Campus Alive

ഇസ്‌ലാമും ‘ഇസ്‌ലാമുകളും’: വായനയുടെ പരിമിതികള്‍

ഷഹാബ് അഹ്മദിന്റെ (അല്ലാഹു അദ്ദേഹത്തെ സ്വീകരിക്കട്ടെ) What is Islam? The Importance of Being Islamic എന്ന പുസ്തകം കുറേശ്ശേയായി വിവര്‍ത്തനം ചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്. ഇസ്‌ലാമിനെക്കുറിച്ച് മതം, സംസ്‌കാരം തുടങ്ങിയ കാറ്റഗറികളിലായി നിലനില്‍ക്കുന്ന അധീശമായ വായനകളെയാണ് (സാമൂഹ്യശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ) ഷഹാബ് അഹ്മദ് ഈ പുസ്തകത്തിലൂടെ ചോദ്യം ചെയ്യുന്നത്. ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ ഒരു പുതിയ conceptual language ആണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്.

ആശയവിവര്‍ത്തനമാണ് ഉദ്ദേശിക്കുന്നതിനാല്‍ ആവര്‍ത്തനങ്ങള്‍ പരമാവധി ഒഴിവാക്കിയിട്ടുണ്ട്. മലയാളത്തിന്റെ പരിമിതി കൊണ്ടും മലയാള ഭാഷയെ സമ്പന്നമാക്കാന്‍ ഒരു താല്‍പര്യവുമില്ലാത്തതിനാലും ചില ഇംഗ്ലീഷ് പദങ്ങള്‍ അങ്ങനെത്തന്നെ കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും തിരുത്തലുകളും ചൂണ്ടിക്കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വിവ: സഅദ് സല്‍മി (salmisaad@gmail.com)

 

ഇസ്‌ലാമിനെക്കുറിച്ച ആറ് ചോദ്യങ്ങള്‍  (അദ്ധ്യായം 1)

ഇസ്‌ലാം സമര്‍പ്പണമാണ്. പൂര്‍ണ്ണമായ കീഴടങ്ങലാണത്. അഥവാ അല്ലാഹുവിന് കീഴ്‌പ്പെടുന്നവന്റെ പേരാണ് മുസ്‌ലിം

എന്‍സൈക്ലോപ്പീഡിയ ഓഫ് ഇസ്‌ലാം

പ്രവാചകന് ശേഷം സ്വഹാബികള്‍ക്കിടയില്‍ ഒരുപാട് കാര്യങ്ങളില്‍ അഭിപ്രായഭിന്നത രൂപപ്പെടുകയുണ്ടായി. അവര്‍ക്കിടയില്‍ വ്യത്യസ്തങ്ങളായ വിഭാഗങ്ങള്‍ വളര്‍ന്ന് വരികയും ചെയ്തു. അതേസമയം ഇസ്‌ലാം എന്ന ഘടകമാണ് അവരെയെല്ലാം ഒരുമിച്ച് ചേര്‍ക്കുന്നത്.

അബു അല്‍ ഹസന്‍ അല്‍ അശ്അരി (874-936 A.D)

ചരിത്രപരവും മാനുഷിക പ്രതിഭാസവുമായ (historical and human phenomenon) ഇസ്‌ലാമിനെ അതിന്റെ ബഹുസ്വരവും സങ്കീര്‍ണ്ണവുമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ഇസ്‌ലാം എന്ന പദത്തെ ആ അര്‍ത്ഥത്തിലാണ് ഞാനന്വേഷിക്കുന്നത്. ഇസ്‌ലാമിനെ മാനുഷികവും ചരിത്രപരവുമായ പ്രതിഭാസമായി അടയാളപ്പെടുത്തുന്നതിലൂടെ ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് ഇസ്‌ലാമെന്നത് ഒരു ദൈവിക കല്‍പ്പനയാണ് എന്ന നിലക്ക് മനസ്സിലാക്കണമെന്നോ അസ്തിത്വപരമായ വിമോചനം (existential salvation) എന്ന നിലക്കാണതിനെ പിന്തുടരേണ്ടത് എന്നോ അല്ല. മറിച്ച്, ചരിത്രത്തില്‍ ഒരു മനുഷ്യയാഥാര്‍ത്ഥ്യം എന്ന നിലയില്‍ നിലനിന്ന ഒരു ഇസ്‌ലാമിനെക്കുറിച്ചാണ് ഞാന്‍ വായനക്കാരനോട് സംവദിക്കാനാഗ്രഹിക്കുന്നത്. അതിലൂടെ മനുഷ്യാനുഭവത്തില്‍ നിലനിന്ന ഇസ്‌ലാമിനെയും മൊത്തത്തിലുള്ള മനുഷ്യരുടെ അനുഭവങ്ങളെത്തന്നെയും കൂടുതല്‍ അര്‍ത്ഥവത്തായി മനസ്സിലാക്കാനുള്ള ഒരു മാര്‍ഗ്ഗമായി ഇസ്‌ലാമിനെ നോക്കിക്കാണേണ്ടതുണ്ടെന്നാണ് ഞാന്‍ നിര്‍ദേശിക്കുന്നത്.

Shahab-in-NY-915x1378
ഷഹാബ് അഹ്മദ്‌

ഇന്ന് ഇസ്‌ലാം ഒരു ഒബ്ജക്ട് എന്ന നിലയിലോ ഒരു കാറ്റഗറി എന്ന നിലയിലോ ആണ് മനസ്സിലാക്കപ്പെടുന്നത്. അതിനോടുള്ള അസംതൃപ്തിയില്‍ നിന്നാണ് ഈ പുസ്തകം രൂപപ്പെടുന്നത്. കാരണം, അത്തരത്തിലുള്ള വളരെ പരിമിതമായ ചില ചട്ടക്കൂടുകളില്‍ ഇസ്‌ലാം ഒതുക്കപ്പെടുന്നത് ഒരു ചരിത്രയാഥാര്‍ത്ഥ്യമായി ഇസ്‌ലാമിനെ സങ്കല്‍പ്പിക്കാനുള്ള (conceptualize) നമ്മുടെ ശ്രമങ്ങള്‍ക്കുള്ള വെല്ലുവിളിയാണ്. ഇവിടെ ഇസ്‌ലാമിനെ conceptualize ചെയ്യുക എന്നത് കൊണ്ട് ഞാനര്‍ത്ഥമക്കാക്കുന്നത് നമ്മള്‍ പൊതുവെ Islamic എന്ന് പറയുന്ന എല്ലാ കാര്യങ്ങളെയും ഇസ്‌ലാമുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നതാണ്. ഇസ് ലാമിനെ ഒരു theoretical object എന്ന നിലയിലോ analytical category എന്ന നിലയിലോ മനസ്സിലാക്കാന്‍ സാധിക്കണമെങ്കില്‍ അതിനകത്ത് തന്നെ നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങളെയും വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ഇസ്‌ലാമെന്ന theoretical object ഉം ഇസ്‌ലാമെന്ന ചരിത്രപ്രതിഭാസവും (historical phenomenon) തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളാണ് ഇന്നത്തെ ഇസ്‌ലാം\ഇസ്‌ലാമിക് എന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന എന്‍ഗേജ്‌മെന്റുകളില്‍ നമുക്ക് കാണാന്‍ സാധിക്കാത്തത്. അതിനാല്‍ തന്നെ ഒരേസമയം തന്നെ theoretical object\analytical category ആയും ചരിത്രപ്രതിഭാസമായും ഇസ്‌ലാമിനെ conceptualize ചെയ്യാനാണ് ഞാന്‍ ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നത്.

william-montgomry-watt-e1327018728639
മോണ്‍ട്‌ഗോമെറി വാട്ട്

ഇസ്‌ലാമിനകത്ത് തന്നെ വ്യത്യസ്ത സമൂഹങ്ങള്‍ക്കിടയിലും വ്യക്തികള്‍ക്കിടയിലും ആശയങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന വ്യത്യാസങ്ങളും വൈവിധ്യങ്ങളുമാണ് വളരെ coherent ആയി ഇസ്‌ലാമിനെ conceptualize ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് മുന്നിലുള്ള പ്രധാനവെല്ലുവിളി. അഥവാ, സാര്‍വ്വലൗകികം\പ്രാദേശികം, ഐക്യം\വൈവിധ്യം എന്നീ ദ്വന്ദങ്ങള്‍ക്കിടയുള്ള ഏകീകരണം എന്നത് ശ്രമകരമായ ഒരു പ്രവര്‍ത്തനം തന്നെയാണ്. അത്‌കൊണ്ടാണല്ലോ ഇസ്‌ലാമിക പഠനങ്ങളില്‍ അഗ്രഗണ്യനായ മോണ്‍ട്‌ഗോമെറി വാട്ട് (w.montgomery watt) 1968 ല്‍ പുറത്തിറങ്ങിയ തന്റെ പുസ്തകത്തില്‍ എന്താണ് ഇസ്‌ലാം (What is Islam) എന്ന് ചോദിച്ചത്: ‘ഇസ്‌ലാമിന് എങ്ങനെയാണ് ഒരു യൂണിറ്റി ആയി നിലനില്‍ക്കാന്‍ കഴിയുക? കാരണം ലോകത്തിന്റെ ഓരോ കോണുകളിലും ഇസ്‌ലാമിന്റെ പേരില്‍ തന്നെ നിരവധി വിഭാഗങ്ങളാണ് നിലനില്‍ക്കുന്നത്.’ സമകാലിക മതപഠനത്തില്‍ അഗ്രഗണ്യനായ കാന്റ്‌വെല്‍ സ്മിത്ത് (cantwell smith) ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി:’വ്യത്യസ്തങ്ങളായ സമയങ്ങളിലും പ്രദേശങ്ങളിലും വ്യത്യസ്തങ്ങളായ സമൂഹങ്ങളിലും നിലനിന്നിട്ടില്ലായിരുന്നെങ്കില്‍ ഇസ്‌ലാമിനെ നമുക്ക് വളരെ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു’. ചരിത്രകാരനായ മാര്‍ഷല്‍ ജി.എസ് ഹോഡ്ഗ്‌സണ്‍ പറഞ്ഞത് വൈവിധ്യമാര്‍ന്ന സമൂഹങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ ഇതര മതങ്ങളെ അപേക്ഷിച്ച് ഇസ്‌ലാം വളരെ സവിശേഷമാണ് എന്നാണ്. നാഗരികത എന്ന ആശയത്തെക്കുറിച്ച് പഠിച്ച സ്‌കോളറായ ജോഹന്‍ പി ആര്‍നസണെ (johan.p.arnason) സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ multi-societal ആയ മതം ഇസ്‌ലാമാണ്. പ്രശസ്ത രാഷ്ട്രമീമാംസകനായ ശാരണ്‍ സിദ്ദീഖ് (sharon siddique) എഴുതുന്നു:’ലോകത്തുടനീളമുള്ള മുന്നൂറോളം എത്‌നിക് ഗ്രൂപ്പുകളിലധികവും മുസ്‌ലിംകളാണ്’. 1955 ല്‍ പുറത്തിറങ്ങിയ Unity and variety in Muslim Civilization എന്ന പുസ്തകത്തിലെ The Problem:Unity in Diversity എന്ന അദ്ധ്യായത്തില്‍ ഓറിയന്റലിസ്റ്റായ ഗുസ്റ്റാവ് ഇ വോന്‍ ഗ്രന്‍ബാം (Gustave E von Grunebaum) ചോദിക്കുന്നതിതാണ്:’ജാവയില്‍ നിന്നുള്ള മുസ്‌ലിമും ആഫ്രിക്കയില്‍ നിന്നുള്ള മുസ്‌ലിമും തമ്മില്‍ പൊതുവായി നിലനില്‍ക്കുന്നതെന്താണ്?’. ഈ ചോദ്യത്തെയാണ് ആന്ത്രപ്പോളജിസ്റ്റായ ക്ലിഫോഡ് ഗീര്‍ട്‌സ് (clifford geertz) 1968 ല്‍ രചിച്ച Islam Observed: Religious Develepment in Morocco and Indonesia എന്ന തന്റെ പുസ്തകത്തില്‍ അഭിമുഖീകരിക്കുന്നത്. അതിന് 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് Islam and the Heroic Image: Themes in Literature and the visual arts എന്ന പുസ്തകത്തില്‍ ജോണ്‍ റെനാര്‍ഡ് (john renard) ഈ ചോദ്യമുന്നയിക്കുന്നത്:’ ഇസ്‌ലാം എന്ന പദവും അതിന്റെ വിശേഷണ രൂപമായ ഇസ്‌ലാമിക് എന്ന പദവും ഏതര്‍ത്ഥത്തിലാണ് മൊറോക്കോയെയും മലേഷ്യയെയും പോലുള്ള വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെ മേല്‍ അപ്ലൈ ചെയ്യാന്‍ സാധിക്കുക?’

01geertz
ക്ലിഫോഡ് ഗീര്‍ട്‌സ്

ആര്‍ട്ട് ഹിസ്റ്റോറിയനായ കിഷ്‌വാര്‍ റിസ്‌വി എഴുതുന്നു:’ ഇസ്‌ലാമിക കലയിലെയും അതിന്റെ ചരിത്രത്തിലെയും വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയും കൃത്യമായി മനസ്സിലാക്കാന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു സ്‌കോളേഴ്‌സിനും ഇത്‌വരെ സാധിച്ചിട്ടില്ല. ഇനി ആന്ത്രപ്പോളജിസ്റ്റായ ഡേല്‍ ഇക്ക്ള്‍മാന്‍ (Dale F Eickelman) പറയുന്നത് നോക്കൂ:’എങ്ങനെയാണ് യൂണിവേഴ്‌സലും അബ്‌സ്ട്രാക്ടുമായ ഇസ്‌ലാമിക തത്വങ്ങള്‍ വ്യത്യസ്തങ്ങളായ സാമൂഹിക-ചരിത്ര പശ്ചാത്തലങ്ങളില്‍ ആവിഷ്‌കരിക്കപ്പെട്ടത് എന്ന ചോദ്യത്തെ അഭിമുഖീകരിക്കുക എന്നതാണ് ഇസ്‌ലാമിനെക്കുറിച്ചുള്ള ഏതൊരു പഠനങ്ങളുടെയും പ്രധാന വെല്ലുവിളി. ഒരൊറ്റ സത്തയായി (essence) മാത്രമോ അല്ലെങ്കില്‍ വ്യത്യസ്തങ്ങളായ പ്രാക്ടീസുകളായി മാത്രമോ ഇസ്‌ലാമിനെ കാണാതെ അതിനെ പഠിക്കുക എന്നത് ശ്രമകരം തന്നെയാണ്. Beyond the Stream: Islam and Society in a West African Town എന്ന പുസ്തകത്തില്‍ റോബര്‍ട്ട് ലോനായ് (Robert Launay) പറയുന്നതിതാണ്:’സാര്‍വ്വലൗകികമായ ഇസ്‌ലാമും വിവിധങ്ങളായ ചരിത്രഘട്ടങ്ങളില്‍ രൂപപ്പെട്ട ഇസ്‌ലാമിന്റെ പേരിലുള്ള വിവിധങ്ങളായ സംസ്‌കാരങ്ങളും ആചാരങ്ങളും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യാന്‍ കഴിയുന്ന ഒരു ഫ്രെയിംവര്‍ക്ക് രൂപപ്പെടുത്തുക എന്നതാണ് ആന്ത്രപ്പോളജിസ്റ്റുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. അതിനാല്‍ തന്നെ ഇസ്‌ലാമിനെ നരവംശശാസ്ത്രപരമായി സമീപിക്കുന്നവര്‍ മനസ്സിലാക്കേണ്ടത് മുസ്‌ലിംകളുടെ വിശ്വാസങ്ങളും പ്രവര്‍ത്തനങ്ങളുമെല്ലാം വൈവിധ്യപൂര്‍ണ്ണമാണ് എന്ന വസ്തുതയാണ്. ഈ വൈവിധ്യത്തെ കൃത്യമായി അടയാളപ്പെടുത്തുക എന്നതൊരു അനിവാര്യതയാണ്’.

ഈ വെല്ലുവിളിയെ ധൈര്യപൂര്‍വ്വം നേരിടാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചരിത്രകാരന്‍മാരും ആന്ത്രോപ്പോളജിസ്റ്റുകളും സോഷ്യോളജിസ്റ്റുകളുമെല്ലാം ഇസ്‌ലാം\ഇസ്‌ലാമിക് എന്ന് പ്രയോഗിക്കുമ്പോള്‍ എന്താണത് കൊണ്ട് അവരര്‍ത്ഥമാക്കുന്നത് എന്നതിനെക്കുറിച്ച് അവര്‍ക്ക് തന്നെ ധാരണയില്ല എന്നത് വളരെ വ്യക്തമാണ്. History of Islamic societies എന്ന പുസ്തകത്തില്‍ ഇറ എം ലാപിഡസ് (Ira M. Lapidus) എഴുതുന്നു:’നമ്മള്‍ ഇസ്‌ലാമിക ചരിത്രം എഴുതുന്നുണ്ടെങ്കിലും അതെന്താണെന്ന് നമുക്ക് എളുപ്പത്തില്‍ പറയുക അസാധ്യമാണ്’. അതേസമയം Islamic Historiography എന്ന പുസ്തകത്തില്‍ ചേസ് എഫ് റോബിന്‍സണ്‍ (chase f robinson) പറയുന്നത് നോക്കൂ: ‘മുസ്‌ലിംകള്‍ രചിക്കുന്ന ചരിത്രത്തെ മതപരമായ പദങ്ങളിലൂടെയും (Islamic) അമുസ്‌ലിംകളുടെ ചരിത്രരചനയെ രാഷ്ട്രീയ പദപ്രയോഗങ്ങളിലൂടെയും (റോമന്‍, ബൈസാന്റിയന്‍, സസാനിയന്‍) വിശദീകരിക്കുന്നത് എന്ത്‌കൊണ്ടാണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ഏക ഇസ്‌ലാമിക ചരിത്രകാരനല്ല ഞാന്‍’. ഇസ്‌ലാം എന്ന പദത്തെ ഒഴിവാക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. ഇതേ കാഴ്ചപ്പാട് തന്നെയാണ് വ്യത്യസ്ത മേഖലകളിലുള്ള വിശകലന വിദഗ്ധരെല്ലാം പങ്ക് വെക്കുന്നത്. എന്നാല്‍ ഞാനതിനോട് വിയോജിക്കുകയാണ്. ആറ് പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഞാന്‍ ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നത്. (തുടരും)

 

 

ശഹാബ് അഹ്മദ്‌