ്ഥമാക്കുക എന്നത് നമ്മുടെ നൈതികവും നിലനിൽപ്പുപരവുമായ ഉത്തരവാദിത്തമാണ്.
يَـٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَـٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَـٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ
“മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽ നിന്നും പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം തിരിച്ചറിയേണ്ടതിനായി നിങ്ങളെ നാം വിവിധ ജനവിഭാഗങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ കൂടുതൽ സൂക്ഷ്മതയുള്ളവനാകുന്നു (ഭയഭക്തിയുള്ളവൻ). തീർച്ചയായും അല്ലാഹു സർവ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.” (അൽ-ഹുജുറാത്ത് – സൂക്തം 13)
തീർച്ചയായും, പ്രപഞ്ചസൃഷ്ടാവ് നമ്മെയെല്ലാം തുല്യരായിട്ടാണ് പരിഗണിക്കുന്നത്. മനുഷ്യർക്കിടയിലെ പദവികൾ വ്യത്യാസപ്പെടുന്നത് അവരുടെ ഭയഭക്തിയുടെയും നൈതികതയുടെയും അടിസ്ഥാനത്തിൽ മാത്രമാണ്. അങ്ങനെയെങ്കിൽ, തങ്ങൾക്കിടയിൽ അടിസ്ഥാനരഹിതമായ വേർതിരിവുകൾ സൃഷ്ടിക്കാൻ മനുഷ്യർക്ക് എന്തധികാരമാണുള്ളത്?
(വിവർത്തനം)







