ആൽബർട്ട് കാമുവിൻ്റെ “The Myth of Sysiphus” എന്ന വർക്കിൽ ഗ്രീക്ക് മിത്തോളജിയിലെ സിസിഫസ് എന്ന ഒരു കഥാപാത്രത്തെ പരാമർശിക്കുന്നുണ്ട്. ആകാശത്തിൻ്റെ ദേവനായ സിയൂസ് വിധിച്ച ശിക്ഷ കാരണം ജീവിതകാലം മുഴുവനും ഒരു വലിയ പാറ കല്ല് മല മുകളിലേക്ക് ഉരുട്ടിക്കയറ്റുകയും ഇറക്കുകയും ചെയ്യാനായിരുന്നു സിസിഫസിൻ്റെ വിധി. സിസിഫസിൻ്റെ അതേ സാധർമ്യം പുലർത്തുന്ന മറ്റൊരു കഥാപാത്രമാണ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പ്രതിപാദിക്കപ്പെടുന്ന പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്ത് ഭ്രാന്തൻ. എല്ലാദിവസവും മലമുകളിലേക്ക് പാറക്കല്ല് ഉരുട്ടി കയറ്റി അത് താഴേക്ക് തള്ളിയിട്ടു കൊണ്ട് കൈകൊട്ടി ആർത്തു ചിരിക്കലായിരുന്നു നാറാണത്ത് ഭ്രാന്തന്റെ പണി.
വിശുദ്ധ ഖുർആനിലെ സൂറത്ത് നഹ്ലിലെ തൊണ്ണൂറ്റിരണ്ടാം സൂക്തത്തിൽ (وَلَا تَكُونُوا۟ كَٱلَّتِى نَقَضَتْ غَزْلَهَا مِنۢ بَعْد قُوَّةٍ أَنكَـٰثًۭا) മുകളിൽ പരാമർശിക്കപ്പെട്ട രണ്ടു കലാപാത്രങ്ങളുമായി മറ്റൊരു രീതിയിൽ സാമ്യമുള്ള “ജുഅ്റാന” എന്ന നൂൽ നൂൽപ്പുകാരിയാണ് വിഷയീഭവിക്കുന്നത്. ജുഅ്റാനയും കൂട്ടുകാരികളും പ്രഭാതം മുതൽ നട്ടുച്ച വരെ നൂല് നൂൽക്കുകയും പിന്നീട് യാതൊരു കാരണവുമില്ലാതെ ഉച്ചമുതൽ വൈകുന്നേരം വരെ കോർത്ത നൂല് തുന്നഴിക്കുകയും ചെയ്യും. ജീവിതത്തിൽ വളരെ കഷ്ടപ്പെട്ട് ചെയ്ത സൽപ്രവർത്തനങ്ങളെ സ്വയം നശിപ്പിക്കരുതെന്ന പ്രമേയമാണ് ഇതിൻ്റെ സാരം.
മൂന്ന് അഭേദ്യമായ ധാരകളിലെ പ്രകടമായി സാമ്യതകൾ പുലർത്തുന്ന കഥാപാത്രങ്ങൾ എന്നതിലുപരി മനുഷ്യ അസ്തിത്വം (Existence) സത്ത(Essence) അർത്ഥാന്വേഷണം (Search for Meaning) തുടങ്ങിയ വിപുലമായ ഇടങ്ങളുമായി ചേർത്തു വായിക്കപ്പെടേണ്ട ഒന്നു കൂടിയാണ് ഈ കഥാപാത്രങ്ങൾ.
കാമുവിനെ സംബന്ധിച്ചിടത്തോളം മനുഷ്യൻ തന്റെ ജീവിതത്തിൽ അർത്ഥത്തിന്റെയും ഉദ്ദേശലക്ഷത്തിന്റെയും നിരന്തരമായ അന്വേഷണത്തിലാണ്. എന്നാൽ ഈ പ്രപഞ്ചം അതിനൊരു കൃത്യമായ ഉത്തരം ഉൾക്കൊള്ളുന്നില്ല. ജീവിത ലക്ഷ്യത്തിന്റെയും അർത്ഥാന്വേഷണത്തിന്റെയും അതിനോടുള്ള പ്രപഞ്ചത്തിൻ്റെ നിശബ്ദതയുടെയും ഇടയിലുള്ള സംഘട്ടനത്തെയാണ് കാമു “The Absurd” എന്ന് വിളിക്കുന്നത്. ഇതിൽ നിന്നുമാണ് “Absurdism” എന്ന പരികല്പന രൂപം കൊള്ളുന്നത്. മനുഷ്യനോ ജീവിതത്തിനോ സഹജമായ ഒരു സത്തയോ അർത്ഥമോ ഉൾക്കൊള്ളാത്തതിനാൽ നൈരാശികതക്കപ്പുറത്ത് നിരന്തര സംഘട്ടനത്തിലേർപ്പെടലാണ് മാർഗം എന്നതാണ് കാമു ഇതിനോട് പരിഹാരമായി നിർദേശിക്കുന്നത്.
എന്നാൽ ഹിന്ദു ഐതിഹ്യത്തിലെ നാറാണത്ത് ഭ്രാന്തൻ മറ്റൊരു രീതിയിലായിരുന്നു അർത്ഥാന്വേഷണത്തെ ദർശിച്ചിരുന്നത്. നാറാണത്ത് ഭ്രാന്തൻ ഭ്രാന്തനായിരുന്നില്ല, ഐതിഹ്യത്തിലെ വലിയ ദാർശനികനായിരുന്നു. ജീവിതത്തിലെ സകല സമ്പാദ്യങ്ങളും ഈ കല്ലുരുണ്ട് താഴേക്ക് വീഴുന്നതുപോലെ അസ്ഥിരമാണെന്നും നഷ്ടപ്പെടുമെന്നുമുള്ള ഉദ്ബോധനം ആയിരുന്നു അത്തരമൊരു പ്രവർത്തിയുടെ പോലും ഭാഷ്യം.
ഇതിൽ നിന്നെല്ലാം വിഭിന്നമായി ഇസ്ലാം എങ്ങനെ സത്തയെയും അർത്മാന്വേഷണത്തെയും കാണുന്നു എന്നതിൻറെ രീതിശാസ്ത്രമായിരുന്നു മുകളിലത്തെ സൂക്തത്തിൽ അല്ലാഹു നൽകുന്ന മുന്നറിയിപ്പ്. ഇസ്ലാമിക ദർശനത്തിൽ മനുഷ്യന് കൃത്യമായ ലക്ഷ്യവും അർത്ഥവും നൽകപ്പെട്ടിട്ടുണ്ട്. ജഗനിയന്താവായ തൻ്റെ സൃഷ്ടാവിനെ ആരാധിക്കുകയെന്നതാണ് മനുഷ്യ സൃഷ്ടിപ്പിന്റെ പോലും ഉദ്ദേശ്യം.
ചുരുക്കത്തിൽ, മനുഷ്യന്റെ അസ്തിത്വത്തെയും സത്തയെയും പ്രതിനിധാനം ചെയ്യുന്ന മൂന്ന് വ്യത്യസ്ത ധാരകളുടെ ആശയ തലങ്ങളെയാണ് സമാനതകളുള്ള കഥാപാത്രങ്ങളിലൂടെ ഇവിടെ അവതരിപ്പിച്ചത്.
പാശ്ചാത്യ തത്വചിന്തയിൽ ഒരു നിയതമായ ഘട്ടത്തിലാണ് അസ്തിത്വത്തെക്കുറിച്ചുള്ള ചർച്ചകൾ ഉടലെടുക്കുന്നത്. ഡാനിഷ് ഫിലോസഫർ സോറൻ കീർകെഗാർദിൻ്റെ (Soren Kierkegard) സിദ്ധാന്തങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിൽ സംഭവിച്ച പാശ്ചാത്യ തത്ത്വചിന്തയിലെ ഷിഫ്റ്റും ഏറ്റവും പ്രധാനമായി കീർകെഗാർദിൻ്റെ ആശയങ്ങളിലെയും ഇസ്ലാമിക സൂഫിസത്തിലെയും ഘടനാപരമായ സാധ്യത അന്വേഷിക്കുകയും പ്രത്യേകിച്ച്, കീർകെഗാർദിൻ്റെ വിശ്വാസത്തിന്റെ ഇരട്ടചലന സിദ്ധാന്തവും (Double Movement Infinity) സൂഫിസത്തിലെ സംജ്ഞകളായ “ഫനാഉം” “ബഖാഉം” തമ്മിലുള്ള ഒരു കംപാരിറ്റീവ് റീഡിങ് കൂടിയാണ് ഈ എഴുത്തുകൊണ്ട് ലക്ഷ്യം വെക്കുന്നത്.
എപിസ്റ്റെമോളജിയിൽ നിന്ന് എക്സിസ്റ്റെൻഷ്യസത്തിലേക്ക്
എപ്പിസ്റ്റമോളജിയിൽ നിന്നും ഓൻടോളജിയിലേക്കുള്ള ഒരു വലിയ മാറ്റമായിരുന്നു (Shift) മോഡേൺ വെസ്റ്റേൺ ഫിലോസഫിയിൽ കീർകെഗാർദിൻ്റെ വരവോടുകൂടി സംഭവിച്ചത്. ക്ലാസിക്കൽ ഫിലോസഫിയും ആദ്യകാല ആധുനിക പാശ്ചാത്യ തത്വചിന്തയും പ്രധാനമായും സത്യം, ജ്ഞാനം, യാഥാർത്ഥ്യം തുടങ്ങിയ ആശയങ്ങളുടെ പ്രകൃതത്തെയായിരുന്നു പ്രധാനമായും ഗൗനിച്ചിരുന്നത്
പതിനേഴാം നൂറ്റാണ്ടിൽ റെനെ ദെക്കാർത്തെയുടെ (Rene Descartes) വർക്കുകളിലൂടെയാണ് മോഡേൺ ഫിലോസഫി പ്രാരംഭം കുറിക്കുന്നത്. “I think, therefore I am” (Latin: Cogito, ergo sum) എന്ന വളരെ പ്രശസ്തമായ പ്രസ്താവനയിൽ rational self-consciousness എന്ന ആശയത്തിലൂടെ ദെക്കാർത്തെ Certainty യെ അടയാളപ്പെടുത്തുകയും അങ്ങനെ മോഡേൺ ഫിലോസഫി, ‘അറിവ് എങ്ങനെ സാധ്യമാക്കുന്നു’ എന്ന ചോദ്യത്തിന്മേൽ ജ്ഞാന ശാസ്ത്ര കേന്ദ്രീകൃതമായി മാറുകയുമായിരുന്നു. ജ്ഞാനശാസ്ത്രത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ യുക്തിവാദം (Rationalism) അനുഭവമാത്രവാദം (Empiricism) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളെ സൃഷ്ടിച്ചു. സ്പിനോസ, ലെയ്ബ്നിസ് അടക്കമുള്ള തത്വചിന്തകർ അറിവിൻറെ മുഖ്യ സ്രോതസ്സായിട്ട് യുക്തിയെയും ജോൺ ലോക്ക്, ഡേവിഡ് ഹ്യൂം തുടങ്ങിയവർ അനുഭവജ്ഞാനത്തെയും പഞ്ചേന്ദ്രിയങ്ങളെയും മുന്നോട്ട് വെക്കുകയായിരുന്നു.
ഇമ്മാനുവൽ കാൻ്റിന്റെ പരികല്പനകളോടുകൂടിയാണ് മോഡേൺ ഫിലോസഫിയുടെ ഈയൊരു എപ്പിസ്റ്റിമോളജിക്കൽ പ്രൊജക്റ്റ് വളരെ നിർണായകമായ ഒരു ഘട്ടത്തിൽ എത്തുന്നത്. “A Priori” “A Posteriori” ജ്ഞാനങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് Synthetic A Priori എന്നതായിരുന്നു കാൻ്റിൻ്റെ തത്വം. പ്രാപഞ്ചിക സത്യങ്ങളെ അനുഭവസ്ഥ ജ്ഞാനങ്ങളെക്കൊണ്ട് സമന്വയിപ്പിക്കുന്ന Synthetic A Priori യാണ് മാനുഷിക അറിവിൻറെ അടിസ്ഥാനതലം എന്നതാണ് ഇതിന്റെ ആശയം.

പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിൽ കീർകെഗാർദിൻ്റെ സമകാലികനായ ഫ്രെഡറിക് ഹെഗൽ ആണ് ഒരു പടികൂടി കടന്ന് “Absolute Idealism” ത്തെ വികസിപ്പിക്കുന്നത്. ഹെഗലിനെ സംബന്ധിച്ചിടത്തോളം റിയാലിറ്റി റേഷണൽ ആയിരുന്നു. ട്രൂത്ത് എന്നത് ഒറ്റപ്പെട്ട വ്യക്തിഗത അനുഭവങ്ങൾ ആയിരുന്നില്ല. മറിച്ച് അത് ഏകീകൃതമായിരുന്നു. പ്രകൃതി, മനുഷ്യൻ, സമൂഹം, ചരിത്രം, മാനുഷിക ബോധം തുടങ്ങിയ എല്ലാ അസ്തിത്വങ്ങളും Absolute Spirit (Geist) ൻ്റെ Unfolding ആയിട്ടായിരുന്നു ഹെഗൽ മനസ്സിലാക്കിയത്. പാശ്ചാത്യ ഫിലോസഫിയുടെ ഈയൊരു Existential Turn നെതിരെ വിശിഷ്യാ, ഹെഗലിൻ്റെ ഐഡിയലിസത്തിനെതിരെയായിരുന്നു കീർകെഗാർദിൻ്റെ ആശയങ്ങൾ ഉയർന്നു വന്നത്. കീർകെഗാർദിനെ സംബന്ധിച്ചിടത്തോളം അസ്തിത്വം എന്നത് ആശയത്തിലൂടെ (concept) മനസ്സിലാക്കപ്പെട്ട ഒന്നല്ല. മറിച്ച്, Anxiety, Choice, Suffering, Faith എന്നിങ്ങനെയുള്ള സംജ്ഞകളിലൂടെ ജീവിക്കപ്പെടേണ്ട (lived) ഒന്നാണ്.
മോഡേൺ ഫിലോസഫിയുടെ ഈയൊരു എക്സിസ്റ്റെൻഷ്യൽ ടേണിന് ഇരുപതാം നൂറ്റാണ്ടിലെ ഫിനോമിനോളജിയിലൂടെയും എഡ്മണ്ട് ഹസ്സേലിൻ്റെയും മാർട്ടിൻ ഹൈഡഗറിന്റെയുമൊക്കെ എക്സിസ്റ്റെൻഷ്യൽ ഫിലോസഫിയിലൂടെ കൂടുതൽ സാധുത ലഭിക്കുകയായിരുന്നു. ‘What is Truth’ എന്നതിന് പകരം ‘How Should one Exist’ എന്ന ചോദ്യത്തിന്റെ തലങ്ങളിലേക്ക് ദർശനങ്ങൾ പരിവർത്തിക്കപ്പെടുകയായിരുന്നു.
Either/Or: കീർകെഗാർദിൻ്റെ അസ്തിത്വ വായന
എക്സിസ്റ്റെൻഷ്യലിസത്തിൻറെ പിതാവ് എന്ന് പൊതുവേ അറിയപ്പെടുന്നത് സോറൻ കീർകെഗാർദ് ആണ്. അദ്ദേഹത്തിൻറെ ചിന്തകൾ പ്രധാനമായും ഹെഗലിയൻ ഫിലോസഫിക്കും വ്യവസ്ഥാപിത ക്രിസ്ത്യാനിറ്റിക്കും എതിരായിട്ടുമായിരുന്നു രൂപം പ്രാപിച്ചത്. സയൻ്റിസത്തിലും ജ്ഞാനോൽപാദനത്തിലും അമിത വിശ്വാസം പുലർത്തിയ പാശ്ചാത്യ ഫിലോസഫിക്കെതിരെയുള്ള വിമർശനമായിരുന്നു അദ്ദേഹത്തിൻ്റെ ആശയങ്ങൾ. “Truth is System” എന്ന ഹെഗലിൻ്റെ തത്വത്തോട് “Truth is subjectivity” എന്ന പ്രഖ്യാപനമായിരുന്നു കീർകെഗാർദ് നടത്തിയത്.
ഇത്തരത്തിലൊരു പ്രഖ്യാപനത്തിൻ്റെ അർത്ഥം സത്യം ആപേക്ഷികമാണ് (Relative) എന്നതായിരുന്നില്ല മറിച്ച്, സത്യം അർത്ഥനിബിഢമാകുന്നത്, അത് വ്യക്തി സ്വയം ആന്തരികമായി ചേർത്തുവയ്ക്കുമ്പോഴാണ് എന്നതായിരുന്നു. അതായത്, ദൈവത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ കേവലമായി അറിയുന്നത് പോലെയല്ല ദൈവത്തിനു വേണ്ടി ആത്മസമർപ്പണം നടത്തുന്നത്. ഈയൊരു ആശയത്തെ വളരെ വ്യക്തമായി കീർകെഗാർദ് തൻറെ Either/Or എന്ന സുപ്രസിദ്ധ കൃതിയിൽ അനുധാവനം ചെയ്യുന്നുണ്ട്. അതിൽ കീർകെഗാർദ് അസ്തിത്വത്തിൻ്റെ മൂന്ന് ഘട്ടങ്ങളെ വിശദീകരിക്കുന്നുണ്ട്: The Aesthetic, The Ethical and The Religious.
ഏസ്തെറ്റിക് സ്റ്റേജിനെ പ്രധാനമായും സന്തോഷം, ഭംഗി, സംതൃപ്തി തുടങ്ങിയ ആശയങ്ങളാണ് ഭരിക്കുന്നത്. ഈ ഘട്ടത്തിൽ ആസ്വാദനത്തെ തേടുകയും ധാർമിക പ്രതിബദ്ധതയെ ഉപേക്ഷിക്കുകയും ചെയ്യുന്നു. പക്ഷെ, ഇത്തരമൊരു ജീവിതം നൈരാശികതയിലേക്കും വിരസതയിലേക്കുമാണ് നയിക്കുക. കാരണം, സന്തോഷത്തിന് ജീവിതത്തിൻറെ പൂർണമായ അർത്ഥ തലങ്ങളെ വിഭാവനം ചെയ്യാൻ കഴിയുന്നില്ല.
എത്തിക്കൽ സ്റ്റേജ് കുറേക്കൂടി ചുമതല, ഉത്തരവാദിത്വം, ധാർമിക പ്രതിബദ്ധത എന്നിവയിൽ അധിഷ്ഠിതമായ അസ്ഥിത്വത്തിന്റെ ഉയർന്ന തലത്തെയാണ് രൂപപ്പെടുത്തുന്നത്. ഒരു നൈതിക വ്യക്തി ജീവിതത്തെ ഗൗരവമായി കാണുകയും ധാർമിക നിയമങ്ങൾക്ക് അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, നൈതികത അപര്യാപ്തമാണ്. കാരണം, തെറ്റ്, പാപം ദൈവത്തിനു മുന്നിലെ സ്വത്വത്തിന്റെ ഗാഢമായ പ്രശ്നങ്ങൾ തുടങ്ങിയവയെ ധാർമികതക്ക് പരിഹരിക്കാൻ ആവുന്നില്ല.
അതിനാൽ തന്നെ റിലീജിയസ് സ്റ്റേജാണ് അസ്ഥിത്വത്തിന്റെ ഏറ്റവും ഉൽകൃഷ്ടമായ ഘട്ടം. ഇതിൽ വ്യക്തി ബാഹ്യമായ എല്ലാത്തിൽ നിന്നും വേർപ്പെട്ടുക്കൊണ്ട് ദൈവത്തിനു മുന്നിൽ തനിയെ നിൽക്കുകയാണ്. വിശ്വാസം എന്നത് സമൂഹത്തിലോ പ്രാപഞ്ചിക യുക്തിയിലോ മധ്യസ്ഥത വെക്കപ്പെടുന്നതല്ല. അത് പൂർണ്ണമായ ആത്മസമർപ്പണമാണ്. ഈ ഒരു വിശ്വാസത്തിൻ്റെ മൂർത്തമായ ഭാവത്തിലേക്കാണ് Fear and Trembling എന്ന കീർകെഗാർദിൻ്റെ മാസ്റ്റർപീസ് കൃതി, അബ്രഹാമിന്റെയും മകൻ ഇസാക്കിൻ്റെയും കഥയിലൂടെ, എത്തിച്ചേരുന്നത്. (Note: In Islamic tradition, Prophet Ismail (Ishmael) is generally believed to be the son whom Abraham intended to sacrifice. In Christian and Jewish traditions, it is universally identified as Prophet Isaac) പ്രാപഞ്ചിക നൈതിക ക്രമങ്ങൾക്കപ്പുറത്ത് ദൈവത്തിന് വിധേയപ്പെടുന്നതിലൂടെ അബ്രഹാം വിശ്വാസത്തിൻറെ കുതിരപ്പടയാളി “Knight of Faith” ആവുകയാണ്. ഇത് Theological Suspension of Ethical എന്ന കീർകെഗാർദിൻ്റെ ആശയത്തെയാണ് അവതരിപ്പിക്കുന്നത്.
കീർകൊഗാർദ്, അബ്രഹാം, സൂഫിസം
കീർകെഗാർദിൻ്റെ എക്സി സ്റ്റെൻഷ്യൽ ആശയങ്ങൾക്ക് ഇസ്ലാമിന്റെ ആധ്യാത്മിക രൂപകമായ സൂഫിസത്തോട് നിരവധി സാമ്യതകൾ ഉണ്ട്. സൂഫിസവുമായി ചേർത്തുവയ്ക്കുന്നതിലൂടെ കുറെക്കൂടി വിശാലമായ തലങ്ങളിലേക്ക് ചർച്ചകളെ പരിവർത്തിപ്പിക്കാൻ കഴിയും.
വ്യത്യസ്തമായ ദൈവ ശാസ്ത്ര പാരമ്പര്യങ്ങൾ കൊണ്ട് വ്യതിരക്തത പുലർത്തുന്നുണ്ടെങ്കിലും (Kierkegard as the proponent of christian existentialism) കീർകെഗാർദും സൂഫി പാരമ്പര്യവും കേവലം മതാചാരങ്ങൾക്കപ്പുറത്ത് ആന്തരികതക്കും ആത്മീയ പരിവർത്തനത്തിനും ആത്മസമർപ്പണത്തിനും കൽപ്പിക്കുന്ന പ്രാധിനിത്യത്തിൻ്റെ വിഷയത്തിൽ ഏക സ്വഭാവം ഉള്ളതാണ്. രണ്ട് ആശയരൂപങ്ങളും വിശ്വാസത്തെ ബാഹ്യഘടനകളിലേക്ക് ചുരുക്കുന്നതിനെ എതിർക്കുകയും ദൈവമായിട്ടുള്ള ആന്തരിക ബന്ധത്തിനും സമർപ്പണത്തിനും പരിഗണന നൽകുകയും ചെയ്യുന്നുണ്ട്.
ഡെന്മാർക്കിലെ വ്യവസ്ഥാപിത ചർച്ചിൻ്റെ പ്രവർത്തനങ്ങളെ കീർകെഗാർദ് തൻ്റെ എഴുത്തുകളിലുടനീളം വിമർശിച്ചത് ആത്മീയപരം എന്നതിനപ്പുറത്തേക്ക് ക്രിസ്ത്യാനിറ്റി സാംസ്കാരികവും സാമൂഹികവും സുഖകരവുമായി മാറി എന്ന തിരിച്ചറിവിൽ നിന്നായിരുന്നു. മതവും വിശ്വാസവുമെല്ലാം ആത്മസമർപ്പണം എന്നതിനപ്പുറത്ത് മനുഷ്യ ജീവിതത്തിന്റെ ഒരു “പതിവ്” എന്ന രീതിയിലേക്ക് പരിവർത്തിക്കപ്പെട്ടിരുന്നു. കീർകെഗാർദിനെ സംബന്ധിച്ചിടത്തോളം യഥാർത്ഥ മതവിശ്വാസം തുടങ്ങുന്നത് ഒരു വ്യക്തി ദൈവത്തിനു മുന്നിൽ ഫിയറിനാലും ട്രെംബ്ലിങ്ങിനാലും (Fear and Trembling) നിൽക്കുമ്പോഴാണ്.
Fear and Trembling ലെ കീർകെഗാർദ് നടത്തുന്ന അബ്രഹാമിന്റെ വായനയ്ക്കിടയിലും ഇബ്രാഹിം നബിയുടെ സൂഫീ ആഖ്യാനങ്ങൾക്കിടയിലും അഗാധമായി ബന്ധങ്ങളും സാധ്യതകളും നിറഞ്ഞു നിൽക്കുന്നുണ്ട്. കീർകെഗാർദിനെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിൻറെ ഏറ്റവും ഉൽകൃഷ്ടമായ ഉദാഹരണമാണ് അബ്രഹാം. കാരണം, യുക്തിയും നൈതികതയും വിരുദ്ധമാക്കുന്ന ഒരു പാരഡോക്സിലേക്ക് അബ്രഹാം എത്തിച്ചേരുന്നുണ്ട്. ഭാവിയിൽ ദൈവകൽപ്പന പൂർത്തീകരിക്കേണ്ട തന്റെ മകനായിട്ടുള്ള ഇസാക്കിനെ ദൈവം ബലി കഴിക്കാൻ കൽപ്പിക്കുകയാണ്. ധാർമിക വീക്ഷണത്തിൽ, അബ്രഹാം ഒരു ഘാതകനായിട്ട് തോന്നപ്പെടുമെങ്കിലും മതകീയാടിസ്ഥാനത്തിൽ വിശ്വാസികളുടെ പിതാവാണ് അബ്രഹാം. ഇതിനെയാണ് മുകളിൽ സൂചിപ്പിച്ചതുപോലെ Theological Suspension of Ethical എന്ന് വിളിക്കുന്നത്. ധാർമിക നിയമങ്ങൾക്കുമപ്പുറത്ത് ദൈവത്തിലേക്കുള്ള പൂർണ്ണ ആത്മസമർപ്പണമാണിത്

അബ്രഹാമിന്റെ വിശ്വാസം തീർപ്പുള്ളതായിരുന്നില്ല അത് വൈവിദ്ധ്യാത്മകമായിരുന്നു. അദ്ദേഹം ഒരേ സമയം തൻറെ മകനെ ദൈവഹിതത്തിൽ ബലി കൊടുക്കണമെന്നും എന്നാൽ തനിക്ക് മകനെ നഷ്ടപ്പെടില്ല എന്നും വിശ്വസിക്കുന്നു. ദൈവം എല്ലാം സാധ്യമാക്കുന്നവനാണ് എന്ന് അബ്രഹാം വിശ്വസിച്ചിരുന്നതായി കീർകെഗാർദ് എഴുതുന്നുണ്ട്. ഇതാണ് കീർകെഗാർദ് വിളിക്കുന്ന Fear and Trembling നെ സൃഷ്ടിക്കുന്നത്. അഥവാ, ധാർമിക ഉത്തരവാദിത്വത്തിന്റെയും ദൈവത്തിനു വഴിപ്പെടുന്നതിന്റെയും ഇടയിൽ ഉൽകണ്ഠ (Anxiety) ഉണ്ട്. കീർകെഗാർദിൽ വിശ്വാസവും ഉൽകണ്ഠയും ഒരേ സമയം നിലനിൽക്കുന്നുണ്ട്. ഉൽകണ്ഠ വിശ്വാസം ബലഹീനമാണെന്നല്ല സൂചിപ്പിക്കുന്നത് മറിച്ച്, ദൈവവുമായുള്ള ബന്ധം യാഥാർത്ഥ്യമാണ് എന്നാണ്.
ഖുർആനും ഇബ്രാഹിം നബിയുടെ കഥയിൽ ഇത്തരത്തിലുള്ള ഒരു അവസ്ഥയെ പ്രതിപാദിക്കുന്നുണ്ട്. സൂറത്തുൽ ബഖറയിലെ ഇരുന്നൂറ്റി അറുപതാം സൂക്തത്തിൽ ഇബ്രാഹിം നബി അല്ലാഹുവിനോട് ചോദിക്കുന്നുണ്ട്:
“എന്റെ റബ്ബേ, നീ മരിച്ചവരെ ജീവിപ്പിക്കുന്നത് എങ്ങനെയാണെന്ന് എനിക്കൊന്ന് കാണിച്ചു തരേണമേ”
അല്ലാഹു പറഞ്ഞു: “നീ വിശ്വസിച്ചിട്ടില്ല എന്നുണ്ടോ”?
ഇബ്രാഹീം നബി പറഞ്ഞു “ഉണ്ട്. എങ്കിലും, എന്റെ ഹൃദയത്തിന് സമാധാനം ഉണ്ടാവാന് വേണ്ടിയാണ്.
ശേഷം, നാല് പക്ഷികളെ കൊന്ന ശേഷം അവക്ക് ജീവൻ നൽകി കാണിക്കുന്നുണ്ട് അല്ലാഹു. ഇത്, ഇബ്രാഹിം നബിക്ക് അല്ലാഹുവിൽ പൂർണമായ വിശ്വാസം ഇല്ലാത്തതുകൊണ്ടോ സംശയം നിലനിൽക്കുന്നത് കൊണ്ടോ അല്ല. ഹൃദയത്തെ ശാന്തപ്പെടുത്തുക എന്നതാണ് ഉദ്ദേശം. വിശ്വാസം പൂർണ്ണമായും ഉൽകണ്ഠയെ ഇല്ലായ്മ ചെയ്യുന്നതല്ല. മറിച്ച്, ഉൽകണ്ഠ വിശ്വാസത്തിൻറെ ഗൗരവത്തെയാണ് മുന്നോട്ട് വെക്കുന്നത്.
Double Movement Infinity യും ഫനാഉം ബഖാഉം
കീർകെഗാർദിൻ്റെ Double Movement Infinity യിലെ ആദ്യത്തെ ചലനത്തെ അദ്ദേഹം വിളിക്കുന്നത് Infinite Resignation എന്നാണ്. അബ്രഹാം തൻറെ ഏറ്റവും വലിയ സമ്പത്തായ മകനെ ദൈവമാർഗ്ഗത്തിൽ പൂർണമായും വിട്ടു നൽകുകയാണ്. ഈ ലോകവുമായി ബന്ധപ്പെട്ട എല്ലാ ബന്ധനങ്ങളിൽ നിന്നും തീർപ്പുകളിൽ നിന്നുമുള്ള ഒരു പരിപൂർണ്ണ പിൻവാങ്ങൽ കൂടിയാണ് ഒന്നാമത്തെ ചലനം. എന്നാൽ, ഇതുമാത്രമല്ല വിശ്വാസത്തിൻറെ പൂർണ്ണരൂപം. രണ്ടാമത്തെ ചലനത്തെയാണ് കീർകെഗാർദ് Leap of Faith എന്ന് വിളിക്കുന്നത്; അഥവാ, അബ്രഹാം മകനെ ബലിയർപ്പണത്തിന് വിധേയമാക്കുന്നുവെങ്കിലും ഈ ലോകത്ത് തന്നെ ദൈവം തൻ്റെ മകനെ തിരിച്ചു തരുമെന്നുള്ള ഉറച്ച വിശ്വാസം കൂടി അബ്രഹാം പുലർത്തുന്നുണ്ട്. അതിനാൽ തന്നെ, വിശ്വാസം എന്നത് കേവലം ആത്മത്യാഗമല്ല അതിലുപരി, അതിവർത്തിതയിലെ വിശ്വാസത്തിലൂടെയുള്ള വൈരുദ്ധ്യാത്മകമായ വീണ്ടെടുപ്പ് (Paradoxical Recovery) കൂടിയാണ്.
വ്യാഖ്യാത സൂഫി തത്വചിന്തകനായിട്ടുള്ള ശൈഖുൽ ഇസ്ലാം ഇബ്നു അറബി തന്റെ ഫുസൂസുൽ ഹികമിൽ ഇബ്രാഹിം നബിയുടെ ബലിയർപ്പണത്തെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കുന്നുണ്ട്. ഇബ്നു അറബിയെ സംബന്ധിച്ചിടത്തോളം ഇബ്രാഹിം നബി അല്ലാഹുവിൻറെ അടുത്തുനിന്നുള്ള വെളിപാടിനെ പ്രകടമായ അർത്ഥത്തിൽ മനസ്സിലാക്കുകയായിരുന്നു. “ഇസ്മാഈൽ” എന്നത് (From Islamic Perspective it is not issac) വിധേയമാക്കപ്പെടേണ്ട മകൻ എന്നതിനപ്പുറം ഒരു മനുഷ്യന് ദൈവത്തിന് സമർപ്പിക്കാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമായിരുന്നു. വാസ്തവത്തിൽ, “ഇസ്മാഈൽ” പ്രതിനിധീകരിക്കുന്നത് അവനവൻറെ തന്നെ സ്വത്വത്തെയാണ്. ഇത്തരമൊരു വ്യാഖ്യാനം സൂഫിസത്തിലെ സംജ്ഞകളായ “ഫനാഅ്” ലേക്കും “ബഖാഅ്” ലേക്കുമാണ് നയിക്കുന്നത്. ഇത് മുകളിൽ സൂചിപ്പിച്ച കീർകെഗാർദിൻ്റെ Double Movement Infinity യോട് വളരെയധികം സമാനതകൾ പുലർത്തുന്നുണ്ട്.
ഫാനാഇന്റെ ഭാഷാർത്ഥം ഉന്മൂലനം ചെയ്യുക (Annihilation) എന്നതാണ്. അഥവാ, മനുഷ്യനിൽ അടങ്ങിയിട്ടുള്ള അഹംബോധത്തെയും ഇഹലോക ബന്ധങ്ങളെയും ദൈവ സമർപ്പണത്തിൽ പൂർണ്ണമായും വെടിയുക എന്നതാണ്. മോശം സ്വത്വത്തിന്റെ ആത്മീയ മരണമാണ് ഒരർത്ഥത്തിൽ ഈ അവസ്ഥ. ഇത്തരമൊരു വീക്ഷണത്തിൽ, കീർകെഗാർദിൻ്റെ ഒന്നാം ചലനമായ Infinite Resignation നോട് സമാന്തരമാണിത്. രണ്ട് ആശയങ്ങളും ഇഹലോകത്തിൻ്റെ ആന്തരികമായ പരിത്യാഗവുത്തെയും ദൈവത്തിലേക്കുള്ള പൂർണ്ണമായ സമർപ്പണത്തെയുമാണ് പ്രാധാന്യം കൽപ്പിക്കുന്നത്.
കീർകെഗാർദിൻ്റെ സിദ്ധാന്തം ആദ്യ ചലനമായ പരിത്യാഗത്തിൽ മാത്രം ഒതുങ്ങാത്തത് പോലെ ഫനാഇൽ മാത്രം പൂർത്തിയാകുന്നതല്ല. ഫനാഇനു ശേഷം “ബഖാഅ്” എന്നൊരു അവസ്ഥകൂടി നിലനിൽക്കുന്നുണ്ട്. ബഖാഅ് എന്നാൽ ദൈവത്തിലുള്ള അതിജീവനവും അനുവർത്തനവുമാണ് (Substinence or Abide in God). തൻറെ സ്വത്വത്തെ വിഹ്നിച്ചുകൊണ്ട് രൂപാന്തരം പ്രാപിച്ചവനായിട്ടാണ് സൂഫി ഈ ലോകത്തേക്ക് മടങ്ങുന്നത്. അഹം ബോധത്തിലൂടെയല്ല ദൈവിക ബോധത്തിലൂടെയാണ് സൂഫി ലോകത്തെ അറിയുന്നത്. എല്ലാത്തിന്റെയും കണ്ണാടി ആയിട്ട് തൗഹീദ് പ്രതിഫലിച്ച് നിൽക്കും. ഇത് ഇഹലോകത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലല്ല മറിച്ച് പുതിയ ഓൻടോളജിക്കൽ അവബോധത്തിലൂടെയുള്ള തിരിച്ചുവരവാണ്.
ബഖാഅ് എന്ന സൂഫി ആശയം കീർകെഗാർദിൻ്റെ രണ്ടാം ചലനമായ Leap of Faith നോട് സമാനമാണ്. അബ്രഹാം എല്ലാം നഷ്ടപ്പെട്ടവനായിട്ടല്ല മലമുകളിൽ നിന്നും തിരിച്ചു വരുന്നത്. മറിച്ച്, എല്ലാം നേടിയ ഒരു തികഞ്ഞ വിശ്വാസിയായിട്ടാണ്. അതുപോലെ ബഖാഅ് കരസ്ഥമാക്കിയ ഒരു സൂഫി ആത്മീയ രൂപകങ്ങളിൽ അലിഞ്ഞു ചേരുകയല്ല പകരം, ശരീഅത്തിൻറെ നിയമങ്ങളിലേക്കും ധാർമിക ജീവിതത്തിലേക്കും മടങ്ങുകയാണ് ചെയ്യുന്നത്. എന്നിരുന്നാലും, ഇരു ധാരകൾക്കിടയിലും ഭീമമായ ഒരു വ്യത്യാസം നിലനിൽക്കുന്നുണ്ട്. പ്രാപഞ്ചിക നൈതികതക്കപ്പുറത്തുള്ള ഒരു വ്യക്തിയുടെ നിലനിൽപ്പിനെയാണ് കീർകെഗാർദിൻ്റെ ചട്ടക്കൂട് വിഭാവനം ചെയ്യുന്നത്. എന്നാൽ സൂഫിസം സത്യാന്വേഷിയെ ശരീഅത്തിൻറെ നിയമങ്ങളിലേക്കാണ് മടക്കുന്നത്. ശരീഅത്ത് എന്ന കപ്പലിലേറി ത്വരീഖത്ത് എന്ന കടലിലൂടെ ഹഖീഖത്തിനെ അന്വേഷിക്കത്തിലാണ് സൂഫി ഉദ്യമം.
References
1. Shuhaibul Haithami, Haithami, S. (n.d.). Facebook post on scriptures, folklores, and religious studies. Facebook. Facebook post
2. Fear and Trembling, Kierkegaard, S. (1983). Fear and trembling (H. V. Hong & E. H. Hong, Trans.). Princeton University Press. (Original work published 1843)
3. Either/Or, Kierkegaard, S. (1987). Either/or: A fragment of life (H. V. Hong & E. H. Hong, Trans.). Princeton University Press. (Original work published 1843)
4. The Sickness Unto Death, Kierkegaard, S. (1980). The sickness unto death (H. V. Hong & E. H. Hong, Trans.). Princeton University Press. (Original work published 1849)
5. The Myth of Sisyphus, Camus, A. (1991). The myth of Sisyphus and other essays (J. O’Brien, Trans.). Vintage Books. (Original work published 1942)
6. The Essential Rumi, Rumi, J. al-D. (2004). The essential Rumi (C. Barks, Trans.). HarperOne.
7. Fusus al-Hikam, Ibn Arabi. (1980). The bezels of wisdom (R. W. J. Austin, Trans.). Paulist Press.
8. Al-Risala al-Qushayriyya, Al-Qushayri, A. al-Q. (2007). Al-Qushayri’s epistle on Sufism (A. D. Knysh, Trans.). Garnet Publishing.
9. The Reconstruction of Religious Thought in Islam, Iqbal, M. (2013). The reconstruction of religious thought in Islam. Stanford University Press.
10. Islam and the Destiny of Man, Eaton, C. L. G. (1994). Islam and the destiny of man. State University of New York Press.
11. Sufism: A Short Introduction, Chittick, W. C. (2000). Sufism: A short introduction. Oneworld Publications.
12. Existentialism Is a Humanism, Sartre, J.-P. (2007). Existentialism is a humanism (C. Macomber, Trans.). Yale University Press. (Original work published 1946)
13. Being and Time, Heidegger, M. (1962). Being and time (J. Macquarrie & E. Robinson, Trans.). Harper & Row. (Original work published 1927)
14. The Vision of Islam, Murata, S., & Chittick, W. C. (1994). The vision of Islam. Paragon House.








