മുത്തങ്ങകാട്ടിലെ ഗോത്ര മഹാസഭയുടെ പൊൻ കുഴി സെറ്റിൽമെൻ്റിൽ വെടിവെപ്പിന്റെ തലേദിവസം ഭൂസമരകാർക്കൊപ്പം അന്തിയുറങ്ങിയ സാദിക്ക് പി കെ, ലിജു രാമചന്ദ്രൻ, അരുൺ അശോകൻ എന്നീ കാലിക്കറ്റ് യൂണിവേഴ്സിറ്റി സാമൂഹ്യ പ്രവർത്തന ബിരുദാന്തരബിരുദ വിദ്യാർത്ഥികളുടെ അനുഭവങ്ങളും ഗോത്ര മഹാസഭയുടെ മുത്തങ്ങാ സമരത്തിൽ പങ്കെടുത്ത ബാല കൃഷ്‌ണൻ, സുഭാഷ് എന്നിവരും മറ്റു ആദിവാസി സുഹൃത്തുക്കളുമായി അവർ നടത്തിയ അഭിമുഖ സംഭാഷണങ്ങളും ഉപജീവിച്ച് ഇരുപതു വർഷങ്ങൾക്ക് മുമ്പെഴുതിയ ഒരു കുറിപ്പാണിത്. ആദിവാസികളുടെ ഭൂസമരവും ജീവിതവും എന്തെല്ലാം ചോദ്യങ്ങൾ ആണ് ശാസ്ത്രം, സങ്കേതികവിദ്യ, സാമൂഹികാധികാരം എന്നിവയോട് ഉന്നയിക്കുന്നതെന്ന് ഈ കുറിപ്പ് പരിശോധിക്കുന്നു.
“ഞങ്ങൾ ഇതുവരെ കയറിയ ബസ്സൊക്കെ എങ്ങോട്ടൊക്കെയോ ഓടിച്ചുപോയി, അവർ ഇറങ്ങാൻ പറയുമ്പോൾ ഇറങ്ങുകയും കയറാൻ പറയുമ്പോൾ കയറുകയും ചെയ്ത ബസ്സൊന്നും ഞങ്ങളുടേതല്ലായിരുന്നു. ആ ബസ്സിൽ ഞങ്ങൾക്കുവേണ്ടി ടിക്കറ്റെടുത്തതുപോലും അവരായിരുന്നു. ഇന്ന് ഞങ്ങൾ കയറിയ ബസ്സ് ഓടിക്കുന്നതും അത് എവിടെപ്പോവണം, എന്തിന് പോവണം എന്നു തീരുമാനിക്കുന്നതും ഞങ്ങളാണ്. കണ്ടക്ടറും, ഡ്രൈവറും, ക്ലീനറും യാത്രക്കാരും, എല്ലാം ഞങ്ങളുതന്നെ.”
-ബാലകൃഷ്‌ണൻ
സമയത്തെ ഏറ്റവും എളുപ്പത്തിൽ കാണിക്കുന്ന മാധ്യമം ദൂരമാണ്. ഒരു വാച്ചിലെ സൂചി സഞ്ചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നാം ഓരോ സമയവും തിരിച്ചറിയുന്നത്. ഇങ്ങനെ സമയവും ദൂരവും തമ്മിലുള്ള ബന്ധത്തെ ഉപയോഗിച്ചുകൊണ്ട് ഒരു നിശ്ചിത സമയത്ത് ഒരു ദേശത്ത് എത്തിച്ചേരാൻ സഹായിക്കുന്ന യന്ത്രം എന്ന രീതിയിലാണ് ബസ്സിനെ നമ്മൾ അറിയുന്നത്. ദേശങ്ങളിൽ നിന്നും ദേശങ്ങളിലേക്കുള്ള യാത്ര മാത്രമല്ല, ബസ്സിന്റെ കടന്നു പോവലിലൂടെ സമയത്തെക്കുറിച്ചുള്ള ധാരണയും ബസ്സിന് നൽകാൻ കഴിയുന്നുണ്ട്. ഇങ്ങനെ ബസ്സുകൾ ദേശത്തിന്റെ സമയസൂചകമാവുന്നത് ദേശങ്ങളുടെ ഭൂതകാല ചരിത്രം വായിച്ചാൽ അറിയാനാകും. സി. ഡബ്ലിയു .എം. എസ് (കാലിക്കറ്റ് വയനാട് മോട്ടോർ സർവ്വീസ്), സി. സി. മോട്ടോർസ് (സി. ചെറൂട്ടി മോട്ടോർസ്) തുടങ്ങിയ ബസ്സുകൾ വയനാട് ദേശത്തിന്റെ സമയ സൂചകങ്ങളായിരുന്നു. ഇവിടെ വാച്ച് തരുന്ന സമയബോധവും ബസ്സിന്റെ സമയ ബോധവും തമ്മിലുള്ള ബന്ധം വാച്ച്, സമയത്തെക്കുറിക്കുന്ന സൂക്ഷ്‌മതല അറിവാണ് നമുക്ക് തരുന്നത്. എന്നതുപോലെ സമയത്തിന്റെ സാധ്യതകളെ സ്ഥലവുമായി ബന്ധപ്പെടുത്തുന്ന സ്ഥല-സമയ സൂചകമാണ് ബസ്സ്. ഇവിടെ ബസ്സിന്റെ വരവിനു ശേഷമാണ് ‘വയനാട് ഗോത്ര ദേശ’ത്ത് സമയ ബന്ധിത വ്യവഹാരങ്ങൾ ഉണ്ടായത് എന്ന അർത്ഥമില്ല. മറിച്ച് സമയം എന്നത് ഗോത്ര നിവാസികളെ സംബന്ധിച്ച് അനുഭവമായിരുന്നു. ‘കൃത്യതയോടെ അമ്പെയ്യുന്നത് സമയത്തിന്റെ സൂക്ഷ്‌മ തല ഉപയോഗമാണ്. അറിവ് എന്നത് വ്യക്തി അനുഭവിച്ചിട്ടുള്ള വസ്‌തുവിന്റെ നിർമ്മാണ രീതിയെ / ഉപയോഗരീതിയെ സിദ്ധാന്തീകരിച്ച്, സ്ഥാപനവൽക്കരിച്ച് പുനരുപയോഗത്തിന് പ്രാപ്തമാക്കലാണ്, അനുഭവം ജൈവ ജീവിത വ്യവഹാരവും.
വയനാട്ടിലെ ഗോത്ര ജനതക്കുമുകളിൽ ബാഹ്യ ആന്തരിക അധിനിവേശകർ നടത്തിയ അധിനിവേശത്തിന്റെ ഭാഗമായ അധികാര സ്ഥാപനവും, ചരിത്ര നിർമ്മാണവും, അപരത്വവൽക്കരണവും അനുഭവത്തിനു മുകളിൽ സിദ്ധാന്തികരിച്ച / സ്ഥാപനവൽക്കരിച്ച അറിവിന്റെ മേൽക്കോയ്‌മയായിരുന്നു. ഇവിടെയാണ് സി. ഡബ്ലിയു. എം. എസ്, സി. സി. തുടങ്ങിയ ബസ്സുകൾ വയനാട് ദേശത്തിന്റെ സമയ സൂചകവും, അധിനിവേശത്തിന് ആക്കം കൂട്ടുന്ന ശാസ്ത്രീയ യന്ത്രവും ആകുന്നത്. ആഫ്രിക്കയിലും, ഇന്ത്യയിലും മറ്റ് കോളനി രാജ്യങ്ങളിലും ബ്രിട്ടീഷ് (ബാഹ്യ) അധിനിവേശത്തിന് ആക്കം കൂട്ടിയത് യൂറോപ്യരുടെ ശാസ്ത്രീയ സാങ്കേതിക കണ്ടുപിടുത്തങ്ങളായിരുന്നു.
കായികബലം X യന്ത്രബലം, അമ്പും വില്ലും X തോക്ക്, കാളവണ്ടി X ബസ്സ് ഇങ്ങനെ പോവുന്നു ‘ദേശി’യുടെ മേലുള്ള പൊതു അധിനിവേശ ഉപകരണങ്ങളുടെ മേൽക്കോയ്മ. ഇവിടെ നമുക്ക് ദൃശ്യമാകുന്നത് ഒരു പ്രവൃത്തി വേഗത, സ്പഷ്ടത, ഈട്, ഉറപ്പ് എന്നിവയെ – സിദ്ധാന്തീകരിച്ച് കൃത്യമായ ലക്ഷ്യം കണ്ട് മേൽക്കോയ്‌മ നേടുന്നു എന്നതാണ്. അമ്പുംവില്ലിന്റെയും തോക്കിന്റെയും ലക്ഷ്യം കൊല്ലുക, കാളവണ്ടിയുടേയും ബസ്സിന്റെയും ലക്ഷ്യം ഒരു സ്ഥലത്തെത്തുക എന്നിവയാണ്. ഇവിടെ അധിനിവേശത്തിന്റെ ഉപകരണങ്ങളായ തോക്ക്, ബസ്സ് എന്നിവ ചെയ്യുന്നത് ഒരു കാര്യം നേടുവാനുള്ള, പിടിച്ചെടുക്കുവാനുള്ള, ജയിക്കുവാനുള്ള സമയം കുറക്കുകയാണ്. കാളവണ്ടിയേക്കാൾ കുറഞ്ഞ സമയം കൊണ്ട് ബസ്സ് എത്തുന്നു, അമ്പു വില്ലും കൊണ്ട് കൊല്ലുന്നതിനേക്കാൾ വേഗത്തിൽ തോക്ക് കൊണ്ട് കൊല്ലുന്നു. ഇത് തരുന്ന അറിവ് ഒരു കാര്യം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്‌ത് മേൽക്കോയ്‌മ കൈവരിക്കുന്നു. സമയത്തെ ഉപയോഗിച്ചു കൊണ്ടുള്ള ഈ അധികാര സ്ഥാപനം വിശദമായ പഠനത്തിന് വിധേയമാക്കേണ്ടതാണ്.
വയനാട്ടിലെ ഗോത്ര സമൂഹം ഇന്ന് നേരിടുന്ന പ്രശ്നം ബ്രിട്ടീഷ് (ബാഹ്യ) അധിനിവേശത്തിന്റെ ഭൂത-ബാധ മാത്രമല്ല, അത് ആന്തരികാധിനിവേശത്തിന്റെ / കുടിയേറ്റത്തിന്റെ ജ്ഞാന- പ്രതിനിധാന ഹിംസ കൂടിയാണ്. ഈ ഹിംസയൂടെ കയ്യേറ്റ പരിധിയുടെ വ്യാപനം വയനാട്ടിലെ കാടുകളിലെ ഔഷധ സസ്യങ്ങളുടെ മേൽ നവ അധിനിവേശ രാജ്യങ്ങൾ നേടിയെടുക്കുന്ന ‘ബൗദ്ധിക സ്വത്തവകാശം (Intellectual Property Right) വരെ എത്തി നിൽക്കുന്നു. ഇത് അനുഭവത്തിനു മുകളിൽ സിദ്ധാന്തീകരിച്ചു. സ്ഥാപവൽക്കരിച്ച അറിവിന്റെ മേൽക്കോയ്‌മയാണ്.
ആന്തരിക അധിനിവേശത്തിന്റെ / കൂടിയേറ്റത്തിന്റെ പ്രഥമ ശാസ്ത്രീയ യന്ത്രമായ ബസ്സിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചുകൊണ്ടുമാത്രമേ ആന്തരിക അധിനിവേശങ്ങൾക്കുനേരെയുള്ള നിലനിൽപിനായുള്ള പ്രതിരോധമാർജ്ജിക്കാൻ ഗോത്രവിഭാഗങ്ങൾക്ക് കഴിയുകയുള്ളൂ. നില നിൽപിനായുള്ള പ്രതിരോധമാർജ്ജിക്കണമെങ്കിൽ ശാസ്ത്രവും സാങ്കേതിക വിദ്യയും അടങ്ങുന്ന എല്ലാ ആധുനിക ജ്ഞാന മേഖലകളെയും വേഗത്തിൽ ആദ്യം മനസ്സിലാക്കുകയും പഠിക്കുകയും അറിയുകയും സ്വന്തമാക്കുകയും ചെയ്‌തുകൊണ്ട് അറിവധികാരം നേടണം. ബാലകൃഷ്‌ണന്റെ വാക്കുകളിലെ ബസ്സ് സ്വന്തമാകുന്നത് സ്വത്വ രാഷ്ട്രീയത്തിന്റെ അധികാരം നൽകുന്ന പ്രതിരോധമാണ്. സ്വന്തം മണ്ണിൽ അപരത്വവൽക്കരിക്കപ്പെട്ട ആദിവാസി ജനതയുടെ ആന്തരികാധിനിവേശകൾക്കു നേരെയുള്ള ചെറുത്തുനിൽപ്പാണ് ബാലകൃഷ്‌ണന്റെ ‘ഗോത്ര മഹാസഭ’ എന്ന പുതിയ ബസ്സ്, ഇതിന്റെ യാത്ര നിർവ്വീര്യമാക്കാനുള്ള ആന്തരികവും ബാഹ്യവുമായ എല്ലാ ശ്രമങ്ങളെയും പ്രതിരോധിക്കേണ്ടതുണ്ട്.
“തീച്ചൂട് കൊണ്ട് എല്ലാം ഉരുകട്ടെ കുറുമനും, കുറിച്യനും, നായ്ക്കരും, പണിയനും, അടിയനും, ഊരാളിയും എല്ലാം ഉരുകി ഒന്നാവട്ടെ.’-ബാലകൃഷ്ണൻ.
ഒരു ലോഹസങ്കരം ഉറപ്പ്, ഈട്, ഉപയോഗം തുടങ്ങി എല്ലാറ്റിനും തന്നെ മറ്റ് ലോഹങ്ങളേക്കാൾ മേന്മ നിലനിർത്തുന്നു. ഇതിന്റെ നിർമ്മാണം ലോഹസങ്കരത്തിലെ പല സ്വഭാവമുള്ള ലോഹങ്ങളെയെല്ലാം ചൂടാക്കി ഉരുക്കി ഒന്നാക്കി എല്ലാറ്റിന്റേയും മേന്മ നിലനിർത്തുന്ന ഒന്നിനെ സൃഷ്ടിക്കുകയാണ്. ഇരുമ്പ് സങ്കരഘടകമായില്ലാത്ത പല ലോഹസങ്കരങ്ങളും ഇരുമ്പിനേക്കാൾ ഉറപ്പുണ്ട് എന്നത് ഇരുമ്പിനെ പ്രതിരോധിക്കാനുള്ള അവയുടെ കഴിവിനെയാണ് കാണിക്കുന്നത്. ‘തീ’ എന്ന അറിവ് ഉപയോഗിച്ചുകൊണ്ട് ഒരു ഉരുക്കൽ പ്രക്രിയയിലൂടെ ഗോത്ര സമൂഹങ്ങൾക്കിടയിൽ ‘ഹൈന്ദവത’ ദൃഢവൽക്കരിക്കാൻ ശ്രമിക്കുന്ന ഉപജാതി അധികാര ഘടനയെ തകർക്കുകയാണ് ബാലകൃഷിണൻ ചെയ്യുന്നത്. ഹൈന്ദവതയുടെ ദേശീയ രാഷ്ട്രീയം ദളിതുകൾക്കും ആദിവാസികൾക്കുമിടയിലുള്ള ഉപജാതി വിഭജന സിദ്ധാന്തത്തെ ആഘോഷിച്ച് / ഉപയോഗിച്ച് ‘ആദിവാസികൾ’ ‘ദളിതുകൾ’ തുടങ്ങിയ ഏകസ്വത്വ നിർമ്മിതിയെ തകർത്ത് അവരുടെ അധികാര ഭരണം സ്ഥാപിച്ചെടുക്കുന്നു എന്ന അനുഭവമുണ്ട് ബാലകൃഷ്‌ണന്റെ വാക്കുകളിൽ.
“ജീവിക്കാൻ പത്ത് സെന്റ് സ്ഥലം ഉണ്ടായിരുന്നെങ്കിൽ ഇത് പോലൊരു വഴി ഞങ്ങൾ തെരഞ്ഞെടുക്കുമായിരുന്നില്ല. ഭൂമി ഉണ്ടെങ്കിൽ ഞങ്ങൾ സ്വന്തമായി ജീവിച്ചുകൊള്ളും, ആരുടേയും ഔദാര്യം ഞങ്ങൾക്കു വേണ്ട.”
ആദിവാസി സമൂഹത്തെക്കുറിച്ച് പൊതു സമൂഹത്തിന്റെ ധാരണ മടിയരും, നന്ദി ഇല്ലാത്തവരും, സംസ്ക്കാരമില്ലാത്തവരും, കൂടിയൻമാരും, കൊടുപ്പികളും എന്നിങ്ങനെയാണ്. ആരാണ് ഈ പൊതുസമൂഹം? കൊളോണിയൽ ഭരണകാലത്ത് വയനാട്ടിലേക്ക് കുടിയേറിയ വൻകിട തോട്ടമുടമകളുടെ പിൻമുറക്കാരും അവരുടെ ജോലിക്കാരുമടങ്ങുന്ന വിഭാഗവും, തിരുവിതാംക്കൂറിൽ നിന്നും കുടിയെറിയ ക്രിസ്തീയ ഭൂരിപക്ഷമടങ്ങുന്ന ജനതയും, വയനാട് കൊളോണൈസേഷൻ സ്‌കീമിന്റെ കാലത്ത് രണ്ടാം ലോകയുദ്ധഭടന്മാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി കുടിയേറിയ സൈനികരുടെ കുടുംബങ്ങളും, സർക്കാർ വികസനപരിപാടികൾക്കും വന സംരക്ഷണത്തിനും വേണ്ടി വയനാട്ടിൽ നിയമിതരായ ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും അടങ്ങുന്ന ഗവർമെന്റ് സ്പോൺസർഷിപ്പോടെയും അല്ലാതെയും കുടിയേറിയ കുടിയേറ്റ ജനതയാണ് ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങളുടെ പൊതുസമൂഹം. കൂടിയേറ്റക്കാർ എന്ന് പൊതുവിൽ അറിയപ്പെടുന്ന ഈ അന്തരിക അധിനിവേശകർ അധികാര സ്വാപനത്തിലൂടെയും അധീശത്വത്തിലൂടെയും നിർമ്മിച്ച് കാഴ്ചവെക്കുന്ന ഒരു പദവിയാണ് വയനാടിനെ സംബന്ധിക്കുന്ന പൊതു സമൂഹം. അതുകൊണ്ട് തന്നെ ഈ പൊതുസമൂഹ നിർമ്മിതി ഹിംസാത്മകമായാണ് നിലനിൽ ക്കുന്നത്. ആദിവാസികൾ മടിയരും, നന്ദി ഇല്ലാത്തവരും, സംസ്ക്കാരമില്ലാത്തവരും ആകുന്നത് ആന്തരിക അധിനിവേഷത്തിന്റെ ഹിംസാത്മക ജ്ഞാന വ്യവസ്ഥയെക്കൊണ്ട് അവരെ അളക്കുമ്പോഴാണ്. അവരെ ഇങ്ങനെ ചിത്രീകരിക്കെണ്ട ആവശ്യം കുടിയേറ്റക്കാരുടെ മർദ്ധക അധീശത്വം നിലനിർത്തുന്നതിനു കൂടി വേണ്ടിയാണ്. ആദിവാസി സ്ത്രീകൾ കൊടുപ്പികളും പുരുഷന്മാർ കുടിയന്മാരുമായി മാറുന്നത് കുടിയേറ്റ ജനതയുടെ ആദിവാസി ജനതക്കുമേലുള്ള ക്രൂരവും മനുഷ്യത്വരഹിതവുമായ ചൂഷണത്തിൽ നിന്നാണ്. ആദിവാസികളുടെ ഭൂമി അടക്കമുള്ള എല്ലാ ജീവന-അതിജീവന മാർഗ്ഗങ്ങളെയും തട്ടി എടുത്ത് സ്വന്തമാക്കി അവരെ ‘ഇര’യുടെ സ്ഥാനത്ത് എത്തിച്ചും കുടിയേറ്റക്കാരൻ ‘വേട്ടക്കാരന്റെ’ സ്ഥാനമേറ്റെടുത്ത് സ്വന്തം ക്രൂരവും മനുഷ്യത്വ രഹിതവുമായ ചൂഷണത്തെ ന്യായീകരിക്കുന്നതിന്റെ ഭാഗമായാണ് മേൽ പറഞ്ഞതിനെ വീക്ഷിക്കേണ്ടത്. ഈ ചൂഷണത്തിന്റെ പാപഭാരം കളയാൻ എന്ന വ്യാജേന വയനാട്ടിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ രാഷ്ട്രീയത്തിന്റെ ‘ഹിഡൻ അജണ്ടയും’ കൂടുതൽ സൂക്ഷ്‌മ പഠനത്തിന് വിധേയമാക്കേണ്ടതാണ്.
ഈ അവസ്ഥയെ മനസിലാക്കിക്കൊണ്ട് വേണം “ജീവിക്കാൻ പത്ത് സെന്റ് സ്ഥലം ഉണ്ടായിരുന്നെങ്കിൽ ഇതു പോലൊരു വഴി ഞങ്ങൾ തെരഞ്ഞെടുക്കുമായിരുന്നില്ല. ഭൂമി ഉണ്ടെങ്കിൽ ഞങ്ങൾ സ്വന്തമായി ജീവിച്ചുകൊള്ളും, ആരുടേയും ഔദാര്യം ഞങ്ങൾക്കു വേണ്ട” എന്നു പറയുന്ന അവസ്ഥയെ മനസ്സിലാക്കേണ്ടത്. ഇത് സ്വന്തം തട്ടകങ്ങളിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ പക്വതയാർന്ന വാക്കുകളാണ്. അന്യവൽക്കരണമെന്നത് പൂർണ്ണ അർത്ഥത്തിൽ വംശനാശം നേരിട്ടുകൊണ്ടിരിക്കുക, ജീവന-അതിജീവന മാർഗ്ഗങ്ങൾ എല്ലാം നഷ്ടപപ്പെടുക, ഭാഷാ സംസ്ക്കാരം എല്ലാം ശ്ലേഛമായി ചിത്രീകരിക്കപ്പെടുക തുടങ്ങീ പൂർണ്ണമായ ആന്തരിക അപരത്വവൽക്കരണത്തിന് വിധേയമാവുകയാണ്. ഇതിനെതിരെ സ്ഥിരതയാർന്ന ജീവന-അതിജീവന മാർഗ്ഗങ്ങൾ യാഥാർത്ഥ്യമാക്കി ശക്തിയാർജിച്ച് വംശനാശത്തെയും, ഭാഷ, സംസ്ക്കാരം എന്നിവയെ ശ്ലേഛമായി ചിത്രീകരിക്കുന്നതിനെ നേരിട്ട്, പൂർണ്ണമായ സ്വത്വനിർമ്മിതിയോടുകൂടിയ പുതിയ ഒരു ജീവിത ക്രമം ചിട്ടപ്പെടുത്തുന്നതിന്റെ മുഖ്യലക്ഷ്യമായാണ് ‘ആദിവാസി ഭൂസമര’ത്തെ കാണേണ്ടത്. നിലവിലുള്ള മനുഷ്യ കേന്ദ്രീകൃത ജ്ഞാന-അധികാര വ്യവസ്ഥകളെ നിഷേധിക്കുന്ന, പ്രകൃതി കേന്ദ്രീകൃതമായ ഒരു സാമൂഹിക നീതിയിൽ അധിഷ്‌ഠിതമായ ജ്ഞാന-അവകാശ സ്ഥാപനത്തെ ഉൾക്കൊള്ളുന്നതുകൂടിയാണ് ആദിവാസി ഭൂസമരം.
(കടപ്പാട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻ്റർ ഫോർ പി.ജി സ്റ്റഡീസ് ഇൻ സോഷ്യൽ വർക്ക്, സുൽത്താൻ ബത്തേരി 2003-2004 ബാച്ച് പുറത്തിറക്കിയ ‘Behind the shadow’ എന്ന മാഗസിൻ)