2024 ലെ ദേശീയ തെരെഞ്ഞെടുപ്പ് സ്ഥിരതയും അധികാര ഭാവവുമുള്ള ഒരു ഭരണകൂടമാണോ വേണ്ടത് അതോ ജനാധിപത്യ സ്വഭാവമുള്ള ഭരണകൂടമാണോ വേണ്ടത് എന്ന ദ്വന്ദത്തിലേക്ക് ഉപരിതലത്തിൽ ആശയ സംവാദം ഉയർത്തിയ തെരെഞ്ഞെടുപ്പായിരുന്നു. ഏക ഭാഷ, ഏക മതം, ഏക രാജ്യം, ഏക സംസ്കാരം തുടങ്ങി മനുഷ്യ സമൂഹത്തിന്റെ എല്ലാ ബഹുസ്വര ചിന്തകളെയും ചോദ്യം ചെയ്യുന്ന മുദ്രാവാക്യം ഉയർത്തിയ ബി.ജെ.പി ഒരു വശത്തും ഇന്ത്യയിലെ പരമ്പരാഗത മുത്തശി പാർട്ടി കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രാദേശിക പാർട്ടികളടങ്ങുന്ന ഇന്ത്യാ മുന്നണി മറ്റൊരു സ്ഥലത്തും കേന്ദ്രീകരിച്ച തെരെഞ്ഞെടുപ്പാണ്. അപ്പോഴും ഇതിൽ രണ്ടിലും പെടാതെ മറ്റ് ചെറു ശബ്ദങ്ങളും ഉണ്ടായിരുന്നു.
ഏകശിലാ സംസ്കാര വാദികളെ സംബന്ധിച്ച് ശക്തമായ തിരിച്ചടി ലഭിച്ച തെരെഞ്ഞെടുപ്പായിരുന്നു ഇത് എന്നത് നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ സന്തോഷം സൽകുന്ന കാര്യമാണ്. “ഇസ് ബാർ ചാർ സൌ പാർ” എന്ന മുദ്രാ വാക്യം ആണ് മോദി തെരെഞ്ഞെടുപ്പിന് മുമ്പ് ഉയർത്തിയത്. അതിലേക്കെത്തിക്കാൻ പ്രതിപക്ഷ പാർട്ടികളെ ദുർബലപ്പെടുത്തുന്ന എല്ലാ വഴികളും പ്രയോഗിച്ചു. ഭരണഘടനാ സ്ഥാപനങ്ങൾ, അന്വേഷണ ഏജൻസികൾ തുടങ്ങിയവ മറയില്ലാത്ത പക്ഷപാത നിലപാട് സ്വീകരിച്ചു. തെരെഞ്ഞെടുപ്പിൻ്റെ എല്ലാ വിധ സുതാര്യതകളും ഇല്ലാതാക്കി.
ഇന്ത്യ എന്ന ജനാധിപത്യ മതനിരപേക്ഷ ദേശ രാഷ്ട്രത്തിന്റെ ഭാവി നിർണ്ണയിക്കുന്ന ചൂണ്ടു പലകയായാണ് ലോകത്താകെയുള്ള സാമൂഹ്യ നിരിക്ഷകർ 2024 ലെ പൊതു തെരെഞ്ഞെടുപ്പിനെ കണ്ടത്. മോദി നേതൃത്വം നൽകുന്ന ബി.ജെ.പി ഭരണകൂടം തുടർച്ചയായി രണ്ട് ടേം പൂർത്തിയാക്കിയ ശേഷം അജയ്യമാണെന്നു കരുതി നേരിട്ട തെരെഞ്ഞെടുപ്പിൽ പരാജയത്തിനോട് തൊട്ട് നിൽക്കുന്ന വിജയം മാത്രം നേടി എൻഡി.എ സർക്കാർ രൂപീകരിക്കാൻ പോകുന്ന സന്ദർഭത്തിലാണ് ഇതെഴുതുന്നത്. കഴിഞ്ഞ 10 വർഷം പേരിന് മാത്രം എൻ.ഡി.എ സർക്കാരായിരുന്നു. കഴിഞ്ഞ പത്തു വർഷം ഉണ്ടായിരുന്നത് ആർ.എസ്.എസ് കോർ അജണ്ടകളെ ചോദ്യമോ പറച്ചിലോ ഇല്ലാതെ പാർലമെൻ്റിൽ പാസ്സാക്കനോ നിയമമാക്കാനോ തടസ്സമില്ലാത്ത ബി.ജെ.പി ക്ക് കേവല ഭൂരിപക്ഷത്തിനും മേലെയുള്ള അംഗീകൃത പ്രതിപക്ഷം പോലുമില്ലാത്ത സർക്കാരായിരുന്നു.
വിലക്കയറ്റം അടക്കം ജനജീവിതം ദുസ്സഹമാക്കുന്ന നിരവധി പ്രശ്നങ്ങളുള്ളപ്പോഴും വിദ്വേഷം മാത്രം പറയുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രധാനമന്ത്രി മുതൽ എല്ലാ ബി.ജെ.പി നേതാക്കളും സ്വീകരിച്ചത്.. മുസ്ലിം വിരുദ്ധതയും ന്യൂനപക്ഷ വിരുദ്ധതയും സവർണ്ണ ജാതി അധീശത്വ ബോധവും നിറഞ്ഞ് കവിയുന്ന മീഡിയകളിലൂടെ വാർത്തെടുക്കപ്പെട്ട മോദി എന്ന ബിംബം സ്വയം പ്രഖ്യാപിത ദൈവമായി മാറിയിരുന്നു.. പ്രതിപക്ഷത്തെ രണ്ട് മുഖ്യമന്ത്രിമാർ ജിയിലിൽ. നിരവധി നേതാക്കൾ അന്വേഷണ ഏജൻസികൾ ചുമത്തിയ വ്യാജ കേസുകളാൽ പീഢിപ്പിക്കപ്പെടുന്നു. ചിലരൊക്കെ ഭയന്ന് കിട്ടിയ വിലയ്ക്ക് സ്വയം വിറ്റ് ബി.ജെ.പിയിലേക്ക് കുടിയേറുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ പ്രതീക്ഷിക്കാവുന്ന ഏറ്റവും നല്ല ജനവിധിയാണ് രാജ്യത്തുണ്ടായത് എന്നത് നിസ്തർക്കമാണ്.
ഒറ്റയ്ക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുകയും ഘടകകക്ഷികളുടെ സീറ്റടക്കം 400 കടത്തുകയും ചെയ്യുക എന്ന ബി.ജെ.പി അജണ്ട പരാജയപ്പെടുകയും ബി.ജെ.പിക്ക് 240 സീറ്റിലേക്ക് ഒതുങ്ങേണ്ടിയും വന്നു എന്നത് ചെറിയ കാര്യമല്ല. സർക്കാരിന് നില നിൽക്കണമെങ്കിൽ എന്ത് രാഷ്ട്രീയ മലക്കം മറിയലിനും നാണമോ മടിയോ ഇല്ലാത്ത നിതീഷ് കുമാറിൻ്റെയും പ്രാദേശിക താത്പര്യം മാത്രം രാഷ്ട്രീയ ദർശനമാക്കിയ ചന്ദ്രബാബു നിയിഡുവിന്റെയും ഇഡി-സിബിഐ പേടികൊണ്ട് കേസുകളിൽ നിന്ന് ഊരിപ്പോരാൻ മാത്രം ബി.ജെ.പി മുന്നണിയിലെത്തിയ ഷിൻഡെ, അജിത്പവാർ പോലുള്ളവരുടെയും മുന്നണിയിൽ അടിച്ചമർത്തപ്പെട്ട് വിലയില്ലാതെ പോയ മറ്റ് ചെറുകക്ഷികളുടെയും സഹായം ആവശ്യമായി വന്നിരിക്കുന്നു.
രാവിലെ പാർലമെൻ്റിലെത്തി പോക്കറ്റിൽ നിന്ന് കടലാസെടുത്ത് ഭരണഘടനയുടെ 370 ആം വകുപ്പ് റദ്ദാക്കിയെന്നും ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞുവെന്നും പ്രഖ്യാപിക്കാനുള്ള ധാർഷ്ഠ്യം ഇനി ആ അളവിൽ തുടരാൻ ആവില്ല.
ഈ തെരെഞ്ഞെടുപ്പു ഫലം ഇന്ത്യൻ സമൂഹ്യാവസ്ഥയുടെ ഒട്ടേറെ പാഠങ്ങൾ നൽകുന്നു. രാജ്യത്ത് ആഴത്തിൽ വേരൂന്നിയ ഹിന്ദുത്വയുടെ സംഹാര സ്വഭാവത്തിന് അല്പം ചില കുറവുകൾ വന്നേക്കാമെങ്കിലും അതിന്റെ അടിവേരുകളും ശക്തിയും ഇപ്പോഴും നിലനിൽക്കുന്നു എന്നത് വസ്തുതയാണ്. അതിനനുകൂലമായ സംവിധാനത്തിന് ഇപ്പോഴും ബാഹ്യ പിന്തുണ കിട്ടുന്നത് ഇസ്ലോഫോബിയ എന്ന മാസ് മനോരോഗത്തിൽ നിന്നാണ്. അതിൽ ഒരു കുറവും ഈ തെരെഞ്ഞെടുപ്പിലും സംഭവിച്ചിട്ടില്ല. തെരെഞ്ഞെടുപ്പു ഫലം വന്ന ഉടനെ സമ്പൂർണ്ണ പരാജയം നേടിയ മായാവതി പറഞ്ഞത് മുസ്ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചതാണ് തങ്ങളുടെ പാർട്ടിയുടെ പരാജയ കാരണം എന്നാണ്. 424 സീറ്റിൽ മത്സരിപ്പിച്ച ബി.എസ്.പി ആകെ 35 മുസ്ലിം സ്ഥാനാർത്ഥികളെ മാത്രമേ മത്സരിപ്പിച്ചുള്ളൂ. കേരളത്തിൽ തന്നെ വടകരയിൽ ഷാഫി പറമ്പിലിൻ്റെ സ്ഥാനാർത്ഥിത്വത്തെ മുസ്ലിം സ്വത്വവുമായി കണക്ട് ചെയ്ത് സിപിഎം സൃഷ്ടിച്ച വിവാദങ്ങളുടെ അലയൊലി ഇപ്പോഴും മാറിയിട്ടില്ല. എല്ലാ മുഖ്യധാരാ പാർട്ടികളും മുസ്ലിം പ്രാതിനിധ്യം വെട്ടിക്കുറച്ചു. സാമാന്യമായി മുസ്ലിങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്നത് തൃണമൂൽ കോൺഗ്രസായിരുന്നു. അവരും ഇത്തവണ എണ്ണം കുറച്ചു. കോൺഗ്രസ് ആകെ 35 മുസ്ലിം സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിച്ചത്. ഇതിൽ വിജയിച്ചത് 7 പേർ മാത്രം. ദ്വി മുന്നണി സംവിധാനത്തിൽ മുന്നണികളോടൊപ്പം നിൽക്കാത്ത മുസ്ലിം കർതൃത്വമുള്ള പാർട്ടികൾ നിഷ്കാസിതരായി തുടങ്ങി എന്നതും വായിക്കപ്പെടേണ്ടതാണ്. അസമിൽ വൻ പ്രതീക്ഷയോടെ രൂപീകരിക്കപ്പെട്ട എ.യു.ഡി.എഫ് ഒരു ഘട്ടത്തിൽ ആ സംസ്ഥാനത്ത് 30 ശതമാനം വോട്ട് വരെ വാങ്ങിയിരുന്നു. ഈ തെരെഞ്ഞെടുപ്പോടെ സമ്പൂർണ്ണ തോൽവി ആ പാർട്ടി നേടി. പാർട്ടി സ്ഥാപകൻ ബദറുദ്ദീൻ അജ്മൽ ദുബ്രിയിൽ പരാജയപ്പെട്ടത് 10 ലക്ഷം വോട്ടുകളുടെ വ്യത്യാസത്തിലാണ്. ഹൈദരാബാദ് വിട്ട് പാൻ ഇന്ത്യ മുന്നേറ്റം നടത്തിയിരുന്ന എ.ഐ.എം.ഐ.എം ആകട്ടെ ഹൈദരാബാദിൽ ഒവൈസിയുടെ വിജയത്തിൽ മാത്രം ഒതുങ്ങി. മഹാരാഷ്ട്രയിലെ തങ്ങളുടെ സിറ്റിംഗ് സീറ്റിൽ ശിവസേന സ്ഥാനാർത്ഥിയോട് തോറ്റു. മറ്റിടങ്ങളിലൊന്നും അത്ര ശ്രദ്ധേയമായ മുന്നേറ്റം നടത്താൻ കഴിഞ്ഞില്ല. കോൺഗ്രസ് ഡി.എം.കെ മുന്നണികളുടെ ഭാഗമായി നിന്ന മുസ്ലിം ലീഗിന് മാത്രമാണ് തങ്ങളുടെ 3 സീറ്റ് അതേപടി നിലനിർത്താനായത്. കഴിഞ്ഞ തവണ 27 മുസ്ലിം പ്രതിനിധികളാണ് ലോക്സഭയിലുണ്ടായിരുന്നത്. അഅ്സംഖാൻ രാജിവെച്ച ഒഴിവിലെ ഉപതെരഞ്ഞെടുപ്പോടെ 26 ആയി കുറഞ്ഞിരുന്നു. ഇത്തവണ അതിലും കുറവായി. 15 ശതമാനം മുസ്ലിങ്ങളുള്ള രാജ്യത്ത് ജനപ്രതിനിധി സഭയിൽ 4.5 ശതമാനം മാത്രമാണ് മുസ്ലിങ്ങളുള്ളത്.
ഒ.ബി.സി കളുടെ പ്രാതിനിധ്യവും ജനസംഖ്യാനുപാതികമല്ല. എങ്കിലും അപകടകരാം വിധം ഭരണപങ്കാളിത്തത്തിൽ നിന്ന് മുസ്ലിങ്ങൾ നിഷ്കാസിതരാകുന്നു എന്ന വസ്തുത മറയ്ക്കാവതല്ല. ദലിത് രാഷ്ട്രീയ മുന്നേറ്റങ്ങളും സമാനമായ തിരിച്ചടി നേരിടുന്നുണ്ട്. ബി.എസ്.പി സമ്പൂർണ്ണ തോൽവി നേരിട്ടതിന് പുറമേ മഹാരാഷ്ട്രയിലെ പ്രകാശ് അംബേദ്കർ നേതൃത്വം നൽകുന്ന വഞ്ചിത് ബഹുജൻ അഖാഡിയും വൻ പരാജയം ഏറ്റു വാങ്ങി. ബി.ജെ.പി മുന്നണിയിലോ കോൺഗ്രസ് മുന്നണിയിലോ ഇല്ലാത്ത ദലിത് കർതൃത്വം ഉള്ള പാർട്ടികളിൽ ചന്ദ്ര ശേഖർ ആസാദിൻ്റെ ആസാദ് സമാജ് പാർട്ടി (കൻഷി റാം) മാത്രമാണ് ഒരു സീറ്റിൽ വിജയിച്ചത്. ബി.ജെ.പി മുന്നണിയിലോ കോൺഗ്രസ് മുന്നണിയിലോ ഇല്ലാത്ത പ്രദേശിക പാർട്ടികളും സോഷ്യലിസ്റ്റ് പാർട്ടികളും പരാജയപ്പെടുന്നു. ഒഡീഷയിലെ നവീൻ പട്നായികിൻ്റെ 25 വർഷത്തെ സമഗ്രാധിപത്യം ഇല്ലാതായി. ആന്ധ്രയിൽ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി അമ്പേ പരാജയപ്പെട്ടു. തെലങ്കാനയിൽ ബി.ആർ.എസ്, തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ എന്നിവയും പരാജയത്തിലേക്ക് കൂപ്പുകുത്തി.
ദ്വിപാർട്ടി സമ്പ്രദായത്തിന് സമാനമായ ദ്വിമുന്നണി സംവിധാനത്തിലേക്ക് രാജ്യത്തെ രാഷ്ട്രീയ സംവിധാനത്തിൻ്റെ വഴിമാറലിൻ്റെ സൂചനകളാണ് ഈ തെരെഞ്ഞെടുപ്പ് കാണിക്കുന്നത്. പോകെപ്പോകെ ദ്വിപാർട്ടി സംവിധാനത്തിലോ ഏകപാർട്ടി സംവിധാനത്തിലോ എത്താനുള്ള എല്ലാ വഴികളും ഇപ്പോഴും ഇവിടെയുണ്ട്. സ്ഥിരതയുള്ള സർക്കാരാണോ ജനാധിപത്യമാണോ വേണ്ടത് എന്നതിന് സ്ഥിരതയുള്ള ജനാധിപത്യം എന്ന ഉത്തരമാണ് ഇത്തവണ ഇന്ത്യൻ തെരെഞ്ഞെടുപ്പ് ഫലം നൽകിയത് എന്ന് പ്രാഥമികമായി വ്യാഖ്യാനിക്കാം. എന്നാൽ ജനാധിപത്യത്തിൻ്റെ അടിത്തറയായ വ്യത്യസ്ത പ്രാതിനിധ്യങ്ങൾ ഇല്ലാതാകുന്നു എന്നത് ഏകാധിപത്യത്തിനും സമഗ്രാധിപത്യത്തിനും തിരിച്ചുവരാനുള്ള വാതിൽ തന്നെയാണ്. സമഗ്രാധിപത്യത്തിന് തിരിച്ചടിയായെങ്കിലും ജനാധിപത്യത്തിലേക്ക് ഏറെ വഴിദൂരമുണ്ട് ഇനിയും എന്നാണ് തെരെഞ്ഞെടുപ്പ് നൽകുന്ന ആത്യന്തികമായ സൂചന.