Campus Alive

ഉന്മാദിയായ അന്‍സാരിയും ആല്‍ബര്‍ട്ടോ ടോസ്‌കാനോയും

‘I am trapped being a Human, not being a Muslim’

ദെല്‍ഹിയിലെ ഒരു പാതിരാ ചര്‍ച്ചയില്‍ ഈയുള്ളവന്റെ അധ്യാപകന്‍ കൂടിയായ എം.ടി അന്‍സാരി പറഞ്ഞതാണിത്. മനുഷ്യന്‍ ആയിരിക്കുക എന്ന നോര്‍മാറ്റീവ് കണ്ടീഷനെ അന്‍സാരി വെല്ലുവിളിക്കുന്നത് മുസ്‌ലിമായിരിക്കുക എന്ന ഉന്മാദിയുടെ പ്രഖ്യാപനം വെച്ചാണ്. ഒരു ഉന്മാദാവസ്ഥയില്‍ പറഞ്ഞു എന്നതല്ലാതെ അന്‍സാരിയുടെ ഈ പറച്ചിലിന് ഉന്മാദത്തിന്റെ മറ്റൊരു ചരിത്രം കൂടിയുണ്ട്. അത് നമുക്ക് ഹെഗലിലാണ് കാണാനാവുക. ഹെഗല്‍ അന്‍സാരിയെ വിളിക്കുന്നത് ഭ്രാന്തന്‍ എന്നാണ്. കാരണം ഹെഗലിനെ സംബന്ധിച്ച് അന്‍സാരിയുടെ പ്രഖ്യാപനം ഒരു കടുത്ത എന്‍തൂസിയാസ്റ്റിക്കിന്റെ പ്രഖ്യാപനം ആണ്. ആ എന്‍തൂസിയാസം പേടിപ്പിക്കുന്ന ഒന്നാണ്. ഒരു മുസ്‌ലിമില്‍ മാത്രം കാണാവുന്ന എന്‍തൂസിയാസം ആണത്. വളരെ അബ്‌സ്ടാക്ട് ആയ, രൂപമോ ആവിഷ്‌കാരമോ അസാധ്യമായ അല്ലാഹു എന്ന  സങ്കല്‍പത്തിന്റെ പരമാധികാരത്തിന് വേണ്ടി ഏതറ്റം വരെയും പോകാനുള്ള സന്നദ്ധതയെയാണ് മുസ്‌ലിമിന്റെ അപകടം പിടിച്ച എന്‍തൂസിയാസത്തിന് കാരണമായി ഹെഗല്‍ പറയുന്നത്. മുസ്‌ലിമിന്റെ മനസ് നിറയെ അബ്‌സ്ട്രാക്ട് ഐഡിയകള്‍ മാത്രമാണ് എന്നാണ് ഹെഗലിന്റെ വാദം. നമുക്ക് കണക്കു കൂട്ടി പറയാനാവില്ല ആ ചങ്ങായി എന്താ ചെയ്യുക എന്നൊന്നും. അത് യുക്തിയുടെ ഘടനകളെ ചലഞ്ച് ചെയ്യുന്ന ഒന്നാണ്. യുക്തിക്ക് സുപ്രീമസി ഉള്ള ചരിത്രം എന്ന ആശയത്തിന് പുറത്താണ്. അഥവാ, ചരിത്രത്തിന്റെ പുരോഗതിക്ക് പുറത്താണ് മുസ്‌ലിംകള്‍.

derrida-2

Hegel

യുക്തി മനുഷ്യന്റെ ബീയിംഗിന്റെ അടിസ്ഥാനമാണ് എന്നാണല്ലോ ദെക്കാര്‍ത്തിയന്‍ സിദ്ധാന്തം. ദെക്കാര്‍ത്തെയുടെ ‘meditations on first philosophy’ എന്ന പുസ്തകത്തിന് ഫൂക്കോ തന്റെ ‘madness and civiliation’ എന്ന പുസ്തകത്തില്‍ ഒരു വിമര്‍ശനം മുന്നോട്ട് വെക്കുന്നുണ്ട്. ഫൂക്കോ വാദിക്കുന്നത് ദെക്കാര്‍ത്തെയിലൂടെ സ്ഥാപിതമായ യുക്തിയുടെ സാമ്രാജ്യം യഥാര്‍ത്ഥത്തില്‍ ഭ്രാന്തിനെ പുറന്തള്ളിയാണ് നിലനില്‍ക്കുന്നത് എന്നാണ്. അതു കൊണ്ട് തന്നെ മനുഷ്യന്റെ ബീയിംഗിനെ സാധ്യമാക്കുന്ന യുക്തി എന്നത് അടിസ്ഥാനപരമായി ഹിംസാത്മകമാണെന്നും എക്‌സ്‌ക്ലൂസീവ് ആണെന്നുമാണ്. ആധുനിക തത്വചിന്തയുടെ അടിസ്ഥാനമായി ഫൂക്കോ ചൂണ്ടിക്കാട്ടുന്നത് യുക്തിയുടെ സാമ്രാജ്യത്തില്‍ നിന്നുള്ള ഭ്രാന്തിന്റെ ഈ പുറന്തള്ളല്‍ ആണ്. എന്നാല്‍ 1964 ല്‍ ഒരു ഫ്രഞ്ചു സര്‍വ്വകലാശാലയില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ (അത് പിന്നീട് റൈറ്റിംഗ് ആന്റ് ഡിഫറന്‍സില്‍ ചേര്‍ക്കപ്പെട്ടു) ദെറിദ ഈ വാദത്തെ ചോദ്യം ചെയ്യുന്നു. ദെറിദ പറഞ്ഞത് ഫൂക്കോ ദെക്കാര്‍ത്തയെ വായിച്ചത് ശരിയായ രീതിയിലല്ല എന്നാണ്. ദെറിദയുടെ വാദം ഭ്രാന്ത് എന്നത് യുക്തിക്കകത്ത് തന്നെയുള്ള ഒരവസ്ഥയാണ് എന്നാണ്.

ഫിലോസഫി ആരംഭിക്കുന്നത് ചിന്തയുടെ ശൂന്യതയില്‍ നിന്നാണ്, യുക്തി ഭദ്രതയുടെ ദൗര്‍ബല്ല്യത്തില്‍ നിന്നാണ്. കടുത്ത സ്‌കെപ്റ്റിസിസം ആണ് അതിലെ പ്രധാന ഭാഗം. അതു കൊണ്ട് തന്നെ യുക്തിരാഹിത്യം ആണ് തത്വചിന്താ പ്രക്രിയയുടെ സമാരംഭം. അഥവാ ഭ്രാന്തിന് യുക്തിയുടെ പ്രക്രിയയില്‍ തന്നെയാണ് സ്ഥാനം. വര്‍ഷങ്ങള്‍ക്ക് ശേഷം ഫൂക്കോ ദെറിദയുടെ വാദങ്ങള്‍ക്ക് മറുപടി എഴുതുന്നുണ്ട്. ദെറിദ യുക്തിയുടെ സാമ്രാജ്യത്തിലെ സേവകനാണെന്ന് ഫൂക്കോ ആരോപിക്കുന്നു. യുക്തിയുടെ അധീശത്വത്തെ നിലനിര്‍ത്തുക മാത്രമാണ് ദെറിദ ചെയ്യുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. ഈ സംവാദം ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം തുടര്‍ന്നു. രണ്ടു പേരുടെയും വ്യക്തിബന്ധത്തെപ്പോലും ഈ സംവാദം വല്ലാതെ ബാധിച്ചു. അവസാനം എണ്‍പതുകളുടെ തുടക്കത്തില്‍ ലഹരി മരുന്നുകള്‍ സൂക്ഷിച്ചതിന്റെ പേരില്‍ ദെറിദ ഫ്രാന്‍സില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ലഹരി മരുന്നുകള്‍ സൂക്ഷിച്ചതിന്റെ പേരിലുള്ള ഈ അറസ്റ്റ് ഒരു പക്ഷെ ഭ്രാന്തിനെ/ഉന്മാദത്തിനെക്കുറിച്ചുള്ള ദെറിദയുടെ തന്നെ തിസീസിന്റെ വിമര്‍ശനമായി ഒരാള്‍ക്ക് കരുതാവുന്നതാണ്. അതെന്തായാലും ഒരു ഫ്രഞ്ചു റേഡിയോയിലൂടെ ഫൂക്കോ ദെറിദക്ക് പിന്തുണയുമായി രംഗത്ത് വരികയും അങ്ങനെ അവര്‍ തമ്മിലുള്ള വ്യക്തിപരമായ പിണക്കം അവസാനിക്കുകയും ചെയ്തു. പക്ഷെ എന്റെ താല്‍പര്യം കിടക്കുന്നത് വേറൊരു സംഭവത്തിലാണ്. ഇവര്‍ തമ്മിലുള്ള ഈ സംവാദത്തിന്റെ സമാനമായ കാലയളവിലാണ് ഇറാനില്‍ ഇസ്‌ലാമിക വിപ്ലവം സംഭവിക്കുന്നത്. ഒരു കാലഘട്ടത്തിലെ ഇസ്‌ലാമിക തലമുറയെ ഒന്നാകെ ആവേശത്തിന്റെ കൊടുമുടി കയറ്റിയ ഒരു സംഭവമായിരുന്നു അത്. പുരോഗമന ഇടങ്ങളില്‍ പലയിടത്തും സ്വാഭാവികമായി സ്വീകരിക്കപ്പെടാതിരുന്ന ഈ വിപ്ലവത്തില്‍ ഫൂക്കോവിന്റെ സവിശേഷമായ ശ്രദ്ധ പതിഞ്ഞു. ഇറാനിലേക്ക് വിമാനം കയറിയ അദ്ദേഹം അവിടത്തെ വരേണ്യവിഭാഗമല്ലാത്ത ആളുകളോട് സവിശേഷമായി വര്‍ത്താനം പറഞ്ഞു. ഇസ്‌ലാമിക ഗവണ്‍മെന്റിനായുള്ള സാധാരണക്കാരന്റെ കടുത്ത അഭിവാഞ്ജ ഫൂക്കോവിനെ വല്ലാണ്ട് ആകര്‍ഷിച്ചു. അങ്ങനെ വിപ്ലവത്തെക്കുറിച്ചും അതിലെ മുദ്രാവാക്യങ്ങളുടെ സവിശേഷതയെക്കുറിച്ചും അദ്ദേഹം പലയിടങ്ങളിലും എഴുതി. അതിലൊരു എഴുത്തിന് അദ്ദേഹം ഇട്ട തലക്കെട്ട് ഇറാന്റെ ഭ്രാന്ത് (madness of Iran) എന്നാണ്. ആ ലേഖനത്തില്‍ ഉടനീളം അദ്ദേഹം സംസാരിക്കുന്നത് ആത്മീയത രാഷ്ട്രീയത്തിന്റെ, യുക്തിപരതയുടെ മണ്ഡലത്തില്‍ കടന്നു വരുമ്പോള്‍ സംഭവിക്കുന്ന സര്‍ഗ്ഗാത്മകതയെ സംബന്ധിച്ചാണ്. ഇറാനിയന്‍ റെവല്യൂഷന്റെ ക്രക്‌സ് ഫൂക്കോവിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയത്തിലെ ഈ ആത്മീയത ആണ്. അദ്ദേഹം അതിനെ വിളിച്ചത് പൊളിറ്റിക്കല്‍ സ്പിരിച്വാലിറ്റി എന്നാണ്. എന്നാല്‍ രസകരമെന്നോണം ആ ലേഖനം പബ്ലിഷ് ചെയ്യുമ്പോള്‍ അദ്ദേഹം തലക്കെട്ട് മാറ്റി. എന്തു കൊണ്ട് മാറ്റി എന്ന് നിശ്ചയമില്ല. mythical head of Iranian revotl എന്നാണ് മാറ്റിയ ആ നാമകരണം. വരണ്ട യുക്തിയുടെ സാമ്രാജ്യത്തിലെ ഭ്രാന്തിന്റെ രാഷ്ട്രീയ സര്‍ഗ്ഗാത്മകതയായിരുന്നു രാഷ്ട്രീയത്തിലെ ഇസ്‌ലാമിക ആത്മീയത.

foucault

ഇറാന്റെ ഭ്രാന്തിനെ ഇസ്‌ലാമിന്റെ ഭ്രാന്തായിട്ടാണ് ഇയാന്‍ അല്‍മണ്ട് വായിക്കുന്നത്. ഇയാന്‍ അല്‍മണ്ടിനെ സംബന്ധിച്ചിടത്തോളം ഫൂക്കോവിനുള്ളിലെ ഓറിയന്റലിസ്റ്റിന് ഇസ്‌ലാമിനെക്കുറിച്ചുള്ള പാളം തെറ്റിയ ധാരണയുടെ പ്രതിഫലനമാണ് ആ തലക്കെട്ട്. അല്‍മണ്ടിന്റെ ടൈപ്പ് വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ ഫൂക്കോ ഇക്കാര്യത്തില്‍ ഒരു ഗംഭീര ചിന്തകനാണ്. തലാല്‍ അസദ് പറഞ്ഞത്,  ഓറിയന്റിനെക്കുറിച്ച് വ്യത്യസ്തമായ ധാരണകളൊന്നുമില്ലാത്ത ആളാണെങ്കിലും വെസ്റ്റിനുള്ളിലെ തന്നെ പിളര്‍പ്പുകളെയും ചരിത്രത്തിന്റെ ഡിസ്‌കണ്ടിന്യൂറ്റികളെയും ഫൂക്കോ സവിശേഷമായി കാണുന്നു എന്നാണ്. ഇറാന്‍ വിപ്ലവത്തെക്കുറിച്ചുള്ള ഫൂക്കോള്‍ഡിയന്‍ ധാരണയെ ഞാന്‍ വായിക്കാനാഗ്രഹിക്കുന്നത്, അസദ് പറഞ്ഞതിനെ പരിഗണിച്ചാല്‍, ദെറിദയുമായുള്ള സമാനകാലത്തെ അയാളുടെ ഭ്രാന്തിനെ സംബന്ധിച്ചുള്ള സംവാദത്തിന്റെ ഭാഗമായാണ്. യുക്തിയുടെ ചരിത്രത്തിലെ ഭ്രാന്താണ് ഫൂക്കോവിന് ആകര്‍ഷമെങ്കില്‍ സമാനമായി വിപ്ലവത്തിലെ ആത്മീയതയാണ് ഇവിടെ അയാളെ താല്‍പര്യപ്പെടുത്തിയത്. അഥവാ, ആത്മീയത യുക്തിയെ പിളര്‍ത്തുന്ന ഭ്രാന്താണ്. ദെറിദയും ഫൂക്കോവും തമ്മിലുള്ള സംവാദത്തെ ഇറാനിയന്‍ വിപ്ലവത്തിന്റെ കാലത്തെ ഫൂക്കോള്‍ഡിയന്‍ നിരീക്ഷണങ്ങളുമായി ചേര്‍ത്തു വായിക്കുന്നത് ഇസ്‌ലാമിനെയും ആധുനികതയെയും സംബന്ധിച്ച് തന്നെ കൂടുതല്‍ സങ്കീര്‍ണമായി ആലോചിക്കാനുള്ള തുറസ്സ് തരും. ഇസ്‌ലാം ആധുനികതയിലെ പെര്‍വെര്‍ട്ട് ആണ് എന്ന ഫൂക്കോവിനെ മുന്‍നിര്‍ത്തി നമുക്ക് മനസിലാക്കാമെങ്കില്‍ ആധുനികതയെ തന്നെ നിര്‍മ്മിച്ചത് ഇസ്‌ലാം ആണ് എന്ന ലോറ മാര്‍ക്‌സ് അടക്കമുള്ളവരുടെ വാദങ്ങള്‍ ദെറിദയോട് ചേര്‍ന്നു നില്‍ക്കുന്നത് കാണാം. ചരിത്രത്തിന്റെ നേര്‍രേഖാ പദ്ധതി ആണ് ഹെഗലിന്റേതെങ്കില്‍ ചരിത്രത്തിന്റെ ഡിസ്‌കണ്ടിന്യുറ്റി ആണല്ലോ ഫൂക്കോവിന്റെ താല്‍പര്യം.

ian_almond_4x5
ഇയാന്‍ അല്‍മണ്ട്‌

ഹെഗല്‍ പറഞ്ഞത് ഇത് തന്നെയാണ്. മുസ്‌ലിം എന്നാല്‍ അല്ലാഹു എന്ന അബ്‌സ്ട്രാക്ട് മനസില്‍ നിറച്ചു വെച്ചിട്ട് ഭൗതിക യുക്തിയെ തന്നെ പരിഗണിക്കാത്തവന്‍ എന്ന്. അംബേദ്കര്‍ സമാനമായി മുസ്‌ലിംകളെക്കുറിച്ച് പറയുന്നുണ്ട്. അവര്‍ക്ക് ലൗകിക കാര്യങ്ങളില്‍ തീരെ താല്‍പര്യം പോരെന്നും മതമാണവര്‍ക്ക് പ്രധാനമെന്നുമാണ് അദ്ദേഹം പറഞ്ഞത്. മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയം പറ്റില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. മലബാര്‍ റെബെല്യനെക്കുറിച്ച് മതഭ്രാന്തെന്ന് വിശേഷിപ്പിച്ചവരുടെ കൂട്ടത്തില്‍ അംബേദ്കറുമുണ്ട്. എന്നാല്‍ അതിവരുടെ ഒക്കെ പ്രശ്‌നമാണോ? ഇയാന്‍ അല്‍മണ്ട് പറയുന്ന പോലെ ഫൂക്കോവും ഹെഗലും അംബേദ്കറുമൊക്കെ ഇസ്‌ലാമിന്റെ കാര്യത്തില്‍ ഓറിയന്റലിസ്റ്റുകളാണെന്ന് പറഞ്ഞാല്‍ നമുക്കവിടെ ഇത് നിര്‍ത്താനാവുമോ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഓറിയന്റലിസ്റ്റ് വിമര്‍ശനം ഇസ്‌ലാമിന്റെ ഭ്രാന്തിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഇസ്‌ലാം യഥാര്‍ത്ഥത്തില്‍ ഉന്മാദമാണ്, ഫനാറ്റിസം ആണ്. അംബേദ്കറും ഫൂക്കോയും ഹെഗലും മറ്റെല്ലാ ഓറിയന്റലിസ്റ്റുകളും യഥാര്‍ത്ഥത്തില്‍ ശരിയാണ്. മലബാര്‍ റെബെല്യനെക്കുറിച്ച് നമ്മുടെ അന്‍സാരി എഴുതുന്നതും ഇതാണ്. സമുദായത്തെക്കുറിച്ചുള്ള നിലനില്‍ക്കുന്ന ഡെഫനിഷനുകളെയും ജോനറുകളെയും അതിവര്‍ത്തിച്ചു നില്‍ക്കുന്ന ഒരു വിഭാഗമാണ് ഭ്രാന്തന്‍ മാപ്പളാര്‍ എന്ന് അന്‍സാരി എഴുതുന്നു. മനുഷ്യന്‍ എന്ന സ്പീഷ്യസിന് പുറത്താണ് മുസ്‌ലിം. കാരണം 14ാം നൂറ്റാണ്ട് മുതലുള്ള വെസ്റ്റേണ്‍ ആര്‍ട്ടിലും പെയിന്റിംഗുകളിലുമൊക്കെ പല ആകൃതിയും രൂപവുമുള്ള അനിമാലിറ്റിയുടെ വാല്യു ഉള്ള ബീയിംഗ് എന്ന നിലയിലാണ് മുസ്‌ലിം പ്രത്യക്ഷപ്പെടുന്നത് എന്ന് സോഫിയ റോസ് അര്‍ജാന തന്റെ പുസ്തകത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. ഇതിനെ മറ്റൊരു രീതിയില്‍ തിരിച്ചറിഞ്ഞ ചിന്തകനാണ് ആല്‍ബര്‍ട്ടോ ടോസ്‌കാനോ. ടോസ്‌കാനോവിന്റെ ഫനാറ്റിസിസത്തെക്കുറിച്ചുള്ള പഠനം ഈ ചിന്താ ഓറിയന്റേഷന്‍ പുലര്‍ത്താനാഗ്രഹിക്കുന്നവര്‍ക്ക് പ്രധാനമാണ്. ടോസ്‌കാനോ ഹെഗലിന്റെ ഇസ്‌ലാമിനെ സംബന്ധിച്ച് പറഞ്ഞത് അല്‍മണ്ടില്‍ നിന്ന് വിത്യസ്തമാണ്. ഇസ്‌ലാമിന് വെസ്റ്റില്‍ ഇന്ന് വരെ കേട്ടിട്ടില്ലാത്ത മറ്റൊരു ഫിലോസഫിക്കല്‍ ഡയമന്‍ഷന്‍ ഹെഗല്‍ നല്‍കി എന്നാണ് ടോസ്‌കാനോ പറയുന്നത്. ഇസ്‌ലാമിന്റെ അബ്‌സ്ട്രാക്ടിന് വേണ്ടിയുള്ള ദാഹമാണ് അതിന്റെ സൗന്ദര്യത്തെയും അനന്തതയെക്കുറിച്ചുള്ള സങ്കല്‍പത്തെയും നിര്‍ണയിക്കുന്നതെന്ന് ടോസ്‌കാനോ വിലയിരുത്തുന്നു.

sa
സല്‍മാന്‍ സയ്യിദ്‌

അനുസരണം കെട്ട ഭ്രാന്തന്‍ മാപ്പിളയെ 1921 ല്‍ നിന്ന് പുതിയ കാലത്തേക്ക് ആനയിക്കുന്നതിന് മനുഷ്യനെ ആദ്യം കൊന്നു കളയേണ്ടതുണ്ട്. മാഡ്മാന്‍ എന്ന പാത്തോളജിക്കല്‍ സെന്‍സില്‍ നിന്ന് ഫനാറ്റിക് എന്ന ഹിസ്‌റ്റോറിക്കല്‍ കണ്ടീഷനെ വേര്‍പ്പെടുത്തി വിശകലനം ചെയ്യുകയാണ് ടോസ്‌കാനോ ചെയ്യുന്നത്. മുസ്‌ലിം ‘സബ്ജക്ടിവിറ്റി’ യെ മനസിലാക്കാന്‍ നിലവില്‍ ലോകത്ത് നിലനില്‍ക്കുന്ന വിശകലനോപാധികള്‍ ദുര്‍ബലമാണെന്ന് സല്‍മാന്‍ സെയ്ദും പറയുന്നുണ്ട്. മുസ്‌ലിമിന്റെ ഭ്രാന്തിനെക്കുറിച്ച് റിച്ചാര്‍ഡ് പ്രയറെ ഉദ്ധരിക്കുന്നുണ്ട് സെയ്യിദ്. ‘black people got the Mau Mau, Muslims, Double Muslims. Them’s the ones you don’t fuck with-them Double Muslims ‘Cause them mother fuckers can’t wait to get to Allah and want to take eight or nine mother fuckers with them’. ടെറര്‍ ഔട്ട്ഫിറ്റുകളും ആത്മഹത്യ ചാവേറുകളും സെക്യുലര്‍ ലോകത്ത് തന്നെ ധാരാളമുണ്ടായിരിക്കുകയും അനേകം ഇടതു റാഡിക്കല്‍ സംഘടനകള്‍ അതിന്റെ ഭാഗമായിരിക്കുകയും ചെയ്തിട്ടും മുസ്‌ലിം മാത്രം ഭീതിപ്പെടുത്തുന്നത് അവനിലെ ഭ്രാന്തിന്റെ എസ്സെന്‍സ് കൊണ്ടാണെന്ന് കാണാം. ചുരുക്കത്തില്‍ അനിമാലിറ്റി മൂല്യം ഉള്‍ക്കൊള്ളുന്ന മറ്റൊരു സ്പീഷ്യസ് ആയി മുസ്‌ലിമിനെ പരിഗണിക്കുന്ന പുതിയൊരു മനുഷ്യശാസ്ത്ര വിജ്ഞാനം ഉണ്ടായി വരുക എന്നത് ഒരു റാഡിക്കല്‍ ചിന്തയുടെ ഭാഗമായി മനസിലാക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

*ഉന്മാദവും ഭ്രാന്തും തമ്മിലുള്ള സൂക്ഷ്മവ്യത്യാസങ്ങള്‍ക്ക് ഈ കുറിപ്പിന്റെ വലിപ്പക്കുറവ് പരിഗണിച്ച് വേണ്ട വിധം വിശകലന പരിഗണന നല്‍കിയിട്ടില്ല.

മുഹമ്മദ് ഷാ