തലാൽ അസദിൻെ Reflections On The Israeli-Palestinian Conflict എന്ന ലേഖനത്തിൻെ മലയാള വിവർത്തനം രണ്ടാം ഭാഗം. ഒന്നാം ഭാഗം വായിക്കുവാൻ ക്ളിക് ചെയ്യുക
പാശ്ചാത്യൻ മാധ്യങ്ങളുമായി നടത്തിയ അഭിമുഖങ്ങളിൽ ഒക്ടോബർ ഏഴ് മുതൽ തങ്ങളനുഭവിക്കുന്ന “ഞെട്ടൽ, ഭയം, അപമാനം” എന്നിവയെ കുറിച്ച് ഇസ്രായേല്യർ കൂടെക്കൂടെ സംസാരിക്കുന്നത് കാണാം. “ഞങ്ങൾക്കിപ്പോൾ വീട്ടിൽ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല”, ഒരു അഭിമുഖത്തിൽ ഒരാൾ പറയുന്നതായി ഞാൻ കേട്ടതാണ്. ഇരയായിരിക്കുക – കൂടുതൽ വേദന അനുഭവിക്കാൻ എപ്പോഴും സാധ്യതയുണ്ടായിരിക്കുക – എന്ന ഈ അനുഭവം അങ്ങേയറ്റം അപകടകരമാണെന്നാണ് എനിക്ക് തോന്നുന്നത്.
ഇവ്വിഷയകമായി ഐറിഷ് കുർദോഷ് നൽകുന്ന സുപ്രധാനമായ ചില ഉൾക്കാഴ്ചകൾ പരിശോധിക്കാം. അവരുടെ ഏറെ അസ്വസ്ഥാജനകമായ ദ യൂനികോൺ എന്ന നോവലിൽ ഇരവാദത്തിന്റെ (Victimhood) ശക്തിയെ ആത്തെ (Até) എന്ന ഗ്രീക്ക് സങ്കല്പത്തെ ആസ്പദമാക്കി മുർദോഷ് വിശദീകരിക്കുന്നുണ്ട്; “ഗ്രീക്കുകാരെ സംബന്ധിച്ച് ഏറെ പ്രാധാന്യമുണ്ടായിരുന്ന ആത്തെ എന്ന ആശയത്തെ കുറിച്ചോർക്കുക,” അവരെഴുതുന്നു, “ഒരു ഉണ്മയിൽ നിന്ന് മറ്റൊന്നിലേക്ക് യാതന, ഏറെക്കുറെ സ്വയമേ, കൈമാറപ്പെടുന്നതിൻ്റെ പേരാണ് ആത്തെ. ആത്തെയുടെ ഒരു രൂപമാണ് അധികാരം. അധികാരത്തിന്റെ ഇരകളും ഇരകളുള്ള എല്ലാതരം അധികാരവും സ്വയം ബാധിതതരാണ്. അധികാരത്തെ മറ്റുള്ളവരുടെ മേൽ പ്രയോഗിക്കണമെങ്കിൽ അതിനെ കൈമാറണം. ഇത് തിന്മയാണ്, സർവ്വശക്തനായ ദൈവത്തെ കുറിച്ചുള്ള ക്രൂര ചിത്രം ദൈവനിന്ദയുമാണ്. നല്ലതെന്നാൽ (good) തീർത്തും അധികാരരഹിതമല്ല (Powerless). അധികാരരഹിതമാവുക അഥവാ സമ്പൂർണമായി ഇരയാവുക എന്നു പറയുന്നത് ഒരുപക്ഷേ അധികാരത്തിന്റെ മറ്റൊരു സ്രോതസ്സായിരിക്കും. പക്ഷേ അധികാരമുള്ള അവസ്ഥ ഇല്ലാതിരിക്കുക (Non-powerful) എന്നതാണ് നന്മ. ആത്തെ അടങ്ങുന്ന അവസ്ഥ ഉള്ളത് ഈ നന്മയിലാണ്. അഥവാ യാതനയെ കൈമാറാതെ അതിനെ സ്വയം അനുഭവിക്കുക മാത്രം ചെയ്യുന്ന പരിശുദ്ധ ഉണ്മയെ കണ്ടുമുട്ടകയും ചെയ്യുമ്പോൾ.”[1]
അധികാരത്തിന്റെ വശ്യതയെ കുറിച്ചാലോചിക്കുമ്പോഴൊക്കെ എന്റെ മനസ്സിലേക്കെത്തുന്ന 50 വർഷങ്ങൾക്കു മുൻപുള്ള വ്യക്തമായ ഒരോർമ്മയുണ്ട്. ഞാൻ ലണ്ടൻ നഗരം സന്ദർശിക്കുമ്പോഴെല്ലാം തങ്ങാറുണ്ടായിരുന്ന ലണ്ടനിലെ എന്റെ പിതാവിന്റെ ഒരു സപത്നീ പുത്രൻ 1938-ൽ കിൻഡർ ട്രാൻസ്പോർട്ടിന്റെ ഭാഗമായി ഒരു യുവ അഭയാർത്ഥിയായി വിയന്നയിൽ നിന്നും വന്നതായിരുന്നു. നാസി അതിക്രമങ്ങളിൽ നിന്ന് ഗത്യന്തരമില്ലാതെ യൂറോപ്പിന്റെ സുരക്ഷിതത്വത്തിലേക്ക് മക്കളെ അയക്കാനുള്ള രക്ഷിതാക്കളുടെ ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്.
ജൂതർക്ക് പ്രത്യേകമായൊരു രാഷ്ട്രം സ്ഥാപിക്കണമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ഇടക്കിടെ പറയാറുള്ള ദന്ത ഡോക്ടറായി ജോലി ചെയ്യുന്ന ഇംഗ്ലണ്ടിൽ താമസിക്കുന്ന എന്റെ ഒരു അമ്മാവനുണ്ടായിരുന്നു. ഞാൻ പറയാൻ പോകുന്ന സംഭവത്തിന് ശേഷം പോലും ഞാൻ അദ്ദേഹത്തെ സംശയിച്ചിരുന്നില്ല. എല്ലാതരം ഹിംസകളെയും വെറുക്കുന്ന, ഏതൊരു അനീതിക്കെതിരെയും ക്ഷോഭിക്കുന്ന സൗമ്യനും ദയാലുവുമായിരുന്നു അദ്ദേഹം. കുറഞ്ഞ ദിവസം കൊണ്ട് ഈജിപ്ഷ്യൻ വ്യോമ–കര സേനകളെ ഇസ്രായേൽ തകർത്തില്ലാതാക്കിയ 1967 ജൂണിലെ ആറു ദിന യുദ്ധവുമായാണ് എന്റെ ഓർമ്മ ബന്ധപ്പെട്ടു കിടക്കുന്നത്.[2] പിന്തിരിഞ്ഞോടുന്ന ഈജിപ്ഷ്യൻ പട്ടാളക്കാരുടെയും (നിർബന്ധിതരായി യുദ്ധം ചെയ്യേണ്ടി വന്ന എന്താണാ യുദ്ധമെന്നറിയാത്ത കർഷകരാണ് മിക്കവരും), അവരെ കന്നുകാലികളെ പോലെ പായിച്ചു മുന്നോറുന്ന ഇസ്രായേലീ ടാങ്കുകളുടെയും ചിത്രങ്ങളടങ്ങിയ വാർത്താ ദൃശ്യങ്ങൾ ടിവിയിൽ കാണുകയായിരുന്നു ഞാനും അമ്മാവനും. പരാജിതരായ കർഷക സൈനികർക്ക് തിരിച്ച് വീട്ടിലേക്ക് പോവാൻ അനുവാദമുണ്ടെങ്കിലും, അവരുടെ ബൂട്ടുകളടവിടെ അഴിച്ചു വെച്ച് ചുട്ടുപൊള്ളുന്ന സീനായി മണലിലൂടെ നഗ്നപാദരായി വീട്ടിലേക്കു തിരിച്ചു നടക്കാനേ അവർക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. അവരെ കൂടുതൽ ഉപദ്രവിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് തീർച്ചയായും ഇങ്ങനെ ചെയ്തത്. ടാങ്കിൽ ഇരിക്കുകയും നിൽക്കുകയും ചെയ്യുന്ന ഇസ്രായേലീ സൈന്യം വിജയഭേരി മുഴക്കി. എന്റെ അടുത്തിരിക്കുന്ന അമ്മാവൻ പൊടുന്നനെ പൊട്ടിത്തെറിച്ചു; “ഹാ! ഇപ്പോൾ നമ്മളാണ് കൊസ്സാക്കസ്” (വിവ: ജൂത വിരുദ്ധ വംശഹത്യയിൽ പങ്കെടുന്ന പ്രധാന വിഭാഗങ്ങളിലൊന്ന്). അദ്ദേഹമുപയോഗിച്ച വാക്കുകളിൽ നിന്ന് മാത്രമല്ല അദ്ദേഹത്തിന്റെ ശബ്ദത്തിൽ നിന്നും മുഖത്തെ അഭിമാന ഭാവത്തിൽ നിന്നുമൊക്കെ പഴയ വംശഹത്യയുടെ ചിത്രമാണ് അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നതെന്ന് വ്യക്തമാണ്. അദ്ദേഹം ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത, എന്നാൽ അദ്ദേഹത്തിന്റെ കുടുംബയോർമ്മയുടെ ഭാഗമായ, ഇപ്പോൾ ഒരു കാലത്ത് മർദ്ദിതരായിരുന്ന ജൂതരുടെ മർദ്ദകരായുള്ള വേഷമാറ്റത്തിൽ ആഹ്ലാദിച്ച് നൈസർഗ്ഗികമായി പുറത്തുവന്ന ഒന്ന്. എങ്കിലും നിലവിൽ ശിക്ഷിക്കപ്പെടുന്നത് കൊസ്സാക്കുകളല്ലെന്ന് വ്യക്തം. ആ നിലക്ക് നോക്കുമ്പോൾ, ഇവിടെ പരാജയപ്പെട്ടിരിക്കുന്നത് ഓഷ്വിറ്റ്സിൽ വെച്ചുള്ള അദ്ദേഹത്തിന്റെ മാതാവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ നാസികൾ പോലുമല്ല.[3] ഹോളോകോസ്റ്റുമായി യാതൊരു ബന്ധവുമില്ലാത്ത ഈജിപ്ഷ്യൻ കർഷകർ മാത്രമാണവർ, ഒരു ദേശ-രാഷ്ട്രത്തിന്റെ ഉപകരണങ്ങൾ. എന്റെ അമ്പരപ്പും ഞെട്ടലുമൊന്നും (അദ്ദേഹം പ്രകടിപ്പിച്ച വികാരമെന്തെന്ന് മനസ്സിലാക്കാൻ എനിക്കല്പം സമയമെടുക്കേണ്ടി വന്നു) അമ്മാവനോടുള്ള എന്റെ ഇഷ്ടത്തെ ബാധിച്ചില്ല. തീർച്ചയായും, ഞാനൊരു മുസ്ലിമാണെന്നും എന്റെ മാതാവ് ഒരു അറബിയാണെന്നും അദ്ദേഹത്തിനറിയാം. അദ്ദേഹത്തിന് എന്നോടുള്ള സ്നേഹത്തിന് അതൊന്നും ഒരു ഘടകമായിരുന്നുമില്ല. പക്ഷേ മറ്റുള്ളവരോട് നമുക്കുള്ള സ്നേഹത്തിനുള്ളിൽ ആത്മവഞ്ചനയുടെ ഒരു സാധ്യത അടങ്ങിയിട്ടുണ്ടെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു. അധികാരത്താൽ വശീകരിക്കപ്പെടാൻ സ്വന്തത്തെ അനുവദിക്കുന്നതാണീ സാധ്യത. ഏതെങ്കിലുമൊരു തരത്തിലുമുള്ള അധികാരമല്ല, മറിച്ച് ഒരു പ്രത്യേക തരത്തിലുള്ള അധികാരം; ഇരകളെന്ന നിലയിൽ നമ്മിലന്തർലീനമായിരിക്കുന്ന ഉത്ക്കണ്ഠയെയും അധികാരരാഹിത്യത്തെയും കൈകാര്യം ചെയ്യാനുള്ള മാർഗമെന്ന നിലയിൽ നമ്മുടെ യാതനകളെ മറ്റുള്ളവരിലേക്ക് പകരാനുള്ള ശേഷിയും ആവശ്യവുമാണത്. അതേസമയം, ആധിപത്യപരമായ ഈ അധികാരം ഇതര മനുഷ്യ ജീവികളോടുള്ള നമ്മുടെ സ്നേഹത്തെയും അവരോടൊപ്പമുള്ള നമ്മുടെ സൗഹൃദത്തെയും അനിവാര്യമായും പരിമിതപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുമെന്നും നാം കാണാനിടയായി എൻ്റെ (സത്യത്തിൽ യഥാർഥമല്ലാത്ത മറ്റ് കാരണങ്ങൾക്ക് വേണ്ടിയുള്ള സ്നേഹവും സൗഹൃദവും നിലനിർത്തിക്കൊണ്ടു പോവൽ അസാധ്യമാണ്).
1967-ലെ ഇസ്രായേലിന്റെ യുദ്ധ വിജയത്തിന്റെ ഫലമെന്നോണം മുമ്പ് സയണിസത്തിനെ കുറിച്ച് സംശയാലുക്കളായിരുന്ന വലിയൊരു വിഭാഗം പ്രവാസീ ജൂതർ (പ്രത്യേകിച്ച് അമേരിക്കൻ ജൂതർ) ഒന്നടങ്കം സ്വയം ഇസ്രായേല്യരായി കണക്കാക്കുന്നവരായി മാറിയെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. എന്റെ വീക്ഷണത്തിൽ, ദൗർബ്ബല്യവും ഭീതിയുമല്ല ഇതിനു പിന്നിൽ പ്രവർത്തിച്ച ഘടകങ്ങൾ. മറിച്ച് അധികാരരാഹിത്യവുമായി ബന്ധപ്പെട്ട ഒരു തരം അനുഭൂതിയുടെ മറികടക്കലാണ്. അധികാരത്തിന്റെ അഭാവത്തിൽ (Nonpower) നിന്ന് ഏറെ വ്യത്യസ്തമായ ഒന്നാണ് അധികാരരാഹിത്യം (powerlessness). മറ്റുള്ളവരെ ഒരു മാർഗ്ഗമായി ഉപയോഗിക്കുന്ന സ്നേഹബന്ധത്തിലും സുഹൃദ്ബന്ധത്തിലും ആവശ്യമായ വൈകാരികതയുടെ അഭാവം എന്ന അധികാരത്തിന്റെ അഭാവത്തിൽ (Nonpower) നിന്ന് ഏറെ വ്യത്യസ്തമായ ഒന്നാണിത്. ഒരു ദ്രോഹം ചെയ്തയാൾക്കെതിരെയുള്ള പ്രതികാരത്തിൽ നിന്ന് വ്യത്യസ്തമാണ് യാതനയെ മറ്റുള്ളവരിലേക്ക് വെച്ചുമാറാനുള്ള ഇരയുടെ ശക്തി (power) [ഒരാളെ ദ്രോഹിച്ചവരെ ദ്രോഹിക്കുന്നതുമായി ബന്ധപ്പെട്ട സംഗതിയായതിനാലാണത്]. കേവല ആനന്ദത്തിന് വേണ്ടി മറ്റൊരാളെ വേദനിപ്പിക്കുന്ന സാഡിസത്തിൽ നിന്നും ഈ ശക്തി വ്യത്യസ്തമാണ്. ആത്മ ദൃഢീകരണത്തിന് വേണ്ടിയുള്ള അഭിലാഷം കേന്ദ്ര ഭാഗമായ അനേകം പ്രേരകങ്ങളെയും അനുഭവങ്ങളെയും ഉൾക്കൊള്ളാനുള്ള ശേഷി ഇരയുടെ അധികാരത്തിനുണ്ട്.
2009-ൽ ആരംഭിച്ച് 2023-24-ലും തുടരുന്ന ഗസ്സയിലെ ഫലസ്തീനികൾക്ക് എതിരെയുള്ള ആക്രമണം ഇസ്രായേലീ രാഷ്ട്രം ഓരോ തവണ അഴിച്ചുവിടുമ്പോഴും വ്യത്യസ്ത രാജ്യങ്ങളിൽ പൊതു പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്. സയണിസ്റ്റുകളും ചങ്ങാതിമാരും ഈ പ്രക്ഷോഭകാരികളെ സെമിറ്റിക്ക് വിരുദ്ധരെന്ന് വിളിക്കുകയും ജർമ്മനി പോലെയുള്ള പാശ്ചാത്യൻ ഭരണകൂടങ്ങൾ ഇത് നിരോധിക്കുക വരെയുണ്ടായി.[4] എന്നാൽ ഈ പ്രക്ഷോഭങ്ങൾ വംശീയ പ്രകടനങ്ങളോ അല്ലെങ്കിൽ ഒരു സാങ്കല്പിക ജൂത ‘വംശീയ കഥാപാത്രത്തെ’ മുൻനിർത്തിയുള്ള പൊതുവിചാരണയോ ആയിരുന്നില്ല, മറിച്ച് അമേരിക്കൻ യൂറോപ്യൻ രാഷ്ട്രങ്ങളിൽ നിന്ന് നിരന്തരം സഹായം ലഭിക്കുന്ന അങ്ങേയറ്റം ശക്തരായ ഇസ്രായേലീ വ്യോമസേനയും സൈന്യവും വൃദ്ധർക്കും സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെ യഥാർത്ഥത്തിൽ നടത്തിക്കൊണ്ടിരുന്ന കൂട്ടക്കൊലക്കെതിരെയുള്ള പരസ്യമായ അപലപനമായിരുന്നു ഈ പ്രക്ഷോഭങ്ങൾ. മറ്റൊരർത്ഥത്തിൽ, സെമിറ്റിക് വിരുദ്ധമായ സങ്കല്പനങ്ങളായിരുന്നില്ല ഈ പ്രക്ഷോഭങ്ങളുടെ പിന്നിൽ. തീർത്തും യഥാർത്ഥത്തിലുള്ള ഒരു കൂട്ടക്കൊലക്കെതിരെയുള്ള പ്രക്ഷോഭം മാത്രമായിരുന്നു അത് (അടുത്തിടെ നടന്ന സമരങ്ങൾ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന വ്യക്തമായ വംശഹത്യക്കെതിരെയും). ‘സെമിറ്റിക് വിരുദ്ധതയെ’ സകലതിലും കണ്ടെത്തുന്ന അലസവും സത്യസന്ധതയില്ലാത്തതുമായ ശീലത്തെ ഒരുപാടാളുകൾ ഇന്ന് പിന്തുടരുന്നുണ്ട്. യഥാർത്ഥ സെമിറ്റിക് വിരുദ്ധതയെ നിസ്സാരവൽക്കരിക്കുന്നു എന്നതാണ് ഇതിന്റെ പരിണിത ഫലങ്ങളിലൊന്ന്.[5]
സയണിസം നിർമ്മിച്ചെടുക്കാൻ ശ്രമിച്ച ‘പുത്തൻ ജൂതർ’ എന്ന വിഭാഗം ജൂതപ്രവാസ പാരമ്പര്യവുമായോ (Exilic) ബൈബിൾ പാരമ്പര്യവുമായോ ബന്ധപ്പെട്ടതല്ല. മറിച്ച് ഒരു പ്രത്യേക തരം അധികാരം വമിക്കുന്ന ഒരു മതേതര യൂറോപ്യനാണ് അവൻ/അവൾ. മറ്റുള്ളവരെ ശിക്ഷിക്കാനുള്ള ഇസ്രായേലിന്റെ ശേഷി ഈ രാഷ്ട്രീയ അധികാരത്തിന്റെ ഏറ്റവും പരമമായ സ്ഥിരീകരണമാണ്. മിക്കവരെ സംബന്ധിച്ചും ഏറെ ആകർഷണീയമായ ഒരു വസ്തുതയാണിത്. രാഷ്ട്രീയവും, സാംസ്കാരികവും, സാങ്കേതികവുമായ ഇസ്രായേലിന്റെ പലവിധ നേട്ടങ്ങൾ അതിന്റെ ദേശാന്തരീയ സ്ഥാനത്തെ ശക്തിപ്പെടുത്തുകയും ഇസ്രായേലുമായി സ്വയം ചേർത്തു വെക്കാനുള്ള ജൂത അഭിലാഷത്തെ സഹായിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ഒരു ജനതയുടെ സ്വത്വത്തെയും വൈകാരികതയെയും ഒരു ദേശമെന്ന നിലയിലുള്ള സ്വയം നിർണയത്തിനു വേണ്ടിയുള്ള അവരുടെ അവകാശവാദത്തെയും രൂപപ്പെടുത്തുന്നതിന് സഹായകരമാവുന്നത് അവരുടെ സംഘടിതമായ ഇരവാദം (ഹോളോകോസ്റ്റിൽ നിന്നുള്ള അതിജീവനം) മാത്രമല്ലെന്നതാണ് ഞാൻ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. മറിച്ച് ക്രിസ്ത്യൻ യൂറോപ്പ് കാലങ്ങളോളം ‘ചരിത്രത്തിന് പുറത്തുള്ള’വരായി കണക്കാക്കിയ ഒരു ജനതയുടെ അധികാരത്തിന്റെ രുചി കൂടിയാണത്. ശക്തവും പ്രതികാരദാഹിയുമായ ഒരു ജൂത ദേശരാഷ്ട്രം നേടിയെടുക്കുക വഴി ചരിത്രത്തിലേക്കുള്ള ജൂത പിന്മടക്കം ഒടുവിൽ പൂർത്തിയായിരിക്കുന്നു എന്ന് വാദിച്ച് കൊണ്ട് അവരിപ്പോൾ ആ കൃസ്ത്യൻ കഥയുടെ മതേതര പതിപ്പിനെ അംഗീകരിക്കുകയും ചെയ്യുന്നു.[6] ക്രൈസ്തവദേശത്തെ ഇരകളെന്ന നിലയിലുള്ള ജൂതാനുഭവത്തെ കുറിച്ചുള്ള ആഖ്യാനത്തോടെയുള്ള ഈ ചരിത്രം, ആധുനിക ജൂതന്റെ നിർമ്മിതിയുടെ നിർണായക ഭാഗമാണ്. കാരണം ഇസ്രായേലീ ജുതരുൾപ്പെടെയുള്ള ആധുനിക ജൂതന്മാരെ സംബന്ധിച്ചു പോലും, ഈ ചരിത്രാനുഭവം സൃഷ്ടിച്ചിട്ടുള്ള ഉത്കണ്ഠ ഇന്നും അവരുടെ ആത്മത്തിന്റെ അബോധ തലമായി നിലനിൽക്കുന്നുണ്ട്. എന്നുമാത്രമല്ല, ഒരു ശക്തമായ രാഷ്ട്രത്തിന്റെ നിർമ്മാണം (ഓർമ്മകളുടെ സ്ഥാപനവൽകൃതമായ നിർമ്മാണത്തിലൂടെ) ഒരു കാലത്ത് ഇര ആയിരുന്നുവെന്നും ഒരു സംഭവ്യമായ ഇരയായി തുടരുകയും ചെയ്യുന്നുവെന്നുമുള്ള ബോധത്തെ വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
ഇരയുടെ (പൗരന്മാരുടെ സംഘം) യാതനയെ അപരനിലേക്ക് കൈമാറാൻ അവരെ പ്രാപ്തമാക്കുന്ന അധികാരത്തിന്റെ ഉറവിടമായി വർത്തിക്കുന്നത് രാഷ്ട്രീയമായി തീർച്ചയായും രാഷ്ട്രം തന്നെയാണ്. ആ യാതനയ്ക്ക് കാരണക്കാരായവരുമായി ഈ പ്രവർത്തിക്ക് നേരിട്ടു ഏതെങ്കിലും തരത്തിലുള്ള ബന്ധം വേണമെന്നില്ല. ഇരയിൽ പാരമ്പര്യമായി ഉള്ളടങ്ങിയ അധികാരരാഹിത്യവുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട ബോധത്തെ മറികടക്കാൻ വേണ്ടി ലഭ്യമായ ഒരു വസ്തു (മാർഗ്ഗം) മാത്രമാണ് ഇവിടെ അപരൻ. ജൂതന്മാരുടെ ഭയത്തെ ഫലസ്തീനികളിലേക്ക് കൈമാറാനുള്ള ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്) ഉറച്ചതീരുമാത്തെ ഇസ്രായേലിലെ ജൂത പൗരന്മാർ പിന്തുണക്കുന്നു (ചില ഘട്ടത്തിൽ ആഘോഷിക്കുക വരെ ചെയ്യുന്നു). അധികാരരാഹിത്യവുമായി ബന്ധപ്പെട്ട വ്യവഹാരത്തിൽ മുങ്ങിക്കിടക്കുന്നവരാണ് ജൂതരെന്ന വസ്തുത ഈ പ്രവണതയെ വർദ്ധിപ്പിക്കുന്നു.
ഹിംസയുടെ ഇരയനുഭവിക്കുന്ന ഭയമാണ് പലപ്പോഴും ആ ഭയം സൃഷ്ടിച്ച വ്യക്തിയെ വിശേഷിപ്പിക്കാൻ ‘ടെററിസ്റ്റ്’ എന്ന പദം ഉപയോഗിക്കുന്നതിന്റെ കാരണം. എന്നാൽ ഇസ്രായേലികൾ ഫലസ്തീനികൾക്കിടയിൽ ഭയവും അപമാനവും ഉണ്ടാക്കുമ്പോൾ (ഇസ്രായേലെന്ന ഭവനത്തിന് പുറത്തുള്ളവർക്കെതിരെ) അതിനെ പാശ്ചാത്യ മാധ്യമങ്ങൾ ടെററിസമെന്ന് വിശേപ്പിക്കുന്നില്ല. സമകാലിക ആംഗലേയത്തിൽ സ്വയം വിശേഷിപ്പിക്കാൻ വേണ്ടി ടെററിസ്റ്റ് എന്ന പദം സാധാരണ ആരും ഉപയോഗിക്കാറില്ല. കാരണം ആ പദം ഒരേസമയം ഒരു വിശദീകരണവും (ഒരു വസ്തുതയുടെ) അപലപനവും (ധാർമ്മികമായ വിധി തീർപ്പ്) ഉൾച്ചേർന്നിരിക്കുന്ന ഒരാൾക്ക് സ്വന്തത്തിൽ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയാത്ത ഒന്നാണ്. പാശ്ചാത്യൻ പ്രമുഖ മാധ്യമങ്ങൾ ഗസ്സയിലെ ഹമാസിനെ ‘തീവ്രവാദികളെ’ന്നും ഫലസ്തീൻ ഐക്യദാർഢ്യങ്ങളെ ‘ഹമാസിനോടുള്ള ഐക്യദാർഢ്യ’മെന്നും വിശേഷിപ്പിക്കുമ്പോൾ ഇസ്രായേലിന്റെ വീക്ഷണത്തെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഇനി ഹമാസ് ഐക്യദാർഢ്യമെന്നത് സെമിറ്റിക് വിരുദ്ധതയ്ക്ക് തുല്യവുമാണ്. (“സകല ജൂതരെയും” കൊല്ലാൻ തീരുമാനിച്ച ഓട്ടോമൻ ഫലസ്തീനിൽ ഹമാസ് ഇല്ലാതിരുന്നത് എന്തു കൊണ്ടായിരുന്നു എന്ന ചോദ്യം ഈ വീക്ഷണം സ്വീകരിക്കുന്നവർ സ്വയം ചോദിക്കുകയില്ല.)
ഇവിടെ ഞാൻ സ്ഥാപിക്കാനാഗ്രഹിക്കുന്ന കാര്യമെന്തെന്നാൽ, ഹമാസിന്റെ അംഗങ്ങൾ അവരുടെ മർദ്ദകരെ ഭീതിപ്പെടുത്താനും അപമാനിക്കാനും ശ്രമിക്കുമ്പോഴൊക്കെ, അതെത്ര ചെറിയ രീതിയിലാണെങ്കിലും, അവരെ സെമിറ്റിക് വിരുദ്ധരെന്നും ‘ടെററിസ്റ്റു’കളെന്നും വിളിച്ചു കൊണ്ട് ഇസ്രായേൽ ഒരു ധാർമ്മിക പരിവേശം സ്വീകരിക്കുകയും ‘ഇസ്രായേൽ-ഹമാസ് യുദ്ധത്തെ’ ഒടുക്കമില്ലാത്ത വീണ്ടും വീണ്ടും ചാക്രികമായി ആവർത്തിക്കുന്ന ഹിംസയായി – ക്രൂരന്മാരായ തീവ്രവാദികൾക്കും തങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ച് ഭയമുള്ള നിഷ്കളങ്കമായ ഒരു രാഷ്ട്രത്തിനും ഇടയിൽ നടക്കുന്ന – പ്രതിനിധാനം ചെയ്യുകയും ചെയ്യുന്നു.
രാഷ്ട്രത്തിന്റെ ഭാഗമല്ലാതെ പ്രവർത്തിക്കുന്നവരെയും അതേപോലെ രാഷ്ട്രത്തിന്റെ പ്രവർത്തനങ്ങളെയും, അത് ലിബറൽ ജനാധിപത്യ രാഷ്ട്രങ്ങളാവട്ടെ (അമേരിക്കയുടെ സാമ്രാജ്യത്വ യുദ്ധങ്ങൾ) സമഗ്രാധിപത്യ രാഷ്ട്രങ്ങളാവട്ടെ (നാസി ജർമ്മനി), വിശേഷിപ്പിക്കാൻ ടെററിസ്റ്റ് എന്ന പദം ഉപയോഗിക്കുന്ന ഒരു സമയമുണ്ടായിരുന്നു. നാസികളുടെ പ്രസിദ്ധമായ “ഭീകരതക്കെതിരെ ഭീകരത” എന്ന മുദ്രാവാക്യം സഖ്യകക്ഷികൾ (അലൈസ്) പക്ഷപാതികൾ എന്നു വിളിച്ചവർക്കെതിരെയുള്ള രാഷട്രത്തിന്റെ അചഞ്ചലമായ (അനിവാര്യവുമായ) ഹിംസയെ വിവരിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു, പക്ഷേ നാസികളുടെ ടെററിസം എന്ന പദത്തിന്റെ ഉപയോഗം സാങ്കേതികമായിരുന്നു, അല്ലാതെ ധാർമ്മികമായിരുന്നില്ല. അടുത്തിടെ, ലിബറൽ ജനാധിപത്യ രാഷ്ട്രങ്ങളിലെയും ലോകത്തിലെ തന്നെയും രാഷ്ട്രത്തിന്റെ ഭാഗമല്ലാതെ പ്രവർത്തിക്കുന്നവരെ ഉദ്ദേശിച്ച് ടെററിസം എന്ന പദം എടുത്തുപയോഗിക്കുന്നുണ്ട്. പാശ്ചാത്യൻ പൊതു മാധ്യമങ്ങളിലെ നയങ്ങൾ രൂപപ്പെടുത്തുന്നതിലും അതേപോലെ വ്യവഹാര നിർമ്മാണത്തിലുമുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും സ്വാധീനത്തോട് ഏറെ കടപ്പെട്ടിരിക്കുന്ന ഒരു മാറ്റമാണിത്. ‘ടെററിസം’ എന്ന പദത്തിന്റെ ഉപയോഗത്തിലുള്ള ഈ വിവേചനശക്തിയുടെ ഒരു അനന്തരഫലമെന്നു പറയുന്നത് ഇസ്ലാമോഫോബിയയുടെ ശക്തമായ വർദ്ധനവാണ്[7].
വ്യക്തികളെയും സംഘടനകളെയും ടെററിസ്റ്റുകളെന്ന് വർഗ്ഗീകരിക്കുന്നത് രാഷ്ട്രമായതിനാൽ, അങ്ങനെ വർഗ്ഗീകരിക്കപ്പെടുന്നവരുടെ നിയമാവകാശങ്ങളെ കൃത്യമായ വിചാരണയില്ലാതെയുള്ള അനിശ്ചിത കാല തടവിലൂടെയും പീഢനത്തിലൂടെയും (“കഠിനമായ ചോദ്യം ചെയ്യൽ”) ഇല്ലാതാക്കുവാൻ രാഷ്ട്രത്തിന് കഴിയും. നിയമത്തിൽ അധിഷ്ടിതമാണ് പരമാധികാര രാഷ്ട്രം എന്നാണ് വാദമെങ്കിലും രാഷ്ട്രത്തിന്റെ ഇത്തരം പ്രവർത്തനങ്ങളെ അതൊരു വൈരുദ്ധ്യമായി കാണാറില്ല. കാരണം, ഷ്മിത്ത് സൂചിപ്പിച്ച പോലെ പരമാധികാരമെന്നത് എക്സെപ്ഷനിൽ തീരുമാനമെടുക്കാനുള്ള ശേഷിയാണ്.
മുസ്‌ലിം സായുധരുടെ 9/11 ആക്രമണത്തിന്റെ മുൻപു തന്നെ ‘ടെററിസ്റ്റ്’, ‘ടെററിസം’ എന്നിവയുടെ അമേരിക്കയിലെ ഉപയോഗത്തെ ഫലസ്തീനിയൻ പ്രതിരോധ പ്രസ്ഥാനങ്ങളോട് തിരിച്ചടിക്കുക എന്ന ഇസ്രായേൽ താൽപര്യം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. റെമി ബ്രലിന്റെ അഭിപ്രായ പ്രകാരം ശീത യുദ്ധത്തിന്റെ ആദ്യ വർഷങ്ങളിൽ ‘ടെററിസം’ എന്ന പദം അമേരിക്കൻ പ്രസിഡന്റുമാർ വളരെ അപൂർവമായേ ഉപയോഗിച്ചിട്ടുള്ളൂ. ഇതിന് പുതുതായി ലഭിച്ച ജനകീയതയ്ക്ക് ഏറ്റവും നിർണായകമായിരുന്നത് ‘ടെററിസത്തെ’ കുറിച്ച് നടന്ന രണ്ട് സമ്മേളനങ്ങളാണ്; ഒന്ന് 1979-ൽ ജറുസലേമിൽ വെച്ച് നടന്നതും, അതിന്റെ തുടർച്ചയായി 1984-ൽ വാഷിംഗ് ടണിൽ വെച്ച് നടന്നതും. പ്രസ്തുത സമ്മേളനത്തിൽ വെച്ച് അമേരിക്കൻ, ഇസ്രായേലീ നവ യാഥാസ്ഥിതി വാദികൾ, ‘ഭീകരവാദ ഹിംസ’ ലോകത്തിലെ അമേരിക്കൻ സൈനിക മേൽക്കോയ്മക്കെതിരെ തിരിയുമ്പോൾ അതിനെ എതിർക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മാത്രമല്ല, മറിച്ച് ‘ഭീകരവാദത്തെ’ ജൂത രാഷ്ട്രത്തിന്റെ അസ്തിത്വത്തിന് തന്നെയുള്ള സുപ്രധാന ഭീഷണിയായി കാണേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വാദിക്കുകയുണ്ടായി. എന്നാൽ ഈ സമ്മേളനങ്ങൾക്കൊക്കെ ഒരുപാട് മുമ്പേ തന്നെ എല്ലായിടത്തും ഭീകരവാദത്തിനെതിരെ പൊരുതേണ്ടതിന്റെ ആവശ്യകതയ്ക്കു വേണ്ടി ഈ രണ്ടു രാജ്യങ്ങളും ഒന്നിച്ചു നിന്നിട്ടുണ്ട്. 1972-ൽ മ്യൂണിക്കിൽ വെച്ച് ഫലസ്തീനിയൻ സായുധ സംഘം ഇസ്രായേലീ ഒളിമ്പിക് ടീമിനെ വധിച്ച സംഭവത്തെ തുടർന്നു നടന്ന ഐക്യ രാഷ്ട്ര സഭാ സംവാദങ്ങൾ ഇതിന്റെ സൂചകങ്ങളായിരുന്നു. അതിൽ പ്രസ്തുത ഹിംസയെ കുറിച്ച് തീർത്തും വ്യത്യസ്തങ്ങളായ അവലോകനങ്ങളാണ് ഇസ്രായേലും അമേരിക്കയും ഒരു വശത്തും, മറു വശത്ത് ചേരി ചേരാ രാജ്യങ്ങളും ഉൽപ്പാദിപ്പിച്ചത്. അമേരിക്കയുടെയും ഇസ്രായേലീന്റെയും അവലോകന പ്രകാരം ഭീകരവാദമെന്നത് അതുല്യവും അസന്ദിഗ്ദ്ധവുമായി അപലപിക്കപ്പെടേണ്ടതും, മ്യൂണിക്ക് സംഭവമാകട്ടെ വ്യക്തമായും ഈ വിഭാഗത്തിൽ പെടുന്നതുമായിരുന്നു. എന്നാൽ ഇർഗുൻ, ഹാഗാന, ലെഹി എന്നീ സംഘടനകൾ (ഫലസ്തീനിലെ ബ്രിട്ടീഷ് മാൻഡേറ്റ് അതോറിറ്റി ‘തീവ്രവാദികൾ’ എന്ന് വിശേഷിപ്പിച്ച സംഘടനകളാണിതെല്ലാം) സയണിസ്റ്റ് പദ്ധതിക്ക് പിന്തുണ നൽകി കൊണ്ട് നിരപരാധികളായ പൗരന്മാരെ കൊന്നു തള്ളിയിട്ടുണ്ടെന്നും അവരുടെ ഫലസ്തീൻ വിരുദ്ധവാദ ഭീകരാനുഭവം ഇസ്രായേൽ സൈനിക യന്ത്രത്തിന്റെ അടിയത്തറയായി മാറിയിട്ടുണ്ടെന്നുമുള്ളത് വസ്തുതയാണെന്നും ഉള്ള വൈരുദ്ധ്യത്തെ മിഡിലീസ്റ്റിൽ നിന്നുള്ള ഐക്യരാഷ്ട്ര സഭാ പ്രതിനിധി ചൂണ്ടിക്കാണിച്ചപ്പോൾ അദ്ദേഹത്തിന്റെ വാദം പാടേ തള്ളിക്കളയുകയായിരുന്നു[8].
ഉപസംഹരിച്ചു കൊണ്ട്, ഞാൻ തുടക്കത്തിൽ സൂചിപ്പിച്ച ക്ലൂഗിന്റെ ചിന്തോദ്ധീപകമായ ലേഖനത്തിലേക്ക് വരാം. “ഭാഷ തടയുന്നതിനെ ഭാഷക്ക് തന്നെ പ്രോത്സാഹിപ്പിക്കാം; രാഷ്ട്രീയമായി ചിന്തിക്കുക. വസ്തുതകളിൽ നിന്ന് വഴുതിമാറാതെയോ അല്ലെങ്കിൽ നാം തോലോലിക്കുന്ന സിദ്ധാന്തത്തിനോ അജണ്ടക്കോ വേണ്ടി അതിനെ ഉപയോഗിക്കുകയോ ചെയ്യാതെ മൂർത്തവും അമൂർത്തവും തമ്മിലുള്ള വിടവ് നികഴ്ത്താൻ കഴിയുന്ന വാക്കുകൾ ഉപയോഗിക്കുകയാണ് ഇതിന് വേണ്ടത്. അങ്ങനെ മാത്രമേ ചോദ്യങ്ങളെ ഏറ്റവും രാഷ്ട്രീയമായി നമുക്ക് അവതരിപ്പിക്കാൻ കഴിയുകയുള്ളൂ; ഫല്സ്തീനികൾക്കും ഇസ്രായേലികൾക്കും വേണ്ടി മാത്രമല്ല. നമ്മുടെ പക്കലുള്ള പൊതു ഇടങ്ങളെ എങ്ങനെ പങ്കു വെക്കുന്നുവോ അങ്ങനെയാണ് പൊതു നന്മ വികസിക്കുകയുള്ളൂ.” പക്ഷേ ധാർമ്മികമായി എന്താണ് ഇവിടെ അപകടാവസ്ഥയിലുള്ളത് എന്ന് മനസ്സിലാക്കാതെ ഒരാൾക്ക് അത്തരമൊരു രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരാൻ സാധിക്കുകയില്ല – എങ്ങനെയാണ് നാം ജീവിക്കുന്നത്, അത്തരമൊരു ജീവിത രീതിയിലേക്ക് നാമെങ്ങനെ എത്തിച്ചേർന്നു. വാസ്തവത്തിൽ ഒട്ടുമിക്ക ഇസ്രായേലീകളെ സംബന്ധിച്ചും ഈ തർക്കത്തിന് ശാശ്വതമായൊരു പരിഹാരമില്ല, മറിച്ച് അതിന്റെ ഗൗരവത്തെ ലഘൂകരിക്കാനുള്ള സാധ്യതയേയുള്ളൂ. എല്ലാ വേനൽക്കാലത്തും കൊതുകിലൂടെ പടരുന്ന പകർച്ച വ്യാധിയുടെ കാര്യത്തിലെന്ന പോലെ അതിന് പരിഹാരമില്ല, മറിച്ച് അതിന്റെ ഗൗരവത്തെ പരമാവധി ലഘൂകരിക്കാനേ കഴിയുകയുള്ളൂ. പക്ഷേ ഇസ്രായേലികൾക്കും ഫലസ്തീനികൾക്കും ആത്യന്തികമായി ഒരു പൊതുയിടം പങ്കു വെക്കാൻ സാധിക്കുമെന്ന് ഒരാൾ ആശിക്കുകയാണെങ്കിൽ, കുറഞ്ഞത് 75 വർഷങ്ങളായെങ്കിലും ഒരു പൊതുയിടം അവർ പങ്കു വെക്കുന്നില്ലെന്നും ഒരേ ഭൂപ്രദേശത്ത് അധിവസിക്കുക മാത്രമാണ് ചെയ്യുന്നത് എന്നതാണ് വസ്തുതയെന്നും അതിന്നർത്ഥം ഒരു വിഭാഗത്തിന്റെ നിരന്തര പരാജയവും മറുവിഭാഗത്തിന്റെ നിരന്തര വിജയവുമാണെന്നതിൽ നിന്നല്ലേ അയാൾ ആരംഭിക്കേണ്ടത്? ഇസ്രായേലിന്റെ ഫലസ്തീനിയൻ പൗരന്മാരെ രാഷ്ട്രം അഭിസംബോധന ചെയ്യുന്നത് ‘അറബികൾ’ എന്നാണ്, അല്ലാതെ ‘ഫലസ്തീനികൾ’ എന്നല്ല; തീർച്ചയായും അവർ ഒരേ ഭൂപ്രദേശത്ത് അധിവസിക്കുകയാണ് ചെയ്യുന്നത്, അല്ലാതെ അവരതിനെ പരസ്പരം പങ്കുവെക്കുന്നില്ല. ഈ പങ്കുവെക്കാതിരിക്കലിന്റെ പിന്നിലെ കാരണമെന്നു പറയുന്നത് എല്ലാവർക്കും അറിയാവുന്നതു പോലെ ഇസ്രായേലീ ജൂതന്മാരും ഫലസ്തീനികളും തമ്മിലുള്ള ഭീമമായ അധികാര അന്തരമാണ്. ഫലസ്തീനികൾ പൗരന്മാരാണോ അല്ലയോ എന്നത്, തങ്ങൾക്ക് ഫലസ്തീനികളെ എപ്പോൾ വേണമെങ്കിലും ശിക്ഷിക്കാമെന്നു കാണിച്ചു കൊണ്ട് സമ്പൂർണ ആത്മവിശ്വാസം നേടിയെടുക്കാനുള്ള ഇസ്രായേൽ ശ്രമം എന്നിവ ഈ അന്തരത്തിന്റെ ഭാഗമാണ്.
ഭാഷയുടെ ഉപകരണാത്മക ഉപയോഗം ഒരാളെങ്ങനെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നു എന്നതിൽ മാത്രമല്ല പ്രസക്തമാവുന്നത്, മറിച്ച് അതിലും പ്രധാനമായി ഒരാളെങ്ങനെ ജീവിക്കുന്നു അല്ലെങ്കിൽ എങ്ങനെ ജീവിക്കാനാണ് അനുവദിക്കപ്പെട്ടിരിക്കുന്നത് എന്നതിൽ കൂടിയാണ്. വ്യത്യസ്ത വാക്കുകൾ ഉപയോഗിക്കുന്നതിലൂടെ ഒരാളെങ്ങനെ ജീവിക്കുന്നു എന്നതിന്റെ സവിശേഷതയെ എളുപ്പത്തിൽ മനസ്സിലാകണമെന്നില്ല. ഒരുപാട് മുമ്പ് തന്നെ ഫ്രോയിഡ് നമ്മെ പഠിപ്പിച്ച ഒരു സംഗതിയാണ് നമ്മുടെ ചർച്ചകളിൽ ഇല്ലാതെ പോവുന്നത് എന്നാണ് എനിക്ക് തോന്നുന്നത്; സ്വന്തത്തെ തന്നെ കബളിപ്പിക്കാൻ നാം കണ്ടെത്തുന്ന യുക്തികളിലേക്കും ഭാഷയിലേക്കും നാം മനുഷ്യ ജീവികൾക്കുള്ള അസമമായ പ്രവേശനം/ലഭ്യതയാണത്. ഭൂത കാലത്തെ കുറിച്ചുള്ള നമ്മുടെ ആലോചനകൾ നാം ജീവിക്കുന്ന ജീവിതത്തിലേക്ക് എങ്ങനെ പ്രവേശിക്കുന്നു എന്ന ഒരൊറ്റ കാരണം കൊണ്ട് ഇവയൊന്നും നമുക്ക് അത്ര പ്രകടമായിക്കൊള്ളണം എന്നില്ല. സത്താപരമായി നല്ലവരും സത്താപരമായ ദുഷിച്ചവരും എന്നൊന്നില്ല. കാലക്രമത്തിൽ ആളുകൾ നേടിയെടുക്കുന്ന ഒരു സവിശേഷത മാത്രമാണ് അത് – ഒപ്പം, അവയോട് ചേർന്നു പോകുന്ന ഭാഷയും.
നാം സൃഷ്ടിച്ചിരിക്കുന്ന (നിർമ്മിക്കപ്പെടാൻ അനുവദിച്ച), നാം ഇന്ന് കൈവശം വെച്ചിരിക്കുന്ന ലോകത്തെ കുറിച്ച് ആത്യന്തികമായി മനസ്സിലാക്കാൻ മനോവിശ്ലേഷണം കൊണ്ട് മാത്രം കഴിയുമെന്നുള്ളത് സത്യമാണോ അല്ലയോ — ഇനി കഴിയുമെങ്കിൽ തന്നെ എങ്ങനെ, ഏതളവിൽ എന്നുള്ളതും — എന്നത് തീർത്തും മറ്റൊരു ചോദ്യമാണ്. എന്നാൽ കുറഞ്ഞത് ഒരാൾക്ക് ഇപ്രകാരം ആലോചിക്കാൻ ശ്രമിക്കുകയെങ്കിലും ചെയ്യാവുന്നതാണ്. തങ്ങളുടെ ഇരവാദത്തെ കുറിച്ചുള്ള സംഘടിത ബോധത്തിൽ കുതിർന്നു കിടക്കുന്ന, അതേ പ്രതി എന്തെങ്കിലും ചെയ്യാനുള്ള ശേഷിയുടെ കാര്യത്തിൽ ഇസ്രായേല്യർക്കും ഫലസ്തീനികൾക്കുമിടയിൽ ഭീമമായ അസമത്വം നിലനിൽക്കുന്ന, നിലവിൽ ശക്തരായവരിൽ ഭൂരിഭാഗവും ഈ സംഘർഷത്തിൽ തങ്ങൾ ചെയ്തതും പറഞ്ഞതുമൊക്കെ (ഇപ്പോഴും ദിനേന ചെയ്തു കൊണ്ടിരിക്കുന്നതും) എല്ലായ്പ്പോഴും യുക്തവും ന്യായവും നീതിപൂർണവുമാണെന്ന് സ്വയം ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ശേഷം ഒരു നിഷ്പക്ഷ ഭാഷയ്ക്ക് (ഏതെങ്കിലും പ്രത്യേക ജീവിത രീതിയുമായി ബന്ധമില്ലാത്ത ഭാഷ) വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ മനോവിശ്ലേഷണവുമായി ബന്ധപ്പെട്ട സങ്കീർണമായ പ്രസ്തുത ചോദ്യത്തിന് ഉത്തരം കണ്ടെത്തൽ അത്ര സഹായകരമായിരിക്കില്ല.
…
ഏറ്റവും ഒടുവിൽ നിരാശാജനകമായ ഒരു കൂട്ടിച്ചേർക്കൽ കൂടി; ഗസ്സൻ വംശഹത്യയിലെ തന്റെ ഭരണകൂടത്തിന്റെ പങ്ക് (അതുവഴി തൻ്റെയും) ധാർമ്മികമായി താങ്ങാൻ കഴിയാതെ അമേരിക്കൻ വ്യോമസേനയിലെ സൂക്ഷ്മബോധമുള്ള ഒരു യുവാവ് വാഷിങ് ടണ്ണിലെ ഇസ്രായേൽ എമ്പസിക്ക് മുന്നിൽ തന്റെ സഹദേശക്കാരുടെ മനസ്സാക്ഷിയെ ഞെട്ടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ സ്വജീവൻ ത്യജിക്കുന്നു. ഭരണകൂട ഉദ്യോഗസ്ഥരും മുഖ്യധാരാ മാധ്യമങ്ങളും ഒരു മാനസിക വിഭ്രാന്തിയുള്ള ആളുടെ പ്രവർത്തി (‘ഇടതുപക്ഷ തീവ്രവാദി’ എന്നു പോലും പറഞ്ഞ്) എന്ന നിലയിൽ ഇതിനെ അനായാസം തള്ളിക്കളയുന്ന എന്തുതരം ധാർമ്മിക ലോകത്താണ് നാം ജീവിക്കുന്നത്?[9] ഉത്തരം: “സ്വന്തത്തെ വധിക്കാൻ നിങ്ങൾക്ക് യാതൊരവകാശവും ഇല്ലെന്നും എന്നാൽ നിങ്ങളുടെ രാഷ്ട്രം ഒരു യുദ്ധത്തിലാണെങ്കിൽ അതിന് നിങ്ങളോട് മറ്റുള്ളവരെ കൊല്ലാൻ ആജ്ഞാപിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും യുദ്ധത്തിൽ സ്വന്തം ദേശത്തിന് വേണ്ടി സ്വന്തം ജീവൻ ത്യജിക്കാൻ രാഷ്ട്രം നിങ്ങളോട് കല്പിക്കുകയും ചെയ്യും,” എന്ന് രാഷ്ട്രം പറയുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. സ്വന്തം യാതനകളെ എങ്ങനെ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാമെന്ന് രാഷ്ട്രത്തിന് നിങ്ങളെ പഠിപ്പിക്കാനാവും, പക്ഷേ എങ്ങനെ അവരെ സുഹൃത്തുക്കളാക്കണമെന്ന് പഠിപ്പിക്കാനാവില്ല.
(അവസാനിച്ചു)
വിവർത്തനം: മൻഷാദ് മനാസ്
[1] Iris Murdoch, The Unicorn, New York: Avon Books, 1964, Chapter 12, p. 102.
[2] ആ യുദ്ധ വിജയത്തെ ഇസ്രായേലികൾ ഒരു അത്ഭുതമായി കരുതിപ്പോന്നതിനാൽ തന്നെ യുദ്ധം 5 ദിവസം കൊണ്ട് അവസാനിച്ചുവെങ്കിലും ‘ആറു ദിന യുദ്ധം’ എന്ന് ആ യുദ്ധം അറിയപ്പെട്ടു. ദൈവം സ്വർഗ്ഗവും ഭൂമിയും സൃഷ്ടിച്ചത് 6 ദിവസങ്ങൾ കൊണ്ടായതിനാൽ ആ യുദ്ധത്തെ പലരും ദൈവത്തിന്റെ ഇടപെടലായാണ് കണ്ടിരുന്നത്. 1967-ലെ യുദ്ധത്തിലെ ഇസ്രായേലിന്റെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളായിരുന്ന മാറ്റി പെലെഡ് പറയുന്നത് 1967 “ഒരു അസ്ത്വിത്തപരമായ യുദ്ധമലല്, മറിച്ച് തിരഞ്ഞെടുത്ത യുദ്ധമായിരുന്നു” എന്നാണ്. See Miko Peled, The General’s Son, Charlottesville, VA: Just World Books, pp. 50-51.
[3] എന്റെ പിതാവിന്റെ പിതാവ് ദറേഷ്യൻസ്ദാത് (Theresienstadt) കോണസൺട്രേഷൻ ക്യാമ്പിലും എന്റെ പിതൃ സഹോദരി ഓഷ്വിറ്റ്സിലും മരണമടഞ്ഞവരാണ് (അദ്ദേഹത്തിന്റെ മാതാവ് മുപ്പതുകളുടെ തുടക്കത്തിൽ തന്നെ സ്വാഭാവിക കാരണങ്ങളാൽ അന്തരിക്കുകയും ശേഷം പിതാവ് വളരെ ചെറിയ കുട്ടിയുള്ള ഒരു വിധവയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു). ലണ്ടനിലുള്ള എന്റെ അമ്മാവനെ എന്റെ പിതാവ് ഒരു ഘട്ടത്തിൽ സന്ദർശിച്ചപ്പോൾ ഓസ്ട്രിയൻ ഗവണ്മെന്റ് അദ്ദേഹത്തിന് നഷ്ടപരിഹാരം അനുവദിച്ചതായി അദ്ദേഹത്തെ ഓർമ്മപ്പെടുത്തി. “ബ്ലഡ് മണി!” എന്റെ പിതാവ് നടുക്കത്തോടെ പ്രതികരിച്ചു. “ആളുകളുടെ മനഃസ്സാക്ഷിയെ ആശ്വസിപ്പിക്കാനായി ഞാനൊരിക്കലും ബ്ലഡ് മണി സ്വീകരിക്കുകയേ ഇല്ല!” പിന്നീടൊരിക്കൽ, ജർമ്മൻ ജനത ചെയ്ത കൊലപാതകങ്ങളോട് പൊറുത്തു കൊടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ ഇപ്രകാരമായിരുന്നു അദ്ദേഹത്തിന്റെ മറുപടി; “അത്തരമൊരു കുറ്റകൃത്യത്തം പൊറുത്തു നൽകാൻ ദൈവത്തിന് മാത്രമേ കഴിയൂ. എിനക്ക് പൊറുക്കാൻ കഴിയുന്ന ഒന്നല്ല അത്.” ഹോളോകോസ്റ്റിന്റെ സമയത്ത് ഉണ്ടായിരുന്നിട്ട് കൂടിയില്ലാത്ത ഇസ്രായേലെന്ന ഇര മരണപ്പെട്ട അനേകം അഞ്ജാതർക്ക് വേണ്ടി അനന്തമായ നഷ്ടപരിഹാരം ജർമ്മനിയിൽ നിന്ന് കൊതിയോടെ സ്വീകരിക്കുന്നതിന്റെ നേർ വിപരീത വശത്ത് നിൽക്കുന്നതാണ് ഈ മനോഭാവം (നിസ്സംശയമായും മറ്റ് വ്യക്തികളും സ്വീകരിച്ച മനോഭാവം).
[4] Peter Kuras, “An army of antisemitism commissioners was supposed to help Germany atone for its past: Critics say it is evidence of a memory effort gone haywire,” Jewish Currents, Spring 2023. See also, Pankaj Mishra, “Memory Failure,” London Review of Books, Vol. 46, no. 1, 4 January, 2024.
[5] ഒരു ഓക്സ്ഫോർഡ് വിദ്യാർത്ഥി ഒരു നീരാളി മാതൃകയെ ഭാഗ്യ ജീവിയായി ഉപയോഗിച്ചതിന്റെ പേരിൽ അവർക്കെതിരെ യു.കെയിലെ ജാക്വെലിൻ ഫോസ്റ്റർ സെമിറ്റിക് വിരുദ്ധത ആരോപിച്ച സംഭവം ഇതിന് നല്ലൊരു ഉദാഹരണമാണ്. ലോകത്തിന് മേലിൽ ഉണ്ടെന്ന് പറയപ്പെടുന്ന ജൂത നിയന്ത്രണത്തെ വിശദീകരിക്കാൻ വേണ്ടി സെമിറ്റിക് വിരുദ്ധർ ഉപയോഗിക്കുന്ന ഒരു ചിഹ്നമാണ് നീരാളി എന്നത്. ഫോസ്റ്റർ കേസിൽ പരാജയപ്പെടുകയും അവരുടെ ആരോപണം പിൻവലിച്ച് ആ വിദ്യാർത്ഥിനിയോട് മാപ്പു പറയുകയും ചെയ്യേണ്ടി വന്നു. (See Guardian, 6 March, 2024.)
[6] See Amnon Raz-Krakotzkin, “Exile, History, and the Nationalization of Jewish Memory: Some Reflections on the Zionist Notion of History and Return,” Journal of Levantine Studies, Vol. 3, No. 2, Winter 2013.
[7] “സെമിറ്റിക് വിരുദ്ധത പോയിട്ടില്ല. ജൂതന്മാർ ഇപ്പോഴും ഒരു ലക്ഷ്യമാണ്. സമീപകാല ദശകങ്ങളിലെ ഏറ്റവും ദൂശ്യകരമായ പ്രതിഭാസമെന്നത് മില്ല്യൺ കണക്കിന് മുസ്ലിങ്ങളെ യൂറോപ്പിലെത്തിച്ച കുടിയേറ്റത്തോടെ വർദ്ധിച്ചിരിക്കുന്ന ഇസ്ലാമോഫോബിയയാണ്. വർഷാവർഷം അത് കൂടുതൽ ശക്തമായി കൊണ്ടിരിക്കുകയും തീവ്രവലതുപക്ഷ വിഭാഗങ്ങളിൽ നിന്ന് രാഷ്ട്രീയ മുഖ്യധാരയിലേക്ക് അനായാസം പടർന്നു കൊണ്ടിരിക്കുകയുമാണ്.” Peter Oborne, The Fate of Abraham, New York: Simon and Schuster, 2022, p.21.
[8] Remi Brulin, “The Israeli Origins of the American Discourse on ‘Terrorism,’” Dialectical Anthropology, 39:1, 2015. 1930-കളിലെയും 40-കളിലെയും സയണിസ്റ്റ് ഭീകരവാദത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക്, see Rashid Khalidi, The Hundred Years War Against Palestine, New York: Metropolitan Paperback, 2020. See also especially the Briefing Paper prepared by Palestine Legal and Center for Constitutional Rights, Anti-Palestinian at the Core: The Origins and Growing Dangers of U.S. Antiterrorism Law, February, 2024.
[9] “മുൻ സൈനിക ഉദ്യോഗസ്ഥനും Senate Armed Sevices Committee അംഗവുമായ സെനറ്റർ ടോം കോട്ടൻ (R-Ark) ബുഷ്നെലിനെ പോലൊരു വൈമാനികനെ സ്ഥാനത്ത് വെച്ചു പൊറുപ്പിക്കാൻ പെന്റഗണ് എന്തുകൊണ്ട്, എങ്ങനെ കഴിഞ്ഞു എന്നു ചോദിച്ചു കൊണ്ട് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന് ഒരു കത്തയച്ചിരുന്നു. ബുഷ്നെലിന്റെ മരണത്തെ “ഒരു ഭീകരവാദ സംഘത്തെ (ഹമാസ്) പിന്തുണച്ചു കൊണ്ടുള്ള ബീഭത്സമായ ഹിംസാ പ്രവർത്തനം” എന്ന് വിശേഷിപ്പിച്ച അദ്ദേഹം പ്രതിരോധ വകുപ്പിനകത്തെ തീവ്രവാദത്തെ അഭിമുഖീകരിക്കാനുള്ള ശ്രമങ്ങളെ കുറിച്ചും ബുഷ്നെൽ എപ്പോഴെങ്കിലും തീവ്രവാദ വീക്ഷണങ്ങളോ പെരുമാറ്റമോ പ്രകടിപ്പിച്ചതായി കണ്ടെത്തിയിരുന്നോ എന്നും തുടർന്ന് ചോദിക്കുന്നു.” Ken Klippenstein, “Will Aaron Bushnell’s Death Trigger Anarchism Witch Hunt?” The Intercept, March 7th 2024. https://theintercept.com/2024/03/07/aaron-bushnell-fbi-anarchism-extremist/?utm_medium=email&utm_source=The%20Intercept%20Newsletter