Campus Alive

കുടുംബത്തിനകത്തെ സ്ത്രീ: ചില കർമശാസ്ത്ര ആലോചനകൾ

ചില വയലന്‍സുകള്‍ക്ക് പ്രത്യക്ഷ അക്രമണങ്ങളുടെ രൂപമുണ്ടാവില്ല. അത് ചിലപ്പോള്‍ ഒരു നോട്ടമോ വാക്കോ മുഖഭാവമോ മൗനമോ ഒക്കെയായിരിക്കും. അതില്‍ അടിച്ചമര്‍ത്തപ്പെടുന്ന അവകാശങ്ങള്‍, ആവശ്യങ്ങള്‍, സ്വപ്‌നങ്ങള്‍, ആഗ്രഹങ്ങള്‍ ഇങ്ങനെ പലതുമുണ്ടാകും. സ്ത്രീകള്‍ വീടുകളിലനുഭവിക്കുന്ന അടിച്ചമര്‍ത്തലുകളുടെ രൂപം പലപ്പോഴും ഈ പാസ്സീവ് വയലന്‍സായിരിക്കും. അതൊരു വയലന്‍സായി, അനീതിയായി തോന്നാത്തത് കൊണ്ടാണ് ‘നിങ്ങള്‍ക്കിപ്പോ അതിനുമാത്രം എന്ത് പ്രശ്‌നം/കുറവാ ഇവിടുള്ളത്’ എന്ന ചോദ്യങ്ങള്‍ കൊണ്ട് അത്തരം തുറന്ന് പറച്ചിലുകളെ പലരും നേരിടാറുള്ളത്.

സ്ത്രീകള്‍ക്കെതിരായ വയലന്‍സിന്റെ ഒരു പ്രധാന ഇടം വീടുകളാണ്. പുരുഷകേന്ദ്രീകൃതമായ കുടുംബ ഘടനയും കുടുംബ സങ്കല്‍പ്പങ്ങളും സ്ത്രീയവകാശങ്ങള്‍ ഹനിക്കുന്നതില്‍ വഹിക്കുന്ന പങ്കിനെ കുറിച്ചുള്ള അനുഭവങ്ങളിലൂടെയും അത്തരം അനുഭവങ്ങള്‍ ആവിഷ്കരിക്കുന്ന കലാരൂപങ്ങളിലൂടെയും പലപ്പോഴായി ചര്‍ച്ചയാകാറുണ്ട്. പുരുഷാധികാര മേല്‍കോയ്മകളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഇത്തരം ചര്‍ച്ചകള്‍ മതങ്ങളിലും ആചാരങ്ങളിലുമുള്ള വിവേചനങ്ങളിലാണ് ചെന്ന് നില്‍ക്കാറുള്ളത്.

ഈയൊരു ചര്‍ച്ചാ പരിസരത്ത് നിന്ന് കൊണ്ട് കുടുംബഘടനയെ കുറിച്ചും അതിലുള്ള സ്ത്രീയുടെയും പുരുഷന്റെയും അവകാശ ബാധ്യതകളെ കുറിച്ച ചെറിയൊരു വിശകലനമാണിവിടെ ഉദ്ദേശിക്കുന്നത്.

സ്ത്രീ പലതരം അധികാര ഘടനകള്‍ക്കകത്ത് അടിച്ചമര്‍ത്തലുകളനുഭവിക്കുന്ന സാമൂഹിക അന്തരീക്ഷത്തില്‍ നിന്ന് കൊണ്ട് ഇസ്‌ലാമിക നിയമങ്ങളെ വായിക്കുമ്പോള്‍ വിവേചനമുള്ളതായി തോന്നും. കാരണം ഇസ്‌ലാമിന്റെ വിഭാവനയനുസരിച്ച് പ്രാക്ടീസ് ചെയ്യപ്പെടുന്ന സാമൂഹിക അന്തരീക്ഷത്തില്‍ വ്യക്തിത്വവും, സ്വാതന്ത്ര്യവും, അന്തസ്സുമുള്ളവളാണ് സ്ത്രീ. പ്രത്യക്ഷത്തില്‍ വിവേചനമായി തോന്നുന്ന കാര്യങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ആനുകൂല്യങ്ങള്‍ അനുഭവിച്ച് മുന്നോട്ട് പോകാന്‍ ഒരു സ്ത്രീക്ക് കഴിയുന്ന സാഹചര്യത്തില്‍ വിവേചനമാണോ എന്ന അന്വേഷണം പ്രസക്തമാണ്.

സ്ത്രീയും പുരുഷനും എല്ലാത്തിലും തുല്ല്യരാണെന്ന നിലക്കല്ല ഇസ്‌ലാം കാര്യങ്ങളെ സമീപിക്കുന്നത്. പരസ്പര പൂരകങ്ങളായ അവകാശ ബാധ്യതകളാണുള്ളത്. അതില്‍ തന്നെ സ്ത്രീക്ക് അവളുടെ ശാരീരിക മാനസിക പ്രത്യേകതകളനുസരിച്ച് വളരെ കുറഞ്ഞ ബാധ്യതകളേ നിയമപരമായി കല്‍പ്പിക്കുന്നുള്ളൂ. കുടുംബ ജീവിതത്തിലെ ഇസ്‌ലാമികാധ്യാപനങ്ങള്‍ പരിശോധിച്ചാല്‍ അന്തസ്സും അഭിമാനവും സ്വതന്ത്ര വ്യക്തിത്വം ഉറപ്പ് ലഭിക്കുന്നതുമായ ഒരു ജീവിതം അവിടെ കാണാനാകും.

വിവാഹം ഒരാളുടെ ജീവിതത്തിലെ സുപ്രധാന സന്ദർഭമാണ്. ആരെ ജീവിത പങ്കാളിയാക്കണം എന്നതില്‍ ഇസ്‌ലാമിക പരിധിക്കുള്ളില്‍ നിന്നുകൊണ്ട് -ആണിനും പെണ്ണിനും- സ്വതന്ത്രമായ തീരുമാനമെടുക്കാം. അതില്‍ മാതാപിതാക്കള്‍ക്ക് അധികാരമില്ല. പെൺകുട്ടിയുടെ താല്‍പര്യവും സമ്മതവുമില്ലാതെ വിവാഹം നടത്തിയാല്‍ അവള്‍ക്ക് ആ ബന്ധം ഒഴിയാനുള്ള അധികാരമുണ്ട്. മഹ്‌റ് (വിവാഹമൂല്ല്യം) നിശ്ചയിക്കാനും അനുഭവിക്കാനുമുള്ള അവകാശം പൂര്‍ണമായും അവള്‍ക്ക് തന്നെയാണ്.

വിവാഹം കഴിയുന്നതോടെ അവളുടെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ അവന്റെ ബാധ്യതയാണ്. ആ ബാധ്യത നിര്‍വ്വഹിക്കാന്‍ ശേഷിയുള്ളവരാണ് വിവാഹം കഴിക്കേണ്ടത്. പ്രവാചകധ്യാപനത്തില്‍ വന്നിട്ടുള്ള ബാഅത്ത് (الباءة) ഈ മൂന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നുണ്ട്. ചിലര്‍ ശാരീരിക ശേഷിയെയുമാണ് പറഞ്ഞിട്ടുള്ളതെങ്കിലും ആ പദത്തിന്റെ മൂലാര്‍ത്ഥങ്ങള്‍ പരിശോധിച്ചാല്‍ ജീവിത സൗകര്യം എന്നത് തന്നെയാണെന്ന് വ്യക്തമാകുന്നുണ്ട്.

ഭക്ഷണവും വസ്ത്രവും നല്‍കാനുള്ള കഴിവാണ് പൊതുവെ നമ്മുടെ നാട്ടില്‍ പരിഗണിക്കാറുള്ളത്. എന്നാല്‍ സ്വന്തമായ താമസ സൗകര്യമെന്നത് വിവാഹ സമയത്ത് പരിഗണിക്കപ്പെടാറില്ല. കൂട്ടുകുടുംബ സമ്പ്രദായം പവിത്രമായി മനസ്സിലാക്കപ്പെടുന്ന സാമൂഹികാന്തരീക്ഷത്തില്‍ സ്വന്തമായി വീടു വെക്കാന്‍ ശേഷിയുള്ളവര്‍ പോലും കുറച്ച് വര്‍ഷങ്ങള്‍ കൂട്ടുകുടുംബമായി നിന്നു കൊണ്ടേ മാറി താമസിക്കാറുള്ളൂ. വിവാഹം കഴിഞ്ഞ് അധികം കഴിയാതെ മാറി താമസിക്കുന്നവര്‍ കുടുംബ സ്‌നേഹമില്ലാത്തവരായി മുദ്ര കുത്തപ്പെടുകയും ചെയ്യും. എന്നാല്‍ ഇസ്‌ലാമിക സംസ്‌കാരം ദമ്പതികളുടെ സ്വകാര്യതക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ്.

വിവാഹിതരാകുന്നതോടെ ദമ്പതികള്‍ സ്വന്തമായ സ്വകാര്യ ഇടങ്ങളിലേക്ക് ജീവിതത്തെ പറിച്ച് നടുന്നതാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. കൂട്ടു കുടുംബത്തില്‍ താമസിക്കുന്നത് അവള്‍ പ്രയാസം പറയുകയാണെങ്കില്‍ സ്വന്തമായി താമസ സൗകര്യമൊരുക്കല്‍ സാമ്പത്തിക ശേഷിയുള്ള ഭര്‍ത്താവിന്റെ ബാധ്യതയായിട്ടാണ് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ ചൂണ്ടി കാണിക്കുന്നത്. കൂട്ടു കുടുംബ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാത്തതിന് രണ്ട് കാരണങ്ങളാണ് പ്രധാനമായിട്ടുള്ളത്. ഒന്നാമത്തേത് ദമ്പതികള്‍ക്ക് വേണ്ട സ്വകാര്യതയാണ്. പരസ്പരം എല്ലാം പങ്ക് വെച്ചും ഇഴുകിച്ചേർന്നും ജീവിക്കേണ്ട സന്ദർഭങ്ങളില്‍ സ്‌നേഹവും ഇഷ്ടങ്ങളും പ്രകടിപ്പിക്കാന്‍ കഴിയാതെ വരുന്നു. അതിനാല്‍ തന്നെയാകും ചിലരുടെ അഭിപ്രായത്തില്‍ സ്വന്തമായി മാറി താമസിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ദമ്പതികള്‍ക്കായി പ്രത്യേക അടുക്കള വേണമെന്ന് പറയുന്നത്. അത് പ്രാക്ടീസ് ചെയ്യുന്ന ജനങ്ങള്‍ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ കാണാന്‍ കഴിയും.

രണ്ടാമത്തേത് ഇസ്‌ലാമിന്റെ ധാര്‍മികാധ്യാപനങ്ങളുടെ ഭാഗമാണ്. മഹ്‌റമല്ലാത്ത (വിവാഹബന്ധം നിഷിദ്ധമല്ലാത്തവര്‍) ഭര്‍ത്താവിന്റെ സഹോദരങ്ങളടക്കമുള്ളവര്‍ താമസിക്കുന്ന വീട്ടില്‍ ശരീരം മറച്ചും മറ്റ് അന്യപുരുഷന്മാരോടുള്ള ബന്ധത്തിന്റെ പരിധികള്‍ പാലിച്ചും ജീവിക്കുക പ്രയാസകരമാണ്. പലപ്പോഴും ധാര്‍മിക പരിധികള്‍ ലംഘിക്കേണ്ടതായും വരും. അതൊഴിവാക്കാന്‍ കൂടിയാണ് സ്വകാര്യമായ ഇടങ്ങളിലേക്ക് മാറിതാമസിക്കണമെന്ന് പറഞ്ഞിട്ടുള്ളത്.

ഭാര്യക്ക് ഭര്‍ത്താവിനോടുള്ള ബാധ്യതകളെ കുറിച്ച് പറയുന്നിടത്ത് അദ്ദേഹത്തിന്റെ ലൈംഗികാവശ്യങ്ങളെയും ഇഷ്ടങ്ങളെയും പരിഗണിക്കുക എന്നതാണ് കാര്യമായ ബാധ്യതയായി എണ്ണിയിട്ടുള്ളത്. മഹ്ര്‍ അതുമായിക്കൂടി ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. ശാരീരിക ബന്ധം നടത്തുന്നതിന് മുന്നേ ബന്ധം വേര്‍പിരിയേണ്ടി വന്നാല്‍ മഹ്‌റിന്റെ പകുതി തിരിച്ച് വാങ്ങാം എന്നാണ്. ശാരീരിക ബന്ധത്തിന് ശേഷമാണെങ്കില്‍ മഹ്‌റില്‍ നിന്ന് ഒന്നും വാങ്ങാന്‍ പാടില്ല എന്നതാണ് ശരീഅത്തിന്റെ വിധി. ലൈംഗിക ബന്ധത്തില്‍ പുരുഷന്മാരുടെ ഏകപക്ഷീയമായ വികാരശമനങ്ങളെ വിലക്കുന്നുണ്ട് പ്രവാചകധ്യാപനങ്ങള്‍. സ്ത്രീയുടെ അഭിരുചികളും സന്തോഷങ്ങളും പൂര്‍ണമായും പരിഗണിക്കണമെന്നാവശ്യപ്പെടുന്നുണ്ട്. അവള്‍ക്ക് മതിയാകാതെ അവന്‍ ബന്ധം അവസാനിപ്പിക്കാന്‍ പാടില്ല എന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നിടത്ത് അവളുടെ ലൈംഗിക അവകാശങ്ങള്‍ ഹനിക്കപ്പെടുന്നില്ലെന്നുറപ്പ് വരുത്തുന്നു.

ഭാര്യയുടെ ചുമതലകള്‍ പറയുന്നിടത്ത് ഭര്‍ത്താവിന് ഇഷ്ടമില്ലാത്തവരെ വീട്ടില്‍ പ്രവേശിപ്പിക്കാതിരിക്കുക, അദ്ദേഹത്തിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ സമ്പത്ത് സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ ചൂണ്ടി കാണിക്കുന്നു. അതിലപ്പുറമുള്ള കാര്യങ്ങള്‍ ഭാര്യ നിര്‍വ്വഹിക്കേണ്ട നിര്‍ബന്ധ ബാധ്യതകള്‍ എന്ന നിലക്ക് പഠിപ്പിക്കുന്നില്ല. പാചകവും വസ്ത്രമലക്കലും മറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങളും ഭാര്യയുടെ ബാധ്യതകളായി പഠിപ്പിക്കുന്നില്ല. വീട്ടു ജോലിക്കാരെ വെക്കുന്ന സമ്പ്രദായങ്ങളുണ്ടെങ്കില്‍ അവളാവശ്യപ്പെട്ടാല്‍ ഭര്‍ത്താവിന്റെ കഴിവില്‍ പെട്ടതാണെങ്കില്‍ വേലക്കാരിയെ നിശ്ചയിച്ച് കൊടുക്കണം. ഭാര്യ സ്വയം നിലക്ക് വീട്ടിലെ കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യുകയാണെങ്കില്‍ അവള്‍ക്ക് വേണേല്‍ വീട്ടുജോലിക്ക് കൂലി ആവശ്യപ്പെടാമെന്നും ചില കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. നിയമപരമായി ഭക്ഷണം നല്‍കല്‍ ഭര്‍ത്താവിന്റെ ബാധ്യതയാണ്. ഭഷണത്തിനാവശ്യമായ മെറ്റീരിയല്‍സ് നല്‍കല്‍ മാത്രമല്ല കഴിക്കാന്‍ പാകത്തിലാക്കുക എന്നതാണ് അതിന്റെ പൂര്‍ണത. അതിനാല്‍ ഭാര്യ വീട്ടുജോലികള്‍ ചെയ്ത് ശീലിച്ചിട്ടില്ലാത്ത വിഭാഗത്തില്‍ പെട്ടവളാണെങ്കില്‍ ഭര്‍ത്താവ് അതിനുള്ള മറ്റ് സംവിധാനങ്ങളൊരുക്കണമെന്നാണ്.

ഹനഫി കർമശാസ്ത്ര സരണിയിലെ പ്രമുഖ പണ്ഡിതനായ ഇമാം കാസാനി ‘അൽ ബദാഇഅ (البدائع)’ എന്ന ഗ്രന്ഥത്തിൽ പറയുന്നു; “പാചകം ആവശ്യമായ ഭക്ഷണ പദാർഥമാണ് ഭർത്താവ് കൊണ്ടുവരുന്നതെങ്കിൽ അത് പാകം ചെയ്യാൻ ഭാര്യ പ്രയാസം പറഞ്ഞാൽ കഴിക്കാൻ പാകത്തിലുള്ള ഭക്ഷണം കൊണ്ടുവരൽ ഭർത്താവിന്റെ ചുമതലയാണ്”. ശാഫിഈ മദ്ഹബിലെ അബൂ ഇസ്ഹാഖ് ശീറാസി തന്റെ അൽ മുഹദ്ദബിൽ പറയുന്നു; “അരി പൊടിക്കുക പാചകം ചെയ്യുക വസ്ത്രമലക്കുക തുടങ്ങിയ കാര്യങ്ങൾ ഭാര്യയുടെ ബാധ്യതയിൽ പെട്ടതല്ല. ഭർത്താവിന്റെ ലൈംഗികാവശ്യങ്ങളല്ലാത്തത് ബാധ്യതയുടെ ഗണത്തിലല്ല വരുന്നത്”. മാലികി മദ്ഹബിലും സമാനമായ അഭിപ്രായമാണുള്ളത് എന്നാൽ വേലക്കാർ ആവശ്യമുള്ള ഭാര്യമാർ ആവശ്യമില്ലാത്ത ഭാര്യമാർ എന്നൊരു വേർതിരിവ് അതിൽ കാണാൻ കഴിയുന്നുണ്ട്. ഹമ്പലീ മദ്ഹബിൽ വീട്ടുജോലികൾ ഭാര്യയുടെ ബാധ്യതയല്ല. എന്നാൽ ഒരു നാട്ടിലെ സമ്പ്രദായം അങ്ങനെയാണെങ്കിൽ, അവർ നിർവഹിക്കുമ്പോഴാണ് കുടുംബ ജീവിതം വ്യവസ്ഥാപിതമായി മുന്നോട്ട് പോകുന്നതെങ്കിൽ അവർ തന്നെ അത് നിർവഹിക്കുന്നതാണ് ഉത്തമം എന്ന് പറയുന്നു.

എന്നാൽ ഫാത്തിമ (റ) ഒരു സേവകയെ ആവശ്യപ്പെട്ട് നബി(സ)യെ സമീപിച്ചപ്പോൾ റസൂൽ (സ) അത് നിരസിക്കുകയും ജോലി ഭാരങ്ങളുണ്ടെങ്കിൽ അത് ലഘൂകരിക്കാനായി ചില ദിക്റുകൾ പഠിപ്പിച്ച് കൊടുക്കുകയും ചെയ്യുന്ന ഹദീസ് വെച്ച് വീട്ടിലെ ജോലി ഭാര്യയാണ് ചെയ്യേണ്ടതെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രസ്തുത ഹദീസ് വീട്ടുജോലി ബാധ്യതയാണെന്ന അർഥത്തിലല്ല പൊതുവെ സ്ത്രീകളാണ് അതൊക്കെ നിർവഹിക്കുന്നത് എന്നതിനാൽ മകളെന്ന നിലക്കുള്ള ഒരു ഉപദേശ രൂപത്തിലാണ് മറ്റുള്ളവർ പരിഗണിച്ചിട്ടുള്ളത്. അത് ബാധ്യത എന്ന അർഥത്തിലാണെങ്കിൽ പ്രബല മദ്ഹബുകൾ അങ്ങനെ കാണേണ്ടതായിരുന്നു. ചുരുക്കത്തിൽ നിയമപരമായി വീട്ടുജോലികൾ സ്ത്രീകൾക്ക് നിർബന്ധ ബാധ്യതയാന്നെന്നതിന് ഖണ്ഡിതമായ ശറഈ വിധികളില്ല എന്നാണ്. ബാധ്യതയാണെന്നതിനാണ് തെളിവ് വേണ്ടത്. ഭർത്താവിന്റെ ബാധ്യതകളാകട്ടെ ഖണ്ഡിതമായി ശരീഅത്ത് പറഞ്ഞിട്ടുണ്ട്.

കുഞ്ഞിന് മുലയൂട്ടല്‍ ഉമ്മയുടെ നിര്‍ബന്ധ ബാധ്യതയില്‍ പെടുന്നതാണോ എന്ന ചര്‍ച്ചയില്‍ കുഞ്ഞിന് മുലപ്പാല്‍ ലഭ്യമാകുക എന്നത് കുഞ്ഞിന്റെ അവകാശമാണെന്നും അത് ലഭ്യമാക്കേണ്ട ബാധ്യത ഉപ്പയുടെതാണെന്നും കര്‍മ്മശാസ്ത്ര നിയമം പറയുന്നു. മാതാവ് ആവശ്യപ്പെടുകയാണെങ്കില്‍ മുലയൂട്ടാന്‍ മറ്റ് ആളുകളെ കണ്ടെത്തണമെന്നാണ്. മറ്റാരും ലഭ്യമല്ലാത്ത അവസ്ഥയില്‍ മാത്രമാണ് ഉമ്മക്ക് മുലയൂട്ടല്‍ ബാധ്യതയാകുന്നത്. അറേബ്യന്‍ സംസ്‌കാരത്തില്‍ മുലയൂട്ടല്‍ സമ്പ്രദായം വ്യാപകമായിരുന്നു. ഇസ്‌ലാം അതിനെ റദ്ദ് ചെയ്തില്ലെന്ന് മാത്രമല്ല രക്തബന്ധം പോലെ പവിത്രമായ ബന്ധമായി മുലകുടി ബന്ധത്തെ നിശ്ചയിക്കുകയും ചെയ്തു. നമ്മുടെ നാട്ടില്‍ അത്തരം സമ്പ്രദായങ്ങളില്ലാത്തതിനാല്‍ അത് സ്വാഭാവികമായും മാതാവിന്റെ ബാധ്യതയായി മാറുകയാണ് ചെയ്യുന്നത്.

ദാമ്പത്യ ബന്ധത്തില്‍ ബാധ്യതകളുടെ കണക്കെടുപ്പില്‍ പുരുഷനാണ് കാര്യമായ ഉത്തരവാദിത്തങ്ങളെല്ലാമുള്ളത്. അതിനാല്‍ തന്നെ അതിനനുസരിച്ച അധികാരാവകാശങ്ങളും നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് മേലുള്ള പുരുഷന്റെ രക്ഷാധികാരം ഉത്തരവാദിത്വത്തിന്റെ ഭാഗമായുള്ള അധികാരമാണ്.

ഇസ്‌ലാം വിഭാവനം ചെയ്യുന്ന കുടുംബ ഘടനക്കകത്ത് ഉത്തരവാദിത്തങ്ങളും ബാധ്യതകളും കൂടുതല്‍ ചുമത്തപ്പെട്ടവര്‍ എന്ന നിലക്ക് സ്ത്രീയുടെ സ്വത്തവകാശത്തിലെ ആനുപാതിക കുറവും പുരുഷന്റെ വലിയ്യാകാനുള്ള അവകാശവും വിവേചനപരമല്ല എന്ന് മനസ്സിലാകും. ഭർത്താവിന്റെ ജീവിതാധ്വാനവും നിർബന്ധമാക്കപ്പെട്ട സാമൂഹിക പ്രവർത്തന ഇടപെടലുകളുടെ ഭാരവും മനസിലാക്കി ബാധ്യതകൾ എന്ന നിയമ ചട്ടക്കൂടിൽ നിന്നിട്ടല്ലെങ്കിലും അദ്ദേഹത്തോട് നന്നായി വർത്തിക്കുകയും കൂടുതൽ സന്തോഷവും എളുപ്പവുമൊക്കെ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുക എന്നത് ദാമ്പത്യ ജീവിത്തിലെ സഹവർത്തിത്വത്തിന്റെ ഭാഗമായി മനസിലാക്കേണ്ടതുമാണ്. എന്നാൽ സ്ത്രീക്ക് ഈ അര്‍ത്ഥത്തിലുള്ള അന്തസ്സും വ്യക്തിത്വവുമൊന്നും വകവെച്ച് നല്‍കപ്പെടാത്ത സാഹചര്യത്തില്‍ ആൺ പെൺ സമത്വമില്ലാത്ത കാഴ്ചപ്പാടുകളെല്ലാം വിവേചനപരമായി മനസ്സിലാക്കപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

ഇസ്‌ലാം പുനർവിവാഹത്തെ വളരെ ലളിതവും സ്വഭാവികവുമായ കാര്യമായിട്ടാണ് കാണുന്നത്. ഇസ്‌ലാമിക സംസ്കാരത്തിൽ അത് വളരെ വ്യാപകവുമായിരുന്നു. അതിനാൽ തന്നെ വിവാഹ മോചനം സ്ത്രീയെ സംബന്ധിച്ചിടത്തോളം ജീവിതം വഴിമുട്ടിക്കുന്ന കാര്യമല്ല. പക്ഷേ നമ്മുടെ സമൂഹം പുനർവിവാഹം വലിയ പ്രയാസകരവും സങ്കീർണവുമായ സാഹചര്യമാണ് സൃഷ്ടിച്ച് വെച്ചിട്ടുള്ളത്. സ്വാഭാവികമായും ഇത്തരം സാഹചര്യത്തിൽ ഇസ്‌ലാമിലെ വിവാഹമോചനം സ്ത്രീവിരുദ്ധമായി മനസ്സിലാക്കപ്പെടുകയാണ് ചെയ്യുന്നത്.

കാര്യങ്ങള്‍ മേല്‍ വിവരിച്ച പോലെ ആയിരിക്കുമ്പോഴും ദാമ്പത്യ ജീവിത ബന്ധവും കുടുംബ ജീവിതവും അവകാശ ബാധ്യതകളുടെയും നിയമത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രം മുന്നോട്ട് പോകേണ്ട മേഖലയല്ല. സ്‌നേഹവും കാരുണ്യവുമാണ് ആ ബന്ധത്തിന്റെ അടിത്തറ. സ്‌നേഹത്തിനും കാരുണ്യത്തിനും കര്‍മ്മശാസ്ത്രത്തില്‍ നിയമങ്ങളുണ്ടാകില്ല. പരസ്പരം ധാരണയിലും സഹകരണത്തിലും മുന്നോട്ട് പോവുക എന്നത് പ്രധാനമാണ്. കാരണം പരസ്പര പൂരകമായ കര്‍ത്തവ്യങ്ങള്‍ കൊണ്ടാണ് ഈ ലോകത്തെ ദൗത്യങ്ങള്‍ സ്ത്രീയും പുരുഷനും നിര്‍വ്വഹിക്കേണ്ടത്. ഭര്‍ത്താവിന് കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഉള്ളതിനാല്‍ തന്നെ ജോലിക്ക് പോകല്‍ നിര്‍ബന്ധമാണ്. ഭാര്യ മറ്റ് ഭാരങ്ങള്‍ കുറച്ച് കൊടുത്ത് അദ്ദേഹത്തിന് ജോലിയില്‍ സന്തോഷത്തോടെ മുന്നോട്ട് പോകാനുള്ള സാഹചര്യമൊരുക്കുക എന്നത് സഹവര്‍തിത്വത്തിന്റെ ഭാഗമാണ്. ഭാര്യ വീട്ടുജോലികള്‍ ചെയ്ത് ഭര്‍ത്താവിനെ സഹായിക്കുന്നവളാണെന്ന നിലക്ക് തന്റെ ബാധ്യതകള്‍ക്കപ്പുറമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനനുസരിച്ച ആദരവ് നല്‍കുക എന്നത് പ്രധാനമാണ്. ഇനി രണ്ട് പേരും ജോലിക്ക് പോകുന്നവരാണെങ്കില്‍ വീട്ടു കാര്യങ്ങള്‍ പരസ്പരം സഹകരിച്ചും സഹായിച്ചുമാണ് ചെയ്യേണ്ടത്. കൂട്ടുകുടുംബത്തിന്റെ വിഷയത്തിലും നിയമങ്ങള്‍ക്കപ്പുറമുള്ള ഭാഷ ആവശ്യമായി വരും. മാതാപിതാക്കള്‍ക്ക് മക്കളുടെ സാന്നിദ്ധ്യം ആവശ്യമുള്ള സാഹചര്യങ്ങളില്‍ അവരുടെ കൂടെ എപ്പോഴും ഉാണ്ടാവുക എന്നതും കൂടെയില്ലാത്ത സാഹചര്യത്തില്‍ ബന്ധം സജീവമാക്കാനുള്ള അതീവ ശ്രദ്ധയും പരിഗണനയുമുണ്ടാകണമെന്നതും ഇസ്‌ലാമിക അദ്ധ്യാപനങ്ങളുടെ താല്‍പര്യമാണ്.

അതിനോടൊപ്പം ഉര്‍ഫ് (ഓരോ നാട്ടിലെയും സമ്പ്രദായങ്ങള്‍) ഇസ്‌ലാം പരിഗണിച്ച കാര്യമാണ്. വീട്ടുജോലികള്‍, കൂട്ടുകുടുംബം തുടങ്ങിയ കാര്യങ്ങളില്‍ അറേബ്യന്‍ മുസ്‌ലിം സംസ്‌കാരങ്ങളില്‍ നിന്നും വേറിട്ട രീതികളാണ് നമ്മുടെ നാട്ടിലുള്ളത്. ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമാകാത്തിടത്തോളം അത്തരം സമ്പ്രദായങ്ങളെ ഒഴിവാക്കണമെന്നില്ല. വിവാഹ സമയത്ത് വീടുണ്ടാക്കാന്‍ ശേഷിയുണ്ടാവുക എന്നത് നമ്മുടെ സാഹചര്യത്തില്‍ വളരെ കുറഞ്ഞ ന്യൂനപക്ഷത്തിന് മാത്രം സാധ്യമാകുന്ന കാര്യമാണ്. അതില്‍ നിര്‍ബന്ധം പിടിക്കുമ്പോള്‍ നിലവിലെ അവസ്ഥയില്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും. എന്നാല്‍ അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന അന്തരീക്ഷങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെടുകയും കൂട്ടുകുടുംബമെന്നത് അത്ര പവിത്രമായ കാര്യമല്ലെന്നും ഇണകള്‍ക്ക് കൂടുതല്‍ സ്വകാര്യത കിട്ടുന്ന ജീവിതം വേണമെന്നതുമൊക്കെ എല്ലാവരുടെയും ബോധമായി മാറുന്ന രൂപത്തിലുള്ള ഇഷ്ടങ്ങളുണ്ടാവണം. ആ ഒരു ബോധത്തിലേക്ക് ആളുകള്‍ വളരുമ്പോള്‍ മാറിതാമസിക്കലും ഒരു വീട്ടിലെ വ്യത്യസ്ത അടുക്കളകളുമൊക്കെ പരസ്പരം ഉള്‍കൊള്ളുന്ന സാഹചര്യങ്ങള്‍ രൂപപ്പെടും.

വീട്ടുജോലിയുമായി ബന്ധപ്പെട്ടും നാട്ടുസമ്പ്രദായങ്ങള്‍ പിന്തുടരുന്നത് ശരീഅത്തിന് വിരുദ്ധമല്ല. പക്ഷേ ഏറ്റവും പ്രധാനപ്പെട്ട കാര്യം സമ്പ്രദായങ്ങള്‍ പിന്തുടരുമ്പോള്‍ നീതി നിഷേധവും വയലന്‍സും ഉണ്ടാകാന്‍ പാടില്ല എന്നതാണ്. ആ നിലക്ക് പരിശോധിക്കുമ്പോള്‍ പലപ്പോഴും നാട്ടുനടപ്പിന്റെ പേരില്‍ വയലന്‍സ് ഉാണ്ടാകുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അത് അനുവദിക്കപ്പെടാവുന്നതല്ല. സമാധാന അന്തരീക്ഷം പ്രധാനമാണ്, പക്ഷേ നീതിയില്ലാത്ത സമാധാനങ്ങള്‍ ചിലരുടെ മാത്രം സമാധാനമാണ്.

അല്ലാഹുവുമായുള്ള ബന്ധം, അനുഷ്ഠാനങ്ങളിലെ സൂക്ഷ്മത, ദിക്‌റും ദുആയും സ്വലാത്തുമടക്കമുള്ള ആത്മീയ കാര്യങ്ങള്‍ ഇതിനൊക്കെ സമയം കിട്ടാത്ത രീതിയില്‍ സ്ത്രീകള്‍ക്ക് വീട്ടില്‍ ജോലിഭാരം കൂടുന്നത് പ്രശ്‌നമായി തന്നെ കാണണം. കാരണം നിയമപരമായി നിര്‍ബന്ധ ബാധ്യതയല്ലാത്ത കാര്യങ്ങളില്‍ വ്യാപൃതയാകേണ്ടി വരുന്നതിനാല്‍ സ്വന്തം ആത്മീയ അവകാശങ്ങളും ആത്മാവിഷ്‌കാരങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവും നഷ്ടപ്പെടുന്നുണ്ടെങ്കില്‍ അവിടെ അനീതി സംഭവിക്കുന്നുണ്ടെന്ന തിരിച്ചറിവുണ്ടാകല്‍ അവളോടുള്ള നീതിയുടെ താല്‍പര്യമാണ്.

ഖുര്‍ആന്‍ ദാമ്പത്യത്തെ കുറിച്ച് പറയുന്നിടത്ത് ഇണ തുണകളോട് പറയുന്നത് ‘മിന്‍ അന്‍ഫുസികും’ (നിങ്ങളില്‍ നിന്ന് തന്നെയുള്ളവര്‍, 30 -21) എന്നാണ്. അതായത് നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നവൻ/വള്‍ നിന്നെപോലെ കഴിവുകളും കുറവുകളും ആഗ്രഹങ്ങളും സ്വപ്‌നങ്ങളും സങ്കടങ്ങളും സന്തോഷങ്ങളുമൊക്കെയുള്ള വ്യക്തിയാണ്. അത് പരസ്പരം മനസ്സിലാക്കിയും ഉള്‍ക്കൊണ്ടും വിട്ടുവീഴ്ചകള്‍ ചെയ്തുമൊക്കെയാണ് മുന്നോട്ടുപോകേണ്ടത്. ഒരു സ്വതന്ത്ര വ്യക്തിയായി കണ്ട് പരസ്പരം റസ്‌പെക്ട് ചെയ്ത് അതിനനുസരിച്ച് പെരുമാറുകയും ചെയ്യുക എന്നത് ബന്ധങ്ങളില്‍ പ്രധാനമാണ്.

സുഹൈബ് സി ടി